ഇന്ത്യന്‍ പ്രസിഡന്റായിരുന്ന, അന്തരിച്ച ശ്രീ. വി.വി. ഗിരി സ്ഥാപിച്ച, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ലേബര്‍ ഇക്കണോമിക്സ് എന്ന ഈ അക്കാദമിക് സ്ഥാപനത്തിന്റെ 47-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്കതിയായ സന്തോഷമുണ്ട്. ശ്രീ. ഗിരിയെ എനിക്ക് നന്നായിട്ടറിയാം. രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി തികഞ്ഞ പ്രതിബദ്ധതയോടെ നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. തൊഴിലെടുക്കുന്ന ജനതയുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടി അദ്ദേഹം സ്ഥാപിച്ച ഈ സൊസൈറ്റി, അതിന്റെ അക്കാദമിക് വിഭവങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നുണ്ടെന്നത് സന്തോഷകരമാണ്.
ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക്, തൊഴിലാളി വര്‍ഗ്ഗത്തിന് ഇത്തരം സ്ഥാപനങ്ങളുടെ ഭൌതിക പിന്തുണ ആവശ്യമാണെന്ന് എനിക്കുറപ്പിച്ച് പറയാന്‍ കഴിയും. അതിന് ഒരര്‍ത്ഥത്തിലും തികഞ്ഞ പക്ഷപാതി ആകേണ്ട കാര്യമില്ല. മുന്‍വിധി ഒവിവാക്കിയുള്ള അന്വേഷണങ്ങളും സത്യസന്ധമായ അക്കാദമിക് പ്രവര്‍ത്തനങ്ങളും മാത്രം മതിയാകും. ശാസ്ത്രപരമായ സത്യസന്ധത (Scientific honesty) തൊഴിലാളി വര്‍ഗത്തിന്റെ സവിശേഷതയാണ്. എന്നാല്‍ മുന്‍വിധികളോടെയോ, അറിവില്ലായ്മ കൊണ്ടോ, തെറ്റായ പരികല്പനകള്‍ മൂലമോ, അതുമല്ലെങ്കില്‍ മുതലാളിത്ത താല്‍പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന്നുവേണ്ടിയുള്ള ബോധപൂര്‍വ്വമായ പരിശ്രമത്തിന്റെ ഭാഗമായോ മെനഞ്ഞെടുക്കപ്പെടുന്ന സിദ്ധാന്തങ്ങളെല്ലാം തൊഴിലെടുക്കുന്നവന്റെ സഹനങ്ങള്‍ക്കറുതി വരുത്തുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കെ തിരെയുള്ള തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നത്. അത്തരത്തിലുള്ള സിദ്ധാന്തങ്ങള്‍ കൊണ്ട് ചരിത്രം നിറഞ്ഞിരിക്കുന്നു. മൂന്ന് ഉദാഹരണങ്ങള്‍ മാത്രം ഞാന്‍ ചൂണ്ടി കാണിക്കാം.
ഇംഗ്ളണ്ടിലെ വ്യാവസായിക വിപ്ളവം, ആദ്യകാലങ്ങളില്‍, തൊഴിലാളികള്‍ക്ക് കടുത്ത പ്രയാസങ്ങളുണ്ടാക്കി. പ്രയാസം അനുഭവിച്ചവരില്‍ നല്ലൊരു പങ്ക് സ്ത്രീകളും കുട്ടികളുമായിരുന്നു. തുച്ഛമായ കൂലിക്കുവേണ്ടി, ഖനികളിലെയും ഫാക്ടറികളിലെയും ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍, നീണ്ട മണിക്കൂറുകള്‍ അവര്‍ക്ക് പണിയെടുക്കേണ്ടിവന്നു. മാര്‍ക്സിന്റെ മാസ്റര്‍ പീസായ ‘മൂലധന’ത്തില്‍ അദ്ദേഹം ഏറെ പരാമര്‍ശിച്ചിട്ടുള്ള ഫാക്ടറി ഇൻസ്‌പെക്ടറുടെ റിപ്പോര്‍ട്ടും, എംഗല്‍സിന്റെ ‘ഇംഗ്ളണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി’ എന്ന പഠനത്തിലും, തൊഴിലാളികള്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ കടുത്ത ചൂഷണത്തിനിരയാകുന്നതിന്റെ ഹൃദയഭേദകമായ വിവരണങ്ങളുണ്ട്. ഈ പരിസ്ഥിതിയിലാണ്, ധനാഢ്യരായ, കുലീന വര്‍ഗത്തില്‍പെട്ട, നിരവധി പരിഷ്ക്കരണവാദികള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ടത്. അവര്‍ ലക്ഷ്യമിട്ടത് പ്രധാനമായും, തൊഴില്‍ സമയം കുറയ്ക്കുക എന്നുള്ളതായിരുന്നു. ‘പത്ത് മണിക്കൂര്‍ ബില്‍’ എന്ന പേരില്‍ അറിയപ്പെട്ട നിയമനിര്‍മ്മാണം ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പായിരുന്നു. അതുവരെ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി തൊഴില്‍ സമയം പതിനൊന്ന് മണിക്കൂറായിരുന്നു.
