Sunday, May 25, 2008

വായ്പാക്കുഴപ്പം ആലീസിന്റെ അത്ഭുതലോകം

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ലോകത്താകെയുള്ള ബാങ്കുകളെ കുഴപ്പത്തിലാക്കുമ്പോള്‍ അത് തങ്ങളെ ഒട്ടും ബാധിക്കില്ല എന്ന് ഇക്കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രസ്താവിച്ചു. അതിന് തൊട്ടു തലേന്നാണ് ഏക്സിസ് (AXIS) ബാങ്കിന്റെ (നമ്മുടെ പഴയ യു ടി ഐ ബാങ്കിന്റെ പുതിയ ചെല്ലപ്പേരാണത്) അമേരിക്കയിലെ സബ് പ്രൈം ഇടപാടില്‍ ചന്തിക്ക് ചില്ലറ പൊള്ളലേറ്റ കാര്യം പച്ചക്ക് പറഞ്ഞുകൊണ്ട് അതിനായി ബാലന്‍സ്‌ഷീറ്റില്‍ കാശ് വകയിരുത്തിക്കാണിച്ചത്. സിറ്റി ബാങ്കിന്റെ കഴിഞ്ഞ കാല്‍ക്കൊല്ലത്തെ മാത്രം നഷ്ടം 10 ബില്യണ്‍ ഡോളറാണത്രെ. എന്നുവെച്ചാല്‍ ആയിരം കോടി ഡോളര്‍. ഡ്യൂഷ് ബാങ്ക് (Deutsche Bank ), യു ബി എസ്, എച്ച് എസ് ബി സി ...എന്തിന് ലോകത്താകെയുള്ള വന്‍കിട ബാങ്കുകളാകെ പ്രതിസന്ധിയിലാണ്. ഇതൊക്കെ കേട്ടും കണ്ടും നിന്നവരാകെ ഒന്നും തിരിയാതെ നട്ടം തിരിയുകയാണ്. സബ്പ്രൈം എന്ന വാക്ക് തന്നെ പ്രൈം അല്ലാത്തത് എന്ന അര്‍ത്ഥം നല്‍കുന്നുണ്ടല്ലോ. അപ്പോള്‍ സബ് പ്രൈം വായ്പ എന്നാല്‍ തിരിച്ചുകിട്ടാന്‍ അത്ര എളുപ്പമല്ലാത്ത വായ്പ എന്നര്‍ഥം. തിരിച്ചുകിട്ടാന്‍ എളുപ്പമല്ലെങ്കില്‍ പിന്നെന്തിന് വായ്പ കൊടുത്തു എന്ന് ബുദ്ധിയുള്ള ഏതൊരാളും ചോദിച്ചുപോകും.

