Monday, December 15, 2008

ഒരു വലിയ തസ്‌തിക ഒഴിവുണ്ട്

മൂന്നു രാത്രിയും മൂന്ന് പകലും നീണ്ട, ലോകം നടുങ്ങിയ ഭീകരതയ്‌ക്ക് നേര്‍സാക്ഷിയായ എഴുത്തുകാരി മാനസി മരണവും ജീവിതവും നൂല്‍പ്പാലത്തിനഭിമുഖം നിന്ന സ്‌തോഭജനകമായ നിമിഷങ്ങളെക്കുറിച്ച് എഴുതുന്നു. ഒപ്പം കാര്‍ട്ടൂണിസ്റ്റ് ബോണി തോമസ് കണ്ട ദൃശ്യങ്ങളും.

*
ഒരു ഭീകരാക്രമണത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം നിങ്ങളുടെ മനസ്സില്‍ ഉയരുന്നതെന്താണ്? ഭീതി? അമര്‍ഷം? നിസ്സഹായത? തിരിച്ചടിക്കാനുള്ള ആവേശം? ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഒരു ഭീകരാക്രമണത്തിന്റെ നിഴലിലൂടെ ഏഴെട്ടു ദിവസം കടന്നുപോയ എനിക്ക് ഇന്നും അത് വ്യക്തമല്ല. ഇതെല്ലാം കൂടിയ എന്തോ ഒന്നാണ് ഇപ്പോഴും മനസ്സില്‍ എന്നേ പറയാനാവൂ. നവംബര്‍ 26ന് രാത്രി തിരക്കിട്ട ഒരു ദിവസത്തെ ജോലിക്കുശേഷം തളര്‍ന്ന് ലോക്കല്‍ ട്രെയിനിലെ സീറ്റിലേക്കു ചാരുമ്പോള്‍, പിറ്റേദിവസം ചെയ്‌തുതീര്‍ക്കേണ്ട ജോലികള്‍മാത്രമായിരുന്നു മനസ്സില്‍. മിക്കവരും വീട്ടിലെത്തുമ്പോഴേക്കും രാത്രി പത്തും പതിനൊന്നും ഒക്കെയാവുന്ന മുംബൈജീവിതം അങ്ങനെയാണ്. ദിവസവും യാത്രയില്‍ ചെലവഴിക്കുന്ന രണ്ടും നാലും മണിക്കൂര്‍ മുംബൈക്കാര്‍ക്ക് വിലപ്പെട്ടതാണ്. പൂജയും കറിക്കു നുറുക്കലും ഉത്തരക്കടലാസ് നോക്കലും ബിസിനസ് ഡിസ്‌ക്കഷനും വായനയും ഒക്കെ നടക്കുന്ന ഇടമാണ് മുംബൈ ലോക്കല്‍ ട്രെയിന്‍. മൊബൈല്‍ അടിച്ചപ്പോള്‍ ഒപ്പം ജോലിചെയ്യുന്ന ശാരദയുടെ പതിവു വിളിയാവും എന്നാണ് കരുതിയത്. ലൈനില്‍ പക്ഷേ അയല്‍ക്കാരി സുനീതയായിരുന്നു. നീ ഇപ്പോള്‍ എവിടെയാണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ശബ്‌ദത്തില്‍ നിറയെ അക്ഷമയും വിറയലും. ടിവിയില്‍ ഫ്ലാഷ് ചെയ്‌തുകൊണ്ടിരുന്ന വാര്‍ത്ത മുഴുവനാക്കുന്നതിനുമുമ്പുതന്നെ സുനീത കരയാന്‍ തുടങ്ങി. ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ല. സിഎസ്‌ടി സ്റ്റേഷനില്‍ വെടിവയ്‌പില്‍ ഒരുപാടുപേര്‍ മരിച്ചിട്ടുണ്ട്. ആര് വെടിയുതിര്‍ക്കുന്നു എന്നറിയില്ല. ഒരു ഐസ്‌കട്ടയില്‍ ചെന്നുവീണപോലെ ശരീരം തരിച്ചു. അപ്പോള്‍, വെടിപൊട്ടല്‍ തുടങ്ങുന്നതിനു വെറും രണ്ടുമിനിറ്റ് മുമ്പാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. മകളുടെ മുഖം മനസ്സില്‍ ഒരു തീനാളംപോലെ ആളി. അവിടെയായിരുന്നെങ്കില്‍ എന്താകും താന്‍ ചെയ്‌തിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണമെന്ന് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല. ഒരു പബ്ലിക് ഡ്രില്ലും അത് പറഞ്ഞുതന്നിട്ടില്ല. നഗരവാസികള്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് ആലോചിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അപ്പോഴേക്കും ട്രെയിനില്‍ എല്ലാവരുടെയും മൊബൈലുകള്‍ നിര്‍ത്താതെ ശബ്‌ദിച്ചുതുടങ്ങിയിരുന്നു. വണ്ടി എപ്പോള്‍ വേണമെങ്കിലും നിന്നേക്കാം. നിന്നാല്‍? എല്ലാവരും പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു. തൊട്ടുമുന്നില്‍ നിന്നിരുന്ന പന്ത്രണ്ടുകാരി ഉറക്കെ കരയാന്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ എന്തൊരു അനുഗ്രഹമാണെന്ന് ചിന്തിച്ചുതീരുംമുമ്പേ ഫോണുകള്‍ ജാം ആകാന്‍ തുടങ്ങി. റെയില്‍വെ സ്റ്റേഷനുകളില്‍ ടിവിക്കു മുമ്പില്‍ ജനങ്ങള്‍ സ്‌തംഭിച്ചുനിന്നു. ട്രെയിനിറങ്ങി ബസിനും കാറിനും ഒന്നും കാത്തുനില്‍ക്കാതെ ഏഴെട്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു വലിഞ്ഞു നടന്നു. ബില്‍ഡിങ്ങിന്റെ ചുവട്ടില്‍ ഒരുപാടുപേരുണ്ട്. തിരിച്ചെത്താത്തവരുടെ ഉറ്റവര്‍. ആരോടും ഒന്നും പറയാതെ ലിഫ്റ്റിലേക്ക് ഓടിക്കയറി. ഫ്ലാറ്റിലെത്തി, ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ നിര്‍ന്നിമേഷം നോക്കിനിന്നു. എന്തായിരുന്നു അപ്പോള്‍ മനസ്സില്‍ എന്നുചോദിച്ചാല്‍ അറിയില്ല എന്നു പറയുന്നതാവും ശരി. ഇഴപിരിക്കാനാവാത്ത കെട്ടുപിണഞ്ഞ നൂലുണ്ടപോലെ മനസ്സുരുകുന്നു. ടിവി സ്‌ക്രീനില്‍ ചിത്രങ്ങളും വാര്‍ത്തകളും പുളച്ചുപൊന്തി. 11 സ്ഥലത്ത് ! ഒരേസമയം ! മുംബൈയുടെ 9/11.

