Tuesday, May 6, 2008

മുതലാളിത്തം കൂലിവേലക്കാരെ പെറ്റുകൂട്ടുന്നു

മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍മ്മാണമേഖലയെക്കാള്‍ വളരെവേഗത്തില്‍ സേവനമേഖല വളരുന്നു എന്ന കാര്യം യാഥാര്‍ത്ഥ്യമാണ്. മാര്‍ക്സിന്റെ കാലത്തേക്കാള്‍ എത്രയോ വേഗത്തില്‍ ആണ് കഴിഞ്ഞ 150 കൊല്ലത്തിനിടയില്‍ മുതലാളിത്തം വളര്‍ന്ന് ഒരു ആഗോള വ്യവസ്ഥയായി മാറിയത്. പക്ഷേ സര്‍വ്വീസ് സെക്ടര്‍ വളര്‍ന്നപ്പോള്‍ അവിടുത്തെ തൊഴിലാളി ‘ വൈറ്റ് കോളര്‍’ ആണ്, മാര്‍ക്സ് പറഞ്ഞ നിര്‍മ്മാണ തൊഴിലാളി അല്ല എന്നൊക്കെ പറഞ്ഞ് മാര്‍ക്സിസത്തെ നിഷേധിക്കുന്ന സമീപനം ഉയര്‍ത്തുന്നവരുണ്ട് . അത് ശരിയായ സമീപനമാണെന്ന് തോന്നുന്നില്ല. മാനസികമായി അദ്ധ്വാനിക്കുന്നവര്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗം അല്ലെന്ന വാദം തന്നെ ശരിയല്ല. സേവനമേഖല വളര്‍ന്നിട്ടുണ്ട്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളിലുള്ള വിസ്‌ഫോടനത്തിന്റെ ഫലമായി സേവനമേഖലയിലെ തൊഴിലിലും തൊഴിലാളികളിലും മാറ്റം വന്നിട്ടുമുണ്ട്. എന്നാല്‍ ഇവിടെവന്ന ഒരു പ്രധാന മാറ്റം സേവനമേഖലയിലെ തൊഴിലാളികളെ മാനുഫാക്‍ചറിംഗ് സെക്ടറിലെ ഓപ്പറേറ്റര്‍ക്ക് തുല്യമാക്കി മാറ്റുന്ന ഒരു സ്ഥിതി വന്നുകൊണ്ടിരിക്കുന്നു എന്നതാണ്.

സേവനമേഖലയില്‍ കമ്പ്യൂട്ടര്‍ വരുന്നതോടുകൂടി , കായികാദ്ധ്വാനം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്ന യന്ത്രസംവിധാനം കൊണ്ടുവരുന്നതുപോലെ തന്നെ, മാനസികാദ്ധ്വാനം യന്ത്രവല്‍ക്കരിക്കപ്പെടുകയാണ് (അവ തമ്മില്‍ വ്യത്യാസം ഉണ്ടെങ്കിലും യന്ത്രവല്‍ക്കരിക്കപ്പെടുക തന്നെയാണ്). മുമ്പ് ഒരു അക്കൌണ്ടന്റിന് അയാള്‍ തന്നെ ഇരുന്നു കണക്കുകൂട്ടി എല്ലാം ശരിയാക്കണമായിരുന്നെങ്കില്‍, ഇപ്പോള്‍ അയാള്‍ക്ക് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. നിര്‍മ്മാണമേഖലയില്‍ , ഓട്ടോമൊബൈല്‍ മേഖലയിലെ ഒരു തൊഴിലാളി, അയാളുടെ ജോലി ഒരു യന്ത്രസഹായത്താല്‍ ചെയ്യുന്നത് പോലെത്തന്നെ ഒരു വൈറ്റ് കോളര്‍ തൊഴിലാളി കണക്കുകൂട്ടല്‍ കമ്പ്യൂട്ടറിന്റെ ബട്ടണമര്‍ത്തികൊണ്ട് ചെയ്യുന്നു. ഇങ്ങനെയുള്ള ഒരു മാറ്റം ആധുനിക മുതലാളിത്തത്തിന്റെ വികാസത്തിന്റെ ഭാഗമായി വരുന്നു.

