മുപ്പത്തിയാറുലക്ഷം സ്‌ത്രീകള്‍ അംഗങ്ങളായുള്ള 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളുടെ ശൃംഖലയായ കുടുംബശ്രീ പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ എങ്ങനെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ അടയാളപ്പെടുത്തേണ്ടത് ? കാര്യക്ഷമമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയെന്നോ? കേരള വികസനത്തിലെ സ്‌ത്രീകളുടെ അദൃശ്യതയെന്ന വെല്ലുവിളിയെ നേരിടാന്‍ കരുത്തേകുന്ന സ്‌ത്രീമുന്നേറ്റമെന്നോ? പ്രാദേശികതലത്തില്‍ വികസനപദ്ധതികളുടെ നിര്‍വഹണത്തിന് സുതാര്യവും ഫലപ്രദവുമായ ഏജന്‍സിയെന്നോ? ഇതെല്ലാമാണ് കുടുംബശ്രീയെന്നു രേഖപ്പെടുത്തുമ്പോള്‍തന്നെ മറ്റൊരു ചോദ്യമുയരാം. പാവപ്പെട്ടവരുടെ സ്വയംസഹായ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മൈക്രോക്രെഡിറ്റ് (ലഘുവായ്‌പാ പരിപാടി) ദാരിദ്ര്യത്തിന് മറുമരുന്നാണെന്ന ലോകബാങ്ക് സിദ്ധാന്തം ചോദ്യംചെയ്യപ്പെടുന്ന ഈ കാലത്ത് കുടുംബശ്രീയുടെ വിജയഗാഥയ്‌ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?
മൈക്രാക്രെഡിറ്റിന് ഒരാഗോള ചരിത്രമുണ്ട്. 1995 സെപ്‌തംബറില്‍ ബീജിംഗില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ നാലാമത് അന്താരാഷ്‌ട്ര വനിതാ സമ്മേളനവേദിയിലാണ്, വര്‍ദ്ധിച്ചുവരുന്ന കടക്കെണിയുടെയും ദാരിദ്ര്യതിന്റെയും ആഘാതങ്ങള്‍ക്കെതിരായുള്ള പ്രതിരോധമാര്‍ഗമെന്ന നിലയിൽ മൈക്രോക്രെഡിറ്റ് എന്ന ആശയം ലോകബാങ്ക് മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രചാരണാര്‍ത്ഥം ലോകബാങ്കില്‍തന്നെ ഒരു പ്രത്യേക സംവിധാനവും അതിന്റെ ആഭിമുഖ്യത്തില്‍ ആഗോള മൈക്രോക്രെഡിറ്റ് ക്യാമ്പെയിന്‍ എന്ന പ്രസ്ഥാനവുമുണ്ട്. 1997 മുതല്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന നിരവധി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകള്‍ മൈക്രോക്രെഡിറ്റ് പരിപാടി വിപുലപ്പെടുത്തുന്നതിനായി ലോകത്തെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍ക്കും ചെറുതും വലുതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനംനല്‍കി. 1995ല്‍ നിന്ന് 2008ലെത്തുമ്പോഴേക്ക് മൈക്രോക്രെഡിറ്റ് എന്നത് ദാരിദ്ര്യത്തിനെതിരെയുള്ള അതിജീവനമന്ത്രമായി ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ആഗോളവത്കരണ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളില്‍പെട്ടുലയുന്ന ദരിദ്രരുടെ രക്ഷയ്‌ക്ക് അവര്‍തന്നെ സ്വയം സംഘടിക്കുകയും മറ്റുമാര്‍ഗങ്ങള്‍ തേടുകയും ചെയ്യേണ്ടതുണ്ട് എന്ന നിലപാടാണ് ലോകബാങ്ക് സ്‌പോണ്‍സേര്‍ഡ് ആയിട്ടുള്ള ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളുടെ സൈദ്ധാന്തിക അടിത്തറ. ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കുള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ക്ക് ലോകബാങ്ക് വലിയ പ്രചാരമാണ് നല്‍കുന്നത്. സര്‍ക്കാരുകളുടെ പരമ്പരാഗത ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളേക്കാള്‍ കാര്യക്ഷമത മൈക്രോക്രെഡിറ്റ് പരിപാടികള്‍ക്കുണ്ടെന്നും അതിനാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ചുമതലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സന്നദ്ധസംഘടനകളെ ഏല്‍പിക്കുകയാണ് വേണ്ടതെന്നുമുള്ള നിഗമനങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന നിരവധി പഠനങ്ങളും ലോകബാങ്കുതന്നെ ധനസഹായം നല്‍കി നടത്തിയിട്ടുണ്ട്.
ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഉള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ വര്‍ണ്ണക്കടലാസുകളില്‍ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുമ്പോഴും ഇവ ദാരിദ്ര്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്‌തമായിട്ടില്ല എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഒന്നരക്കോടിയിലധികം സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ കേരളവും പശ്ചിമബംഗാളും ത്രിപുരയുമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ജന്മിത്വവും ജാതിമേധാവിത്വവും ഇന്നും കൊടികുത്തിവാഴുകയാണ്. ഭൂമിക്കുമേല്‍ അവകാശമില്ലാത്ത ദരിദ്രരുടെ ദുരിതങ്ങള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ കിട്ടുന്ന ചെറുവായ്‌പ പരിഹാരമല്ല. എന്നുമാത്രമല്ല, ഇത്തരം വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായുള്ള വരുമാനവര്‍ദ്ധനവ് മൈക്രോക്രെഡിറ്റ് പരിപാടികളുടെ ഭാഗമായി ലഭിക്കുന്നുമില്ല. ഇന്ത്യയിലെ ദരിദ്രരുടെ സ്വയംസഹായ സംഘങ്ങളുടെ വായ്‌പാതിരിച്ചടവ്നിരക്ക് ഉയര്‍ന്നതാണെന്നത് ഇവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കിയതിന്റെ തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടാറുണ്ട്. സംഘത്തില്‍നിന്നും പണം വായ്‌പനല്‍കുന്ന സന്നദ്ധ സംഘടനകളില്‍നിന്നും ബാങ്കില്‍നിന്നും മറ്റുമുള്ള പലവിധ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ ചുരുക്കിയും ദരിദ്രര്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് വാസ്തവം.
സംഘം ചേരുന്നതിന്റെയും തങ്ങളുടെ പ്രശ്‌നങ്ങള്‍ കൂട്ടായ്‌മയ്‌ക്കുമുന്നില്‍ പങ്കുവെയ്‌ക്കാന്‍ പറ്റുന്നതിന്റെയും ഫലമായുള്ള ആത്മവിശ്വാസവും പ്രതീക്ഷയുംസ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്‌ത്രീകളിലും പുരുഷന്മാരിലും കാണുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം, ജാതിവിവേചനം നിഷേധിക്കുന്ന അവകാശങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തുടങ്ങിയ ദൈനംദിന പ്രശ്‌നങ്ങള്‍ എല്ലാം ചേര്‍ന്നു സൃഷ്‌ടിക്കുന്ന ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍നിന്നും ദരിദ്രരെ രക്ഷിക്കാന്‍ മൈക്രോക്രെഡിറ്റെന്ന ലോകബാങ്കിന്റെ മന്ത്രത്തിന് കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണവും കാര്‍ഷിക പരിഷ്‌ക്കരണവും സാമൂഹ്യപരിഷ്‌ക്കരണവും നടപ്പാക്കാതെ ഇന്ത്യയിലെ ദരിദ്രര്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ ലഭിക്കില്ല. ദരിദ്രര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഇടത്തട്ടുകാര്‍ക്കും തല്‍പരകക്ഷികള്‍ക്കും മാത്രം നേട്ടമുണ്ടാക്കുന്ന ഒരു പ്രഹസനമായി ചുരുങ്ങുമെന്നതാണ് ഇന്ത്യന്‍ അനുഭവം.
ഇവിടെയാണ് കുടുംബശ്രീയും ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളും തമ്മില്‍ ദാര്‍ശനികമായിത്തന്നെ വേര്‍പിരിയുന്നത്. സാമൂഹ്യപരിഷ്‌ക്കരണവും ഭൂപരിഷ്‌ക്കരണവും സാമൂഹ്യക്ഷേമമുന്നേറ്റവും നടന്ന ഒരു സമൂഹത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത് എന്നതുതന്നെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ വ്യത്യസ്‌തമാക്കുന്നത്. കുടുംബശ്രീ ജന്മംകൊണ്ടതാകട്ടെ, ജനാധിപത്യപ്രക്രിയയെ അര്‍ത്ഥവത്തും പൂര്‍ണവുമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കപ്പെട്ട വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലും. ഈ രാഷ്‌ട്രീയ പശ്ചാത്തലമാണ് കുടുംബശ്രീയുടെ ദാര്‍ശനിക അടിത്തറയെ രൂപപ്പെടുത്തിയ മുഖ്യഘടകം.
