Tuesday, April 27, 2010

ജാതികള്‍ ഇല്ലൈയടി പാപ്പാ!!

ക ഥ പോ ലെ ജീവിതം

'എന്ത നിമിടവും നാന്‍ കെല്ലപ്പെടലാം. പഞ്ചായത്ത് പ്രസിഡന്റ് പദവി മുടിയുംപോത് നടക്കലാം, ഇല്ലൈ അതുക്ക് മുന്നാലെയേ..... എനക്ക് അതില്‍ പയമില്ലെ, ഉങ്കളിടം ശൊല്ലണം എന്ററ് തോന്നിച്ച് അതിനാലെ താന്‍ ഇന്ത മനു' (ഏത് നിമിഷവും ഞാന്‍ കൊല്ലപ്പെടാം. പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം അവസാനിക്കുമ്പോഴാവാം, അല്ലെങ്കില്‍ അതിനുമുമ്പ് സംഭവിക്കാം. എനിക്കതില്‍ ഭയമില്ല, ഇത് താങ്കളോട് പറയണമെന്നുതോന്നി അതിനാണ് ഈ പരാതി).

മധുര ജില്ലാ പൊലീസ് സൂപ്രണ്ടിനു നല്‍കിയ പരാതിയിലാണ് ഇങ്ങനെയുള്ളത്. മരണം മുന്നിലും പിന്നിലും നിഴല്‍പോലെ പിന്തുടരുന്ന കീരിപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ് ബാല്‍സ്വാമിയുടേതാണ് പരാതി. എസ് പിക്കും കലക്ടര്‍ക്കും അതു നല്‍കാന്‍ ദിവസങ്ങള്‍ നടക്കേണ്ടിവന്നു. ദളിത് പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ എല്ലാവര്‍ക്കും പുച്ഛവും അവഗണനയും. പരാതിപ്പെടാതെ പറ്റില്ലല്ലോ. ബാല്‍സ്വാമിയെ വെട്ടിവീഴ്ത്താന്‍ സവര്‍ണരുടെ വടിവാളുകള്‍ അവസരം കാത്തിരിക്കുന്നുണ്ട്.

ബാല്‍സ്വാമി ചെയ്ത കുറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ എം പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നതുമാത്രം. നീതിയും നിയമവും സവര്‍ണന്റെ ഇംഗിതത്തിനും താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങുന്ന ദ്രാവിഡനാട്ടില്‍ ഇത് കൊടും കുറ്റമാണ്.

സവര്‍ണരുടെ എതിര്‍പ്പും കൊലവിളിയും കാരണം 1995 മുതല്‍ 2005 വരെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതിരുന്ന പഞ്ചായത്തുകളാണ് കീരിപ്പട്ടി, നാട്ടാര്‍മംഗലം, പാപ്പാപ്പട്ടി, കൊട്ടകച്ചിയേന്തല്‍. തമിഴ്നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. ഈ നാലിടത്തും പ്രസിഡന്റ്സ്ഥാനം ദളിത്സംവരണമാണ്.

തങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശത്ത് ദളിതുകള്‍ പഞ്ചായത്ത് പ്രസിഡന്റാവുന്നത് അക്ഷന്തവ്യമായ കുറ്റമായി സവര്‍ണര്‍ പ്രഖ്യാപിച്ചു. പത്രിക സമര്‍പ്പിച്ചവര്‍ വീടെത്തും മുമ്പ് കൊല്ലപ്പെട്ടു. ഇങ്ങനെ ശുക്കനടക്കം ഒമ്പതു പേര്‍. ഇവര്‍ക്ക് സ്വാതന്ത്ര്യസ്തൂപവും ജനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

2005ല്‍ തെരഞ്ഞെടുപ്പ് നടന്നു. പത്രിക നല്‍കിയിരുന്നത് സവര്‍ണരുടെ വീട്ടുജോലിക്കാരായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന അറിയിപ്പ് വന്നതും എല്ലാവരും രാജിവെച്ചു. തുടര്‍ന്നാണ് 2006ലെ തെരഞ്ഞെടുപ്പ്. കീരീപ്പട്ടിയില്‍ സിപിഐ എം പിന്തുണയോടെ ബാല്‍സ്വാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെ പിന്തുണയോടെ നാട്ടാര്‍മംഗലത്ത് ഗണേശനും പാപ്പാപ്പട്ടിയില്‍ പെരിയകറുപ്പനും കൊട്ടകച്ചിയേന്തലില്‍ കറുപ്പനും.

