Wednesday, May 7, 2008

ദാരിദ്ര്യ ചട്ട്ണി

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനാണ് ഡോ.കണ്‍സ്യൂമര്‍ പിള്ള. പത്താം ക്ലാസ്സില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ഒരു മാഷിന്റെ മകനാണ്. കഥയില്‍ പിതാവ് അപ്രസക്തനായതുകൊണ്ട് മേല്‍വിലാസം ആവശ്യമില്ല.

ഒരുപാട് നേര്‍ച്ചകാഴ്ച്ചകള്‍ക്കുശേഷം കിട്ടിയ കണ്‍മണിയായതുകൊണ്ടാണ് സത്യസന്ധനായ അധ്യാപകന്‍ മകന് 'കണ്‍സ്യൂമര്‍' എന്ന് പേരിട്ടത്.

കഥയില്‍ കണ്‍സ്യൂമര്‍ പിള്ള പ്രത്യക്ഷപ്പെടുന്നത് പണ്ഡിതന്‍ എന്ന വേഷത്തിലാണ്. പണ്ഡിതന് കരയിലും വെള്ളത്തിലും ഒന്നുപോലെ ജീവിക്കാനറിയാം. ബുദ്ധിയുള്ളതുകൊണ്ട് എന്തുവേഷവും വിദഗ്ദമായി കെട്ടും.

പക്ഷെ പിള്ളക്ക് ആര്‍ത്തി സമകാലിക വിഷയങ്ങളിലാണ്. ഇപ്പോള്‍ ഗവേഷണം വിലക്കയറ്റത്തിലാണ്. കയറുന്ന വിലയെ ഇറക്കിക്കൊണ്ടുവരാന്‍ പിള്ളക്ക് താല്‍പ്പര്യമില്ല. വിലയ്ക്ക് ആടിന്റെ സ്വഭാവമാണെന്ന് പിള്ള കണ്ടെത്തി. പൊക്കമുള്ളിടത്ത് കയറിനില്‍ക്കും. ഈ സിദ്ധാന്തം പുറത്തു വന്നതോടെ ചിലര്‍ 'ആടുപിള്ള' എന്നും അദ്ദേഹത്തെ ആരാധനയോടെ സ്മരിച്ചു.

വിലക്കയറ്റത്തെ സൃഷ്ടിപരമായി സമീപിക്കണമെന്നാണ് പിള്ളയുടെ തിയറി. മനുഷ്യജീവിതത്തില്‍ സങ്കടപ്പെടാന്‍ ഒന്നുമില്ല. കരയാന്‍ വേണ്ടി ദൈവം ഒന്നും തന്നിട്ടില്ല.

മനുഷ്യന്‍ ചിലതൊക്കെ ഒരവസരമാക്കിയെടുത്ത് കരഞ്ഞ് ആഘോഷിക്കുകയാണ്.

സംതൃപ്തമായ ജീവിതം നയിക്കാന്‍ വിലക്കയറ്റത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് കണ്‍സ്യൂമര്‍ പിള്ളയുടെ പുതിയ ഗവേഷണം. ഗവേഷണം പൂര്‍ത്തിയായിട്ടില്ല. എന്നാലും ചോര്‍ന്നു കിട്ടിയത് ചോരാതെ അവതരിപ്പിക്കട്ടെ.

എല്ലാം ദൈവസൃഷ്ടമാണെങ്കില്‍ വിലക്കയറ്റത്തെ മാത്രം അതില്‍നിന്ന് ഒഴിവാക്കേണ്ടതില്ല. തൂണിലും തുരുമ്പിലുമിരിക്കുന്ന ദൈവത്തിന് തീര്‍ച്ചയായും വറ്റല്‍മുളകിലും കൊത്തമല്ലിയിലുമിരിക്കാം.

ചിട്ടയോടെ ജീവിച്ചാല്‍ വിലക്കയറ്റം ആഹ്ലാദകരമാക്കാം.ജീവിതം ആനന്ദപ്രദമാക്കാം.

അതാണ് ആര്‍ട്ട് ഓഫ് ലീ...വിങ്ങ്.

ചെറിയ വ്യായാമം കൊണ്ട് ഇത് സാധിക്കും.

