Thursday, May 1, 2008

ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

2007 മദ്ധ്യത്തില്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ക്രമേണ വികസിച്ച് ആഗോള ബാങ്കിംഗ്-സാമ്പത്തിക പ്രതിസന്ധിയായി വളരുകയും 2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളോടെ പ്രശ്നങ്ങള്‍ ഭക്ഷ്യ-ഊര്‍ജ്ജ മേഖലയിലേക്കും പടര്‍ന്നിരിക്കുകയുമാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യപ്രതിസന്ധി ഈജിപ്റ്റ്, ഹെയ്തി, ഫിലിപ്പെന്‍സ്, ബംഗ്ലാദേശ് തുടങ്ങി 33 രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള വന്‍ കലാപങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിതരാജ്യങ്ങളിലും ഇന്ത്യയുള്‍പ്പെടെ പല വികസ്വര രാജ്യങ്ങളിലും കലാപത്തിന്റെ സ്ഥിതി സംജാതമല്ലെങ്കിലും വന്‍വിലക്കയറ്റവും പണപ്പെരുപ്പവും മൂലം സാധാരണജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ആഗോള സാമൂഹിക സാമ്പത്തിക രംഗം നേരിടുന്ന ഈ പ്രതിസന്ധി നമ്മെ 1930കളില്‍ ലോകം നേരിട്ട വന്‍ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു.

1929-30 കളിലെ സാമ്പത്തിക തകര്‍ച്ച അമേരിക്ക അതിന്റെ ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. അമേരിക്കയില്‍ തുടങ്ങിയ ആ പ്രതിസന്ധി ലോകമാകെ പടരുകയും ഏകദേശം പത്തുവര്‍ഷത്തോളം അതു നീണ്ടു നില്‍ക്കുകയും ചെയ്തു 1930 ലെ പ്രതിസന്ധിയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ ഏറ്റവും പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ കണ്ടെത്തിയത് 1920 കളിലെ വന്‍ സാമ്പത്തിക അസമത്വമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലും, വ്യവസായികളും കര്‍ഷകരും തമ്മിലും അമേരിക്കയും യൂറോപ്പും തമ്മിലും നിലനിന്ന സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ അക്കാലത്ത് വളരെ രൂക്ഷമായി. മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഓഹരിക്കമ്പോളത്തില്‍ നിലവിലുണ്ടായിരുന്ന അനിയന്ത്രിതമായ ഊഹക്കച്ചവടമാണ്. 1920 കളെ "അലറുന്ന ഇരുപതുകള്‍''(Roaring twenties) എന്നാണ് വിളിച്ചിരുന്നത്. അന്ന് ലോകസാമ്പത്തികരംഗം, പ്രത്യേകിച്ച് അമേരിക്ക, നേടിയ സാമ്പത്തിക വളര്‍ച്ചയാണ് ഇങ്ങനെ അറിയപ്പെടാന്‍ കാരണം. എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അമേരിക്കയിലെ ഒരു പിടി സമ്പന്നരാണ് കൈയ്യടക്കിയിരുന്നത്. ഉന്നത ശ്രേണിയിലുണ്ടായിരുന്ന 0.1% പേരുടെ വരുമാനത്തിനു സമമായിരുന്നു താഴെക്കിടയിലുള്ള 42% ജനങ്ങളുടെ വരുമാനം.

