Monday, May 26, 2008

ക്രിസ്തുവില്‍ നിന്ന് സഭയിലേയ്ക്കുള്ള ദൂരം

എത്ര ക്രിസ്ത്യാനികള്‍ ബൈബിള്‍ വായിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് എന്ത് പ്രസക്തി എന്ന് തോന്നാമെങ്കിലും, ബൈബിള്‍ ഒരു ചടങ്ങിനുപോലും വായിക്കാത്തവരും, ചടങ്ങിന് മാത്രം വായിക്കുന്നവരും, സ്വന്തം ആശയക്രമങ്ങളെ സാധൂകരിക്കാനായി അവിടന്നും ഇവിടന്നും തെരഞ്ഞെടുത്തു വായിക്കുന്നവരും ഒക്കെയാണ് അധികവും. ഒരു ചെറിയ ന്യൂനപക്ഷമാണ് ഏത് മതഗ്രന്ഥവും സമഗ്രതയോടെ വായിക്കുന്നത്. അവര്‍ പൊതുവെ സൌമ്യരും സാമൂഹികമര്യാദകള്‍ പാലിക്കുന്നവരും ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ ഈ ചെറിയ കൂട്ടര്‍ക്ക് മതത്തിന്റെ നടത്തിപ്പില്‍ വലിയ പങ്കുകാണില്ല. അതുകൊണ്ടുതന്നെ മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയ സൌഹൃദത്തിന്റെ ലോകത്തെ ഇന്നത്തെ മതനേതാക്കള്‍ മാനിക്കുന്നില്ല.

മതത്തില്‍നിന്ന് അതിന്റെ സദ്ചിന്തകള്‍ ചോര്‍ന്നുപോയാല്‍, ഏതുമതവും ഭീകരപ്രസ്ഥാനമാവും എന്ന് സമകാലീനലോകം നമുക്ക് കാണിച്ചുതരുന്നു. ഇന്ത്യയില്‍ മതങ്ങളാവട്ടെ ഏറ്റവും നല്ല വ്യവസായമാണ് മതം എന്നുകൂടി നമ്മുക്ക് കാണിച്ചുതരുന്നു. താമസിയാതെ ലാഭകരമായ വ്യവസായം എന്ന നിലയില്‍ കുത്തകഭീമന്മാര്‍ മതങ്ങളെ ഹൈജാക്ക് ചെയ്തേക്കാം. ഇന്ത്യയില്‍ നഷ്ടത്തിലോടുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. പക്ഷേ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രമോ, പള്ളിയോ ഇല്ല.

ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മതത്തില്‍നിന്ന് ഒരാള്‍പോലും കൊഴിഞ്ഞുപോകാതിരിക്കാന്‍ മതങ്ങള്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എന്നിട്ടും ലോകമെമ്പാടും മതങ്ങളിലെ സജീവ അംഗസംഖ്യ കുറയുന്നുമുണ്ട്. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും പേര് പറഞ്ഞ് എല്ലാ മതങ്ങളും സ്വന്തം മതത്തില്‍ ആളെക്കൂട്ടാന്‍ പാടുപെടുന്നു. അല്ലെങ്കില്‍ എതിര്‍മതങ്ങളിലെ അംഗസംഖ്യ കുറയ്ക്കാന്‍ ശ്രമിക്കുന്നു. നിലനില്‍പ്പിന്റെ, ലാഭേഛയുടെ രാഷ്ട്രീയമാണത്. ഈ അങ്കലാപ്പുകളില്‍ ഏറ്റവും അധികം മുറിവേല്‍ക്കുന്നത് ദൈവങ്ങള്‍ക്കുതന്നെയാണ്. മതത്തെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഒരു അടയാളം മാത്രമാണ് ദൈവം.

ക്രിസ്ത്യന്‍ സഭയെ മാത്രം പഠിച്ചാല്‍ മതവും ക്രിസ്തുവുമായുള്ള അകല്‍ച്ച വ്യക്തമാവും. ക്രിസ്തു പുരോഹിത പക്ഷത്തോ സാധാരണക്കാരന്റെ പക്ഷത്തോ എന്ന പഴയ ചോദ്യവും എല്ലാ കാലത്തും അതിന് കിട്ടിയ ഉത്തരവും നോക്കുക. മനുഷ്യന്‍ മൃഗമായാല്‍ മൃഗത്തേക്കാള്‍ അധഃപതിക്കും എന്ന് പറഞ്ഞത് ബര്‍ട്രാന്‍ഡ് റസ്സലാണ്. മൃഗത്തെപ്പോലും മനുഷ്യനാക്കാന്‍ അവതരിച്ച മതങ്ങളുടെ അനുയായികള്‍ അധഃപതനത്തിന്റെ സ്വയംരൂപങ്ങളായി ചരിത്രത്തില്‍ മാറുകയും മൃഗീയ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ മതങ്ങളും ഏഷ്യന്‍ മതങ്ങളും ഈ കാര്യത്തില്‍ വ്യത്യസ്തമല്ല.

