Friday, May 9, 2008

ഏകലവ്യരും ഏകജാലകവും

ജാലകം ഒന്ന്‌ പ്രശ്നങ്ങള്‍ അനവധി എന്ന് മാനേജ്‌മെന്റുകളും പ്രശ്നങ്ങള്‍ അനവധി (പരിഹാര) ജാലകം ഒന്ന്‌ എന്ന് സര്‍ക്കാരും പറയുന്ന ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലകസംവിധാനത്തെക്കുറിച്ച് എല്ലാ വാതിലും തുറന്നിട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. ഈയവസരത്തില്‍ രണ്ട് വിഭാഗക്കാര്‍ക്കും പറയാനുള്ളതെന്ത് എന്ന് അറിയുന്നത് തീര്‍ച്ചയായും നാം ഏത് പക്ഷം ചേരണം എന്നു തീരുമാനിക്കാനുള്ള മുന്നുപാധിയായിരിക്കും.

അത്തരത്തിലൊരു ശ്രമത്തിനു വര്‍ക്കേഴ്സ് ഫോറം തുടക്കമിടുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ദീപിക പത്രത്തില്‍ വന്ന ചില വാര്‍ത്തകള്‍ വായിച്ച് നമുക്ക് തുടങ്ങാം...

ഏകജാലക സമ്പ്രദായം വിശ്വാസവഞ്ചന - ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍

കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കി പരാജയപ്പെട്ട ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള ഏകജാലക സമ്പ്രദായം പരാതികള്‍ പരിഗണിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ നീക്കം വിശ്വാസവഞ്ചനയാണെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍.

എല്ലായിടത്തും ജൂലൈയില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ ഏകജാലകം നടപ്പിലാക്കിയ തിരുവനന്തപുരത്ത് നവംബറില്‍ മാത്രമാണ് വിദ്യാര്‍ഥി പ്രവേശനം നടന്നത്. ഇങ്ങനെ അമ്പേ പരാജയപ്പെട്ട സമ്പ്രദായം പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുംവിധം കേരളത്തിലാകമാനം നടപ്പിലാക്കാന്‍ ഉദ്യമിക്കുന്ന മന്ത്രിയുടെ നീക്കം അംഗീകരിക്കില്ലെന്നും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ വക്താവ് ഫാ.ഡോ.ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ പറഞ്ഞു.

ഏകജാലകം അംഗീകരിക്കാനാവില്ല - മാര്‍ പുന്നക്കോട്ടില്‍

ജില്ലാതലത്തില്‍ പൊതുപ്രവേശന ലിസ്റ് തയാറാക്കി പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നു കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍.

തിരുവനന്തപുരം ജില്ലയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട ഈ സമ്പ്രദായം കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നത് എയ്‌ഡഡ് സ്കൂളുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണ്.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് രൂപകല്‍പ്പന ചെയ്ത മെട്രിക്സ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്ലസ് വണ്‍ പ്രവേശനം നടത്തിവന്നിരുന്നത്. ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പ്രവേശനരീതിയെക്കുറിച്ച് ആക്ഷേപമുണ്ടങ്കില്‍ അതു പരിഹരിക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഓരോ സ്കൂളിലും പ്ലസ് വണ്‍ പ്രവേശനം നടത്തുന്നതെന്ന് എല്ലാ വര്‍ഷവും ഡയറക്ടറേറ്റ് പരിശോധിക്കുന്നുണ്ട്. ഇത്തരം പരിശോധനയിലൂടെ ഏതെങ്കിലും സ്കൂള്‍ അധികാരികള്‍ക്കെതിരേ നടപടിയെടുക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. കുട്ടികളെ ഏതു സ്കൂളില്‍ അയച്ച് പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള മാതാപിതാക്കളുടെ മൌലിക സ്വാതന്ത്ര്യവും ഇഷ്ടപ്പെട്ട സ്കൂളും ബാച്ചും തെരഞ്ഞെടുക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശവും സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ബിഷപ് പറഞ്ഞു.

സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താന്‍ മാനേജ്‌മെന്റിന് ഭരണഘടന നല്‍കിയിരിക്കുന്ന അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല. ഭരണഘടന നല്‍കുന്ന ഔദാര്യം സര്‍ക്കാരിന്റെ ഔദാര്യമല്ല. സ്വകാര്യ സ്കൂള്‍ മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസരംഗത്ത് നല്‍കിവരുന്ന സേവനങ്ങളെ വിസ്മരിച്ച് ഈ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്ന വികല പരിഷ്കാരങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളജനത രംഗത്തുവരുമെന്ന് ബിഷപ് മുന്നറിയിപ്പു നല്‍കി.

ഏകജാലകസംവിധാനം ഏകാധിപതിയുടെ ഏകജാലവിദ്യ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഏകാധിപതിയുടെ ഏകജാലവിദ്യയാണ് ഏകജാലകസംവിധാനമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈ സംവിധാനം നടപ്പിലാക്കുന്നതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി പരാജയപ്പെട്ട സംവിധാനമാണിത്. ഇതുപ്രകാരം ഒരു വിദ്യാര്‍ഥിക്കുതന്നെ അധ്യയനം ആരംഭിക്കണമെങ്കില്‍ മൂന്നോ നാലോ സ്കൂളുകള്‍ ഹയര്‍ ഓപ്‌ഷന്റെ പേരില്‍ കയറിയിറങ്ങേണ്ടി വരും. തൊട്ടടുത്ത് സ്കൂളുണ്ടായിരിക്കെ പലര്‍ക്കും അകലെയുള്ള, ഇഷ്ടമില്ലാത്ത സ്കൂളുകളിലേക്കു പോകേണ്ടിയും വരും. ഓപ്പണ്‍ മെറിറ്റിലൂടെയല്ലാതെ അലോട്ട്‌മെന്റായി നല്കുന്ന ഈ സംവിധാനം മൂലം വിദ്യാര്‍ഥിക്കും കുടുംബത്തിനും സാമ്പത്തികനഷ്ടം ഏറെയുണ്ടാകും. ഇതു നടപ്പിലാക്കരുതെന്നു പലരും ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരോട് ആലോചിച്ചേ നടപ്പാക്കൂ എന്നുപറഞ്ഞ സര്‍ക്കാര്‍ പക്ഷേ, ഏകാധിപത്യ പ്രവണതയോടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

അലോട്ട്‌മെന്റ് നടത്തുമ്പോള്‍ സ്വന്തം പിണിയാളുകളെ ഇഷ്ടമുള്ളിടത്തു തിരുകിക്കയറ്റി നിരീശ്വര പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള അജന്‍ഡയാണോ ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിവരും. മൌലികാവകാശത്തിന്റെ നിഷേധിക്കലാണ് ഈ സംവിധാനമെന്നും മാര്‍ താഴത്ത് കുറ്റപ്പെടുത്തി.

അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന ഇവര്‍ സ്കൂളിന്റെ അധികാരങ്ങളെ നഷ്ടപ്പെടുത്തി ഏകജാലകം കൊണ്ടുവരുന്നു. കൌമാരക്കാരെ സ്വന്തം പോക്കറ്റിലാക്കാന്‍ ധാര്‍മിക നിലവാരത്തിനപ്പുറമുള്ള സ്വാതന്ത്ര്യം കൊടുത്ത് നിരീശ്വരത്വത്തിലേക്ക് നയിക്കുകയാണ് ഇക്കൂട്ടര്‍. വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കാനെ ഇതുപകരിക്കൂ.