അസമത്വം ഇത്രയും രൂക്ഷമായ രീതിയില്‍ കുതിച്ചുയരാന്‍ കാരണം കുത്തകക്കമ്പനികളുടെ ഉല്പാദനത്തിലും ലാഭത്തിലും വന്ന കുത്തനെയുള്ള വളര്‍ച്ചയും തൊഴിലാളികളുടെ വേതനത്തില്‍ വന്ന നാമമാത്രമായ വര്‍ദ്ധനയുമാണ്. ഇന്നത്തെപ്പോലെ അന്നും സര്‍ക്കാരുകളുടേയും കോടതികളുടേയും സമീപനം തികച്ചും തൊഴിലാളി വിരുദ്ധമായിരുന്നു. പ്രസിദ്ധമായ അഡ്ക്കിന്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കേസില്‍ മിനിമം-വേതന നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാര്‍ഷികരംഗം രൂക്ഷമായ പ്രതിസന്ധി നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്. സാമൂഹിക അസമത്വങ്ങളും കാര്‍ഷിക പ്രതിസന്ധികളും ചേര്‍ന്ന് അത്യന്തം രൂക്ഷമായ സന്ദിഗ്ദ്ധാവസ്ഥ സാമൂഹിക സാമ്പത്തിക രംഗത്ത് സംജാതമാക്കി. ഈ സ്ഥിതി മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്നത്തെപ്പോലെ അന്നും വളരെ ഉദാരമായി വായ്പകള്‍ ലഭ്യമാക്കി. “ഇന്നു വാങ്ങി നാളെ പണം നല്‍കുന്ന”സമ്പ്രദായം വ്യാപകമായി. അക്കാലത്തെ പ്രധാന ആഡംബര ഉപഭോഗവസ്തുക്കളായിരുന്നു കാറും റേഡിയോയും. കാറുകളുടെ 60 ശതമാനവും റേഡിയോകളുടെ 80 ശതമാനവും തവണ വ്യവസ്ഥയില്‍ വാങ്ങിയവയായിരുന്നു. തവണ അടക്കേണ്ട സമയമായപ്പോള്‍ പലര്‍ക്കും അതു സാധിക്കാത്ത സ്ഥിതിയുണ്ടായി.

മുതലാളിത്ത സംവിധാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക സംവിധാനമാകെ മുന്നോട്ട് ചലിക്കുന്നത് അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. 1920 കളുടെ അവസാനത്തോടെ സാധാരണ ജനങ്ങള്‍ക്കാകെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും അത് രൂക്ഷമായ ഒരു തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും 1929നും1933 നും ഇടയില്‍ തകര്‍ന്നടിഞ്ഞു.1920 കളും 2000 ഉം തമ്മില്‍ ധാരാളം സമാനതകള്‍ നമുക്കു കാണാന്‍ കഴിയും.

ഇനി നമുക്ക് ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലേക്കു വരാം.

അമേരിക്കന്‍ സമ്പദ് രംഗം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രസിഡന്റ് ബുഷ് തന്നെ 2008 ഏപ്രില്‍ 25 ന് നടത്തിയ ഒരു പ്രസ്താവനയില്‍ പറയുകയുണ്ടായി. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സമ്പദ് മേഖലയിലുള്ള വിശ്വാസം കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയ അവസരത്തിലാണ് ബുഷ് ഈ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായത് . ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 152 മില്യന്‍ ഡോളറിന്റെ കരം ഇളവിലാണ് അദ്ദേഹം ആകെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. കരം ഇളവിലൂടെ മുതിര്‍ന്നവര്‍ക്ക് 600 ഡോളറും കുട്ടികള്‍ക്ക് 300 ഡോളറും വരെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടില്ല എന്നാണ് റോയ്ട്ടേഴ്‌സും മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്‌മയും കഴിഞ്ഞ കുറെ മാസങ്ങളായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലും ഈ നിലയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഏപ്രില്‍ മദ്ധ്യത്തോടെ 3,72,000ത്തോളം പേര്‍ (കഴിഞ്ഞ നാലാഴ്ചക്കുള്ളില്‍) തൊഴിലില്ലായ്‌മക്കുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്‌മ 5.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ചു മാസത്തില്‍ ബിസിനസ്സുകാര്‍ 80,000 ത്തോളം പേരെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയുണ്ടായി. 2008 ലെ ആദ്യ മൂന്നുമാസങ്ങളില്‍ മൊത്തം 2,32,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് തൊഴില്‍രംഗത്തെ ഈ ഗുരുതരമായ സ്ഥിതി തന്നെ മതി അമേരിക്ക ഒരു മാന്ദ്യത്തിലേക്കു കൂപ്പുകുത്തി എന്നു തെളിയിക്കാന്‍ എന്നാണ്‌‍.