ദരിദ്രരെ സഹായിക്കാന്‍ ദരിദ്രര്‍മാത്രമേയുള്ളു എന്ന സ്വയംസഹായ സംഘ സങ്കല്‍പത്തെത്തന്നെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രാദേശിക ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമായി സ്‌ത്രീകളുടെ കൂട്ടായ്‌മകള്‍ക്ക് രൂപം നല്‍കുകയും അവയെ സ്‌ത്രീകളുടെ അയല്‍ക്കൂട്ടമെന്ന് വിളിക്കുകയും ചെയ്‌തുകൊണ്ട് കുടുംബശ്രീ ലോകബാങ്ക് മാതൃകയെ ചോദ്യംചെയ്‌തു. തദ്ദേശ ഭരണസ്ഥാപനങ്ങളുമായി നേരിട്ടുബന്ധം പുലര്‍ത്തുകയും കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികളെന്ന നിലയില്‍ സംസ്ഥാനതലത്തില്‍തന്നെ ഏകോപിപ്പിക്കപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ സംഘടനാ സംവിധാനമാണ് ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ല്.
പ്രാദേശിക സര്‍ക്കാരുകളുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സിയെന്നനിലയില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കുടുംബശ്രീ നേടിയ സാമൂഹ്യ അംഗീകാരവും വിശ്വാസ്യതയും ചെറിയ കാര്യമല്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും വികസനത്തിന്റെ നേട്ടം പരമാവധി ജനങ്ങളിലെത്തിക്കുന്നതിലും കുടുംബശ്രീ നിര്‍ണായക ഘടകമായി മാറുന്നതാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കണ്ടത്. പല പ്രദേശങ്ങളിലും ഗ്രാമസഭകളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് കുടുംബശ്രീയാണ്. തൊഴിലുറപ്പുപദ്ധതിയുടെ നിര്‍വഹണത്തില്‍ സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയില്‍ കുടുംബശ്രീ എഡിഎസുകള്‍ വഹിക്കുന്ന പങ്ക് പദ്ധതിയുടെ സുതാര്യതയുടെ ഗ്യാരന്റിയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം പങ്കാളികളായിരുന്ന കേരളത്തിലെ സ്‌ത്രീകളുടെ ഭാഗധേയംതന്നെ തിരുത്തിക്കുറിച്ച് കേരള വികസനപ്രക്രിയയില്‍ സ്‌ത്രീകളെ കര്‍ത്തൃസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയാണ് കുടുംബശ്രീ. തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീയുമായുള്ള ബന്ധത്തെ കൂടുതല്‍ ഫലപ്രദമാക്കാന്‍ പര്യാപ്‌തമായവിധത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള കുടുംബശ്രീയുടെ പുതിയ ബൈലോ കൂടുതല്‍ ഗുണപരമായ മാറ്റം സൃഷ്‌ടിക്കാനാണ് അവസരമൊരുക്കുന്നത്.
