(സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍. പട്ടാളത്തിന്റെ വെടിയുണ്ട ഏറ്റുവാങ്ങി മരണംവരിച്ച ആര്‍ച്ച് ബിഷപ്പിനെ വിശുദ്ധനായി നാമകരണംചെയ്യാനുള്ള നടപടി അതോടെ പ്രഖ്യാപിക്കണമെന്ന ആവശ്യം അവര്‍ മാര്‍പ്പാപ്പയ്ക്കു മുന്നില്‍ ഉന്നയിച്ചിരിക്കുന്നു (വാര്‍ത്ത സത്യദീപം 2010 ഫെബ്രുവരി 13).
കമ്യൂണിസ്റ്റുകാരുടെ പള്ളീല്‍ പോക്കും പള്ളീല്‍ പോകുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെ മാധ്യമങ്ങള്‍ വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതിനിടയില്‍ ലാറ്റിനമേരിക്കന്‍ കത്തോലിക്കരുടെ ഈ ആവശ്യം കൌതുകകരമായ പഠനവിഷയമാണ്. എല്‍സാല്‍വദോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു ഒസ്കാര്‍ റൊമേരോ. വിമോചന ദൈവശാസ്ത്രാശയങ്ങളുടെ കരുത്തനായ പ്രയോക്താവ്. സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് ദല്ലാള്‍പണി ചെയ്ത പ്രാദേശിക ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനും. സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക മാത്രമല്ല, ദരിദ്രജനതയുടെ ഉന്നമനത്തിനായി ആര്‍ച്ച് ബിഷപ് പള്ളികളിലും പുറത്തും പ്രവര്‍ത്തിക്കുകയും ചെയ്തു. ഭരണകൂടത്തിനു ക്ഷമ നശിച്ചു. അവര്‍ പ്രതികരിച്ചു. 1980 മാര്‍ച്ച് 24ന് കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുമ്പില്‍ യാങ്കിപ്പട്ടാളം ആ മനുഷ്യനെ വെടിവച്ചുകൊന്നു. 20-ാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയുടെ ഒരേയൊരു രക്തസാക്ഷി! പൊതുവിലും എല്‍സാല്‍വദോറില്‍ പ്രത്യേകിച്ചും ജനകീയ വിജ്ഞാനത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ പര്യാപ്തമായ രാഷ്ട്രീയ കൊലപാതകമായിരുന്നു അത്. അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് സാല്‍വദോര്‍ മെത്രാന്മാരുടെ സംഘം ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് നേരത്തെ നിവേദനം സമര്‍പ്പിച്ചിരുന്നു. വിമോചന ദൈവശാസ്ത്രത്തിന്റെ എതിരാളിയായ മാര്‍പ്പാപ്പയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് അധികമാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, സാല്‍വദോറല്‍ സഭ ഐക്യകണ്ഠേന ഉന്നയിച്ച ആവശ്യത്തിനു മുന്നില്‍ വത്തിക്കാന് ഏറെക്കാലം പുറംതിരിഞ്ഞുനില്‍ക്കാന്‍ കഴിയുകയുമില്ല. റൊമേരോയുടെ രക്തസാക്ഷിതത്വത്തിന്റെ 30-ാം വാര്‍ഷികം വിപുലമായി ആചരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സാല്‍വദോറിലെ സഭ.
ബ്രസീലിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് സാല്‍വദോര്‍. അഥവാ ബാഹിയ. പോര്‍ച്ചുഗീസ് ആസ്ഥാനമെന്ന നിലയില്‍ 1549ല്‍ സ്ഥാപിച്ച പട്ടണത്തില്‍ 100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്. കടലിടുക്കിലെ പഞ്ചസാരവ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ഇവിടം കുറഞ്ഞകാലം ഡച്ചുകാരുടെ അധീനതയിലായിരുന്നു. പോര്‍ച്ചുഗീസുകാര്‍ തിരിച്ചുപിടിച്ചു. അതോടെ പ്രദേശം ആഫ്രിക്കന്‍ അടിമവ്യാപാരത്തിന്റെ പ്രമുഖ കേന്ദ്രമായി. അടിമത്തത്തിന്റെയും പീഡനങ്ങളുടെയും ഭാരംകൊണ്ടു വീര്‍പ്പുമുട്ടുന്ന ജനതയുടെ വിമോചനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച വൈദികരുടെ മുന്‍നിരയിലായിരുന്നു റൊമേരോയുടെ സ്ഥാനം. കൊളോണിയല്‍ ശക്തികള്‍, കീഴടക്കിയ നാടിനെ വരുതിക്കുനിര്‍ത്താന്‍ ബൈബിള്‍ ആയുധമായി ഉപയോഗിക്കുകയായിരുന്നല്ലോ. അതേ ആയുധം അവരുടെ കൈയില്‍നിന്നു പിടിച്ചുവാങ്ങി ഉപയോഗിക്കുകയെന്നതായിരുന്നല്ലോ ഒരര്‍ഥത്തില്‍ വിമോചന ദൈവശാസ്ത്രം. ആ പാതയിലായിരുന്നു റൊമേരോ മുന്നോട്ടുനീങ്ങിയത്.