മതത്തെ പ്രത്യയശാസ്ത്രത്തിന്റെ കീഴില്‍ കൊണ്ടുവരാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അതിനായി ക്രിസ്തുവിനെപ്പോലും നിരീശ്വരവാദികളുടെ നേതൃസ്ഥാനത്തു കൊണ്ടുവരാന്‍ ശ്രമംനടത്തുന്നു. ഇത്തരം നീക്കങ്ങളെ ശക്തിയുക്തം ചെറുക്കുമെന്ന് മാര്‍ താഴത്ത് വ്യക്തമാക്കി.

മെത്രാന്മാര്‍ ഇത്ര കടുപ്പിച്ച് പറഞ്ഞ സ്ഥിതിക്ക് മാണിച്ചായനും കുറച്ചില്ല.

സിപിഎമ്മിന്റെ രാഷ്ട്രീയ അജന്‍ഡ - കെ.എം.മാണി

പ്ലസ് വണ്‍ പ്രവേശനത്തിന് നിലവിലുള്ള രീതി മാറ്റി ഏകജാലകസംവിധാനം ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയവും ദൂഷ്യകരവുമാണെന്ന് കേരളാ കോണ്‍ഗ്രസ് -എം ലീഡര്‍ കെ.എം. മാണി പറഞ്ഞു. സ്കൂള്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റിനെ മാറ്റി നിര്‍ത്താനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് ഏക ജാലകസംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നിലുള്ളത്. മെരിറ്റിനനുസരിച്ച് മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍‌കാ‍ന്‍ ഏത് വിദ്യാലയം തെരഞ്ഞെടുക്കണമെന്നു തീരുമാനിക്കുവാന്‍ രക്ഷകര്‍ത്താക്കള്‍ക്കും പഠിക്കാനുള്ള വിദ്യാലയം തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുമുണ്ട്. ഇത് നിഷേധിക്കുകയാണ് ഏകജാലക സംവിധാനമെന്ന് മാണി വ്യക്തമാക്കി.

ഇന്നത്തെ സാഹചര്യത്തില്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്താനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പകരം ഓരോ പ്രദേശത്തെയും സ്കൂളുകളില്‍ ആ പ്രദേശത്തുള്ളവര്‍ക്കു ചേര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ്. കുട്ടികളെ വീടിനടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാനാണ് എല്ലാ മാതാപിതാക്കള്‍ക്കും താല്‍പര്യം. ജില്ലാതലത്തില്‍ പൊതുവായ മെരിറ്റ് ലിസ്റ്റ് തയാറാക്കി പ്രവേശനം നിശ്ചിയിക്കുന്ന ഏകജാലക രീതി നടപ്പിലായാല്‍ സമീപ സ്കൂളുകളില്‍ പഠിക്കാനുള്ള സാഹചര്യം ഇല്ലാതാകും. വീടിനടുത്തുള്ള സ്കൂളില്‍ പ്രവേശനം കിട്ടാന്‍ യോഗ്യത ഉണ്ടായാലും കിട്ടണമെന്നില്ല. അകലെയുള്ള സ്കൂളിലാണ് പ്രവേശനം കിട്ടുന്നതെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുന്ന അസൌകര്യവും പഠന ചെലവും വര്‍ധിക്കും. ഹോസ്റ്റലില്‍ നില്‍ക്കേണ്ട സാഹചര്യവുമുണ്ടാകും. ഇങ്ങനെ നിരവധി അസൌകര്യങ്ങള്‍ ഉണ്ടാവാനും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാനും ഏകജാലക പ്രവേശന രീതി കാരണമാകും.

സ്കൂളില്‍ ചേര്‍ന്നു പഠിക്കേണ്ട വിദ്യാര്‍ഥികള്‍ക്കോ മാനേജ്‌മെന്റിനോ പ്രവേശനകാര്യത്തില്‍ പങ്കില്ലെന്ന് വരുന്നതും ശരിയല്ല. അഡ്‌മിഷന്‍ രംഗത്ത് മാനേജ്‌മെന്റുകളെ ഒഴിവാക്കുക എന്ന സങ്കുചിത താല്‍പര്യമാണ് ഇതിനു പിന്നിലുള്ളത്. എലിയെ പിടിക്കാന്‍ ഇല്ലം ചൂടുന്നതിനു തുല്യമാണീ നടപടി. നടപടികളിലുള്ള ആശയക്കുഴപ്പവും അനിശ്ചിതത്വവും മൂലം സി.ബി.എസ്ഇ, ഐ.സി.എസ് .ഇ സ്കൂളുകളിലേക്ക് കുട്ടികള്‍ ചേക്കേറാന്‍ ഇടയാക്കുന്നു.

സൌകര്യപ്രദമായ സ്കൂളുകളില്‍ പ്രവേശന അവസരം ഉണ്ടാകുന്നതനുസരിച്ചു പല സ്കൂളുകളില്‍ മാറിമാറി പ്രവേശനം തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകുന്നു. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാന്‍ വളരെ കാലതാമസം ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഏകജാലകസംവിധാനം നടപ്പിലായ തിരുവനന്തപുരം ജില്ലയില്‍ പ്രവേശന നടപടികള്‍ ഡിസംബറിലാണ് പൂര്‍ത്തിയായത്.

അദ്ധ്യാപകര്‍ക്കും ഭീഷണി

പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പാക്കുന്നത് അധ്യാപകര്‍ക്കും ഭീഷണി. താത്കാലിക പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ മറ്റു സ്കൂളുകളില്‍ സ്ഥിര പ്രവേശനം നേടുമ്പോള്‍ ഒഴിവു വരുന്ന സീറ്റുകളാണ് അധ്യാപകര്‍ക്ക് കെണിയാകുന്നത്. ഒരു ബാച്ച് തുടരാന്‍ കുറഞ്ഞത് 25 കുട്ടികളെങ്കിലും വേണമെന്നാണു വ്യവസ്ഥ. രണ്ടു സയന്‍സ് ബാച്ചുകളുള്ള സ്കൂളുകളില്‍ രണ്ടു ബാച്ചുകളും തുടരാന്‍ കുറഞ്ഞത് 75 കുട്ടികള്‍ വേണം. ഇതില്‍ കുറഞ്ഞാല്‍ ഒരു ബാച്ചായി കണക്കാക്കപ്പെടും. ഒരു ബാച്ച് രൂപപ്പെട്ടാല്‍ നിരവധി അധ്യാപകര്‍ക്കു തൊഴിലില്ലാതാകും.

കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഏകജാലകം നടപ്പിലാക്കിയപ്പോള്‍ നിരവധി സ്കൂളുകളില്‍ സീറ്റുകള്‍ ബാക്കിയായി. ഇതു കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും സ്ഥിരം സംവിധാനമാക്കുന്നതോടെ അധ്യാപകര്‍ക്കും ഭീഷണിയാകും.