ഒരു മുന്നറിവുമില്ലാത്ത ആക്രമണത്തിന്റെ സൂൿഷ്‌മതയ്‌ക്കും വൈപുല്യത്തിനും മുന്നില്‍ ഇന്ത്യ നടുങ്ങുന്നത് എല്ലാവരും അമ്പരപ്പോടെ കണ്ടു. ഇപ്പോഴേക്കും ഏറെ പ്രശംസ നേടിയ സുരക്ഷാസന്നാഹങ്ങളുടെ പ്രാഗത്ഭ്യവും കെട്ടുറപ്പും സാന്ത്വനിക്കാന്‍ വക നല്‍കിയെങ്കിലും ഒപ്പം അലോസരപ്പെടുത്തുന്ന ഒരുപാട് ചോദ്യങ്ങളും ഈ മനസ്സില്‍ തികട്ടി. എവിടെയാണ് മുംബൈയ്‌ക്ക് പിഴച്ചത്? ആരാണ് ഉത്തരം പറയേണ്ടവര്‍. എവിടെയാണ് നമ്മുടെ ഇന്റലിജന്‍സ്? മുംബൈപോലുള്ള ഒരു നഗരത്തിന്റെ കടല്‍ത്തീരം ഇങ്ങനെ അനാഥമായതെങ്ങനെ? തൃപ്‌തികരമായ ഉത്തരങ്ങളില്ലാതെ ജനം വലഞ്ഞു. അതത് ചാനലുകളുടെ ടിആര്‍പി ഉയര്‍ത്താനുള്ള പരക്കംപാച്ചിലില്‍ രാജ്യത്തിന്റെ സുരക്ഷ വേണ്ടപോലെ ഗൌനിക്കപ്പെടുന്നില്ല എന്ന ആക്ഷേപം മീഡിയയ്‌ക്കുനേരെയും ഉയര്‍ന്നു. (ഇന്ന് നിരുത്തരവാദമായ സമീപനത്തിന് മീഡിയക്കെതിരെ മുംബൈയില്‍ ഒരു പൊതുസങ്കടഹര്‍ജി ഫയല്‍ചെയ്യപ്പട്ടിരിക്കുകയാണ്).

