Thursday, December 25, 2008

രോഷത്തിന്റെ പാദുകത്തിന് പാകമായ മുഖം

ദൈവത്തിനും ജനാധിപത്യത്തിനുംവേണ്ടി ലോകം വെട്ടിപ്പിടിക്കാനിറങ്ങിപ്പുറപ്പെട്ട ജോര്‍ജ് ബുഷ് വൈറ്റ് ഹൌസില്‍നിന്ന് പടിയിറങ്ങാന്‍ 37 ദിനരാത്രങ്ങള്‍ മാത്രം ശേഷിക്കവെയാണ് ഇറാഖില്‍ തന്റെ വിടവാങ്ങല്‍ പര്യടനത്തിനെത്തിയത്. സാമ്രാജ്യത്വഭീകരതയുടെ മൂര്‍ത്തിമദ് രൂപമായ ബുഷ് ബാഗ്ദാദില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങവേയാണ് ഒരു ജോഡി ഷൂ അദ്ദേഹത്തിനുനേരെ വലിച്ചെറിഞ്ഞുകൊണ്ട് 'ഇതാടാ പട്ടീ, നിനക്ക് അന്ത്യചുംബന'മെന്ന് മുന്‍തദര്‍ അല്‍ സെയിദി പൊട്ടിത്തെറിച്ചത്. ഇറാഖി ടെലിവിഷന്‍ ചാനലായ അല്‍ബാഗ്ദാദിയയുടെ പ്രതിനിധിയാണ് മുന്‍തധര്‍.

അധിനിവേശസേനയുടെ നിഷ്ഠുരതകളില്‍ മരിച്ചവരെയും ജീവിതം ചുമക്കുന്നവരെയും ഓര്‍ത്തുകൊണ്ടുമാത്രമല്ല, ഇറാഖില്‍ ഇനി പിറക്കാനിരിക്കുന്നവരെയും ഓര്‍ത്തുകൊണ്ടാണ് മുന്‍തദര്‍ അല്‍ സെയിദി ഇങ്ങനെ വിളിച്ചുപറഞ്ഞത്: "വിധവകള്‍ക്കും അനാഥ ബാല്യങ്ങള്‍ക്കും ഇറാഖില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി ഇതാടാ പട്ടീ, നിനക്കുള്ള അന്ത്യ ചുംബനം''. അടിമകളാക്കപ്പെട്ട തന്റെ രാജ്യത്തിലെ ജനതയുടെ അമര്‍ഷം അത്യന്തം ഭീകരമായ സുരക്ഷാസംവിധാനത്തിനും ചാരവലയങ്ങള്‍ക്കിടയിലും ബുഷിനുനേരെ ചെരിപ്പെറിഞ്ഞുകൊണ്ട് അന്താ രാഷ്ട്രസമൂഹത്തെ അറിയിച്ച ഈ മാധ്യപ്രവര്‍ത്തകന്‍ ഒരു രക്തക്കൊതിയന്‍ യാങ്കിത്തലവന് ഏറ്റവും അര്‍ഹമായതുതന്നെ നല്‍കുകയായിരുന്നു. സേനാവ്യൂഹങ്ങള്‍ക്കും ചാരവലയത്തിനിടയില്‍പ്പോലും സാമ്രാജ്യത്വഭീകരര്‍ സുരക്ഷിതരല്ലെന്ന ഒരു മുന്നറിയിപ്പുതന്നെയാണ് ഈ രക്തരഹിതമായ പ്രതിഷേധ പ്രകടനം.