കുടുംബശ്രീ അടിസ്ഥാനപരമായി ഒരു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയാണ്. എന്നാല്‍ പാവപ്പെട്ടവര്‍ വെള്ളംകയറാത്ത അറകളാക്കി മാറ്റിനിര്‍ത്തേണ്ടവരല്ല. ദരിദ്രര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായം അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തുമ്പോള്‍തന്നെ മറ്റു സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗത്തിലുംപെട്ട സ്‌ത്രീ സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ നിലപാട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഭരണകാലത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമായി കുടുംബശ്രീയെ പരിമിതപ്പെടുത്തിയെങ്കില്‍ ഇപ്പോള്‍ വളരെ വ്യക്തമായി പുതിയ ബൈലോ ബിപിഎല്ലിനൊപ്പം എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും കുടുംബശ്രീയില്‍ അംഗത്വം ഉറപ്പുനല്‍കുന്നു. പ്രധാന ഭാരവാഹികള്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരായിരിക്കണം എന്ന നിബന്ധനയിലൂടെ പാവപ്പെട്ട സ്‌ത്രീകള്‍ക്ക് നേതൃരംഗത്തേക്ക് വളരുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിരിക്കുന്നു. പട്ടികജാതി-പട്ടികവിഭാഗത്തില്‍പെട്ട സ്‌ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും കുടുംബശ്രീയുടെ എല്ലാ സംഘടനാതലങ്ങളിലും ഉറപ്പുവരുത്താനും പുതിയ ബൈലോ ശ്രദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 1083 കോടി രൂപയുടെ സമ്പാദ്യവും 2793 കോടി രൂപയുടെ ആഭ്യന്തരവായ്‌പയും 637 കോടി രൂപയുടെ ബാങ്ക് വായ്‌പയുമുള്ള വിപുലമായ സാമ്പത്തിക സ്ഥാപനമായി കുടുംബശ്രീ പ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. അമ്പതിനായിരത്തില്‍പരം സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനത്തിന് മാസച്ചന്തകളും ഉല്‍സവകാല ചന്തകളും പ്രാദേശിക മാര്‍ക്കറ്റുകളും വിദേശ കയറ്റുമതിയടക്കം പരീക്ഷിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ 367 ഓണച്ചന്തകള്‍ ലാഭംകൊയ്‌ത് ആത്മവിശ്വാസം വളര്‍ത്തിയിരിക്കുകയാണ്.
സ്‌ത്രീമുന്നേറ്റത്തിന്റെ വേദിയെന്നനിലയില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയും പത്തുവര്‍ഷത്തെ പ്രവര്‍ത്തനവിജയം നല്‍കുന്ന ആവേശവും കൂടുതല്‍ കടുത്ത ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. നിരവധി പരിമിതികള്‍, വെല്ലുവിളികള്‍, പ്രതിസന്ധികള്‍ കുടുംബശ്രീ പ്രസ്ഥാനം ഇന്നു നേരിടുന്നുണ്ട് എന്നതും കാണാതിരുന്നുകൂട. അതിലേറ്റവും പ്രധാനം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മുഖ്യലക്ഷ്യമായിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനത്തിനുപുറത്ത് ഇനിയും ഇതില്‍ അംഗങ്ങളാകാതെ നിരവധി ദരിദ്ര കുടുംബങ്ങളുണ്ട് എന്നതാണ്. അഗതികള്‍ക്കും ദരിദ്രര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കുമെന്നുറപ്പുവരുത്താന്‍ മുഴുവന്‍ ദരിദ്ര കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.
2006-ല്‍ കുടുംബശ്രീ നടത്തിയ പഠനവും പ്രശസ്‌ത സാമ്പത്തികവിദഗ്ധന്‍ പ്രൊഫ. എം.എ ഉമ്മന്‍ നടത്തിയ പഠനവും സൂചിപ്പിക്കുന്നത് കുടുംബശ്രീ അംഗങ്ങളുടെ ജീവിത ഗുണനിലവാരത്തിലും പരസ്‌പരസഹകരണത്തിന്റെ കാര്യത്തിലും വലിയൊരു മുന്നേറ്റം നേടാനായിട്ടുണ്ട് എന്നുതന്നെയാണ്. എന്നാല്‍ സാമ്പത്തികശാക്തീകരണത്തിന്റെ കാര്യത്തില്‍, വിശേഷിച്ച് സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ കുടുംബശ്രീക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല എന്ന ദൌര്‍ബല്യം രണ്ടു പഠനങ്ങളും അടിവരയിടുന്നു. 36 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീയില്‍ 2 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് സംരംഭങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ആകെ സംരംഭങ്ങളില്‍ 79 ശതമാനം പരമ്പരാഗതമേഖലയിലും മൂന്നില്‍രണ്ട് സംരംഭങ്ങള്‍ കാര്‍ഷിക അനുബന്ധമേഖലയിലുമാണ്. കുടുംബശ്രീ പഠനമനുസരിച്ച് 50 ശതമാനം സംരംഭങ്ങളുടെയും വിറ്റുവരവ് 10,000 രൂപയില്‍ താഴെയാണ്.