ലാഭമുണ്ടാക്കാതെ, കൂടുതല്‍ കൂടുതല്‍ ലാഭമായി അത് വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവാതെ വരുമ്പോള്‍, എന്തു വളഞ്ഞ വഴിയിലും മുതലാളിത്തം കാശുണ്ടാക്കാനുള്ള പെടാപ്പാ‍ട് പെടും. അത്തരമൊരു പെടാപ്പാടിന്റെ ബാക്കിപത്രമാണ് സബ്പ്രൈം വായ്പാക്കുഴപ്പം.
വര്‍ഷങ്ങള്‍ കുറച്ചായി അമേരിക്കന്‍ സര്‍ക്കാര്‍ നാട്ടുകാരോട് അമേരിക്കക്കുവേണ്ടി 'വാങ്ങിക്കൂട്ടൂ' എന്ന് നിര്‍ദേശിക്കാന്‍ തുടങ്ങിയിട്ട് . ആരാന്റെ മണ്ണില്‍ അന്യന്റെ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകരിച്ചങ്ങനെ കൊല്ലുമ്പോള്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ ലാഭം പെറ്റുപെരുകുമെങ്കിലും നാട്ടില്‍ പതിനായിരങ്ങളുടെ ഗതി അധോഗതി തന്നെ എന്ന് അനുഭവം കൊണ്ടറിയുകയായിരുന്നു അമേരിക്കന്‍ പൌരന്മാര്‍.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം നിര്‍മിത വസ്തുക്കളുടെ കമ്പോളത്തെ നന്നായി ഞെരുക്കിക്കളഞ്ഞിരുന്നു. പതിനായിരങ്ങളെ പിരിച്ചുവിട്ട് ലാഭം വര്‍ധിപ്പിക്കുന്ന മുതലാളിമാര്‍ നഷ്ടപ്പെടുത്തിയത് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ തന്നെയായിരുന്നു. ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കുറഞ്ഞുകുറഞ്ഞുവരുമ്പോള്‍ ഫാക്ടറികളില്‍ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുകയാവും ഫലം എന്ന് വിദഗ്ദ്ധര്‍ തിരിച്ചറിയുകയായിരുന്നു. അങ്ങനെ വരുമ്പോള്‍ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നത് മുതലാളിമാരുടെ തന്നെ ആവശ്യമായി മാറിയിരുന്നു. ജനറല്‍ മോട്ടോഴ്സിന് നല്ലതെന്തോ അത് അമേരിക്കക്കും നല്ലത് എന്നാണല്ലോ പഴയൊരു അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞുപഠിപ്പിച്ചത്. മുതലാളിമാരുടെ രക്ഷക്കായി ‘അമേരിക്കക്കുവേണ്ടി വാങ്ങുക’ എന്നൊരു മുദ്രാവാക്യം തന്നെ ഉയര്‍ത്തപ്പെട്ടു.

കൈയില്‍ കാശില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ വാങ്ങിക്കൊള്ളൂ എന്നായിരുന്നു ഉപദേശം. അങ്ങനെയാണ് ഗാര്‍ഹിക കടം പെറ്റുപെരുകിയത്. ശരാശരി അമേരിക്കക്കാരന്‍ പി എം താജിന്റെ കഥാപാത്രമായ രാവുണ്ണിയുടെ ശിഷ്യന്മാരായി മാറിയത് അങ്ങനെയാണ്. എന്നിട്ടും പോണില്ല ചോണനുറുമ്പ് എന്ന മട്ടില്‍ കാര്യങ്ങള്‍ അതുകൊണ്ടും നേരെയാവാഞ്ഞപ്പോഴാണ് ഭവനവായ്പാമേഖല അനന്തസാധ്യതകള്‍ തുറന്നുകൊടുത്തത്. സ്റ്റീലിനും സിമന്റിനും ഗാര്‍ഹികോപകരണങ്ങള്‍ക്കുമൊക്കെ 'അനക്കം' കിട്ടി എന്നുമാത്രമല്ല, ലാഭം കൊയ്യാനുള്ള ഒട്ടേറെ സാധ്യതകള്‍ അത് തുറന്നുകൊടുക്കുകയും ചെയ്തു.

തിരിച്ചടവ് സാധ്യതയുള്ളവര്‍ക്കൊക്കെ വായ്പ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നോട്ടം തിരിച്ചടവ് അത്രയൊന്നും ഇല്ലാത്തവരെയാകുമല്ലോ. തിരിച്ചടവ് സാധ്യത കുറഞ്ഞവര്‍ക്കും വായ്പ. അങ്ങനെ കൊടുത്ത വായ്പ തങ്ങളുടെ തടിക്ക് പിടിക്കാതിരിക്കാനായി, അതിന് മാത്രമായി ചില പുതിയ ധനോല്പന്നങ്ങള്‍ (New Financial Products) വികസിപ്പിച്ചെടുക്കാം എന്നായതോടെ ലക്കും ലഗാനുമില്ലാതെ യഥേഷ്ടം വായ്പ കൊടുക്കാമെന്നായി.

