Wednesday, April 14, 2010
പ്രശസ്തലോകത്തെ അപ്രശസ്തന്‍
പ്രസിദ്ധനായിരിക്കുന്നതിനൊപ്പം അറിയപ്പെടാതിരിക്കുവാനും ജനപ്രിയനായിരിക്കുന്നതിനൊപ്പം വെറുക്കപ്പെടുവാനും വിധിക്കപ്പെട്ടതാണ് ചലച്ചിത്ര നിരൂപകന്‍ എന്ന പ്രതിനിധാനം. കണ്ടുനില്‍ക്കുന്നവര്‍ക്ക് കൌതുകവും സഹതാപവും തോന്നിക്കുന്ന വിധത്തില്‍ പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെ ഓടിക്കൊണ്ടിരിക്കുന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്റെ ജീവിതമാകട്ടെ നായയുടേതിനു തുല്യവുമാണ്. നായപ്പാച്ചില്‍ എന്നാണ് ഫിലിം സൊസൈറ്റിക്കാരന്റെ ഓട്ടം കണ്ടിട്ട് മുമ്പൊരാള്‍ പ്രതികരിച്ചത്. നായ ഓടുന്നതെന്തിനാണെന്ന് നായക്കും അറിയില്ല: കണ്ടു നില്‍ക്കുന്നവര്‍ക്കുമറിയില്ല.
ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും അതിനൊക്കെ പുറമെ പുരോഗമന കലാ സാഹിത്യ സംഘം നേതാവും സര്‍വീസ് സംഘടനാ പ്രവര്‍ത്തകനും പാര്‍ടി മെമ്പറുമായിത്തീരുന്നതോടെ ഇത്തരത്തിലൊരാളുടെ ജീവിതം കൂടുതല്‍ ക്ളിഷ്ടവും സംഘര്‍ഷഭരിതവുമായിത്തീരുന്നു എന്ന് പറയേണ്ടതില്ലല്ലോ! പതിനായിരക്കണക്കിനാളുകളെ അഭിസംബോധന ചെയ്യുവാനോ, ലക്ഷം ലക്ഷം പിന്നാലെ എന്നു വിളിക്കാനോ ഇല്ലാത്ത ഇയാള്‍ അഞ്ചും പത്തും കാണികള്‍ അങ്ങിങ്ങായി തെറിച്ചിരിക്കുന്ന സദസ്സുകളില്‍ പോയി ലോക സിനിമയെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് സംതൃപ്തിയടയുന്നു. അയാളുടെ മരണവാര്‍ത്ത പോലും, ചരമപ്പേജിലെ ഏതോ കോളം സെറ്റിങ്ങുകള്‍ക്കുള്ളില്‍ പെട്ട് ആരുമറിയാതെ നിഷ്ക്കാസിതമായിപ്പോകുന്നു. ഇപ്പോഴിതാ ആ ജനുസ്സില്‍ പെട്ട ഒരാള്‍ കൂടി, നമ്മോട് വിട പറഞ്ഞിരിക്കുന്നു. കുട്ബുദ്ദീന്‍ എന്ന യുവാക്കള്‍ക്കിടയിലെ വൃദ്ധനും വൃദ്ധര്‍ക്കിടയിലെ യുവാവുമായിരുന്ന ആ പ്രിയ സുഹൃത്തിന്റെ സ്നേഹമസൃണമായ സൌഹാര്‍ദവും ഫോണ്‍വിളികളും, ഇ മെയിലുകളും കണ്ടുമുട്ടലുകളും ഇനിയുണ്ടാവില്ല.