കീരിപ്പട്ടിയില്‍ ആറംഗ ഭരണസമിതിയില്‍ ബാല്‍സ്വാമി മാത്രം സിപിഐ എം. മറ്റുള്ളവരെല്ലാം വിവിധ പാര്‍ടിക്കാരായ സവര്‍ണര്‍. ഭരണസ്തംഭനം അവിടംമുതല്‍ തുടങ്ങി. സര്‍ക്കാര്‍ പഞ്ചായത്തിന് വികസനത്തിന് ഫണ്ടു നല്‍കാതെയായി. ദ്രാവിഡ പാര്‍ടികള്‍ക്ക് സവര്‍ണരുടെ പിന്തുണയാണ് വലുത്. അവര്‍ ദളിതരെ അവഗണിച്ചു. ഉദ്യോഗസ്ഥര്‍പോലും പ്രസിഡന്റിന് വിലകല്‍പ്പിച്ചില്ല. അവഗണിക്കപ്പെട്ട നിലയിലും സിപിഐ എമ്മിന്റെ നയവും വികസന സ്വപ്നവും ഉയര്‍ത്തിപ്പിടിച്ച് ബാല്‍സ്വാമി മുന്നോട്ടുനടന്നു.ഒരടി മുന്നോട്ടു നടന്നാല്‍ പത്തടി പിറകോട്ടു വലിച്ചിടാന്‍ സവര്‍ണര്‍ വടിവാളുകളുമായി നടക്കുന്നു.

ഊണിലും ഉറക്കിലും മരണം സവര്‍ണന്റെ രൂപത്തില്‍ വിടാതെ പിന്തുടരുന്നു. എപ്പോള്‍ മരിക്കും എന്നു മാത്രമെ ബാല്‍സ്വമിക്ക് നിശ്ചയമില്ലാതുള്ളു. എന്നിട്ടും ഭരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്ന് കലക്ടര്‍ക്ക് പരാതി നല്‍കി. 2007ല്‍ പണി പൂര്‍ത്തിയാക്കിയ കുളിമുറിയും കക്കൂസുമടങ്ങിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്യാന്‍ സമ്മതിക്കുന്നില്ല. വൈദ്യുതി കണക്ഷനും നല്‍കുന്നില്ല. മറ്റ് വികസനപദ്ധതികളും തടസ്സപ്പെടുത്തുന്നു. സിപിഐ എം ഡിഎംകെ മുന്നണിയിലല്ലാത്തതിനാല്‍ കലക്ടറില്‍നിന്ന് അനുകൂലനടപടി ഉണ്ടായില്ല.

അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ രാമസ്വാമിനായ്ക്കരുടെയും 'ജാതികള്‍ ഇല്ലൈയടി പാപ്പാ' എന്നു പാടിയ സുബ്രമണ്യഭാരതിയുടെയും നാട്ടില്‍ തുടരുന്ന അയിത്തത്തിന്റെ ഇരയാണ് ബാല്‍സ്വാമി. തമിഴ്നാട്ടില്‍നിന്നു കേള്‍ക്കുന്ന ദളിത്പീഡനത്തിന് കയ്യുംകണക്കുമില്ല. മധുര ജില്ലയിലെ ഉത്തപുരത്തും കോയമ്പത്തൂരിലും സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ സിപിഐ എം നേതൃത്വത്തിലുള്ള അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ പ്രക്ഷോഭത്തിന്റെ ഫലമായാണ് പൊളിച്ചുമാറ്റിയത്. 10,000 ത്തിലധികം ഗ്രാമങ്ങളില്‍ അയിത്തവും അനാചാരവും നിലനില്‍ക്കുന്നതായി സിപിഐ എം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

തമിഴ് സംസ്കാരമനുസരിച്ച് ജനിച്ചാലും പ്രായമായി മരിച്ചാലും പാട്ടും നൃത്തവും ഉണ്ടാവും. അതിന് ദളിതന്‍ വേണം. എന്നാലവനെ പൊതുനിരത്തില്‍ നടക്കാന്‍ അനുവദിക്കില്ല. വീടിനകത്ത് കയറ്റില്ല. ശവം മറവുചെയ്യാന്‍ ഭൂമിയും നല്‍കില്ല. അതുകൊണ്ടാണ് മുര്‍പോക്ക് എഴുത്താളര്‍സംഘത്തിന്റെ സജീവ പ്രവര്‍ത്തകനും ഗായകനുമായ തിരുവുടയാന്‍ ഇങ്ങനെ പാടിയത്.' നായും നരിയും നടക്കിറ വഴിയില്‍ നാങ്ക നടന്താ തപ്പാടാ' ( നായും കുറുക്കനും നടക്കുന്ന വഴിയില്‍ ഞങ്ങള്‍ നടന്നാല്‍ തെറ്റാണോ?) എന്ന്.