പണയവസ്തുവിന്റെ ഈടിന്മേല്‍ കൊടുത്ത വായ്പയുടെ അപകടസാധ്യത (റിസ്ക്) മറ്റുള്ളവരുടെ ചുമലില്‍ ചാരാനാവുന്നവിധം കാര്യങ്ങള്‍ മാറിത്തീര്‍ന്നു. മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റീസ്- പണയപ്പിന്തുണയുള്ള കടപ്പത്രങ്ങള്‍- എന്നൊരു സവിശേഷ ഉല്‍പന്നം തന്നെ രൂപപ്പെട്ടു. ഇത്തരം പുതിയ സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടാനായി ലോകത്തെങ്ങുമുള്ള ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അഹമഹമികയാ കുതിച്ചെത്തുകയും ചെയ്തു. അവര്‍ക്കും നോട്ടം കൈനനയാതെ മീന്‍ പിടിക്കുക തന്നെയായിരുന്നല്ലോ. ഇത്തരം പണയപ്പിന്തുണക്കടപ്പത്രങ്ങള്‍ വില്‍ക്കുന്നവര്‍ കേമന്മാരാണല്ലോ, പേരുകേട്ട ഘടാഘടിയന്‍ ഭീമന്‍ കുത്തകസ്ഥാപനങ്ങള്‍!

തിരിച്ചുകിട്ടാന്‍ ഇത്തിരി വിഷമമുള്ളവയായതുകൊണ്ട് വായ്പയുടെ അപകടസാധ്യത കൂടുമല്ലോ. പണ്ട് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനോട് ഓഹരിച്ചന്തയിലേക്ക് കാശൊക്കെ ഒഴുകിയെത്തുകയല്ലേ എന്നൊരു സംശയം ഉന്നയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഓര്‍മയില്ലേ? ജനങ്ങള്‍ക്കിഷ്ടം ഇത്തിരി റിസ്കുള്ള നിക്ഷേപങ്ങളാണെന്ന്. നേരാണ്, പല വിദേശ ബാങ്കുകളെ സംബന്ധിച്ചും റിസ്കുണ്ടെങ്കിലും ലാഭമുണ്ടല്ലോ എന്ന് തന്നെയായിരുന്നു നോട്ടം.

അങ്ങനെയങ്ങനെ കടകൃഷി പെരുകിപ്പെരുകി വരുമ്പോഴാണ് ചില്ലറ തിരിച്ചടവ് പ്രശ്നങ്ങള്‍. തിരിച്ചടവ് തെറ്റിയപ്പോള്‍ ബാങ്കുകള്‍ പണയപ്പണ്ടം തൂക്കി വില്‍ക്കുന്നതുപോലെ, വീടുകള്‍ ലേലത്തില്‍വച്ചു. ലേലത്തില്‍വെച്ച വീടുകളുടെ എണ്ണം പെരുകിയതോടെ, കെട്ടിടവില താനെ താണു. വില താഴ്ന്ന കെട്ടിടങ്ങളാണ് ഈടായുള്ളത് എന്നതുകൊണ്ടുതന്നെ കമ്പോളത്തില്‍ പരിഭ്രാന്തി പടര്‍ന്നു. പിന്നെ ചീട്ടുകൊട്ടാരം നിലംപൊത്താന്‍ ഏറെ നേരം വേണ്ടിവന്നില്ല.

ഇംഗ്ളണ്ടിലെ നോര്‍ത്തേണ്‍ റോക്ക് ബാങ്കും ഫ്രാന്‍സിലെ സൊസൈറ്റി ജനറലുമൊക്കെ തകര്‍ന്നുവീണതിന് പിറകെ ബിയര്‍ സ്റ്റേണ്‍സ് എന്ന അമേരിക്കന്‍ ഭീമന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്കൂടി ചരിഞ്ഞതോടെ, കൊമ്പന്റെ വമ്പാകെ പോയി. ഇനി പടിയാനുള്ളത് ആരെല്ലാം എന്നായി നോട്ടം. തികഞ്ഞ അവ്യവസ്ഥിതത്വവും അരാജകത്വവുമാണ് ലോകസാമ്പത്തിക രംഗത്താകെ. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റ്സും അതിന്റെ ബാസില്‍ നോംസും ന്യൂ ഇന്റര്‍നാഷനല്‍ ഫൈനാന്‍ഷ്യല്‍ ആര്‍ക്കിടെക്‍ചറുംപോലുള്ള നാനാവിധ അന്താരാഷ്ട്ര സംവിധാനങ്ങളാകെ അപ്രസക്തമാക്കിക്കൊണ്ട് മുപ്പതുകളിലെ മുതലാളിത്തക്കുഴപ്പത്തിന് സമാനമായ രീതിയിലുള്ള വന്‍തകര്‍ച്ചയാണ് ഇന്ന് മുതലാളിത്തലോകം നേരിട്ടു കൊണ്ടിരിക്കുന്നത്.