പ്രൊഫ. എം എ ഉമ്മന്‍ പഠനം നടത്തിയ അഞ്ചു ജില്ലകളില്‍ 35 ശതമാനം കുടുംബശ്രീ സംരംഭങ്ങളും നഷ്‌ടത്തിലാണ്. കുത്തകകള്‍ കമ്പോളം കീഴടക്കിയിട്ടുള്ള കേരളത്തില്‍ ഇതിലത്ഭുതപ്പെടാനില്ല. എന്നാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക ശാക്തീകരണവുംപോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വലിയ തടസ്സമാണ് ഇത് സൃഷ്ടിക്കുന്നത്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പകൊണ്ട് അടിയന്തിര വായ്‌പാ ആവശ്യങ്ങള്‍ മാത്രമേ നിറവേറ്റപ്പെടുകയുള്ളു. ഇന്നത്തെ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളോട് പൊരുതണമെങ്കില്‍ മെച്ചപ്പെട്ട വരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി കാര്‍ഷിക ഉല്‍പാദനമേഖലയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കേരളത്തിലെ വിവിധ വികസന ഏജന്‍സികളുടെയും ഫലപ്രദമായ ഇടപെടലുകളും ഏകോപന പ്രവര്‍ത്തനങ്ങളും ഈ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമാണ്. മാരാരിക്കുളത്ത് മാരാരി മാര്‍ക്കറ്റിംഗ് കമ്പനിയുടെ മാരിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സുഭിക്ഷയുംപോലെ, തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇഛാശക്തിയോടെയുള്ള ഇടപെടലുകളുടെ മാതൃകകള്‍ ഇനിയും സൃഷ്‌ടിക്കപ്പെടണം.
മൈക്രോ ക്രെഡിറ്റ് ലാഭകരമായ ഒരു ബിസിനസ് എന്ന നിലയിലും സ്‌ത്രീകളെ സംഘടിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗമെന്ന നിലയിലും കണ്ടുകൊണ്ട് നിരവധി ഏജന്‍സികളും സംഘടനകളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. വായ്‌പയുടെ ആവശ്യംകൊണ്ടും മറ്റ് സമ്മര്‍ദ്ദങ്ങള്‍കൊണ്ടും ഒരേസമയം കുടുംബശ്രീയിലും മറ്റ് ഒന്നിലധികം ഏജന്‍സികളുടെ സ്വയംസഹായ സംഘങ്ങളിലും അംഗങ്ങളാകുന്ന രീതി വ്യാപകമാണ്. ഇത്തരത്തിലുള്ള ബഹുഅംഗത്വം ഇന്ന് കുടുംബശ്രീയിലെ നിരവധി അംഗങ്ങളെ കടുത്ത കടക്കെണിയിലേക്ക് തള്ളിയിട്ടുണ്ട്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.
കര്‍ണാടക, ആന്ധ്രപ്രദേശ്, ഒറീസ, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങളിലെ സ്വയംസഹായ സംഘങ്ങളെക്കുറിച്ച് നബാര്‍ഡ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഈ സംസ്ഥാനങ്ങളില്‍ 66 ശതമാനത്തിലധികം സംഘങ്ങളും ജാതി അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളവയാണെന്നാണ്. കുടുംബശ്രീ വ്യത്യസ്തമാകുന്നത് 36 ലക്ഷം സ്‌ത്രീകളെ അണിനിരത്തുന്ന മതേതര ജനാധിപത്യവേദിയെന്ന നിലയിലാണ്. കേരളത്തിലെ സ്‌ത്രീകളുടെ ഈ മതേതര ജനാധിപത്യവേദിയെ തകര്‍ത്തുകൊണ്ട് ജാതി-മത-സമുദായസംഘടനകളും വര്‍ഗ്ഗീയ സംഘടനകളും സ്‌ത്രീകളെ തങ്ങളുടെ വരുതിയിലാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സ്‌ത്രീ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുകയും പൊതു വികസനധാരയില്‍നിന്ന് സ്‌ത്രീകളെ അടര്‍ത്തിമാറ്റി ജാതി-മത-സമുദായാടിസ്ഥാനത്തില്‍ തടവിലാക്കുകയും ചെയ്യും.