പുലര്‍ച്ചെ എഴുന്നേല്‍ക്കുക. ഉടന്‍ തന്നെ ഇടത്തുകാല്‍ വലത്തുകാലിന്റെ മീതെയും വലത്തുകാല്‍ ഇടത്തുകാലിന്റെ മീതെയും കയറ്റിവെക്കുക. കണ്ണുകള്‍ പാതി അടയ്ക്കുക. പാതി തുറന്നുവെക്കാന്‍ മറക്കരുത്. രണ്ടു മൂക്കും തുറന്ന് ശ്വാസം പതുക്കെ ഉള്ളിലേക്ക് വലിക്കുക. മനസ്സില്‍ നിന്ന് ബാഹ്യ ചിന്തകള്‍ ഓരോന്നായി പുറന്തള്ളുക. പുറത്തുപോകുന്ന ചിന്തകള്‍ ഒരു കടലാസ്സില്‍ ടിക് ചെയ്യുന്നത് നല്ലതാണ്. തള്ളിയ ചിന്തകളെ പിന്നെയും തള്ളുന്നത് ഒഴിവാക്കാനാവും. സമയം ലാഭിക്കാം.

ചിന്തകള്‍ എല്ലാം പോയി എന്ന് ഉറപ്പാക്കിയാല്‍ പതുക്കെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുക. വെജിറ്റേറിയനായി ചിന്തിക്കുന്നതാണ് നല്ലത്.രാവിലെ ആയതുകൊണ്ട് ലൈറ്റ് ഫുഡ് ചിന്തകള്‍ മതി. ആവി പറക്കുന്ന പുട്ട്, പഴം എന്നിങ്ങനെ. നന്നായി കുഴച്ച് ഒരോ ഉരുള വായില്‍ വെക്കുന്നതായി സങ്കല്‍പ്പിക്കുക. പതുക്കെപ്പതുക്കെ ചവച്ചിറക്കുക. ഉമിനീരിന് ഉരുളകളുമായി സല്ലപിക്കാന്‍ സമയം വേണം. അരസികനാവരുത്.

ഇനി മരിച്ചുപോകും എന്ന് തോന്നുമ്പോള്‍ ശ്വാസം പതുക്കെ പുറത്തേക്കു വിടുക.

ഒരാഴ്ച്ച ഇത് ശീലിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പറ്റുമെന്നു മാത്രമല്ല, വിലക്കയറ്റമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും.

മറ്റൊരു സാധ്യത വിലക്കയറ്റ ശാന്തിശുശ്രൂഷകളാണ്. രോഗശാന്തി ശുശ്രൂഷയുടെ മറ്റൊരു പതിപ്പ്. ഇതിനു വരുന്നവര്‍ റേഷന്‍കാര്‍ഡ് കൊണ്ടുവരണം. എ പി എല്‍ - ബി പി എല്‍ വ്യത്യാസമില്ല. അല്ലെങ്കിലും എല്ലാം സൃഷ്ടിച്ച ദൈവത്തിനെന്ത് എ പി എല്‍- ബി പി എല്‍?

ശുശ്രൂഷകന്‍ പ്രാര്‍ഥിക്കുമ്പോള്‍ എല്ലാവരും വലത്തു കൈയില്‍ റേഷന്‍ കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുക. കണ്ണടച്ച് ദൈവത്തിന്റെ നാമം ഉച്ചത്തില്‍ വിളിച്ചു പറയുക. അപ്പോള്‍ ദൈവിക മഹത്വം ഒരോ റേഷന്‍ കാര്‍ഡിലും പ്രവേശിക്കും.വീട്ടിലെത്തി വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുക. പച്ചവെള്ളം കുടിച്ച് കിടക്കുക. ചിക്കന്‍ ബിരിയാണി തിന്ന സുഖം കിട്ടും.

അധികം അംഗസംഖ്യയുള്ള വീടാണെങ്കില്‍ ചിലര്‍ ധ്യാനകേന്ദ്രങ്ങളില്‍ പോകുന്നത് നല്ലതാണ്. അത്രയും അരി വീട്ടില്‍ കുറച്ചിട്ടാല്‍ മതി.

