"ഇപ്പോള്‍ വിളിച്ചത് ചാവശ്ശേരിയില്‍ നിന്നും സന്തോഷായിരുന്നു. സന്തോഷീ പാട്ട് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് സന്തോഷിന്റെ ഡാഡിനും, മമ്മിനും, സിസ്റ്ററിനും, അവരുടെ ഹസ്സിനും പിന്നെ ആറ്-ബിയില്‍ പഠിക്കുന്ന മുത്തുമോള്‍ക്കുമാണ്. എഞ്ചോയ് ദ സോംഗ് ആന്‍ഡ് കം ബാക്ക്.....''
കഴിഞ്ഞ ഓണാഘോഷത്തിന് ഇന്‍സ്‌റ്റാള്‍മെന്റിന് വാങ്ങിയ 21ഇഞ്ചിന്റെ സാംസങ് ടെലിവിഷനിനുള്ളിലെ, ഒട്ടനവധി സെമി കണ്ടക്ടര്‍ ഉപകരണങ്ങളിലൂടെ രൂപാന്തരങ്ങള്‍ സൃഷ്ടിച്ച്, സ്ക്രീനില്‍ തെളിഞ്ഞുവന്ന വി.ജെ സ്ത്രീരൂപം-പെണ്‍ശരീരത്തിന്റെ ഒട്ടേറെ 'വളവുതിരിവുകള്‍' വെളിപ്പെടുത്തുന്ന-അജന്താശില്‍പ്പം പോലെ തോന്നിച്ചു. അരയ്ക്കു മീതെ ഞാന്നുകിടക്കുന്ന ലെതര്‍ബെല്‍ട്ടിന്റെ ബലത്തില്‍ ഇറുക്കിക്കയറ്റിയ ഡെനീം ജീന്‍സ്-ഉത്തരേന്ത്യന്‍ എ-ബി-സി-ഡി ചാനലുകള്‍ അനുകരിച്ച് കീശയിലേക്കു ഇറക്കിവച്ച തള്ളവിരലുകള്‍-
-സമയം: വൈകുന്നേരം 5:25-
ഫാന്‍ തണുപ്പിച്ചുതന്ന ചായ കഴിച്ച്, ട്യൂഷന്‍-കിടാങ്ങളെ കൂട്ടിക്കൊണ്ടുവരാന്‍ പോയി, തിരികെട്ട സന്ധ്യാദീപം 'കത്തുന്ന' വീടണഞ്ഞപ്പോഴും 'സിനിമാ-പെട്ടി'യില്‍ പലതും മിന്നിമറയുന്നുണ്ടായിരുന്നു..... ആര്‍ക്കും വേണ്ടാത്ത 'ഷോര്‍ട്ട്മെസ്സേജ് സര്‍വ്വീസു'കള്‍ - ഓ! ക്ഷമിക്കണം! സ്നേഹ-മോഹ-പ്രണയ എസ്.എം.എസ് വാചകക്കസര്‍ത്തുകള്‍ എന്നു വേണം പറയാന്‍. കല്ലിക്കോട് യു.പി. സ്കൂളിന്റെ 'ഇവിടെ മൂത്രമൊഴിക്കരുത്' എന്നെഴുതിയ, പൂപ്പല്‍ പറ്റിയ ചുറ്റുമതിലിനു കീഴെ മാത്രം കാര്യം 'ഒന്നും', 'രണ്ടും' നടപ്പാക്കുന്ന, എ.ബി.സി.ഡി ഇംഗ്ലീഷ് മാത്രം വശമുള്ള കൌമാരകുമാരന്‍ ശ്രീ മൂലോട്ട് പുരക്കല്‍ സുഗുണനുവരെ അറിയാം ഇത്തരം എസ്.എം.എസ് മേഘസന്ദേശങ്ങള്‍ രചിക്കാന്‍. അടിയന്‍ മാത്രം നിസ്സഹായന്‍! നിര്‍ഗുണന്‍! എല്‍.ഡി.സി ക്ലാര്‍ക്കുപരീക്ഷക്കു രാത്രികാല കട്ടന്‍കാപ്പിയുടെ ബലത്തില്‍, ഗുളികരൂപത്തിലകത്താക്കിയ 'ഹൌ ഡു യു ഡു?', 'വാട്ട് ഡു യു ഡു?', ഇംഗ്ലീഷ് ഈ എസ്.എം.എസ് യുഗത്തിനു മുന്നില്‍ വച്ച് അടിയന്‍ മുല്‍പാടു വണങ്ങുന്നേന്‍!
