നഗരത്തിലെ മൈത്രീനഗര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ 12-ാം നമ്പര്‍ വീട്ടുകാരനായിരുന്നു ടിന്റുമോന്‍. അഞ്ചാംക്ലാസ് വിദ്യാര്‍ഥി. നഗരത്തിലെ രീതിയനുസരിച്ച് സ്കൂള്‍ അവധിക്കാലത്ത് അച്ഛനും അമ്മയും ടിന്റുമോനെ വെക്കേഷന്‍ ക്ലാസില്‍ ചേര്‍ത്തു.
പുതിയ അറിവ്
വെക്കേഷന്‍ ക്ലാസില്‍ യോഗാഭ്യാസം, സ്പോക്കണ്‍ ഇംഗ്ലീഷ്, ഗിറ്റാര്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയോടൊപ്പം ഒരു വിഷയവും കൂടിയുണ്ടായിരുന്നു. 'ഓള്‍ഡ് ഡേയ്സ്'. പഴയകാലങ്ങളിലെ കൌതുകങ്ങള്‍ പരിചയപ്പെടുത്തുക. ക്ലാസെടുക്കാന്‍ വന്ന ടീച്ചര്‍ പറഞ്ഞു. പണ്ട്, മധ്യവേനലവധിക്കാലത്ത് കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും തറവാടുകളില്‍പോകും. ഇളയച്ഛന്‍, കുഞ്ഞമ്മ, ആന്റി, അമ്മായി, അപ്പച്ചന്‍, ഉപ്പാപ്പ, വല്യപ്പച്ചന്‍, അത്താത്ത. വലിയച്ഛന്‍, അപ്പച്ചി... അങ്ങനെയുള്ള ബന്ധുജനങ്ങളുടെ വീടുകളിലും ചെല്ലും. അവധിക്കാലം അവിടെ. അവിടെ കൂട്ടുകാരെ കിട്ടും. മാങ്ങ പറിയ്ക്കാന്‍ മാവില്‍ കയറല്‍, പിടിവിട്ട് താഴെവീഴല്‍, മുട്ടുപൊട്ടല്‍ തുടങ്ങി ആകെ അടിപൊളിമേളം. ടീച്ചര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ടിന്റുമോന്റെ മനസ്സില്‍ ബന്ധുജനങ്ങള്‍ വന്നുനിറഞ്ഞു. വല്യപ്പച്ചന്‍, അമ്മായി, അപ്പച്ചി, ഇളയച്ഛന്റെ അളിയന്‍, മുത്തശ്ശന്റെ അനുജന്റെ ഭാര്യയുടെ അമ്മായി... അങ്ങനെ തനിക്ക് അറിയാന്‍ പാടില്ലാത്ത, താന്‍ കണ്ടിട്ടില്ലാത്ത ബന്ധുക്കള്‍.
പപ്പയും മമ്മയും ഞെട്ടുന്നു.
"പപ്പാ, എന്റെ ബന്ധുക്കള്‍ ആരൊക്കെയാണ്?'' വെക്കേഷന്‍ ക്ലാസ് കഴിഞ്ഞ് വന്നുകയറിയ ടിന്റുമോന്‍ ചോദിച്ച ചോദ്യംകേട്ട് പപ്പയും മമ്മയും ഫേസ് ടു ഫേസ് നോക്കി. എന്നിട്ട് പപ്പ പറഞ്ഞു.
"നിന്റെ ബന്ധുക്കളോ? നിന്റെ ബന്ധുക്കള്‍ ഞാനും നിന്റെ മമ്മയും''.
"അതല്ല, ദാ എനിക്ക് പപ്പയുടെ ബ്രദറിനെ അറിയാം. എന്റെ ഇളയച്ഛന്‍, ഇളയച്ഛന്റെ വൈഫ് - എന്റെ ഇളയമ്മ, ഇളയമ്മേം അറിയാം. അതുപോലെ മമ്മയുടെ സിസ്റ്ററിനെ അറിയാം. ഹസ്‌ബന്റിനെ അറിയാം. തീര്‍ന്നു. അതിനപ്പുറമുള്ള ബന്ധുക്കളെ അറിയില്ല. ടീച്ചര്‍ പറഞ്ഞു. മുമ്പൊക്കെ ഒരുപാട് ബന്ധുക്കളുണ്ട്. ബന്ധുവീടുകളില്‍ പോകും. എനിക്കും ബന്ധുക്കളെ കണ്ടെത്തണം പപ്പാ. അവരോടൊക്കെ സംസാരിക്കണം. ഒരുപാട് റിലേറ്റീവ്സ് ഒക്കെ ഉള്ളത് രസമല്ലേ. ഒരു കാര്യം ചെയ്യാം. തല്‍ക്കാലം ആരെയെങ്കിലും ഒരാളെ - എന്റെ ഇളയമ്മയുടെ ബ്രദറും വൈഫും ആരാണ് - അവരെ ഒന്നുകണ്ടുപിടിച്ചുതരണം പ്ലീസ്.
ഊരാക്കുടുക്കില്‍
പപ്പയും മമ്മയും രാത്രി പരസ്പരം ഇതികര്‍ത്തവ്യഥാമൂഢരായി തലപുകച്ചു. ടിന്റുമോന്‍ പറഞ്ഞത് സത്യമാണ്. ഇപ്പോള്‍ ഫസ്റ്റ് സര്‍ക്കിളിലെ ബന്ധുക്കളെയല്ലാതെ അതിനപ്പുറത്ത് ആര് എന്നത് അറിഞ്ഞുകൂടാ. പണ്ടൊക്കെ "എന്റെ അമ്മാവന്റെ അളിയന്റെ സഹോദരിയെ കെട്ടിയിരിക്കുന്ന ആളിന്റെ നേരെ അനിയന്‍'' എന്നൊക്കെ പരിചയപ്പെടുത്തലുകള്‍ സുലഭമായിരുന്നു. ഇന്നിപ്പോള്‍ മുറകള്‍ തെറ്റിപ്പോകുന്നു. മുറയ്ക്ക് അമ്മാവാ എന്ന് വിളിക്കേണ്ട ആളിനെ ചേട്ടാ എന്നു വിളിക്കുന്നു. വല്യപ്പനെ അങ്കിള്‍ എന്നുവിളിക്കുന്നു. കുഞ്ഞമ്മയെ ചേച്ചി എന്നുവിളിക്കുന്നു. "എന്നെ അറിഞ്ഞൂടേടേ'' എന്ന് ഏതെങ്കിലും കാരണവന്മാര്‍ ചോദിച്ചാല്‍ വിഷയം മാറ്റേണ്ടിവരുന്നു. മുറ അറിയാന്‍ വയ്യാത്തകാലം. ഏതായാലും ടിന്റുമോന്‍ കണ്ണുതുറപ്പിച്ചു. "എന്റെ അനിയന്റെ ഭാര്യയുടെ സഹോദരനും വൈഫും ആരാണ് എന്നു കണ്ടുപിടിക്കണം. അനിയന്റെ ഭാര്യയുടെ സഹോദരനും ഭാര്യയും ബാംഗ്ലൂരില്‍ ആയിരുന്നൂന്ന് കേട്ടിട്ടുണ്ട്. അവര്‍ നാട്ടില്‍ വരുമെന്നും പറഞ്ഞിരുന്നു. അനിയന്റെ ഭാര്യയെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അനിയന്‍ മനസ്സിലേക്കുവരുന്നത്. ശ്ശെടാ തിരക്കിനിടയില്‍ അവനെ നേരേചൊവ്വേ ഒന്നു കണ്ടിട്ടും മാസങ്ങളാകുന്നു. അമ്മാവനെ അവസാനം കണ്ടത് ഏതോ കല്യാണത്തിന്. അമ്മായിയെ... ഇല്ല... രണ്ടുവര്‍ഷത്തിനിപ്പുറം കണ്ടിട്ടില്ല. ടിന്റുമോന്റെ പപ്പ ആകെ അസ്വസ്ഥനായി. കണ്ടുപിടിക്കണം. ബന്ധുക്കളെ കണ്ടുപിടിക്കണം. ടിന്റുമോന് ഒരു വേനലവധിക്കളിതന്നെയാകട്ടെ. ബന്ധുക്കളെ കണ്ടുപിടിക്കല്‍ കളി. നാളെ നാട്ടിലേക്കുപോണം. മാക്സിമം ബന്ധുക്കളെ കാണണം. ഓര്‍മകള്‍ മാക്സിമം സമയമെടുത്ത് അയവിറക്കണം.
