Sunday, December 21, 2008

സാമ്പത്തികപ്രതിസന്ധി: എന്താണ് പോംവഴി ?

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്‌ട്രങ്ങളും ആഗോള സാമ്പത്തികസ്ഥാപനങ്ങളും നയങ്ങള്‍ തിരുത്താന്‍ തയ്യാറാകണമെന്ന് നോബല്‍ സമ്മാനജേതാവും ആഗോളവല്‍ക്കരണത്തിന്റെ ശക്തനായ വിമര്‍ശകനുമായ ജോസഫ് സ്‌റ്റിഗ്ളിറ്റ്സ് പറഞ്ഞു. ഡല്‍ഹിയില്‍ ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച പത്താമത് ഡി ടി ലൿടവാല സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണം പരാജയപ്പെട്ടെന്നും വിപണി അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച മൌലികവാദം പിന്‍വലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിപണിക്കോ സര്‍ക്കാരിനോ ഒറ്റയ്‌ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. ആഗോളവല്‍ക്കരണം പല കാര്യത്തിനും അതിര്‍ത്തി ഇല്ലാതാക്കി. നിയന്ത്രണം ഇല്ലാതായി. അമേരിക്കയിലുണ്ടായ സാമ്പത്തികപ്രതിസന്ധി മറ്റ് രാജ്യങ്ങളിലേക്കും പടരുന്നത് അതുകൊണ്ടാണ്.

പ്രതിസന്ധി നേരത്തെ പ്രവചിച്ചിരുന്നതാണ്. മുന്നറിയിപ്പും നല്‍കിയിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മുഖ്യധാരാ രാഷ്‌ട്രീയനേതാക്കളും സാമ്പത്തിക വിദഗ്ധരും നയം രൂപീകരിക്കുന്നവരും അവയൊക്കെ അവഗണിച്ചു. ആഗോളവല്‍ക്കരണം തുടങ്ങിയശേഷമുള്ള ആദ്യത്തെ സാമ്പത്തികമാന്ദ്യമാണ് ഇത്. ഇത് പരിഹരിക്കാന്‍ ആഗോളമായ ശ്രമം വേണം. ഇന്ത്യയും ചൈനയും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്ക് പൂര്‍ണമായും വിധേയമാകാത്തതുകൊണ്ടാണ് സാമ്പത്തികപ്രതിസന്ധി ഈ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കാത്തത്. ലോക സമ്പദ്‌വ്യവസ്ഥയെ മാറ്റാന്‍ രംഗത്തിറങ്ങുന്നതില്‍ ഇന്ത്യയും ചൈനയും മടിച്ചുനില്‍ക്കരുത്. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കേണ്ടതാണ്. അത് ലഭിച്ചാല്‍ എല്ലാ അംഗരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയും ചൈനയും പ്രവര്‍ത്തിക്കണം.

തെറ്റായ സാമ്പത്തികനയങ്ങളുടെയും ധനമാനേജ്‌മെന്റിന്റെയും ഫലമാണ് അമേരിക്കന്‍ തകര്‍ച്ച. ഓരോ കാലത്തും ഓരോ കുമിളകളുണ്ടാക്കിയാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പിടിച്ചുനില്‍ക്കുന്നത്. ഇക്കുറി ഭവനനിര്‍മാണ കുമിളയായിരുന്നു. അത് പൊട്ടി. സാമ്പത്തികപ്രതിസന്ധിയുടെ ഫലമായി ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക് അമേരിക്കയില്‍ വീട് നഷ്‌ടപ്പെടും. അടുത്ത വര്‍ഷം 10 ലക്ഷം പേര്‍ക്ക് വീട് നഷ്‌ടപ്പെടുമെന്നാണ് കണക്ക്. ബാങ്കുകളും ധനസ്ഥാപനങ്ങളും തകര്‍ന്നതിനാല്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും മറ്റ് സമ്പാദ്യങ്ങളും തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് ലക്ഷക്കണക്കിനാളുകള്‍.