മുതലാളിത്തത്തിന്റെ സഹജമായ ചാക്രികക്കുഴപ്പങ്ങളാണിതെന്നും ഇറക്കം കഴിഞ്ഞ് കയറ്റത്തിലേക്ക് സ്വാഭാവികമായി നടന്നുകയറിക്കൊള്ളും എന്നൊക്കെയുള്ള ആശ്വാസവചനങ്ങള്‍ ഏറെയുണ്ടെങ്കിലും സംഗതി അത്ര ലളിതമല്ല എന്നാണ് കാര്യങ്ങള്‍ കാണിക്കുന്നത്.

കാര്യബോധമുള്ള മുതലാളിത്ത വക്താക്കളില്‍ ചിലര്‍ തന്നെ സ്ഥിതി അപകടകരമാണെന്ന് ചുണ്ടിക്കാട്ടിയതാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റിന്റെ തലവനായിരുന്ന അലക്സാണ്ടര്‍ ലാം ഫാലുസി പണ്ടേ, ഏതാണ്ട് പത്തുവര്‍ഷം മുമ്പേ ചോദിച്ച ഒരു ചോദ്യമുണ്ട്: ബാങ്കുകളുടെ ബാലന്‍‌സ്‌ഷീറ്റില്‍ പ്രകടമാകാത്ത പുതിയ ധനോല്‍പന്നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുക്കേണ്ടതല്ലേ എന്ന് ! ലോകത്താകെയുള്ള മൂലധനത്തിന്റെ ഘടനയിലുണ്ടായ ഒരു മാറ്റം ഉല്‍പാദനമേഖലയില്‍നിന്ന് സേവനമേഖലയിലേക്ക് വിശേഷിച്ചും ധനമേഖലയിലേക്കുള്ള കുതിച്ചുചാട്ടമാണ്. ബള്‍ബുണ്ടാക്കുന്നതിലും ലാഭം പണമിടപാട് വഴിയാണെന്ന് കാണുമ്പോള്‍ ജനറല്‍ ഇലക്ട്രിക്‍സിന് ജി ഇ മണി എന്ന പുതിയ ഒരവയവം പൊട്ടിമുളയ്ക്കുന്നത് ഒരുദാഹരണം. ഇന്ന് അമേരിക്കയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായി ഈ കമ്പനി വളര്‍ന്നു പന്തലിക്കുകയും ചെയ്തു.

അങ്ങനെ ധനമേഖലയിലേക്ക് കുതിച്ചെത്തിയ മൂലധനത്തിനിണങ്ങിയ തരത്തിലുള്ള പുതിയ ധനോല്‍പന്നങ്ങളും രൂപപ്പെട്ടുവന്നു. അവയാകട്ടെ വളര്‍ന്നു വളര്‍ന്നങ്ങനെ ഭീമാകാരരൂപത്തിലെത്തിയപ്പോഴാണ് അലക്സാണ്ടര്‍ ലാം ഫാലുസിയെപ്പോലൊരാള്‍ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ഈ ധനോല്‍പന്നങ്ങളുടെ അപകടം കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ചിലിയന്‍ സാമ്പത്തികവിദഗ്ദ്ധ ഓസ്കാര്‍ ഇഗാര്‍ടെഷ് നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള നടത്തമാണെന്ന് ആറേഴുവര്‍ഷം മുമ്പ് വിലപിച്ചത്. യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ലാതെ, അതിന്റെ പ്രതിഫലനം വളര്‍ന്നുവളര്‍ന്നങ്ങനെ പെരുകുന്നതിലെ വേവലാതിയാണ് അവര്‍ പ്രകടിപ്പിച്ചത്.