അനിയനെ കണ്ടെത്തുന്നു
രാവിലെ ടിന്റുമോനും പപ്പയും കുളിച്ചു തയ്യാറായി. ബന്ധുജനങ്ങളെ കണ്ടുപിടിക്കല്‍ എന്ന അത്യാഹ്ലാദകരവും അതിസാഹസകരവുമായ വേനലവധിക്കളിയിലേക്ക് അവര്‍ കാല്‍വയ്ക്കുകയാണ്.
മമ്മ പറഞ്ഞു "ഒരു കാര്യം ചെയ്യ്. ആദ്യം അനിയനെ വിളിക്ക്. അവന് ചിലപ്പോള്‍ അറിയാന്‍ പറ്റിയേക്കും ആരൊക്കെ എവിടൊക്കെ താമസിക്കുന്നൂന്ന്''.
അപ്പോഴാണ് പപ്പ ഓര്‍ത്തത്. അനിയനെ വിളിച്ചിട്ടും മാസങ്ങളായി. അവനിപ്പോള്‍ പഴയ സ്ഥലത്തുതന്നെയാണോ താമസിക്കുന്നത്. ഏതായാലും വിളിച്ചു കളയാം. നമ്പര്‍ തപ്പിയെടുത്തു വിളിച്ചു.
"ഹലോ ജെയിംസേ...''
"ങാ.. ജെയിംസാ... ആരാ സംസാരിക്കുന്നെ...''
"ഞാന്‍ നിന്റെ ഏട്ടനാടാ...''
"അയ്യൊ... ഏട്ടന്റെ ശബ്ദം കേട്ടിട്ട് പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. ശ്ശൊ. കണ്ടിട്ടും സംസാരിച്ചിട്ടുമൊക്കെ കുറച്ചു ദിവസങ്ങളായില്യോ... ഇപ്പോ ടൂറാ ഏട്ടാ... ഒന്നിനും ഒരു സമയോമില്ല...''
"എന്റെ കാര്യവും അങ്ങനെതന്നെടാ...''
"അതിരിക്കട്ടെ ഏട്ടന്‍ എന്തിനാ വിളിച്ചത്...''
"പറഞ്ഞാല്‍ തമാശയാ. ടിന്റുമോനെ വെക്കേഷന്‍ ക്ലാസില്‍ ചേര്‍ത്ത്...''
"അതിരിക്കട്ടെ ടിന്റുമോന്‍ ഇപ്പോ എത്രേലാ...''
"ഇനി ആറില്. നിന്റെ മൂത്തയാള്....''
"മൂത്തയാളോ... എനിക്ക് ഒരാളല്ലേ ഉള്ളൂ. ഇനി നാലില്...''
"നാലിലായോ... ശ്ശൊ... ഒന്നും അറിയുന്നില്ല. ങാ ടിന്റുമോന്‍ വെക്കേഷന്‍ ക്ലാസീന്നു വന്നപ്പോ ഒരാവശ്യം മുന്നോട്ടുവച്ചു. അവന് അവന്റെ ബന്ധുക്കളെയൊക്കെ ഒന്നു കാണണം. അവന്‍ തമാശപോലെയാ പറഞ്ഞെ. ഞാനതങ്ങ് സീരിയസ്സായിട്ടെടുത്തു. ആദ്യം നിന്റെ അളിയനേം ഭാര്യേം ഒന്നു വിശദമായി പരിചയപ്പെട്ട് തുടങ്ങാന്നു തന്നെ തീരുമാനിച്ചു. ബന്ധങ്ങളൊക്കെ ഒന്നു ബലപ്പെടുത്തണം. അവര്‍ എവിടാടാ താമസിക്കുന്നെ?''