രാത്രി മുഴുവന്‍ ടിവി സ്‌ക്രീനിനുമുന്നില്‍ത്തന്നെ ഇരുന്നു. നിശ്ശബ്‌ദതയ്‌ക്ക് ചെകിടടപ്പിക്കുന്ന സ്വരമാണ്. ബില്‍ഡിങ്ങിന്റെ ഓഫീസില്‍ പണിയെടുത്തിരുന്ന ദത്താറാമിന്റെ മകനെയുംകൊണ്ട് അയല്‍ക്കാരനെത്തിയപ്പോഴാണ് ഞാന്‍ വീണ്ടും യാഥാര്‍ഥ്യത്തിലേക്ക് ഉര്‍ന്നുവീണത്. പാണ്ഡുരംഗിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും തലേന്നത്തെ വെടിവയ്‌പില്‍ കൊല്ലപ്പെട്ടിരുന്നു. അനാഥാലയമേ വഴിയുള്ളൂ. പാണ്ഡുരംഗിന്റെ അയല്‍ക്കാരന്‍ കുട്ടിയെ മുന്നിലേക്കു നീക്കിനിര്‍ത്തി. 11 വയസ്സായ പാണ്ഡുരംഗിന്റെ സ്ഥാനത്ത് തന്റെ മകളാവാം എന്നത് ഒരു ഇടിവാളുപോലെയാണ് മനസ്സില്‍ മിന്നിയത്. ഈ വാതില്‍ക്കല്‍ ഇന്ന് താന്‍ ജീവനോടെ നില്‍ക്കുന്നു എന്നത് വെറും ഒരു യാദൃച്‌ഛികതയാണ് എന്നും. ഇതാണ്, ഈ അറിവാണ്, ഭീകരാക്രമണംപോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ ഒരു സാധാരണക്കാരന്റെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരുപക്ഷേ താനിന്ന് തിരിച്ചുവന്നേക്കില്ല എന്ന ചിന്ത മനസ്സിലുണ്ടാക്കുന്ന അട്ടിമറിച്ചിലുകള്‍ ഏറെയാണ്. ചിതറുന്ന മനസ്സുമായി ജീവിക്കേണ്ടിവരിക ഒരു വലിയ വെല്ലുവിളിയാണ്. എന്തുവന്നാലും കൂസാത്ത 'മുംബൈ സ്‌പിരിറ്റ്' എന്നൊക്കെ പറയുന്നത് നിവൃത്തിയില്ലായ്‌മയെ ഗ്ലാമറൈസ് ചെയ്യുന്ന ക്രൂരതയാണ് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പോംവഴികളോ, തെരഞ്ഞെടുപ്പു സാധ്യതകളോ ഇല്ലാത്ത സാഹചര്യങ്ങളാല്‍ 'കോര്‍ണര്‍' ചെയ്യപ്പെടുന്ന ഒരുവന്റെ വിടുധൈര്യമാണ് സത്യത്തില്‍ ഈ സ്‌പിരിറ്റ്. ഉണ്ടുറങ്ങി വീട്ടിലിരിക്കാനുള്ള സാഹചര്യങ്ങളില്ല. സമയമില്ല. നഗരം പാതി കത്തുമ്പോഴും പിറ്റേദിവസത്തെ പവര്‍പോയിന്റ് പ്രസന്റേഷനോ നിത്യക്കൂലിയോ മനസ്സിലെ വേവലാതിയാണ് നഗരജീവിക്ക്. നഷ്‌ടം എല്ലാ അര്‍ഥത്തിലും കരിനിഴല്‍പോലെ ഓരോ നിമിഷവും പിന്‍തുടരുന്ന സാഹചര്യമാണ് ഇത്തരം ആക്രമണങ്ങളുടെ ബാക്കിപത്രം. തനിക്ക് വേദനിക്കുമ്പോള്‍ അതിന്റെ കുറ്റം ചുമത്താന്‍ ഒരു എതിരാളിയെ, കുറ്റവാളിയെ എല്ലാവരും തെരഞ്ഞെന്നുവരും. ഒരു സംവിധാനത്തിന്റെ പരാജയം. അതിന്റെ പ്രത്യക്ഷമുഖങ്ങളായ രാഷ്‌ട്രീയക്കാരിലൂടെയും മറ്റു ഭരണവിഭാഗങ്ങളിലൂടെയും തെരയുന്നത് അതിനാലാണ്. സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് കാര്യം നടത്തേണ്ടവരുടെ സ്ഥാനനഷ്‌ടങ്ങള്‍ ഒരു മാപ്പുപറയലും കുറ്റസമ്മതവുമാകുന്നത്, പൊതുജനത്തിന്റെ മനസ്സിന് താല്‍ക്കാലിക ആശ്വാസമാകുന്നത് അതുകൊണ്ടാണ്. അപ്രീതിയുടെ പ്രതീകമാകുകയാണ് ഇവിടെ സ്ഥാനമൊഴിപ്പിക്കല്‍. സമാധാനത്തിന്റെ വില സാധാരണക്കാരനറിയുംപോലെ മറ്റുള്ളവര്‍ക്കറിഞ്ഞുകൂടല്ലോ.