രാഷ്‌ട്രീയലാക്കോടുകൂടി സ്‌ത്രീകളെ സംഘടിപ്പിച്ച് മൈക്രോക്രെഡിറ്റിലൂടെ വന്‍ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ജനശ്രീയെ രംഗത്തിറക്കിയ കോണ്‍ഗ്രസിന്റെ ലക്ഷ്യവും കുടുംബശ്രീയെന്ന ജനാധിപത്യവേദിയെ തകര്‍ക്കലാണ്. കേരളത്തെപോലെ, രാഷ്‌ട്രീയ ധ്രുവീകരണം നടന്ന ഒരു സമൂഹത്തില്‍ ജാതി-സമുദായ സംഘടനകള്‍ തങ്ങളുടെ സ്വാധീനം പ്രബലമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, രാഷ്‌ട്രീയത്തിന്റെയും സമുദായങ്ങളുടെയും പേരില്‍ കുടുംബശ്രീയെ ശിഥിലീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കെതിരെ തിരിച്ചറിവിന്റെയും ജാഗ്രതയുടെയും പ്രതിരോധം സ്‌ത്രീകള്‍ക്കിടയില്‍ ശക്തമാക്കേണ്ടതുണ്ട്. 2007ല്‍ യുപിഎ സര്‍ക്കാര്‍ രൂപംനല്‍കിയ മൈക്രോഫിനാന്‍സ് ബില്‍പോലെ, സ്‌ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും ജനാധിപത്യ സ്വഭാവവും നഷ്‌ടപ്പെടുത്തിക്കൊണ്ട് അവരെ ധനകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും കൊള്ളയ്‌ക്ക് ഇരകളാക്കുന്ന കയ്യേറ്റങ്ങള്‍ക്കുനേരെ സ്‌ത്രീകള്‍ ജാഗരൂകരാകേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ സത്തയെത്തന്നെ ചോദ്യംചെയ്യുന്നതരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കേന്ദ്രത്തില്‍നിന്ന് നേരിട്ട് സന്നദ്ധ സംഘടനകളെ ഏല്‍പിക്കുകയും അവയുടെ നിര്‍വഹണത്തിനായി സമാന്തര സ്വയംസഹായ സംഘങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എതിര്‍ക്കപ്പെടണം. പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം കവരുന്നതിനെതിരെയുള്ള പ്രതിരോധത്തിലും കുടുംബശ്രീ പങ്കുചേരേണ്ടതുണ്ട്.
സ്വയംസഹായസംഘം സമം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സമം സ്‌ത്രീ ശാക്തീകരണം എന്ന ലോകബാങ്ക് മന്ത്രം വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ കേരളത്തിലുമുണ്ട്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പാ പദ്ധതി ദാരിദ്ര്യത്തെയോ സമൂഹത്തിലെ സ്‌ത്രീയുടെ അദൃശ്യതയെയോ പരിഹരിക്കാനുള്ള മന്ത്രവിദ്യയല്ല. ആഴ്‌ചയില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുന്നതും ചിട്ടയായ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ചെറുവായ്‌പകിട്ടുന്നതും ഇതിന്റെയൊക്കെ ഭാഗമായി പൊതു സമൂഹവുമായി ബന്ധമുണ്ടാകുന്നതും തീര്‍ച്ചയായും സ്‌ത്രീകളുടെ ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്‌ടിക്കും. എന്നാല്‍ സ്‌ത്രീ ശക്തയാകുന്നത് താന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും കാരണമായ ഭൌതികവും ആശയപരവുമായ സാഹചര്യങ്ങളോട് പോരാടുമ്പോഴാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായി തുടരുന്ന പുരുഷാധിപത്യ മൂല്യബോധത്തെ തിരുത്താന്‍ കഴിയുന്നതരത്തില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ട സ്‌ത്രീ സമൂഹത്തെ സൃഷ്‌ടിക്കാന്‍ കുടുംബശ്രീക്ക് കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി. കുടുംബശ്രീ സംവിധാനത്തിലൂടെയുള്ള സ്‌ത്രീകളുടെ വന്‍തോതിലുള്ള മുന്നേറ്റം അവരെ കേരള സമൂഹത്തില്‍ ദൃശ്യരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാന്നിദ്ധ്യവും സാമൂഹ്യജീവിതത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ഇടപെടലുകളും കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി ബോധത്തില്‍ മാറ്റംവരുത്താന്‍ പര്യാപ്‌തമായ നിലയില്‍ നിര്‍ണായകമാകേണ്ടതുണ്ട്.
കുടുംബശ്രീ പത്താംവാര്‍ഷികത്തില്‍ പ്രഖ്യാപിച്ച സ്‌ത്രീപദവി സ്വയംപഠന പരിപാടി ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വിപുലമായ സ്‌ത്രീപദവി പഠനപ്രവര്‍ത്തനമായി മാറാന്‍ പോവുകയാണ്. 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 36 ലക്ഷം സ്‌ത്രീകള്‍ പങ്കെടുത്തുകൊണ്ട് സ്‌ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലും പൌരയെന്നനിലയിലും തങ്ങള്‍ കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ വിശകലനംചെയ്‌ത് തങ്ങളെത്തന്നെ പഠിക്കാന്‍പോകുന്നു. എല്ലാം പഠിച്ചുകഴിഞ്ഞുവെന്ന മലയാളി നാട്യത്തിനുമുന്നില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് സ്‌ത്രീകള്‍ നടത്തുന്ന അസാധാരണമായ ഈ പഠനം കേരള സമൂഹത്തിനും ഭാവിയിലേക്ക് പഠിക്കാനുള്ള ചില പാഠങ്ങള്‍ നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.
****
ഡോ. ടി.എന്‍.സീമ
അധിക വായനയ്‌ക്ക് : മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍
Subscribe to:
Post Comments (Atom)
4 comments:
സ്വയംസഹായസംഘം സമം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സമം സ്‌ത്രീ ശാക്തീകരണം എന്ന ലോകബാങ്ക് മന്ത്രം വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ കേരളത്തിലുമുണ്ട്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പാ പദ്ധതി ദാരിദ്ര്യത്തെയോ സമൂഹത്തിലെ സ്‌ത്രീയുടെ അദൃശ്യതയെയോ പരിഹരിക്കാനുള്ള മന്ത്രവിദ്യയല്ല. ആഴ്‌ചയില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുന്നതും ചിട്ടയായ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ചെറുവായ്‌പകിട്ടുന്നതും ഇതിന്റെയൊക്കെ ഭാഗമായി പൊതു സമൂഹവുമായി ബന്ധമുണ്ടാകുന്നതും തീര്‍ച്ചയായും സ്‌ത്രീകളുടെ ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്‌ടിക്കും. എന്നാല്‍ സ്‌ത്രീ ശക്തയാകുന്നത് താന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും കാരണമായ ഭൌതികവും ആശയപരവുമായ സാഹചര്യങ്ങളോട് പോരാടുമ്പോഴാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായി തുടരുന്ന പുരുഷാധിപത്യ മൂല്യബോധത്തെ തിരുത്താന്‍ കഴിയുന്നതരത്തില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ട സ്‌ത്രീ സമൂഹത്തെ സൃഷ്‌ടിക്കാന്‍ കുടുംബശ്രീക്ക് കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി. കുടുംബശ്രീ സംവിധാനത്തിലൂടെയുള്ള സ്‌ത്രീകളുടെ വന്‍തോതിലുള്ള മുന്നേറ്റം അവരെ കേരള സമൂഹത്തില്‍ ദൃശ്യരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാന്നിദ്ധ്യവും സാമൂഹ്യജീവിതത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ഇടപെടലുകളും കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി ബോധത്തില്‍ മാറ്റംവരുത്താന്‍ പര്യാപ്‌തമായ നിലയില്‍ നിര്‍ണായകമാകേണ്ടതുണ്ട്.
കുടുംബശ്രീ പത്താംവാര്‍ഷികത്തില്‍ പ്രഖ്യാപിച്ച സ്‌ത്രീപദവി സ്വയംപഠന പരിപാടി ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വിപുലമായ സ്‌ത്രീപദവി പഠനപ്രവര്‍ത്തനമായി മാറാന്‍ പോവുകയാണ്. 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 36 ലക്ഷം സ്‌ത്രീകള്‍ പങ്കെടുത്തുകൊണ്ട് സ്‌ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലും പൌരയെന്നനിലയിലും തങ്ങള്‍ കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ വിശകലനംചെയ്‌ത് തങ്ങളെത്തന്നെ പഠിക്കാന്‍പോകുന്നു. എല്ലാം പഠിച്ചുകഴിഞ്ഞുവെന്ന മലയാളി നാട്യത്തിനുമുന്നില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് സ്‌ത്രീകള്‍ നടത്തുന്ന അസാധാരണമായ ഈ പഠനം കേരള സമൂഹത്തിനും ഭാവിയിലേക്ക് പഠിക്കാനുള്ള ചില പാഠങ്ങള്‍ നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.
good post. i thinks the content of this post (http://gurcharandas.blogspot.com/2008/11/finally-lifeline-for-indias-poor.html) is also worth reading.
What about Janasree?
നന്ദി ബൈജു
വായനയ്‌ക്കും ലിങ്കിനും
Post a Comment