ഇക്കാലത്തു തന്നെയാണ് ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിലെ ആദ്യത്തെ പ്രൊഫസറായ നസ്സാവു സീനിയര്‍, ഒരു തൊഴില്‍ ദിവസത്തിന്റെ അവസാനത്തെ മണിക്കൂറിലാണ് മുതലാളി എല്ലാ ലാഭവും ഉണ്ടാക്കുന്നത് എന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്. ബാക്കിയുള്ള സമയങ്ങളിലെ മൂല്യവര്‍ദ്ധന മുഴുവനും തന്നെ, തൊഴിലാളിക്ക് നല്‍കുന്ന കൂലി വീണ്ടെടുക്കു ന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണദ്ദേഹം വാദിച്ചത്. ഇത് വാസ്തവത്തില്‍, തൊഴില്‍ സമയത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറവ് വരുത്താനുള്ള നീക്കത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വാദമായിരുന്നു. മാത്രവുമല്ല, അത്തരത്തില്‍ തൊഴില്‍ സമയത്തിലുണ്ടാകുന്ന വെട്ടിക്കുറയ്ക്കലുകള്‍, ലാഭം മുഴുവനുമായിത്തന്നെ ചോര്‍ത്തിക്കളയും എന്ന സന്ദേശമാണ് ഇത് തൊഴിലുടമകള്‍ക്ക് നല്‍കിയത്. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും അവരുടെ ദുരിതം വര്‍ദ്ധിക്കുന്നതിനും ഈ നിര്‍ദ്ദേശം ഇടയാക്കി. ഈ വാദത്തെ, മാര്‍ക്സ് ശക്തിയായി ആക്രമിച്ചു. അന്ന് അദ്ദേഹം ഉപയോഗിച്ച ‘സീനിയറിന്റെ അവസാന മണിക്കൂര്‍’ (Senior’s Last Hour) എന്ന പ്രയോഗം, പിന്നീട്, ഭരണവര്‍ഗ്ഗ താല്പര്യം പ്രകടിപ്പിക്കുന്ന തെറ്റായ സിദ്ധാന്തങ്ങളുടെ മുഴുവന്‍ പര്യായമായി മാറി.
തൊഴിലാളികളുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍, അവരുടെ ദുരിതപൂര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതിരിക്കുന്നതാണ് അവര്‍ക്കുതന്നെ ഗുണപ്രദം എന്ന തെറ്റായ ഒരു സിദ്ധാന്തം, തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുന്നതിന്റെ ഒന്നാം തരം ഉദാഹരണമാണ്. ഈ സിദ്ധാന്തം തെറ്റാണെന്നു പറയാന്‍ കാരണം, തൊഴില്‍ സമയം കുറയ്ക്കാനുള്ള നിയമനിര്‍മ്മാണം തടസ്സപ്പെടുത്താന്‍, നസ്സാവു സീനിയര്‍, തന്റെ ഭാവനയില്‍ മെനഞ്ഞെടുത്ത കല്പിത കഥയിലെ ഒരു മണിക്കൂര്‍ ആണ് അതെന്നതാണ്. അക്കാലത്ത് നിലവിലിരുന്ന യഥാര്‍ത്ഥ തൊഴില്‍ സമയം കണക്കിലെടുക്കുമ്പോള്‍, പതിനൊന്നു മണിക്കൂര്‍ എന്നത്, യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകന്നു നില്‍ക്കുന്ന ഒന്നാണ്. ഈ പതിനൊന്നു മണിക്കൂറാണ് ഓരോ തൊഴിലാളിയുടെയും മൂല്യവര്‍ദ്ധനയായി കണക്കാക്കുന്നതെങ്കില്‍ അവസാന മണിക്കൂറില്‍ മാത്രമാണ് ലാഭമുണ്ടാകുന്നതെന്നു പറയുന്നതിനര്‍ത്ഥം പത്തിലൊന്നുമാത്രമാണ് മിച്ചമൂല്യമെന്നു സിദ്ധാന്തിക്കലാണ്. ഇത് മുതലാളിത്ത രാജ്യങ്ങളില്‍ ഇന്നു വരെ ദര്‍ശിച്ചിട്ടുള്ള യഥാര്‍ത്ഥ ലാഭത്തേക്കാള്‍ എത്രയോ ഇരട്ടി കുറഞ്ഞതാണ്. ഏതായാലും, തൊഴില്‍ സമയം കുറയ്ക്കാനുള്ള നിയമനിര്‍മ്മാണത്തിനു തടസ്സമായി തീരത്തക്ക ഗൌരവത്തില്‍ ആരും സീനിയറിന്റെ സിദ്ധാന്തത്തെ കണക്കാക്കിയില്ല.
രണ്ടാമത്തെ ഉദാഹരണം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ തൊഴിലാളികളുടെ കൂലി വര്‍ദ്ധന സാദ്ധ്യമാകില്ല എന്ന ജോണ്‍ സ്‌റ്റുവര്‍ട്ട് മില്ലിന്റെ വാദം സംബന്ധിച്ചുള്ളതാണ്. സ്‌റ്റുവര്‍ട്ട്മില്‍, 19-ാം നൂറ്റാണ്ടിലെ അതിപ്രഗല്‍ഭനായ ഒരു ബുദ്ധിജീവിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഗൂഢോദ്ദേശത്തോടു കൂടിയതാണെന്ന് കരുതാന്‍ വയ്യ. എങ്കിലും, അദ്ദേഹത്തിന്റെ ‘Wage fund’ എന്ന സിദ്ധാന്തം തികച്ചും പിശകായിരുന്നു. ഏതൊരു സമ്പദ് ഘടനയിലും ഒരു വേജ് ഫണ്ട് നിലനില്‍ക്കുന്നുണ്ട് എന്നും ഇതാണ് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നതെന്നും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇതില്‍ ഒരു പങ്ക് ഏതെങ്കിലും തൊഴിലാളി വിഭാഗത്തിന് കൂടുതലായി ലഭിച്ചാല്‍ അത്രയും തന്നെ മറ്റൊരു തൊഴിലാളി വിഭാഗത്തിന് നഷ്ടമുണ്ടാകുന്നുണ്ട് എന്നുമാണദ്ദേഹം സിദ്ധാന്തിച്ചത്. ഇത് തികച്ചും തെറ്റും തൊഴിലാളികള്‍ക്കിടയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുന്നതുമായിരുന്നു. ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിനു മേല്‍ കൂടുതല്‍ ഭാരം കയറ്റിവച്ചുകൊണ്ട് മുതലാളിത്ത ശക്തികള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് തിരിച്ചു പിടിക്കുന്നത് സാധാരമാണ്. എന്നാല്‍ ഇത്, സംഘടിതമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ മുതലാളിത്ത ശക്തികളില്‍നിന്നും തൊഴിലാളികള്‍ക്ക് ഒന്നും നേടിയെടുക്കാന്‍ കഴിയില്ല എന്ന മില്ലിന്റെ സിദ്ധാന്തത്തില്‍ നിന്നും വിഭിന്നമാണ്.