ഭവനവായ്പാരംഗത്ത് വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ ലക്ഷക്കണക്കിനു വായ്പകള്‍ തിരിച്ചടവ് ഇല്ലാതായതോടെ അമേരിക്കയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പലതും വന്‍നഷ്ടത്തിലായിരിക്കുകയാണ്. ഭവനവായ്പരംഗത്തെ പ്രശ്നങ്ങള്‍ മൂലം 2007 സാമ്പത്തിക വര്‍ഷത്തില്‍ സിറ്റി ബാങ്കിന് 18.1 ബില്യന്‍ ഡോളര്‍ എഴുതിത്തള്ളേണ്ടി വന്നു. അതോടെ ബാങ്ക് 2007 സാമ്പത്തിക വര്‍ഷത്തില്‍ 9.8 ബില്യന്‍ ഡോളര്‍ നഷ്ടത്തിലായി. സിറ്റി ബാങ്കിന്റെ 196 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയധികം നഷ്ടം സഹിക്കേണ്ടി വന്നത് ഇതാദ്യമാണ്. മറ്റൊരു പ്രധാന സാമ്പത്തിക സ്ഥാപനവും സാമ്പത്തിക ഇടനിലക്കാരനുമായ മെറില്‍-ലിഞ്ചിന് എഴുതി തള്ളേണ്ടിവന്നത് 14.6 ബില്യന്‍ ഡോളറാണ്. ഇതിലൂടെ അവരുടെ 2007 ലെ നഷ്ടം 9.4 ബില്യന്‍ ഡോളറായി മാറി. മെറിള്‍-ലിഞ്ചിന്റെ 94 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഒരു വന്‍ ഇന്‍വെസ്‌റ്റ്മെന്റ് ബാങ്ക് മാര്‍ച്ച് മദ്ധ്യത്തോടെ പൊളിഞ്ഞു. പൊളിഞ്ഞ ബിയര്‍ സ്‌റ്റേണ്‍സിനെ ജെ.പി.മോര്‍ഗന്‍ ചേസ് എന്ന സാമ്പത്തിക സ്ഥാപനം ഏറ്റെടുത്തു. ബിയര്‍ സ്‌റ്റേണ്‍സിനെ ഏറ്റെടുക്കാന്‍ ജെ.പി.മോര്‍ഗന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (അമേരിക്കയുടെ കേന്ദ്രബാങ്ക്) 30 ബില്യന്‍ ഡോളറും മറ്റു പല സൌകര്യങ്ങളും ചെയ്തു കൊടുത്തു. സര്‍വതന്ത്ര സ്വതന്ത്ര കമ്പോളത്തില്‍ ആരും ഇടപെടാന്‍ പാടില്ല എന്നു പഠിപ്പിക്കുന്നവര്‍ തന്നെ ചെയ്ത നടപടിയാണിതെന്നുളളത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ സാമ്പത്തികമേഖലയെ പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെയാകെ പിടിച്ചുകുലുക്കിയ ഈ പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് നമുക്ക് ചെറിയൊരന്വേഷണം നടത്താം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്പത്തിക ചരിത്രത്തെ നമുക്ക് രണ്ടായി തിരിക്കാന്‍ കഴിയും. ഇതില്‍ ഒന്നാം പകുതിയില്‍ അമേരിക്കയുടെ ഉല്പാദനമേഖലക്കായിരുന്നു മേല്‍ക്കൈ, എന്നാല്‍ രണ്ടാം പകുതിയില്‍ ധനമേഖലക്കും ധനമൂലധനത്തിനുമായി മേല്‍ക്കൈ. ധനമൂലധനം മേല്‍കൈ നേടിയെടുത്തത് വായ്പാ മേഖലയുടേയും വായ്പകളുടേയും സങ്കീര്‍ണ്ണമായ ഇടപാടുകളിലൂടെയും വന്‍ വളര്‍ച്ചയിലൂടെയുമാണ്. ബാങ്കുകള്‍ ഉല്പാദനമേഖലയിലെ വായ്പകളിലൂടെ ലാഭം സൃഷ്ടിക്കുന്നതിനുപകരം വളരെ പെട്ടെന്നുള്ള കൊള്ള ലാഭത്തിനായി സങ്കീര്‍ണ്ണ സാമ്പത്തിക ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു സ്ഥിതിയെക്കുറിച്ച് കാള്‍മാര്‍ക്സ് Das Captial ന്റെ രണ്ടാം വാല്യത്തില്‍ പറഞ്ഞത് ഇപ്പോഴും വളരെ പ്രസക്തമാണ്.