ഭാഷാ അധ്യാപകരെയാണ് ഇതു കൂടുതല്‍ ബാധിക്കുക. സെക്കന്‍ഡ് ലാംഗ്വേജായി കൂടുതല്‍ വിദ്യാര്‍ഥികള്‍ മലയാളം തെരഞ്ഞെടുത്താല്‍ അതേ സ്കൂളിലെ ഹിന്ദി അധ്യാപകരെ ബാധിക്കും. ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തുന്ന സെക്കന്‍ഡ് ലാംഗ്വേജ് തന്നെ നല്‍കണം. നേരിട്ട് അപേക്ഷ സ്വീകരിച്ചിരുന്നപ്പോള്‍ സെക്കന്‍ഡ് ലാംഗ്വേജിന്റെ ഓപ്ഷന്‍ തുല്യമായി വീതിക്കാനുള്ള സാധ്യത നിലനിന്നിരുന്നു. ബാച്ചുകള്‍ ലോപിക്കുന്നത് അധ്യാപകര്‍ക്ക് തരംതാഴ്ത്തല്‍ ഭീഷണിയുമുണ്ടാകും.

ഇഷ്ട സബ്‌ജക്ടും സ്കൂളും കിട്ടാതെ വരുന്നത് കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് തിരിയാനിടയാകുമെന്നും അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. വിദൂരങ്ങളില്‍പ്പോയി അധിക തുക മുടക്കി പഠനം തുടരാന്‍ താത്പര്യപ്പെടാത്ത കുട്ടികളും അവരുടെ മാതാപിതാക്കളും അണ്‍ എയ്ഡഡ് മേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കും. 200 രൂപ മുതല്‍ 500 രൂപ വരെ ഫീസ് ഈടാക്കുന്ന അണ്‍ എയ്‌ഡഡ് സ്കൂളില്‍ പഠിക്കുകയാകും കുട്ടികള്‍ക്കു ലാഭം. സര്‍ക്കാര്‍, എയ്‌ഡഡ് സ്കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും അണ്‍ എയ്‌ഡഡില്‍ കുട്ടികള്‍ നിറയുകയും ചെയ്യും.

ഏകജാലകം; വിദ്യാഭ്യാസ വകുപ്പ് ഒളിച്ചുകളിക്കുന്നു

ഏകജാലകസംവിധാനം സംബന്ധിച്ചു തിരുത്തലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സമയം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് ഒളിച്ചുകളി നടത്തുന്നു.

ഏകജാലകത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകള്‍ക്ക് വെബ് സൈറ്റില്‍നിന്നു പരിശോധിക്കാനും ഭേദഗതി ആവശ്യമുണ്ടെങ്കില്‍ അറിയിക്കാനും ഏതാനും മണിക്കൂറുകളുടെ സാവകാശം മാത്രമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കിയത്.

മേയ് അഞ്ചിനിറക്കിയ പത്രകുറിപ്പില്‍ പ്രിന്‍സിപ്പല്‍മാര്‍ വെബ് സൈറ്റില്‍ നിന്ന് വിശദാംശങ്ങള്‍ പരിശോധിച്ച് ആറിന് അഞ്ചു മണിക്കകം മാറ്റങ്ങള്‍ അനിവാര്യമായിട്ടുണ്ടങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെട്ട വിശദാംശങ്ങളില്‍ പിശകു പറ്റിയാല്‍ പ്രവേശന പ്രക്രിയയെ സാരമായി ബാധിക്കുമെന്നു പത്രകുറിപ്പില്‍ പ്രത്യേകം പറയുന്നു.

ഇത്രയും പ്രധാനപ്പെട്ടതെന്ന് അവകാശപ്പെടുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുവദിച്ചതാകട്ടെ ഏതാനും മണിക്കൂറുകള്‍ മാത്രം. പക്ഷേ, ഇന്റര്‍നെറ്റ് സംവിധാനവും മറ്റും അപ്രാപ്യമായവര്‍ക്കു മറുവഴിനോക്കാനുള്ള സാവകാശം പോലും ലഭിച്ചില്ല. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇന്നലെ തടസപ്പെട്ടവര്‍ക്കും പരിശോധിച്ചു പരാതി നല്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ഏകജാലക സംവിധാനം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. നല്‍കിയത് ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച മാധ്യമങ്ങളിലാണ്. വേണ്ടത്ര ആലോചനയും ചര്‍ച്ചകളും നടത്തുകയും ചെയ്താതെ അഭിപ്രായം പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ വൈകുന്നേരം അഞ്ചിന് മുമ്പ് അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം ഏകപക്ഷീയമായി ഏകജാലകം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കമാണ് പ്രകടമാക്കുന്നത്. വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ട ചുമതല അതത് പ്രിന്‍സിപ്പല്‍മാര്‍ക്കാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.

രാഷ്ട്രീയനേട്ടത്തിനായി നടപ്പിലാക്കുന്ന വിദ്യാഭ്യാസപരി ഷ്കാരം ഓരോ സ്കൂളിലും പാളിയാലും ഉത്തരവാദിത്വം സ്കൂള്‍ പ്രിന്‍സിപ്പലിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. സാധാരണ ഒരു അഭിപ്രായം പറയാന്‍ സമയം നല്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്രമാത്രം തിടുക്കം കാണിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന ആക്ഷപം ഉയര്‍ന്നു കഴിഞ്ഞു.

മാനേക്‍മെന്റ് സ്കൂളുകളിലെ കോഴ്‌സുകളില്‍ തിരിമറി നടത്താനുള്ള നീക്കവും ഇതിനു പിന്നിലുണ്ട്. കോഴ്‌സുകളില്‍ മാറ്റം വന്നിട്ടുണ്ടങ്കില്‍ ഉടന്‍ വിവരം അറിയിക്കാന്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍മാരെ അറിയിച്ചിരിക്കുന്നതിന്റെ പിന്നിലും ഈ ലക്ഷ്യമാണ്. സാധാരണ കുട്ടികള്‍ക്ക് വിദ്യാഭ്യാസം അസാധ്യമാക്കി സ്കൂള്‍ മാനേജ്‌മെന്റിന്റെ മേല്‍ പഴി ചാരാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്.

എന്‍.എസ്.എസ്

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് നിലവിലുള്ള ഏകജാലക സംവിധാനം പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി വിശാലമായി ചിന്തിച്ചു തീരുമാനമെടുക്കണമെന്നും എന്‍.എസ്.എസ്.

കഴിഞ്ഞ അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ത്തന്നെ മുഴുവന്‍ കുട്ടികളും ചേരാതെ വന്നതിനാല്‍ ഏഴ് അലോട്ട് മെന്റുകള്‍ വേണ്ടി വന്നു. അധ്യാപനവും യഥാസമയം ക്രമീകരിക്കാനായില്ല. അത് ഗുണനിലവാരത്തെ ബാധിച്ചു. ഓപ്‌ഷന്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു സ്കൂളില്‍നിന്നു പല സ്കൂളുകളിലേക്കു മാറിപ്പോകേണ്ടിവന്നു.