-സമയം: 6:30-
ചൂണ്ടുവിരല്‍ വ്യായാമത്തിന്റെ പുതിയ സൂത്രവാക്യങ്ങള്‍ നെയ്തെടുക്കുന്ന 'റിമോട്ട്' തൊടുത്തുവിടുന്ന മൈക്രോവേവ് തരംഗരശ്മികള്‍ക്കനുസരിച്ച്, പുതിയ പുതിയ ലോകങ്ങളും കാഴ്ചാവിസ്മയങ്ങളും എനിക്കു മുമ്പില്‍ പൂത്തുലഞ്ഞു.
സൂര്യകിരണങ്ങള്‍ പോലും ഏന്തിനോക്കാന്‍ ഭയക്കുന്ന കനത്ത ആമസോണ്‍ വനാന്തരങ്ങള്‍-ചെളിച്ചാലുകളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയും നീങ്ങിനിരങ്ങുന്ന ട്രൌസറുകാരന്‍ സായ്പ്-തന്റെ ഇണയോടൊത്ത് കാമധര്‍മ്മമനുഷ്ഠിക്കുന്ന വിഷപ്പാമ്പുകളെയും മറ്റും ചാക്കില്‍ കെട്ടി, കൈകള്‍ അണ്ണാക്കോളമിട്ട് വിഷദന്തങ്ങളുടെ എണ്ണവും മൂര്‍ച്ചയും തിട്ടപ്പെടുത്തി, ഒടുവില്‍ സൌന്ദര്യമത്സരങ്ങളില്‍ നത്തോലീരൂപങ്ങളുടെ സ്തന-പൃഷ്ടങ്ങളുടെ നീളം-വീതി-ഉയരം ഇവ രേഖപ്പെടുത്തുന്ന പോലെ, മീറ്റര്‍ സ്കെയിലിനു നേരെ ചേര്‍ത്തുവെച്ചു ജന്തുക്കളുടെ കണക്കുകള്‍ രേഖപ്പെടുത്തുന്നതോടുകൂടി ഒരു മണിക്കൂര്‍ നീണ്ട ഉദ്വേഗജനകമായ 'ആനിമല്‍ ഷോ' റെഡി!
-സമയം: 7.15
തീണ്ടാരിത്തുണികളുടെ പ്രയോഗരീതികള്‍ വിവരിക്കുന്ന കമേഴ്‌സ്യല്‍ ബ്രേക്കുകള്‍ കണ്ട്, കവിള്‍ ചുവന്ന 15 വയസ്സുകാരിയുടെ ചൂണ്ടുവിരല്‍ചലനങ്ങള്‍-26.....27....
മൂന്നംഗസംഘ-മൂന്നാര്‍-ഇടിച്ചു നിരത്തലുകളിലും, ചിക്കന്‍ കാഷ്ഠങ്ങളില്‍ നുരയുന്ന ചിക്കന്‍ ഗുനിയകളിലും, ജി-8 ഉച്ചകോടിയുടെ കോട്ടിട്ട സായ്പന്മാരിലും മനംമടുത്ത്, വല്ല കുഴല്‍പ്പണമോ, ബലാത്സംഗമോ, ഖദര്‍ അഴിമതികളോ ഉണ്ടോയെന്ന പത്രവാര്‍ ത്താ-തിരച്ചിലിലാണ് 'സാംസങ്- ബേബി' വീണ്ടും അണ്ണാക്ക് തുറന്നത്-
"ആഷിക് ബനായാ.....''
മുഴുക്കൈയ്യന്‍ കോട്ട്, തൊപ്പി, കൈയില്‍ വാലില്ലാമൈക്ക്-
താടിക്കാരന്‍ പാട്ടുകാരന്‍! യേശുദാസ്??......
....നോ! നെവര്‍! ദ വണ്‍ ആന്‍ഡ് ഓണ്‍ലി-
-ഹിമേഷ് രേഷാമ്മിയ!-
വീണ്ടും-"ആഷിക് ബനായാ....''
-സമയം: 8:05-
'കേരളഭൂമി'യുടെ മഴനനഞ്ഞു പരുപരുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് കടലാസുകളില്‍ കോറിയിട്ടതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഈ ഈരേഴുപതിന്നാലു ലോകത്തില്‍ നടന്നുവോയെന്ന അന്വേഷണം വഴിമുട്ടി നിന്നത് 'കേരളാവിഷ'നു മാത്രം സ്വന്തമായ റിമോട്ട്-നമ്പറില്‍-ചാനല്‍ 17......
"ഹലോ, ഹലോ....ഒന്നും വ്യക്തമാകുന്നില്ല. ഹലോ...ഹലോ....അനുപമ....''
"സര്‍ക്കാര്‍ അനുവദിച്ചുതന്ന 4 സെന്റ് ഭൂമി, ബഹു: എം.എല്‍.എ. ശ്രീ.സുധാകരന്‍ കൈയ്യേറിയെന്ന് പരാതിയുന്നയിച്ച തനിക്കനുകൂലമായി യാതൊരു നടപടിയും എടുത്തില്ലയെന്ന കാരണത്താല്‍ ആത്മഹത്യാഭീഷണി മുഴക്കുകയാണ് ശ്രീ.കൊണ്ടോട്ടി നാണു. വെറും ബി.പി.എല്‍ മാത്രമായ ശ്രീ.നാണു ഇതിനകം തന്നെ ഒരു കയര്‍ക്കുരുക്കു തയ്യാറാക്കിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹം തൂങ്ങിമരിക്കുവാന്‍ പോവുകയാണെന്നാണ് പ്രഥമ നിഗമനം. അതേപറ്റി ബഹു: ഡിഐജി ശ്രീ.പുരുഷോത്തമന്‍ തമ്പി അന്വേഷിച്ചുവരികയാണ്.
ഹലോ....അനുപമ....
കേള്‍ക്കാമോ....ഹലോ,,,,,
മുന്‍പ് തീരുമാനിച്ചപ്രകാരം കൃത്യം 8:45ന് ആത്മഹത്യ ചെയ്യുമെന്നാണ് ശ്രീ.നാണു പറയുന്നത്. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം തന്നെ ഇവിടെയെത്തിച്ചേര്‍ന്നിട്ടുണ്ട്. സമയം 8:44 ആയിരിക്കുന്നു. ശ്രീ.നാണു കയര്‍ കഴുത്തില്‍ കുരുക്കിക്കഴിഞ്ഞിരിക്കുകയാണ്. ഈ ഒരു നിമിഷം അദ്ദേഹമനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ എന്തൊക്കെയാവാം? നമുക്കദ്ദേഹത്തോടു നേരില്‍ ചോദിച്ചറിയാം! പക്ഷേ, ഇവിടെ വളരെ തിക്കുംതിരക്കുമാണ്. ഒന്നും വ്യക്തമാകുന്നില്ല, അതാ! കയര്‍ മുറുകിവലിയുകയാണ്, ശ്രീ.നാണു പിടയുകയാണെന്നു തോന്നുന്നു. മരണവേദനയിലാണ് ശ്രീ.നാണു എന്നാണ് പ്രാഥമിക നിഗമനം. ഡിഐജി സാര്‍ ഇതേപറ്റിയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതാ, ശ്രീ.നാണു ചലനമറ്റുകൊണ്ടിരിക്കുകയാണ്. അതെ! അദ്ദേഹം ഇപ്പോള്‍ നിശ്ചലനാണ്. ശ്രീ.നാണു മരിച്ചുവെന്നാണ് പ്രഥമ നിഗമനം. ഡിഐജി സാര്‍ ഇതേപറ്റിയറിയാന്‍ അതികഠിനമായി പ്രയത്നിക്കുകയാണ്. മുണ്ടക്കയത്തില്‍ നിന്നും കേരളാവിഷനു വേണ്ടി, കെ.വി.തിലോത്തമന്‍!''
"വാര്‍ത്തകളിലേക്കു തിരിച്ചു വരാം. ശ്രീ.കൊണ്ടോട്ടി നാണുവിന്റെ മരണത്തോടുകൂടി, വിവാദഭൂമിയായ ആ 4 സെന്റ് ഭൂമി എന്തുചെയ്യണമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിനാല്‍, ആ ഭൂമി പ്രതിയായ ശ്രീ.സുധാകരന്‍ എം.എല്‍.എ.ക്കു തന്നെ വിട്ടുകൊടുക്കണമോ? നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ക്ക് വോട്ട് ആന്‍ഡ് ടോക്കിലൂടെ രേഖപ്പെടുത്താം. നിങ്ങളുടെ ഉത്തരം 'യേസ്' എന്നാണെങ്കില്‍ വൈ സ്പേസ് വി.ടി. എന്ന് 5849-ലേക്ക് എസ്.എം.എസ് ചെയ്യുക. നിങ്ങളുടെ ഉത്തരം 'നോ' എന്നാണെങ്കില്‍......''
ശ്രീ.കൊണ്ടോട്ടി നാണുവിന്റെ 'പരലോകം പുല്‍കല്‍' പച്ചയായ് കണ്ട നഗ്നനേത്രങ്ങള്‍ക്ക് കുളിരുപകരാന്‍ ഞാനല്‍പ്പം 'കോമഡി ക്യാപ്‌സ്യൂളു'കള്‍ കഴിക്കാന്‍ ഒരുമ്പെട്ടു. മംഗളം-മനോരമകളിലെ "ചിരിമരുന്ന് '' പംക്തികളില്‍ നിന്ന് ചാലിച്ചെടുത്ത 'പ്രകൃതിയുടെ തനത് മിശ്രണം' പോലെ കണ്ണീര്‍മുത്തുകള്‍ പൊഴിക്കുന്ന ഹാസ്യ-ലാസ്യം. "വടക്കുനോക്കിയന്ത്ര''ത്തില്‍ ശ്രീനിവാസന്റെ നര്‍മ്മ-കുറിപ്പടികള്‍ (??) കേട്ട് കണ്ണുമിഴിക്കുന്ന പാര്‍വതിയുടെ രൂപമാണ് മനസ്സില്‍ തെളിഞ്ഞുവന്നത്.
-സമയം: 8:55-
-ഒരു ഫ്ലാഷ് ബാക്ക്-
അമ്മ: നീയിങ്ങനെയൊരു വിഡ്ഢിയായിപ്പോയല്ലോ! കണക്കുമറിയില്ല ഇംഗ്ലീഷുമറിയില്ല. നീ അച്ഛനെ കണ്ട് പഠിക്ക്. കണക്കില്‍ എന്നും ഒന്നാമനായിരുന്നു അദ്ദേഹം. അറിയോ?
മകന്‍: ഒന്നാമനോ? ചുമ്മാ നുണ പറയാതെ അമ്മേ. കഴിഞ്ഞ ദിവസം കണക്കെല്ലാം തെറ്റിപ്പോയെന്ന് അച്ഛന്‍ പറഞ്ഞതോ?
അമ്മ: കണക്കു തെറ്റാനോ?
മകന്‍: അതെ, നമ്മുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിയെന്ന് കഴിഞ്ഞ ദിവസം അച്ഛന്‍ അപ്പുറത്തെ വാസുവേട്ടന്റെ ഭാര്യ വനജയോട് പറയുന്നത് ഞാനെന്റെയീ കാത്കൊണ്ട് കേട്ടതാ!
മൂന്ന് കറികുഴികളുള്ള അത്താഴപാത്രത്തില്‍ തലേദിവസം ബാക്കിവന്ന കുമ്പളങ്ങക്കറിയും, ചട്ടിയില്‍ നിന്നും വടിച്ചിട്ട തവരയുപ്പേരിയും, സില്‍ക്കി സോര്‍ട്ടെക്സ് റൈസും കുഴഞ്ഞുമറിഞ്ഞു കിടന്നപ്പോള്‍, മനസ്സില്‍ കുഴഞ്ഞുമറിഞ്ഞു കിടന്നിരുന്നത് കുത്തഴിഞ്ഞ നീല റേഷന്‍ കാര്‍ഡിന്റെയും പുളിച്ചുനാറിയ പഴഞ്ചോറിന്റെയും ചകിരിയഴുകിയതു നാറുന്ന ബാല്യത്തിന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് മുഹൂര്‍ത്തങ്ങള്‍! പഴയ, കുളവത്തര്‍ പ്രകാശന്‍ സ്മാരക വായനശാലയിലെ സായംകാല-റേഡിയോ- പ്രഭാഷണങ്ങള്‍ക്കായ് എന്റെ 'ഭൂതം' ക്യൂ നിന്നപ്പോള്‍, ടിന്‍ഫുഡിനു വേണ്ടി വാപിളര്‍ക്കുന്ന 'ചോക്കളേറ്റ്-ബേബി'യേപ്പോലെ 'വര്‍ത്തമാന'മെന്ന സാംസങ് ആര്‍ത്തുവിളിച്ചു-
-"അശകൊശലേ, പെണ്ണുണ്ടോ?.....''
-സമയം: രാത്രി 9:05-
*
നൈസ്സി എസ്. - കടപ്പാട് ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം
2 comments:
ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തില്‍ പ്രസിദ്ധീകരിച്ച നൈസ്സി എസ്. എഴുതിയ ചെറുകഥ..
കൊള്ളാം
Post a Comment