Saturday, December 20, 2008

മല എലിയെ പ്രസവിച്ചപ്പോള്‍

രണ്ടുമാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യാ സര്‍ക്കാര്‍ ആഗോളമാന്ദ്യത്തെ പ്രതിരോധിക്കുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. 416 കോടി ഡോളറാണ് ബജറ്റിനുപുറമെ അധികമായി ചെലവഴിക്കാൻ ‍പോകുന്നതത്രേ. അമേരിക്ക 70,000 കോടി ഡോളര്‍ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏതാണ്ട് ഇത്രതന്നെ യൂറോപ്യന്‍ രാജ്യങ്ങളും ചെലവഴിക്കാന്‍ പോവുകയാണ്. ചൈനയുടെ പാക്കേജ് 89,600 കോടി ഡോളറാണ്. തായ്‌വാന്‍ 10,000 കോടി ഡോളറാണ് പ്രഖ്യാപിച്ചത്. ജപ്പാന്‍ 5100 കോടി ഡോളറും. ഇങ്ങനെ ഓരോ രാജ്യവും ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴാണ് ഇന്ത്യയുടെ 416 കോടി ഡോളര്‍ പ്രഖ്യാപനം. ഈ തുക തികച്ചും അപര്യാപ്തമാണെന്ന് ഇടതുപക്ഷം മാത്രമല്ല വ്യവസായ സംഘടനകളും ഇതിനകം പ്രസ്‌താവിച്ചുകഴിഞ്ഞു.

ഇന്ത്യ അധികമായി മുതല്‍മുടക്കാന്‍ ഉദ്ദേശിക്കുന്ന തുക ദേശീയ വരുമാനത്തിന്റെ 0.5 ശതമാനംപോലും വരില്ല. ഈ ദുര്‍ബലമായ ഇടപെടല്‍ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പര്യാപ്‌തമല്ല. ഉദാഹരണത്തിന് കേരള സംസ്ഥാനത്തിന് എത്ര തുക ഈ പാക്കേജില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്രപദ്ധതികളുടെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും 0.75 ശതമാനമേ കേരളത്തിനു ലഭിക്കുന്നുള്ളൂ. ഈ തോതുവച്ച് ഏറിയാല്‍ 150 കോടി രൂപയുടെ ഗുണമേ കേരളത്തിനു ലഭിക്കുകയുള്ളൂ എന്നു കാണാന്‍ പ്രയാസമില്ല. കേരളത്തിന്റെ ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെത്ര തുച്‌ഛമാണ്.

ഇന്ത്യാസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ മുഖ്യമായും ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്‌പാ സൌകര്യം ഉറപ്പുവരുത്തുന്നതിന് പലിശ കുറയ്‌ക്കുന്നതിനുവേണ്ടിയുള്ളതാണ്. എതാണ്ട് മൂന്നു ലക്ഷം കോടി രൂപയാണ് ഇങ്ങനെ വായ്‌പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. എന്നാല്‍, ഈ നയം ഇതുവരെ ഫലം കണ്ടിട്ടില്ല. ആഗോള ഭീമന്‍ ബാങ്കുകളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വളരെ സുരക്ഷിതത്വമുള്ള സ്ഥാപനങ്ങൾക്ക് വായ്‌പ നല്‍കുന്നതിനേ ബാങ്കുകള്‍ തയ്യാറാകുന്നുള്ളൂ. സാമ്പത്തികമായി ഭദ്രതയുള്ള പല സ്ഥാപനങ്ങളും ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി നിക്ഷേപം നടത്താന്‍ മടിക്കുന്നു. ഫലമോ? നവംബറില്‍ ബാങ്കുകളുടെ മൊത്തം വായ്‌പത്തുക ഒൿടോബറിനെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്.

ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വലിയതോതില്‍ പൊതുനിക്ഷേപം നടത്തി തൊഴിലും വരുമാനവും സൃഷ്‌ടിച്ച് മാന്ദ്യത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. എന്നാല്‍, ഇത്തരമൊരു നിലപാട് മറ്റ് പ്രബലരാജ്യങ്ങളെപ്പോലെ സ്വീകരിക്കുന്നതിന് ഇന്ത്യാ സര്‍ക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്. ഇതിനുപകരം നികുതിയിളവുകള്‍, പലിശയിളവുകള്‍, പുതിയ വായ്‌പാ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഈ നടപടികള്‍ തികച്ചും അപര്യാപ്‌തമാണ്.

നികുതിയിളവിന്റെ കാര്യമെടുക്കാം. സാധാരണഗതിയില്‍ ആദായനികുതിയിലാണ് മാന്ദ്യകാലത്ത് ഇളവ് കൊടുക്കുക. ഇതിന്റെ ഫലമായി ഉപയോക്താക്കളുടെ കൈയില്‍ കൂടുതല്‍ പണം വന്നുചേരുന്നു. അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നു. ഇതാവട്ടെ സാമ്പത്തിക ഉത്തേജനവുമായിത്തീരുന്നു. എന്നാല്‍, ഇന്ത്യയില്‍ കേന്ദ്ര വാറ്റ് നികുതിയില്‍ നാല് ശതമാനം ഇളവാണ് നല്‍കിയിട്ടുള്ളത്. സാധനങ്ങളുടെ വിലകുറയുമ്പോള്‍ ഉപയോക്താക്കള്‍ കൂടുതല്‍ വാങ്ങുമെന്നാണ് പ്രതീക്ഷ. കാറിന്റെ വില നാല് ശതമാനം കുറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് ഒറ്റപ്പെട്ട സംഭവമാകാനാണ് സാധ്യത. വിമാന ഇന്ധനവില കുത്തനെ കുറച്ചിട്ടും ഒരു രൂപപോലും വിമാനക്കൂലിയില്‍ ഇളവുനല്‍കുന്നതിന് വിമാനക്കമ്പനികള്‍ തയ്യാറായിട്ടില്ലല്ലോ. ഭൂരിപക്ഷം കമ്പനികളും ഇങ്ങനെയായിരിക്കും പെരുമാറുക. നികുതിയിളവിന്റെ ഫലമായി കമ്പനികളുടെ ലാഭം കുറച്ച് മെച്ചപ്പെടുമെന്നല്ലാതെ മൊത്തം ഡിമാന്‍ഡ് ഉയരാന്‍ പോകുന്നില്ല.

കേന്ദ്രവാറ്റ് കുറച്ചതുകൊണ്ട് സംസ്ഥാനവാറ്റും കുറയ്‌ക്കണം എന്ന ആവശ്യം കോൺഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് കെസി ജോസഫ് അവതരിപ്പിച്ച സബ്‌മിഷനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉയരുകയുണ്ടായി. ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയില്‍ കേന്ദ്രം ചെയ്യുന്നതൊക്കെ സംസ്ഥാനങ്ങള്‍ക്ക് ചെയ്യാനാവില്ല. കേന്ദ്ര വാറ്റ് നികുതി കുറച്ചതിന്റെ ഫലമായി 8000 കോടിരൂപ നികുതി വരുമാനം കുറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതവര്‍ക്ക് പ്രശ്‌നമല്ല. കേന്ദ്രസര്‍ക്കാരിന് ഇഷ്‌ടം പോലെ വായ്‌പയെടുക്കാം അല്ലെങ്കില്‍ നോട്ട് അച്ചടിക്കാം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരം ഒരു ഉപായവും ഭരണഘടന നല്‍കുന്നില്ല. നികുതിവരുമാനം കുറഞ്ഞാല്‍ ക്ഷേമച്ചെലവോ വികസനച്ചെലവോ വെട്ടിക്കുറയ്‌ക്കുകയേ നിര്‍വാഹമുള്ളൂ. അതുകൊണ്ട് സംസ്ഥാനങ്ങളും നികുതി കുറയ്‌ക്കണമെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായമെങ്കില്‍ നഷ്‌ടപ്പെടുന്ന വരുമാനം ഗ്രാന്റായി തരണം. ഇവിടെയാണ് കേന്ദ്രപാക്കേജിന്റെ ഏറ്റവും വലിയ ദൌര്‍ബല്യം. സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യയിലുണ്ടെന്ന കാര്യം പാക്കേജില്‍ ഒരു പരാമര്‍ശവിഷയം പോലുമല്ല. 20000 കോടി രൂപ (416.5കോടി ഡോളര്‍) യില്‍ ഒന്നും സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായിനല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.