ആദ്യ അലോട്ട്മെന്റില്‍ത്തന്നെ 20 ശതമാനം അഡീഷണല്‍ സീറ്റ് അടക്കം 60 സീറ്റിലേക്ക് അഡ്‌മിഷന്‍ നടത്തിയതിനാല്‍ ചില സ്കൂളുകളില്‍ മുഴുവന്‍ കുട്ടികളും, ചിലയിടത്ത് തികയാതെയും വന്നു. ചില വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരായി. ഈ പരീക്ഷണം തികഞ്ഞ പരാജയമാണെന്നും അപ്രായോഗികമാണെന്നും തെളിഞ്ഞ സ്ഥിതിക്ക് ഏകജാലക സംവിധാനം ഇത്തരത്തില്‍ നടപ്പാക്കുന്നതിനോടു യോജിക്കാനാവില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ പ്രസ്താവിച്ചു.

അഡീഷണല്‍ സീറ്റ് ആവശ്യമുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം മാനേജ്മെന്റുകള്‍ക്കു നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുകളില്‍ പറഞ്ഞ വാദഗതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൌവത്തില്‍ എഴുതിയ തുറന്ന കത്ത് ഇവിടെ.

അതിനു വിദ്യാഭ്യാസമന്ത്രി എം.എ.ബേബി നല്‍കിയ മറുപടി താഴെ കൊടുക്കുന്നു.

പരിഷ്കരണം നീതി ഉറപ്പാക്കാന്‍

മാര്‍ പവ്വത്തിലിന്

ആദരണീയനായ മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിക്ക്,

ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എഴുതിയ അങ്ങയുടെ തുറന്ന കത്ത് വായിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശനമടക്കം പൊതുവിദ്യാഭ്യാസരംഗത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുള്ളതാണ് കത്ത്. ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ എന്താണെന്ന് പരിശോധിക്കുന്നത് ഇത്തരുണത്തില്‍ ഉചിതമാകുമെന്നു കരുതുന്നു.

ആദ്യമായി ഏകജാലക സംവിധാനം സംബന്ധിച്ച വസ്തുതകള്‍ എന്താണെന്നു നോക്കാം.

വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും അവസരസമത്വവും ഉറപ്പാക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. "ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം'' എന്ന ലക്ഷ്യം സാര്‍ത്ഥകമാക്കാനുള്ള പ്രവര്‍ത്തനം സ്‌കൂള്‍വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിവരുന്നു. അതിന്റേതായ ഗുണഫലം ഈ മേഖലയില്‍ പ്രകടമാണ്. ദേശീയതലത്തില്‍ ഒന്നാംക്ലാസിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും എന്‍റോള്‍ചെയ്യാനുമുള്ള ശ്രമമാണ് മുഖ്യമായി നടക്കുന്നതെങ്കില്‍ കേരളത്തില്‍ എല്ലാ കുട്ടികള്‍ക്കും 12-ാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനാണ് ഊന്നല്‍. മാത്രമല്ല, പത്താം ക്ലാസുവരെ എയ്‌ഡഡ്, ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു വിവേചനവും കൂടാതെ പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.

പത്താം ക്ലാസുവരെ എല്ലാ കുട്ടികള്‍ക്കും എല്ലാ വിഷയവും ഒരുപോലെ പഠിക്കണം. എന്നാല്‍, പത്താംക്ലാസ് കഴിഞ്ഞാല്‍ എല്ലാ കുട്ടികളും എല്ലാ വിഷയവും പഠിക്കുന്നില്ല. അഭിരുചിയും മെറിറ്റുമനുസരിച്ച് വിഷയഗ്രൂപ്പ് തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിഷയഗ്രൂപ്പ്, ആഗ്രഹിക്കുന്ന വിദ്യാലയം എന്നിവ ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് സംവിധാനം ഈ രംഗത്ത് ആവശ്യമാണ്. മുമ്പ്, കോളേജുകളില്‍ നിലനിന്നിരുന്ന പ്രീഡിഗ്രി സ്‌കൂള്‍പഠനത്തിന്റെ ഭാഗമാക്കിയതോടുകൂടി കൂടുതല്‍ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠിക്കാനുള്ള അവസരം സംജാതമായി. എങ്കിലും കോളേജില്‍ നിലനിന്നിരുന്ന കാലത്തെ പല വ്യവസ്ഥയും (സംവരണവ്യവസ്ഥയടക്കം) ഇന്നും തുടരുന്നുണ്ട്.

ഹയര്‍സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ന് നിലനില്‍ക്കുന്ന പ്രവേശനരീതി ഒരുതരത്തിലുള്ള ഭാഗ്യപരീക്ഷണമാണ്. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളോ വിഷയഗ്രൂപ്പോ ലഭിക്കാറില്ല. മികവില്‍ മുന്നിലുള്ളവരെ മറികടന്ന് പിന്നിലുള്ളവര്‍ സീറ്റ് നേടുന്ന അവസ്ഥ വ്യാപകമായി കാണുന്നു. പ്രവേശനം സുതാര്യമല്ല. മെറിറ്റ് സീറ്റുകളില്‍പ്പോലും മറ്റു പരിഗണനകള്‍ക്ക് അനുസൃതമായി പ്രവേശനം നല്‍കുന്നെന്ന പരാതി വ്യാപകമാണ്. സാമ്പത്തികമാനദണ്ഡമാണ് പലപ്പോഴും പരിഗണിക്കുന്നത് എന്നതും നിലനില്‍ക്കുന്ന ഒരു ആക്ഷേപമാണ്. അപേക്ഷാഫോറത്തിന്റെ വിതരണഘട്ടംമുതല്‍ വിവേചനം നിലനില്‍ക്കുന്നുവെന്നതും പരാതിയില്‍പ്പെടും. സംവരണമാനദണ്ഡം പാലിക്കപ്പെടുന്നില്ലെന്ന പരാതിയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പുതിയ മാര്‍ഗം സര്‍ക്കാര്‍ ആരാഞ്ഞത്.

ഇന്നു നിലനില്‍ക്കുന്നതിനേക്കാള്‍ മികച്ച രീതിയാണ് ഏകജാലകസംവിധാനമെന്ന് കഴിഞ്ഞ അക്കാദമികവര്‍ഷം തിരുവനന്തപുരത്ത് പരീക്ഷണാര്‍ത്ഥം നടത്തിയ ഏകജാലകപ്രവേശനം വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അദ്ധ്യയനവര്‍ഷം പരീക്ഷണമെന്ന നിലയ്ക്കാണ് തിരുവനന്തപുരം ജില്ലയില്‍ ഏകജാലകസംവിധാനത്തിലൂടെ പ്ലസ് ടു പ്രവേശനം നടത്തിയത്. ഇത് വമ്പിച്ച വിജയമായിരുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി അധ്യാപകസംഘടനകളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും മറ്റു വിദഗ്ദ്ധരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി. കമ്യൂണിറ്റി / മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും മുമ്പത്തേതുപോലെതന്നെ അവര്‍ക്ക് പ്രസ്തുത സീറ്റിലേക്ക് പ്രവേശനം നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് മാനേജര്‍മാര്‍ വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തങ്ങള്‍ക്ക് അതില്‍ ബുദ്ധിമുട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വ്യക്തമാക്കി. എങ്കിലും തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തില്‍ അത്തരം പരിശോധന സര്‍ക്കാര്‍ നടത്തിയിരുന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ സീറ്റും സംവരണതത്വം പാലിച്ചും എയ്‌ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി-മാനേജ്‌മെന്റ് സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളിലുമാണ് ഏകജാലകസംവിധാനത്തിലൂടെ പ്രവേശനം നല്‍കിയത്. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷാ കമീഷണര്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് നടത്തുന്ന രീതിയിലാണ് ഏകജാലക പ്രവേശനപ്രക്രിയയും പൂര്‍ത്തിയാക്കിയത്.

ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടത്തുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പോരായ്മകള്‍പോലും കാര്യമായി ഇതിനുണ്ടായില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് അപൂര്‍വം ചില ഇടങ്ങളില്‍ ചില നിസ്സാരപ്രശ്നം ഉണ്ടാക്കിയെങ്കിലും അതെല്ലാം ഉടന്‍തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. ആശങ്ക പ്രകടിപ്പിച്ചവരും എതിര്‍പ്പ് പ്രകടിപ്പിച്ചവരും പ്രവേശനപ്രക്രിയ പൂര്‍ണമായപ്പോള്‍ ഏകജാലകസംവിധാനത്തിന്റെ മേന്മ അംഗീകരിക്കുകയുണ്ടായി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശ്വാസംകൊണ്ടു. നാനാവിധമായ സമ്മര്‍ദങ്ങളില്‍നിന്ന് മുക്തിനേടിയതിനാല്‍ പ്രിന്‍സിപ്പല്‍മാരും സന്തുഷ്ടരായി. ശുപാര്‍ശയോ മറ്റു കാര്യമോ കൂടാതെതന്നെ സുതാര്യവും ജനാധിപത്യപരവുമായ പ്രവേശനം നടന്നതിനാല്‍ ജനപ്രതിനിധികളും സന്തുഷ്ടരാണ്.

കത്തില്‍ ഉന്നയിച്ചിട്ടുള്ളത് മുഖ്യമായും രണ്ട് ആരോപണമാണ്. ക്ലാസ് തുടങ്ങിയത് വളരെ വൈകി നവംബറിലാണ്. ഹയര്‍ ഓപ്‌ഷന്‍ കിട്ടി കുട്ടികള്‍ മാറിക്കൊണ്ടിരുന്നതുകൊണ്ട് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. വിദ്യാര്‍ഥിയെ മനസ്സിലാക്കാനും പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനും പ്രയാസപ്പെട്ടു.

യഥാര്‍ഥ വസ്തുത എന്താണ്?

ഏകജാലകസമ്പ്രദായം നടപ്പാക്കിയ തിരുവനന്തപുരം ജില്ലയില്‍ ക്ലാസ് തുടങ്ങിയത് 2007 ജൂലൈ 29നാണ്. മറ്റു ജില്ലകളിലാകട്ടെ ജൂലൈ 23നും. അതായത്, ഒരാഴ്ചത്തെ വ്യത്യാസംമാത്രം. ഇത്തവണ ഹയര്‍സെക്കന്‍ഡറിക്ലാസ് ഏകജാലകപ്രവേശനം പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നാംവാരത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് ആദ്യബാച്ച് അഡ്‌മിഷന്‍ ജൂലൈ 19നും രണ്ടാമത്തെ അഡ്‌മിഷന്‍ 28നുമായിരുന്നു. ആദ്യത്തെ രണ്ടു ഘട്ടം അഡ്‌മിഷനോടുകൂടി 80 ശതമാനത്തോളം സീറ്റ് നികത്തപ്പെട്ടു. പട്ടികജാതി-വര്‍ഗ സംവരണസീറ്റും സ്പോര്‍ട്സ് ക്വാട്ടാസീറ്റുമാണ് നികത്തപ്പെടാതെ കിടന്നത്. പട്ടികജാതി-വര്‍ഗ സംവരണ സീറ്റില്‍ ആവശ്യത്തിന് കുട്ടികളില്ലെങ്കില്‍ വീണ്ടും അപേക്ഷ ക്ഷണിച്ച് ഈ വിഭാഗത്തിലെ വല്ല കുട്ടികളും അപേക്ഷിക്കാതെ ബാക്കിയുണ്ടോ എന്ന് നോക്കിമാത്രമേ പ്രസ്തുത സീറ്റ് നികത്താന്‍ കഴിയുകയുള്ളൂ. ഈ പ്രക്രിയക്ക് സ്വാഭാവികമായും എടുക്കുന്ന സമയം എടുത്തിട്ടുണ്ട്. കൂടാതെ, കുട്ടികള്‍ക്ക് ഹയര്‍ ഓപ്‌ഷനു വേണ്ട സൌകര്യവും ചെയ്തിട്ടുണ്ട്. ഇതെല്ലാം കുട്ടികള്‍ക്ക് കിട്ടേണ്ട സ്വാഭാവികനീതിയുടെ ഭാഗമാണ്. മെറിറ്റുമാത്രമാണ് ഇതിനെല്ലാമുള്ള മാനദണ്ഡം. മുന്‍കാലങ്ങളില്‍ ഇത്തരം സീറ്റുകളില്‍ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവേശനം നല്‍കിയവര്‍ക്ക് അതിനുള്ള സൌകര്യം ലഭിക്കാത്തതുവഴി അല്‍പ്പം ബുദ്ധിമുട്ട് വന്നിട്ടുണ്ടാകും.'സേ' പരീക്ഷാഫലം വന്നശേഷവും അതില്‍ പാസായ കുട്ടികള്‍ക്കും അവസരം നല്‍കി. ഇതൊക്കെയായിട്ടും സെപ്തംബര്‍ 11ന് ആറുതവണ അവസരം നല്‍കി തിരുവനന്തപുരത്ത് അഡ്‌മിഷന്‍ അവസാനിപ്പിച്ചു. മറ്റു ജില്ലയില്‍ ആഗസ്ത് 31നായിരുന്നു അഡ്‌മിഷന്‍ അവസാനിപ്പിച്ചത്. മാനേജ്‌മെന്റ്-കമ്യൂണിറ്റി സീറ്റുകളിലെ പ്രവേശനകാര്യത്തില്‍ സര്‍ക്കാര്‍ ഒട്ടുംതന്നെ ഇടപെട്ടിട്ടില്ല. അങ്ങനെ ഒരു ആക്ഷേപവും കഴിഞ്ഞവര്‍ഷം ലഭിച്ചിട്ടില്ല.

ഏകജാലകം സംബന്ധിച്ച് കുറച്ചുകൂടി വിശദാംശങ്ങള്‍ പ്രതിപാദിക്കട്ടെ. എന്താണ് ഏകജാലകം? സര്‍ക്കാര്‍മേഖലയിലെ മുഴുവന്‍ സീറ്റിലേക്കും എയ്‌ഡഡ് മേഖലയിലെ മാനേജ്‌മെന്റ്-കമ്യൂണിറ്റി സീറ്റുകള്‍ ഒഴിച്ചുള്ള മുഴുവന്‍ സീറ്റിലേക്കും ഒരു റെവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവേശനക്രമത്തെയാണ് ഏകജാലകം എന്നു പറയുന്നത്. എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം? ഇതുകൊണ്ടുള്ള പ്രയോജനം വിലയിരുത്തണമെങ്കില്‍ നിലവിലുള്ള അവസ്ഥയുമായി താരതമ്യംചെയ്യണം. നിലവിലുള്ള സ്ഥിതി താഴെപ്പറയുംവിധം സംഗ്രഹിക്കാം.

ഒരു ഹയര്‍സെക്കന്റി സ്‌കൂളാണ് പ്രവേശനത്തിന്റെ അടിസ്ഥാനഘടകം. എവിടെയെല്ലാം പ്രവേശനം ലഭ്യമാകുന്നെന്ന് അന്വേഷിച്ച് ഓരോ സ്‌കൂളിനും പ്രത്യേക അപേക്ഷാഫോറം വാങ്ങി അപേക്ഷ സമര്‍പ്പിക്കണം. ചിലയിടങ്ങളില്‍ പ്രവേശനം ലഭിക്കാത്തവരുടെ നീണ്ടനിരയും മറ്റു ചിലയിടങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയും സാധാരണയായി കാണുന്നു. അപേക്ഷിക്കുന്ന സ്‌കൂളുകള്‍ പരിമിതമായതിനാല്‍ വല്ല കാരണവശാലും പ്രവേശനം ലഭിച്ചില്ലെങ്കില്‍ ഒരുവര്‍ഷം നഷ്ടപ്പെടും. അപേക്ഷാഫോറം വാങ്ങണമെങ്കില്‍ ഓരോ സ്ഥലത്തും പത്തുരൂപ വീതം അപേക്ഷാഫോറത്തിന് വില നല്‍കണം. ഉയര്‍ന്ന മാര്‍ക്ക് / ഗ്രേഡ് കിട്ടിയ കുട്ടികള്‍ക്കുപോലും അപേക്ഷിച്ച സ്‌കൂളുകളില്‍നിന്ന് വെയിറ്റിങ് ലിസ്റ്റില്‍ അഡ്‌മിഷന്‍ കാര്‍ഡാണ് ലഭിക്കാറ്. ഏതെങ്കിലും സ്‌കൂളില്‍ പ്രശേവനം ലഭിക്കുംവരെ ഈ കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കം പരിഗണിക്കപ്പെടാറില്ല. മാര്‍ക്ക് / ഗ്രേഡ് അല്‍പ്പം കുറഞ്ഞ കുട്ടികളുടെ സ്ഥിതി പറയേണ്ടതുമില്ല. അപേക്ഷിച്ച വിദ്യാലയങ്ങളിലെല്ലാം വെയിറ്റിങ് ലിസ്‌റ്റില്‍ വന്ന വിദ്യാര്‍ഥികള്‍ അഡ്‌മിഷന്‍ ദിവസം തങ്ങളുടെ ബന്ധുക്കളെ ഈ വിദ്യാലയങ്ങളിലെല്ലാം അയക്കുകയും എവിടെയാണ് പ്രവേശനം സാധ്യമാകുക എന്ന ഭാഗ്യപരീക്ഷണം നടത്തുകയും ചെയ്യേണ്ടിവരുന്നു. അപേക്ഷിച്ച എല്ലാ സ്‌കൂളിലും പ്രവേശനം ഒരേദിവസം നടക്കുന്നതുകൊണ്ട് ഇഷ്ടപ്പെട്ട സ്‌കൂളില്‍/ബാച്ചില്‍ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആദ്യം പ്രവേശനം ലഭിക്കുന്ന സ്‌കൂള്‍ അകലെയാണെങ്കില്‍പ്പോലും പ്രവേശനം നേടാന്‍ നിര്‍ബന്ധിതരാകുന്നു. ചേര്‍ന്ന സ്‌കൂളില്‍നിന്ന് ബാച്ച് മാറണമെങ്കിലോ സ്‌കൂള്‍ മാറണമെങ്കിലോ സാധ്യമാണ്. പക്ഷേ, പലപ്പോഴും ശുപാര്‍ശയും 'മറ്റു' കാര്യങ്ങളുമാണ് ഈ മാറ്റത്തിന്റെ മാനദണ്ഡം. ഗവണ്‍മെന്റ് സ്‌കൂള്‍ പ്രവേശനം നേടിയ വിദ്യാര്‍ഥി ഒരു എയ്‌ഡഡ് സ്‌കൂളിലേക്ക് മാറിയാലോ തിരിച്ചായാലോ ആദ്യം നല്‍കിയ ഫീസ് നഷ്ടമാകും.

ആദ്യം ലിസ്‌റ്റ് തയ്യാറാക്കുമ്പോള്‍ സംവരണതത്വം പാലിക്കും. അഡ്‌മിഷന്‍ഘട്ടത്തില്‍ ഒന്നാം ദിവസത്തിനുശേഷം സംവരണതത്വം പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്താറില്ല. പട്ടികജാതി, പട്ടികവര്‍ഗം കുട്ടികള്‍ക്കൊഴികെ നീക്കിവച്ച സീറ്റുകളില്‍ സംവരണതത്വം പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കാറില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുഴുവന്‍ സീറ്റിലും മെറിറ്റുമാത്രമാണ് മാനദണ്ഡം. എയ്‌ഡഡ് ന്യൂനപക്ഷ പിന്നോക്ക മാനേജ്‌മെന്റ് സ്‌കൂളുകളില്‍ 40 ശതമാനം ഓപ്പണ്‍ മെറിറ്റ്, 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ട, 20 ശതമാനം കമ്യൂണിറ്റി ക്വാട്ട. ഇതല്ലാത്ത എയ്‌ഡഡ് സ്‌കൂളുകളില്‍ 50 ശതമാനം ഓപ്പണ്‍ മെറിറ്റ്, 30 ശതമാനം മാനേജ്‌മെന്റ് ക്വാട്ട. എല്ലാ വിദ്യാലയത്തിലും പട്ടികജാതിക്ക് 12 ശതമാനവും പട്ടികവര്‍ഗത്തിന് എട്ടു ശതമാനവും സംവരണം നിലവിലുണ്ട്.

ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള സംവരണമാനദണ്ഡം എന്തെല്ലാമാണ്?

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതില്‍ 59 ശതമാനം ഓപ്പണ്‍ മെറിറ്റും എട്ടു ശതമാനം ഈഴവ, ഏഴു ശതമാനം മുസ്ളിം, രണ്ടു ശതമാനം ലാറ്റിന്‍-എസ്ഐയുസി, ഒരുശതമാനം മറ്റു പിന്നോക്ക ക്രിസ്തീയ സമുദായം, മൂന്നു ശതമാനം മറ്റു പിന്നോക്ക ഹിന്ദുസമുദായം, 12 ശതമാനം പട്ടികജാതി, എട്ടു ശതമാനം പട്ടികവര്‍ഗം എന്നിങ്ങനെയാണ്.
എയ്‌ഡഡ് സ്‌കൂളുകളില്‍ 50 ശതമാനം ഓപ്പ മെറിറ്റ്, 30 ശതമാനം മാനേജ്‌മെന്റ് ക്വാട്ട, 12 ശതമാനം പട്ടികജാതി, എട്ടു ശതമാനം പട്ടികവര്‍ഗം.

