Friday, May 2, 2008

വിശ്വാസ തൃതീയ

സീന്‍ 1

രമേശന്റെ തുണിക്കട - പകല്‍

കടയില്‍ ഈച്ചയടിച്ചിരിക്കുന്ന രമേശന്‍. അസിസ്റ്റന്റ് ഇട്ടൂപ്പ്.

രമേശന്‍: ഈശ്വരാ. ജീവിതത്തില്‍ ഒന്നുരക്ഷപ്പെടാമെന്നുവച്ചാണ് കട തുടങ്ങിയത്. ക്വാളിറ്റി സാധനങ്ങള്‍തന്നെ എടുത്തുവച്ചു. പക്ഷെ ആരും ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ലല്ലോടാ ഇട്ടൂപ്പേ.

ഇട്ടൂപ്പ്: എന്റെ രമേശന്‍ സാറെ. "ഓരോന്നിനും അതിന്റെ ഒരു സമയമുണ്ട് ദാസാ'' എന്ന് നാടോടിക്കാറ്റ് സിനിമേല് വിജയന്‍ ദാസനോട് പറഞ്ഞിട്ടുണ്ട്. സാറിനും വരും ഒരു സമയം.

രമേശന്‍: പക്ഷെ ആ ദിവസം വരുമ്പോള്‍ കടയും സാധനങ്ങളും ബാങ്കുകാര് കൊണ്ടുപോവും.

ദയനീയമായിരിക്കുന്ന രമേശന്‍. മുതലാളിയുടെ ദുഃഖത്തില്‍ പങ്കുചേരാനെന്നമട്ടില്‍ ദുഃഖം അഭിനയിക്കുന്ന ഇട്ടൂപ്പ്.

കട്ട്.

സീന്‍ 2

രമേശന്റെ വീട് - രാത്രി

കടപൂട്ടി വീട്ടിലെത്തുന്ന രമേശന്‍. ആകെ തകര്‍ന്ന അവസ്ഥ. വീട്ടില്‍ ഭാര്യ തന്നെ കാത്തെന്നപോലെ ഉല്‍സാഹത്തില്‍ നില്‍ക്കുന്നു.

ഭാര്യ: ങാ. എത്തിയോ ചേട്ടാ. ദേ. ഭക്ഷണംകഴിച്ച് ഉടന്‍ നമുക്കിറങ്ങണം.

രമേശന്‍: രാത്രി എവിടെ പോകാനാ.

ഭാര്യ: ഈശ്വരാ. ഏട്ടന്‍ ഈ നാട്ടിലല്ലേ. നാളെ അക്ഷയതൃതീയ ആണ്. ദേ നാളെ സ്വര്‍ണം വാങ്ങാന്‍ ഇന്നു രാത്രിമുതലേ ജൂവലറികളില്‍ ക്യൂവാ. ഈ അക്ഷയതൃതീയനാളില്‍ സ്വര്‍ണം വാങ്ങാന്‍ രണ്ടുവര്‍ഷംമുമ്പേ ബുക്കുചെയ്തവരുണ്ട്. വരണം. ഊണുകഴിച്ച് ഉടനെ ഇറങ്ങാം. (അകത്തേയ്ക്കുനോക്കി) മക്കളേ അപ്പൂ. ആ സഞ്ചിയൊക്കെ റെഡിയാണല്ലോ. രണ്ടു സഞ്ചീം ഒരു കിറ്റും എടുത്തുവച്ചിട്ടുണ്ട്. അതില് കൊള്ളുന്നതുമതി.

രമേശന്‍: എടീ നോക്ക്

ഭാര്യ: വേണ്ട വേണ്ട. ചേട്ടന്‍ എന്നെ പറഞ്ഞോ. കേള്‍ക്കാം. എന്റെ വീട്ടുകാരെ പറഞ്ഞാലും കേള്‍ക്കാം. പക്ഷെ അക്ഷയതൃതീയേ കുത്തിപ്പറയരുതേ - കുന്നംകുളത്തൊരാള്‍ അക്ഷയതൃതീയയേ കുത്തിപ്പറഞ്ഞു. കഴിഞ്ഞ തൃതീയയ്ക്കാ പറഞ്ഞത്. ഈ തൃതീയക്ക് ഒന്നാംചരമവാര്‍ഷികം.

എന്തോപറയാന്‍ വന്ന രമേശന്റെ വായ താനേ അടയുന്നു.

കട്ട്.