മതങ്ങള്‍ അവയുടെ ചരിത്രയാത്രകള്‍ക്കിടയില്‍ ആദ്യം ചെയ്തിട്ടുള്ളത് അവയുടെ സ്ഥാപനദൌത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സ്ഥാപകരുടെ ഉദ്ദേശ്യശുദ്ധിയില്‍ നിന്ന് മാറി സഞ്ചരിക്കുകയുമാണ്. നിലനില്‍പ്പിന്റെ രാഷ്ട്രീയമെന്ന് ഇതിനെ നിരീക്ഷിക്കാം. മതഗ്രന്ഥങ്ങളുടെ വിശാലവീക്ഷണത്തില്‍നിന്ന്, സ്വന്തം സാമ്പത്തികനിലനില്‍പ്പിനും പൌരോഹിത്യ മേധാവിത്വത്തിനും ഇണങ്ങുന്നവയെ മാത്രം കണ്ടെത്തി സൂക്ഷിക്കുകയും കാലാന്തരത്തില്‍ അവയെ വളച്ചൊടിച്ച് അതാണ് ആന്ത്യന്തിക സത്യം എന്ന രീതിയില്‍ അനുയായികളെ പഠിപ്പിക്കുകയും ചെയ്യുന്നു. മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനവ സംസ്കൃതിയുടെ വീക്ഷണങ്ങളെ മതങ്ങള്‍ ക്രമേണ ഉപേക്ഷിക്കുന്നു. മതചരിത്രത്തിലെ പുതിയ നേതൃത്വം മതഗ്രന്ഥങ്ങളെ പൂര്‍ണമായും മാറ്റിയ സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.

ക്രിസ്തുവും ക്രൈസ്തവ സഭകളുമായുള്ള ബന്ധത്തില്‍ ഇത് നൂറുശതമാനവും ശരിയാണ്. ക്രിസ്തു യഥാര്‍ഥത്തില്‍ ഒരു മതവും സ്ഥാപിച്ചില്ല എന്നതാണ് സത്യം. എല്ലാ ചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന, അതിലുപരി പീഡിതന്റെയും അടിമയുടെയും കൂടെ നില്‍ക്കുന്ന, സ്നേഹാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയായിരുന്നു ക്രിസ്തു മുന്നോട്ടുവെച്ചത്. "എന്റെ രാജ്യം ഐഹികമല്ല'' എന്ന് അതേ സമയം ക്രിസ്തു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഭൌതികമായതിനെ ക്രിസ്തു നിരാകരിക്കുന്നത് ഭൌതികതയുടെയും ആത്മീയതയുടെയും മറവിലെ തെറ്റുകള്‍ തുറന്നുകാട്ടാനാണ്.

വിശുദ്ധ പൌലോസിന്റെ കാലത്ത്, ഏകദേശം എ ഡി 64ലാണ് അന്ത്യോക്യയില്‍വെച്ച് ക്രിസ്തുവിന്റെ അനുയായികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേര് വന്നത് (അപ്പോ- പ്രവൃത്തി, 11-26). വാമൊഴി പ്രചാരണങ്ങളില്‍ നിന്ന് ജാംത്തിയ കൌണ്‍സില്‍ പഴയ നിയമം രൂപപ്പെടുത്തുന്നത് ഒന്നാം നൂറ്റാണ്ടിലാണ് എന്ന് കരുതുന്നു. പുതിയ നിയമം മൂന്നാം നൂറ്റാണ്ടിലും. അതിനുശേഷം നിരവധി എഡിഷനുകളും ഭാഷയും ശൈലിയും ബൈബിളിനുണ്ടായെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ബൈബിള്‍ ചിന്തയില്‍ വന്നില്ല. പക്ഷേ ബൈബിളിനെ അടിസ്ഥാനമാക്കി നിയമങ്ങള്‍ രൂപപ്പെടുത്തിയ സഭ, അവ നടപ്പാക്കിയപ്പോള്‍ സ്വന്തം ഇച്ഛക്കാണ് പ്രധാന്യം കൊടുത്തത്.

ക്രിസ്തുവീക്ഷണത്തില്‍ സഭ ക്രിസ്തുവിന്റെ ശരീരമാണ്. തല ക്രിസ്തുവും. അതുകൊണ്ടുതന്നെ ക്രിസ്തുവീക്ഷണങ്ങള്‍ നടപ്പിലാക്കുകയാണ് ശരീരമാവുന്ന സഭയുടെ ദൌത്യം. പക്ഷേ ക്രൈസ്തവ ചരിത്രത്തില്‍ ആദ്യത്തെ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ വരെ മാത്രമേ ക്രിസ്തുകേന്ദ്രീകൃത സഭ നിലനിന്നുള്ളൂ. എ സി 394ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റൈന്റെ കാലത്ത് റോമിന്റെ ഔദ്യോഗിക മതമായി ക്രിസ്ത്യന്‍സഭയെ പ്രഖ്യാപിച്ചതുമുതല്‍ ആത്മീയതയില്‍ രാഷ്ട്രീയം കുടുങ്ങുകയും, അധികാര കേന്ദ്രങ്ങളെ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഉപകരണമായി സഭ മാറുകയും ചെയ്തു. പാപച്ചീട്ടുവില്‍പ്പന മുതല്‍ കുരിശുയുദ്ധംവരെ, അധികാര പ്രമത്തത ബാധിച്ച ക്രിസ്തുരഹിതസഭയുട ഉല്‍പ്പന്നങ്ങളാണ്. ക്രിസ്തു ഒരു യുദ്ധവും ഉണ്ടാക്കാന്‍ പറഞ്ഞില്ല; പകരം സ്നേഹത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ഇന്ന് ക്രൈസ്തവ നേതൃത്വംക്രിസ്തുവിനെയും അദ്ദേഹത്തിന്റെ വീക്ഷണങ്ങ ളെയും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