ഈ വേവലാതിയുടെ യഥാര്‍ഥ പൊരുള്‍ അറിയണമെങ്കില്‍ പുതിയ ധനോല്‍പന്നങ്ങളെ കുറേക്കൂടി അടുത്തറിയണം. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈ പുതിയ ജനുസ്സ് പ്രൊഡക്ടുകള്‍ ധനമേഖലയില്‍ തല കാണിച്ചു തുടങ്ങിയത്. ചുരുങ്ങിയ പലിശക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച് അതിലും കൂടുതല്‍ പലിശക്ക് വായ്പയായി കൊടുത്ത് മിച്ചം വരുന്നത് കീശയിലിട്ട് പിഴച്ചുപോന്നിരുന്ന ധനമേഖലയുടെ മട്ടും മാതിരിയും മാറിയപ്പോഴാണ് ഈ പുതിയ പ്രൊഡക്ടുകള്‍ രൂപപ്പെട്ടുവന്നത്.

നാണയമെന്നത് ചരക്കുകൈമാറ്റത്തിനുള്ള മാധ്യമമെന്ന നില കൈവിട്ട് ചരക്കായി മാറിയ സാഹചര്യത്തില്‍ നന്നായി ലാഭം കൊയ്യാനുള്ള സാധ്യതകളാണ് തുറന്നുകിട്ടിയത്. 24 മണിക്കൂറും നാണയക്കച്ചവടം നടക്കത്തക്കവിധം ലോകത്തെ വിവിധ ടൈം സോണുകളിലായി അനേകം നാണയച്ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. കറന്‍സികള്‍ തമ്മിലുള്ള വിനിമയ നിരക്കിലെ കയറ്റിറക്കങ്ങള്‍ ഉപയോഗിച്ചുള്ള ഊഹക്കച്ചവടത്തിന് വഴിതുറന്നതോടെ മൂലധനംഅങ്ങോട്ട് കുത്തിയൊഴുകി. ഓരോ നിമിഷാര്‍ദ്ധത്തിലും ഉണ്ടാകാവുന്ന കയറ്റിറക്കങ്ങളില്‍ ഇടപെട്ട് ഈ നിമിഷം വാങ്ങിയ കറന്‍സി അടുത്ത നിമിഷം വിറ്റും വീണ്ടും വാങ്ങിയത് മറ്റൊരു കറന്‍സിയിലേക്ക് മാറ്റിയും ഊഹക്കച്ചവടം യഥേഷ്ടം നടത്തി കോടികള്‍ കീശയിലാക്കാന്‍ കഴിഞ്ഞതോടെ, അതിന് കണക്കായി പുതിയ ധനോല്പന്നങ്ങള്‍ വികസിച്ചുവന്നു.