സീന്‍ 3

ജുവലറി രാത്രി രണ്ടുമണി

ജുവലറിയുടെ നടയില്‍ തള്ളല്‍. ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ്. കണ്ണീര്‍ വാതകം പ്രയോഗിക്കുമെന്ന് മൈക്കിലൂടെ പൊലീസിന്റെ വിളിച്ചുപറയല്‍. വെടിവച്ചാലും പിരിയില്ലെന്ന് ജനം. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പറുകളുമായിട്ട് നില്‍ക്കുന്ന ജനങ്ങളുടെ ഷോട്ട്. ജനത്തിന്റെ ഇടയില്‍പെട്ട് രമേശന്‍.

തള്ളലിനിടയില്‍ രമേശന്‍ മുന്നില്‍നില്‍ക്കുന്ന ആളോട് ചോദിക്കുന്നു. 'അല്ല ചേട്ടാ. അടുത്തകാലംവരെ ഈ തൃതീയയെക്കുറിച്ച് അങ്ങനങ്ങ് അറിയാന്‍ വയ്യായിരുന്നല്ലോ. പെട്ടെന്നാണല്ലോ ഒരു ഓളം'.

ഞെരുങ്ങലിനിടയില്‍ അയാള്‍: വിശ്വാസത്തിനെ കൂട്ടുപിടിച്ച് മാര്‍ക്കറ്റിങ് നടത്തിയാല്‍ എവിടെയും ഉണ്ടാകും ഈ ഓളം. അതുംപറഞ്ഞ് അയാള്‍ എന്തോ പിറുപിറുത്തു. കഷ്ടം എന്നോ മറ്റോ - ഒരു നിമിഷം. രമേശന്റെ തലയില്‍ ഒരു മിന്നല്‍. 'യുറേേേക്കാ' എന്നൊരു വിളി.

കട്ട്.

സീന്‍ 4

ഒരു വീട് - പകല്‍

വീട്ടിലെ ഗൃഹനാഥപത്രം നോക്കുന്നു. ഒരു കൊച്ചു പരസ്യം. അടുത്ത വെള്ളിയാഴ്ച 'ഉടയാട ചതുഷ്ട്യ'ദിനം. 'ഉടയാട ചതുഷ്ട്യ' ദിനത്തില്‍ സാരിയും ചുരിദാറും വാങ്ങൂ. ഒരു വര്‍ഷം മുഴുവനും ക്ഷേമൈശ്വര്യങ്ങള്‍ അനുഭവിക്കൂ. ഉടയാടചതുഷ്ട്യദിനത്തില്‍ രമേശന്‍ ടെക്സ്റ്റയില്‍സില്‍ പ്രത്യേക കൌണ്ടറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നു. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

പത്രം വായിച്ച സ്ത്രീ ഭര്‍ത്താവിനോട്: ഈശ്വരാ ഉടയാടചതുഷ്ട്യദിനം ഇങ്ങെത്തിയല്ലോ.

ഭര്‍ത്താവ്: ഉടയാട ചതുഷ്ട്യദിനമോ?

ഭാര്യ: ഉവ്വ്. വസ്ത്രം വാങ്ങാന്‍ വിശിഷ്ടമായ ദിവസമാ. ദേ, പരസ്യങ്ങള്‍ വന്നുതുടങ്ങി.

ഭര്‍ത്താവ്: ഹ! ഉടയാട ചതുഷ്ട്യദിനമെന്നുവച്ചാല്‍...

ഭാര്യ: ദേ... ആവശ്യമില്ലാതെ ഓരോന്നു സംശയിക്കരുതേ. വടകരയില്‍ ഒരാള് ഉടയാടദിനത്തിനെ കളിയാക്കി. അതുവഴി ഇഴഞ്ഞുപോയ ഒരു പാമ്പ് അതുകേട്ട് കയറിവന്ന് കൊത്തീട്ടുപോയി.

ഭര്‍ത്താവ്: എന്നാല്‍ ഇന്നുതന്നെ പോയി ബുക്ക് ചെയ്യാം.

കട്ട്.

സീന്‍ 5

രമേശന്റെ കട - പകല്‍

കയറിവരുന്ന ജനസഞ്ചയത്തെക്കണ്ട് അമ്പരപ്പോടെ ഇട്ടൂപ്പ്: സാറേ ഓടിക്കോ. കടം കൊടുത്ത കാശ് തിരികെ വാങ്ങാനായി കട ആക്രമിക്കാന്‍ ആള്‍ക്കാര് വരുന്നു. ആള്‍ക്കാര്‍ ഇളകിവരികയാണ്.

രമേശന്‍ ഒരു മന്ദഹാസം.

കടയിലേക്ക് ഇരച്ചുകയറുന്ന ജനങ്ങള്‍.

കട്ട്.