ക്രിസ്തുസ്വഭാവവും സഭയുടെ സ്വഭാവവും

ക്രിസ്തുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്തുചെയ്യണമെന്ന് യോഹന്നാന്‍ പറയുന്നുണ്ട്. അവനില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവന്‍, അവന്‍ നടന്നതുപോലെ നടക്കേണ്ടതാവുന്നു. (1- യോഹ-2-6) അപ്പോള്‍ ഭൂമിയില്‍ ക്രിസ്തു എങ്ങനെ നടന്നു, എന്തെല്ലാം കര്‍മങ്ങളില്‍ ഏര്‍പ്പെട്ടു, എന്തെല്ലാം ആഹ്വാനം ചെയ്തു എന്നെല്ലാം സഭ തിരിച്ചറിയുകയും അതുപോലെ നടക്കുകയും ചെയ്യേണ്ടതുണ്ട്. സഭ, സ്വന്തം പ്രവര്‍ത്തനങ്ങളുടെ ന്യായാന്യായങ്ങളെ ക്രിസ്തുവീക്ഷണത്തില്‍ വിശകലനം ചെയ്യുന്നതിന്, ക്രിസ്തുവിന്റെ ജീവിതദര്‍ശനങ്ങളിലൂടെ മനഃശാസ്ത്രപരമായി ഒരു യാത്ര നടത്തേണ്ടതുണ്ട്. ആധുനിക സഭ ക്രിസ്തുവില്‍നിന്ന് എത്ര അകലെയാണെന്നാണ് ഈ സഞ്ചാരം പലപ്പോഴും ബോധ്യപ്പെടുത്തുന്നത്. തന്നെ അറിയേണ്ടതുപോലെ ആരും അറിയുന്നില്ലെന്ന്, തന്റെ ഐഹിക ജീവിതകാലത്തുതന്നെ ക്രിസ്തു പരിഭവിക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം നടന്നവര്‍തന്നെ വ്യത്യസ്തവീക്ഷണകോണിലൂടെയാണ് ക്രിസ്തുവിന്റെ അസ്തിത്വത്തെ ദര്‍ശിച്ചത്. ചിലര്‍ മോശയെന്നും ചിലര്‍ ഏലിയാവെന്നും ചിലര്‍ പ്രവാചകശിഷ്യന്മാരില്‍ ഒരാളെന്നും ക്രിസ്തുവിനെ തെറ്റിദ്ധരിക്കുന്നതായി മാര്‍ഗ് 8-28, 29- ല്‍ പറയുന്നുണ്ട്.

ക്രിസ്തുവിന്റെ സ്വഭാവവും, സഭയുടെ സ്വഭാവവും എക്കാലത്തും രണ്ടായിരുന്നു. ക്രിസ്തുവിനെ പിടിച്ച് അവര്‍ ആണയിടും. എല്ലാ പള്ളിയും ആചാരങ്ങളും സഭയും ആഘോഷവും പെരുന്നാളും എല്ലാം അവനുവേണ്ടിയാണ്. പക്ഷേ അവനുമായി അതിനൊന്നും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. യുക്തിഭദ്രമായ കാര്യങ്ങളെപ്പോലും സഭ കടുംപിടുത്തത്തിന്റെ പേരില്‍ നിരാകരിച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ എത്രയോ കാണാം.

ക്രിസ്തുസ്വഭാവത്തിന്റെ ഒരു രീതിയെക്കുറിച്ച് അപ്പോസ്തല പ്രവൃത്തി 10-38 ല്‍ പറയുന്നുണ്ട്. അവന്‍ ജീവിതം മുഴുവന്‍ നന്മചെയ്ത് സഞ്ചരിക്കുന്നു എന്ന്. പള്ളിയിലെ ഒരു പ്രത്യേക വിഭാഗത്തോടോ, ഒരു ഗ്രൂപ്പിനോടോ മാത്രം കാണിക്കുന്ന നന്മയല്ല, എല്ലാവരോടും എല്ലാ കാലത്തും ഉള്ള നന്മയുടെ ഇടപെടലാണ് ക്രിസ്തു. സഭയില്‍ പക്ഷേ ഇത് സംഭവിക്കുന്നില്ല. പള്ളിയിലും സംഭവിക്കുന്നില്ല. അവിടെയല്ലാം ആചാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം സംഭവിക്കുന്നു.