ധനവര്‍ഷം അവസാനിക്കാന്‍ 4 മാസമേ ഉള്ളൂവെങ്കിലും എന്തൊക്കെയാണ് 20,00,00കോടി രൂപ കൊണ്ട് ചെയ്യാന്‍പോകുന്നത് എന്നതുപോലും തീര്‍ച്ചയാക്കിയിട്ടില്ല. ചൈനയുടെ പാക്കേജിന്റെ പകുതിയിലേറെ പ്രവിശ്യാസര്‍ക്കാരുകള്‍ വഴിയാണ് ചെലവഴിക്കുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. മാന്ദ്യവിരുദ്ധ സാമ്പത്തിക നടപടികള്‍ പെട്ടെന്ന് ഏറ്റെടുക്കാന്‍ കഴിയുക സംസ്ഥാന - പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്രസര്‍ക്കാരിന് ഇങ്ങനെ ഏറ്റെടുക്കാന്‍ കഴിയുന്ന വന്‍കിട പദ്ധതികള്‍ ആസൂത്രണംചെയ്‌ത് നടപ്പാക്കുന്നതിന് ഏറെ സമയമെടുക്കും. എന്നാല്‍, ഗ്രാമീണ റോഡുകള്‍, ചെറുകിട ജലസേചനം, ഭവനനിര്‍മാണം തുടങ്ങിയ മേഖലകളില്‍ വളരെപെട്ടെന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും കഴിയും. ഉദാഹരണത്തിന് കേരളത്തിലെ ഗ്രാമീണ റോഡുകളാകെ സമ്പൂര്‍ണമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പണംമാത്രമാണ് തടസ്സം. കേരളത്തില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 60,000-70,000 വീടുകള്‍വീതം പാവങ്ങള്‍ക്ക് നിര്‍മിച്ചുകൊടുക്കുന്നു. ഇത് നാലോ അഞ്ചോ ലക്ഷമായി ഉയര്‍ത്തുന്നതിന് പണം മാത്രമാണ് തടസ്സം. ഇങ്ങനെ ചിന്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.

കേന്ദ്രപാക്കേജിലെ മറ്റൊരു പ്രധാനപ്പെട്ട ഇനം കയറ്റുമതി പ്രോത്സാഹനത്തിനുള്ള നടപടികളാണ്. തൊഴില്‍പ്രധാനമായ കയറ്റുമതിമേഖലകള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി നല്‍കുന്നു. 350 കോടി രൂപയുടെ പ്രത്യേക കയറ്റുമതി പ്രോത്സാഹന സഹായവുമുണ്ട്. കയറ്റുമതിക്ക് സര്‍വീസ് ടാൿസിൽ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഗുണം കേരളത്തിന്റെ കയറ്റുമതി വ്യവസായങ്ങള്‍ക്ക് ലഭിക്കും എന്നു പ്രതീക്ഷിക്കാം. പക്ഷേ, ഈ ലിസ്‌റ്റില്‍ എന്തുകൊണ്ടോ കയറും കശുവണ്ടിയും പരാമര്‍ശിക്കപ്പെടുന്നില്ല. ഈ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, ഇവയുടെ ഫലമായി കയറ്റുമതി ഉയരും എന്ന തെറ്റിദ്ധാരണ വേണ്ട. രൂപയുടെ മൂല്യം ഏതാണ്ട് 25 ശതമാനം സെപ്‌തംബര്‍ - നവംബര്‍ മാസങ്ങളിലായി കുറഞ്ഞുവല്ലോ. അതേ കാലയളവില്‍ കേരളത്തില്‍നിന്നുള്ള കയറ്റുമതി ഈ മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 15-20 ശതമാനം കുറഞ്ഞതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ സാധാരണക്കാരുടെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് വിലകുറച്ചുകൊണ്ട് പരിഹരിക്കാനാവില്ല.