For the possessor of money capital (the Banks and financial houses) the process of production appear merely as an unavoidable intermediate link, as a necessary evil for the sake of money making. All nations with a capitalist mode of production are therefore seized periodically by a feverish attempt to make money without the intervention of process of production.”

പണം കുന്നുകൂട്ടാനുള്ള ആര്‍ത്തിമൂലം അമേരിക്കന്‍ മുതലാളിത്തം മാര്‍ക്സ് പറഞ്ഞതുപോലെ ‘ഇടക്കിടെ’എന്നത് വിട്ട് എപ്പോഴും ധനക്കമ്പോളത്തിലെ സങ്കീര്‍ണ്ണമായ ഇടപാടുകളില്‍ കേന്ദ്രീകരിച്ചു. അങ്ങനെ ഇപ്പോള്‍ ലോകകമ്പോളത്തിലെ തന്നെ ഇടപാടുകളില്‍ 98 ശതമാനം ഇപ്പോള്‍ വെറും ധന (Financial) കൈമാറ്റം മാത്രമായി, വെറും 2ശതമാനം മാത്രമാണ് ചരക്കു കൈമാറ്റത്തിനായി ഉപയോഗിക്കുന്ന ധനം. സാമ്പത്തിക ഇടപാടുകള്‍ നടത്താനും സമ്പത്തുണ്ടാക്കാനും ഏതുതരം വഞ്ചനയും തട്ടിപ്പും അക്രമവും കാണിക്കാം എന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍.

2000-2001 ലെ ഓഹരിക്കമ്പോള തകര്‍ച്ചയോടൊപ്പം ഈ തട്ടിപ്പുകളില്‍ പലതും പുറത്തുവരികയുണ്ടായി. എന്‍റോണ്‍, വേള്‍ഡ് കോം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാലത്ത് തകരുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ മുതലാളിത്തം ഈ ഗുരുതരമായ സ്ഥിതി വിശേഷമാകെ മറച്ച് വെച്ച് കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ സാമ്പത്തിക ഉപകരണങ്ങള്‍ വികസിപ്പിക്കുകയും അതിന്റെ ഇടപാടുകിലേക്കു നീങ്ങുകയും ചെയ്തു. 2000- 2001 ലെ “dot.com”സാമ്പത്തിക തകര്‍ച്ച നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുത്തനെ ഇളവുവരുത്തുകയും ജനങ്ങള്‍ക്ക് നാനാതരം വായ്പകള്‍ നല്കിക്കൊണ്ട് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. (ഉപഭോഗം വര്‍ദ്ധിപ്പിച്ച് സമ്പദ് വളര്‍ച്ച കൈവരിക്കുക എന്നതാണ് ഇപ്പോഴത്തെ അമേരിക്കയുടെ ധനതത്വശാസ്ത്രം). ഇത് ഒരു പരിധിവരെ താല്‍ക്കാലികമായി ആശ്വാസം നല്‍കി.