സത്യത്തെ തിരിച്ചറിയലാണ് യഥാര്‍ഥ നന്മയെന്ന് ഒരു വിധവയുടെ കൊച്ചുകാശിന്റെ കഥയിലൂടെ യേശു സമര്‍ഥിക്കുന്നുണ്ട് (ലൂക്ക് 21-1-4). ഇവിടെ ഒരു വിധവ രണ്ട് കാശ് ഭണ്ഡാരത്തില്‍ ഇട്ടപ്പോള്‍ എല്ലാവരേക്കാളും അധികം ദാനംചെയ്തത് ആ വിധവയാണെന്ന് ക്രിസ്തു പറയുന്നു. നിങ്ങള്‍ എന്ത് ദാനംചെയ്തു എന്നതല്ല വിഷയം, ദാനം ചെയ്തതിന് ശേഷം എന്ത് ബാക്കിയുണ്ട് എന്നുള്ളതാണ്. സമ്പന്നനെ പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിക്കുകയും സാധുവിനെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ നീതിബോധമാണ് ക്രിസ്തു ഇതിലൂടെ അവതരിപ്പിച്ചത്.

ഇതായിരുന്നു ക്രിസ്തുവിന്റെ സാമൂഹ്യവീക്ഷണം. പക്ഷേ സഭ ഇതിനെ അംഗീകരിക്കുന്നില്ല. എന്തുകൊണ്ടാണ് ന്യൂനപക്ഷമെന്നപോലെ സാധുപക്ഷമെന്നോ ദരിദ്രപക്ഷമെന്നോ സഭ പറയാത്തത്.

ക്രിസ്തുവിന്റെ വീക്ഷണം വേര്‍തിരിവ് ഇല്ലാത്തതായിരുന്നു. അവന്റെ അരികിലേക്ക് അന്നത്തെ എല്ലാ ജാതിയിലുള്ളവരും-യവനന്‍, ശമര്യക്കാരന്‍', യഹൂദന്‍, കുഷ്ഠരോഗി, ഭൂതഗ്രസ്തര്‍, കരംപിരിവുകാര്‍, വേശ്യകള്‍, പീഡിതര്‍, കുട്ടികള്‍- വന്നു. വിവേചനമില്ലാത്ത ഈ സമീപനമാണ് ക്രിസ്തുവിനെ സോഷ്യലിസ്റ്റായി അവതരിപ്പിക്കുന്ന ലിബറേഷന്‍ തിയോളജിയുടെ കാതലായി വന്നത്. നന്മചെയ്തു സഞ്ചരിക്കുമ്പോള്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ഒന്നും പിടിച്ചുവെക്കേണ്ടതുമില്ല. അവധൂതന്റെ ജീവിതമാണത്. ഇന്നത്തെ സഭ ഈ അവധുതമനസ്സില്‍നിന്ന് അകലെയാണ്.

പാപികളെ, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ, അശരണരെ, ബഹിഷ്കൃതരെ സ്നേഹിക്കുന്നതാണ് ക്രിസ്തുസ്വഭാവത്തിന്റെ പ്രത്യേകത(ലൂക്ക് 5-32). സമ്പന്നരോടും, ചൂഷകരോടും പരീശന്മാരോടും അധികാരികളോടും യേശു കൂറു പ്രഖ്യാപിച്ചില്ല. അവരുടെ മുഖത്തുനോക്കി സര്‍പ്പസന്തതികളേ എന്ന് വിളിച്ചു. പക്ഷേ ഇന്നത്തെ സഭയുടെ ചങ്ങാതിമാര്‍ അബ്കാരികളും മുതലാളിമാരുമാണ്. സഭ തന്നെ സ്വയമൊരു മുതലാളിയാണ്. സ്വയം വലിയവരാകുന്നതോടെ ക്രിസ്തുദര്‍ശന ത്തില്‍ അവര്‍ ചെറുതായിപ്പോവുന്നു. അതോടെ ക്രിസ്തു, സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. തന്നെത്താന്‍ വലിയവനാക്കുന്നവനൊക്കെ ചെറുതാക്കപ്പെടും എന്നും, സ്വയം ചെറുതാവുന്നവനെയാണ് അവന്‍ മാനിക്കുന്നതെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്.

ആദിമസഭ

ആദിമസഭയെക്കുറിച്ചുള്ള ആധികാരിക രേഖയാണ് അപ്പോസ്തല പ്രവൃത്തികള്‍. ഇത് ക്രിസ്തുവിന്റെ അനുയായിയും വൈദ്യനുമായിരുന്ന ലൂക്ക് എഴുതിയതാണെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിന്റെ സാമൂഹ്യവീക്ഷണങ്ങള്‍ ആദിമസഭയില്‍ തളിരിട്ടിരിക്കുന്നു. ഒരു പക്ഷേ സഭയുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് ക്രിസ്തു സന്തോഷിച്ചത് ഈ സമയത്ത് മാത്രമാവാം. പത്മോസ് ദ്വീപില്‍വെച്ച് യോഹന്നാന് വെളിപാടുണ്ടായപ്പോള്‍ സഭാപ്രവര്‍ത്തനങ്ങളുടെ നീതിരാഹിത്യത്തെക്കുറിച്ച് ക്രിസ്തു വിലപിക്കുന്നതായി പറയുന്നു. സ്വപ്രവര്‍ത്തനങ്ങളുടെ കാപട്യത്തില്‍ തകര്‍ന്നുപോകുന്ന ഒന്നായി സഭ ഇവിടെ അവതരിക്കുന്നു.

ആദിമസഭ തികഞ്ഞ സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ ഉടലെടുത്തതായിരുന്നു. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസവും പുതിയ ആകാശവും, പുതിയ ഭാവിയും വാഗ്ദാനം ചെയ്ത ക്രിസ്തുവിന്റെ യഥാര്‍ഥ സത്ത സഭ ഇവിടെ ഉള്‍ക്കൊള്ളുന്നു. എല്ലാ വിശ്വാസികളും തങ്ങളുടെ സ്വത്തിനെ പൊതുമുതലെന്ന് എണ്ണുകയും തങ്ങളുടെ സ്വകാര്യസ്വത്ത് വിറ്റുകിട്ടുന്ന പണം പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. (അപ്പോ. പ്രവൃത്തി4)

ആദിമ സഭയുടെ ഈ ദൃഷ്ടാന്തത്തെ പിന്നീടു വന്ന സഭ ഉപേക്ഷിച്ചു എന്ന് മാത്രമല്ല, സമ്പന്നരുടെ സ്വത്തിനുമേല്‍ പണിതുയര്‍ത്തപ്പെട്ട സാമൂഹ്യസംഘടനകളായി സഭ മാറുകയും ചെയ്തു. ക്രിസ്തു സൈഡ്‌ലൈന്‍ ചെയ്യപ്പെട്ട സഭയില്‍ പുണ്യാളന്മാരും വാഴ്ത്തപ്പെട്ടവരും ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ക്രിസ്തുവിനേക്കാള്‍ വലിയവരായി പോപ്പുമാരും സഭാ നേതൃത്വവും മാറുന്നതാണ് പിന്നീട് കണ്ടത്. സെന്റ്പോള്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് (1 തിമോത്തി 1-3). പക്ഷേ നേതൃത്വം അത് കാര്യമാക്കിയില്ല.

അനന്യാസ്- സഫീര ദമ്പതിമാര്‍ സഭക്കുവേണ്ടി പാവങ്ങള്‍ കൊടുത്ത സ്വത്തില്‍ നിന്ന് സ്വന്തം ആവശ്യത്തിനെടുക്കുമ്പോള്‍, അവരുടെ മേല്‍ ദൈവകോപം വീഴുന്നതിനെക്കുറിച്ച് അപ്പോസ്തലപ്രവൃത്തിയില്‍ പറയുന്നുണ്ട്. ഈ മാനദണ്ഡം വെച്ച് നോക്കിയാല്‍ ആധുനികസഭകളുടെ മേല്‍ എപ്പോഴേ ദൈവകോപം വീഴേണ്ടതാണ്. മതം അധികാരവും ആഡംബരവുമായി ആദിമസഭക്കുശേഷം മാറ്റപ്പെട്ടു. വിശ്വാസികള്‍ പാപംചെയ്തോട്ടെ, ഓരോ പാപത്തിനും നിശ്ചിത ഫീസ് അടച്ച് ക്ഷമയാചിക്കാം എന്ന നിലയിലേക്ക് സഭയുടെ അധികാരഭ്രമം വീണുപോവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അതോടെ ക്രിസ്തു സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആ സ്ഥാനത്തേക്കാണ് പരശ്ശതം പുണ്യാളന്മാര്‍ ചേക്കേറിയത്. ഓരോരുത്തര്‍ക്കും വേണ്ടി പള്ളികളും ആഘോഷങ്ങളും ആഡംബരങ്ങളും മത്സരബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടു.

യഹൂദന്റെ കപടഭക്തിക്കെതിരെയും ജീവിതവും ആത്മീയതയുമായുള്ള പൊരുത്തക്കേടുകള്‍ക്കെതിരെയുമാണ് ക്രിസ്തു ക്രൂശുമരണത്തോളം പോരാടിയത്; അതിനുശേഷം ക്രൈസ്തവസഭയുടെ ഇരട്ട മുഖത്തോടും. സുഖജീവിതത്തിനും ആഡംബരജീവിതത്തിനും മതത്തേക്കാള്‍ പറ്റിയതായി മറ്റൊന്നില്ലാ എന്ന് ലോകത്തിലെ എല്ലാ മതങ്ങളും കാണിച്ചുതന്നിട്ടുണ്ട്.

