Saturday, May 17, 2008

കൂടിയാട്ടം-ആസ്വാദനക്കളരി

എറണാകുളത്തെ ബാങ്കുജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ ബാങ്ക് എംപ്ലോയീസ് ആര്‍ട്ട്സ് മൂവ്‌മെന്റ് എറണാകുളം (ബീം) പ്രവര്‍ത്തനമാരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുന്നു. 1983 ല്‍ പ്രവര്‍ത്തനമാരംഭിച്ച്, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒരു മാസം പോലും മുടങ്ങാതെ പ്രതിമാസ കലാപരിപാടികള്‍ അവതരിപ്പിച്ചു വരികയാണ് ബീം. ഇത്രയും ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന കലാ സാംസ്ക്കാരിക സംഘടനകള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്നവ മാത്രമേ ഉണ്ടാവുകയുള്ളൂ.പ്രതിമാസ കലാപരിപാടികള്‍ കൂടാതെ മറ്റു സാംസ്ക്കാരിക സാമൂഹ്യപ്രവര്‍ത്തനങ്ങളും ബീമിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

2008 ജനുവരി മുതല്‍ ഡിസംബര്‍ വരെ ബീമിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നടക്കുകയാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വളരെ പുതുമയേറിയതും വ്യത്യസ്തമായതുമായ ഒരു പരിപാടി ആയിരുന്നു കൂടിയാട്ടം ആസ്വാദനക്കളരി.

രാവിലെ 10.00 മണി ആരഭിച്ച ലെക്‍ചര്‍ കം ഡിമോണ്‍‌സ്ട്രേഷന്‍ ക്ലാസ് വൈകിട്ട് 6.00 മണി വരെ തുടര്‍ന്നു. അതിനുശേഷം സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിന്റെ രംഗാവതരണവും ഉണ്ടായിരുന്നു. സുപ്രസിദ്ധ കൂടിയാട്ടം കലാകാരന്‍ മാര്‍ഗി മധുവും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഇന്ദു ഇടപ്പള്ളിയും നേതൃത്വം നല്‍കിയ ക്ലാസില്‍ അവരോടൊപ്പം മൂഴിക്കുളം ‘നേപഥ്യ’ എന്ന കൂടിയാട്ട സ്ഥാപനത്തിലെ കലാകാരന്മാരും പങ്കെടുത്തു.

കൂടിയാട്ടം- മാനവരാശിയുടെ മഹത്തായ പൈതൃകം

മാനവരാശിയുടെ മഹത്തായ കലാപാരമ്പര്യമാണ് കൂടിയാട്ടമെന്ന് യൂനെസ്കോ പ്രഖ്യാപിച്ചത് 2001ലാണ്. ലോകത്തില്‍ വിരലിലെണ്ണാവുന്ന കലാരൂപങ്ങള്‍ക്ക് മാത്രമാണ് യൂനെസ്കോ ഇത്തരം ബഹുമതി നല്‍കി ആദരിച്ചിട്ടുള്ളത്. 2000 ത്തോളം വര്‍ഷം പഴക്കമുള്ള ഈ മഹത്തായ കലാരൂപം സംരക്ഷിച്ചു നിലനിറുത്തേണ്ടത് മാനവരാശിയുടെ മുഴുവന്‍ കടമയാണെന്ന് യൂനെസ്കോ പറയുന്നു. അത്യപൂര്‍വ്വമായ ബഹുമതി നേടി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന നമ്മുടെ മുറ്റത്തെ ഈ കലാരൂപത്തെ അറിയാനും ആസ്വദിക്കാനും മലയാളികളായ നമുക്ക് വലിയ താല്‍പ്പര്യമൊന്നുമില്ല എന്നത് നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ഥ്യം മാത്രമാണ്. അങ്ങേയറ്റം സാങ്കേതികത്വം നിറഞ്ഞതും സംസ്കൃത ഭാഷാപ്രധാനവുമായ കൂടിയാട്ടം ആസ്വദിക്കുന്നതിന് അതിന്റെ ശാസ്ത്രത്തെക്കുറിച്ച് കുറച്ചൊരവബോധം വേണമെന്നതിന് സംശയമില്ല. ഈ കലാരൂപത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കാന്‍ സഹായിക്കുന്ന ഒരു വാതായനം തുറന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബീം ഈ ആസ്വാദനക്കളരിക്ക് വേദിയൊരുക്കിയത്.