"അവരിപ്പോ എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടില്‍ തന്നെയുണ്ട്''.
"അതുകൊള്ളാലോ.. അതിരിക്കട്ടെ... നീ ഇപ്പോഴും മുമ്പ് താമസിച്ചിരുന്ന ആ വീട്ടില്‍ തന്നെയല്ലേ. അല്ല. ഞാനൊരിക്കലേ വന്നിട്ടുള്ളൂ...''
"അവിടുന്ന് ഞാന്‍ ഒരെട്ടുമാസം മുമ്പ് മാറി.കമ്പനി മാറിയപ്പോ വീടും മാറി''.
'ഓ കമ്പനിയും മാറിയോ. അതിരിക്കട്ടെ, ഇപ്പോ എവിടാ താമസിക്കുന്നെ?''
"ഇപ്പോ മൈത്രീ നഗറില്...''
"മൈത്രീ നഗറിലോ... ഞാനും മൈത്രീനഗറിലാണല്ലോ... മൈത്രീ നഗറില്‍ എത്രാം വീടാ..''
"നമ്പര്‍ പതിമൂന്ന്...''
"നമ്പര്‍ പതിമൂന്നിലോ...''
എടാ ഞാന്‍ നമ്പര്‍ പന്ത്രണ്ടിലാ..''
അപ്പുറത്തെ മതിലില്‍നിന്ന് അതാ അനിയന്റെ തല ഉയരുന്നു. ഇപ്പുറത്തെ ജ്യേഷ്ഠനെ നോക്കുന്നു.
വെക്കേഷന്‍ കാലത്ത് പഠിക്കുന്ന ഒരു പാഠങ്ങളുടെ സന്തോഷത്തില്‍ ടിന്റുമോന്‍ നിന്നു.
- കൃഷ്ണപൂജപ്പുര
7 comments:
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന...
വിഷയം തമാശയായി തള്ളികളയാനോന്നും പറ്റില്ലല്ലോ ..നമ്മുടെ ചുട്ടുവട്ടം തന്നെ ഈ പോസ്റ്റ്
അതിലെ നര്മത്തിന്റെ കഷ്ണം അവിടെ ഇരിക്കട്ടെ. ആ കാര്യം ശരിക്കും ഒരു കാര്യം തന്നെയാ.
വേനലവധിയിലെ ആ കാത്തുകാത്തിരുന്നു അവര് എത്തുമ്പോള് ഉള്ള സന്തോഷം. തിരിച്ചു പോകുന്നതിനു മുന്നത്തെ ദിവസങ്ങളെ ആ നെടുവീര്പ്പുകള്. :)
അണുകുടുംബം വീടിനേക്കാള് മനസിനെയാണ് അണു തുല്യമാക്കിയത്. ജീവിതത്തിന്റെ ഒറ്റപ്പെടലുകള് ഇതു കൊണ്ടൊക്കെ തന്നെയാണ്.
ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ ആ ജീവിതത്തിലേക്ക്?
നര്‍മ്മത്തില്‍ ചാലിച്ചതെങ്കിലും ഒരു വലിയ സത്യം പറഞ്ഞിരിക്കുന്നു.
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന.......
ചില സത്യങ്ങൾ...
അതിമനോഹരം..
ഇത് ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ സാധിക്കില്ല. അത്രയ്ക്കും കേമമായിട്ടുണ്ട്.
കാര്യമുള്ള നര്‍മ്മ ഭാവന.
Post a Comment