പിതാവിന്റെ ഇഷ്ടം

ദൈവം എന്ന പിതാവിന്റെ ഇഷ്ടത്തോട് ഏകീഭവിക്കുകയായിരുന്നു ക്രിസ്തുവിന്റെ ജീവിതം മുഴുവനും. പ്രവാചകശബ്ദത്തിന്റെ പൂര്‍ത്തീകരണമായിട്ടാണ് ക്രിസ്തുജന്മത്തെ ബൈബിള്‍ അവതരിപ്പിക്കുന്നത്. ഇത് പലപ്പോഴും ക്രിസ്തു സമ്മതിക്കുന്നുമുണ്ട്(യോഹ. 5.30). അതുകൊണ്ടുതന്നെ പിതാവിന്റെ ഇഷ്ടത്തോട് വിധേയപ്പെടുക എന്ന സമ്പൂര്‍ണ അനുസരണമാണ് ക്രിസ്തു കാണിച്ചത്. ഞാന്‍ പിതാവിന്റെ അരികില്‍ കണ്ടതെല്ലാമാണ് ഇവിടെ പറയുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. പറുദീസയെക്കുറിച്ചുള്ള ഒരു സങ്കല്പവും ഇവിടെ വരുന്നുണ്ട്. പറുദീസ എന്നാല്‍ എല്ലാവരും തുല്യതയോടെ കഴിയുന്നിടമാണെന്ന് ക്രിസ്തുഭാഷ്യം. ഇത്തരം അനുഭവങ്ങള്‍ക്കും പിതാവിന്റെ നീതിബോധത്തിനും എതിരായിരുന്നു അന്നത്തെ അധികാരവര്‍ഗമായ പരീശന്മാരും ശാസ്ത്രിമാരും. അതുകൊണ്ടുതന്നെ ഭയംകൂടാതെ ആ അധികാരവര്‍ഗത്തോട് ക്രിസ്തു എതിര്‍ത്തുനിന്നു. "നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ'' എന്നാണ് ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥന. ഈ പ്രാര്‍ഥനയിലെ സാമൂഹ്യബോധം പരീശന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇന്ന് വെറുതെ ഈ പ്രാര്‍ഥന ചൊല്ലുന്ന സഭക്കും അതിന്റെ ആന്തരികസത്ത അനുഭവമാവുന്നില്ല.

ഞാനും പിതാവും ഒന്നാണ് എന്ന് ക്രിസ്തു പറയുന്നത് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും സാമൂഹ്യചിന്തകള്‍ ഒന്നാണ് എന്ന അര്‍ഥത്തിലാണ്. അശരണരോടും മാനവവംശത്തോടുമുള്ള നീതിയില്‍ അധിഷ്ഠിതമായ മനോഭാവം. തിബര്യാസ് കടലിന്റെ തീരത്ത് ക്രിസ്തുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വന്നവര്‍ വിശന്നിരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ ക്രിസ്തു പ്രഭാഷണം നിര്‍ത്തി, അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കേണ്ടതിന്റെ ആവശ്യവും വിശപ്പിന്റെ പ്രശ്നങ്ങളും ശിഷ്യന്മാരോട് പറയുന്നു (യോഹന്നാന്‍-6). ഇവിടെയാണ് ക്രിസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം പേര്‍ക്ക് തൃപ്തിനല്‍കുന്ന, എല്ലാവര്‍ക്കും ഒരുപോലെ വിശപ്പകറ്റിക്കൊടുക്കുന്ന അത്ഭുതം ചെയ്തത്.

ക്രിസ്തു തലയായിരിക്കുന്ന സഭ ഇതുതന്നെ ചെയ്യണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്, പക്ഷേ സഭ അത് ചെയ്യുന്നില്ല. എല്ലാവര്‍ക്കും ഉള്ളതല്ല സഭ ഇന്ന്. ഒരു ചെറിയ ന്യൂനപക്ഷത്തിനുവേണ്ടിയുള്ളതാണ്. ദൈവത്തിന് പക്ഷമില്ലെന്നും എല്ലാ ജാതിമതസ്ഥരും ദൈവം മുന്‍കെ ഒന്നാണെന്നും ദൈവം പത്രോസിനോട് പറയുന്നുണ്ട് (അപ്പോ. പ്രവൃത്തി.10).

ദൈവത്തോടുള്ള, അധികാരത്തോടുള്ള, പറുദീസയോടുള്ള തന്റെ സമത്വം മുറുകെ പിടിക്കാതെ, സ്വയം താഴ്ത്തിയാണ് ക്രിസ്തു ഭൂമിയില്‍ ജീവിച്ചത്. (ഫിലിപ്യര്‍ 2. 6-8) ക്രിസ്തു ഒരു സഭയും ഉണ്ടാക്കിയില്ല. ഒരു സംഘടനയുടെയും നേതാവായില്ല. ഒരു സമ്പന്നന്റെയും വീട്ടില്‍ അന്തിയുറങ്ങിയില്ല. വീണ് ഒന്ന് നമസ്കരിച്ചാല്‍ ലോകത്തിന്റെ സമസ്ത അധികാരവും തരാമെന്ന് സാത്താന്‍ ഒരിക്കല്‍ ക്രിസ്തുവിനെ പരീക്ഷിക്കുന്നുണ്ട്. പക്ഷേ സ്വയം നിയന്ത്രണത്തിന്റെ വഴികളിലൂടെ ക്രിസ്തു അതിനെ നേരിട്ടു. എന്നിട്ടവന്‍ ഗ്രാമങ്ങളിലും കടല്‍ത്തീരത്തും അലഞ്ഞു. ഒരു പ്രതിഫലവും മോഹിക്കാതെ എല്ലാവരോടും ഇടപെട്ടു; അവരുടെ ആവശ്യങ്ങളില്‍ സഹായിച്ചു. എല്ലാവരുടെയും കണ്ണുനീര്‍ ഒപ്പി.

