Tuesday, May 20, 2008

വാ‍സ്തുവിദ്യ

പശ്ചാത്തലം

പ്രകാശനും ഭാര്യ സൌമ്യയും. കടം വാങ്ങിയും ലോണെടുത്തും മിച്ചം പിടിച്ചുമൊക്കെ നഗരത്തില്‍ അഞ്ചുസെന്റ് ഭൂമി വാങ്ങി. നഗരസഭയില്‍ വീടിന്റെ പ്ളാന്‍ സമര്‍പ്പിച്ചു. പ്ളാന്‍ അംഗീകരിക്കാന്‍ കുറേക്കാലം കയറിയിറങ്ങേണ്ടി വരുമെന്നാണ് കരുതിയത്. പക്ഷെ ഏക ജാലകമൊക്കെ വന്ന് കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടന്നു. പ്ളാന്‍ പെട്ടെന്ന് അംഗീകരിച്ചു. കുറ്റിയടിച്ചു. പ്രകാശന്റെയും സൌമ്യയുടെയും കൊച്ചു സ്വപ്നമന്ദിരം ഉയര്‍ന്നു. പാലുകാച്ചല്‍ ചടങ്ങ് സമാഗതമായി. ആഹ്ളാദവും സന്തോഷവും തിരതല്ലുന്ന പാലുകാച്ച് സമയത്താണ് അതു തുടങ്ങുന്നത്.

രംഗം 1

പാലുകാച്ച് അറ്റന്റു ചെയ്യാന്‍ വന്ന പ്രകാശന്റെ ബന്ധു പീതാംബരനും ഭാര്യ പത്മയും. അവര്‍ വീടൊക്കെ കണ്ടു. കാണുന്നതിനിടയില്‍ സൌമ്യയോട് ചോദിക്കുന്നു.

"അല്ല..സംഗതി ശരിയായില്ലല്ലോ..''

സൌമ്യ: എന്താ പത്മേച്ചി.

പത്മ: ഈ ജനാല...ഇത് ഇവിടെ വരാന്‍ പാടില്ല..

പ്രകാശന്‍: അതെന്താ?

പീതാം: വാസ്തുപ്രകാരം ഈ ജനാല ഇവിടെ വന്നു കൂട പ്രകാശാ...

പ്രകാശ: എന്തു പ്രകാരം...

പത്മ: വാസ്തു...വാസ്തുവൊന്നും നോക്കാതാണോ വീടു പണിഞ്ഞേ.

സൌമ്യ: അല്ല ചേച്ചി. ആശാരി വന്ന് സ്ഥാനമൊക്കെ നിര്‍ണയിച്ചു. പൂജയൊക്കെ നടത്തി. അതൊക്കെ കഴിഞ്ഞാ തുടങ്ങിയേ. അതുമല്ല ജനാല ഇവിടെയായാലേ കാറ്റും വെളിച്ചവും കിട്ടൂ.

പീതാം: കൊള്ളാം. ദേ സൌമ്യേ...പ്രകാശാ...ജനാല എത്രയും പെട്ടെന്ന് പൊളിച്ച് ദാ ഈ ഭാഗത്തേയ്ക്കാക്കണം. എട്ട് കിഴക്ക് ദര്‍ശനമല്ലെ. അപ്പൊ ഈ ഭാഗം അടഞ്ഞിരിക്കണം. അതുപോലെ ദാ അടച്ചുകെട്ടിയിരിക്കുന്ന ആ ഭാഗത്ത് ഉടന്‍ ഓപ്പണിംഗ് ഇടണം.

പ്രകാശ: അല്ല...അത്...

പത്മ: എത്രേം പെട്ടെന്ന് ഇതങ്ങ് ചെയ്തില്ലെങ്കില്‍ മനസ്സമാധാനത്തോടെ വീട്ടില്‍ താമസിക്കാന്‍ പറ്റത്തില്ല. ഹും! എന്നാലും വാസ്തു വിശദമായിട്ടു നോക്കാതെ നിങ്ങളിങ്ങനെ ബുദ്ധിമോശം കാണിച്ചല്ലോ.