അങ്ങനെയൊരു മാറ്റം വരുന്നതുകൊണ്ട് , ആ മാറ്റത്തിന്റെ ഭാഗമായി മാര്‍ക്സിന്റെ കാലത്ത് എണ്ണത്തില്‍ കൂടുതലായിരുന്ന മാനുഫാക്‍ചറിംഗ് സെക്ടറിലെ തൊഴിലാളികള്‍ വിപ്ലവം നടത്തും, പകരം സേവനമേഖല വികസിച്ചതിന്റെ ഫലമായി വിപ്ലവം നടത്താനുള്ള സാധ്യത മങ്ങുന്നു എന്ന വാദം പൊളിയുകയാണ്. കാരണം കൂടുതല്‍ തൊഴിലാളികള്‍, അല്ലെങ്കില്‍ വൈറ്റ് കോളേഴ്സ് തന്നെ ഓപ്പറേറ്റേര്‍സ് ആയി മാറുന്നു. നിര്‍മ്മാണ മേഖല പോലെ തന്നെ സേവനമേഖലയും മാറുന്നു. മുതലാളിത്ത വികാസം കൂടുതല്‍ കൂടുതല്‍ വരുംതോറും സമൂഹത്തില്‍ അദ്ധ്വാനിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അദ്ധ്വാനിക്കുന്നവര്‍ മഹാഭൂരിപക്ഷമാവുന്ന ഒരു സാഹചര്യം വരുന്നു. അതുകൊണ്ട് ചൂഷണമില്ലാത്ത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ മാര്‍ക്സ് കണ്ട തൊഴിലാളി വര്‍ഗ്ഗം - അതായത് വസ്തുനിഷ്ഠമായിട്ട് അതിന് താല്‍പര്യമുള്ളവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കൂടുകയാണ്.

ഇപ്പോള്‍ വലിയ പ്രതീക്ഷയായി അവതരിപ്പിക്കുന്നതാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികള്‍. ‘മാനുഫാക്ചറിംഗ് സെക്ടര്‍ പോലെയല്ല ഇത്. മാനുഫാക്‍ചറിംഗ് സെക്ടറില്‍ പ്രതിസന്ധിയുണ്ട്. ഐ.ടി. മേഖലയില്‍ അതില്ല’ എന്നാണ് പറഞ്ഞിരുന്നത്. ഈ വാദവും ഇപ്പോള്‍ പൊളിഞ്ഞു കഴിഞ്ഞു. ഐ.ടി. കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ ആ മേഖലയില്‍ വലിയ വൈദഗ്ദ്ധ്യം നേടിയവരാണ്. തൊഴിലാളിയായി ഇത്തരക്കാരെ പരിഗണിക്കേണ്ടതില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ അവരുടെ സംഘടിതമായ മുന്നേറ്റംകൊണ്ട് നേടിയെടുത്ത വളരെ പരിമിതമായ ആനുകൂല്യങ്ങളോ സംരക്ഷണമോ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം! അവരുടെ തൊഴില്‍ സമയം നിശ്ചിതമല്ല. രാവിലെ 8 മണിക്ക് പോയാല്‍ രാത്രി 10 മണി വരെ ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരുന്നു. കമ്പ്യൂട്ടറിന്റെ മുന്നില്‍ അതുവരെ കുത്തിയിരിക്കേണ്ടതായും വരുന്നു. കമ്പനിയില്‍ നിന്നു നേരത്തേ പോരാന്‍ കഴിഞ്ഞാല്‍ ആ തൊഴിലാളികള്‍ക്ക് കമ്പനികള്‍ ലാപ്‌ടോപ്പും മറ്റും സൌജന്യമായി കൊടുക്കുകയാണ്. ഓഫീസില്‍വെച്ച് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത പണി വീട്ടില്‍വെച്ച് ചെയ്യേണ്ടി വരുന്നു. ഒരു പ്രൊജക്ട് ഇത്ര ദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണം എന്ന കരാര്‍ അടിസ്ഥാനത്തില്‍ ആണ് ജോലി. ഇതിനായി വലിയ മത്സരമാണ് നടക്കുന്നത്. കാരണം ഈ മേഖലയില്‍ വിദഗ്ദ്ധന്മാരായ തൊഴിലാളികള്‍ വളരെ കൂടുതലാണ്. എന്നാല്‍ അവസരം വളരെ കുറവും.

ഇന്ത്യയില്‍ ഐ.ടി. മേഖലയില്‍ വലിയ മുന്നേറ്റമാണെന്നാണ് ഗവണ്‍മെന്റുകള്‍ പറയുന്നത്. ഇതിന്റെ ഫലമായി ജപ്പാന്‍, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്ര കുത്തകകള്‍ അവരവരുടെ രാജ്യങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിട്ട്, ഇന്ത്യയെപോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നാണ് തൊഴിലാളികളെ കണ്ടെത്തുന്നത്. അതാത് രാജ്യങ്ങളിലെ തൊഴിലാളികള്‍ തൊഴില്‍രഹിതരാവും എന്നര്‍ത്ഥം!

