Friday, December 19, 2008

മത്തായിയുടെ സുവിശേഷം

ഒരു പേരിലെന്തിരിക്കുന്നു എന്ന് സംശയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഒരു പേര് വെറും പേരല്ലെന്ന് അവര്‍ക്കിപ്പോഴും അറിയില്ല. അതിന്റെ ഉള്ളില്‍ എന്തൊക്കെയാണ് കുത്തിനിറച്ചിരിക്കുന്നതെന്ന് അറിഞ്ഞിട്ടും അവര്‍ അറിയാത്ത ഭാവത്തിലിരിക്കുന്നു.

പാവം സന്ദേഹവാദികള്‍!

ഒരാള്‍ക്ക് അയാളുടെ പേരാണെല്ലാം. ശരീരത്തിന്റെ ബ്രാന്‍ഡ് നെയിം. മാര്‍ക്കറ്റിങ്ങിന് ഈ ബ്രാന്‍ഡ് നെയിം സുപ്രധാനം. 'തവ സുപ്രധാനം' എന്ന് വെങ്കടേശ ഗീതം മാറ്റിപ്പാടുന്നവര്‍ വരെയുണ്ട്.

'മത്തായി' എന്നത് ഒറ്റനോട്ടത്തില്‍ ഒരു പേരു മാത്രമാണ്. എന്നാല്‍ അത് വെറും പേരാണോ?

അല്ല.

നമുക്ക് കഥയിലേക്ക് കടക്കാം.

പള്ളിമണികള്‍ മുഴങ്ങട്ടെ!

മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നു!

പാവം മത്തായി നല്ല ഉപദേശിയാണ്. ഈ ലോകം ഇങ്ങനെയായതില്‍ അതീവ ഖിന്നന്‍. കര്‍ത്താവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ നയിക്കുന്ന നല്ല ഇടയന്‍. നന്മ നിറഞ്ഞവന്‍. കര്‍ത്താവിന്റെ പ്രിയപ്പെട്ട പ്രൈവറ്റ് സെക്രട്ടറി.വെറും ത്യാഗി. ഇനീഷ്യലില്ല.

എല്ലാവരെയും ഉപദേശിക്കും. മരിച്ചവരെപ്പോലും. ഉപദേശം സൌജന്യമാണ്.മൂന്ന് ഉപദേശത്തിന് ഒരു കൊന്ത ഫ്രീ. ലോക്കല്‍ കോളുകള്‍ക്കും ഇത് ബാധകമാണ്.

രാവിലെ എഴുന്നേറ്റാല്‍ പ്രഥമകൃത്യം കുരിശുവരയാണ്. ദൈവത്തിനൊരു ഗുഡ് മോണിങ്. അതിനു ശേഷമാണ് പ്രാഥമികകൃത്യം. മൂത്ര തടസ്സം തീര്‍ത്ത ശേഷം അതിന് നന്ദി പറഞ്ഞുകൊണ്ട് അടുത്ത പ്രാര്‍ഥന.

പിന്നെ ലളിതകോമളമായ ബ്രേക്ക്ഫാസ്റ്റ്. പഞ്ചസാര ചാലിച്ച പാല്- ഒരു കപ്പ്. റൊട്ടി (കര്‍ത്താവ് കഴിച്ചതിന്റെ രണ്ടാം പതിപ്പ്)- ആറ്. മുട്ട ഓംലെറ്റ് ( മുളക് അധികം ചേര്‍ക്കാതെ)- രണ്ട്. പുഴുങ്ങിയ ഏത്തപ്പഴം- ഒന്ന്. ബൈബിള്‍- ഒന്ന്.