രണ്ടായിരത്തിലേറെ വര്‍ഷത്തെ പഴക്കമുള്ള സംസ്കൃത നാടകാഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് കൂടിയാട്ടം. ഇന്നു നാം കാണുന്ന രൂപത്തിലുള്ള കൂടിയാട്ടത്തിന് ഏതാണ്ട് ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള കൂത്തമ്പലങ്ങളില്‍ അനുഷ്ഠാന കല എന്ന രൂപത്തിലാണ് അത് നില നിന്നത്. കൂത്തമ്പലം വിട്ട് പുറത്ത് വന്ന് കൂടിയാട്ടം ലോകവേദിയുടെ ഭാഗമായിട്ട് കേവലം 60 വര്‍ഷമേ ആയിട്ടുള്ളൂ. 1949 ല്‍ പൈങ്കുളം രാമചാക്യാരാണ് ക്ഷേത്രത്തിനു വെളിയില്‍ ആദ്യമായി കൂടിയാട്ടം അവതരിപ്പിച്ച് വിപ്ലവം സൃഷ്ടിച്ചത്.

അഭിനയത്തിന്റെ അവസാനവാക്കാണ് കൂടിയാട്ടം എന്ന് നിസ്സംശയം പറയാം. മനുഷ്യശരീരത്തിന്റെ സര്‍വ്വാംഗങ്ങളെയുംശ്വാസത്തെയും ഇത്ര സമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന ഒരു അഭിനയ സങ്കേതം ലോകത്തെങ്ങുമില്ല. കൂടിയാട്ടത്തിന്റെ ഈ അനന്യതയാണ് വിദേശികളായ കലാമര്‍മ്മജ്ഞരെപ്പോലും അത്ഭുതസ്തബ്‌ധരാക്കിയത്.

ക്രിസ്റ്റഫര്‍ ബിര്‍സ്‌ക്കി എന്ന കലാപണ്ഡിതന്‍ ( അദ്ദേഹം ഇന്ത്യയിലെ പോളിഷ് അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്) 1970 കളില്‍ കൂടിയാട്ടത്തിന്റെ മഹത്വം ലോകത്തോടു വിളിച്ചു പറയുമ്പോഴാണ് ഇങ്ങനെയൊരു കലാരൂപത്തെക്കുറിച്ച് ലോകം അറിയുന്നത്. പിന്നീട് നിരവധി വിദേശ വേദികളില്‍ അരങ്ങേറി വിദേശികളെ വിസ്‌മയിപ്പിച്ച കൂടിയാട്ടം 2002-ല്‍ യൂനെസ്കോയുടെ പൈതൃക പുരസ്ക്കാരം നേടുക കൂടി ചെയ്തപ്പോള്‍ ലോകത്തെമ്പാടും ഇന്ന് കൂടിയാട്ടത്തിന് ആരാധകരുണ്ട് എന്ന അവസ്ഥയിലാണ്. നമ്മുടെ നാടിന്റെ മറ്റൊരഭിമാനമായ കഥകളിക്ക് തുല്യമോ അതിലധികമോ പ്രശസ്തി ഇന്ന് വിദേശങ്ങളില്‍ കൂടിയാട്ടം നേടിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. 300 വര്‍ഷത്തില്‍ താഴെ മാത്രം ചരിത്രമുള്ള കഥകളി , കൂടിയാട്ടത്തിന്റെ സ്വാഭാവികമായ പരിണാമമാണ്. കഥലളിയുടെ ബീജമാണ് കൂടിയാട്ടമെങ്കില്‍ കൂടിയാട്ടത്തിന്റെ സര്‍ഗാത്മകമായ പരിണാമ പൂര്‍ണ്ണതയാണ് ലാവണ്യത്തിന്റെ നിറകുടമായ കഥകളി.