വ്യതിയാന സാധ്യതയുള്ള ഏത് സൂചികയുടെ കാര്യത്തിലും (നാണയച്ചന്തയാകട്ടെ, ഓഹരിച്ചന്തയാകട്ടെ, റിയല്‍ എസ്റ്റേറ്റ് മേഖലയാകട്ടെ, ചരക്കുവ്യാപാരമാകട്ടെ) പതിയിരിക്കുന്ന ഒരപകട സാധ്യതയുണ്ടല്ലോ, അതില്‍നിന്ന് മറികടക്കാന്‍ നിക്ഷേപകന് /കയറ്റുമതിക്കാരന് / ഇറക്കുമതിക്കാരന് / നാണയ- ചരക്കു കച്ചവടക്കാരന് ഉണ്ടാകാവുന്ന താല്പര്യത്തെ മുതലാക്കിക്കൊണ്ടാണ് ഈ പുതിയ ഉല്‍പന്നങ്ങള്‍ വികസിച്ചുവന്നത്. ഒരു കയറ്റുമതിക്കാരനെ സംബന്ധിച്ചിടത്തോളം കയറ്റിയയച്ച ചരക്ക് വേറൊരു രാജ്യത്തെ തുറമുഖത്തെത്തി അതിന്റെ കാശ് കൈയിലെത്തുമ്പോഴേക്കും വിദേശവിനിമയ നിരക്കിലുണ്ടാകാവുന്ന കയറ്റിറങ്ങള്‍ അയാള്‍ക്ക് എതിരായി ബാധിക്കാം. ഈ റിസ്കിനെ മറികടക്കാന്‍ എന്താണൊരു വഴി? തന്റെ കൈയിലുള്ള ഡോളര്‍ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് മൂന്നാമതൊരാള്‍ കരാറാക്കുന്നുവെങ്കില്‍ അതൊരുതരും ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. ഇങ്ങനെ അവധിവ്യാപാരത്തിന്റെ പട്ടികയിലേക്ക് നാണയങ്ങള്‍, ഓഹരികള്‍, ചരക്കുകള്‍, റിയല്‍ എസ്റ്റേറ്റുകള്‍ തുടങ്ങി മൂല്യവ്യതിയാനത്തിനിടവരുത്തുന്ന എന്തും കടന്നുവരാമെന്നായി. അതിന് കണക്കായി പുതിയ പുതിയ ധനോല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനായി തൊണ്ണുറുകളുടെ തുടക്കത്തില്‍ റോക്കറ്റ് സയന്റിസ്റ്റുകള്‍ (rocket scientists) എന്ന് വിളിക്കപ്പെടുന്ന ഗണിതശാസ്ത്ര വിശാരദര്‍ നിയോഗിക്കപ്പെട്ടിരുന്നു. സിറ്റി ബാങ്ക് പോലുള്ള വന്‍കിട കുത്തകബാങ്കുകള്‍ ഈ ഡെറിവേറ്റീവ് ഇടപാടുകളുടെ കൈകാര്യ കര്‍ത്താക്കളുമായി. 'ഡെറിവേറ്റീവുകള്‍' എന്ന പേര് തന്നെ വരുന്നത് മറ്റെന്തോ ഒന്നില്‍നിന്ന് ഡിറൈവ് ചെയ്തുവരുന്നതാണ് എന്ന നിലയ്ക്കാണ്. ഏതെങ്കിലും ഒരാസ്തിയുടെ (ഷെയറാവാം വിദേശനാണ്യമാവാം റിയല്‍ എസ്റ്റേറ്റാവാം ചരക്കാവാം) അടിസ്ഥാനത്തില്‍ അതില്‍നിന്ന് രൂപപ്പെട്ടുവരുന്ന ഒന്ന് എന്നര്‍ഥം. ഈ മേഖലകളിലൊക്കെ ഉണ്ടാകാവുന്ന വ്യതിയാനങ്ങളില്‍ നിന്നുള്ള പരിരക്ഷക്കുള്ള ഉപകരണങ്ങള്‍ എന്ന നിലയ്ക്കാണ് ഇവ പ്രചരിപ്പിക്കപ്പെട്ടത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ഇത്തരം വാതുവെപ്പുകളില്‍ ഒട്ടനവധി ബാങ്കുകള്‍ നഷ്ടം വരുത്തിവെച്ചിരുന്നു. അമേരിക്കയില്‍ ഓറഞ്ച് കൌണ്ടി എന്ന ഒരു പ്രാദേശികഭരണ സംവിധാനത്തിന്റെ കാശാകെ ഡെറിവേറ്റീവ് ഇടപാടുകളില്‍ ഉരുകിയൊലിച്ചുപോയ കഥ അന്നേ നാട്ടില്‍ പാട്ടായിരുന്നു.