മുംബൈയിലെ സംവിധാനങ്ങളുടെ പരിപാലനം എത്ര ശോചനീയമാണെന്ന്, എത്ര നിരുത്തരവാദപരമാണെന്ന്, എത്ര നിസ്സാരവല്‍ക്കരിക്കപ്പെടുന്നു എന്ന് മുംബൈയില്‍ രണ്ടുവര്‍ഷംമുമ്പുണ്ടായ വെള്ളപ്പൊക്കം നമുക്കു കാണിച്ചുതന്നതാണ്. ഒരല്‍പ്പം കാര്യക്ഷമത. ജനങ്ങളുടെ ദുരിതങ്ങളോട് അല്‍പ്പം മനുഷ്യത്വം. അതേ അന്ന് മുംബൈക്കാര്‍ ആവശ്യപ്പെട്ടുള്ളൂ. കാര്യങ്ങള്‍ ഒരുതരി മാറിയിട്ടില്ലെന്ന് ഇന്ന് സിഎസ്‌ടി സ്റ്റേഷനിലെ പ്രവര്‍ത്തിക്കാത്ത സിസി ടിവികള്‍ നമ്മോടു പറയുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ പറയുന്നു. ഇന്റലിജന്‍സിലെ ഒഴിഞ്ഞ തസ്‌തികകള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന പൊലീസ് പരിഷ്‌ക്കരണങ്ങള്‍ ചവറ്റുകുട്ടയില്‍കിടന്ന് നിലവിളിക്കുന്നു. ഇവയെക്കെ ഒന്നു ശരിയാക്കാന്‍ ആരാണ്, എന്താണ് തടസ്സം? ഭരണത്തിന്റെ അനാസ്ഥയല്ലാതെ? ആശുപത്രിയിലായാലും എയര്‍പോര്‍ട്ടിലായാലും വിദ്യാഭ്യാസത്തിലായാലും നിയമം അനുസരിക്കാതിരിക്കുകയും അതില്‍ അഭിമാനിക്കുകയും ആണ് നമ്മുടെ സ്ഥായിയായ ശീലം. അടിമയുടെ മൈന്‍ഡ് സെറ്റ്. സര്‍ക്കാര്‍ പദ്ധതികളില്‍ ജനത്തിന് നീക്കിവയ്‌ക്കപ്പെടുന്ന ഓരോ നൂറുപൈസയിലും ഒരു പൈസയാണത്രെ ലക്ഷ്യസ്ഥാനത്തെത്തുന്നത്. കൈക്കൂലിയുടെയും വെട്ടിപ്പിന്റെയും അതിപ്രസരം മാത്രമല്ല ഗുണമേന്മയോട് നാം കാണിക്കുന്ന അക്ഷന്തവ്യമായ വിട്ടുവീഴ്ചകളാണ് മരണക്കെണികളുടെ ഈറ്റില്ലങ്ങള്‍. ഈ അത്യാഹിതത്തിനിടയില്‍ നാം നമ്മുടെ നേതാക്കന്മാരുടെ അല്‍പ്പത്തവും അനൌചിത്യവും നേരില്‍ കണ്ടു. മറുപുറത്ത് ജീവന്‍ പണയംവച്ച് അന്യര്‍ക്കുവേണ്ടി പൊരുതിയ സാഹസികതയും. ജനങ്ങളുടെ രോഷം പൊട്ടിയൊഴുകാന്‍ ഈ ഭീകരാക്രമണത്തില്‍ നടന്ന മരണങ്ങള്‍ മാത്രമല്ല കാരണം. ദിനംപ്രതി അടിഞ്ഞുകൂടുന്ന നിരാശ, കിട്ടിയ വിടവിലൂടെ കുത്തിയൊലിച്ചതുകൂടിയാണ്.