2004 ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ ഇടപെട്ട് ഭവനവായ്പാരംഗത്ത് ധാരാളം ഇളവുകള്‍ വരുത്തി. ഈ ഇളവുകളും കുറഞ്ഞ പലിശനിരക്കും മൂലം സാധാരണ നിലയില്‍ വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത അനേകം പേര്‍ക്ക് ഭവന വായ്പ ലഭിച്ചു. ഭവനവായ്പയില്‍ വന്ന ഈ വന്‍ വര്‍ദ്ധനവും ഭവന വിലകുതിച്ചുയരാന്‍ കാരണമായി. ഭവനനിര്‍മ്മാണ മേഖലയിലേയ്ക്ക് പണം കുത്തിയൊഴുകി. ആവശ്യത്തില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന ഒരവസ്ഥയും സംജാതമായി. പല കുടുംബങ്ങളും ഒന്നില്‍ക്കൂടുതല്‍ ഭവനങ്ങളുടെ ഉടമകളായി. ഭവന വായ്പ ഉയര്‍ന്നുകൊണ്ടിരിന്നതു മൂലം പലരും കൂടുതല്‍ പണം ആവശ്യമായി വന്നപ്പോള്‍ തങ്ങളുടെ വായ്പകള്‍ പുതുക്കിക്കൊണ്ട് കൂടുതല്‍ പണം ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും ചിലവഴിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ ഇക്കാലത്ത് അവരുടെ വീടുകളെ ATM ആയി ഉപയോഗിച്ചു എന്നാണ് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ക്രൂഗ്‌മാന്‍ പറഞ്ഞത്.

എന്നാല്‍ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഒരു പത്തു വര്‍ഷക്കാലത്ത് അമേരിക്കയിലെ തൊഴിലാളികളുടെ വേതനത്തില്‍ വലിയ വര്‍ദ്ധനവൊന്നും വന്നില്ല എന്നുള്ളതാണ്. എന്നാല്‍ ധനികരുടെ സമ്പത്ത് കുതിച്ചുയരുകയും ചെയ്തു. വേതനത്തില്‍ വലിയ വര്‍ദ്ധനവില്ലാതിരിക്കുകയും ഉള്ള തൊഴില്‍ തന്നെ പലര്‍ക്കും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടമായപ്പോള്‍ വീട് പണയപ്പെടുത്തിയും, വീട് വിറ്റും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. പലര്‍ക്കും അവരെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. 2007 തുടക്കത്തില്‍ തന്നെ സ്ഥിതിഗതികള്‍ വഷളായി തുടങ്ങി 2007 ഓഗസ്‌റ്റ് മാസത്തോടെ സ്ഥിതിഗതികള്‍ ഗുരുതരമായി തകര്‍ച്ചയുടെ അവസ്ഥയിലേയ്ക്കു നീങ്ങി.

അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ കുഴപ്പങ്ങള്‍ അമേരിക്കയില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. എന്തെന്നാല്‍ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ നല്‍കിയ വായ്പകളെ പല രൂപത്തില്‍ പല പേരുകളില്‍ (Collateralised debt obligations [CDO'S] Credit Default Swaps [CDS] തുടങ്ങിയവ ഉദാഹരണം) ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കി. അങ്ങനെ സമാഹരിച്ച പണം കൊണ്ട് വീണ്ടും വായ്പ കൊടുത്തു. അത് വീണ്ടും വിറ്റ് വീണ്ടും പണമുണ്ടാക്കി. അങ്ങനെ പലവുരു ആവര്‍ത്തിച്ച് വന്‍ കട-സാമ്പത്തിക കുമിളകളെ സൃഷ്ടിച്ചു. ഈ സാമ്പത്തിക കുമിളകളുടെ വലിപ്പം ഭയാനകമാണ്. ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സിന്റെ (BIS) കണക്കു പ്രകാരം 2002ല്‍ 100 ട്രില്യന്‍ ഡോളറായിരുന്നു ഇതിന്റെ വലിപ്പമെങ്കില്‍ 2007 ആയപ്പോള്‍ 516 മില്യന്‍ ഡോളറായി വളര്‍ന്നു. ഇത് ഗ്ലോബല്‍ ജി.ഡി.പി യുടെ (50 ട്രില്യന്‍ ഡോളര്‍) പത്തിരട്ടിയാണ്. US GDP (15 ട്രല്യന്‍ ഡോളര്‍) യുടെ 33 ഇരട്ടി. ഇതിന്റെ തകര്‍ച്ചയുടെ പ്രകമ്പനങ്ങളാണ്. നോര്‍ത്തേണ്‍-റോക്ക് എന്ന ഇംഗ്ലണ്ടിലെ ബാങ്ക് തകര്‍ച്ചയിലും മറ്റും കേട്ടത്. തകര്‍ന്ന നോര്‍ത്തേണ്‍ -റോക്കിനെ ദേശസാല്‍ക്കരിച്ചു എന്നത് മറ്റൊരു വൈരുദ്ധ്യം.

അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ യൂറോപ്പിനേയും പിടികൂടിക്കഴിഞ്ഞു. യു.കെ യുടെ സമ്പദ്‌ രംഗം 2008 ല്‍ പിന്നോട്ടടി നേരിടും എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളും, വായ്പകളും പ്രത്യേകിച്ച് ഭവന വായ്പയുമാണ് അമേരിക്കയുടേതെന്ന പോലെ യു.കെ.യുടെയും സാമ്പത്തിക രംഗത്തെ ചടുലമാക്കി നിര്‍ത്തിയിരിക്കുന്നത്. ആ രംഗം കുഴപ്പത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2007 സാമ്പത്തിക വര്‍ഷം യു.കെ യുടെ സാമ്പത്തിക വളര്‍ച്ച വെറും 0.5 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ താഴെയാണിത്. ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളും നല്ല പ്രകടനമല്ല 2007 ല്‍ കാഴ്ച വച്ചത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വില, തകരുന്ന ഡോളര്‍, തകരുന്ന ഭവനവായ്‌പാ മേഖല ഇവയൊക്കെ ചേര്‍ന്ന് യൂറോപ്പും ഒരു സാമ്പത്തിക മുരടിപ്പിലേയ്ക്കു തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഗോള്‍ഡ്‌മാന്‍ സാക്‍സ് ജനുവരി 2008 ല്‍ പുറത്തുവിട്ട ഒരു പഠനത്തില്‍ പറയുന്നത് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ഒരു സാമ്പത്തിക മാന്ദ്യത്തലേയ്ക്കു വഴുതി വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നാണ്. ബാങ്ക് ഓഫ് ജപ്പാന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ തൊഷിരോ മൂട്ടോയും ജപ്പാന്‍ സാമ്പത്തിക രംഗം തളര്‍ച്ചയെ നേരിടാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ പത്തും വര്‍ഷംകൊണ്ട് ജപ്പാനിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തില്‍ 10 ശതമാനത്തോളും ഇടിവു വന്നിട്ടുണ്ട്. അതോടൊപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജവില (Energy price) ഭക്ഷ്യ വസ്തുക്കളുടെ വില ഇവ മൂലം ജപ്പാനിലെ ആഭ്യന്തര ഉപഭോഗം താഴേയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉപഭോഗത്തില്‍ വന്ന ഇടിവ് വൈദേശിക കമ്പോളങ്ങളെ ആശ്രയിക്കാന്‍ ജപ്പാന്‍ വ്യവസായികളെ പ്രേരിപ്പിക്കുന്നു.