രാവണന്റെ കൈലാസോദ്ധാരണം

കൂടിയാട്ടം ആസ്വാദന ക്ലാസിന്റെ രാവിലത്തെ സെഷനില്‍ ഈ കലയുടെ ഉത്ഭവവും ചരിത്രവുമെല്ലാം വിശദീകരിച്ചതിനു ശേഷം മാര്‍ഗി മധു കൂടിയാട്ടത്തിലെ പ്രസിദ്ധമായ കൈലാസോദ്ധാരണം എന്ന ഭാഗം പൂര്‍ണ്ണമായും അഭിനയിച്ച് അവതരിപ്പിച്ചത് ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് വേറിട്ട ഒരനുഭവമായി മാറുകയായിരുന്നു. ‘തോരണയുദ്ധം’ കൂടിയാട്ടത്തില്‍ വൈശ്രവണനെ തോല്‍പ്പിച്ച് പുഷ്‌പക വിമാനത്തില്‍ ലങ്കയിലേക്ക് മടങ്ങുന്ന രാവണന്‍ മാര്‍ഗമദ്ധ്യേ തനിക്ക് തടസ്സമാകുന്ന കൈലാസത്തെ കുത്തിയിളക്കി അമ്മാനമാടുന്നു. തദവസരത്തില്‍ ശിവനും പാര്‍വതിയും തമ്മില്‍ ഒരു പ്രണയ കലഹം നടക്കുകയായിരുന്നെന്നും, കൈലാസം ഇളകിയപ്പോള്‍ അവരുടെ കലഹം തീര്‍ന്നതില്‍ സന്തുഷ്‌ടനായ ശിവന്‍ ചന്ദ്രഹാസം നല്‍കിയെന്നുമുള്ള ഭാഗങ്ങള്‍ രണ്ടു മണിക്കൂറോളം സമയമെടുത്ത് ആംഗികാഭിനയത്തിലൂടെ മാത്രം അവതരിപ്പിച്ചത് ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൈക്കിലൂടെ വിവരണം നല്‍കിയിരുന്നതു കൊണ്ട് രംഗത്തു പ്രവര്‍ത്തിക്കുന്നത് മനസിലാക്കാന്‍ തെല്ലും ബുദ്ധിമുട്ടുണ്ടായില്ല. ഒരേ ആട്ടക്കാരന്‍ തന്നെ ശിവനായും പാര്‍വതിയായും രാവണനായും ഒക്കെ മറി മാറി അഭിനയിക്കുന്ന ‘പകര്‍ന്നാട്ടം’എന്ന അഭിനയ രീതി അടുത്തറിയാനും മനസ്സിലാക്കാനും കലാപ്രേമികള്‍ക്ക് അവസരം ലഭിച്ചു.

അവതരണത്തിനു ശേഷം കാണികളുടെ ക്രിയാത്മകമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മാര്‍ഗി മധു വിശദീകരണം നല്‍കി.

ഉച്ചക്കുശേഷം ആട്ടങ്ങളുടെ ഡമോണ്‍സ്‌ട്രേഷന്‍ അവതരിപ്പിച്ചത് ഇന്ദു ഇടപ്പള്ളിയായിരുന്നു. കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രധാനപ്പെട്ട ചില അഭിനയ ഭാഗങ്ങള്‍ ഇന്ദു തന്മയത്വത്തോടെ അവതരിപ്പിച്ചു. ഉദാഹരണത്തിന് നായകന്റെ ദേഹകാന്തി വര്‍ണ്ണിക്കുന്ന ‘പഞ്ചാംഗ’ വര്‍ണ്ണനയും നായികയെ തോഴിമാര്‍ അണിയിച്ചൊരുക്കുന്നതുമൊക്കെ ഇന്ദു അഭിനയിച്ചു ഫലിപ്പിച്ചു.

സംഗീതം, ചാരികള്‍, താളങ്ങള്‍

പിന്നീട് കൂടിയാട്ടത്തിലെ വാചികത്തെക്കുറിച്ചും അതിനുപയോഗിക്കുന്ന 24 രാഗങ്ങളെക്കുറിച്ചുമെല്ലാം മാര്‍ഗി മധു വിശദീകരിച്ചു. തര്‍ക്കന്‍, അന്തരി, ദു:ഖഗാന്ധാരി തുടങ്ങിയ പേരുകളിലുള്ള രാഗങ്ങള്‍ക്കോ അത് പാടുന്ന രീതികള്‍ക്കോ ശാസ്ത്രീയ സംഗീതവുമായി യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും മുദ്രകള്‍ക്കും യോജിച്ച രീതിയിലുള്ള ചുവടുകളെ ചാരികള്‍ എന്നാണ് പറയുന്നത്. മാര്‍ഗി മധു വ്യത്യസ്തമായ ചാരികള്‍ രംഗത്തവതരിപ്പിച്ചു കാണിച്ചു.

ശാസ്ത്രീയ സംഗീതത്തിലെ താളപദ്ധതിയില്‍പ്പെട്ട ഏകതാളം, ത്രിപുട താളം തുടങ്ങിയ താളങ്ങള്‍ തന്നെയാണ് കൂടിയാട്ടത്തിലും ഉപയോഗിക്കുന്നത്. രണ്ട് മിഴാവുകളില്‍ ഒന്നില്‍ താളം ഇടുമ്പോള്‍ മറ്റേതില്‍ എണ്ണങ്ങള്‍ കൊട്ടുന്നു. ചെമ്പുകൊണ്ടുള്ള കുടത്തിന്റെ വായ് തോലുകൊണ്ട് മൂടിക്കെട്ടിയതാണ് മിഴാവ്. പണ്ടു കാലത്ത് മണ്‍‌കുടമായിരുന്നത്രേ ഉപയോഗിച്ചിരുന്നത്. മിഴാവില്‍ അത്ഭുതപ്രപഞ്ചം സൃഷ്ടിക്കുന്നതെങ്ങനെയെന്നും അവതരിപ്പിച്ചു കാണിക്കുകയുണ്ടായി.

കൂടിയാട്ടത്തിലെ സ്ത്രീ സാന്നിദ്ധ്യം

സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകള്‍ തന്നെയാണ് കൂടിയാട്ടത്തില്‍ അവതരിപ്പിക്കുന്നത്. കേവലം അരനൂറ്റാണ്ട് മുമ്പ് സിനിമയില്‍ അഭിനയിക്കാന്‍ പോലും സ്തീകളെ കിട്ടതിരുന്നതുകൊണ്ട് പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി അഭിനയിച്ചിരുന്ന ഒരു രാജ്യത്ത് സഹസ്രാബ്‌ദങ്ങള്‍ക്ക് മുമ്പു തന്നെ സ്ത്രീകള്‍ രംഗവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് കൂടിയാട്ടത്തിന്റെ മഹത്വം തന്നെയാണ്.

സുഭദ്രാധനഞ്ജയം അവതരണം

ക്ലാസിനു ശേഷം വൈകിട്ട് 6 മണി മുതല്‍ സുഭദ്രാധനഞ്ജയംകൂടിയാട്ടം ചമയങ്ങളോടു കൂടി അവതരിപ്പിച്ചു. വിദൂഷകനായി മാര്‍ഗി മധുവും സുഭദ്രയായി ഇന്ദു ഇടപ്പള്ളിയും അര്‍ജുനനായി നേപഥ്യ സനീഷും രംഗത്തു വന്നു. സംസ്കൃത ശ്ലോകങ്ങള്‍ വിദൂഷകന്‍ മലയാളത്തില്‍ വിവരിച്ച് സരസമായി അവതരിപ്പിച്ചതുകൊണ്ട് സുഭദ്രാധനഞ്ജയം ഏവര്‍ക്കും സുഗ്രഹമായി അനുഭവപ്പെട്ടു. കൂടാതെ മുദ്രാഭിനയ സമയത്ത് മൈക്കിലൂടെ വിവരണവും നല്‍കിക്കൊണ്ടിരുന്നതു കൊണ്ട് കൂടിയാട്ടം അതിന്റെ സമസ്ത സൌന്ദര്യത്തോടും ഗ്രഹിക്കാന്‍ ആദ്യമായി ആസ്വദിക്കുന്നവര്‍ക്ക് കഴിഞ്ഞു.

50 പേരോളം പങ്കെടുത്ത കൂടിയാട്ടം ആസ്വാദനക്കളരിയും രംഗാവതരണവും തങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അവാച്യമായ അനുഭവമാണെന് കളരിയില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു. തൃപ്പൂ‍ണിത്തുറയിലെ ഇന്റര്‍നാഷണല്‍ കൂടിയാട്ടം സെന്ററിന്റെ സഹകരണത്തോടു കൂടിയാണ് അത്യപൂര്‍വമായ ഈ പരിപാടി സാധ്യമാക്കിയത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക് സെന്റര്‍ എല്ലാ സഹായവും നല്‍കി വരുന്നുണ്ട്.

അധികവായനയ്ക്ക്

Kootiyattam: The Oldest Living Theatre Tradition

Kootiyattam - Sanskrit Theatre of Kerala

7 comments:

വര്‍ക്കേഴ്സ് ഫോറം said...

മാനവരാശിയുടെ മഹത്തായ കലാപാരമ്പര്യമാണ് കൂടിയാട്ടമെന്ന് യൂനെസ്കോ പ്രഖ്യാപിച്ചത് 2001ലാണ്. ലോകത്തില്‍ വിരലിലെണ്ണാവുന്ന കലാരൂപങ്ങള്‍ക്ക് മാത്രമാണ് യൂനെസ്കോ ഇത്തരം ബഹുമതി നല്‍കി ആദരിച്ചിട്ടുള്ളത്. 2000 ത്തോളം വര്‍ഷം പഴക്കമുള്ള ഈ മഹത്തായ കലാരൂപം സംരക്ഷിച്ചു നിലനിറുത്തേണ്ടത് മാനവരാശിയുടെ മുഴുവന്‍ കടമയാണെന്ന് യൂനെസ്കോ പറയുന്നു. അത്യപൂര്‍വ്വമായ ബഹുമതി നേടി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന നമ്മുടെ മുറ്റത്തെ ഈ കലാരൂപത്തെ അറിയാനും ആസ്വദിക്കാനും മലയാളികളായ നമുക്ക് വലിയ താല്‍പ്പര്യമൊന്നുമില്ല എന്നത് നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ഥ്യം മാത്രമാണ്.

എറണാകുളത്തെ ബാങ്കുജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ ബാങ്ക് എംപ്ലോയീസ് ആര്‍ട്ട്സ് മൂവ്‌മെന്റ് എറണാകുളം (ബീം) പ്രവര്‍ത്തനമാരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുന്നു.2008 ജനുവരി മുതല്‍ ഡിസംബര്‍ വരെ ബീമിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നടക്കുകയാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വളരെ പുതുമയേറിയതും വ്യത്യസ്തമായതുമായ ഒരു പരിപാടി ആയിരുന്നു കൂടിയാട്ടം ആസ്വാദനക്കളരി.

ആസ്വാദക്കളരിയെക്കുറിച്ച് ഒരു കുറിപ്പ്;ചിത്രങ്ങളോടെ.

Dinkan-ഡിങ്കന്‍ said...

വിവരണങ്ങള്‍+ചിത്രങ്ങള്‍=അഭിനന്ദനങ്ങള്‍ :)

എതിരന്‍ കതിരവന്‍ said...

വര്‍ക്കേഴ്സ് ഫോറത്തില്‍ ഇങ്ങനെയൊരു പോസ്റ്റ് കണ്ടതില്‍ വളരെ സന്തോഷം.

സംസ്കൃതപാരമ്പര്യം പിന്തുടരുന്ന പെര്‍ഫോമിങ് ആര്‍ട് ആണെങ്കിലും തികച്ചും കേരളീയമാണ് കൂടിയാട്ടം എന്നത് പ്രധാനകാര്യം. അഭിനയത്തെ സൂക്ഷ്മാംശങ്ങളായി പുറത്തെടുക്കുന്ന രീതി ലോകത്ത് ഒരു തിയേറ്ററിലും ഇല്ല. അതുകൊണ്ടു തന്നെ കണ്ടിരിക്കാന്‍ എളുപ്പമല്ല. അത്ര പതുക്കെയാണ് കഥ പറച്ചില്‍. (കൂടിയാട്ടം കളിയ്ക്കാന്‍ ഏര്‍പ്പെടുത്തിയ രാജാവ് ആറുമാസത്തിനു ശേഷം രാമായണം എവിടം വരെയായി, ശ്രീരാമന്‍ സീതയെ വിവാഹം ചെയ്തൊ എന്ന് കൂടിയാട്ടക്കാരനോട് ചോദിച്ചപ്പോള്‍ ശ്രീരാമന്‍ ജനിച്ചിട്ടു പോലുമില്ല എന്നായിരുന്നത്രെ മറുപടി).
“ദു:ഖഘണ്ടാരം” എന്നല്ലെ രാഗത്തിന്റെ പേര്? ‘ദു:ഖഗാന്ധാരം’ എന്നല്ലല്ലൊ?

വര്‍ക്കേഴ്സ് ഫോറം said...

ഡിങ്കന്‍‌ജി, എതിരന്‍‌ജി
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
കൂടിയാട്ടത്തില്‍ രാഗത്തിന്റെ പേര് ‘ദു:ഖഗാന്ധാരം’ എന്ന് തന്നെയാണെന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. കഥകളിയില്‍ താങ്കള്‍ സൂചിപ്പിച്ച പോലെ “ദു:ഖഘണ്ടാരം” എന്നും. താങ്കളും ഒന്ന് കൂടി ഉറപ്പുവരുത്തുമല്ലോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട്.

കലാമണ്ഠലം ശിവന്‍ നമ്പൂതിരിയുടെ കൂടിയാട്ടം ഒരിക്കല്‍ കണ്ടിട്ടുണ്ട്, രാവണവേഷം...