നോബല്‍ സമ്മാന ജേതാക്കളായ രണ്ടു കേമന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ സ്ഥാപിച്ച ലോങ്ങ് ടേം ക്യാപിറ്റല്‍ മാനേജ്‌മെന്റ് പൊട്ടിപ്പൊളിഞ്ഞ് നിക്ഷേപകര്‍ക്കാകെ നാശം വിതച്ചതും സര്‍ക്കാര്‍ നേരിട്ടിറങ്ങി കാശുകൊടുത്തു രക്ഷിച്ചതും (ഏതാണ്ട് 362 കോടി ഡോളറാണ് ഫെഡറല്‍ റിസര്‍വ് ഇതിനായി നികുതിപ്പണം മാറ്റിവെച്ചത്. ഇത്തരം ഹെഡ്‌ജ് കമ്പനികളെ നിയന്ത്രിച്ചുകൂടെ എന്ന് ചോദിച്ചപ്പോള്‍ അന്നത്തെ ഫെഡറല്‍ റിസര്‍വ് തലവന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പറഞ്ഞത് എല്‍ സി ടി എമ്മിനെപ്പോലൊരു കമ്പനിയെ നിയന്ത്രിക്കാന്‍ നിന്നാല്‍ അവര്‍ കെട്ടുംകെട്ടി കടലുംതാണ്ടി ഓഫ്‌ഷോര്‍ നിക്ഷേപകേന്ദ്രങ്ങളിലേക്ക് പിന്‍വലിച്ചുപോയേക്കുമെന്നാണ്! നോക്കണേ ഒരു ഗതികേട്. കുടത്തിലെ ഭൂതത്തിനെ തുറന്നുവിടുന്നവനെത്തന്നെ അത് വെട്ടിവിഴുങ്ങിക്കളയുന്നൊരു രീതി!

യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുടെ അനേകശതം മടങ്ങാണ് ഈ അയഥാര്‍ഥ മേഖലയിലെ കൊള്ളക്കൊടുക്കകള്‍. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റിന്റെ കണക്കനുസരിച്ച് ഡെറിവേറ്റീവ് ഇടപാടുകളില്‍ ബാങ്കുകള്‍ കൈകാര്യം ചെയ്ത തുക 2000ല്‍ 100 ട്രില്യണ്‍ ഡോളറായിരുന്നത് (ട്രില്യണ്‍ എന്നാല്‍ ലക്ഷം കോടി. നൂറു ട്രില്യണ്‍ എന്നാല്‍ കോടിക്കോടി) 2007 ആയപ്പോഴേക്ക് 516 ട്രില്യണായി വളര്‍ന്നു. റോക്കറ്റ് സയന്റിസ്റ്റുകളും അവരെ വിലയ്ക്കെടുത്ത കുത്തകബാങ്കുകളും ഇതങ്ങനെ പെരുപ്പിച്ച് പെരുപ്പിച്ച് കൊണ്ടുപോവുകയും ഏത് നിമിഷവും തകര്‍ന്നടിയാവുന്ന അവസ്ഥയിലേക്കെത്തിക്കുകയും ചെയ്യും എന്ന ഭയമായിരുന്നു ഓസ്കാര്‍ ഇഗാര്‍ടെഷ് നേരത്തെ പങ്കുവെച്ചത്. ലോകത്താകെയുള്ള വിദേശനാണ്യക്കരുതല്‍ ശേഖരത്തിന്റെ അനേകശതം മടങ്ങാണ് വിദേശനാണ്യക്കച്ചവടം ഒരു ദിവസം കൊണ്ട് നടക്കുന്നത്; ഇതെങ്ങാനും പൊട്ടിപ്പൊളിഞ്ഞാല്‍ ഏത് പാഴ്‌മുറംകൊണ്ട് തടുക്കും എന്നാണവര്‍ ചോദിച്ചത്. എന്നാല്‍ ഇന്ന് ഇടപാടുകള്‍ പിന്നെയും അനേകമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. മുട്ടത്തോടിന്മേലൂടെയുള്ള നടത്തം അപകടക്കുഴികളിലേക്ക് തന്നെയാണ് നയിക്കുക എന്ന് വാറണ്‍ ബഫെയെപ്പോലുള്ള വമ്പന്‍ നിക്ഷേപകത്തമ്പ്രാക്കള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഡെറിവേറ്റീവുകള്‍ കൂട്ടക്കൊലക്കുള്ള ആയുധങ്ങളാണ് (weapons of mass destruction) എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഒന്നുകൂടി കൃത്യമാക്കുന്നുണ്ട് എസ് ഗുരുമൂര്‍ത്തി. കൂട്ടക്കൊലക്കുള്ള ആയുധമെന്നല്ല, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് (ICBM) അവ എന്ന ആ തിരുത്തല്‍ എത്ര ശരിയാണെന്നറിയാന്‍ സബ്പ്രൈം വായ്പാക്കുഴപ്പം ലോകത്തെല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ബാങ്കുകളെ എങ്ങനെ ബാധിച്ചു എന്ന് നോക്കിയാല്‍ മതി.