രംഗം 2

പാലുകാച്ചു കഴിഞ്ഞ രാത്രി. ഏറ്റവും സന്തോഷത്തോടെ ചെലവഴിക്കേണ്ട രാത്രി. പക്ഷെ പത്മയും പ്രകാശനും അസ്വസ്ഥരാണ്.

"പ്രകാശേട്ടാ...''

"എന്താ സൌമ്യേ...''

"അല്ല. അവര്‍ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? അന്വേഷിച്ചപ്പോഴാ അറിഞ്ഞെ. ഇപ്പൊ വസ്തുവല്ല പ്രകാശേട്ടാ വാസ്തുവാത്രെ വീട് നിര്‍മ്മാണത്തിനാവശ്യം. ആ ജനല്‍ നമുക്ക് പൊളിച്ച് അവിടം മറക്കാം. എന്നിട്ട് അടച്ചിടം തുറക്കാം. ''

"ഹ! സൌമ്യേ. നമ്മള്‍ അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ നടത്തി. അതൊക്കെ നമ്മുടെ മനസ്സിന്റെ സന്തോഷത്തിന്. പക്ഷെ തലച്ചോറിനെ പണയം വെച്ചു കൊണ്ടുള്ള കളി വേണ്ട.''

പെട്ടെന്ന് പുറത്ത് 'ഠേ' എന്നൊരു ശബ്ദം. ഞെട്ടുന്ന പത്മ. പ്രകാശന്‍. പുറത്തുവന്നു നോക്കുമ്പോള്‍ മുറ്റത്തു കിടന്ന ഒരു തകരഷീറ്റില്‍ ഉണങ്ങിയ തേങ്ങ പതിച്ചു കിടക്കുന്നു. തേങ്ങ വെട്ടാതെ നിന്നാല്‍ ഉണങ്ങുമെന്നും തകരത്തില്‍ പതിച്ചാല്‍ ശബ്ദം കേള്‍ക്കുമെന്നുമൊക്കെയുള്ള സാമാന്യതത്വം തലയില്‍ കയറ്റാതെ സൌമ്യ ഞെട്ടി വിറച്ചു പറഞ്ഞു.

"ദേ...ഏട്ടാ...ഉണക്കതേങ്ങ. ദുശ്ശകുനം..ഈശ്വരാ...വേണ്ട...ഏട്ടാ...വാസ്തുവിനോട് മത്സരിക്കണ്ട. നമുക്ക് ജനല്‍ പൊളിക്കാം''

രംഗം 3

ജനല്‍ പൊളിച്ചുമാറ്റി അവിടം അടച്ചുകെട്ടി. അടച്ചുകെട്ടിയ ഭാഗം പൊളിച്ച് അവിടെ ജനല്‍ വച്ചു. അമ്പതിനായിരം രൂപ പോയിക്കിട്ടി. പൊളിക്കുന്നതിനും അടയ്ക്കുന്നതിനുമിടയില്‍ വീടിന് ചില പൊട്ടലുകളും വന്നു.

"എന്നാലെന്താ പ്രകാശേട്ടാ. ഒരു മനസ്സമാധാനം കിട്ടിയല്ലോ. അതല്ലേ പ്രധാനം''

അതിനുത്തരമായി പ്രകാശന്‍ തലകുലുക്കുമ്പോള്‍ അതാ വരുന്നു ശിവപാലന്‍. പാലുകാച്ച് ദിവസം വരാന്‍ പറ്റീരുന്നില്ല എന്ന ക്ഷമാപണത്തോടെയാണ് കടന്നുവന്നത്. വീടു കണ്ടു.

"അല്ല. ഇവിടെ ഒരു ജനല്‍ വരേണ്ട സ്പേസാണല്ലോ. ഉടന്‍ പൊളിക്കണം. വാസ്തുപ്രകാരം ഇവിടെ ജനല്‍ വേണം. ഇല്ലെങ്കില്‍ ദോഷമാ.''

"ചേട്ടാ വാസ്തുപ്രകാരം ജനാലയുള്ളത് ദോഷമാന്നു പറഞ്ഞ് ഇവിടുത്തെ ജനാല എടുത്തു മാറ്റിയാ ചുവര് കെട്ടി അടച്ചെ''

"അതിന്ത്യന്‍ വാസ്തു. ഇന്ത്യന്‍ വാസ്തുവും ചൈനീസ് വാസ്തുവും മാറി. ഇപ്പോള്‍ ജാപ്പനീസ് വാസ്തുവാ ഇഫക്ടില്. കഴിഞ്ഞമാസം മൂന്നാം തീയതി മുതല്‍ ജാപ്പനീസ് വാസ്തുവിന് മേല്‍കൈ കിട്ടി. ആ വസ്തുപ്രകാരം ദേ ഇവിടെ വെളിച്ചം വേണം.

അതുപോലെ ദാ ഈ വസ്തു വടക്കുപടിഞ്ഞാറായി ചരിഞ്ഞു കിടക്കുകാ. അതു ദോഷമാ. ചരിവ് തെക്കുവടക്കാക്കണം. അതിന് മണ്ണ് ഫില്ലു ചെയ്യണം. ആ പോര്‍ട്ടിക്കോ ഇടിച്ചുമാറ്റണം. എന്നിട്ട് ആ വശത്ത് പോര്‍ട്ടിക്കോ വയ്ക്കണം. കാര്‍ഷെഡ് ഈ ദിക്കില്‍ പാടില്ല. ഗേറ്റീന്നു വരുമ്പോള്‍ വാഹനദര്‍ശനം പാടില്ല. കാര്‍ഷെഡ് ദാ അവിടെക്കാണുന്ന ആ മുറി ഇടിച്ചു കളഞ്ഞ് അവിടെ ആക്കണം. ഈ രണ്ടു തൂണുകള്‍ മൊത്തം മാറ്റണം. പിന്നെ ഏറ്റവും പ്രധാനം. വീടിന്റെ ഗേറ്റ്. അത് അപ്പാടെ മാറ്റണം. ആ ഭാഗം മതില്കെട്ടി അടയ്ക്കണം. ഗേറ്റ് നേരെ പിറകിലാക്കണം.''

പത്മയും പ്രകാശനും വായ്പൊളിച്ചു നിന്നു.

"ദേ വാസ്തുനിയമങ്ങള്‍ കൃത്യായിട്ട് പാലിച്ചില്ലെങ്കിലേ വീട്ടില്‍ സ്വസ്ഥായി താമസിക്കാന്‍ പറ്റില്ല''

രംഗം 4

രാത്രി സ്തംഭിതരായി മുറിയിലിരിക്കുകയാണ് പ്രകാശനും സൌമ്യയും. ആ സമയം അഞ്ചുവയസ്സുകാരി ലക്ഷ്മിമോള്‍ ഉണര്‍ന്നുകരഞ്ഞു. അപ്പോഴാണ് സൌമ്യ ശ്രദ്ധിച്ചത്. ലക്ഷ്മിമോള്‍ക്ക് ദേഹത്ത് ചെറിയൊരു ചൂട്. പകല്‍ ലക്ഷ്മിമോള്‍ മഴ നനഞ്ഞതാണെന്നും മഴ നനഞ്ഞാല്‍ ഒരു പനിയോ ജലദോഷമോ സ്വാഭാവികമാണെന്നും സൌമ്യ ചിന്തിച്ചില്ല. പ്രകാശനും ചിന്തിച്ചില്ല. സൌമ്യ വിതുമ്പിക്കൊണ്ടു പറഞ്ഞു. "പ്രകാശേട്ടാ കണ്ടില്ലേ. ലക്ഷ്മിമോള്‍ക്ക് പെട്ടെന്ന് പനി വന്നിരിക്കുന്നു. ഈ വീടിന് വാസ്തുദോഷങ്ങളുണ്ട് പ്രകാശേട്ടാ. വാസ്തുദോഷങ്ങളുണ്ട്. നമുക്കീ വീട്ടില്‍ താമസിക്കണ്ട. വിറ്റുകളയാം.

രംഗം 5

അവസാനം വീടുവില്‍ക്കാന്‍ പ്രകാശനും സൌമ്യയും തീരുമാനിച്ചു. വാസ്തുപ്രകാരം ശരിയല്ലാത്തതു കൊണ്ടാണ് വില്‍ക്കുന്നതെന്ന് നാട്ടില്‍ വാര്‍ത്ത പരന്നു. വില കുറഞ്ഞു. അവസാനം ചിലവായതിന്റെ പത്തിലൊന്ന് തുകയ്ക്ക് വീടുവിറ്റു.

രംഗം 6

വീട് വാങ്ങിയത് പീതാംബരന്‍. ആദ്യമായി വാസ്തുപ്രശ്നം ആരോപിച്ച ആള്‍. വീടും സ്ഥലവും വാങ്ങിയതിന്റെ ഒരു ആഘോഷത്തിനിടയില്‍ പീതാംബരന്‍ പറഞ്ഞു

"ചങ്ങാതിമാരെ, കണ്ടില്ലേ....ഇതാണ് യഥാര്‍ത്ഥ 'വാസ്തുവിദ്യ'. വസ്തു വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്ന ആരും ഇമ്മാതിരി 'വസ്തുവിദ്യ'കളും വാസ്തുവിദ്യകളും അറിഞ്ഞിരിക്കണം. നമ്മള്‍ അത്തരം വിദ്യകള്‍ ജനത്തിനിടയിലേക്ക് നിത്യവും എറിഞ്ഞുകൊണ്ടിരിക്കണം. വസ്തുവിനോടൊപ്പം നമ്മള്‍ വാസ്തുവിനെയും വളര്‍ത്തണം.

"കറക്ട്...'' സദസ്സില്‍ നിന്നും കോറസ് ഉയര്‍ന്നു.

-ശ്രീ.കൃഷ്ണ പൂജപ്പുര

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രകാശനും ഭാര്യ സൌമ്യയും. കടം വാങ്ങിയും ലോണെടുത്തും മിച്ചം പിടിച്ചുമൊക്കെ നഗരത്തില്‍ അഞ്ചുസെന്റ് ഭൂമി വാങ്ങി. നഗരസഭയില്‍ വീടിന്റെ പ്ളാന്‍ സമര്‍പ്പിച്ചു. പ്ളാന്‍ അംഗീകരിക്കാന്‍ കുറേക്കാലം കയറിയിറങ്ങേണ്ടി വരുമെന്നാണ് കരുതിയത്. പക്ഷെ ഏക ജാലകമൊക്കെ വന്ന് കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടന്നു. പ്ളാന്‍ പെട്ടെന്ന് അംഗീകരിച്ചു. കുറ്റിയടിച്ചു. പ്രകാശന്റെയും സൌമ്യയുടെയും കൊച്ചു സ്വപ്നമന്ദിരം ഉയര്‍ന്നു. പാലുകാച്ചല്‍ ചടങ്ങ് സമാഗതമായി. ആഹ്ളാദവും സന്തോഷവും തിരതല്ലുന്ന പാലുകാച്ച് സമയത്താണ് അതു തുടങ്ങുന്നത്.

വാസ്തുവിദ്യയും വസ്തുവിദ്യയും..ശ്രീ.കൃഷ്ണ പൂജപ്പ്രുരയുടെ നര്‍മ്മഭാവന

ബാജി ഓടംവേലി said...

കൊള്ളാം
നന്നായി പറഞ്ഞിരിക്കുന്നു......

Anonymous said...

ബ്ലോഗിന്റെ ഡെം‌പ്ലേറ്റ് വരെ വാസ്തു അനുസരിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്. നല്ല കമന്റും ഹിറ്റും കിട്ടാന്‍..ഹല്ല പിന്നെ..

Anonymous said...

വസ്തു വിദ്യയും വീടു വെഞ്ചരിപ്പും, മൊയിലാരെ കൊണ്ടു ഊതിക്കലും എല്ലാ മതത്തിലും ഉണ്ടു. അതു തെറ്റായി ഉപയോകിച്ചാല്‍ എല്ലാം ദോക്ഷം തന്നെ. പിന്നെ ഹിന്ദു മതത്തെ മാത്രം കുറ്റം പറയാതെ മറ്റു മതത്തെയും വിമര്‍ശിക്കൂ


Visit us For Malayalam Birthday Cards

Regards
365greetings.com