സാമ്പത്തിപരാധീനതകള്‍ ഏറെയുള്ള ഒരു രാജ്യത്തിന് അതിന്റെ സുരക്ഷാസന്നാഹങ്ങളെ അന്നന്നത്തെ സാങ്കേതികപുരോഗതിക്കനുസരിച്ച് ആധുനീകരിക്കാനായില്ലെന്നുവരും. എന്നാല്‍ ആര്‍ക്കും തട്ടിക്കളിക്കാവുന്ന ജീവിതങ്ങളല്ല നമ്മുടെ സന്നാഹങ്ങളുടെ അടിത്തട്ടിലുള്ളവരുടേതെന്ന് എങ്ങനെ, ആരോടു പറയും എന്നതുതന്നെയാണ് ഇന്നത്തെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ രാജ്യത്തോടും അതിന്റെ സംവിധാനങ്ങളുടെ നടത്തിപ്പിനോടും ഉള്ള ജാഗ്രതനിറഞ്ഞ പ്രതിബദ്ധതയാണ് പൊതുജനത്തിന്റെ സുരക്ഷിതാബോധത്തിന്റെ നട്ടെല്ല്.

ഇതെഴുതുമ്പോള്‍ പൊലീസിന്റെ ആധുനീകരണം, ആയുധങ്ങള്‍, ഹെലികോപ്റ്റര്‍ സൌകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതു സങ്കടഹര്‍ജി മുംബൈയില്‍ ഫയല്‍ചെയ്‌തുകഴിഞ്ഞിരിക്കയാണ്.

ഭീകരാക്രമണങ്ങള്‍ നൂറുശതമാനം തടുക്കാനാവില്ലെന്ന് അറിയേണ്ടതുപോലെതന്നെ പ്രധാനമാണ്, ഭീകരാക്രമണങ്ങളുടെ അടിയൊഴുക്കുകളും ആത്യന്തികലക്ഷ്യവും പുറമെ കാണുന്ന കാരണങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ് എന്ന തിരിച്ചറിവും. പാകിസ്ഥാന്റെ മറ്റതിര്‍ത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മതമൌലികവാദികള്‍ ഉന്നമിടുന്നത്, ആ അതിര്‍ത്തികളില്‍നിന്ന് പാകിസ്ഥാന്‍ പട്ടാളത്തെ പിന്‍വലിക്കലാണ്. പുതിയ പാകിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരിക്കു കീഴില്‍ വന്നേക്കാവുന്ന ഇന്ത്യ-പാകിസ്ഥാന്‍ സൌഹൃദം തകര്‍ക്കല്‍ ഒരു പ്രധാനലക്ഷ്യമാണെന്നതിനുപുറമേ, ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ അവിടത്തെ ജനാധിപത്യശക്തികള്‍ ബലഹീനമാകുമെന്നും മിലിട്ടറിക്ക് മുന്‍തൂക്കം കിട്ടുമെന്നും ആണ് അവരുടെ കണക്കുകൂട്ടല്‍. ഇന്ത്യക്ക് അതൊരു തിരിച്ചടിയും തലവേദനയുമാക്കാം. ലോകശ്രദ്ധ തീവ്രവാദപ്രവര്‍ത്തനരംഗത്തുനിന്ന് ഇന്തോ-പാകിസ്ഥാന്‍ ഉരസലുകളിലേക്ക് തിരിക്കാനുമാകും. സര്‍ക്കാരിന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോള്‍ പൊതുജനം അറിയാത്ത, അറിയേണ്ടാത്ത നിരവധി ഘടകങ്ങളുണ്ട്. വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുക വിഡ്‌ഢിത്തമാണ്. അതുകൊണ്ടാണ് നമ്മുടെ സുരക്ഷാസന്നാഹങ്ങളുടെ ശേഷിയും ശേമുഷിയും സര്‍വപ്രധാനമാകുന്നത്.