ജെ.എസ്. മില്ലിന്റെ അനുചരന്മാരിലൊരാള്‍, സിറ്റിസണ്‍ വെസ്‌റ്റണ്‍, ലണ്ടനിലെ തൊഴിലാളികളുടെ ഒരു യോഗത്തില്‍ ഈ സിദ്ധാന്തം അവതരിപ്പിച്ചതിനെ, കൂലി, വില, ലാഭം’ എന്ന തന്റെ ലഘു ലേഖയിലൂടെ മാര്‍ക്സ് ശക്തിയായി ആക്രമിച്ചു. അതില്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ, ലാഭനിരക്ക് കുറച്ചുകൊണ്ട്, മുഴുവന്‍ തൊഴിലാളികളുടെയും കൂലി വര്‍ദ്ധിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ജെ.എസ്. മില്‍ പറയുംപോലെ, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് ലാഭനിരക്കില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെങ്കില്‍ പിന്നെ “ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ മുതലാളിമാര്‍ ശക്തിയായി എതിര്‍ക്കുന്നതെന്തുകൊണ്ട് ?” എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല, ജെ.എസ്.മില്ലിന്റെ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാതെ പോയിരുന്നെങ്കില്‍, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ബൌധിക ശരിയുടെ പശ്ചാത്തലത്തില്‍, ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വലിയ തിരിച്ചടി നേരിടുമായിരുന്നു.
മൂന്നാമത്തെ ഉദാഹരണം, യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ട്, ഡേവിഡ് റിക്കാര്‍ഡോ മുന്നോട്ടുവച്ച സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്. യന്ത്രവല്‍ക്കരണം ഒരിക്കലും തൊഴില്‍ നഷ്ടപ്പെടുത്തുന്നില്ല എന്നാണ് അദ്ദേഹം വാദിച്ചത്. ഈ വാദം പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും യന്ത്രവല്‍ക്കരണം ഹ്രസ്വകാലത്തേക്കു മാത്രം തൊഴിലാളിക്ക് ഹാനികരമാണ് എന്നു പറയുന്നിടത്തോളം മാത്രമേ ആ മാറ്റമുണ്ടായുള്ളു. മാത്രമല്ല, ദീര്‍ഘകാലത്തില്‍, അത്, സമ്പദ്ഘടനയുടെ ഉയര്‍ന്ന വളര്‍ച്ചയ്ക്കും വര്‍ദ്ധിച്ച തൊഴില്‍ സാദ്ധ്യതയ്ക്കും ഉതകുന്നതാണ്. ഈ സാദ്ധ്യത, മുമ്പ് നഷ്ടപ്പെട്ടുപോയ തൊഴിലവസരങ്ങളെക്കാളേറെ തൊഴില്‍ സാദ്ധ്യത കൂടി ഉള്‍ച്ചേര്‍ന്നതായിരിക്കും. മാര്‍ക്സ് പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെ, റിക്കാര്‍ഡോ, അതിവിദഗ്ധനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ്. പക്ഷെ അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം തികച്ചും തെറ്റായ ഒന്നായിരുന്നു. അതിനെ മാര്‍ക്സ് നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. സമ്പദ്ഘടനയിലെ ആകെയുള്ള ആവശ്യകം (Demand) കണക്കിലെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നതിന് യാതൊരു പ്രത്യാഘാതവും ഉണ്ടാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കാതെ, ഒറ്റത്തവണത്തെ യന്ത്രവല്‍ക്കരണത്തെമാത്രം കണ്ടു എന്നതാണ് റിക്കാര്‍ഡോവിനു പറ്റിയ പിശക്.
ഇന്നു കാണുന്ന ‘തൊഴില്‍ ഇല്ലാത്ത വളര്‍ച്ച’ എന്ന പ്രതിഭാസത്തിന്റെ പ്രചാരം, മാര്‍ക്സിന്റെ വിമര്‍ശനം തികച്ചും ശരിയായിരുന്നു എന്നു തെളിയിക്കുന്നുണ്ട്. ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയു ണ്ടാകുന്ന ഇന്നത്തെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച, നിലവിലുള്ള തൊഴിലുകള്‍ ഇല്ലാതാക്കുന്നു എന്നു മാത്രമല്ല, പുതിയ തൊഴിലുകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്ന വസ്തുത, റിക്കാര്‍ഡോ മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതല്ല. ഇവിടെയും തൊഴിലാളി കളുടെ സംഘടിത പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒരു സിദ്ധാന്തം ദര്‍ശിക്കാം. ഇത്, യന്ത്രവല്‍ക്കരണത്താലു ണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനെതിരെ സംഘടിക്കുന്നതില്‍ നിന്നും തൊഴിലാളികളെ തടയാന്‍ പര്യാപ്തമാണ്.
