Wednesday, December 31, 2008

കമ്പോളമല്ല... കമ്പോളദര്‍ശനമാണ് തകരുന്നത്..!

10 വര്‍ഷം മുമ്പ് അമേരിക്കയുടെ ധനകാര്യവിദഗ്ധനും 'തീപ്പന്തവു' മായിരുന്ന തിമോത്തി ഗെയ്റ്റ്നര്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് ഒരാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഏഷ്യന്‍ സാമ്പത്തികതകര്‍ച്ച നേരിടാനുള്ള അമേരിക്കന്‍ ട്രഷറിയുടെ ഉപദേശങ്ങളായിരുന്നു ഈ 'പത്തുകല്‍പ്പന'കള്‍.

1. കറന്‍സികളെ രക്ഷിക്കാന്‍ പലിശനിരക്കുയര്‍ത്തണം.
2. ചൂതാട്ടക്കാരെയും ഓഹരി ദല്ലാള്‍മാരെയും പരിഹസിക്കരുത്.
3. സര്‍ക്കാര്‍ ചെലവും കടവും വെട്ടിക്കുറക്കണം.
4. വസ്‌തുവകകളുടെ വില കുറയട്ടെ, അതൊരു തകര്‍ച്ചയല്ല, തിരുത്തലാണ്.
5. തെറ്റായ തീരുമാനങ്ങളെടുത്തവരെ രക്ഷിക്കരുത്... 'ധാര്‍മ്മികത' മോശമാണ്!
6. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കണം..
7. എല്ലാതരം സബ്‌സിഡികളും അപകടകാരികളാണ്.
8.കിട്ടാക്കടങ്ങള്‍ അപ്പഴപ്പോള്‍ എഴുതിത്തള്ളണം.
9. നിങ്ങളുടെ പിശകുകള്‍ക്ക് മാധ്യമങ്ങളെ പഴിക്കരുത്.
10.അമേരിക്കയെ ഐശ്വര്യത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോളവ്യവസ്ഥ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം.

ഹായ്, എത്ര കര്‍ശനവും സുതാര്യവുമായ കല്‍പ്പനകള്‍...ഈ കല്‍പ്പനകള്‍ തന്നെയാണ് അല്‍പ്പം ചില ചേരുവകളോടെ ലോകരാഷ്‌ട്രങ്ങള്‍ക്ക്മേല്‍ ഐ എം എഫും ലോകബാങ്കും എ ഡി ബി യും അടിച്ചേല്‍പ്പിച്ചത്. സ്വകാര്യവല്‍ക്കരിച്ചും, കയറ്റുമതിയധിഷ്‌ഠിത വികസനനയങ്ങള്‍ നടപ്പാക്കിയും ഐശ്വര്യപൂര്‍ണ്ണമായ ആഗോളസമൂഹം സൃഷ്‌ടിക്കാമെന്നാണ് ഇവര്‍ പറഞ്ഞുപഠിപ്പിച്ചത്. സമ്പദ് വ്യവസ്ഥ മൂലധനഉടമകള്‍ക്ക് മുമ്പില്‍ ഉദാരമായി കാഴ്‌ചവെച്ചാല്‍ 'വളര്‍ച്ച' താനെ വരുമെന്നും, സ്വന്തം നാട്ടിലെ മനുഷ്യരുടെ ക്ഷേമം, വിദേശികള്‍ക്ക് വേണ്ടുന്ന വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ച് കയറ്റി അയച്ചാല്‍, കൈവരിക്കാമെന്നും അമേരിക്ക പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് തകര്‍ച്ചയും, സോഷ്യലിസ്‌റ്റ് രാഷ്ട്രങ്ങളുടെ തിരോധാനവും, മുതലാളിത്തത്തെ ലോകമേധാവിത്വത്തിന്റെ കിരീടം ധരിപ്പിച്ചു! അതങ്ങനെ, എക്കാലവും തുടരുമെന്നും ചരിത്രം കമ്പോളവ്യവസ്ഥയില്‍ ചെന്ന് നിന്ന് പ്രയാണം അവസാനിപ്പിക്കുമെന്നും കൊട്ടിപ്പാടിയവരാണ് ഇന്ന് ചരിത്രത്തില്‍ നിന്ന് തന്നെ തിരോധാനം ചെയ്യുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.