സേവനമേഖലയിലും തൊഴിലാളി തൊഴിലുടമ ബന്ധം മുതലാളിത്തവികാസത്തോടു കൂടി വളര്‍ന്നു വരികയാണ്. തല്‍ഫലമായി സേവനതുറകളിലും അദ്ധ്വാനശക്തി വില്‍ക്കുന്ന തൊഴിലാളിയും അതുവാങ്ങി അവരെകൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലുടമയുമുണ്ടെന്ന് കാണാം. മാനസികാദ്ധ്വാനത്തിലേര്‍പ്പെടുന്ന വൈറ്റ് കോളര്‍ ആണ് ഇവര്‍. എന്നാല്‍ അവര്‍ വിശാലമായ അര്‍ത്ഥത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമാണെന്നു കാണാം. മനുഷ്യസമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിവും സാങ്കേതികവിദ്യയും തുടര്‍ച്ചയായി വളര്‍ന്നു പോന്നിട്ടുണ്ടെന്നും കാണാം. ഒരു പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്പാദനം നടത്തുമ്പോള്‍ ആ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന യന്ത്രസംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ തൊഴിലുകള്‍ സമൂഹത്തില്‍ രൂപപ്പെട്ടു വരികയാണ്; ആ തൊഴിലുകള്‍ ചെയ്യുന്നതിന് തൊഴിലാളിയും. പ്രചാരത്തിലുള്ള ഒരു സാങ്കേതികവിദ്യ കാലഹരണപ്പെടുകയും തല്‍സ്ഥാനത്ത് പുതിയ ഒരു സാങ്കേതികവിദ്യ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ അതിന് ആവശ്യമായ പുതിയ തൊഴിലുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയാണ്. പ്രസ്തുത തൊഴിലുകള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരും മനുഷ്യര്‍ക്കിടയില്‍ നിന്നുണ്ടാവുന്നു. പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്ന മുതലാളി അതു പ്രവര്‍ത്തിപ്പിക്കാന്‍ പരിചയമുള്ള പുതിയ തൊഴിലാളികളെ ജോലിക്കു വെക്കുകയാണ്. ഇപ്രകാരം പുതിയ സാങ്കേതികവിദ്യ വരുന്നത് മുതലാളിത്തത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന്റെ ഫലമായി തൊഴിലാളിവര്‍ഗ്ഗം ഇല്ലാതായി വരികയല്ല മറിച്ച് പുതിയ വിഭാഗങ്ങള്‍ കൂടി തൊഴിലാളി വര്‍ഗ്ഗത്തില്‍ അണിചേരുകയാണ് ചെയ്യുന്നതെന്ന് കാണാം.

ഉല്‍പാദനപ്രക്രിയയില്‍ പുതിയ സാങ്കേതികവിദ്യകള്‍ കൂടുതല്‍ കൂടുതലായി ഉപയോഗിക്കുന്നതിന്റെ ഫലമായി വരുന്ന സാമൂഹ്യ പ്രത്യാഘാതം മാര്‍ക്സ് മൂലധനത്തില്‍ പരിശോധിക്കുന്നുണ്ട്. ഉദാഹരണത്തിന് പ്രാചീനകാലങ്ങളിലെ കൈവേലക്കാര്‍ ഏതെങ്കിലും ഒരു ഉല്‍പന്നം പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നവരായിരുന്നു. സാങ്കേതിക വിദ്യകളും യന്ത്രവല്‍ക്കരണവും പ്രചാരത്തില്‍ വരുന്തോറും കൈവേലക്കാരുടെ സ്ഥാനത്ത് തൊഴിലാളികള്‍ കൂട്ടായി ഉല്‍പന്നം നിര്‍മ്മിക്കുന്ന അവസ്ഥ വരുന്നു. അവര്‍ക്ക് നല്‍കിയ പേര് 'കലക്ടീവ് ലേബര്‍' എന്നാണ്. ഇതിന്റെ ഫലമായി വ്യക്തിയുടെ ഉല്പാദനശേഷി വര്‍ദ്ധിക്കുക മാത്രമല്ല അവര്‍ സഹകരിച്ച് ജോലിചെയ്യുന്നതിന്റെ ഫലമായി ഒരു പുതിയ ശക്തി ഉയര്‍ന്നുവരുന്നു. മാര്‍ക്സ്. ഇതിനെ ‘കലക്ടീവ് പവര്‍ ഓഫ് ദി മാസ്സസ്’ എന്നാണ് നിര്‍വ്വചിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തെകുറിച്ചുള്ള ഈ സങ്കല്‍പങ്ങള്‍, ആധുനിക കാലത്തും തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിയുന്നതിന് സഹായകമാണ്. ഇതെല്ലാം കാണിക്കുന്നത് തൊഴിലാളി വര്‍ഗ്ഗം ആധുനികവികാസപ്രക്രിയയില്‍ ഇല്ലാതായിവരികയല്ല - വര്‍ദ്ധിച്ചു വരികതന്നെയാണ്.

-ശ്രീ.കെ.എന്‍. രവീന്ദ്രനാഥ് ,സംസ്ഥാനപ്രസിഡന്റ്‌, സി.ഐ.ടി.യു.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യസമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിവും സാങ്കേതികവിദ്യയും തുടര്‍ച്ചയായി വളര്‍ന്നു പോന്നിട്ടുണ്ടെന്നും കാണാം. ഒരു പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്പാദനം നടത്തുമ്പോള്‍ ആ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന യന്ത്രസംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ തൊഴിലുകള്‍ സമൂഹത്തില്‍ രൂപപ്പെട്ടു വരികയാണ്; ആ തൊഴിലുകള്‍ ചെയ്യുന്നതിന് തൊഴിലാളിയും. പ്രചാരത്തിലുള്ള ഒരു സാങ്കേതികവിദ്യ കാലഹരണപ്പെടുകയും തല്‍സ്ഥാനത്ത് പുതിയ ഒരു സാങ്കേതികവിദ്യ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ അതിന് ആവശ്യമായ പുതിയ തൊഴിലുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയാണ്. പ്രസ്തുത തൊഴിലുകള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരും മനുഷ്യര്‍ക്കിടയില്‍ നിന്നുണ്ടാവുന്നു. പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്ന മുതലാളി അതു പ്രവര്‍ത്തിപ്പിക്കാന്‍ പരിചയമുള്ള പുതിയ തൊഴിലാളികളെ ജോലിക്കു വെക്കുകയാണ്. ഇപ്രകാരം പുതിയ സാങ്കേതികവിദ്യ വരുന്നത് മുതലാളിത്തത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന്റെ ഫലമായി തൊഴിലാളിവര്‍ഗ്ഗം ഇല്ലാതായി വരികയല്ല മറിച്ച് പുതിയ വിഭാഗങ്ങള്‍ കൂടി തൊഴിലാളി വര്‍ഗ്ഗത്തില്‍ അണിചേരുകയാണ് ചെയ്യുന്നതെന്ന് കാണാം.

Baiju Elikkattoor said...

സോവിയറ്റ് യൂണിയനും ബെര്‍ലിന്‍ മതിലും തകര്‍ന്നപ്പോള്‍ ഇതാ കമ്മ്യൂണിസത്തിന്‍െറ കഥ കഴിഞ്ഞു എന്നാര്‍ത്തുല്ലസിച്ചു നൃത്തം ചെയ്തവരുടെ ചുവടുകള്‍ മന്ദഗതിയില്‍ ആയി. സോവിയറ്റ് യൂണിയന്‍െറ തകര്‍ച്ച ചരിത്രത്തിന്‍െറ അനിവര്യത ആയിരുന്നു. അതില്‍ സോഷ്യലിസത്തിന്‍െറ അന്തസത്തയൊക്കെ എന്നേ ചോര്‍ന്നു പോയി ഏകതിപത്യത്തിന്‍െറയും സംബ്രജ്യത്വത്തിന്‍െറയും വിഷം കലര്‍ന്നിരുന്നു! മുതലാളിത്തത്തിന്‍െറയും ആഗോളവല്‍ക്കരണത്തിന്‍െറയും ചൂഷണ വ്യവസ്ഥിതിയില്‍ നിന്നും രക്ഷക്കായി മാക്സിസമല്ലാതെ വേറൊരു പ്രത്യയശാസ്ത്റമില്ലെന്ന ചിന്ത വീണ്ടും രൂഢമൂലമായിരിക്കുന്നു!

P.S. കേരളത്തിലെ നോക്കുകൂലിയെപ്പറ്റി പിണറായി വിജയന്‍റെ പ്രസ്ഥവനയെതുടര്‍ന്നു പോതുസമൂത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള അഭിപ്പ്രയത്തെ ആധാരമാക്കി ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.