എല്ലാം കഴിയുമ്പോഴും ഉറക്കംകെടുത്തിക്കൊണ്ട് വിടാതെനില്‍ക്കുന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ ബാക്കിയാവുന്നു. കണ്ടവരെ മുഴുവന്‍ കൊന്നൊടുക്കി, സ്വന്തം ജീവിതം തകര്‍ത്തു തരിപ്പണമാക്കി, മറ്റാരൊക്കെയോ മുന്നില്‍ വരച്ചിട്ട സ്വര്‍ഗത്തിലേക്കുള്ള യാത്ര ഉറപ്പിക്കാന്‍ തുനിയുന്ന ഒരു ചെറുപ്പം മനസ്സിന്റെ രീതിശാസ്‌ത്രമെന്താണ്? സ്വര്‍ഗം വേണമെങ്കില്‍ത്തന്നെ കുറച്ചുകൂടി ഈ ലോകം കണ്ടിട്ടുപോരെ? ആ കുട്ടിയോട് ആരാണ് സത്യം പറയാന്‍ മുതിരുക? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് ? ഏതെങ്കിലും സാമൂഹിക മുന്നേറ്റങ്ങള്‍ അതിനൊരുങ്ങുമോ? മതങ്ങളെ കൂട്ടുപിടിക്കാത്ത, ജാതിയും ജനനവും ചോദിക്കാത്ത, ഭാവിയിലേക്ക് നോക്കാന്‍ കെല്‍പ്പും തയ്യാറുമുള്ള ഒരു നേതാവിന്റെ സ്ഥാനം കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഒരമ്മയ്‌ക്ക് വിശ്വസിക്കാവുന്ന ഒരു നേതാവിന്റെ സ്ഥാനം. ഇത്തരം ആക്രമണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ദുരന്തവും അതാണ്.

*
മാനസി
കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
ചിത്രങ്ങള്‍ക്ക് കടപ്പാട്‍:
-ബോണി തോമസ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

“എല്ലാം കഴിയുമ്പോഴും ഉറക്കംകെടുത്തിക്കൊണ്ട് വിടാതെനില്‍ക്കുന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ ബാക്കിയാവുന്നു. കണ്ടവരെ മുഴുവന്‍ കൊന്നൊടുക്കി, സ്വന്തം ജീവിതം തകര്‍ത്തു തരിപ്പണമാക്കി, മറ്റാരൊക്കെയോ മുന്നില്‍ വരച്ചിട്ട സ്വര്‍ഗത്തിലേക്കുള്ള യാത്ര ഉറപ്പിക്കാന്‍ തുനിയുന്ന ഒരു ചെറുപ്പം മനസ്സിന്റെ രീതിശാസ്‌ത്രമെന്താണ്? സ്വര്‍ഗം വേണമെങ്കില്‍ത്തന്നെ കുറച്ചുകൂടി ഈ ലോകം കണ്ടിട്ടുപോരെ? ആ കുട്ടിയോട് ആരാണ് സത്യം പറയാന്‍ മുതിരുക? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് ? ഏതെങ്കിലും സാമൂഹിക മുന്നേറ്റങ്ങള്‍ അതിനൊരുങ്ങുമോ? മതങ്ങളെ കൂട്ടുപിടിക്കാത്ത, ജാതിയും ജനനവും ചോദിക്കാത്ത, ഭാവിയിലേക്ക് നോക്കാന്‍ കെല്‍പ്പും തയ്യാറുമുള്ള ഒരു നേതാവിന്റെ സ്ഥാനം കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഒരമ്മയ്‌ക്ക് വിശ്വസിക്കാവുന്ന ഒരു നേതാവിന്റെ സ്ഥാനം. ഇത്തരം ആക്രമണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ദുരന്തവും അതാണ്.”