ഇറാഖിനെതിരായ യുദ്ധത്തിന് 70,000 കോടി ഡോളര്‍ അമേരിക്ക ചെലവഴിച്ചു. 50 ലക്ഷം കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പദ്ധതി ബുഷ് വീറ്റോചെയ്‌ത് പരാജയപ്പെടുത്തി. അമേരിക്കയുടെ ദേശീയകടം എട്ടു വര്‍ഷംമുമ്പ് 5.7 ട്രില്യൺ ഡോളറായിരുന്നു. ഇപ്പോള്‍ അത് അഞ്ചിരട്ടിയായി. ലാഭം സ്വകാര്യവല്‍ക്കരിക്കുകയും യുദ്ധത്തെയും മറ്റ് സാമ്പത്തികക്കെടുതികളെയും ദേശസാല്‍ക്കരിക്കുകയും ചെയ്യുന്നു.

അമേരിക്കയില്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ട മേഖലകളില്‍ പണം എത്തുന്നില്ല. പണം ആവശ്യമില്ലാത്തവര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ധനസ്ഥാപനങ്ങള്‍ക്കുമാത്രം രക്തം കുത്തിവച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, യഥാര്‍ഥ രോഗി ആന്തരിക രക്തസ്രാവംമൂലം മരിക്കുന്നു. ആഗോളമായ സാമ്പത്തികനിയന്ത്രണ സംവിധാനവും ഏകോപിതമായ സാമ്പത്തിക ഇടപെടലും കൊണ്ടുമാത്രമേ ഈ പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

****

കടപ്പാട് : ദേശാഭിമാനി

അധിക വായനയ്‌ക്ക്

India, China must act positively: Prof Stiglitz

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്‌ട്രങ്ങളും ആഗോള സാമ്പത്തികസ്ഥാപനങ്ങളും നയങ്ങള്‍ തിരുത്താന്‍ തയ്യാറാകണമെന്ന് നോബല്‍ സമ്മാനജേതാവും ആഗോളവല്‍ക്കരണത്തിന്റെ ശക്തനായ വിമര്‍ശകനുമായ ജോസഫ് സ്‌റ്റിഗ്ളിറ്റ്സ് പറഞ്ഞു. ഡല്‍ഹിയില്‍ ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച പത്താമത് ഡി ടി ലൿടവാല സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണം പരാജയപ്പെട്ടെന്നും വിപണി അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച മൌലികവാദം പിന്‍വലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിപണിക്കോ സര്‍ക്കാരിനോ ഒറ്റയ്‌ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. ആഗോളവല്‍ക്കരണം പല കാര്യത്തിനും അതിര്‍ത്തി ഇല്ലാതാക്കി. നിയന്ത്രണം ഇല്ലാതായി. അമേരിക്കയിലുണ്ടായ സാമ്പത്തികപ്രതിസന്ധി മറ്റ് രാജ്യങ്ങളിലേക്കും പടരുന്നത് അതുകൊണ്ടാണ്.

പ്രതിസന്ധി നേരത്തെ പ്രവചിച്ചിരുന്നതാണ്. മുന്നറിയിപ്പും നല്‍കിയിരുന്നു. ദൌര്‍ഭാഗ്യവശാല്‍ മുഖ്യധാരാ രാഷ്‌ട്രീയനേതാക്കളും സാമ്പത്തിക വിദഗ്ധരും നയം രൂപീകരിക്കുന്നവരും അവയൊക്കെ അവഗണിച്ചു. ആഗോളവല്‍ക്കരണം തുടങ്ങിയശേഷമുള്ള ആദ്യത്തെ സാമ്പത്തികമാന്ദ്യമാണ് ഇത്. ഇത് പരിഹരിക്കാന്‍ ആഗോളമായ ശ്രമം വേണം. ഇന്ത്യയും ചൈനയും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്ക് പൂര്‍ണമായും വിധേയമാകാത്തതുകൊണ്ടാണ് സാമ്പത്തികപ്രതിസന്ധി ഈ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കാത്തത്. ലോക സമ്പദ്‌വ്യവസ്ഥയെ മാറ്റാന്‍ രംഗത്തിറങ്ങുന്നതില്‍ ഇന്ത്യയും ചൈനയും മടിച്ചുനില്‍ക്കരുത്, അദ്ദേഹം പറഞ്ഞു

Baiju Elikkattoor said...

"ലക്ഷം കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പദ്ധതി ബുഷ് വീറ്റോചെയ്‌ത് പരാജയപ്പെടുത്തി."

ഇയ്യാളെ വിചാരണ ചെയ്തു ജയിലില്‍ അടയ്ക്കാന്‍ ലോകത്ത് വ്യവസ്ഥ ഒന്നുമില്ലേ.........?