സീന്‍ 6

രമേശന്റെ കട - രാത്രി

സ്റ്റോക്ക് മൊത്തം സോള്‍ഡ് ഔട്ട് ആയിക്കഴിഞ്ഞിരിക്കുന്നു. കാശിന്റെ കൂമ്പാരം.

ഇട്ടൂപ്പ്: സാറെ... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇതെന്താണ് സാറെ...

രമേശന്‍: താന്‍ തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി. ഞാന്‍ ബിസിനസ്സ് വ്യാപിപ്പിക്കുകയാണ്. നിരവധി ബിസിനസ്സുകള്‍ ഒരുമിച്ചുതുടങ്ങുന്നു.

കട്ട്.

സീന്‍ 7

പത്രപരസ്യങ്ങളുടെയും നോട്ടീസുകളുടെയും ദൃശ്യം. ജനബാഹുല്യം പ്രമാണിച്ച് അഷ്ടദ്രവ്യദിനത്തില്‍ രമേശന്റെ പലവ്യഞ്ജനക്കട രാത്രിയും പകലും തുറന്നുപ്രവര്‍ത്തിക്കുന്നു.

"അടുത്ത മധുമക്ഷികാദിനത്തില്‍ മദ്യത്തിന്റെ രുചി നുണഞ്ഞ് മനസ്സ് സമ്പുഷ്ടമാക്കാന്‍ ഇന്നേ ബുക്ക് ചെയ്യാം.''

"സംഗീതക്ഷിദിനത്തില്‍ വിസിഡി പ്ളേയര്‍ വാങ്ങാനുള്ളവരുടെ തിരക്കുനിമിത്തം ഇനി ഓര്‍ഡര്‍ എടുക്കുന്നില്ല.''

ചിരിക്കുന്ന രമേശന്റെ ക്ളോസപ്പ്. ആ ചിരിയില്‍ ഓവര്‍ലാപ് ചെയ്യുന്ന ഇട്ടൂപ്പിന്റെ ചോദ്യം.

"വിശ്വാസം രക്ഷിക്കുമെന്നുപറയുന്നത് നേരാ അല്ലേ സാറേ.''

കട്ട്.

-കൃഷ്ണപൂജപ്പുര

17 comments:

വര്‍ക്കേഴ്സ് ഫോറം said...

സീന്‍ 1

രമേശന്റെ തുണിക്കട - പകല്‍

കടയില്‍ ഈച്ചയടിച്ചിരിക്കുന്ന രമേശന്‍. അസിസ്റ്റന്റ് ഇട്ടൂപ്പ്.

രമേശന്‍: ഈശ്വരാ. ജീവിതത്തില്‍ ഒന്നുരക്ഷപ്പെടാമെന്നുവച്ചാണ് കട തുടങ്ങിയത്. ക്വാളിറ്റി സാധനങ്ങള്‍തന്നെ എടുത്തുവച്ചു. പക്ഷെ ആരും ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ലല്ലോടാ ഇട്ടൂപ്പേ.

ഇട്ടൂപ്പ്: എന്റെ രമേശന്‍ സാറെ. "ഓരോന്നിനും അതിന്റെ ഒരു സമയമുണ്ട് ദാസാ'' എന്ന് നാടോടിക്കാറ്റ് സിനിമേല് വിജയന്‍ ദാസനോട് പറഞ്ഞിട്ടുണ്ട്. സാറിനും വരും ഒരു സമയം.

രമേശന്‍: പക്ഷെ ആ ദിവസം വരുമ്പോള്‍ കടയും സാധനങ്ങളും ബാങ്കുകാര് കൊണ്ടുപോവും.

ദയനീയമായിരിക്കുന്ന രമേശന്‍. മുതലാളിയുടെ ദുഃഖത്തില്‍ പങ്കുചേരാനെന്നമട്ടില്‍ ദുഃഖം അഭിനയിക്കുന്ന ഇട്ടൂപ്പ്.

കട്ട്.

കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന..

Anonymous said...

ജീവിക്കാന്‍ സമ്മയ്ക്കൂല ആല്ലേ? :)

chithrakaran ചിത്രകാരന്‍ said...

മനോഹരമായിരിക്കുന്നു.
അക്ഷയതൃതീയ എന്ന മാര്‍ക്കെറ്റിണ്‍ഗ് തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലാണെന്ന സത്യം കൂടി അറിയിക്കട്ടെ.

Umesh::ഉമേഷ് said...

വളരെ നന്നായി. എങ്ങുമില്ലാത്ത വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യനെ വഞ്ചിക്കുന്ന കള്ളന്മാര്‍ക്കു ശരിക്കും ഒരു അടി.