രക്തപങ്കിലമായ ക്രൂരതീര്‍ഥാടനങ്ങളുടെ ചരിത്രം മാത്രമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നവഅധിനിവേശ ഭീകരതയുടെ ഭയം ജനിപ്പിക്കുന്ന ശരീരഭാഷയുള്ള ബുഷ് താന്‍ നടത്തിയ നരഹത്യകളുടെ യുദ്ധമുഖത്ത് വിജയഭാവത്തോടെ വിടവാങ്ങല്‍ പ്രസംഗത്തിനൊരുങ്ങവേയാണ് ഒരു പട്ടിയെപ്പോലെ ബുഷിനെ ഇറാഖികള്‍ വെറുക്കുന്നുവെന്ന്, ലോകത്തെ അറിയിച്ചുകൊണ്ട് ചെരിപ്പേറുണ്ടായത്. ഷാവേസ് പ്രതികരിച്ചതുപോലെ ആ യുവാവിന്റെ അസാമാന്യമായ ധീരതയെ വാഴ്ത്തുകതന്നെ വേണം. കണ്ണീരിലും ചോരയിലും കുതിര്‍ന്ന അടിമത്തത്തിന്റെ ദിനങ്ങള്‍ ഇറാഖികള്‍ക്ക് സമ്മാനിച്ച ബുഷിന് നല്‍കുന്ന അന്ത്യചുംബനമായിട്ടാണ് ഈ ചെരിപ്പേറിനെ മുന്‍തദര്‍ അല്‍ സെയിദി സ്വയം വിശേഷിപ്പിച്ചത്. ലോകത്തിലെ സാമ്രാജ്യത്വവിരുദ്ധ ശക്തികളും മനുഷ്യസ്നേഹികളും ബുഷിനെപ്പോലൊരു നരാധമന് ഏറ്റവും അര്‍ഹതപ്പെട്ടതായിട്ടാണ് ഈ ചെരിപ്പേറിനെയും പട്ടിവിളിയെയും അഭിമാനപൂര്‍വം കാണുന്നത്. മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ബാഗ്ദാദില്‍നിന്നും ഉയര്‍ന്ന മനുഷ്യത്വത്തിനും സംസ്കാരത്തിനുംവേണ്ടി അലമുറയിടുന്ന ഒരു ജനതയുടെ ആത്മരോഷത്തിന്റെ സര്‍ഗാത്മകമായൊരു പ്രകാശനമായിട്ടാണ് അല്‍സെയ്ദിന്റെ ഈ പ്രതിഷേധപ്രകടനത്തെ പലരും കലവറയില്ലാതെ അഭിവാദനം ചെയ്യുന്നത്. ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചോരപ്പുഴകള്‍ സൃഷ്ടിച്ച ബുഷ് ഇപ്പോള്‍ അഹമ്മദ് നജാദിനെ നിഗ്രഹിക്കാനും തനിക്ക് ദൈവകല്‍പ്പയുണ്ടെന്നാണല്ലോ പുലമ്പിക്കൊണ്ടിരിക്കുന്നത്. ബുഷിനെതിരെയുള്ള ചെരിപ്പേറിനെ പല അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ ഇങ്ങനെയും ചിലതൊക്കെ നടന്നേക്കാമെന്ന് ബുഷ് മനസ്സിലാക്കട്ടെയെന്നാണ് ഫലിതരൂപേണ പറയുന്നത്.

തീര്‍ച്ചയായും സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ഇറാഖികളുടെ, അടിമകളാക്കപ്പെട്ട ഒരു ജനതയുടെ അതിമനോഹരമായ പ്രതിഷേധ പ്രകാശനം തന്നെയാണിത്. ബുഷിനെയും അമേരിക്കന്‍ ദല്ലാളന്മാരെയും ഇറാഖികള്‍ എന്തുമാത്രം വെറുക്കുന്നുവെന്നാണ് ഈ സംഭവം ലോകത്തെ അറിയിക്കുന്നത്. സ്വാതന്ത്യം നഷ്ടപ്പെട്ട ഒരു ജനതയുടെ അശാന്തിയുടെയും ആത്മരോഷത്തിന്റെയും ആഴങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത മാധ്യമവിശാരദന്മാരും ബൂര്‍ഷ്വാമാന്യന്മാരും ഇതൊരു "ചട്ടലംഘനത്തിന്റെയും അന്താരാഷ്ട്ര മര്യാദയുടെയും പ്രശ്ന''മായി ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഒരുക്കേണ്ട സുരക്ഷയുടെയും പത്രസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ധാര്‍മികതയുടെയും വിഷയമായി സംഭവത്തെ ചര്‍ച്ചചെയ്ത് അല്‍സെയിദിനെ ഒരു മര്യാദകെട്ടവനായി ചിത്രീകരിക്കുന്ന "മര്‍ഡോക് സാമ്രാജ്യത്വ''ത്തിലെ സുന്ദരവിഡ്ഢികളായ മാധ്യമബുദ്ധിജീവികള്‍ അവരുടെ അവാര്‍ഡുകളും കാത്തിരിക്കുന്നവരാണ്- മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്തവരുടെ വംശം ചരിത്രത്തില്‍ അവസാനിച്ചിട്ടില്ലല്ലോ. പക്ഷേ, ഇത്തരക്കാര്‍ ചരിത്രത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും പാഠങ്ങളും പാഠഭേദങ്ങളും തിരിച്ചറിയാന്‍ വയ്യാത്തത്ര ധൈഷണികദാരിദ്ര്യം ബാധിച്ച പണ്ഡിതമൂഢന്മാരാണെന്ന യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നുണ്ട്.