*

-ശ്രീ എ കെ രമേശ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ലോകത്താകെയുള്ള ബാങ്കുകളെ കുഴപ്പത്തിലാക്കുമ്പോള്‍ അത് തങ്ങളെ ഒട്ടും ബാധിക്കില്ല എന്ന് ഇക്കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രസ്താവിച്ചു. അതിന് തൊട്ടു തലേന്നാണ് ഏക്സിസ് (AXIS) ബാങ്കിന്റെ (നമ്മുടെ പഴയ യു ടി ഐ ബാങ്കിന്റെ പുതിയ ചെല്ലപ്പേരാണത്) അമേരിക്കയിലെ സബ് പ്രൈം ഇടപാടില്‍ ചന്തിക്ക് ചില്ലറ പൊള്ളലേറ്റ കാര്യം പച്ചക്ക് പറഞ്ഞുകൊണ്ട് അതിനായി ബാലന്‍സ്‌ഷീറ്റില്‍ കാശ് വകയിരുത്തിക്കാണിച്ചത്. സിറ്റി ബാങ്കിന്റെ കഴിഞ്ഞ കാല്‍ക്കൊല്ലത്തെ മാത്രം നഷ്ടം 10 ബില്യണ്‍ ഡോളറാണത്രെ. എന്നുവെച്ചാല്‍ ആയിരം കോടി ഡോളര്‍. ഡ്യൂഷ് ബാങ്ക് (Deutsche Bank ), യു ബി എസ്, എച്ച് എസ് ബി സി ...എന്തിന് ലോകത്താകെയുള്ള വന്‍കിട ബാങ്കുകളാകെ പ്രതിസന്ധിയിലാണ്. ഇതൊക്കെ കേട്ടും കണ്ടും നിന്നവരാകെ ഒന്നും തിരിയാതെ നട്ടം തിരിയുകയാണ്. സബ്പ്രൈം എന്ന വാക്ക് തന്നെ പ്രൈം അല്ലാത്തത് എന്ന അര്‍ത്ഥം നല്‍കുന്നുണ്ടല്ലോ. അപ്പോള്‍ സബ് പ്രൈം വായ്പ എന്നാല്‍ തിരിച്ചുകിട്ടാന്‍ അത്ര എളുപ്പമല്ലാത്ത വായ്പ എന്നര്‍ഥം. തിരിച്ചുകിട്ടാന്‍ എളുപ്പമല്ലെങ്കില്‍ പിന്നെന്തിന് വായ്പ കൊടുത്തു എന്ന് ബുദ്ധിയുള്ള ഏതൊരാളും ചോദിച്ചുപോകും.

വായ്പാക്കുഴപ്പമെന്ന ആലീ‍സിന്റെ ഈ അത്ഭുത ലോകത്തെക്കുറിച്ച് ശ്രീ എ കെ രമേശ് എഴുതിയലേഖനം പോസ്റ്റ് ചെയ്യുന്നു. ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ആണ് ലേഖകന്‍.

ആവനാഴി said...

കരുത്തുറ്റ ലേഖനം. ലോകം ഇന്നു ഒരു സാമ്പത്തികാരക്ഷിതാവസ്ഥയിലേക്കു മുതലക്കൂപ്പു കുത്തുകയാണല്ലോ. യത്ഥാര്‍ഥ വളര്‍ച്ച ഉല്‍പ്പാദനത്തിലൂടേ മാത്രമേ സംസിദ്ധമാകൂ. രാജ്യങ്ങള്‍ തങ്ങളുടെ കാര്‍ഷിക വ്യാവസായിക ഉല്പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. കഴുത്തറപ്പന്‍ മുതലാളിത്ത വ്യവസ്ഥിതി ഗുണം ചെയ്യില്ല. മനുഷ്യന്റെ പരിരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥിതിക്കേ നിലനില്‍പ്പുള്ളു.