ഷര്‍ട്ടിടാന്‍ പാടില്ല. അതും ഇസ്തിരിയിട്ടതായാല്‍ മര്‍ദനം ഉറപ്പ്. ചെരിപ്പ് തയ്ച്ച് സവര്‍ണന് നല്‍കുന്ന ദളിതന് അതിടാന്‍ അവകാശമില്ല. ക്ഷേത്രങ്ങളിലും അയിത്തം കല്‍പ്പിച്ചിരിക്കുന്നു. ആരാധനസ്വാതന്ത്യ്രം വേണമെന്നാവശ്യപ്പെട്ട് എട്ട് ക്ഷേത്രങ്ങളിലാണ് സിപിഐ എം നേതൃത്വത്തില്‍ സമരം നടത്തി വിജയിച്ചത്.

ഈ അവസ്ഥയിലാണ് മരണത്തെ കൂടെ കൊണ്ടുനടന്ന് ബാല്‍സ്വാമി പ്രക്ഷോഭകാരിയാവുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ പഞ്ചായത്തില്‍ പോകുന്നതും വരുന്നതും തോക്കേന്തിയ പൊലിസന്റെ അകമ്പടിയോടെ. അതും സുരക്ഷിതമല്ല ്. ഡിഎംകെ ഭരണത്തില്‍ പൊലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്ക വയ്യ. ഭാര്യ രാജമ്മാളും മക്കളായ ജയകുമാറും ജയഭാരതിയും അമ്മയും മൂന്ന് സഹോദരിമാരും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഏതു നിമിഷവും മരണം കടന്നുവരാമെന്ന് ബാല്‍സ്വാമി പറയുന്നു. എന്തായാലും സിപിഐ എം കൊടിയുമായി മുന്നോട്ടുതന്നെയെന്ന് പോരാളിയുടെ ഉറച്ച ശബ്ദം.

ബാല്‍സ്വാമി ജീവിച്ചിരിക്കുന്ന കാഥാപാത്രമാണ്. 'ഇത് വേറ് ഇതിഹാസം' എന്ന തമിഴ് ഡോക്യുസിനിമയിലെ നായകന്‍. വെറും നായകനല്ല. തോക്കേന്തിയ രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ പഞ്ചായത്ത് ഭരിക്കാനെത്തുന്ന പ്രസിഡന്റ്. മുര്‍പോക്ക് എഴുത്താളര്‍സംഘം നിര്‍മിച്ച് ജെ മാധവരാജ് സംവിധാനം ചെയ്ത ഡോക്യുസിനിമയാണ് 'ഇത് വേറ് ഇതിഹാസം'(ഇതു വേറെ ചരിത്രം). ഇതിഹാസം കഥാപാത്രവും കഥാപാത്രം ഇതിഹാസവുമാവുകയാണിവിടെ.

*
ഇ എന്‍ അജയകുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

അയിത്തഗ്രാമം സമരം അറസ്റ്റ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ രാമസ്വാമിനായ്ക്കരുടെയും 'ജാതികള്‍ ഇല്ലൈയടി പാപ്പാ' എന്നു പാടിയ സുബ്രമണ്യഭാരതിയുടെയും നാട്ടില്‍ തുടരുന്ന അയിത്തത്തിന്റെ ഇരയാണ് ബാല്‍സ്വാമി. തമിഴ്നാട്ടില്‍നിന്നു കേള്‍ക്കുന്ന ദളിത്പീഡനത്തിന് കയ്യുംകണക്കുമില്ല. മധുര ജില്ലയിലെ ഉത്തപുരത്തും കോയമ്പത്തൂരിലും സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ സിപിഐ എം നേതൃത്വത്തിലുള്ള അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ പ്രക്ഷോഭത്തിന്റെ ഫലമായാണ് പൊളിച്ചുമാറ്റിയത്. 10,000 ത്തിലധികം ഗ്രാമങ്ങളില്‍ അയിത്തവും അനാചാരവും നിലനില്‍ക്കുന്നതായി സിപിഐ എം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

Mohamed Salahudheen said...

ഐകദാര്ഢ്യം

Mohamed Salahudheen said...

ഐകദാര്ഢ്യം

അസുരന്‍ said...

തമിഴ്നാട്ടിലെ ദളിതു പീഢനത്തെക്കുറിച്ച് എന്തൊരു ആവലാതി. കേരളത്തിലെ സി.പി.എമ്മി ന്റെ ദളിതു പിഢനത്തെക്കുറിച്ച് എന്തുപറയുന്നു ?http://manavikanilapadukal.blogspot.com/2010/02/blog-post_23.html
http://manavikanilapadukal.blogspot.com/2010/03/blog-post.html

ജനശക്തി said...