ഗ്ളാമറും പണവും പ്രശസ്തിയും നിറഞ്ഞു നില്‍ക്കുന്ന സിനിമാ ലോകത്തെ പ്രതിപക്ഷമായ ഈ ചലച്ചിത്ര നിരൂപകന്‍/ഫിലിം സൊസൈറ്റി/പു ക സ എന്ന റോളിനുള്ളില്‍ കിടന്ന് ഞെരിഞ്ഞമര്‍ന്ന കുട്ബുദ്ദീനെ അവസാനമായി കണ്ടത് ഏതാനു മാസങ്ങള്‍ക്കു മുമ്പ്, ടി വി ചന്ദ്രന്റെ ഭൂമി മലയാളത്തിന്റെ പ്രിവ്യൂ കാണാന്‍ എറണാകുളത്തു പോയപ്പോഴാണ്. സഖാവിന് വൃക്കയുടെ അസുഖം സ്വല്‍പം കൂടുതലാണെന്നും ആഴ്ചയില്‍ രണ്ടു വീതം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നുമുള്ള വിവരം അതിനു മുമ്പൊരു തവണ ഫോണ്‍ ചെയ്തപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. അന്ന് എറണാകുളത്തുണ്ടായിരുന്ന കെ ആര്‍ മോഹനന്‍, വി കെ ജോസഫ്, പുരുഷന്‍ കടലുണ്ടി, ബാബു ജോണ്‍, മധു ജനാര്‍ദനന്‍, റെജി എം ദാമോദരന്‍, ഡോ. കെ എസ് ശ്രീകുമാര്‍ എന്നിവരോടൊപ്പം കരുവേലിപ്പടിയിലുള്ള കുട്ബുദ്ധീന്റെ വീട്ടിലെത്തിയപ്പോള്‍ ഹൃദ്യമായ സ്വാഗതവും മങ്ങാത്ത ചിരിയുമായി അദ്ദേഹം ഊര്‍ജ്ജസ്വലത കൈവിടാതെ ആതിഥേയമര്യാദകള്‍ പാലിക്കുന്ന തിരക്കിലായിരുന്നു.
അപ്പോള്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു സഖാവ്. ലേക് ഷോറില്‍ മാസത്തില്‍ എട്ടോ ഒമ്പതോ ഡയാലിസിസ് ചെയ്യാനുള്ള തുക അദ്ദേഹത്തിന്റെ പെന്‍ഷന്‍ കൊണ്ട് തികയുകയില്ല എന്നതുറപ്പ്. ഇത് മനസ്സില്‍ വെച്ചുകൊണ്ടാണ്, രോഗശയ്യയിലുള്ള ചലച്ചിത്രപ്രവര്‍ത്തകരെ സഹായിക്കാന്‍ അക്കാദമിക്കുള്ള പദ്ധതി പ്രകാരം അമ്പതിനായിരം രൂപ അനുവദിക്കാന്‍ ചെയര്‍മാന് സാധിക്കുമെന്നും അതിനായി സഖാവ് ഒരു അപേക്ഷ മാത്രം തന്നാല്‍ മതിയെന്നും ഞങ്ങള്‍ പറഞ്ഞത്. ഇത് വാര്‍ത്തയാക്കാനൊന്നും ഉദ്ദേശ്യവുമില്ലായിരുന്നു. എന്നാല്‍, സഖാവിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. പാര്‍ടി ജില്ലാ സെക്രട്ടറി സഖാവ് ഗോപി കോട്ടമുറിക്കലിന്റെ മുന്‍കൈയില്‍ കുട്ബുദ്ദീനെ സഹായിക്കാന്‍ ഒരു സഹായ നിധി പിരിക്കുന്നുണ്ടെന്നും, പാര്‍ടിയോട് ചോദിക്കാതെ ഈ (അക്കാദമിയുടെ)സഹായം തനിക്ക് സ്വീകരിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശാരീരികമായും സാമ്പത്തികമായും അവശനായിരിക്കെ പോലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പാര്‍ടി അച്ചടക്കവും പ്രസ്ഥാനത്തില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ടുള്ള ഐക്യദാര്‍ഢ്യവും ഒരു കാലത്തും ഞങ്ങളുടെയാരുടെയും ഓര്‍മ്മകളില്‍ നിന്ന് വിട്ടുപോകില്ല.
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ നിരവധി ലാവണങ്ങളില്‍ ജോലി ചെയ്യുകയും എന്‍ ജി ഒ യൂണിയന്റെയും കെ ജി ഒ എയുടെയും സജീവപ്രവര്‍ത്തകനായിരിക്കുകയും ചെയ്ത അദ്ദേഹം കുറുമശ്ശേരി ഗവ പോളിടെക്നിക്കിലെ സൂപ്രണ്ടായിരിക്കെയാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. സാംസ്കാരികവകുപ്പ് സ്ഥാപനമായ ഭാരത് ഭവന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശി എന്ന നിലക്ക് ഈ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് ഏറ്റവും യോജ്യമായ ഒരു പദവിയായിരുന്നു. ഉത്തരേന്ത്യക്കാരും തമിഴ്, തെലുങ്ക്, കൊങ്കണി, ഗുജറാത്തി, ഭാഷക്കാരും മലയാളികളോടൊപ്പം ഇടകലര്‍ന്നു താമസിക്കുന്ന മട്ടാഞ്ചേരി-ഫോര്‍ട്ട് കൊച്ചി പ്രദേശം കേരളീയ സാംസ്ക്കാരിക ഐക്യത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും നിതാന്ത പ്രത്യക്ഷമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ ഇന്ത്യയുടെ ഉദ്ഗ്രഥനം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭാരത് ഭവന് ഇതിലും മികച്ച ഒരു സെക്രട്ടറിയെ എങ്ങനെയാണ് ലഭ്യമാക്കുക? അക്കാലത്ത് എറണാകുളം നോര്‍ത്തിലുണ്ടായിരുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. സംസ്ഥാന കമ്മിറ്റിക്കും എക്സിക്യൂട്ടിവിനും എത്തുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഖാക്കളുടെ ക്ഷേമസൌകര്യങ്ങള്‍ അന്വേഷിച്ച് അദ്ദേഹം ഓടിനടന്നിരുന്നത് ഓര്‍മ്മയില്‍ നിന്ന് മായുന്നതേയില്ല.
പി ജെ ആന്റണി ഫൌണ്ടേഷന്‍, പ്രസിദ്ധമായ കൊച്ചിന്‍ ഫിലിം സൊസൈറ്റി എന്നിവയുടെ മുഖ്യ പ്രവര്‍ത്തകനായിരുന്ന കുട്ബുദ്ദീന്‍ ചലച്ചിത്ര നിരൂപകരുടെ ആഗോള സംഘടനയായ ഫിപ്രെസിയിലും അംഗമായിരുന്നു. 2008ലെ മാമി - മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫിപ്രെസി ജൂറി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ ചാരുതകള്‍, അഗസ്റിന്‍ ജോസഫ് ഭാഗവതര്‍(യേശുദാസിന്റെ പിതാവിന്റെ കലാ-ജീവചരിത്രം) എന്നിവയാണദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. സിനിമാഗാന ചരിത്രത്തെ സംബന്ധിച്ച് ഒരു പുസ്തകം എഴുതി വരുമ്പോഴായിരുന്നു മരണം. ചെറുതും വലുതുമായ നിരവധി ആനുകാലികങ്ങളില്‍ അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ സവിശേഷമായ ഒരു പംക്തി, ദേശാഭിമാനി ദിനപത്രത്തിന്റെ കൊച്ചി നഗര എഡിഷനില്‍ കൈകാര്യം ചെയ്തിരുന്ന ഒന്നായിരുന്നു. നഗരത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകളിലൂടെയുള്ള ഈ ഓട്ടപ്രദക്ഷിണം, പിന്നീട് മുഖ്യധാരാ പത്രങ്ങള്‍ അവരുടെ സ്ഥിരം ഐറ്റമായി 'അടിച്ചുമാറ്റി'.
അദ്ദേഹത്തെ സംബന്ധിച്ച രസകരമായ ഒരോര്‍മ കൂടി പങ്കിട്ട് കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കട്ടെ. തിരുവനന്തപുരത്ത് പു ക സയുടെ സംസ്ഥാനകമ്മിറ്റി ചേരുകയായിരുന്നു. കര്‍ഷകസംഘം ആപ്പീസിലായിരുന്നു കമ്മിറ്റി. അന്നു തന്നെ, ട്രിവാന്‍ഡ്രം ഹോട്ടലില്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ റീജ്യനല്‍ കൌണ്‍സില്‍ ദ്വൈവാര്‍ഷിക സമ്മേളനം നടക്കുന്നുണ്ടായിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോഴുള്ള ആ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ പാനലവതരിപ്പിച്ച് ഐകകണ്ഠ്യേന തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു പതിവ്. അക്കുറി, കുത്തിത്തിരിപ്പുകാരും സ്വാര്‍ത്ഥമതികളുമായ ചിലര്‍ നോമിനേഷന്‍ കൊടുത്ത് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി. ഫോണിലൂടെ വിവരമറിഞ്ഞ ഞാന്‍, ഒരു വോട്ട് ഉറപ്പാക്കിക്കോളൂ എന്ന് ഔദ്യോഗിക വിഭാഗത്തില്‍ പെട്ട സുഹൃത്തിന് സന്ദേശം കൈമാറി. കുട്ബുദ്ദിന്റെ വോട്ടായിരുന്നു ഞാനുദ്ദേശിച്ചത്. കൊച്ചിന്‍ ഫിലിം സൊസൈറ്റിയില്‍ നിന്ന് മറ്റാരും വരാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് പ്രതിനിധി ബാഡ്‌ജ് കൊടുക്കാന്‍ തടസ്സമില്ലായിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ചില തല്‍പരകക്ഷികളുടെ കൈയില്‍ നിന്ന് വിമോചിപ്പിച്ചെടുത്തവരുടേതാണ് നിലവിലുള്ള നേതൃത്വം എന്നും അതിന്റെ ഐക്യവും മേധാശക്തിയും തകര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നും ഉള്ള വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. പറഞ്ഞതു പോലെ, മറ്റൊന്നുമാലോചിക്കാതെ പു ക സ കമ്മിറ്റിയില്‍ നിന്ന് നേരെ ട്രിവാന്‍ഡ്രം ഹോട്ടലിലെത്തി തന്റെ വോട്ട് ഏറെക്കൂറെ പരസ്യമായി തന്നെ രേഖപ്പെടുത്തിയിട്ടാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. പു ക സയില്‍ അതിനു മുമ്പുണ്ടായിരുന്ന ചില വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നിലപാടായിരുന്നു അദ്ദേഹമെടുത്തത്. പ്രസ്ഥാനത്തിന്റെ ഐക്യവും പുരോഗമന സ്വഭാവവും നഷ്ടമാകാതെ സൂക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യത്തില്‍ അദ്ദേഹം എന്നും ഉറച്ചു നിന്നിരുന്നു. വലിയ ശരീരവും ഒച്ച കലമ്പിക്കുന്ന സാന്നിദ്ധ്യവുമായി കുട്ബുദ്ദീന്‍, അനുദിനം ശോഷിച്ചു വരുന്ന നല്ല സിനിമക്കു വേണ്ടിയുള്ള കൂട്ടായ്മയില്‍ നിന്ന് സ്വയം വിട പറഞ്ഞു പോയിരിക്കുന്നു. ലാല്‍ സലാം.
******
ജി. പി. രാമചന്ദ്രന്‍
Subscribe to:
Post Comments (Atom)
2 comments:
പ്രസിദ്ധനായിരിക്കുന്നതിനൊപ്പം അറിയപ്പെടാതിരിക്കുവാനും ജനപ്രിയനായിരിക്കുന്നതിനൊപ്പം വെറുക്കപ്പെടുവാനും വിധിക്കപ്പെട്ടതാണ് ചലച്ചിത്ര നിരൂപകന്‍ എന്ന പ്രതിനിധാനം. കണ്ടുനില്‍ക്കുന്നവര്‍ക്ക് കൌതുകവും സഹതാപവും തോന്നിക്കുന്ന വിധത്തില്‍ പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെ ഓടിക്കൊണ്ടിരിക്കുന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്റെ ജീവിതമാകട്ടെ നായയുടേതിനു തുല്യവുമാണ്. നായപ്പാച്ചില്‍ എന്നാണ് ഫിലിം സൊസൈറ്റിക്കാരന്റെ ഓട്ടം കണ്ടിട്ട് മുമ്പൊരാള്‍ പ്രതികരിച്ചത്. നായ ഓടുന്നതെന്തിനാണെന്ന് നായക്കും അറിയില്ല: കണ്ടു നില്‍ക്കുന്നവര്‍ക്കുമറിയില്ല.
വായനയുടെ നല്ല ഇടം
Post a Comment