വേറൊരു രംഗം സാഹിത്യമാണ്. അതില്‍ത്തന്നെ പ്രധാനം കവിത. വിലക്കയറ്റത്തെക്കുറിച്ച് പൊള്ളുന്ന കവിതകള്‍ വളരെ എളുപ്പം ചുട്ടെടുക്കാം.

സാമ്പിള്‍ ഒന്ന്

മരിച്ചു തീരുമ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല.
വെള്ളമുണ്ട് പുതച്ച്
സാമ്പ്രാണി പുകയ്ക്കുമ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല.

കുളിപ്പിക്കാനെടുത്തപ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല
ചിതക്ക് തീ കൊളുത്താന്‍
വന്നപ്പോള്‍ സഹികെട്ട്
ശവം ഉറക്കെ ചോദിച്ചു
'അരിയെത്ര?'
മന്ത്രം ചൊല്ലുന്ന പൂജാരി
അരിശത്തോടെ പറഞ്ഞു
'.......മോനേ, പയറഞ്ഞാഴി'

അറിയാനുള്ളതെല്ലാം
അറിഞ്ഞ
സന്തോഷത്തോടെ
ശവം നെറ്റിയിലെ
വിയര്‍പ്പു തുടച്ചു.

സാമ്പിള്‍ രണ്ട്

ഘടികാരത്തിലെ
ചത്ത സൂചികള്‍ക്കിടയില്‍ നിന്നും
ഒരു പാറ്റ പറന്നു വന്നു
അതിഥികള്‍ക്കൊരുക്കി വെച്ച
തീന്‍ മേശക്കു ചുറ്റും
ആര്‍ത്തിയോടെ പറന്നു
ക്രാബ് സൂപ്പ്, മട്ടന്‍ കുറുമ,
ചിക്കന്‍ സിക്സിറ്റി, ഫിഷ് മോളി...
എല്ലാം കണ്ട പാറ്റ
ഐസ് ക്രീമില്‍
കുഴഞ്ഞു വീണ് മരിച്ചു.
ഒടുവില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു
'പാറ്റക്ക് കാര്‍ഡിയാക്
അറസ്റ്റാ'യിരുന്നു.

ഇമ്മാതിരിയുള്ള കവിത രണ്ടെണ്ണം രണ്ട് നേരം കഴിച്ചാല്‍ വിശപ്പും ദാഹവും മീനച്ചിലാര്‍ പമ്പ വഴി ഗംഗക്കു പോകും.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മുഖ്യസംഭാവന ചെയ്യാവുന്നത് ലേഖകന്മാര്‍ക്കാണ്. ഒറ്റ ലേഖനം മതി ഒരാഴ്ച തലചുറ്റിക്കിടക്കാന്‍. ആഴ്ചപ്പതിപ്പുകള്‍ ഉണ്ടായതു തന്നെ അതിനാണ്. തല നേരെ നില്‍ക്കാന്‍ ചുരുങ്ങിയത് ഏഴുദിവസം വേണം.

ഒറ്റ സാമ്പിള്‍ താഴെ

'കൈമാറ്റ മൂല്യത്തിന്റെ കാര്യ പ്രാപ്തിയില്‍ മൂല്യശോഷണം സംഭവിച്ചതോടെ പ്രത്യക്ഷീഭവിക്കപ്പെട്ട പ്രഹേളികാ പരിസരങ്ങളില്‍നിന്നും പ്രക്ഷാളനം ചെയ്യപ്പെട്ട വിശാല പരിപ്രേക്ഷ്യത്തിലൂടെ......'അങ്ങനെയങ്ങ് ചെന്നാല്‍ എഴുത്തും വായനയുമറിയാവുന്നവരൊക്കെ തലകറങ്ങി വീഴും.

ഒരാഴ്ച നോ ഫുഡ്.

ഒണ്‍ലി ബാര്‍ലി വാട്ടര്‍.

ഭക്ഷണം മനുഷ്യനെ ആര്‍ത്തിയോടെ നോക്കിനില്‍ക്കും. ഇടത്തു കണ്ണ് ഇടക്കിടെ തുടിച്ചുകൊണ്ട് അനുരാഗം അഭിനയിക്കും.