അമേരിക്കയിലെയും, യൂറോപ്പിലെയും കുഴപ്പങ്ങളും ഡോളറിന്റെ വിലയിടിവും ഊര്‍ജ്ജ-ഭക്ഷ്യരംഗങ്ങളിലെ വിലക്കയറ്റവും ഏഷ്യന്‍ വിപണികളേയും പിടികൂടിക്കഴിഞ്ഞു. ജപ്പാനീസ് കയറ്റുമതിയെ 50 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. അതിനാല്‍ കയറ്റുമതിയെ ആശ്രയിച്ച് പിടിച്ചു നില്‍ക്കാമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്താകനാണ് സര്‍വ്വ സാധ്യതയും.
ചൈനയും, ഇന്ത്യയും ഈ പ്രശ്നങ്ങളൊന്നും ബാധിക്കാതെ വന്‍വളര്‍ച്ചാ നിരക്കു കൈവരിക്കുകയും ലോക സാമ്പത്തിക വളര്‍ച്ച ഒരു പരിധിവരെയെങ്കിലും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യും എന്നാണ് പ്രതിസന്ധിയുടെ തുടക്കക്കാലത്ത് പല സാമ്പത്തിക ശാസ്ത്രജ്ഞരും വാദിച്ചിരുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ ചൈനയിലും ഇന്ത്യയിലും പോലും അത്ര ആശാസ്യമല്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.

ഇങ്ങനെ ആഗോള ഓഹരിക്കമ്പോളങ്ങളിലും സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകളിലും, തിരിമറികളിലും വന്‍ നഷ്ടവും അപകടവും പതിയിരിക്കുന്നു എന്നു കണ്ട ലോകത്തെ സമ്പന്നര്‍ അവരുടെ ധനമൂലധനം ഓയില്‍ (പെട്രോള്‍, ഡീസല്‍, തുടങ്ങിയവ), സ്വര്‍ണ്ണം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കച്ചവടത്തിലേക്കും അവധി വ്യാപാരത്തിലേയ്ക്കും തിരിച്ചു വിട്ടതിന്റെ ഫലമായി ഈ മേഖലകളില്‍ ലോകമാകെ ഇപ്പോള്‍ വലിയ വിലക്കയറ്റം അനുഭവപ്പെടുകയാണ്. വിലകയറിയതോടെ ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വര്‍ദ്ധിച്ചു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യം ലോകമാകെ ദൃശ്യമാണ്. IMF ലെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് ലോകമാകെ സാമ്പത്തിക മാന്ദ്യം ദൃശ്യമാകുന്ന ഈ അവസരത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല എന്നാണ്. എന്നാല്‍ ധനമൂലത്തിന്റെ ചൂതാട്ടമാണ് ഇവിടെയും പ്രശ്നമെന്ന് നമുക്ക് മനസ്സിലാകും.

ഇങ്ങനെ ലോകത്തിലെ വികസിത അവികസിത രാജ്യങ്ങളിലും, ധന-വ്യാപാര മേഖലകളിലും ഭക്ഷ്യ ഊര്‍ജ്ജ മേഖലകളിലും എല്ലാം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ (BIS) റിപ്പോര്‍ട്ടു പ്രകാരം ഇപ്പോഴത്തെ ലോക സാമ്പത്തിക പരിതസ്ഥിതി 1930 കളിലെ വന്‍ തകര്‍ച്ചയ്ക്കു തൊട്ടു മുന്‍പുള്ള സ്ഥിതിക്കു സമാനമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ധനികരായ 2 ശതമാനം ആള്‍ക്കാര്‍ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 50%വും കയ്യടക്കിയിരിക്കുകയാണ് എന്ന് പല പഠനങ്ങളും കാണിക്കുന്നു. ലോക ആസ്തികളുടെ 40% വും ഒരു ശതമാനം ആള്‍ക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ലോകത്തിലെ പകുതി ജനങ്ങള്‍ക്കാകെ ലഭ്യമാകുന്നത് ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. ഈ ഉച്ചനീചത്വം 1930 കള്‍ക്കു സമാനമാണ്. ഇപ്പോഴത്തെ ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളും 1920 കളിലെ അവസ്ഥയ്ക്കു സമാനമാണ്.

ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച ഈ ചെറിയ കുറിപ്പില്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല.എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുകയാണ്. കമ്പോളം എല്ലാം തീരുമാനിക്കും, കമ്പോളം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കും എന്നു വാദിച്ച കമ്പോള മൌലികവാദികളുടെ (Market fundamentalists) ആശയങ്ങള്‍ക്കാകെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ വൂള്‍ഫ് ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയത് ശ്രദ്ധേയമാണ്. "ഇന്ന് വായ്പാ കമ്പോളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഫൈനാന്‍സ് ക്യാപിറ്റലിസത്തിന്റെ ആംഗ്ലോ-സാക്സണ്‍ (Anglo-Saxon) മാതൃക ഇടപാടുകള്‍ക്കു തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ വായ്പാ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഒരു തകര്‍ച്ചയിലേക്കു നീങ്ങിയാല്‍ കഴിഞ്ഞ ഒരു തലമുറയുടെ രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തിയ നിയോ-ലിബറല്‍ ആശയങ്ങളുടെ അവസാനമായിരിക്കും അത് ''. ഇതു പറയുന്നത് ഇടതുപക്ഷക്കാരനല്ല ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് എന്നതു വളരെ പ്രാധാനമാണ്. നിയോലിബറലിസ്‌റ്റുകള്‍ക്ക് തന്നെ അവരുടെ ആശയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം.

നമുക്ക് ഇങ്ങനെ പറഞ്ഞ് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയിലുംലോകത്താകെയുമുള്ള തൊഴിലാളികള്‍ “മറ്റൊരു ബദലില്ല” [ There is no alternative (TINA)] എന്നു പറഞ്ഞവരോട് സോഷ്യലിസമാണ് ബദല്‍ [Socialism is the alternate (SITA)]എന്ന് ഉറക്കെ പറയേണ്ട അവസരമാണിത്. അതിരൂക്ഷമായ പ്രതിസന്ധിയുടെ അവസരങ്ങളിലാണ് പുത്തന്‍ ആശയങ്ങള്‍ ഉയര്‍ന്നുവരാനും വേരു പിടിക്കാനും പറ്റിയ അവസരം. അങ്ങനെയൊരു കാലമാണിത്.

ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.

-ശ്രീ.ജോസ്.റ്റി.എബ്രഹാം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2007 മദ്ധ്യത്തില്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ക്രമേണ വികസിച്ച് ആഗോള ബാങ്കിംഗ്-സാമ്പത്തിക പ്രതിസന്ധിയായി വളരുകയും 2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളോടെ പ്രശ്നങ്ങള്‍ ഭക്ഷ്യ-ഊര്‍ജ്ജ മേഖലയിലേക്കും പടര്‍ന്നിരിക്കുകയുമാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യപ്രതിസന്ധി ഈജിപ്റ്റ്, ഹെയ്തി, ഫിലിപ്പെന്‍സ്, ബംഗ്ലാദേശ് തുടങ്ങി 33 രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള വന്‍ കലാപങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിതരാജ്യങ്ങളിലും ഇന്ത്യയുള്‍പ്പെടെ പല വികസ്വര രാജ്യങ്ങളിലും കലാപത്തിന്റെ സ്ഥിതി സംജാതമല്ലെങ്കിലും വന്‍വിലക്കയറ്റവും പണപ്പെരുപ്പവും മൂലം സാധാരണജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ആഗോള സാമൂഹിക സാമ്പത്തിക രംഗം നേരിടുന്ന ഈ പ്രതിസന്ധി നമ്മെ 1930കളില്‍ ലോകം നേരിട്ട വന്‍ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു.