Wednesday, January 23, 2008

'പഴഞ്ചൊല്ല് പാര'യായവന്റെ വിലാപം

ബഹുമാനപ്പെട്ട മൃഗാവകാശകമ്മീഷന്‍ മുമ്പാകെ,

ജനിച്ചു വീഴുന്നതുമുതല്‍ ഇരുകാലിമൃഗങ്ങളുടെ പരിഹാസമേല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വര്‍ഗത്തിനുവേണ്ടി അവരുടെ പ്രതിനിധിയായ ഒരു നാല്‍ക്കാലിമൃഗം ബോധിപ്പിക്കുന്ന സങ്കടഹര്‍ജിയെന്തെന്നാല്‍..........

ക്ഷമിക്കണം ഇരുകാലിമൃഗം എന്നാക്ഷേപിച്ചതിന്റെ പേരില്‍ നിയമനടപടിക്ക് സംസ്ഥാനദേശീയതലത്തില്‍ കമ്മീഷനുകള്‍ ഉള്ള സാഹചര്യത്തില്‍ ഒട്ടൊരു വൈമനസ്യത്തോടെയെങ്കിലും പ്രസ്താവന പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല........കാരണം ആദ്യത്തെ പണിയായുധ നിര്‍മ്മാതാവായ മൃഗമാണ് മനുഷ്യന്‍ എന്ന് ഫ്രാങ്ക്ലിന്‍ ചിന്തകന്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രസ്താവിച്ചതിന്റെ പിന്‍ബലത്തില്‍ എന്റെ ഇരുകാലിമൃഗപ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നു..........

ഞങ്ങള്‍ക്കെതിരെ ഇരുകാലികള്‍ കാണിക്കുന്ന ക്രൂരതകളോട് പ്രതികരിക്കാന്‍ രൂപീകരിക്കപ്പെട്ട സംഘടന നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഞങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ കമ്മീഷന്‍ മുമ്പാകെ എത്തിയിട്ടുള്ളത്.

പഴഞ്ചൊല്ല് എന്ന ഓമനപ്പേരില്‍ എന്റെ വര്‍ഗത്തിന്റെ പേരില്‍ പ്രചരിച്ച എല്ലാ കഥകളിലും അടിസ്ഥാനപരമായ തെളിവുകളൊന്നുമില്ലെങ്കിലും മന്വന്തരങ്ങളായി ഇതിന്റെ പേരില്‍ എന്റെ വര്‍ഗം അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനം വിവരണാതീതമാണ്. അഥവാ പഴഞ്ചൊല്ല് പാരയായ ജന്മം ആണ് ഞങ്ങളുടേത്.

എന്റെ വര്‍ഗത്തിന്റെ വാല് പന്തീരാണ്ട് കുഴലിലിട്ടാലും വളഞ്ഞുതന്നെ എന്ന പ്രസ്താവ്യം തന്നെ എത്ര അബദ്ധജടിലം. ഇത്തരം പരീക്ഷണം നടത്തിയ പരീക്ഷണശാലയെപ്പറ്റിയും ശാസ്ത്രജ്ഞനെപ്പറ്റിയും യാതൊരുവിധ തെളിവുകളുമില്ലെന്നിരിക്കെ......എന്റെ വര്‍ഗത്തിന്റെ ജൈവപരമായ ദൌര്‍ബല്യത്തെ കുത്തിനോവിക്കുന്ന ഈ കഥ ഉണ്ടാക്കുന്ന മാനക്കേടിന്........

പാണ്ടന്‍നായുടെ പല്ലിനുശൌര്യം, പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് ഭത്സിച്ച ജനകീയ കവി കുഞ്ചന്‍ നമ്പ്യാര്‍ക്കുപോലും പില്‍ക്കാലത്ത് തന്റെ ധാരണ തെറ്റായിരുന്നുവെന്ന് പരലോകത്തെങ്കിലും ബോധ്യപ്പെട്ടിരിക്കണം. -എന്റെ മുന്‍ഗാമികളിലാരുടെയോദന്തക്ഷതമേറ്റാണല്ലോ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.......

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണതൊരു കാരണമെന്ന ഇരുകാലിക്കൂട്ടങ്ങളുടെ ജല്‍പ്പനങ്ങള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെന്ന കാര്യം പ്രത്യേകം പ്രസ്താവിക്കട്ടെ. എന്റെ മുന്‍ഗാമികളാരുടെയോ തലയില്‍ തേങ്ങാവീണ ശേഷം മോങ്ങിയതാവാനേ തരമുള്ളൂ......

സ്രഷ്ടാവ് ഞങ്ങള്‍ക്ക് നല്‍കിയ പ്രത്യേകതയാണ് നാവുപയോഗിച്ച് ആഹരിക്കുക എന്നത്. കൈ ഉപയോഗിച്ച് വാരിത്തിന്നാനാവാത്തതുകൊണ്ടാണ് നാവ് ഉപയോഗിച്ച് തിന്നുന്നതും കുടിക്കുന്നതും. വസ്തുത ഇതായിരിക്കെ നായ നടുക്കടലിലും നക്കിയേ കുടിയ്ക്കൂ എന്ന് ഞങ്ങളെ ഭത്സിക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാക്കുന്ന മാനഹാനി അങ്ങേക്ക് ഊഹിക്കാവുന്നതേയുള്ളൂ......

വേട്ട മുറുകിയപ്പോള്‍ നായയ്ക്ക് മൂത്രശങ്ക എന്ന മൊഴി എന്റെ വര്‍ഗത്തിന്റെ യജമാനസ്നേഹത്തെയും ആത്മാര്‍ഥതയെയും ചോദ്യംചെയ്യുന്നതാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. എന്റെ പൂര്‍വികന്‍, വേട്ടക്കിടയില്‍ വായില്‍ തറച്ചുകയറിയ അമ്പുകളുമായി പാര്‍ത്ഥ-സഖാക്കളുടെ ചാരത്തണഞ്ഞതും പാര്‍ത്ഥനേക്കാള്‍ വില്ലാളിവീരന്‍ കാട്ടിലുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതും എന്റെ പൂര്‍വികന്റെ സാമര്‍ഥ്യമാണെന്ന് വ്യാസമഹര്‍ഷി മഹാഭാരതത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും മേല്‍പ്പടി 'മൂത്രശങ്ക' അടിസ്ഥാനരഹിതമായ ഒരാരോപണമായി ഇന്നും എന്റെ വര്‍ഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

'അമ്മായിവീട്' പരമസുഖം, പത്ത് കഴിഞ്ഞാല്‍ പട്ടിക്ക് സമം എന്ന പ്രസ്താവന 'പ' പ്രാസപ്രിയനായ ഏതോ ഭാഷാസ്നേഹിയുടെ ജല്‍പ്പനമാകാനേ തരമുള്ളുവെങ്കിലും ഇവിടെയും ആത്യന്തികമായി എന്റെ വര്‍ഗത്തിന്റെ പദവിയെയാണ് ഇകഴ്ത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പിഎച്ച്ഡി യോഗ്യതയൊന്നും ആവശ്യമില്ല. താനിരിക്കുന്നിടത്തു താനിരുന്നില്ലെങ്കില്‍ പട്ടി കയറിയിരിക്കും എന്ന ചൊല്ലിനു പിന്നിലെ ധ്വനിയും ഇതു തന്നെയെന്ന് അങ്ങ് മനസ്സിലാക്കണം. എല്ലാ ജീവജീലങ്ങള്‍ക്കും എല്ലാ ദിവസവും സ്വന്തമാക്കണമെന്നിരിക്കെ എല്ലാ പട്ടിയ്ക്കും ഒരു ദിവസമുണ്ട് എന്ന സൌജന്യവും എന്റെ വര്‍ഗത്തിന്റെ അന്തസ്സിടിക്കുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമായി മാത്രമേ കാണാനാവൂ........

എല്ലാവര്‍ക്കും, സ്വപ്നം കാണാനവകാശമുണ്ടെന്നിരിക്കെ 'നായ സ്വപ്നം കണ്ടപോലെ' എന്ന പ്രസ്താവ്യവും ഇത്തരത്തില്‍ ബോധപൂര്‍വമായ ആരോപണമായി മാത്രമേ കാണാനാവുന്നുള്ളൂ. ചന്തയുള്ള ദിവസവും ചന്തയില്ലാത്ത ദിവസവും ചന്ത വഴി നടന്നും ഓടിയും ഓടിച്ചുകൊണ്ടും പോകാറുള്ള എന്റെ വര്‍ഗത്തെ സംബന്ധിച്ച് 'പട്ടി ചന്തയ്ക്കുപോയ പോലെ' എന്ന പരിഹാസം മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചിട്ടുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എത്രയോ പടിവാതില്‍ക്കല്‍ നിന്ന് കുരച്ചപ്പോള്‍ പടിപ്പുര തുറന്നിറങ്ങിവന്നവര്‍ എന്നെ നിര്‍ദാക്ഷിണ്യം കല്ലെറിഞ്ഞിട്ടുണ്ട്. എന്നിട്ടും പട്ടി കുരച്ചാല്‍ പടി തുറക്കില്ലെന്ന് നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിച്ചതും കുരുത്തോല കത്തിച്ചാല്‍ ചൂട് കിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും കുരയ്ക്കാത്ത പട്ടിയേയും കുരുത്തോലച്ചൂട്ടിനെയും വിശ്വസിക്കരുതെന്നും, കുരയ്ക്കുന്ന പട്ടി കടിക്കില്ലെന്നും പ്രചരിപ്പിക്കുന്നതിലെ യുക്തിരാഹിത്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ......

ഓടിയില്ലെങ്കിലും ഏറുകൊള്ളാന്‍ വിധിക്കപ്പെട്ട എന്റെ വര്‍ഗത്തെ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴംമുമ്പേ എറിയണമെന്ന ശീലും സാധാരണ നടത്തത്തിനിടയില്‍ പോലും ആരെയും പേടിപ്പിക്കാത്ത എന്റെ വര്‍ഗത്തെ ആനപ്പുറത്തിരിക്കുമ്പോള്‍ പേടിക്കെണ്ടെന്നുള്ള വ്യാഖ്യാനവും എല്ലാം സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കാന്‍ വേണ്ടിയല്ലാതെ പിന്നെയെന്തിനാണ്?

ഇരുകാലി മൃഗങ്ങളെപ്പോലെ നന്ദി പറയാന്‍ വഴങ്ങുന്ന നാവും കൂപ്പാന്‍ പറ്റുന്ന കൈകളും എന്റെ വര്‍ഗത്തിനില്ലാത്തതിനാലും, ശിരസു നമിച്ചാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലും സ്രഷ്ടാവ് നല്‍കിയ വാലാട്ടാനുള്ള കഴിവ്, 'നായാണെങ്കില്‍ വാലെങ്കിലുമാട്ടും' എന്ന പ്രയോഗത്തിലൂടെ നിസാരവത്കരിക്കപ്പെടുമ്പോള്‍.........

ലോകത്താദ്യമായി ഇരുകാലികള്‍ ഇണക്കി വളര്‍ത്തിയ നാല്‍ക്കാലിയും ഞങ്ങളുടെ വര്‍ഗം തന്നെ. വേട്ടയ്ക്കും വെട്ടിപ്പിടുത്തങ്ങള്‍ക്കും ഞങ്ങള്‍ എന്നും മാര്‍ഗദര്‍ശികളായിരുന്നു. പാണ്ഡവരുടെ സ്വര്‍ഗാരോഹണസമയത്ത് അവസാനനിമിഷം വരെ ധര്‍മപുത്രരോടൊപ്പം എന്റെ പൂര്‍വികനുണ്ടായിരുന്നു. പക്ഷെ അവിടെയും ഞങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. അത് ദേവേന്ദ്രന്റെ പരകായപ്രവേശമായിരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ആരാണ് വഞ്ചിച്ചത്-ഇന്ദ്രനോ? വ്യാസനോ? ആരും അന്വേഷിച്ചില്ല-നാളിതുവരെ ഇത് സംബന്ധിച്ച് ഒരു ഗവേഷണവും നടന്നതായും അറിവില്ല.

ആദ്യ ശൂന്യാകാശയാത്രികനും ഞങ്ങളില്‍ നിന്നായിരുന്നുവെന്ന കാര്യം ഞങ്ങള്‍ അഭിമാനത്തോടെ സ്മരിക്കുന്നു. എന്തിന് ഗ്രാമഫോണ്‍ കമ്പനിക്കുവേണ്ടി സായ്പ് എന്റെ ചിത്രമാണ് ഹിസ്‌മാസ്റ്റേഴ്സ് വോയ്സ്-എച്ച്എംവി എന്ന അടിക്കുറിപ്പിട്ട് ട്രേഡ്‌മാര്‍ക്കായി ഉപയോഗിച്ചതെന്ന കാര്യവും നന്ദിയോടെ സ്മരിക്കുന്നു.

ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും രാഷ്ട്രതന്ത്രജ്ഞരുടെയും ശാസ്ത്രജ്ഞരുടെയും നാമധേയങ്ങള്‍ ഞങ്ങള്‍ക്കൊട്ടേറെ ചാര്‍ത്തപ്പെട്ടു. ആയിരത്താണ്ടുകള്‍ നീണ്ട പ്രയാണം-പഴയ വേട്ടപ്പട്ടിയില്‍ നിന്നും വര്‍ത്തമാനശ്വാനസേനയിലേക്ക് ഞങ്ങളുടെ വര്‍ഗം വളര്‍ന്നു. മോഷണം, കൊലപാതകം, ബോംബ്ഭീഷണി, റെയ്‌ഡ്‌ തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് പുറമേ പ്രധാനപ്പെട്ട ചടങ്ങുകളില്‍ വിഐപികളുടെയും വിവിഐപികളുടെയും സുരക്ഷ ഉറപ്പുവരുത്താനും 'ഡോഗ് സ്ക്വാഡ്' എന്ന ഓമനപ്പേരില്‍ ഞങ്ങളെ ഉപയോഗിക്കുന്നു.

വാലാട്ടിയായല്ല യജമാനനായാണ് കേസന്വേഷിക്കുമ്പോള്‍ ഞങ്ങളെ പരിഗണിക്കുന്നത്. പൊലീസുകാര്‍ അപ്പോള്‍ ഞങ്ങള്‍ക്ക് സേവകര്‍ മാത്രമാണുതാനും. ഞങ്ങളുടെ ശവസംസ്കാരം പോലും സൈനികബഹുമതികളോടെ തന്നെ. ഇതൊക്കെയാണെങ്കിലും ഞങ്ങളുടെ കഴിവിനേക്കാള്‍ ഞങ്ങളെ ഉപയോഗിക്കാനുള്ള ഇരുകാലികളുടെ കഴിവിന്റെ വളര്‍ച്ചയായാണ് ഇതു പരിഗണിക്കപ്പെടുന്നതെന്ന ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ ഞങ്ങളെ വീണ്ടും ധര്‍മ്മസങ്കടത്തിലാക്കുന്നു.

അപഹരിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഞങ്ങളുടെ വര്‍ഗത്തിന് പ്രവേശനസ്വാതന്ത്ര്യമുള്ള ഏക ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ക്ഷേത്രം മാത്രമാണ്.

പ്രമാദമായ കേസുകള്‍ക്കു തുമ്പുണ്ടാക്കി, അതിന്റെയടിസ്ഥാനത്തില്‍ പ്രതികളെപ്പിടിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ കളത്തിനുപുറത്താകും. ഇരുകാലി ഐപിഎസുകള്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ ഞങ്ങളെ കയറ്റാറില്ലെന്നതു പോകട്ടെ അടുത്ത നാളില്‍ ഒരു കേസന്വേഷണത്തിനിടയില്‍ ഒരു പോലീസ് സ്റ്റേഷനില്‍ അല്‍പം വിശ്രമിക്കവേ, അവിടേക്ക് കൊണ്ടു വന്ന ഒരു പ്രതിയെ എന്റെ വര്‍ഗത്തിന്റെ പേരു ചേര്‍ത്ത് പോലീസുകാര്‍ സംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ എന്റെ വര്‍ഗത്തോടും കഴിവിനോടും ഒരു നിമിഷം എനിക്ക് പരമപുച്ഛം തോന്നി.....

എല്ലാ ജീവജാലങ്ങള്‍ക്കും തലയ്ക്കാണുവില. എന്റെ വര്‍ഗത്തിന്റെ വാലിനാണു വില. അലഞ്ഞുതിരിയുന്ന ഞങ്ങളെ നശിപ്പിക്കുന്നവന് പ്രതിഫലം ലഭിക്കണമെങ്കില്‍ വാല് മുറിച്ച് അധികൃതര്‍ക്ക് സമര്‍പ്പിക്കണം പോലും.

അവഗണനയ്ക്ക് ഒട്ടേറെ ഉദാഹരണങ്ങള്‍ ഇനിയും നിരത്താനുണ്ടെങ്കിലും വിസ്തരഭയത്താല്‍, നിര്‍ത്തട്ടെ......കമ്മീഷന്‍ അനുവദിച്ചാല്‍ മറ്റൊരനുബന്ധ ഹര്‍ജികൂടി പിന്നാലെ സമര്‍പ്പിക്കുന്നതാണ്.

ആയതിനാല്‍ സമക്ഷത്തുനിന്നും ദയവുണ്ടായി ഈ ഹര്‍ജ്ജി പരിഗണിച്ച് എന്റെ വര്‍ഗം സഹസ്രാബ്ദങ്ങളായി അനുഭവിക്കുന്ന ഈ ശാരീരിക-മാനസിക പീഡനത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്നപേക്ഷിക്കുന്നു.......

അതോ ഈ ഹര്‍ജിയും.....ചന്തയ്ക്കു പോയ പോലെയാകുമോ?

-ടി സി ജോസഫ്

കടപ്പാട്‌: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ബഹുമാനപ്പെട്ട മൃഗാവകാശകമ്മീഷന്‍ മുമ്പാകെ, ജനിച്ചു വീഴുന്നതുമുതല്‍ ഇരുകാലിമൃഗങ്ങളുടെ പരിഹാസമേല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വര്‍ഗത്തിനുവേണ്ടി അവരുടെ പ്രതിനിധിയായ ഒരു നാല്‍ക്കാലിമൃഗം ബോധിപ്പിക്കുന്ന സങ്കടഹര്‍ജിയെന്തെന്നാല്‍..........

ശ്രീ. ടി.സി.ജോസഫിന്റെ നര്‍മ്മഭാവന.

yetanother.softwarejunk said...

ammo kidilan