കാത്തിരുന്ന് മടുത്ത ഭക്ഷണം നിത്യ ബ്രഹ്മചാരിയായി തപസ്സിരിക്കും.

കണ്‍സ്യൂമര്‍ പിള്ള പിന്നെ ഗവേഷണം നടത്തിയത് വിലക്കയറ്റ സീസണില്‍ പ്രയോഗിക്കാവുന്ന പാചകവിധിയിലാണ്.

ഒരു സാമ്പിള്‍ താഴെ

ദാരിദ്ര്യചട്ട്ണി

പട്ടിണിക്കാലത്ത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സാധനമാണ് ഇത്. രണ്ടാം ലോകയുദ്ധകാലത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ അമേരിക്ക ഇത്തരം ചട്ട്ണി ധാരാളം പ്രചരിപ്പിച്ചു.

വേണ്ട സാധനങ്ങള്‍

പച്ചമാങ്ങ (ഇരന്നു വാങ്ങിയത്)- രണ്ടെണ്ണം
വെളിച്ചെണ്ണ(കടം വാങ്ങിയത്)-100ഗ്രാം
മുളകുപൊടി (അടിച്ചുവാരിയത്)-ഒരു ടേബിള്‍ സ്പൂണ്‍.
ഉപ്പ്-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പച്ചമാങ്ങ തൊണ്ട് കളഞ്ഞ് ഒരിഞ്ചു നീളത്തിലും അരയിഞ്ച് വീതിയിലും അരിഞ്ഞെടുക്കുക.കഷണങ്ങള്‍ നന്നായി ചതയ്ക്കുക. ചതയ്ക്കുമ്പോള്‍ നീളവും വീതിയും കൂടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി തിരുമ്മുക.

കഴിക്കേണ്ട വിധം

കൈകള്‍ നന്നായി കഴുകിയ ശേഷം വലത്തു കൈയിലെ ചൂണ്ടുവിരലിന്റെ തുമ്പുകൊണ്ട് ദാരിദ്ര്യ ചട്ട്ണിയില്‍ പതുക്കെ ഒന്ന് സ്പര്‍ശിച്ച് നാവില്‍ തൊടുക.

ഹായ്...എന്ത് രുചി!

ഡോ. കണ്‍സ്യൂമര്‍ പിള്ളയുടെ മറ്റു കണ്ടെത്തലുകള്‍ കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്ക്ക് അറിയിക്കാം.

*

- ശ്രീ.എം.എം.പൌലോസ്, കടപ്പാട്: ദേശാഭിമാനി വാരിക

6 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനാണ് ഡോ.കണ്‍സ്യൂമര്‍ പിള്ള. പത്താം ക്ലാസ്സില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ഒരു മാഷിന്റെ മകനാണ്. കഥയില്‍ പിതാവ് അപ്രസക്തനായതുകൊണ്ട് മേല്‍വിലാസം ആവശ്യമില്ല.ഒരുപാട് നേര്‍ച്ചകാഴ്ച്ചകള്‍ക്കുശേഷം കിട്ടിയ കണ്‍മണിയായതുകൊണ്ടാണ് സത്യസന്ധനായ അധ്യാപകന്‍ മകന് 'കണ്‍സ്യൂമര്‍' എന്ന് പേരിട്ടത്.കഥയില്‍ കണ്‍സ്യൂമര്‍ പിള്ള പ്രത്യക്ഷപ്പെടുന്നത് പണ്ഡിതന്‍ എന്ന വേഷത്തിലാണ്. പണ്ഡിതന് കരയിലും വെള്ളത്തിലും ഒന്നുപോലെ ജീവിക്കാനറിയാം. ബുദ്ധിയുള്ളതുകൊണ്ട് എന്തുവേഷവും വിദഗ്ദമായി കെട്ടും......

Anonymous said...

മരിച്ചു തീരുമ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല.
വെള്ളമുണ്ട് പുതച്ച്
സാമ്പ്രാണി പുകയ്ക്കുമ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല.