അചിന്ത്യ said...

നല്ല ലേഖനം
വരാന്‍ പറ്റാഞ്ഞതില്‍ വെഷമണ്ട്.

സദിരാ,
രാഗത്തിന്റെ പേര് ദുഖഗാന്ധാരം തന്നെ:

കോരക്കുറുഞ്ഞി പൗരാളി
പൊറനീരും തഥൈവ ച
ദു:ഖഗാന്ധാരവും ചേടീ-
പഞ്ചമം ഭിന്നപഞ്ചമം എന്ന് രാഗസംജ്ഞകളെ വിവരിക്കുമ്പോ
"ദു:ഖഗാന്ധാരസ്തു
ശോകേ ച കരുണേ മത:" എന്ന് വിനിയോഗം. കരുണരസത്തിലും അതിന്റെ സ്ഥായിയായ ശോകഭാവം പ്രകാശിപ്പിക്കേണ്ടയിടങ്ങളിലും ഈ രാഗം ഉപയോഗിക്കുന്നു.

പ്രിയവര്‍ക്കേര്‍സ് ഫോറം , കൂടിയാട്ടത്തില്‍ സ്ത്രീകഥാപാത്രങ്ങളെ മുഴുവനും സ്ത്രീകള്‍ തന്നെ അവതരിപ്പിക്കിണില്ല്യാട്ട്വോ. ശൂര്‍പ്പണഖാങ്കത്തിലെ നിണമണിഞ്ഞ ശൂര്‍പ്പണഖ ചാക്യാരടെ കുത്തക്യാ.

ഇങ്ങട്ട് വഴികാട്ടിത്തന്ന ഡിങ്കനു നന്ദി.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ അചിന്ത്യ,
താങ്കള്‍ പറഞ്ഞത് ശരിയാണ്. ശൂര്‍പ്പണഖാങ്കത്തിലെ നിണമണിഞ്ഞ ശൂര്‍പ്പണഖയെ പുരുഷന്‍ (ചാക്യാര്‍) തന്നെയാണ് അവതരിപ്പിക്കുന്നത്. അങ്ങേയറ്റം കായിക അഭ്യാസം ആ‍വശ്യമുള്ള ഈ വേഷം സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ വളരെയേറെ ആയാസപ്പെടേണ്ടി വരില്ലേ? മൂക്കും മുലകളും ഛേദിക്കപ്പെട്ടതിനാല്‍ രക്തപങ്കിലിതമായാണ് ശൂര്‍പ്പണഖയുടെ രംഗപ്രവേശം. ചോരയില്‍ കുളിച്ചു വരുന്ന പ്രതീതി ഉണ്ടാക്കാന്‍ ദേഹമാസകലം ചുവന്ന കുരുതിയില്‍ മുക്കിയ തുണിയില്‍ പൊതിഞ്ഞ് അത്യന്തം ഭീകരരൂപിണിയായി സദസ്യരുടെ ഇടയില്‍ നിന്നും മരണവെപ്രാളത്തോടെ രംഗത്തേക്കു വരുന്ന ശൂര്‍പ്പണഖയെ ഒരു സ്ത്രീ തന്നെ അവതരിക്കുന്നത് കായികമായി അത്യന്തം ദുഷ്‌ക്കരമായിരിക്കുമെന്നത് ഊഹിക്കാമല്ലോ? അതുകൊണ്ടായിരിക്കാം ഈ വേഷം ചാക്യാര്‍ തന്നെ കൈകാര്യം ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടായത്. അതല്ലാതെ പുരുഷന്‍ ഇത് മനപൂര്‍‌വം കുത്തകയാക്കി എടുത്തതല്ല എന്നു തോന്നുന്നു. :)

തന്നെയുമല്ല ശ്രീരാമന്റെ അടുത്ത് വിവാഹാഭ്യര്‍ത്ഥനയുമായി എത്തുന്ന സുന്ദരിയായ ശൂര്‍പ്പണഖയുടെ വേഷം സ്ത്രീ തന്നെയാണല്ലോ രംഗത്തവതരിപ്പിക്കുന്നത് ? അപ്പോള്‍ നിണത്തോടു കൂടിയ ശൂര്‍പ്പണഖയെ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അതു ചാക്യാര്‍ തന്നെ കൈകാര്യം ചെയ്യുന്നതാകാനേ വഴി കാണുന്നുള്ളൂ.

വായനക്കും അഭിപ്രായത്തിനും നന്ദി