മൂന്നു രാത്രിയും മൂന്ന് പകലും നീണ്ട, ലോകം നടുങ്ങിയ ഭീകരതയ്‌ക്ക് നേര്‍സാക്ഷിയായ എഴുത്തുകാരി മാനസി മരണവും ജീവിതവും നൂല്‍പ്പാലത്തിനഭിമുഖം നിന്ന സ്‌തോഭജനകമായ നിമിഷങ്ങളെക്കുറിച്ച് എഴുതുന്നു.

എറണാകുളം പോഞ്ഞിക്കര ദ്വീപിലെ പൊന്നാരിമംഗലത്തുകാരനായ ഇക്കണോമിക് ടൈംസ് പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ ബോണി തോമസാവട്ടെ 2004 നവംബര്‍ ഒന്നുമുതല്‍ മുംബൈയിലെ കൊളാബയില്‍ 'ലൌഡേല്‍' ഹൌസിങ് സൊസൈറ്റി കെട്ടിടത്തിന്റെ 12-ാം നിലയില്‍ 45-ാം നമ്പര്‍ ഫ്ളാറ്റില്‍ താമസിക്കുന്നു.

ലൌഡേലിന്റെ പിന്നില്‍ കൊളാബയ്‌ക്കടുത്തുള്ള നരിമാന്‍ ഹൌസിന്റെ മുകളിലെ നാലു നിലകള്‍ അദ്ദേഹത്തിന്റെകിടപ്പുമുറിയില്‍നിന്ന് വ്യക്തമായി കാണാം . മൂന്നു കെട്ടിടങ്ങള്‍ക്കപ്പുറമാണ് നരിമാന്‍ ഹൌസ്. ലൌഡേലിന്റെ മുന്നിലെ വഴിയില്‍ 11-ാമത്തെ കെട്ടിടമാണ് താജ് ഹോട്ടല്‍.

മൂന്നു രാത്രിയും രണ്ടു പകലും അദ്ദേഹം നേരിട്ടു കണ്ട ഭീകരതയുടെ ചില ചിത്രങ്ങളാണ് ഈ കുറിപ്പിനോടൊപ്പം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

Anonymous said...

ഭീകരാക്രമണങ്ങള്‍ക്ക് ലൈവ് കവറേജ് കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ ഭീകരന്റെ നെഞ്ചത്തും പുറത്തും തങ്ങളുടെ ഉല്പന്നത്തിന്റെ പരസ്യം പതിക്കാനും മടിക്കില്ല കോര്‍പ്പറേറ്റ് ഭീകരര്‍.

നല്ല എഴുത്ത്.

Anonymous said...

ബ്രെയിന്‍ വാഷിംഗ്‌ ആണൂ ഇതിണ്റ്റെ പിറകില്‍ ആര്‍ എസ്സ്‌ എസ്സിലും ഡിഫിയിലും പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കറിയാം എങ്ങിനെ ബ്രെയിന്‍ വാഷ്‌ നടത്തുമെന്നു കൊച്ചു വെളുപ്പാന്‍ കാലത്തെ കളക്‌ റ്ററേറ്റു വളയാന്‍ പോകുന്നതും ട്രെയിണ്റ്റെ മുന്നില്‍ കുത്തിയിരിക്കുന്നതും ഒക്കെ ഇതേ അസുഖത്തിണ്റ്റെ വേറെ വേര്‍ഷന്‍ ആണു

Anonymous said...

അദ്ദാണാരുഷി..

ഒരേ സമയം ഡിഫിയിലും ആര്‍.എസ്.എസ്സിലും പ്രവര്‍ത്തിച്ച് തയക്കവും പയക്കവും വന്ന ആള്‍.

:)

Anonymous said...

ആരുഷി പറഞതിലുമ് കാര്യമില്ലേ.

Anonymous said...

Arushi പറഞ്ഞതില്‍ കാര്യമില്ല. കുണ്ടന്‍ ഓ അല്ല,കുട്ടന്‍ പറഞ്ഞതില്‍ വലിയ കാര്യമുണ്ട്.