സാമ്പത്തികമായി തകര്‍ന്നവനായിരുന്നു ക്രിസ്തു. കോടികളുടെ ആസ്തിയുള്ള സഭാ മന്ദിരത്തില്‍ ക്രിസ്തു ഇപ്പോഴും ആ പഴയ ദരിദ്രനാണ്. കൈസര്‍ക്ക് നികുതിപ്പണം കൊടുക്കാന്‍ പാങ്ങില്ലാത്തവനായിരുന്നു ക്രിസ്തു. സാമ്പത്തികമായതൊന്നും ക്രിസ്തുവിനെ സ്വാധീനിച്ചില്ല. ക്രിസ്തുവിനെ മാത്രമല്ല, കൂടെയുള്ളവരെയും. നികുതി കൊടുക്കാന്‍ കാശില്ലാതെ പത്രോസ് ഒരിക്കല്‍ ക്രിസ്തുവിനോട് സങ്കടം പറയുന്നു. അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ തൃപ്തിപ്പെടുത്തിയവന്‍ വല്ല അത്ഭുതവും കാണിച്ച് പണം ഉണ്ടാക്കും എന്ന് പത്രോസും കരുതിയിരിക്കാം. എന്നാല്‍ ക്രിസ്തു പറയുന്നത് അധ്വാനിച്ച് കാശുണ്ടാക്കി കരം അടയ്ക്കാനാണ്. പത്രോസിന്റെ കുലത്തൊഴില്‍ മീന്‍പിടിത്തം ആയിരുന്നതിനാല്‍ ആ പണി തന്നെ ചെയ്യാനാണ് പറയുന്നത്. അധ്വാനത്തിന്റെ വില തിരിച്ചറിഞ്ഞവനായിരുന്നു ക്രിസ്തു. അതുകൊണ്ടാണ് അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമാണ് താനെന്ന് ക്രിസ്തു പറയുന്നത്.

ക്രിസ്തുവിന്റെ ഈ ചിന്താധാരകള്‍ക്കൊന്നും ഇന്ന് സഭയില്‍ സ്ഥാനമില്ല. സഭ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. കൂടുതല്‍ എക്സ്റ്റന്‍ഷന്‍, കൂടുതല്‍ ലാഭം. ലാഭനഷ്ടങ്ങളുടെ പേടി കൂടുമ്പോള്‍, നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയും കൂടുന്നു. അപ്പോള്‍ ദിശാബോധം നഷ്ടപ്പെടുകയും എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന ദൌത്യബോധം ഇല്ലാതാകുകയും ചെയ്യുന്നു. പിന്നെ കാടടച്ചുവെടിവെക്കലാണ്. ക്രിസ്ത്യാനിയുടെ മക്കള്‍ ക്രിസ്ത്യന്‍ സ്കൂളില്‍ത്തന്നെ പഠിക്കണം എന്നുള്ള തലതിരിഞ്ഞ, ഒരു മതേതര സമുദായത്തിലെ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ജല്‍പ്പനങ്ങള്‍ ഇത്തരം പേടിയില്‍നിന്നാണ് ഉണ്ടാവുന്നത്. ഭാഗ്യവശാല്‍ ക്രിസ്ത്യാനികളില്‍ പകുതിയിലേറെപ്പേരെങ്കിലും ഇത്തരം ജല്‍പ്പനങ്ങളെ പുച്ഛിച്ചുതള്ളുന്നുണ്ട്. ചിന്തിക്കുന്ന ജനങ്ങളാണ് ഒരു സമൂഹത്തിന്റെ ചാലകശക്തി. പക്ഷേ സഭാനേതൃത്വത്തിന് അവശ്യവും, ആഗ്രഹവും വിധേയന്മാരെയാണ്. ചിന്തിക്കുന്നവരെയല്ല.

ക്രിസ്തുവില്‍നിന്ന് ക്രിസ്ത്യന്‍ സഭകളിലേക്ക് വളരെയേറെ ദൂരമുണ്ടിന്ന്. ക്രിസ്തുവിനെ സഭ ഉപേക്ഷിച്ചതുപോലെ, താന്‍പോരിമയുള്ള സഭയെ ക്രിസ്തുവും ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. വെറും ഒരു സമ്മര്‍ദ ശക്തിയായി മാത്രം നിലകൊള്ളുന്ന, ബൈബിളിനും ക്രിസ്തുവിനും ഒരു പങ്കുമില്ലാത്ത സഭ ക്രിസ്തുവിന്റെ ഓര്‍മയില്‍നിന്നുതന്നെ പോയിട്ടുണ്ടാവും. ഒരു ക്രിസ്തുവചനം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

"എന്നെ പ്രഭോ എന്ന് വിളിച്ചു പുറകെ നടക്കുന്നവനല്ല, എന്റെ ഇഷ്ടം അനുസരിക്കുന്നവനാണ് എനിക്ക് പ്രിയപ്പെട്ടവന്‍‍.''

അതിനാല്‍ ആധുനിക ബിഷപ്പുമാരെയും, സഭാസ്വത്തിനു തമ്മില്‍ത്തല്ലുന്നവരെയും പാവങ്ങളെ വിദ്യാഭ്യാസത്തില്‍നിന്നകറ്റുവരെയും നോക്കി ക്രിസ്തു പറയുന്നു.

"ഞാന്‍ നിങ്ങളെ അറിയുന്നില്ലല്ലോ'' (മത്തായി 7-22).

*

-ശ്രീ ഐസക് ഈപ്പന്‍, കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു ചെറിയ ന്യൂനപക്ഷമാണ് ഏത് മതഗ്രന്ഥവും സമഗ്രതയോടെ വായിക്കുന്നത്. അവര്‍ പൊതുവെ സൌമ്യരും സാമൂഹികമര്യാദകള്‍ പാലിക്കുന്നവരും ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ ഈ ചെറിയ കൂട്ടര്‍ക്ക് മതത്തിന്റെ നടത്തിപ്പില്‍ വലിയ പങ്കുകാണില്ല. അതുകൊണ്ടുതന്നെ മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയ സൌഹൃദത്തിന്റെ ലോകത്തെ ഇന്നത്തെ മതനേതാക്കള്‍ മാനിക്കുന്നില്ല.മതത്തില്‍നിന്ന് അതിന്റെ സദ്ചിന്തകള്‍ ചോര്‍ന്നുപോയാല്‍, ഏതുമതവും ഭീകരപ്രസ്ഥാനമാവും എന്ന് സമകാലീനലോകം നമുക്ക് കാണിച്ചുതരുന്നു.

ശ്രീ ഐസക് ഈപ്പന്‍ എഴുതിയ ലേഖനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പോസ്റ്റ് ചെയ്യുന്നു.

sajan jcb said...

അനായാസം വായിക്കാന്‍ പറ്റുന്ന അവതരണം...... പക്ഷേ എന്തു കൊണ്ട് ക്രിസ്തുവിലേക്കുള്ള ദൂരം കൂടി എന്നു മാത്രം പറഞ്ഞില്ല.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്തു കുട്ടികള്‍ക്ക് ഓരോ കോളേജിലും പൂര്‍ണ സാമ്പത്തിക ആനുകൂല്യം മല്‍കുവാനും യോഗം തീരുമാനിച്ചു. (ദീപിക)
ഇപ്പോള്‍ ആ ദൂരം കുറച്ചു കുറഞ്ഞു കാണും എന്നു കരുതുന്നു.

അതോ മുഴുവന്‍ കുട്ടികളേയും വെറുതെ പഠിപ്പിച്ചാലേ ദൂരം കുറയ്ക്കാന്‍ പറ്റൂ? ഈ എന്‍ട്രസ്സ് ഒക്കെ പാസ്സായി വരുന്ന ഭൂരിഭാഗം പേരും നല്ല കാശുള്ള കുടുംബത്തിലേതാണ്. അവര്‍ക്കേ ഈ കോച്ചിംഗും മറ്റും താങ്ങൂ... അവരേയും സൗജന്യമായി പഠിപ്പിക്കാന്‍ പറയില്ലല്ലോ?

Baiju Elikkattoor said...

"......സഭാനേതൃത്വത്തിന് അവശ്യവും, ആഗ്രഹവും വിധേയന്മാരെയാണ്. ചിന്തിക്കുന്നവരെയല്ല." ഉജ്ജ്വലമായ ലേഖനം.

ക്രിസ്തുവിനെ അറിയാന്‍ ഒരാള്‍ക്കും ഈ ലോകത്ത് ഒരു സഭയുടേയും അനുവാദം ആവശ്യമില്ല. കൃസ്തു ഒരു സഭയുടെയോ മതത്തിന്റെയോ സൊകാര്യ സൊത്തുമല്ല. ലോകം മുഴുവന്‍ അദ്ധ്വനിക്കുന്നവരുടേയും കഷ്ടപ്പെടുന്നവരുടേയും, ചൂഷണം ചെയ്യപ്പെടുന്നവരുടേയും പ്രത്യശയാകുന്നു. നന്മയിലേക്കുള്ള വഴി അന്ധമായ ഭക്തിയോ വിശ്വസമോ അല്ല; മറിച്ചു ഭക്തിയും വിശ്വസവും യുക്തിയിലധിഷ്ഠിതമായിരിക്കണം. കൃസ്തുവും അത് തന്നെയാണ് ലോകത്തെ പഠിപ്പിക്കാന് ശ്രമിച്ചതു്.

നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ക്രിസ്തുവിനെ ഉപകരണമാക്കുന്നു എന്നോരക്ഷേപം സംഭ്രമംപൂണ്ട മനസുകളില്‍ നിന്നും പ്രതീക്ഷിക്കാം!