ഒരു ദശാബ്‌ദം മുമ്പ്, അമേരിക്കന്‍ ട്രഷറിയുടെ മേധാവി പുറപ്പെടുവിച്ച കല്‍പ്പനകള്‍ അവര്‍ തന്നെ ധിക്കരിക്കുന്ന ദയനീയ കാഴ്‌ചയാണ് നാം കാണുന്നത് ! കമ്പോളം മുന്നോട്ടു വെച്ച 'വളര്‍ച്ചാപരിഹാര'ങ്ങളെല്ലാം സമ്പൂര്‍ണ്ണമായി വലിച്ചെറിയാന്‍ (താല്‍ക്കാലികമായി) അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു... കമ്പോളവ്യവസ്ഥ സ്വയം തകരുന്നതിന്റെ ലക്ഷണങ്ങള്‍, കമ്പോളത്തിന്റെ അതിനായകരായ അമേരിക്കയില്‍ നിന്നുതന്നെയാണ് ആരംഭിച്ചിരിക്കുന്നത്. പത്ത് കല്‍പ്പനകളും പത്ത് കൊല്ലത്തെ പ്രവൃത്തിയും സൂൿഷ്‌മമായി വിശകലനം ചെയ്യാന്‍ ഇവിടെ സാധ്യത ഇല്ലാത്തതിനാല്‍ ചില പ്രധാന സംഭവങ്ങളിലേക്ക് മാത്രം തിരിഞ്ഞുനോക്കാം.

'കാംകോ' എന്നാല്‍ കൊറിയന്‍ സര്‍ക്കാറിന്റെ കീഴിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്. 1997-99ലെ ഏഷ്യന്‍ സാമ്പത്തികതകര്‍ച്ചയുടെ കാലത്ത്, അകാലമൃത്യുവരിച്ച സ്വകാര്യ ആസ്‌തികള്‍ക്ക് ജീവന്‍ നല്‍കിയത് ഈ സര്‍ക്കാര്‍ നിക്ഷേപസ്ഥാപനമായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ 100 ബില്യന്‍ ഡോളറിന്റെ കിട്ടാക്കടം 'ഏറ്റെടുത്തത് ' ഇതേസ്ഥാപനമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയന്‍ കമ്പനിക്ക് മുമ്പില്‍ പണത്തിനുവേണ്ടി ക്യൂ നില്‍ക്കുകയാണ് അമേരിക്കന്‍ മൂലധന ദല്ലാള്‍മാര്‍! കഷ്‌ടം, സ്വതന്ത്രകമ്പോളം, മൂന്നാം ലോകസമൂഹം പടുത്തുയര്‍ത്തിയ ധനസ്രോതസ്സിനായി ഇരക്കുന്നു! എ ഡി ബി യുടെ മാനേജിംഗ് ഡയറൿടര്‍ ജനറല്‍ പറയുന്നത് "ഇനി നാം കൂടുതല്‍ നിയന്ത്രണങ്ങളുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണ''മെന്നാണ് ! ആലോചിക്കുക മാത്രമല്ല, അത് നടപ്പാക്കുകയാണ് അമേരിക്ക ചെയ്‌തുകൊണ്ടിരിക്കുന്നത്.

ലോകമേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ ലോകമാകെ സൈനിക ആക്രമണം നടത്തുന്നതില്‍ ലജ്ജിക്കാത്ത അമേരിക്ക ദക്ഷിണേഷ്യയിലും (ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ) അതിന് ചെലവഴിക്കുന്ന പണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഐ.ടി. രംഗത്തെ തകര്‍ച്ചയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ തന്നെയായിരുന്നു - ഇറാക്ക് ആക്രമണം എന്നോര്‍ക്കുക...തകര്‍ച്ച നേരിടാന്‍ ഭരണകൂടം കണ്ടെത്തിയ വഴിയായിരുന്നു, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ (ഭവന നിര്‍മ്മാണം) ഇടപെടല്‍ ! നിര്‍മ്മാണ മേഖലയിലെ ഉത്തേജനം സമ്പദ്ഘടനയില്‍ വളര്‍ച്ചാപ്രവര്‍ത്തനങ്ങളുണ്ടാക്കി.. വായ്‌പകളും, വായ്‌പാഉടമ്പടികളുടെ മേല്‍ വായ്‌പയും; അവ സമാഹരിച്ചുകൊണ്ടുള്ള ചൂതാട്ടവും കൊടുമ്പിരിക്കൊണ്ടു... 2008 ആദ്യമായപ്പോള്‍ 17 ലക്ഷം കോടി ഡോളറിന്റെ കടബാധ്യതകള്‍ വിപണിയില്‍ 'സാമ്പത്തിക ഉല്‍പ്പന്നങ്ങ'ളായി മാറ്റപ്പെട്ടുവെന്നാണ് ധനകാര്യഏജന്‍സികളുടെ കണക്കുപറയുന്നത് ! അടിത്തറയില്ലാതെ സൃഷ്‌ടിക്കപ്പെട്ട 'ഡോളര്‍ ഉത്സവത്തില്‍' അമേരിക്കയില്‍ പണിതുയര്‍ത്തപ്പെട്ട വീടുകളും കെട്ടിടങ്ങളും, വായ്‌പകളും, ബാങ്കുകളും തകര്‍ന്നുവീണു തുടങ്ങി. കിട്ടാക്കടങ്ങള്‍പോലും കമ്പോളത്തില്‍ വിറ്റുകൊണ്ടുള്ള ഈ വ്യാപാരത്തിന്റെ ഇരകളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി തകര്‍ന്നുകൊണ്ടിരിക്കുന്ന നിക്ഷേപകമ്പനികളും, ബാങ്കുകളും, എ ഐ ജി പോലുള്ള വമ്പന്‍ ഇന്‍ഷൂറൻസ് കമ്പനികളുമെന്ന് ഓര്‍ക്കുക...

കണ്‍ട്രിവൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ത്രോണ്‍ബര്‍ഗ്ഗ്, ലീമാന്‍ ബ്രദേഴ്‌സ്, നാഷണല്‍ സിറ്റി കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ഊഹവ്യാപാര ചങ്ങലയില്‍പ്പെട്ട് തകര്‍ന്നു. അമേരിക്കന്‍ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ഓഹരിയൊന്നിന് 2 ഡോളര്‍വെച്ച് കണക്കാക്കി ജെ.പി.മോര്‍ഗനെക്കൊണ്ട് ഏറ്റെടുപ്പിച്ചത് ഫെഡറല്‍ റിസർവ് തന്നെ! 2004 മുതല്‍ 2007 വരെയുള്ള കാലത്ത് കോര്‍പ്പറേറ്റ് തകര്‍ച്ച തടയാന്‍ മാത്രം അമേരിക്കന്‍ ഖജനാവ് ചിലവിട്ട പണം1ലക്ഷം കോടി ഡോളര്‍ വരും! (2002 മുതല്‍ 2008 വരെ ഇറാക്കില്‍ അവര്‍ ചിലവിട്ടത് 540 ബില്യനാണ്) കമ്പോളകാര്യക്ഷമതയും, കോര്‍പ്പറേറ്റ് സുതാര്യതയും, സ്വതന്ത്ര വ്യാപാരവും പ്രകീര്‍ത്തിക്കുന്നവര്‍ ലജ്ജിക്കട്ടെ!

ഇത് 2007 വരെയുള്ള കാര്യം... 2008 ലെ കണക്ക് എത്രയെന്ന് മുമ്പ് വിശദീകരിക്കപ്പെട്ടതാണ്. ഇനി അതിനുവേണ്ടി 700 ബില്യന്‍കൂടി കണ്ടെത്തണമെന്ന് പറയുമ്പോള്‍ - ഒരു ദശാബ്‌ദകാലത്തെ അമേരിക്കയുടെ കോര്‍പ്പറേറ്റ് സബ്‌സിഡി 2.20 ട്രില്യന്‍ ഡോളര്‍ എന്ന ഭീമാകാരമായ സംഖ്യയാവും ! അതുകൊണ്ടാവും ചിലര്‍ അമേരിക്കയെ "യുണൈറ്റ്ഡ് സ്റേറ്റ്സ് ഓഫ് സോഷ്യലിസ്റ് അമേരിക്ക'' യെന്നു ഇപ്പോള്‍ കളിയാക്കുന്നത് ! ( പൂട്ടുന്ന കമ്പനികള്‍ക്ക് ഖജനാവില്‍ നിന്ന് പണം കൊടുക്കുന്ന ഏര്‍പ്പാടാണ് സോഷ്യലിസം എന്നു കരുതുന്ന വിഡ്ഡികളോട് ക്ഷമിക്കുക.) അതെന്തായാലും കമ്പോളമുതലാളിത്തം സ്‌റ്റേറ്റ് മുതലാളിത്തത്തിലേക്ക് തിരിച്ചുനടക്കുകയാണ്...ആഗോളവത്ക്കരണം എന്ന ഓമനപേരില്‍ അറിയപ്പെടുന്ന മൂലധനവാഴ്‌ചയുടെ ദര്‍ശനവും പരിപാടിയും പാപ്പര്‍ ഹര്‍ജി കൊടുത്തിരിക്കുന്നു എന്നാണ് വ്യക്തമാക്കപ്പെടുന്നത്. പക്ഷേ ഇവിടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്...

അമേരിക്കന്‍ ട്രഷറി ഇപ്പോള്‍ 200 ബില്യന്‍ ഡോളര്‍ നല്‍കി രക്ഷപ്പെടുത്തിയിരിക്കുന്ന ഫാനി ആന്റ് ഫ്രെഡി കമ്പനികള്‍, ഗ്യാരണ്ടി നിന്നിരിക്കുന്നത് ചില്ലറ പണത്തിനല്ല.. 5.3 ട്രില്യന്‍ ഡോളറിന്റെ വായ്‌പാ ഗ്യാരണ്ടിയാണവര്‍ നല്‍കിയത്. അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിന്റെ 50% ഇവരാണ് നടത്തിയത്... 80% ഓഹരി വാങ്ങി 85 ബില്യന്‍ ഡോളര്‍ നല്‍കി രക്ഷപ്പെടുത്തിയ എ ഐ ജി യുടെ ബാധ്യത മാത്രം 26 ലക്ഷം കോടി ഡോളറാണ്. അവര്‍ റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റിക്ക് ഗ്യാരണ്ടി നിന്നത് മാത്രം 800 ബില്യന്‍ ഡോളര്‍ വരും... എങ്ങനെയാണ് ഈ ഭീമന്‍ ബാധ്യതകള്‍ അമേരിക്കന്‍ സമൂഹം ഏറ്റെടുക്കുക...? ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമവും ദാരിദ്ര്യവും അമേരിക്ക തന്നെ അനുഭവിക്കുമെന്നാണോ കാലം കണക്കാക്കിയിരിക്കുന്നത് ? എന്തിന് ഇത്രയും കടത്തിപ്പറയുന്നുവെന്ന് നിങ്ങള്‍ വിചാരിക്കുക സ്വാഭാവികമാണ്.. പക്ഷേ അതിനുള്ള സാധ്യത വളരെ കൂടുതലുണ്ടെന്ന് അമേരിക്കന്‍ ട്രഷറിയിലേക്ക് ഒരു എത്തിനോട്ടം കൊണ്ട് മനസ്സിലാക്കാം...

അമേരിക്കന്‍ ട്രഷറി... കടം കൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം

ആണോ? ഉത്തരം അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ കണക്കുപുസ്തകത്തില്‍ തന്നെയുണ്ട്. 2008 ജനുവരി ഒന്നിന് രാജ്യത്തിന്റെ മൊത്തം കടബാധ്യത 52,915 ബില്യന്‍ ഡോളറായിരുന്നുവത്രെ! അതായത് 53 ലക്ഷം കോടി ഡോളര്‍! ഓരോ അമേരിക്കന്‍ പൌരനുമായി ഇത് വീതിച്ചാല്‍ 1,75,154 ഡോളര്‍ വരും! ഒരു കൌതുകത്തിന് വേണ്ടി ഈ സംഖ്യ രൂപയിലാക്കിയാല്‍ 78,81,930 രൂപയെന്ന് വായിക്കാം!! ഒരു ഇന്ത്യക്കാരന്റെ പേരില്‍ നമ്മുടെ ദേശീയ സര്‍ക്കാര്‍ വാങ്ങിയ കടം 30,000 രൂപയെ വരികയുള്ളൂവെന്നതാണ് അത്ഭുതം.

ലോകത്തെ സാമ്പത്തികമായും സൈനികമായും കീഴടക്കുമെന്ന് ഹുങ്ക് പറയുന്നവരുടെ വിദേശ കടം 12.5ട്രില്ല്യനാണ്. ഇതിന്റെ 46 ശതമാനവും വിദേശ രാഷ്‌ട്രങ്ങളും കേന്ദ്ര ബാങ്കുകളും ചേര്‍ന്ന് സംഭാവന ചെയ്യുന്നതാണ്. 2008ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന കമ്മി (current account deficit) 704 ബില്ല്യന്‍ ഡോളറാണ്. കമ്മി നികത്തുന്നതിന് ചൈനയുടെ മാത്രം സംഭാവന 447.5 ബില്യന്‍ ഡോളറാണ്. ഇതൊക്കെ കൂടാതെ ഇപ്പോഴത്തെ തകര്‍ച്ചയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ട്രഷറി ഒഴുക്കിക്കൊടുത്തത് ഒരു ട്രില്യന്‍ ഡോളര്‍വരും! അമേരിക്കന്‍ ട്രഷറി പുറത്തിറക്കിയ സെക്യൂരിറ്റികളില്‍ 2.7 ട്രില്യന്‍ ഡോളറിന്റെ വിഹിതം വിദേശിയരുടേതാണ്. ദേശീയവരുമാനത്തിന്റെ 5 മടങ്ങ് കടം വാങ്ങുന്ന രാജ്യം ലോകത്തിലെ കേന്ദ്രബാങ്കുകളില്‍ നിന്ന് നിക്ഷേപമായി ഒഴുകിവരുന്ന പണം എടുത്ത് ചൂതാട്ടത്തിനും കമ്പോളഭീമന്‍മാര്‍ക്കും യഥേഷ്‌ടം വെട്ടിയറുത്ത് നല്‍കുകയാണ് ചെയ്യുന്നത്. എന്തൊരു ജനാധിപത്യം.

ചുരുക്കമിതാണ്, ലോകരാഷ്‌ട്രങ്ങളില്‍ നിന്നും സമാഹരിക്കുന്ന കടത്തിന്മേലാണ് അമേരിക്കന്‍ സമ്പദ്ഘടന കെട്ടിതൂക്കിയിരിക്കുന്നത്. ഏതുനിമിഷവും പൊട്ടിപൊളിയാവുന്ന ധനമൂലധനത്തിന്റെ നെടുംതൂണുകള്‍ നിര്‍മ്മിക്കാനാണ് ഈ കടം പ്രധാനമായും അവരുപയോഗിക്കുന്നത് . ഒരു കോര്‍പ്പറേറ്റ് കോണ്‍ഫെഡറേഷനാണ് അമേരിക്ക. ട്രില്യന്‍ കണക്കിന് കിട്ടാകടങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ എഴുതിതള്ളുന്നതുപോലെ, അമേരിക്കയുടെ ട്രഷറി നിക്ഷേപങ്ങളും കിട്ടാകടമായി തീരുന്ന നാളുകളിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഡോളര്‍ മേധാവിത്വവും ആകാശംമുട്ടെ ഉയരുന്ന കടബാധ്യതയും ധനമൂലധനത്തിന്റെ ചൂതാട്ടവും എല്ലാം വെറും സൈനിക ശേഷികൊണ്ട് അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാമെന്ന് കോര്‍പ്പറേറ്റ് അമേരിക്ക കരുതുന്നുണ്ടാകും... എന്നാല്‍ ഒരാഗോളഫാസിസത്തിലേക്ക് നീങ്ങാനുളള മൂലധനത്തിന്റെ ശ്രമങ്ങള്‍ക്ക് സെപ്‌തംബര്‍ തകര്‍ച്ച വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മൂലധനത്തിന്റെ കടുത്തചൂഷണവും ധനമൂലധനത്തിന്റെ ലാഭകൊതിയും സൃഷ്‌ടിച്ച സംഘര്‍ഷത്തില്‍ പെട്ട് സ്വയം തകരുകയാണവര്‍. നിക്ഷേപ ഒഴുക്ക് തടയാനും; ഡോളര്‍നിക്ഷേപത്തിന്റെ സ്ഥാനത്ത് വേറൊന്ന് തിരഞ്ഞെടുക്കാനും ഒരുപിടി രാഷ്‌ട്രങ്ങള്‍ മനസ്സുവെച്ചാല്‍ ഈ തകര്‍ച്ച കൂടുതല്‍ ആഴത്തിലുളള പരിക്കിന് വഴിവെക്കും. അതിനുളള രാഷ്‌ട്രീയ ഇച്‌ഛാശക്തി വളര്‍ന്നുവരികയാണെങ്കില്‍, എന്‍റോണ്‍ കമ്പനിയോ, ഭീമന്‍ ധനകാര്യ കോര്‍പ്പറേഷനുകളോ, നേരിട്ടതിന് സമാനമായ തകര്‍ച്ചയിലേക്ക് ഈ 'കമ്പോളരാജ്യം' നിലംപൊത്താം. അത്തരം പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ടുളള നടപടികളാണ് അമേരിക്ക ഇപ്പോള്‍ എടുക്കുന്നത്. കമ്പോളവാഴ്‌ച അരക്കിട്ടുറപ്പിക്കാനും, ആഗോളമായി വ്യാപിപ്പിക്കുവാനും അവര്‍ കൊണ്ടാടിനടന്ന മുദ്രാവാക്യങ്ങള്‍ തല്‍ക്കാലം ചവറ്റുകുട്ടയിലേക്ക് മാറ്റിവെച്ചിട്ട്, സാമൂഹ്യമൂലധനത്തെയും, ഭരണകൂടത്തെയും ഉപയോഗിച്ച്, കമ്പോളവ്യവസ്ഥ പുതുക്കിപ്പണിഞ്ഞ് ബലപ്പെടുത്താമെന്നവര്‍ കരുതുന്നു. എന്നാല്‍ അതത്ര എളുപ്പമാണോ?

ഭരണകൂട ഇടപെടല്‍ പരമാവധി ഒഴിവാക്കി പൊതുമേഖല മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ച് നടത്തിയ സാമ്പത്തിക അധിനിവേശത്തിന്റെ പരിണാമമാണ് അമേരിക്കന്‍ ധനമേഖലയില്‍ പ്രതിഫലിച്ചത്. വെല്‍ഫെയര്‍ എക്കോണോമിൿസ്'കോര്‍പ്പറേറ്റ് വെല്‍ഫയ'റിന് വഴിമാറ്റി. സമ്പദ്ഘടന ഉദാരവല്‍ക്കരിച്ച് ധനമൂലധനത്തിന്റെ അടങ്ങാത്ത ദുരാഗ്രഹങ്ങള്‍ക്കും ചൂതാട്ടത്തിനും കാഴ്ചവെച്ചു. സാങ്കേതിക വിദ്യയുടെ ഉടമസ്ഥത കരസ്ഥമാക്കി കൊണ്ട് മൂലധനശക്തികള്‍, ലാഭത്തിന്റെ ഹിമാലയങ്ങള്‍ പണിതുയര്‍ത്തികൊണ്ടിരിക്കുമ്പോള്‍, 'വീണുകിട്ടിയ' ചില പുതിയ സൌകര്യങ്ങള്‍ കണ്ട് മതിമറന്ന മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. 'മത്സരമാണ് ഐശ്വര്യം കൊണ്ടുവരുന്നതെന്നാണ് ' അവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം. സ്വകാര്യവല്‍ക്കരണമാണ് വളര്‍ച്ച സൃഷ്‌ടിക്കുകയെന്നും ഭരണകൂട ഇടപെടല്‍ അവസാനിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തണമെന്നും അവര്‍ ലോകത്തെ പഠിപ്പിച്ചു. 'സബ്‌സിഡി' എന്ന പ്രതിഭാസമാണ് സമസ്‌ത വളര്‍ച്ചാപ്രതിസന്ധിയും സൃഷ്‌ടിക്കുന്നതെന്നായിരുന്നു കമ്പോളദാര്‍ശനികര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാഷ്‌ട്രങ്ങളെ ഐ.എം.എഫും ലോകബാങ്കും, എഡിബിയും, അമേരിക്കയും ചേര്‍ന്ന് കമ്പോളത്തിന്റെ ഭാഗമാക്കിയത് ഇതൊക്കെ പറഞ്ഞിട്ടാണ്.ഓഹരി കമ്പോളവും ഊഹവ്യാപാരവും ഡെറിവേറ്റീവുകളുടെ ആധിപത്യവും ലോകത്തില്‍ ആകെ വ്യാപിച്ച് ശക്തിപ്പെട്ടു. പൊതുഫണ്ടും, പൊതുഇടവും അവര്‍ കവര്‍ന്നുകൊണ്ടുപോയി. അവധിവ്യാപാരവും'കട ഉല്‍പ്പന്ന' വ്യാപാരവും വ്യാപകമായി. ധനം കുത്തകകളുടെ പേരില്‍ കുന്നുകൂടിയതല്ലാതെ ആഗോളവല്‍ക്കരണം മാലോകര്‍ക്ക് കടുത്തപ്രതിസന്ധികളായിരുന്നു സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണത്തിന് വഴിവെച്ചുകൊണ്ട് തൊഴില്‍രംഗം കരാര്‍വല്‍ക്കരിച്ചു. തൊഴില്‍ സുരക്ഷിതത്വമില്ലായമ വളര്‍ന്നു.. പരമ്പരാഗത വ്യവസായങ്ങളും, കൃഷിയും, സംസ്‌ക്കാരങ്ങളും വരെ ചവിട്ടിയരക്കപ്പെട്ടു.!

ഉയര്‍ന്നുവന്ന ഇത്തരം വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് നേരെ കമ്പോളം കണ്ണടക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ നേരിടാന്‍ കമ്പോളം വെച്ച നിര്‍ദേശമോ പരിപാടിയോ ആയിരുന്നു അമേരിക്കയിലെ ഭവന വായ്‌പയുടെ പേരില്‍ നടമാടിയ ചൂതാട്ടം... ചൂതാട്ടംകൊണ്ട് സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹാരിക്കാമെന്ന കമ്പോളത്തിന്റെ ധാരണ ധനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് വഴിവെക്കുകയാണ് ഉണ്ടായത്... കമ്പോള വ്യവസ്ഥ ദയനീയമായ വിധം, സ്വന്തം പരിമിതികള്‍ക്കുളളില്‍ കീഴടങ്ങുന്ന കാഴ്‌ചക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രം തങ്ങളില്‍ വന്നു തട്ടിനില്‍ക്കുമെന്ന് വീമ്പുപറഞ്ഞവര്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ 'വീണുരുളുന്ന' കാഴ്‌ച ഗംഭീരം തന്നെ. ഭരണകൂടങ്ങളും, ദേശീയബാങ്കുകളും വേണ്ടെന്ന് പ്രഖ്യാപിച്ചവര്‍ രണ്ടിന്റെയും വേരുകളില്‍ തന്നെ പറ്റിച്ചേരുന്നു. സബ്‌സിഡികളെ പരിഹസിച്ചവര്‍ ദേശീയ ഖജനാവില്‍ തന്നെ വിലയംപ്രാപിക്കുന്നു. നിയന്ത്രണങ്ങള്‍ വളര്‍ച്ച തടയുമെന്ന് ഉത്ഘോഷിച്ചവര്‍ വളര്‍ത്തു നായ്‌ക്കളെപ്പോലെ ചുരുണ്ടുകൂടുന്നു.. 'നിയന്ത്രിക്കപ്പെടുന്ന'തില്‍ അഭിമാനിച്ച് പരസ്യം കൊടുക്കുന്നു. തീര്‍ച്ചയായും കമ്പോളവ്യവസ്ഥയുടെ ഈ ദാര്‍ശിനിക ദാരിദ്ര്യം ലോകത്ത് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുവാനുളള പ്രേരണയും ഊര്‍ജ്ജവും പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതുപയോഗപ്പെടുത്തി മുതലാളിത്വത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയും ബദല്‍വ്യവസ്ഥക്കായുളള അന്വേഷണങ്ങള്‍ തീവ്രമാക്കുകയും ചെയ്യുകയാണ് മൂലധനശക്തികള്‍ ഒഴികെയുളളവരുടെ കടമ

*****

കടപ്പാട് : പി എ ജി ബുള്ളറ്റിൻ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

Anonymous said...

പണ്ടു ചില കടകളില്‍ തൂങ്ങിക്കിടന്നിരുന്ന ഒരു ബോര്‍ഡ് ഉണ്ടായിരുന്നു “ഇന്ന് റൊക്കം നാളെ കടം.” ഇന്ന് (എന്നുവെച്ചാല്‍ ഇന്നലെ) അമേരിക്കാവിലെ ബോര്‍ഡുകള്‍ “ഇന്ന് കടം നാളെ റൊക്കം” എന്നായിരുന്നിരിക്കണം. ആദ്യ സംഭവത്തില്‍ കടം ഗണപതിക്കല്യാ‍ണം പോലെ കിട്ടാതെ നാളെ നാളെ എന്ന് നീണ്ടുപോയെങ്കില്‍, രണ്ടാമത്തേതില്‍ റൊക്കം നീണ്ടു പോകുന്നു. കടം അപകടം എന്ന നാടന്‍ പ്രയോഗത്തില്‍ പതിരില്ലെന്നു വരുന്നു.