ഒരു ബ്ലോഗുക്ലിക്കുഷഷ്ഠി ദിവസം ആഘോഷിച്ചാലോ? ബ്ലോഗില്‍ കുറേ പരസ്യങ്ങളുമിട്ടു്? :)

Mr. K# said...

കലക്കി

ബാബുരാജ് ഭഗവതി said...

നല്ല അവതരണം.
ഇത്തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിലൂടെ അന്തവിശ്വാസത്തിന്റെതായ ഒരു അന്തരീക്ഷം രൂ‍പപ്പെടുകയാണ്.

കൊച്ചുത്രേസ്യ said...

ഇതു കലക്കി. നന്നായി പറഞ്ഞിരിക്കുന്നു.

തമനു said...

ഹഹഹഹ ...

കലക്കി :)

അഭിലാഷങ്ങള്‍ said...

ഹ ഹ.. കൊള്ളം... നല്ല അവതരണം!

അല്ല ഞാനാലോചിക്കുകയാ, കേരളത്തില്‍ റേഷന്‍ കടകളുടെ ശോചനീയവസ്ഥ മാറ്റാന്‍‌, റേഷന്‍ കടകളെ പുനര്‍ജീവിപ്പിക്കാന്‍ ഗവണ്‍‌മന്റിന് വല്ല ‘റേഷനാഷ്‌ട്യ ദ്വിതീയ’ യുടെ പരസ്യം കൊടുത്തൂടെ?

:-)

Anonymous said...

വളരെ പ്രസക്തം

കുറ്റ്യാടിക്കാരന്‍|Suhair said...

That was a good one!

മലബാറി said...

ഏറ്റവും എളുപ്പം വില്‍ക്കാന്‍ പറ്റുന്ന്നത് വിശ്വാസമാണല്ലോ.പിന്നെന്ത് അത്ഭുതം....
ഇനി സ്വര്‍ണം മാത്രമല്ല ഇനി പച്ചക്കറിക്കു വരെ വരും ദിനങ്ങല്‍

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട പൊന്മുട്ടയിടുന്ന തട്ടാന്‍,
ചിത്രകാരന്‍
ഉമേഷ്
കുതിരവട്ടന്‍
ബാബുരാജ് ഭഗവതി
കൊച്ചുത്രേസ്യ
തമനു
അഭിലാഷങ്ങള്‍
കുറ്റ്യാടിക്കാരന്‍
മലബാറി

എല്ലാവര്‍ക്കും നന്ദി
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

yousufpa said...

ഇനി തിന്നാനൊരു ദിവസം,തൂറാനൊരു ദിവസം എന്നിങ്ങനെ വരേണ്ട താമസേള്ളൂ..!

വര്‍ക്കേഴ്സ് ഫോറം,
കാലീക പ്രസക്തിയുള്ള ഒന്ന്...
വളരെ നന്നായിരിക്കുന്നു.
അഭിനനന്ദനങ്ങള്‍

താരാപഥം said...

ഇതൊന്നും നീ കാണുന്നില്ലേ, ഭഗവാനെ.

കുറുമാന്‍ said...

മൂര്‍ത്തി തന്ന ലിങ്കിലൂടെയാ ഇവിടെ എത്തിയത്.

സംഭവം അസ്സലായിരിക്കുന്നു.

എന്തിനും ഏതിനും ഓരോ ദിനമുണ്ടാക്കി അതിനെ പൊലിപ്പിച്ച് സ്വന്തം സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. കഥയറിയാതെ ആട്ടം കാണുന്നവരാണേറെയും (എന്റെ ഭാര്യ്യേം വാങ്ങി ഇന്നൊരു സ്വര്‍ണ്ണ നാണയം‌).

ഭാര്യ: ദേ... ആവശ്യമില്ലാതെ ഓരോന്നു സംശയിക്കരുതേ. വടകരയില്‍ ഒരാള് ഉടയാടദിനത്തിനെ കളിയാക്കി - അന്ന് ആ നിമിഷം മുണ്ടഴിഞ്ഞ് പോയതാ...പിന്നെ ഇതുവരേയായി മുണ്ടുടുത്തില്ലത്രെ അയാള്‍ (പാന്റായിരുന്നത്രെ ശേഷം)

അപ്പു ആദ്യാക്ഷരി said...

മൂര്‍ത്തിമാഷ് തന്ന ലിങ്കിലൂടെയാണു എത്തിയത്. അതീവ രസകരമായി വിശ്വാസത്തെ മാര്‍ക്കറ്റ് ചെയ്യുന്ന രീതിയെ അവതരിപ്പിച്ചു.. നന്ദി!