എയ്‌ഡഡ് ന്യൂനപക്ഷ പിന്നോക്ക സമുദായ മാനേജ്മെന്റ് സ്‌കൂളുകളില്‍ 40 ശതമാനം ഓപ്പണ്‍ മെറിറ്റ്, 40 ശതമാനം മാനേജ്‌മെന്റ് ക്വാട്ട (ഇതില്‍ 20 ശതമാനം അതതു സമുദായത്തിലെ കുട്ടികള്‍ക്ക് മെറിറ്റടിസ്ഥാനത്തിലും 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയിലും), 12 ശതമാനം പട്ടികജാതി, എട്ടുശതമാനം പട്ടികവര്‍ഗം എന്നിങ്ങനെയാണ്.

മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനത്തിനുള്ള പൂര്‍ണ അധികാരം മാനേജ്‌മെന്റുകള്‍ക്കാണ്. ഓപ്പണ്‍ മെറിറ്റ് സീറ്റുകളില്‍നിന്ന് സ്പോര്‍ട്സ് വിഭാഗത്തിനായി അഞ്ചുശതമാനവും ശാരീരികമായി പ്രത്യേകതയുള്ളവര്‍ക്കായി മൂന്നു ശതമാനവും നീക്കിവച്ചിട്ടുണ്ട്. ശാരീരികമായി പ്രത്യേകതയുള്ളവരുടെ കൂട്ടത്തില്‍ ഒരു ശതമാനം അന്ധര്‍ക്കായും സംവരണംചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ ഏകജാലകസമ്പ്രദായം നടപ്പാക്കുകവഴി കുട്ടികളുടെ പഠിക്കാനും വളരാനുമുള്ള അവകാശത്തെ നിഷേധിക്കുകയല്ല സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഈ വിശദീകരണങ്ങളില്‍നിന്ന് വ്യക്തമാകുമെന്നു കരുതട്ടെ.

കത്തില്‍ വലിയ ആശങ്ക പ്രകടിപ്പിക്കപ്പെടുന്നത് എസ്എസ്എല്‍സി റിസള്‍ട്ടില്‍ വരുന്ന വര്‍ധനയിലാണ്. ഓരോ തലത്തിലും കുട്ടികള്‍ നേടേണ്ട ശേഷികള്‍ നേടിയെന്ന് നിശ്ചയമായും ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചുവരുന്നതിനെ ആശങ്കയോടെ കാണേണ്ടതുണ്ടോ? 10 വര്‍ഷം കഠിനാധ്വാനം ചെയ്തുനേടിയ വിജയത്തെ അംഗകീരിക്കുകയല്ലേ വേണ്ടത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ നേടിയെടുക്കുന്ന വിജയത്തെ ഇകഴ്ത്തിക്കാണുന്നത് ശരിയാണോ?

ഏകലവ്യന്മാരുടെ പെരുവിരല്‍ അരിഞ്ഞ കാഴ്ചപ്പാടിനെ ന്യായീകരിച്ച സംസ്കാരത്തെ തള്ളിക്കളഞ്ഞവരാണ് കേരളീയര്‍ എന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നാകില്ലേ. എന്നും ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം, അവരുടെ പരിമിതികള്‍ മറികടന്ന് മുഖ്യധാരയിലേക്കു വരാനുള്ള ശ്രമത്തെ പരിപോഷിപ്പിച്ച മിഷണറി പ്രവര്‍ത്തനത്തോട് നീതിപുലര്‍ത്തുന്നതാകുമോ സാധാരണ വിദ്യാലയങ്ങളിലെ കുട്ടികള്‍ തങ്ങളുടെ മികവ് പ്രകടിപ്പിക്കുമ്പോള്‍ അതിനെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നത്?

മുകളില്‍ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകളില്‍നിന്ന് സാമൂഹ്യനീതി ഉറപ്പാക്കാന്‍, അര്‍ഹതയുള്ളവര്‍ക്ക് ബുദ്ധിമുട്ടും ധനനഷ്ടവും കൂടാതെ പ്ലസ് ടു പ്രവേശനം ലഭ്യമാക്കാനും അഴിമതിയും കൃത്രിമങ്ങളും തടയാനും വളരെയേറെ സഹായകരമായ ഒരു പരിഷ്കാരമാണ് ഏകജാലക പ്രവേശനമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. രാഷ്ട്രീയലക്ഷ്യത്തോടെ ഗവണ്‍മെന്റിന്റെ നല്ല നീക്കങ്ങളെ എതിര്‍ക്കാന്‍ ചിലര്‍ തയ്യാറാകുന്നത് ജനാധിപത്യവ്യവസ്ഥയില്‍ അസാധാരണമല്ല. എന്നാല്‍, ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന് അത്തരം ഉദ്ദേശ്യം ഉണ്ടാകില്ലെന്നാണ് എന്റെ പ്രതീക്ഷ. അതിനാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നല്ല മനസ്സോടെ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആദരപൂര്‍വം

എം എ ബേബി

ഇനി ഈ വാര്‍ത്ത കൂടി വായിക്കാം..

പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍

കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ ഈ വര്‍ഷം പ്രവേശനത്തില്‍ അനുവര്‍ത്തിക്കണ്ട നിലപാടുകള്‍ക്കു കൊച്ചി പി.ഒ.സിയില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ വിദ്യാഭ്യാസത്തിനായുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സ്റ്റാന്‍ലി റോമന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തിലെ തീരുമാനപ്രകാരം കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി. സി ) മാര്‍ഗരേഖ തയാറാക്കി. എല്ലാ സീറ്റിലും മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം നല്‍കുക. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിഗണന നല്‍കി പ്രവേശനം നല്‍കും. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളെ നിശ്ചിത ശതമാനം സീറ്റുകളില്‍ പ്രവേശിപ്പിച്ചു സ്കോളര്‍ഷിപ്പ് നല്‍കി സൌജന്യമായി പഠിപ്പിക്കും. ഓരോ അവാന്തര വിഭാഗത്തിലും മെരിറ്റ് അനുസരിച്ചു മാത്രമായിരിക്കും പ്രവേശനം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് നാല് ശതമാനം സീറ്റുകള്‍ മാറ്റിവയ്ക്കും. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കായി നഴ്സിംഗ് കോളജുകളില്‍ മൂന്ന് ശതമാനവും എന്‍ജിനീയറിംഗ് കോളജുകളിലും മെഡിക്കല്‍ കോളജുകളിലും അഞ്ചു ശതമാനവും സീറ്റുകള്‍ മാറ്റിവയ്ക്കും. ദളിത് കത്തോലിക്കര്‍ക്ക് നഴ്സിംഗ് കോളജുകളില്‍ മൂന്നു ശതമാനവും എന്‍ജിനീയറിംഗ് കോളജുകളില്‍ അഞ്ചു ശതമാനവും മെഡിക്കല്‍ കോളജുകളില്‍ രണ്ടു ശതമാനവും സീറ്റുകള്‍ മാറ്റിവെയ്ക്കും.

അവസാനമായി ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന് എന്താണ് പറയാനുള്ളത് എന്നു കൂടി നമുക്ക് കേള്‍ക്കാം..

ഹയര്‍ സെക്കന്‍ഡറി ഏകജാലകസമ്പ്രദായത്തെ എതിര്‍ക്കുന്നത് തലവരിമോഹികളാണെന്ന് ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്പോലെ പ്ലസ് വണ്‍ പ്രവേശനത്തിനും വന്‍തുക തലവരിപ്പണമായും മറ്റും ഈടാക്കുന്ന മാനേജ്മെന്റുകളുണ്ട്. ഏകജാലക സമ്പ്രദായത്തിലൂടെ പ്രവേശനം സുതാര്യമാകുമ്പോള്‍ പണമുണ്ടാക്കാനുള്ള അവസരം കുറയും. പുതിയ മാതൃക ചിലര്‍ എതിര്‍ക്കുന്നതിനു കാരണമിതാണ്. മധ്യതിരുവിതാംകൂറിലെ ചില കത്തോലിക്കാ സംഘടനകളാണ് സര്‍ക്കാര്‍ശ്രമങ്ങളെ എതിര്‍ക്കുന്നത്. ഇത് എല്ലാ ക്രിസ്ത്യന്‍ സമുദായങ്ങളുടെയും നിലപാടായി കണക്കാക്കരുതെന്ന് ബിഷപ്പ് പറഞ്ഞു. മുതലാളിത്ത മനോഭാവവും സവര്‍ണ സംസ്കാരവുമാണ് ഈ വിദ്യാഭ്യാസക്കച്ചവടക്കാരുടെ മുഖമുദ്ര. ഇതിനോട് വിയോജിക്കുന്ന നിര്‍ധനരും ഇടത്തരക്കാരും കത്തോലിക്കാ സമുദായം ഉള്‍പ്പെടെ എല്ലാ സമുദായത്തിലുമുണ്ട്. നിര്‍ഭാഗ്യവശാല്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് വേദിയില്ല. അവരുടെ അഭിപ്രായവും സര്‍ക്കാര്‍ കേള്‍ക്കണം. മെറിറ്റുള്ള വിദ്യാര്‍ഥിക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ അവസരം ലഭ്യമാക്കുന്നതു പോലെതന്നെ പിന്നോക്കമേഖലയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് പ്രദേശികമായി വിദ്യാഭ്യാസ അവസരം ഉറപ്പാക്കാനും പുതിയ സമ്പ്രദായത്തിന് കഴിയണമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ ഏകജാലക സമ്പ്രദായത്തെ കൃത്യമായി വിലയിരുത്തിയിട്ടില്ല. പ്രവേശനത്തിന്റെ പേരില്‍ ചില മാനേജ്മെന്റുകള്‍ നടത്തുന്ന കൊള്ളയ്ക്ക് അറുതി വരുത്താന്‍ പുതിയ രീതിക്ക് കഴിയുമെന്നു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം വായിച്ചപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തിന് പറയനുള്ളത് ഇതാണ്.

കേരളീയര്‍ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാമുഖ്യം കൊടുക്കുന്നുണ്ട്..അതിന് എന്തെങ്കിലും തടസ്സമുണ്ടായല്‍ വലിയ പ്രശ്നമാകും. പൊതു ജനങ്ങളുടെ വികാരം ആളിക്കത്തും. പ്രശ്നമുണ്ടാക്കുക എന്നത് പലരുടേയും താല്‍പ്പര്യമാണ്. ഈ കുരുക്കില്‍ അകപ്പെടാതെ ഇരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വവും.

എങ്കിലും ചില സംശങ്ങള്‍ ഇല്ലാതില്ല.

സ്വാശ്രയ കോളേജുകളില്‍ മെറിറ്റാകാമെങ്കില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മെറിറ്റായിക്കൂടേ അടിസ്ഥാനം? മെത്രാന്മാര്‍ നിരീശ്വരവാദമെന്ന ഉമ്മാക്കികാട്ടുന്നത് വിനീത വിധേയ കുഞ്ഞാടുകള്‍ മാത്രമാവില്ല , മെറിറ്റടിസ്ഥാനത്തില്‍ അഡ്‌മിഷന്‍ കിട്ടി വരുന്നതിലുണ്ടാവുക എന്ന ഭയം മൂലമാണോ? അതോ മെറിറ്റില്‍ അഡ്‌മിഷന്‍ ലഭിക്കുന്നവരുടെ മേല്‍ ഒരു പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ചെലുത്താന്‍ ആവില്ല എന്നു ഭയപ്പെട്ടാണോ? ഏകജാലകമില്ലാതിരുന്നപ്പോള്‍ കേരളത്തിലെ എല്ലാ കൂട്ടികളും അവരവരുടെ വീട്ടുമുറ്റത്താണോ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്? ആ..ആര്‍ക്കറിയാം.

വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം എന്നെല്ലാം മാനേജ്‌മെന്റുകള്‍ പുറമേ എന്തൊക്കെ പറഞ്ഞാലും കാര്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ധ്യാപക താല്‍പ്പര്യ സംരക്ഷണവും നിരീശ്വര വാദവിരുദ്ധ മുദ്രാവാക്യങ്ങളും വിദ്യാര്‍ത്ഥി പ്രക്ഷോഭവും അണിയറയില്‍ നിന്ന് ഉയര്‍ന്നു വരുണ്ട്. മണിയൊച്ച മുഴങ്ങുന്നുണ്ടോ, മറ്റൊരു വിമോചന സമര കാഹളത്തിന്റെ?

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ജാലകം ഒന്ന്‌ പ്രശ്നങ്ങള്‍ അനവധി എന്ന് മാനേജ്‌മെന്റുകളും പ്രശ്നങ്ങള്‍ അനവധി (പരിഹാര) ജാലകം ഒന്ന്‌ എന്ന് സര്‍ക്കാരും പറയുന്ന ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലകസംവിധാനത്തെക്കുറിച്ച് എല്ലാ വാതിലും തുറന്നിട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. ഈയവസരത്തില്‍ രണ്ട് വിഭാഗക്കാര്‍ക്കും പറയാനുള്ളതെന്ത് എന്ന് അറിയുന്നത് തീര്‍ച്ചയായും നാം ഏത് പക്ഷം ചേരണം എന്നു തീരുമാനിക്കാനുള്ള മുന്നുപാധിയായിരിക്കും.

അത്തരത്തിലൊരു ശ്രമമാണ് ഈ പോസ്റ്റ്.
ഇതു തയ്യാറാക്കിക്കഴിഞ്ഞാണ് ഏക ജാലക സംവിധാനം താല്‍ക്കാലികമായി സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നത്. പ്ലസ്‌ ടു പ്രവേശനത്തിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിനു ഹൈക്കോടതി വിധി അനുസരിച്ചു മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കു എന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറയുന്നു. മാനേജ്‌മെന്റുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറയുന്നു. കച്ചവടക്കാരുടെ വിഹാരരംഗമായി വിദ്യാഭ്യാസരംഗം അധ:പതിക്കാതിരിക്കട്ടെ എന്നു മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്

വെള്ളെഴുത്ത് said...

എല്ലാ വശങ്ങളെയും പരിഗണിച്ച് ഇങ്ങനെയൊരു പോസ്റ്റ് നന്നായി വര്‍ക്കേഴ്സ് ഫോറം. ഒറ്റ പോസ്റ്റില്‍ നിന്നു തന്നെ പ്രവേശന സമ്പ്രദായത്തിനെതിരേ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളും സാധൂകരണങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇനി അവയിത്രത്തോളം ശരിയുണ്ടെന്നും ന്യായങ്ങള്‍ ഏതൊക്കെ സാധുവാണെന്നും പരിശോധിച്ചാല്‍ മതി. അവസരോചിതമായി ഈ പോസ്റ്റ്