ഞാന്‍ ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്, തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കായി ഉണ്ടാവേണ്ട ശരിയായ സിദ്ധാന്തത്തിന്റെ പ്രാധാന്യം അടിവരയിട്ടു സൂചിപ്പിക്കുന്നതിനാണ്. അത്തരം സിദ്ധാന്തങ്ങള്‍, ഗൌരവമായ ശാസ്ത്രീയ ചര്‍ച്ചകളിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളു എന്നതുകൊണ്ട്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ലേബര്‍ ഇക്കണോമിക്സ് പോലെയുള്ള വേദികള്‍ അത്തരം ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്നതിലൂടെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് കൈവരുന്ന പ്രാധാന്യം അവഗണിച്ചു കൂടാ.
ഇന്നത്തെ ഇന്ത്യയില്‍, തികച്ചും തെറ്റും അശാസ്ത്രീയമായതുമായ ഒരു കൂട്ടം സിദ്ധാന്തങ്ങളുടെ പിന്തുണയോടു കൂടി, തൊഴിലാളിവര്‍ഗ്ഗത്തിനു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകളുടെ പ്രാധാന്യവും അതിന്റെ ആവശ്യകതയും വളരെ വലുതാണ്. നമ്മുടെ ഗവണ്‍മെന്റ് ‘തൊഴില്‍ കമ്പോളത്തിൽ ഫ്ലെൿസിബിലിറ്റി’ (Labour market flexibility) നടപ്പാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇതാകട്ടെ, തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ ‘എടുക്കാനും പിരിച്ചയക്കാനും’ (hire & fire) ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഈ തൊഴില്‍ കമ്പോളത്തിലെ ഫ്ലെൿസിബിലിറ്റിയുടെ ഫലമാകട്ടെ കൂലി വെട്ടിക്കുറച്ച് തൊഴിലുടമയുടെ മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുക എന്നതാണ്. തൊഴില്‍ വഴക്കത്തിലൂടെയുണ്ടാകുന്ന വര്‍ദ്ധിച്ച ലാഭം സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്കിടയാക്കുകയും അത് വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്ന വാദം, യന്ത്രവല്‍ക്ക രണത്തിനുവേണ്ടി റിക്കാര്‍ഡോ മുന്നോട്ടു വച്ച വാദത്തിനു സമമാണ്. പക്ഷെ രണ്ടു വാദവും തെറ്റുതന്നെ.
വര്‍ദ്ധിച്ച ഉല്പാദനവളര്‍ച്ച, തൊഴില്‍ലഭ്യത വര്‍ദ്ധിപ്പിക്കില്ല എന്ന ‘'തൊഴിലില്ലാത്ത വളര്‍ച്ച'’ എന്ന അനുഭവത്തില്‍നിന്നും നമുക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. കൂലി ലാഭത്തിലേക്കു മാറ്റപ്പെടുന്ന ഈ പ്രക്രിയ വാസ്തവത്തില്‍ വര്‍ദ്ധിച്ച ഉല്പാദനത്തിനിടയാക്കുന്നതിനു വിപരീതമായി സമ്പദ്ഘടനയിലെ ഡിമാന്റ് കുറയ്ക്കുകയും വളര്‍ച്ചാനിരക്ക് കുറയ്ക്കുകയുമാണ് ചെയ്യുക. ‘തൊഴില്‍ കമ്പോളത്തിലെ ഫ്ലെൿസിബിലിറ്റിയുടെ പ്രചാരകര്‍ അവകാശപ്പെടുന്നത്, കൂലി ലാഭത്തിലേക്കു മാറ്റപ്പെടുമ്പോള്‍, അന്താരാഷ്ട്ര കമ്പോളത്തില്‍ മത്സരിക്കുവാനും (ലാഭം കൂടുന്നതു വഴി വില കുറയ്ക്കാന്‍ കഴിയുന്നതിലൂടെ) കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുവാനും ഉള്ള മൂലധന ഉടമകളുടെ ശേഷി ഉയരുമെന്നാണ്. എന്നാല്‍, കയറ്റുമതിയുടെ വളര്‍ച്ച നിര്‍ണ്ണയിക്കുന്ന ഘടകം, വ്യത്യസ്തവും കൂടുതള്‍ സങ്കീര്‍ണ്ണവുമാണ്. അതിന് കൂലിനിരക്ക്, തൊഴിലാളികളുടെ കാര്യക്ഷമതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു നിര്‍ണ്ണായകഘടകമേ അല്ല. അങ്ങനെയായിരുന്നുവെങ്കില്‍, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍, വികസിത മുതലാളിത്തരാഷ്ട്രങ്ങളെ എത്രയോ കാലം മുമ്പുതന്നെ, വളരെ പിന്നിലാക്കിയേനെ.
തൊഴില്‍ കമ്പോളത്തിലെ ഫ്ലെൿസിബിലിറ്റിലൂടെ കയറ്റുമതി വന്‍തോതില്‍ വര്‍ദ്ധിക്കും എന്നു കണക്കാക്കിയാല്‍ തന്നെ, മുമ്പ് സൂചിപ്പിച്ച, വരുമാനത്തിന്റെ പുനര്‍വിതരണം മൂലമുണ്ടാകുന്ന ഡിമാന്റിന്റെ കുറവിനെ മറികടക്കാന്‍ മതിയായ അളവില്‍ വര്‍ദ്ധനയുണ്ടാകും എന്നു കരുതാന്‍ ന്യായമില്ല. ചുരുക്കത്തില്‍, അടിസ്ഥാനമില്ലാത്ത സിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ട് തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
മറ്റു രാജ്യങ്ങള്‍ തൊഴില്‍ കമ്പോളത്തിൽ ഫ്ലെൿസിബിലിറ്റി നടപ്പാക്കുന്നുണ്ട് എന്നതുകൊണ്ടു നമുക്കും ആ വഴി പിന്തുടരുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല; അല്ലാത്ത പക്ഷം നമുക്ക് കമ്പോളം നഷ്ടപ്പെടും എന്നാണ് വാദം. എന്നാല്‍ എല്ലാ രാജ്യങ്ങളും അത്തരം ഒരു നയം സ്വീകരിച്ചാല്‍, അതില്‍നിന്നും എല്ലാവര്‍ക്കും ഒരു പോലെ നേട്ടമുണ്ടാകും എന്നു കരുതുന്നത് മൌഢ്യമാണ്. മറിച്ച്, എല്ലാ രാജ്യങ്ങളും ഈ നയം സ്വീകരിക്കുമ്പോള്‍, ഇവര്‍ മുന്നോട്ടു വയ്ക്കുന്ന വാദം കൂടുതല്‍ ദുര്‍ബ്ബലമാവുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രവുമല്ല, അത്തരം ഒരു സാഹചര്യം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ, തൊഴിലും കൂലിയും കുറയുന്ന പ്രതികൂല സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും.
കൂലി ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരാനുള്ള മുതലാളിത്തത്തിന്റെ ഈ ഭ്രാന്തന്‍ മത്സരത്തിന്, മറ്റു മാര്‍ഗ്ഗമില്ല എന്നു പറഞ്ഞു നിന്നു കൊടുക്കുന്നതിന്നു പകരം, ഇത്തരം നയങ്ങള്‍ക്കെതിരെ പോരടിക്കുകയാണ് ഓരോ രാജ്യത്തെയും തൊഴിലാളികള്‍ ചെയ്യേണ്ടത്.
*
സ: ജ്യോതിബസു
Jyoti Basu’s Inaugural Address at ISLE Conference
Subscribe to:
Post Comments (Atom)
2 comments:
കൂലി ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരാനുള്ള മുതലാളിത്തത്തിന്റെ ഈ ഭ്രാന്തന്‍ മത്സരത്തിന്, മറ്റു മാര്‍ഗ്ഗമില്ല എന്നു പറഞ്ഞു നിന്നു കൊടുക്കുന്നതിന്നു പകരം, ഇത്തരം നയങ്ങള്‍ക്കെതിരെ പോരടിക്കുകയാണ് ഓരോ രാജ്യത്തെയും തൊഴിലാളികള്‍ ചെയ്യേണ്ടത്.
തൊഴിലാളിയുണ്ട്. പക്ഷേ, തൊഴിലില്ലല്ലോ- ഇതല്ലേ മുദ്രാവാക്യം.
Post a Comment