കുളിപ്പിക്കാനെടുത്തപ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല
ചിതക്ക് തീ കൊളുത്താന്‍
വന്നപ്പോള്‍ സഹികെട്ട്
ശവം ഉറക്കെ ചോദിച്ചു
'അരിയെത്ര?'
മന്ത്രം ചൊല്ലുന്ന പൂജാരി
അരിശത്തോടെ പറഞ്ഞു
'.......മോനേ, പയറഞ്ഞാഴി'

അറിയാനുള്ളതെല്ലാം
അറിഞ്ഞ
സന്തോഷത്തോടെ
ശവം നെറ്റിയിലെ
വിയര്‍പ്പു തുടച്ചു.

ഇതു കലക്കി മാഷേ

ചിതല്‍ said...

ഇത് ഇവിടെ പകര്‍ത്തിയിട്ടതിന്ന് നന്ദി..
മനസ്സിലേക്ക് തുളച്ച് കയറുന്ന ലേഖനം...

വേണു venu said...

മനുഷ്യന്‍ ചിലതൊക്കെ ഒരവസരമാക്കിയെടുത്ത് കരഞ്ഞ് ആഘോഷിക്കുകയാണ്.

ഈ ചട്ട്ണിക്കു് നല്ല എരിവുണ്ടു്....

alexkc said...

എന്തൊരു അലക്കാ മാഷേ ഇത്
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി.പ്രതേകിച്ച് ഈ പ്രയോഗം

'കൈമാറ്റ മൂല്യത്തിന്റെ കാര്യ പ്രാപ്തിയില്‍ മൂല്യശോഷണം സംഭവിച്ചതോടെ പ്രത്യക്ഷീഭവിക്കപ്പെട്ട പ്രഹേളികാ പരിസരങ്ങളില്‍നിന്നും പ്രക്ഷാളനം ചെയ്യപ്പെട്ട വിശാല പരിപ്രേക്ഷ്യത്തിലൂടെ......'അങ്ങനെയങ്ങ് ചെന്നാല്‍ എഴുത്തും വായനയുമറിയാവുന്നവരൊക്കെ തലകറങ്ങി വീഴും.

ഒരാഴ്ച നോ ഫുഡ്.

ഒണ്‍ലി ബാര്‍ലി വാട്ടര്‍.

ജ്യോതിര്‍മയി /ज्योतिर्मयी said...

ചിരിച്ചു ചിരിച്ചു വായിച്ചു...

പിന്നെ ചിന്തിച്ചു- വിലക്കയറ്റത്തില്‍ കിതയ്ക്കാതെ കയറിയ്ക്കൊണ്ടേ ഇരിയ്ക്കാന്‍ (ഇരിയ്ക്കാനല്ല, ഓടിക്കേറാന്‍) ഇതില്‍പ്പറഞ്ഞ സൂത്രങ്ങളെല്ലാം ഏതു ബ്ലോഗനും ബ്ലോഗത്തിയ്ക്കും ചെയ്യാലോ. സാമ്പിളുതന്നതിനു നന്ദി. പക്ഷേ, അത്ര എളുപ്പം പറ്റാത്ത, ഒരുകാര്യമുണ്ട്, അതെല്ലാര്‍ക്കും പറ്റില്ല, “അദ്ധ്വാനമേ സംതൃപ്തി“ എന്നും “കര്‍മ്മം ചെയ്യാനുള്ളതാണ്‍“ എന്നും ബോധമുള്ളവര്‍ക്ക്, ബോധ്യമുള്ളവര്‍ക്കേ അതുപറ്റൂ. ‘ഉല്പാദകരാവുക’, എന്നതാണു ആ സൂത്രവിദ്യ.പിന്നെ വിലക്കയറ്റം ആഘോഷമാക്കിക്കൂടെ?

വര്‍ക്കേഴ്സ് ഫോറത്തിനു മനസ്സിലാവും. കണ്‍സ്യൂമര്‍ പിള്ളയ്ക്കു മനസ്സിലാവുമോ എന്തോ. പാവം പിള്ളയല്ലെ, കുറച്ചുകഴിഞ്ഞാല്‍ മനസ്സിലാക്കിക്കോളും.
കണ്ടാലറിയാത്ത പിള്ള കൊണ്ടാലറിയും എന്നാണല്ലോ.


(ഹാവൂ! ഉപദേശിക്കാനെന്തെളുപ്പം! ഇന്നത്തേയ്ക്കിതുമതി :))