വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും അധികം താമസിയാതെ അതുസംബന്ധിച്ച കരട് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും എന്നുമാണ് വാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ച ഇതിനകം തുടങ്ങിക്കഴിഞ്ഞു. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇക്കാര്യത്തില്‍ നിരവധി വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
പൊതുമേഖലയിലായാലും ശരി, സ്വകാര്യമേഖലയിലായാലും ശരി, അത് രാജ്യത്തിനകത്തെ സംരംഭകരേക്കാള്‍ വിദേശസംരംഭകരെയാണ് അനുകൂലിക്കുന്നത് എന്നതാണ് ഒരു വാദമുഖം. കരട്ബില്ല് വായിച്ചാല്‍ അതിന് വലിയ അടിസ്ഥാനമില്ലെന്ന് കാണാം. സാധാരണനിലയില്‍, ഏതൊരു പ്രശ്നത്തിന്റെ കാര്യത്തിലും കൂടുതല്‍ ആശയവ്യക്തതയുണ്ടാക്കുന്നതിനാണ് സംവാദം ഉപകരിക്കാറുള്ളത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന്റെയും മെച്ചപ്പെടുത്തുന്നതിന്റെയും എല്ലാവരേയും അതില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെയും കാര്യത്തിലുള്ള സംവാദം അതിനല്ല വഴിവെയ്ക്കുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
സ്വകാര്യ ആഭ്യന്തര സ്ഥാപനങ്ങളും വിദേശ സ്വകാര്യ സ്ഥാപനങ്ങളും വിദേശ പൊതു സ്ഥാപനങ്ങളും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കുന്നുവെന്നതിനര്‍ത്ഥം ഇന്നത്തെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ ദയനീയമായ വിധത്തില്‍ അപര്യാപ്തമാണ് എന്നാണ്. ഉദാഹരണത്തിന് 18നും 24നും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരില്‍ 15 ശതമാനംപേര്‍ക്ക് മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് സൌകര്യം ലഭിക്കുമ്പോള്‍, ഇന്ത്യയില്‍ അത് ഇതിന്റെ പകുതി മാത്രമാണ്. അതിനുള്ള ഒരു കാരണം ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്തതാണ്. അത്തരം സൌകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍തന്നെ, ഗുണനിലവാരം ഇല്ല എന്നതാണ് മറ്റൊരു കാരണം.
ബജറ്റ് വകയിരുത്തല്‍ വളരെക്കുറവ്
ഉന്നത വിദ്യാഭ്യാസത്തിന് വിഭവങ്ങള്‍ വകയിരുത്തുന്നത് വളരെ കുറഞ്ഞതാണ് വളരെ പ്രധാനപ്പെട്ട ഒരു കാരണം. സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്ര ഗവണ്‍മെന്റും ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ചെലവാക്കുന്ന തുക വളരെ കുറവാണ്-മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വെറും അരശതമാനത്തില്‍ താഴെ മാത്രം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സ്ഥിതി ഇതാണ്- ജിഡിപിയുടെ ഒന്നരശതമാനം ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി ചെലവാക്കും എന്ന് ഗവണ്‍മെന്റ് പറയുന്നുണ്ടെങ്കിലും. അതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവാക്കണം, കൂടുതല്‍പേര്‍ക്ക് പ്രവേശനം നല്‍കണം എന്ന കാര്യത്തിനുതന്നെയാണ് ഊന്നല്‍ നല്‍കേണ്ടത്.
ഇന്ത്യക്ക് സ്ഥാപനപരമായ ചട്ടക്കൂട് ആവശ്യത്തിനുണ്ട് എന്നതിനാല്‍ ഇത് ഫലപ്രദമായി ചെയ്യാന്‍ കഴിയും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളും (അവ വിദേശ സ്ഥാപനങ്ങളായാലും രാജ്യത്തിനകത്തെ സ്ഥാപനങ്ങളായാലും) അവയുമായി ബന്ധപ്പെട്ട വിഭവങ്ങളും ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവേശിച്ചു എന്നുവെച്ച് ആ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയരുമെന്നതിന് യാതൊരു ഉറപ്പുമില്ല.
വിദേശ സ്ഥാപനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുകയാണെങ്കില്‍ത്തന്നെ, അവ ചില നിയന്ത്രണങ്ങളുടെ യുക്തമായ ചട്ടക്കൂട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നല്ല ഒരു ദേശീയ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികളെ, അഥവാ വിദേശത്തുപോയി നല്ല സ്ഥാപനത്തില്‍നിന്ന് വിദ്യാഭ്യാസം നേടാന്‍ സാമ്പത്തികമായി കഴിവില്ലാത്ത ആ വിദ്യാര്‍ത്ഥികളെ, വേണ്ടത്ര വിവരമില്ലാത്ത വിദ്യാര്‍ത്ഥികളെ, "വിദേശ'' സ്ഥാപനത്തിന്റെ പേരുംപറഞ്ഞ് ക്രൂരമായി ചൂഷണംചെയ്യാന്‍ ദയയില്ലാത്ത ആ സ്ഥാപന ഉടമകള്‍ക്ക് കഴിയും. ഉന്നത നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്രയില്ലാത്ത ഒരു സാഹചര്യത്തില്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്ത സിലബസും ഗുണംകുറഞ്ഞ പശ്ചാത്തല സൌകര്യങ്ങളും ഉപകരണങ്ങളും മാത്രമുള്ള വിദേശ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍നിന്ന് ഉയര്‍ന്ന ഫീസ് പിരിച്ച് രക്ഷപ്പെടാന്‍ കഴിയുന്നു.
വിദേശനിക്ഷേപങ്ങളെ സംബന്ധിച്ച നിയമങ്ങളും "അംഗീകൃത വിദ്യാഭ്യാസ സ്ഥാപന''ങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതു സംബന്ധിച്ച നിയമങ്ങളും തമ്മില്‍ വേണ്ടത്ര പൊരുത്തമില്ലാത്തതുകാരണം, ഈ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയില്‍ അംഗീകൃത റൂട്ടിലൂടെ പ്രവേശിക്കുന്നതിന് വിദേശ നിക്ഷേപം സംബന്ധിച്ച നിയമം വിദേശ വിദ്യാഭ്യാസ സംരംഭകരെ അനുവദിക്കുന്നുണ്ട്. അതിനാല്‍ വിദേശസംരംഭകര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സേവനം നടത്താനും മിച്ചമുണ്ടാകുന്ന അഥവാ ലാഭമുണ്ടാകുന്ന തുക സ്വന്തം നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനും കഴിയുന്നു.
അതെന്തായാലും ഒരു വിദ്യാഭ്യാസ സേവനദാതാവ് ഒരു സ്ഥാപനം തുടങ്ങുന്നുവെന്നും അതിനെ യൂണിവേഴ്സിറ്റി എന്ന് വിളിക്കുന്നുവെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) അതിനെ യൂണിവേഴ്സിറ്റിയായി അംഗീകരിക്കുന്നുവെന്നും അത് ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ (എഐസിടിഇ)യോ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയോ അത്തരം മറ്റ് സ്ഥാപനങ്ങളുടെയോ അംഗീകാരമുള്ള ഡിഗ്രികളും ഡിപ്ളോമകളും വിതരണംചെയ്യുന്നുവെന്നും കരുതുക. അങ്ങനെയാണെങ്കില്‍ അത്തരം നടപടികളില്‍ ഏര്‍പ്പെടുന്ന മറ്റേതൊരു ഇന്ത്യന്‍ സ്ഥാപനത്തെയുംപോലെ, ഈ യൂണിവേഴ്സിറ്റിയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടിവരും. "ലാഭത്തിനുവേണ്ടി'' എന്ന അടിസ്ഥാനത്തില്‍ മാത്രം അതിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. കുട്ടികളില്‍നിന്ന് ഈടാക്കുന്ന ഫീസിന്റെ അടിസ്ഥാനത്തില്‍ മിച്ചമുണ്ടാക്കാവുന്നതാണ്, എന്നാല്‍ അങ്ങനെ ഉണ്ടാകുന്ന മിച്ചം ആ സ്ഥാപനത്തിലേക്കുതന്നെ തിരിച്ചുവിടണം.
തങ്ങള്‍ നല്‍കുന്ന ഡിഗ്രികള്‍ക്ക് അംഗീകാരത്തിനുവേണ്ടി അപേക്ഷിക്കുന്ന സ്ഥാപനങ്ങളും അംഗീകാരത്തിന് അപേക്ഷിക്കാത്ത സ്ഥാപനങ്ങളും തമ്മിലുള്ള നിയന്ത്രണ സംവിധാനത്തിന്റെ കാര്യത്തിലുള്ള ഈ വ്യത്യാസം ഗവണ്‍മെന്റിന്റെ അംഗീകാരമില്ലാത്ത നിരവധി കോഴ്സുകള്‍ വ്യാപിക്കുന്നതിന് കാരണമായിത്തീര്‍ന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമല്ലാത്ത സ്ഥാപനങ്ങളിലാണ് ഇങ്ങനെ സംഭവിച്ചത്. ഇവയില്‍ മിക്കതും സ്വകാര്യമേഖലയിലായിരുന്നു, അവയില്‍ത്തന്നെ ഭൂരിഭാഗവും ഇന്ത്യന്‍ ഉടമകളുടെ കയ്യിലായിരുന്നു; ഏതാനും സ്ഥാപനങ്ങള്‍ വിദേശ ഉടമകളുടെ നിയന്ത്രണത്തിലും. അവയില്‍ ചിലത് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. എന്നാല്‍ നിരവധി എണ്ണം ഏറ്റവും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും ആയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ "ലാഭ''മുണ്ടാക്കുന്നവ അല്ലെന്നാണ് നടിച്ചിരുന്നതെങ്കിലും, നിയമപരമായും അല്ലാതെയും വമ്പിച്ച ലാഭം ഉണ്ടാക്കുന്ന നിരവധി സ്ഥാപനങ്ങള്‍ അവയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടാക്കുന്ന ലാഭം അവരുടെ ആളുകള്‍ വീതിച്ചെടുക്കുകയും ചെയ്യുമായിരുന്നു.
ഇത്തരം വിദേശസ്ഥാപനങ്ങളെ വ്യക്തമായി നിര്‍വചിക്കപ്പെട്ട പ്രത്യേകമായ നിയന്ത്രണ ചട്ടക്കൂട്ടിനുള്ളില്‍ കൊണ്ടുവരുന്നതിനാണ് വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്ലുകൊണ്ട് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇങ്ങനെ ഡിഗ്രികളും ഡിപ്ളോമകളും നല്‍കുന്ന സ്ഥാപനങ്ങള്‍ നിയുക്തമായ ഒരു അധികാരസ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്യണമെന്നും ചില നിയന്ത്രണങ്ങള്‍ക്ക് അവ വിധേയമായിരിക്കണമെന്നും അവയ്ക്ക് ശരിയായ ഒരു വിദേശ മൂല സ്ഥാപനം ഉണ്ടായിരിക്കണമെന്നും വിദേശത്തുനിന്ന് വേണ്ടത്ര വിഭവങ്ങള്‍ കൊണ്ടുവരുന്നു എന്ന് ഉറപ്പുവരുത്തണമെന്നും മെച്ചപ്പെട്ട കോഴ്സുകളും വേണ്ടത്ര സൌകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഒരു സ്ഥാപനത്തില്‍നിന്ന് ഉണ്ടാക്കുന്ന മിച്ച സംഖ്യ അതേ സ്ഥാപനത്തില്‍ത്തന്നെ വീണ്ടും നിക്ഷേപിക്കണമെന്നും പ്രസ്തുത ബില്ല് വ്യവസ്ഥചെയ്യുന്നു. അതെന്തായാലും, ഈ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ത്തന്നെയും അവ വിദ്യാര്‍ത്ഥികളില്‍നിന്ന് പിരിക്കുന്ന ഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ല; തെറ്റുചെയ്യുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയും ഇല്ല; അവശ ജനവിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തുന്നില്ല.
ഈ പശ്ചാത്തലത്തില്‍ മൂന്ന് ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാപ്യതയുടെ കാര്യത്തില്‍ ഇന്ന് നിലവിലുള്ള അസമത്വത്തെ ഇത് കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ക്കുകയും പൊതുമേഖലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പ്രതികൂലമായ വിധത്തില്‍ വിദ്യാഭ്യാസരംഗത്തെ അസന്തുലിതമായിത്തീര്‍ക്കുകയും ആണോ ഇതുമൂലം സംഭവിക്കുക എന്നതാണ് ഒന്നാമത്തെ ചോദ്യം. വിദേശ സ്ഥാപനങ്ങളായാലും ഇന്ത്യന്‍ സ്ഥാപനങ്ങളായാലും സ്വകാര്യ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ബില്‍ ആവശ്യപ്പെടുന്നില്ല. ജനറല്‍ മെരിറ്റ് വിഭാഗത്തില്‍പെട്ടവര്‍ക്കെന്നപോലെ സംവരണവിഭാഗത്തില്‍പെട്ടവര്‍ക്കും അര്‍ഹതപ്പെട്ട സീറ്റ് മാറ്റിവെയ്ക്കുന്നില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ഉദ്ദേശിച്ച ഫലം സിദ്ധിക്കുകയില്ല. അതിനാല്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ ചോദനവും സപ്ളൈയും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനുവേണ്ടിയാണ് വിദേശ സ്വകാര്യ സ്ഥാപനങ്ങളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ കടമയും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം.
വിദേശസ്വകാര്യ സ്ഥാപനങ്ങളടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ലക്ഷ്യം പൊതുവിദ്യാഭ്യാസത്തിലെ കുറവ് പരിഹരിക്കുകയാണെങ്കില്‍, ഇത്തരം സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങളെക്കൂടി പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നുവരണം. ഈ വിഭാഗത്തിന് സര്‍ക്കാരിന്റെ സഹായം വേണമെങ്കില്‍ നല്‍കാം. ഫീസ് നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ സംവരണം പാലിക്കാന്‍ നിര്‍ബന്ധിക്കണമെന്നര്‍ത്ഥം. അങ്ങനെ ഇത്രനാളും വിവേചനം അനുഭവിച്ചുവന്നവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രാപ്യത ഉറപ്പുവരുത്തണം. ഫീസിലുള്ള വ്യത്യാസം വേണമെങ്കില്‍ സര്‍ക്കാര്‍ വഹിക്കണം.
ഇവിടെ മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നു: ഇങ്ങനെ ഫണ്ട് അനുവദിക്കുകയാണെങ്കില്‍, ചുരുങ്ങിയ ചെലവില്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുവേണ്ടി അത് ഉപയോഗപ്പെടുത്തുകയല്ലേ നല്ലത്? അതിനാല്‍ ചോദനവും സപ്ളൈയും തമ്മിലുള്ള വിടവ് നികത്തുന്നതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കുറെക്കൂടി വ്യക്തത വരുത്തേണ്ടത് പ്രയോജനപ്രദമാണ്.
മറ്റ് മേഖലകളില്‍ അവലംബിക്കുന്ന നയം ഒരു സൂചനയായി കണക്കാക്കാമെങ്കില്‍ അവശവിഭാഗങ്ങള്‍ക്ക് സഹായഫണ്ട് അനുവദിച്ച് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന നടപടിയെ പൊതു-സ്വകാര്യ പങ്കാളിത്ത മന്ത്രംകൊണ്ട് ന്യായീകരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുക. യഥാര്‍ത്ഥംപറഞ്ഞാല്‍ അവയ്ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം, ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സബ്സിഡിക്കുമേലുള്ള നിയന്ത്രണം മാത്രമായിരിക്കും. അങ്ങനെവന്നാല്‍ ഗുണം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും.
രണ്ടാമത്തെ ചോദ്യം ഇതാണ്. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് വരേണ്ടതില്ല എന്ന് തീരുമാനിക്കുമോ? വികസിതരാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വകയിരുത്തല്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു; ഈ രാജ്യങ്ങളിലെ കോളേജില്‍പോകുന്ന കുട്ടികളുടെ എണ്ണത്തെ, ജനസംഖ്യാ മാറ്റങ്ങള്‍ സ്വാധീനിക്കുകയും ചെയ്യുന്നു. അങ്ങനെവരുമ്പോള്‍ തങ്ങളുടെ രാജ്യങ്ങള്‍ക്കുള്ളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ലാഭം ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ യൂണിവേഴ്സിറ്റികള്‍ വിദേശങ്ങളിലേക്ക് പോകാന്‍ തയ്യാറാവും. എന്നാല്‍ "ലാഭത്തിനുവേണ്ടിയല്ല വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന''തെന്ന വ്യവസ്ഥയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് ചെലുത്തുകയാണെങ്കില്‍, അവയ്ക്ക് മിച്ചമുണ്ടാക്കുവാനോ ആ മിച്ചം ഇവിടെനിന്ന് സ്വന്തം രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോകാനോ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലേക്ക് വരാന്‍ അവര്‍ക്ക് താല്‍പര്യവും ഉണ്ടാവുകയില്ല; അതുകൊണ്ടാവണം, ഈ ബില്ലില്‍, അതിന്റെ പ്രഖ്യാപിത ഉദ്ദേശത്തെത്തന്നെ അട്ടിമറിക്കുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, "ലാഭത്തിനുവേണ്ടിയല്ല സ്ഥാപനം'' എന്ന വകുപ്പ് ഒഴിച്ച് ബില്ലിലെ മറ്റ് നിബന്ധനകളെല്ലാം (വിദേശ വിദ്യാഭ്യാസ സ്ഥാപനത്തിന്) ഒഴിവാക്കികൊടുക്കാന്‍ അധികാരമുള്ള ഒരു ഉപദേശകസമിതി രൂപീകരിക്കുന്നതിന് ബില്ലില്‍ വകുപ്പുണ്ട്. അതുപോലെതന്നെ, ഡിഗ്രിയോ ഡിപ്ളോമയോ അല്ലാത്ത മറ്റെന്തെങ്കിലും ബിരുദം നല്‍കുന്നതും 'സര്‍ട്ടിഫിക്കറ്റ് കോഴ്സ്' നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മിക്ക നിബന്ധനകളില്‍നിന്നും ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ അധികൃതര്‍ക്ക് വിവരം റിപ്പോര്‍ട്ട്ചെയ്താല്‍ മാത്രം മതി.
ഇത് മറ്റൊരുതരത്തിലും പറയാം. ഏതെങ്കിലും വിദേശവിദ്യാഭ്യാസ ദാതാവ് ഇന്ത്യയില്‍ വരികയും തങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുകയും ആണെങ്കില്‍ വലിയ പരസ്യംകൊടുത്ത് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുകയാണെങ്കില്‍ (ഡിഗ്രിയും ഡിപ്ളോമയും നല്‍കുന്ന കോഴ്സുകള്‍ ഒഴിച്ച്) അവയ്ക്ക് അങ്ങനെ ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും; ഇന്ന് വിദ്യാര്‍ത്ഥികളെ ചൂഷണംചെയ്ത്, പണം പിടുങ്ങി, രായ്ക്കുരാമാനം സ്ഥലംവിടുന്ന സ്ഥാപനങ്ങളെപ്പോലെ അവയ്ക്കും പ്രവര്‍ത്തിക്കാമെന്നര്‍ത്ഥം! അത്തരമൊരു സാധ്യത അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, നമുക്ക് ഇതുവരെ ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരേയൊരു നിഗമനം ഇതുമാത്രമാണ്: ഈ നടപടികൊണ്ട് നമ്മുടെ രാജ്യത്തേക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസംകൊണ്ടുവരാനും കഴിയില്ല; ഗുണനിലവാരംകുറഞ്ഞ വിദ്യാഭ്യാസത്തെ അകറ്റിനിര്‍ത്താനും കഴിയില്ല. അതുകൊണ്ട്, ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനുപിന്നിലുള്ള പ്രേരണ എന്തെന്ന് ഒട്ടും വ്യക്തമല്ല.
ഇതില്‍നിന്നാണ് മൂന്നാമത്തെ ചോദ്യം ഉയര്‍ന്നുവരുന്നത്. ഈ ബില്ല്, സര്‍ക്കാര്‍ പ്രയോഗിക്കുന്ന ആപ്പിന്റെ ഏറ്റവും കനംകുറഞ്ഞ അറ്റമാണോ? സര്‍ക്കാര്‍ ഉദ്ദേശിച്ചത്ര അളവില്‍ വിദേശ വിദ്യാഭ്യാസദാതാക്കള്‍ വരുന്നില്ലെങ്കില്‍, അങ്ങനെയുണ്ടായ പരാജയത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? ലാഭമുണ്ടാക്കാനും അത് കടത്തിക്കൊണ്ടുപോകാനും വിദേശ സ്ഥാപനങ്ങളെ അനുവദിക്കുമോ?
സേവനങ്ങളിലെ വ്യാപാരത്തെ സംബന്ധിച്ച ജനറല്‍ എഗ്രിമെന്റ് ഓണ്‍ ട്രേഡ് ഇന്‍ സര്‍വീസസ് (ഗാട്സ്) സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യഒരു നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുകയുണ്ടായി. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയില്‍ പങ്കെടുക്കുന്നതിന്ന് വിദേശ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിന് അവയ്ക്ക് വേണ്ടത്ര സൌജന്യങ്ങള്‍ അനുവദിക്കാം എന്നതായിരുന്നു അത്. ഈ നിര്‍ദ്ദേശം അടക്കമുള്ള നിരവധി കാര്യങ്ങളില്‍ പിന്‍തുണ ലഭിക്കുന്നതിനുവേണ്ടി അഭിപ്രായം ആരായുന്നതിനായി വ്യാപാര മന്ത്രാലയം കുറെമുമ്പ് ഒരു കണ്‍സള്‍ട്ടേറ്റീവ് പേപ്പര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ പേപ്പറില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു.
"വികസ്വരരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍പോലും ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ മൊത്തം പ്രവേശനവും സ്വകാരമേഖലയുടെ പങ്കാളിത്തവും വളരെ കുറവാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ ഇന്നത്തെ വിദ്യാഭ്യാസ ചെലവ് വെച്ചുകൊണ്ട്, അത് കൂടുതല്‍ ഫലപ്രദമാക്കിത്തീര്‍ക്കുകയും സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും (രാജ്യത്തിനകത്തെ സ്ഥാപനങ്ങളുടെയും വിദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തം) ചെയ്യേണ്ടത് ആവശ്യമാണെന്ന് കാണാം.''
ഗാട്ട് ഒരു വ്യാപാരകരാറാണ്. അതുകൊണ്ട് ലാഭത്തിനുവേണ്ടി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അത് ബാധകമാണ്. എന്നാല്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ അത്തരം സൌജന്യങ്ങള്‍ അനുവദിക്കുന്നത്, ആ മേഖലയുടെ സ്വഭാവം മൌലികമായിത്തന്നെ മാറ്റുന്നതിലേക്കാണ് വഴിവെയ്ക്കുക.
ഇതെല്ലാം കൂടി ഒന്നിച്ചുവെയ്ക്കുമ്പോള്‍ മനസ്സിലാകുന്നത് ഇതാണ്: ബില്ലിന്റെ പ്രേരണയും അതിന്റെ ഫലവും എന്തായിരിക്കുമെന്ന് വ്യക്തമല്ല. ചോദനവും സപ്ളൈയും തമ്മിലുള്ള വിടവ് നികത്തുന്നതിനുവേണ്ടി പുതിയതും കൂടുതല്‍ മെച്ചപ്പെട്ടതുമായ വിദേശനിക്ഷേപത്തെ ആകര്‍ഷിക്കുകയാണ് അതിന്റെ ഉദ്ദേശമെങ്കില്‍, അതിനുവേണ്ടി തെരഞ്ഞെടുത്ത പ്രത്യേക ചട്ടക്കൂട്, ആ ഉദ്ദേശത്തെ അട്ടിമറിക്കാനാണ് സാധ്യത. ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്ന, വരാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണ് ഉദ്ദേശമെങ്കില്‍ വിദേശസ്ഥാപനങ്ങള്‍ക്ക് മാത്രമായി, ഒരു പ്രത്യേക നിയമംതന്നെ അത്യാവശ്യമാണ്. മറ്റെല്ലാ ഗവണ്‍മെന്റിതര കക്ഷികളെയും അതില്‍നിന്ന് ഒഴിവാക്കുകയും വേണം.
ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് ഇതാണ്; വിദേശ വിദ്യാഭ്യാസ ദാതാക്കള്‍ക്ക് പ്രവേശിക്കാന്‍ ആദ്യം ഒരു കവാടം തുറന്നിടുക. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, ആ അവസരത്തില്‍നിന്ന് മുതലെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നവിധത്തില്‍ കളിയുടെ നിയമങ്ങളെല്ലാം മാറ്റുക. രാജ്യത്തിനകത്തെ സ്വകാര്യ വിദ്യാഭ്യാസ ദാതാക്കളുടെ അവസരം വളരെ ചുരുങ്ങിപ്പോകും എന്ന ഭയം ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന് ഇതില്‍നിന്ന് വ്യക്തമാകുമല്ലോ.
*
സി പി ചന്ദ്രശേഖര്‍ കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
4 comments:
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും അധികം താമസിയാതെ അതുസംബന്ധിച്ച കരട് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും എന്നുമാണ് വാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ച ഇതിനകം തുടങ്ങിക്കഴിഞ്ഞു. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇക്കാര്യത്തില്‍ നിരവധി വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
സ്വാശ്റയ കോളേജുകള്‍ വന്നു കേരളത്തിലെ എന്‍ ജിനീയറിംഗ് കോളേജുകള്‍ പ്ളസ് റ്റു സ്കൂളുകളായി അധപതിച്ചത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ , എല്‍ ബീ എസ് പോലെ സെമി സറ്‍ക്കാറ്‍ സ്ഥാപനങ്ങള്‍ക്കു വിദേശ യൂണിവേറ്‍സിറ്റികളുമായി കൊളാബറേറ്റ് ചെയ്ത് പുതിയ നല്ല കോറ്‍സുകള്‍ തുടങ്ങാന്‍ സംസ്ഥാന ഗവണ്‍മണ്റ്റ് ശ്രധിക്കുകയാണു വേണ്ടത് അല്ലാതെ ഇതിനെതിരെ ബന്ദും പ്റഖ്യാപിച്ചു ഇവിടെ ഇതൊന്നും പറ്റില്ല എന്നു പറയുകയല്ല
ഐ പീ എല്‍ കേരളത്തിനു വേണ്ട എന്നു പറയാന്‍ കാരാട്ട് ആരു? അതു അഴിമതി ആയാലും തട്ടിപ്പായാലും വന്നാല്‍ നല്ല രണ്ടു സ്റ്റേഡിയം എങ്കിലും ഉണ്ടാകുമല്ലോ എന്നു വിചാരിക്കണം ഒരു ഐ പി എല്‍ മത്സരം കേരളത്തില്‍ നടന്നാല്‍ എത്റ ടൂറിസ്റ്റ് വരും എത്റ ആട്ടോ ടാക്സി കൂടുതല്‍ ഓടും എന്നൊക്കെ വിചാരിക്കണം അല്ലാതെ ഇവിടെ ഒന്നും വേണ്ട എന്നു അങ്ങു തീരുമാനിച്ചു ധാറ്‍ഷ്ട്യം കാണിക്കരുത് ഇക്കാര്യങ്ങളില്‍ പിണറായി കാരട്ടിനെ ക്കാളും വീ എസിനെക്ക്കാളും പ്റായോഗികമതി ആണു എം എ ബേബി നാലു കൊല്ലം കൊണ്ടു എന്തു പുരോഗതി പുതുമ ആണു വിദ്യാഭ്യാസത്തില്‍ കൊണ്ടു വന്നത് പീ ജേ ജോസഫിണ്റ്റെ അടുത്തു റ്റ്യൂഷന്‍ പഠിക്കണം ബേബി
രണ്ടു സ്റ്റേഡിയം ഉണ്ടായാല് തീരുന്ന പ്രശ്നങ്ങളെന്തൊക്കെയാണെന്നു മനസ്സിലായി
ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോവുക
Post a Comment