ഇത്തരം ബൂര്‍ഷ്വാപണ്ഡിതമൂഢന്മാര്‍ക്ക് ഒരിക്കലും, സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ഹൃദയവികാരങ്ങള്‍ വായിച്ചറിയാനാവില്ല. ഡോളറുകളും മിസൈലുകളും വിധിനിര്‍ണയിക്കുന്ന അധിനിവേശത്തിന്റെ ഭീകരതയും മനുഷ്യത്വരാഹിത്യവും ഇറാഖിന്റെ വര്‍ത്തമാനജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു. അധിനിവേശം സൃഷ്ടിച്ച ജീവിത യാതനകളില്‍ ചവിട്ടിത്തേഞ്ഞ ചെരിപ്പുകള്‍തന്നെ പ്രതിഷേധത്തിന്റെ സൂചകമായി മാറുന്ന ഇറാഖിരോഷത്തിന്റെ സര്‍ഗാത്മകത ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ക്ക് ഇന്ന് ബാഗ്ദാദിന്റ ആഹ്വാനമായിത്തീര്‍ന്നിരിക്കുകയാണ്. അധിനിവേശസേനയുടെ ആക്രമണങ്ങളില്‍ അനാഥരാവുന്നവരെയും അഭയാര്‍ഥികളായി മാറുന്നവരെയും കുറിച്ച് ചിന്തിക്കുന്നവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധത്തിന്റെ ജ്വാലകളെ സുരക്ഷാ സംവിധാനങ്ങള്‍ക്കോ ചാരവലയങ്ങള്‍ക്കോ തടഞ്ഞുനിര്‍ത്താനാവില്ലന്നാണ് ബാഗ്ദാദിലെ ഈ ചെരിപ്പേറ് സംഭവം വ്യക്തമാക്കുന്നത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞതുപോലെ ബുഷിന് ഈ ചെരിപ്പേറ് നേരത്തെ കിട്ടേണ്ടിയിരുന്നു. ബുഷിനെ ഇന്ത്യന്‍ ജനത അഗാധമായി സ്നേഹിക്കുന്നുവെന്ന് ലജ്ജയില്ലാതെ പറഞ്ഞുനടക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെപ്പോലുള്ളവര്‍ ഈ സംഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് മൂലധനപ്രവാഹത്തെ പുരോഗതിയും വളര്‍ച്ചയുമായും അതിനായുള്ള അമേരിക്കന്‍ ബാന്ധവത്തെ മഹത്തായ രാജ്യതാല്പര്യമായും പാടിനടക്കുന്ന എല്ലാ സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കും ഇറാഖിലെ സംഭവങ്ങള്‍ പാഠമാക്കേണ്ടതാണ്.

അടിമത്തത്തെ സ്വാതന്ത്ര്യമായി വ്യവഹരിക്കുന്നവര്‍ക്ക് തുര്‍ക്കി കവി നാസിം ഹിക്മത് നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്.

"നീ സ്വതന്ത്രനാണ് അറസ്റ്റ് ചെയ്യപ്പെടാന്‍
തടവറയില്‍ തള്ളപ്പെടാന്‍
തൂക്കിക്കൊല്ലപ്പെടാന്‍പോലും
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകപോലും
വേണ്ടാത്തവിധം നീ സ്വതന്ത്രനാണ്
എങ്കിലും നക്ഷത്രങ്ങള്‍ക്കു കീഴില്‍
ഇത്തരം സ്വാതന്ത്ര്യം ഒരു ദുരിതം
തന്നെയാണ്.''

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...