എനതായാലും മാറ്റം കാണുന്നു. സാധാരണഗതിയില്‍ കേരളത്തിലെ കാര്യം പറഞ്ഞാല്‍ ബംഗാളിലേക്കും ചൈനയിലേക്കും ത്രിപുരയിലേക്കും പോളണ്ടിനെപ്പറ്റി പറയരുതിലേക്കും ഓടുന്നവര്‍, മറ്റു സംസ്ഥാനങ്ങളെപ്പറ്റി പറയുമ്പോള്‍ കേരളത്തിലേക്ക് വന്നു തുടങ്ങി..നല്ലത്..

chithrakaran:ചിത്രകാരന്‍ said...

സി.പി.എം.അണികള്‍ തൊഴിലാളി വര്‍ഗ്ഗവും,മുതലാളിത്വവും,അമേരിക്ക്ന്‍ സാമ്രാജ്യത്വവും രണ്ടു മിനിട്ടു നേരത്തേക്കെങ്കിലും മാറ്റിവച്ച് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായ സവര്‍ണ്ണ വര്‍ഗ്ഗീയതക്കെതിരെ
രണ്ടു വക്കു പറയാന്‍ ശ്രമിക്കുന്നു എന്നതുതന്നെ
ആശാവഹമാണ്.എന്നാല്‍ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാതെ താല്‍ക്കാലികമായ ഒരു ഷോക്കു വേണ്ടി ദളിത സ്നേഹം കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തെക്കുമെന്നതിനാല്‍ സവര്‍ണ്ണതയെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തമിഴ് നാട്ടില്‍ സവര്‍ണ്ണത പ്രത്യക്ഷത്തില്‍ കാണിക്കുന്ന വിവേചനമായതുകൊണ്ടാണ് അന്യ സംസ്ഥാനക്കാര്‍ക്ക് അത് അനീതിയാണെന്ന് പെട്ടെന്ന് ബോധ്യമാകുന്നത്. എന്നാല്‍,കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സവര്‍ണ്ണത സ്നേഹിച്ചു നക്കിക്കൊല്ലുക എന്ന രാഷ്ട്രീയ തന്ത്രമാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധമില്ലാത്ത വിജയമാണ് അതിന്റെ ഫലം.
അവരുടെ മാന്യവും വിപ്ലവാഭിമുഖ്യമുള്ളതുമായ കുലീനതയില്‍ ആരും വീണുപോകും.സവര്‍ണ്ണന്‍ മനപ്പൂര്‍വ്വം സമൂഹത്തെ നശിപ്പിക്കുന്ന ദുഷ്ടവ്യക്തിയൊന്നുമല്ല.അവന്റെ ശീലങ്ങളെ നിയന്ത്രിക്കുന്ന പാരംബര്യസാമൂഹ്യ ആചാരങ്ങളും,സവര്‍ണ്ണ സാംസ്ക്കാരികതയുമാണ് ട്രോജന്‍ കുതിരയായി തിന്മക്ക് സാമൂഹ്യ അംഗീകാരവും മേല്‍ക്കയ്യും നേടിക്കൊടുക്കുന്ന ഘടകം.
പിന്നെ,മറ്റൊരു കാര്യം സവര്‍ണ്ണത എന്നത് ഏതാനും ജാതികളിലുള്ളവരില്‍ മാത്രം കുടികൊള്ളുന്നതല്ല. ദലിതരില്‍പ്പോലും സവര്‍ണ്ണതയുടെ ആരാധകരുണ്ടാകും.
അതുകൊണ്ടുതന്നെ സവര്‍ണ്ണതയെ ഒരു സാംസ്ക്കാരിക തിന്മയായും ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വിഷമായും തിരിച്ചറിഞ്ഞ് സാംസ്ക്കാരിക പോരാട്ടം നയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവര്‍ക്കിടയിലെ
സുറിയാനി-കത്തോലിക്ക സവര്‍ണ്ണതയേയും വര്‍ഗ്ഗീയ വിഷമായി തിരിച്ചറിഞ്ഞ് സാംസ്ക്കാരികമായി നശിപ്പിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഈ വിഷ ജന്തുക്കള്‍ അന്യ ജനങ്ങളുടെ ചോരകുടിക്കുന്ന തന്തയില്ലായ്മ മഹത്തരമായ പരംബര്യമാണെന്ന് തുടര്‍ന്നും വിശ്വസിക്കുകയും ആ വിശ്വാസ സംരക്ഷണത്തിനായി
സമൂഹത്തേയും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും
ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുകയും ചെയ്യും.

സവര്‍ണ്ണതക്കെതിരെയുള്ള പോരാട്ടമാണ്
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി.