Sunday, December 28, 2008

കാര്യങ്ങൾ ഇപ്പോൾ പഴയ പടി അല്ല

ഇക്കഴിഞ്ഞ സെപ്‌റ്റംബർ 1 നു ശേഷം അമേരിക്കയിൽ 14,000 പേർക്കാണ് പ്രതിദിനം തൊഴിലില്ലാതാവുന്നത്. തൊണ്ണൂറു ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 1.3 ദശലക്ഷം അമേരിക്കക്കാർക്ക് തങ്ങളുടെ ജോലി നഷ്‌ടപ്പെട്ടു. ആഴ്‌ചകളോളം തലക്കെട്ടുകൾ ആകർഷിച്ചുകൊണ്ടിരുന്ന വാൾസ്‌ട്രീറ്റ് വിശേഷങ്ങൾ തൽക്കാലം തിരശ്ശീലയ്‌ക്ക് പിറകിലേയ്‌ക്ക് പിൻ‌വലിയുകയാണ്. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് നംബറിൽ മാത്രം അഞ്ച് ലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ ജോലി നഷ്‌ടപ്പെട്ടു എന്നാണ്. 1974 ഡിസംബറിനു ശേഷം ഇത്രയധികം ആളുകൾക്ക് തൊഴിൽ ഇല്ലാതാവുന്നത് ഇപ്പോഴാണ്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുറമേ കാണുന്നപോലെയല്ല കാര്യങ്ങളുടെ കിടപ്പ്. സ്ഥിതി അതിനേക്കാൾ വളരെ മോശമാണ്. കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് മുൻ‌മാസങ്ങളിലെ സ്ഥിതിവിവരകണക്കുകൾ മാറുകയാണ്. രണ്ട് മാസം മുമ്പ് പുറത്തുവന്ന കണക്കുകളനുസരിച്ച് സെപ്‌റ്റംബറിലെ തൊഴിൽ നഷ്‌ടം 159,000 ആയിരുന്നു. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്‌റ്റിൿസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം സെപ്‌റ്റംബറിൽ 403,000 പേർക്ക് തൊഴിൽ നഷ്‌ടമായിട്ടുണ്ട്. അതുപോലെ തന്നെ, ഒൿടോബറിലെ ആദ്യ കണക്ക് 240,000 പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു എന്നായിരുന്നത് ഇപ്പോൾ 320,000 ആയി മാറിയിട്ടുണ്ട്. കൌമാരപ്രായക്കാരുടെ തൊഴില്ലായ്‌മാ നിരക്കാവട്ടെ ദേശീയ തൊഴിലില്ലായ്‌മാ നിരക്കായ 6.7 ശതമാനത്തിന്റെ ഏതാണ്ട് മൂന്ന് മടങ്ങ് (20.4 ശതമാനം) ആയിട്ടുണ്ട്. ( ഈ കണക്കുകളിൽ നിരാശമൂലം ജോലി അന്വേഷിക്കുന്നത് തന്നെ ഉപേക്ഷിച്ചവർ ഉൾപ്പെടുന്നില്ല. തങ്ങൾ ആഗ്രഹിക്കുന്നത്ര മണിക്കൂറുകൾ ജോലി ലഭിക്കാത്തവരെയും ഈ കണക്കുകളിൽ പെടുത്തിയിട്ടില്ല.) ഈ ഘടകങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുകയാണെങ്കിൽ ദേശീയ തൊഴിലില്ലായ്‌മാ നിരക്ക് ഒരു പക്ഷെ 12.5 ശതമാനം ആയി ഉയർന്നേക്കും. കണക്കുകൾ പൂർണ്ണമായി ശരിയല്ലാത്ത ഈയവസ്ഥയിലും തൊഴിലില്ലായ്‌മ കഴിഞ്ഞ 15 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ മാസം 10.3 ദശലക്ഷം ആളുകൾക്കാണ് തൊഴിലില്ലാത്തത്. ഒരു വർഷം കൊണ്ട് ഏകദേശം 3.1 ദശലക്ഷം പേർക്കാണ് പുതിയതായി തൊഴിലില്ലാതായത്. വമ്പൻ കമ്പനികളുടെ ലേ ഓഫും അടച്ചുപൂട്ടലുകളും തുടരുകയാണ്, കാര്യങ്ങൾ കൂടുതൽ മോശമാവുക തന്നെയാണ്. ഇൻ‌ഫോർമേഷൻ ടെൿനോളജിയുടെ രംഗത്തും ആയിരക്കണക്കിന് തൊഴിലുകൾ നഷ്‌ടമായിട്ടുണ്ട്.

മുന്നോട്ടുള്ള യാത്ര ദുഷ്‌ക്കരമാണ്. ഒട്ടേറെ മഞ്ഞുമലകൾ മുന്നിലുണ്ട്. ഇതിപ്പോൾ മഞ്ഞുകാലമാണ്- രണ്ട് പ്രധാനമേഖലകളിൽ - കൃഷിയിലും നിർമ്മാണമേഖലയിലും- ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടാറില്ല. വസന്തം വരുമ്പോൾ തൊഴിലില്ലായ്‌മയെ സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളുടെ ആധികാരികത ഉരച്ചുനോക്കാനാവും. രണ്ടു പ്രധാന അവധി ദിവസങ്ങൾ ( ക്രിസ്‌തുമസ്സും ന്യൂ ഇയറും ) കഴിഞ്ഞാൽ പുതിയ ചില മേഖലകളിൽ ( ഉദാ: റീട്ടയിൽ മേഖല) ഒരു പക്ഷെ ലേ ഓഫ് വന്നു കൂടായ്‌കയില്ല. പുതിയ ഭരണം ദശലക്ഷക്കണക്കിന് ആൾക്കാരെ ജോലിസ്ഥലങ്ങളിൽ തിരിച്ചെത്തിക്കാനുതകുന്ന വമ്പൻ കർമ്മപരിപാടി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടാനും ഇടയുണ്ട്. ‘ലെഫ്‌റ്റിസ്‌റ്റ് ’എന്ന ലേബൽ ചാർത്തിക്കിട്ടാൻ ഇട വരുത്തിയേക്കാവുന്ന ചില നടപടികൾ എടുക്കണമോ വേണ്ടയോ എന്ന് പുതിയ ഭരണത്തിന് തീരുമാനിക്കേണ്ടി വരും. അതത്ര അത്ര അസാദ്ധ്യമായ കാര്യമൊന്നുമല്ല, പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനമെടുക്കുക ദുഷ്‌ക്കരമാവും. വൻ‌തോതിൽ തൊഴിൽ സൃഷ്‌ടിക്കുന്ന, അവയ്‌ക്ക് ഉത്തേജനം നൽകുന്ന നടപടികൾ എടുത്താലും അവയ്ക്ക് ഫലസിദ്ധിയുണ്ടാകാൻ കുറച്ചുസമയമെടുക്കും. അടുത്ത രണ്ടു വർഷങ്ങൾകൊണ്ട് മൂന്ന് ദശലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ബരാക്ക് ഒബാമയുടെ പദ്ധതി വിജയിച്ചു എന്നു തന്നെ ഇരിക്കട്ടെ, ഇക്കഴിഞ്ഞ രണ്ട് വർഷം കൊണ്ട് തൊഴിലില്ലാതായവർക്ക് പോലും തൊഴിൽ തിരിച്ചു നൽകാൻ അത് പര്യാപ്‌തമല്ല.

ഫെഡറൽ റിസർവ് പൂജ്യത്തിനും 0.25 ശതമാനത്തിനും ഇടയിലായി പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ( ഇസ്ലാമിക് ബാങ്കിംഗ് അതിന്റെ യഥാർത്ഥ സ്‌പിരിറ്റിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ലോകത്തിലെ ഏക സ്ഥപനം ഫെഡറൽ റിസർവ് ആണെന്നാണ് ഇതിനെക്കുറിച്ച് ഒരാൾ തമാശയായി പറഞ്ഞത്). ഈ നടപടിയുടെ സദ്‌ഫലങ്ങൾ കാല തെളിയിക്കും എന്നാണ് ഫെഡറൽ റിസർവ് വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും, വായ്‌പാ ദാരിദ്ര്യം(credit crunch) എന്ന പ്രശ്‌നം പരിഹരിക്കാൻ, വായ്‌പകൾ ആവശ്യമായവർക്ക് അവ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്ന അല്ലെങ്കിൽ തയ്യാറല്ലാത്ത ഇന്നത്തെ അവസ്ഥയെ മറികടക്കാൻ ഇതുകൊണ്ടാവില്ല. ഭൂപണയവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾക്കും (mortgage and other crises) പരിഹാരമേതുമായിട്ടില്ല. ഇപ്പോൾ ബുഷിന്റേയും പിന്നീട് ഒബാമയുടേയും ഭരണകൂടങ്ങൾ എടുക്കുന്ന എല്ലാ നടപടികളും ഫലവത്തായാലും കാര്യങ്ങളൊക്കെ പഴയ പടി ആകുമെന്ന് ഏറ്റവും വലിയ ശുഭാപ്‌തി വിശ്വാസി പോലും കരുതുന്നുണ്ടാവില്ല. ദശലക്ഷ്ക്കണക്കിന് മനുഷ്യർക്ക് ജീവിതം പഴയ പടി ആവില്ല, തീർച്ച.

ഭൂപണയ പ്രതിസന്ധി (housing mortgage crisis) ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത രണ്ടു വർഷത്തിനകം ഏകദേശം 60 ലക്ഷം ആൾക്കാർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെടും. ഇതിനകം രംഗപ്രവേശം ചെയ്‌തുകഴിഞ്ഞ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി (credit card crisis) ഏതു നിമിഷവും പൊട്ടിത്തെറിക്കാം. മോർട്ട്ഗേജ് ലോണുകളെ അപേക്ഷിച്ച് ഇതിൽ ഉൾപ്പെട്ടിട്ടുള്ള തുക ചെറുതാണെന്നതിനാൽ ധനകമ്പോളങ്ങൾക്കുമേൽ അവ ഏ‌ൽ‌പ്പിക്കുന്ന ആഘാതം താരതമ്യേനെ ചെറുതായിരിക്കും. എങ്കിലും ക്രെഡിറ്റ് കാർഡ് പ്രതിസന്ധി കൂടുതലാളുകളെ ബാധിക്കാൻ ഇടയുണ്ട്. ബിസ്സിനസ്സ് വീക്ക് ഇപ്രകാരം പറയുന്നു: “കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുമാറ്‌, ക്രെഡിറ്റ് കാർഡിന്റെ കാര്യത്തിൽ സബ്‌‌പ്രൈം ഭീഷണി വളരെ കൂടുതലാണ്. തിരിച്ചട‌യ്‌ക്കാത്ത ക്രെഡിറ്റ് കാർഡ് വായ്‌പയുടെ 30 ശതമാനം എടുത്തിരിക്കുന്നത് വളരെ കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് മാത്രമുള്ള ആളുകളാണ്. ഭൂപണയത്തിന്റെ കാര്യത്തിൽ സബ് പ്രൈം ആയ വായ്‌പക്കാരുടെ എണ്ണം 11 ശതമാനം മാത്രമായിരുന്നു. ”അമേരിക്ക എന്നത് ഏതാണ്ട് മുഴുവൻ ആളുകളും ക്രെഡിറ്റ് കാർഡുപയോഗിക്കുന്ന ( പലരും ഒട്ടനവധി) രാജ്യമാണെന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കുക.

തൊഴിൽ നഷ്‌ടമാവുന്ന പ്രക്രിയ ഇപ്പോഴത്തെ നിരക്കിൽ തുടരുകയണെങ്കിൽ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി വളരെ വേഗം മൂർച്‌ഛിക്കും. പണിയില്ലാതാകുന്നവർക്ക് യഥാസമയം തങ്ങളുടെ വിഹിതം അടയ്‌ക്കാനാവുകയില്ലല്ലോ. എന്നു മത്രമല്ല, അവർക്കവാശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാനാവാതെ കൂടുതൽ കടത്തിൽ ചെന്ന് ചാടാനുമിടയുണ്ട്. കുറച്ച് കാലമായി പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ചില കണക്കുകളനുസരിച്ച് യു എസിലെ ക്രെഡിറ്റ് കാർഡ് വായ്‌പ 2002 ൽ 211 ബില്യൺ യു എസ് ഡോളർ ആയിരുന്നത് 2007 അന്ത്യമായപ്പോഴേക്കും 915 ബില്യൺ യു എസ് ഡോളർ ആയിട്ടുണ്ട്. ഈ ചീട്ടുകൊട്ടാരം തകർന്നു വീഴുമ്പോൾ അത് ഇപ്പോൾ നിലവിലുള്ള ഭൂപണയ പ്രതിസന്ധിയെയും സാമ്പത്തിക മാന്ദ്യത്തെയും കൂടുതൽ രൂക്ഷമാക്കും. തങ്ങളുടെ ഭവന വായ്പയുടെ മാസ ഗഡു ഉയർന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡിലൂടെ അടയ്‌ക്കുന്ന ഒട്ടേറെ ആളുകളുണ്ട്.

ഇതിനിടെ, നഷ്‌ടത്തിലായ വമ്പൻ ധനകാര്യ സ്ഥാപനങ്ങളെ ജാമ്യത്തിലെടുക്കുന്നതിനാണ് ഈ പ്രതിസന്ധിയിലുടനീളം ഊന്നൽ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ( ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം അമേരിക്കയും യൂറോപ്യൻ സർക്കാരുകളും ചേർന്ന് ഇതിനായി ചെലവഴിക്കുന്ന തുക വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യ നിർമ്മാജനത്തിനും കാലാവസ്ഥാ സംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചെലവാക്കുന്ന തുകയുടെ ഏതാണ്ട് 40 ഇരട്ടി വരും. എന്നിട്ടു, ഓരോ ദിവസവും വാൾ‌സ്‌ട്രീറ്റിൽ നിന്ന് പുതിയ പുതിയ കുംഭകോണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ബാങ്കുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും പുതിയ കഥകൾ പുറത്തുവരികയാണ്. വ്യാജ ലാഭത്തിന്റെ പേരിൽ ബില്യണുകൾ ബോണസ്സായി അടിച്ചുമാറ്റിയ എൿസിക്യൂട്ടീവുമാരിൽ നിന്നും പ്രസ്‌തുത തുക ഇനിയും തിരിച്ചു പിടിച്ചിട്ടില്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് 2006 ൽ മെറിൽ ലിഞ്ച് ബോണസ്സായി നൽകിയ തുക 5 ബില്യണും 6 ബില്യണും ഇടയ്‌ക്ക് വരും. എന്നാൽ 2006 ൽ മെറിൽ ലിഞ്ച് നേടിയതെന്നവകാശപ്പെട്ട 7.5 ബില്യൺ യു എസ് ഡോളറിന്റെ റിക്കാർഡ് ലാഭം വെറും മരീചിക ആയിരുന്നുവത്രെ.

സി‌ഇഓ മാർക്കും ഉയർന്ന എൿസിക്യൂട്ടെവുമാർക്കും നൽകിവന്നിരുന്ന അനർഹമായ പ്രതിഫലം ഇപ്പോൾ മാത്രമാണ്, പരിമിതമായതെങ്കിലും, പൊതു ചർച്ചയുടെ വിഷയമാകുന്നത്. ബാങ്കുകളെയും മറ്റും കരകയറ്റുന്നതിനായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ പൊതുഖജനാവിൽ നിന്നും ഒഴുക്കുന്നുണ്ട് എങ്കിലും സാധാരണ ജനങ്ങളുടെ വായ്‌പാ പ്രതിസന്ധിയെയോ ഭൂപണയ പ്രതിസന്ധിയെയോ പരിഹരിക്കുന്നതിനായി അവയിലൊരു ചില്ലിക്കാശെങ്കിലും ചെലവഴിച്ചതായി തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. പൊതുജനങ്ങളുടെ പൈസയെടുത്താണിവരെ രക്ഷപെടുത്തിയിട്ടുള്ളതെങ്കിലും എങ്ങനെയാണ് പ്രസ്‌തുത ഫണ്ടുകൾ ചെലവഴിക്കപ്പെടുന്നതെന്ന് പൊതുജനസമക്ഷം വെളിവാക്കേണ്ടതാണ് എന്ന നിർദ്ദേശം അവർക്ക് നൽകിയിട്ടില്ല.

ഇതിനിടെ, ഏറ്റവും അവസാനമായി പുറത്തുവന്ന വാൾസ്‌ട്രീറ്റ് കുംഭകോണം ബെർണർഡ് എൽ മഡോഫ് ഇൻ‌വെസ്‌റ്റ്മെന്റ് സെക്യൂരിറ്റീസുമായി ബന്ധപ്പെട്ടതാണ്. വാൾ‌സ്‌ട്രീറ്റിന്റെ കഠിനാദ്ധ്വാനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും മഹനീയ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മഡോഫ് ഇന്നിപ്പോൾ അറിയപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പോൺസി സ്‌കീമിന്റെ ഉപജ്ഞാതാവായാണ്. ഏകദേശം 50 ബില്യണിന്റെ അഴിമതി നടത്തിയതായാണ് മഡോഫ് തന്നെ സമ്മതിക്കുന്നത് . ഇന്ത്യയിലെ കടക്കെണിയിലകപ്പെട്ട കൃഷിക്കാരുടെ വായ്‌പകൾ എഴുതിത്തള്ളിയ വകയിൽ ചെലവഴിച്ച തുകയുടെ മൂന്നു മടങ്ങ് വരും ഇത്. വമ്പൻ മാദ്ധ്യമശൃംഖലകളുടെ കണ്ണിൽ പെടാതെ അവരുടെ മൂക്കിനു താഴെ വാൾ‌സ്‌ട്രീറ്റിൽ എങ്ങനെ ഇത്തരം റാക്കറ്റുകൾക്ക് തഴച്ചു വളാരാനായി എന്നതാണ് ഇവിടെ ഉയരുന്ന രസകരമായ ചോദ്യം. മഡോഫ് കുംഭകോണം ചുരുളഴിയുന്ന അനേകം കാര്യങ്ങൾക്കിടയിൽ ഒന്നു മാത്രമാണ്.

ഒബാമ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവായ സെനറ്റ് സീറ്റ് വ്യക്തിപരമായ നേട്ടങ്ങൾക്കായി വിൽക്കാൻ ശ്രമിച്ച ഇല്ലിനോയിസ് ഗവർണ്ണർക്കെതിരെ പൊതുജനാഭിപ്രായം ഉയർന്നിട്ടുണ്ട്. ഗവർണർ ബ്ലാഗോജെവിക്കിന്റെ നടപടി ചിക്കാഗോ യെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതോ വമ്പിച്ച തോതിലുള്ളതോ അല്ല തന്നെ. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു പീറ രാഷ്‌ട്രീയക്കാരൻ നടത്തിയ അത്ര ഗുരുതരമല്ലാത്ത ഒരു അഴിമതി മാത്രമാണത്. തൊട്ടയൽ‌പ്പക്കത്ത് നടക്കുന്ന ഭവന ഭേദനവും കവർച്ചയും ശ്രദ്ധിക്കാതെ ചെറുകിട പോക്കറ്റടിക്കാരന്റെ പിറകേ പായുന്നവരെപ്പോലെയാണ് പൊതുജനങ്ങളുടെ പ്രതികരണം. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിചാരണ ചെയ്യുന്ന അതേ മാനദണ്ഡങ്ങൾ ബിസ്സിനസ്സുകാരെ വിലയിരുത്തുമ്പോഴും പിന്തുടരേണ്ടതിന്റെ ആവശ്യമില്ലേ എന്ന സംശയവുമുണ്ട്, പ്രത്യേകിച്ചും പൊതു ജനങ്ങളുടെ അളവറ്റ ധനം കൈകാര്യം ചെയ്യുന്നവരുടെ കാര്യത്തിലെങ്കിലും.

ഈ ഇരുണ്ട പശ്ചാത്തലത്തിലാണ് ചിക്കാഗോയിലെ ഒരു ഫാൿടറിയിൽ നിന്നും ഒരു അത്ഭുത വാർത്ത കേൾക്കാൻ ഇടയായത്. റിപ്പബ്ലിക് വിൻ‌ഡോസ് ആൻഡ് ഡോർസ് ഫാൿടറി എന്ന സ്ഥാപനത്തിനു മുമ്പിൽ കുത്തിയിരുന്ന തൊഴിലാളികൾ പിടിച്ച ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു “നിങ്ങളെ അവർ ജാമ്യത്തിലെടുത്തു. ഞങ്ങൾ വിറ്റു തീർന്നു” (“You got bailed out. We got sold out.”) ആരെയും അറിയിക്കാതെ പെട്ടെന്ന് രഹസ്യമായി പ്രവർത്തനം അവസാനിപ്പിച്ചതിന്റെ ഫലമായി തൊഴിൽ നഷ്‌ടപ്പെട്ട, യൂണിയനിലംഗങ്ങളായ ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും അവധിക്കാല വേതനത്തിനും പിരിച്ചുവിടൽ നഷ്‌ടപരിഹാരത്തിനുമായി കമ്പനിക്കു മുമ്പിൽ കുത്തിയിരുന്നു.അവർക്കത് ലഭിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, മാറുന്ന കാലത്തിന്റെ പ്രതീകമെന്നോണം രാഷ്‌ട്രീയക്കാരും, വിശിഷ്‌ട വ്യൿതിത്വങ്ങളും പൊതു പ്രവർത്തകരും ഫാൿടറിക്ക് മുമ്പിലെത്തി പ്രക്ഷോഭത്തോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തിനേറെ, ഒബാമ പോലും താൻ പ്രക്ഷോഭകാരികളുടെ ഡിമാൻഡുമായി യോജിക്കുന്നു എന്നു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് ഭരണ കൂടത്തോടൊപ്പം നിൽക്കുമായിരുന്ന മാദ്ധ്യമങ്ങൾ അത്രയേറെ വാശി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല . ബ്ലാക്ക് കമന്റേറ്റർ എന്ന പംൿതിയിൽ കാൾ ബ്ലോയിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, “സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ പോലീസ് ഫാക്ടറിയിൽ കടന്നുചെന്ന് അതിക്രമിച്ചുകയറിയവരെന്ന (trespassers)രീതിയിൽ പ്രക്ഷോഭകാരികളെ മർദ്ദിച്ചൊതുക്കുകയോ പുറത്താക്കുകയോ ചെയ്യുമായിരുന്നു. ”സാമ്പത്തിക തകർച്ചയെത്തുടർന്ന് കഥയാകെ മാറിയിരിക്കുന്നു. സാധാരണ ജനങ്ങൾ പ്രക്ഷോഭകാരികളെ സഹായിക്കാൻ ഭക്ഷണപ്പൊതികളുമായി സമരപന്തലിലേക്കെത്തി എന്നത് വളരെ ശ്രദ്ധേയമാണ്. അമേരിക്ക, ദശകങ്ങൾക്കു ശേഷം, കൂടുതൽ കൂടുതൽ മിലിറ്റന്റായ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണോ? കൂടുതൽ കൂടുതൽ ആളുകൾക്ക് തൊഴിൽ നഷ്‌ടമാവുന്ന ഈ ദശാസന്ധിയിൽ ഇത്തരം പ്രക്ഷോഭങ്ങൾക്ക് , ദശകങ്ങൾക്കു ശേഷം, ആ രാജ്യത്ത് കൂടുതൽ കൂടുതൽ പിന്തുണ കിട്ടാൻ പോവുകയാണോ?


*****

ശ്രീ പി സായിനാഥ് ഹിന്ദുവിലെഴുതിയ U.S. economy — it’s business as unusual എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ ഇരുണ്ട പശ്ചാത്തലത്തിലാണ് ചിക്കാഗോയിലെ ഒരു ഫാൿടറിയിൽ നിന്നും ഒരു അത്ഭുത വാർത്ത കേൾക്കാൻ ഇടയായത്. റിപ്പബ്ലിക് വിൻ‌ഡോസ് ആൻഡ് ഡോർസ് ഫാൿടറി എന്ന സ്ഥാപനത്തിനു മുമ്പിൽ കുത്തിയിരുന്ന തൊഴിലാളികൾ പിടിച്ച ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു “നിങ്ങളെ അവർ ജാമ്യത്തിലെടുത്തു. ഞങ്ങൾ വിറ്റു തീർന്നു” (“You got bailed out. We got sold out.”) ആരെയും അറിയിക്കാതെ പെട്ടെന്ന് രഹസ്യമായി പ്രവർത്തനം അവസാനിപ്പിച്ചതിന്റെ ഫലമായി തൊഴിൽ നഷ്‌ടപ്പെട്ട, യൂണിയനിലംഗങ്ങളായ ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും അവധിക്കാല വേതനത്തിനും പിരിച്ചുവിടൽ നഷ്‌ടപരിഹാരത്തിനുമായി കമ്പനിക്കു മുമ്പിൽ കുത്തിയിരുന്നു.അവർക്കത് ലഭിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, മാറുന്ന കാലത്തിന്റെ പ്രതീകമെന്നോണം രാഷ്‌ട്രീയക്കാരും, വിശിഷ്‌ട വ്യൿതിത്വങ്ങളും പൊതു പ്രവർത്തകരും ഫാൿടറിക്ക് മുമ്പിലെത്തി പ്രക്ഷോഭത്തോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തിനേറെ, ഒബാമ പോലും താൻ പ്രക്ഷോഭകാരികളുടെ ഡിമാൻഡുമായി യോജിക്കുന്നു എന്നു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് ഭരണ കൂടത്തോടൊപ്പം നിൽക്കുമായിരുന്ന മാദ്ധ്യമങ്ങൾ അത്രയേറെ വാശി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല . ബ്ലാക്ക് കമന്റേറ്റർ എന്ന പംൿതിയിൽ കാൾ ബ്ലോയിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, “സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ പോലീസ് ഫാക്ടറിയിൽ കടന്നുചെന്ന് അതിക്രമിച്ചുകയറിയവരെന്ന (trespassers)രീതിയിൽ പ്രക്ഷോഭകാരികളെ മർദ്ദിച്ചൊതുക്കുകയോ പുറത്താക്കുകയോ ചെയ്യുമായിരുന്നു. ”സാമ്പത്തിക തകർച്ചയെത്തുടർന്ന് കഥയാകെ മാറിയിരിക്കുന്നു. സാധാരണ ജനങ്ങൾ പ്രക്ഷോഭകാരികളെ സഹായിക്കാൻ ഭക്ഷണപ്പൊതികളുമായി സമരപന്തലിലേക്കെത്തി എന്നത് വളരെ ശ്രദ്ധേയമാണ്. അമേരിക്ക, ദശകങ്ങൾക്കു ശേഷം, കൂടുതൽ കൂടുതൽ മിലിറ്റന്റായ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണോ? കൂടുതൽ കൂടുതൽ ആളുകൾക്ക് തൊഴിൽ നഷ്‌ടമാവുന്ന ഈ ദശാസന്ധിയിൽ ഇത്തരം പ്രക്ഷോഭങ്ങൾക്ക് , ദശകങ്ങൾക്കു ശേഷം, ആ രാജ്യത്ത് കൂടുതൽ കൂടുതൽ പിന്തുണ കിട്ടാൻ പോവുകയാണോ?

ajeesh dasan said...

puthuvalsaraashamsakal

ജിവി/JiVi said...

ഈ നല്ല ലേഖനത്തിന് നന്ദി.

Baiju Elikkattoor said...

അതെ, നല്ല ലേഖനം.

Anonymous said...

നമ്മുടെ സ്ഥിതിയും അത്രയ്ക്ക് പഴയ പടി അല്ലല്ലോ. നമ്മുടെ മാത്രമല്ല ഒരിടത്തെയും. നഷ്ടം സഹിച്ചു തൊഴിലാളികളെ നിലനിര്‍ത്താന്‍ തൊഴില്ദാതാവിനാകില്ല എന്നത് സത്യം തന്നെയാണ്. അതിനാല്‍ തന്നെയാണ് തകര്ന്നടിയുന്നതിനു മുന്നേ മനസിലാക്കേണ്ടവര് മനസിലാക്കണം