പശ്ചാത്തല സൌകര്യമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്ന് ഇന്ത്യ ഇന്‍ഫ്രാസ്‌ട്രൿചര്‍ ഫിനാന്‍സ് കമ്പനിക്ക് 10,000 കോടി രൂപയുടെ നികുതിരഹിത ബോണ്ടുകള്‍ ഇറക്കാനുള്ള അനുവാദം നല്‍കിയതാണ്. ഏതാണ്ട് ഇത്രതന്നെ തുക ലോകബാങ്കില്‍നിന്നും മറ്റും വായ്‌പയായി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇടത്തരം - ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്‌പയും കുറച്ചുകൂടി ഉദാരവല്‍ക്കരിക്കാന്‍ തയ്യാറായിട്ടുണ്ട്. അതേസമയം മൂലധനച്ചെലവിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വായ്‌പ അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. കഴിഞ്ഞ ഒരുമാസമായി കേരളസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം കേരളത്തിന്റെ വായ്‌പാ പരിധി ഉയര്‍ത്തണമെന്നതാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ വായ്‌പാ പരിധി ആയിരത്തില്‍പ്പരം കോടി രൂപ കുറച്ചാണ് കേന്ദ്രസര്‍ക്കാര്‍ 2008-09 ല്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത്രയെങ്കിലും കൂടുതലായി വായ്‌പയെടുക്കാന്‍ അനുവദിച്ചാല്‍ കേരളസര്‍ക്കാരിന് മൂവായിരമോ നാലായിരമോ കോടി രൂപയുടെ പുതിയ നിര്‍മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാനാകും.

കേന്ദ്രപാക്കേജിന്റെ ഗുണം കേരളത്തിന് ലഭ്യമാക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിക്കുന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫിന് ഇക്കാര്യം സംബന്ധിച്ച് മിണ്ടാട്ടമില്ലാത്തത് കഷ്‌ടമാണ്. കേന്ദ്രപാക്കേജില്‍ കാര്‍ഷിക മേഖലയെയും പൊതുവിതരണ മേഖലയെയും അവഗണിച്ചിരിക്കയാണ്. ഫാൿടറികള്‍ അടച്ചുപൂട്ടുമ്പോഴുള്ള നാടകീയത ഇല്ലെങ്കിലും 1930കളുടെ അനുഭവം കാണിക്കുന്നത് കാര്‍ഷിക മേഖലയിലാണ് മാന്ദ്യം ഏറ്റവും വലിയ ദുരിതം സൃഷ്‌ടിക്കുക എന്നതാണ്.

തൊഴിലില്ലായ്‌മയുടെയും വരുമാനത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പൊതുവിതരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇന്ന് അന്യസംസ്ഥാന കമ്പോളങ്ങളില്‍നിന്ന് 16-18 രൂപയ്ക്ക് അരി വാങ്ങിയാണ് സിവില്‍ സപ്ലൈസും മാവേലി സ്‌റ്റോറുകളും കസ്യൂമര്‍ഫെഡിന്റെ ചന്തകളും വഴി വില്‍ക്കുന്നത്. സബ്‌സിഡി നിരക്കില്‍ നല്‍കിയില്ലെങ്കിലും കമ്പോള വിലയ്‌ക്കെങ്കിലും അരി കേന്ദ്രപൂളില്‍നിന്നും ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ? പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മാന്ദ്യത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്ന വിമര്‍ശം രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമാണ്. മാന്ദ്യം കേരളത്തെയും ബാധിക്കും എന്നുപറഞ്ഞത് അതിശയോക്തിപരവും മുന്‍കൂര്‍ ജാമ്യമെടുക്കലുമാണ് എന്നൊക്കെ പറഞ്ഞവര്‍ മറിച്ചൊരു നിലപാട് എടുത്താലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ

****

ഡോ. ടി എം തോമസ് ഐസക്

1 comment:

വര്‍ക്കേഴ്സ് ഫോറം said...