കൈകാല്‍ കഴുകി ബ്രേക്ക്ഫാസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് മൂന്നാം ഘട്ട പ്രാര്‍ഥന. പിന്നീടാണ് രോമം പിഴുകല്‍ ശുശ്രൂഷ. അന്നത്തേക്ക് പിച്ചവെക്കുന്ന ശ്മശ്രുക്കള്‍ വേരോടെ പറിച്ചെടുക്കും. വേദവാക്യങ്ങള്‍ എഴുതാന്‍ പാകത്തില്‍ മുഖം ക്ലീന്‍ സ്ലേറ്റാക്കും. തേച്ച് മിനുക്കിയ വെളുത്ത ജുബ്ബ ആപാദചൂഡം അണിയും. കാല്‍പ്പാദത്തില്‍ ഉടുമുണ്ടിന്റെ കറുത്തകര, ഊര്‍ന്നു വീണ അരഞ്ഞാണം പോലെ. അതുകൊണ്ട് അതിന്റെ മറ്റേ അറ്റം അരയിലുണ്ടാവുമെന്ന് അനുമാനിക്കാം.

കറുത്ത പുറഞ്ചട്ടയുള്ള ബൈബിള്‍ 30 മൈക്രോണിന്റെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കൈ ശരീരവുമായി കൂടിച്ചേരുന്ന ഭാഗത്ത് സ്ഥാപിച്ചു.

ഒരു വട്ടം കൂടി പ്രാര്‍ഥന. എ കെ 47 പോലെ കുരിശു വര. തുടര്‍ന്ന് ഭവനത്തിങ്കല്‍ നിന്ന് പുറത്തേക്കിറങ്ങല്‍.

ഇത് ഉപദേശിയുടെ സ്ഥിരം ഭവനമാണെന്ന് കരുതരുത്. ദൈവത്തിന്റെ ഈ പ്രിയപ്പെട്ട ദാസന് സ്ഥിരം ഭവനമില്ല. കാറ്റനുസരിച്ച് തൂറ്റും. അതാണ് ശൈലി.

'നാടെവിടെ' എന്ന് ചോദിച്ചാല്‍ ഉപദേശി പറയും 'നമ്മുടെ കര്‍ത്താവിന്റെ രാജ്യം.'

'വീട്...?'

'നമ്മുടെ കര്‍ത്താവിന്റെ ഹൃദയം.'

ഒരു കത്തയക്കണമെങ്കില്‍ ആകാശവാണി c/o സ്റ്റേഷന്‍ ഡയറക്ടര്‍ എന്ന മട്ടിലാവാം. ഉപദേശി c/o കര്‍ത്താവിന്റെ മടി. മരിച്ചാല്‍ ഈ ബുദ്ധിമുട്ടുണ്ടാവില്ല. മത്തായി, സ്വര്‍ഗം പി ഒ എന്നെഴുതിയാല്‍ മതി.

സാത്താന്റെ കൈകളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ മത്തായി അലഞ്ഞു.ദൈവരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന നിരസിച്ച പാപികള്‍ക്കായി പ്രാര്‍ഥിച്ചു.

പിന്നെ ലഞ്ചിനു പിരിഞ്ഞു.

ഭക്ഷണത്തിനു മുമ്പും പിമ്പും പ്രാര്‍ഥന. ഭക്ഷിക്കുമ്പോഴും പ്രാര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടവഴി ഭക്ഷണം കടന്നുപോകുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. ഭക്ഷണാനന്തരം മുക്കാല്‍ മണിക്കൂര്‍ കര്‍ത്താവിങ്കല്‍ നിദ്ര. കൈകാല്‍ കഴുകല്‍, പ്രാര്‍ഥന എന്നിവക്കു ശേഷം പിന്നേം ബാറ്റിങ്ങിനിറങ്ങി.

മൂവന്തി വരെയാണ് സുവിശേഷം. വേല കഴിഞ്ഞാല്‍ ഭവനത്തിങ്കല്‍ മടങ്ങിയെത്തും.വിശുദ്ധ കോഴിയിറച്ചിയോടെ പാപരഹിതമായ അത്താഴം. പിന്നെ ഉപവാസം, ഉറക്കം. ഇതാണ് ദിനചര്യ.

പാപികളെ മാനസാന്തരപ്പെടുത്തി കര്‍ത്താവിങ്കലേക്ക് തിരിക്കാനുള്ള ശ്രമത്തില്‍ മത്തായി ഒരു കോളനിയിലെത്തി. പാപികളുടെ ഒരു ബള്‍ക്ക് പര്‍ച്ചെയ്‌സ്. മത്തായിക്ക് കണ്ണു നിറഞ്ഞു.

പണി തുടങ്ങി.

സുവിശേഷം തകൃതി.

വൈകുന്നേരങ്ങളില്‍ എല്ലാവരെയും വിളിച്ചുകൂട്ടി ദൈവവചനങ്ങള്‍ അവരോട് ഉണര്‍ത്തിച്ചു.

കര്‍ത്താവാണ് രക്ഷകന്‍ എന്ന് അവരോട് പ്രഖ്യാപിച്ചു. അവര്‍ക്ക് എതിര്‍പ്പുണ്ടായില്ല.

പ്രാര്‍ഥിക്കൂ...അവന്‍ ഭക്ഷണം തരും എന്ന് പറഞ്ഞു.

അവര്‍ പ്രാര്‍ഥിച്ചു.

അത്ഭുതം! ഭക്ഷണം കിട്ടി!

ഒരേ ഭക്ഷണമല്ല. ചിലര്‍ക്ക് ചോറ്, ചിലര്‍ക്ക് ചപ്പാത്തി, ചിലര്‍ക്ക് പുട്ട് എന്നിങ്ങനെ ചില്ലറ വ്യത്യാസമൊക്കെയുണ്ടായി. അത് വലിയ കാര്യമൊന്നുമല്ല. അവിശ്വാസികള്‍ക്ക് എന്തും പറയാം.

കറി ഏതാണ്ട് ഒരുപോലെയായിരുന്നു. മത്തി അല്ലെങ്കില്‍ അയില.

പ്രാര്‍ഥിക്കാത്തവര്‍ ശരിക്കും ചമ്മിപ്പോയി.

പ്രാര്‍ഥിച്ചാല്‍ അസുഖം മാറുമെന്ന് പറഞ്ഞു.

അവര്‍ പ്രാര്‍ഥിച്ചു.

അത്ഭുതം!. അസുഖം മാറി!

അന്ധന് കൂളിങ് ഗ്ലാസ് കിട്ടി. ബധിരന് മൊബൈല്‍ ഫോണ്‍,മുടന്തന് ബൈക്ക് എന്നിങ്ങനെ പോയി അത്ഭുതങ്ങള്‍.

പ്രാര്‍ഥിക്കാത്തവര്‍ ഇവിടെയും ചമ്മിപ്പോയി.

മത്തായിയുടെ അത്ഭുതവൃത്തികള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ചുറ്റിയടിച്ചു. ഇങ്ങനെ ചുറ്റിയടിക്കവെ അത്ഭുതവൃത്തി ഒരുവളില്‍ പ്രത്യേകം ചുറ്റിത്തിരിഞ്ഞു.

കോളനിയിലെ കമ്മാരന്റെ മകള്‍ ചിരുത എന്ന ചിരുതക്കുട്ടിയില്‍ ദൈവത്തിന് പ്രത്യേകം ശ്രദ്ധയുണ്ടെന്ന് മത്തായിക്ക് തോന്നി. അങ്ങനെ ഒരു ഉള്‍വിളി.

വിവരം കമ്മാരനോട് പറഞ്ഞു. കമ്മാരന് സന്തോഷമായി. കമ്മാരന്റെ ഭാര്യക്കും സന്തോഷമായി. ചിരുത എന്ന ചീരുക്കുട്ടിക്കും സന്തോഷമായി.

ചിരുതയെ മത്തായി ദൈവത്തിങ്കലേക്ക് പ്രത്യേകം അടുപ്പിച്ചു.

അങ്ങനെ അടുത്ത്വന്നാറെ ഒരു ദിവസം ചീരുക്കുട്ടി അകാരണമായി ഛര്‍ദിച്ചു.

ദിവ്യഗര്‍ഭം.

മുടിക്ക് കുത്തിപ്പിടിച്ച്, വെട്ടുകത്തി ഉയര്‍ത്തി കമ്മാരന്‍ അലറി:

'.പറയെടീ..'

ചീരുക്കുട്ടി വിക്കിവിക്കിപ്പറഞ്ഞു.

'ഉപദേശി..'

ഉപദേശിയുടെ വീട്ടിലേക്ക് പോയത് ഒരു ജാഥയാണ്. ഒരു പോയിന്റ് കടക്കാന്‍ സുമാര്‍ 32 മിനിട്ടും മൂന്ന് സെക്കന്റുമെടുത്തു. എല്ലാവിധ ഉപകരണങ്ങളുമായാണ് ജാഥ നീങ്ങിയത്.

അടിയന്തരഘട്ടം വന്നാല്‍ കുഴിവെട്ടാനുള്ള കൈക്കോട്ടുവരെ ഉണ്ടായിരുന്നു.

ജാഥ മത്തായിയുടെ ഭവനത്തിങ്കല്‍ എത്തി.

ജാഥാംഗങ്ങള്‍ തളര്‍ന്നു പോയി!

ആ ഭവനം പൂട്ടപ്പെട്ടിരിക്കുന്നു!

തലേന്ന് രാത്രി തന്നെ മത്തായിക്ക് ദൈവവിളി ഉണ്ടായി. ഉടുതുണിക്ക് മറുതുണിയെടുക്കാതെ എല്ലാം ദൈവത്തിങ്കല്‍ സമര്‍പ്പിച്ച് മത്തായി പറന്നു. പാതിരാത്രിയില്‍ അസാധാരണമായി പട്ടികുര കേട്ടതായി പേര് വെളിപ്പെടുത്താന്‍ മടിക്കുന്ന ചില കേന്ദ്രങ്ങള്‍ അറിയിച്ചു. കടല്‍ വഴിയാണ് കരകടന്നതെന്ന് ചില വിദേശവാര്‍ത്താ ഏജന്‍സികള്‍ അറിയിക്കുന്നു. മൂന്ന് കടല്‍ മുപ്പതു മിനിട്ടുകൊണ്ടാണത്രെ നീന്തിയത്. വിശ്വാസം ശക്തമായതുകൊണ്ട് ഒരു കടല്‍ നീന്തേണ്ടി വന്നില്ല, ചാടിക്കടന്നു എന്നും ഭക്തന്മാര്‍ പറയുന്നു.

ജാഥ നിരാശയോടെ പിരിഞ്ഞ് പൂര്‍വസ്ഥാനം പൂകി. ഭീഷണി നിലനിന്നു. ചര്‍ച്ച വാശിയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ ചീരുക്കുട്ടിക്ക് സുഖപ്രസവം. തള്ളയ്ക്കും കുഞ്ഞിനും സുഖം.

നതോന്നതവൃത്തത്തില്‍ സംവത്സരങ്ങള്‍ കടന്നുപോയി. ജനങ്ങള്‍ എല്ലാം പതുക്കെപ്പതുക്കെ മറന്നു. കള്ളക്കര്‍ക്കടകങ്ങള്‍ പെയ്തൊഴിഞ്ഞു, ചിങ്ങപ്പുലരികള്‍ ചിരിച്ചുമറഞ്ഞു, ധനുമാസക്കുളിരുകള്‍ അലിഞ്ഞു തീര്‍ന്നു.

ഇതിനിടയില്‍ ചീരുക്കുട്ടിയെയും അവളുടെ ദിവ്യപ്രസവത്തെയും വിസ്‌മൃതിയില്‍ തള്ളി കാലം മുന്നോട്ടു കുതിച്ചു.

കോളനിയില്‍ പതിവുപോലെ സൂര്യന്‍ ഉദിച്ചു, അസ്തമിച്ചു.

അപ്പോള്‍ അതാ കോളനിയുടെ കിഴക്കന്‍ ചക്രവാളത്തില്‍ ഒരു തേജഃപുഞ്ജം. അലക്കിത്തേച്ച വെളുത്ത ജുബ്ബ, പുത്തന്‍കലത്തിന്റെ മുഖം, കക്ഷത്തില്‍ ബൈബിള്‍..

മറ്റൊരു ഉപദേശി!

.ഉപദേശി രണ്ടാമന്‍ കോളനിക്കാര്‍ക്ക് ആത്മീയജ്ഞാനം പകരാനൊരുങ്ങി.അവരെ ദൈവികവഴിയിലേക്ക് നയിക്കാനുള്ള ട്രാഫിക് സിഗ്നല്‍ നാട്ടി.

ഉപദേശി രണ്ടാമന്‍ കോളനിക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടി. ഓഡിയന്‍സായി കമ്മാരന്‍, ഭാര്യ, ചിരുത എന്ന ചീരുക്കുട്ടി, അവരുടെ കുട്ടി എന്നിവരും.

ഉപദേശി രണ്ടാമന്‍ പാപികളെ മാനസാന്തരപ്പെടുത്താനുള്ള യജ്ഞം തുടങ്ങി. ഫുള്‍‌സ്റ്റോപ്പില്ലാതെ പ്രസംഗിച്ചു. പ്രസംഗം മൂര്‍ഛിക്കവെ ഉപദേശി രണ്ടാമന്‍ പറഞ്ഞു:

'...മത്തായിയുടെ സുവിശേഷം മൂന്നാമധ്യായം...'

കമ്മാരന് ഇടിവെട്ടുകൊണ്ടു.

മനസ്സ് പതിറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പാഞ്ഞു.

കരളില്‍ കടന്നല്‍ കുത്തി.

കമ്മാരന്‍ ചാടിയെഴുന്നേറ്റു.

'...ആ..എരണംകെട്ടവനെക്കുറിച്ച് മിണ്ടിപ്പോവരുത്..'

ചിരുത എന്ന ചീരുക്കുട്ടി ആരും കാണാതെ കണ്ണുതുടച്ചു.

ഇനി പറയൂ,

ഒരു പേരില്‍ ഒന്നുമിരിക്കുന്നില്ലേ..?

*

എം എം പൌലോസ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രാര്‍ഥിച്ചാല്‍ അസുഖം മാറുമെന്ന് പറഞ്ഞു.

അവര്‍ പ്രാര്‍ഥിച്ചു.

അത്ഭുതം!. അസുഖം മാറി!

അന്ധന് കൂളിങ് ഗ്ലാസ് കിട്ടി. ബധിരന് മൊബൈല്‍ ഫോണ്‍,മുടന്തന് ബൈക്ക് എന്നിങ്ങനെ പോയി അത്ഭുതങ്ങള്‍.

പ്രാര്‍ഥിക്കാത്തവര്‍ ഇവിടെയും ചമ്മിപ്പോയി.

എം എം പൌലോസിന്റെ നര്‍മ്മഭാവന.

Anonymous said...

അയ്യേ ഇതു കോമഡിയാണോ?

ഒന്നും എഴുതാനില്ലെങ്കില്‍ മിണ്ടാതിരി പൌലോസേ ഒരു ചക്ക വീണു മുയല്‍ ചത്താല്‍ എല്ല ചക്കയും വെട്ടി ഇടരുത്‌, വായാക്കാരുടെ കമണ്റ്റു വിശ്വസിക്കുകയേ അരുത്‌, അതാണു എഴുത്തുകാരണ്റ്റെ വിജയം

എഴുതിയേ ഒക്കു എന്നു തോന്നുമ്പൊള്‍ മാത്റം എഴുതുക

Anonymous said...

എല്ലാ ചക്കയും വെട്ടി ഇടുന്ന ആരുഷി തന്നെ ഇതു പറയണം
:)

Baiju Elikkattoor said...

സൂപ്പര്‍ കോമഡി. "വേദവാക്യങ്ങള്‍ എഴുതാന്‍ പാകത്തില്‍ മുഖം ക്ലീന്‍ സ്ലേറ്റാക്കും" ഹാ, ഹാ, ഹാ.

"അയ്യേ ഇതു കോമഡിയാണോ?" അല്ല, ഇതു കിട്നിയാ. ഇപ്പൊള്‍ റേറ്റ് എങ്ങനെ ആരുഷി.....!?