1968ല്‍ കൊളംബിയയിലെ മെഡലീനില്‍ നടന്ന ലാറ്റിനമേരിക്കന്‍ ബിഷപ്പുമാരുടെ കൂടിച്ചേരലാണ് വത്തിക്കാന് സ്വീകാര്യമല്ലാത്ത വിമോചന ദൈവശാസ്ത്രസിദ്ധാന്തങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. പെറുവില്‍നിന്നുള്ള ഗുസ്താവോ ഗുട്ടിയെറേസ് രചിച്ച 'എ തിയോളജി ഓഫ് ലിബറേഷന്‍ ' (1971) എന്ന കൃതി വിമോചന ദൈവശാസ്ത്രത്തിന്റെ മൂലഗ്രന്ഥമായി അംഗീകാരം നേടി. സാമൂഹ്യവിശകലനത്തിനും അടിസ്ഥാനവര്‍ഗ വിമോചനത്തിനും മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്ന പല സാങ്കേതികമാര്‍ഗങ്ങളും ക്രിസ്ത്യാനികള്‍ക്കു ഫലപ്രദമായി ഉപയോഗിക്കാമെന്നും അത് തങ്ങളുടെ ബോധ്യങ്ങള്‍ക്ക് പ്രതിബന്ധമാകുന്നില്ലെന്നും ഗുട്ടിയാറീസ് സമര്‍ഥിച്ചു. പാര്‍ശ്വവല്‍കൃത ജനതയുടെ അവകാശബോധത്തെ തട്ടിയുണര്‍ത്തുക, മൂന്നാം ലോകത്തിന്റെ ചെലവില്‍ കൊഴുത്ത വ്യാവസായിക രാഷ്ട്രങ്ങളുടെ ചൂഷണത്തിനെതിരെ പ്രതിരോധനിര സൃഷ്ടിക്കുക ഇവയായിരുന്നു വിമോചന ദൈവശാസ്ത്രം ലക്ഷ്യമിട്ടത്.
കൊളംമ്പസ് അമേരിഗോ വെസ് പുഷി അടക്കമുള്ള പര്യവേഷകസംഘത്തിന്റെ പുതിയ ലോകം തെരഞ്ഞുള്ള യാത്രയോടെയാണ് ലാറ്റിനമേരിക്കയില്‍ കോളനിവാഴ്ചയ്ക്ക് തുടക്കംകുറിച്ചത്. ആദ്യംമുതലേ ഈ പ്രദേശങ്ങളധികവും സ്പെയിനിന്റെ കോളനികളായിരുന്നു. പിന്നാലെ പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍ ആദ്യ താവളം സ്ഥാപിച്ചു. ഒപ്പം കത്തോലിക്കാസഭയുടെ സുവിശേഷസംഘവും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നെത്തി. ഞങ്ങളുടെ ബൈബിള്‍ നിങ്ങള്‍ക്കും നിങ്ങളുടെ ഭൂമി ഞങ്ങള്‍ക്കും എന്ന പരിഹാസോക്തിയുടെ ആദ്യത്തെ പ്രയോഗമായിരുന്നു അത്. തദ്ദേശീയ ജനത കൂട്ടത്തോടെ അടിമകളാക്കപ്പെട്ടു.
തദ്ദേശീയ അടിമകളില്‍ ഏറിയ പങ്കും അങ്ങേ ലോകത്തേക്ക് യാത്രയാക്കപ്പെട്ടപ്പോള്‍ തോട്ടങ്ങളിലും ഖനികളിലും കപ്പലുകളിലും പണിയെടുക്കാന്‍ വന്‍തോതില്‍ അടിമകള്‍ ആവശ്യമായിവന്നു. അപ്പോള്‍ ആഫ്രിക്കയില്‍നിന്ന് ഇറക്കുമതിചെയ്തു. ജോസ്സിസാന്‍മാര്‍ട്ടിന്‍, സൈമണ്‍ ബൊളീവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമരം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലാറ്റിനമേരിക്കയില്‍ വീശിയടിച്ചതിന്റെ ഫലമായി സ്ഥാപിക്കപ്പെട്ട ഫെഡറല്‍ ഭരണസംവിധാനങ്ങള്‍ ക്രമേണ അരക്ഷിതാവസ്ഥയിലേക്കു പതിക്കുകയും സ്വേച്ഛാധികാരികള്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ആ സ്ഥിതിവിശേഷത്തിനെതിരായ ചെറുത്തുനില്‍പ്പും രാഷ്ട്രീയ പോരാട്ടവുമായിരുന്നു 20-ാം നൂറ്റാണ്ടിന്റെ ലാറ്റിനമേരിക്കന്‍ ചരിത്രം. ഈ ചരിത്രസാഹചര്യത്തില്‍ ആഗോള കത്തോലിക്കാസഭ എന്തു നിലപാടെടുക്കുന്നുവെന്ന് പൌലോ ഫ്രയറേപ്പോലുള്ളവര്‍ ചോദ്യമുയര്‍ത്തി. കൃത്യമായ നിലപാടെടുത്ത് മര്‍ദിത ജനതയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയ സമീപനമായിരുന്നു 1968ലെ ലാറ്റിനമേരിക്കന്‍ മെത്രാന്‍മാരുടെ മെഡ്ലിന്‍ പ്രഖ്യാപനം.
വിമോചന ദൈവശാസ്ത്രത്തിന്റെ പ്രകടനപത്രികയായി കണക്കാക്കുന്ന നയരേഖയെ പിന്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ വിശ്വാസികളും വൈദികരും രക്തസാക്ഷികളായിട്ടുണ്ട്. ഒരു മെത്രാന്‍ ബലിയര്‍പ്പണത്തില്‍ മുഴുകിയ വേളയില്‍ കൊല്ലപ്പെടുന്നത് ആദ്യമായിരുന്നു. റൊമേരോയുടെ കൊലപാതകത്തോടെ 'ബലിയര്‍പ്പകനും ബലിയും ബലിവസ്തുവും നീതന്നെ' യേശുവിന്റെ കുരിശുമരണത്തെ സ്മരിച്ച് ഉച്ചരിക്കുന്ന ക്രൈസ്തവ കുര്‍ബാനയുടെ മൂലമന്ത്രം അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിക്കപ്പെട്ടു. ടി എസ് എലിയട്ടിന്റെ 'മര്‍ഡറര്‍ ഇന്‍ ദി കത്തീഡ്രല്‍' എന്ന പ്രശസ്ത കാവ്യനാടകത്തില്‍ ആര്‍ച്ച് ബിഷപ് തോമസ് ബക്കറ്റ് എന്ന നായകകഥാപാത്രം രാജാവിന്റെ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്നത് ഈ രീതിയിലായിരുന്നു. അതില്‍ ചരിത്രാംശത്തേക്കാള്‍ എലിയടിന്റെ ഭാവനാംശമാണ് ഏറെ. വിമോചന ദൈവശാസ്ത്രം ഭ്രൂണാവസ്ഥയില്‍പ്പോലും രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് എലിയട്ട് തോമസ് ബക്കറ്റ് എന്ന ആര്‍ച്ച് ബിഷപ്പിനെ ചരിത്രത്തിന്റെ വളരെ പഴയ ഏടുകളില്‍നിന്ന് തപ്പിയെടുത്തുകൊണ്ടുവന്ന് നാടകശില്‍പ്പത്തില്‍ സന്നിവേശിപ്പിച്ചത്. എലിയട്ടിന്റെ ഈ കഥാപാത്രത്തെ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചുവെന്നതും ഓര്‍ക്കാം.
*
കെ സി വര്‍ഗീസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Subscribe to:
Post Comments (Atom)
2 comments:
(സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍. പട്ടാളത്തിന്റെ വെടിയുണ്ട ഏറ്റുവാങ്ങി മരണംവരിച്ച ആര്‍ച്ച് ബിഷപ്പിനെ വിശുദ്ധനായി നാമകരണംചെയ്യാനുള്ള നടപടി അതോടെ പ്രഖ്യാപിക്കണമെന്ന ആവശ്യം അവര്‍ മാര്‍പ്പാപ്പയ്ക്കു മുന്നില്‍ ഉന്നയിച്ചിരിക്കുന്നു (വാര്‍ത്ത സത്യദീപം 2010 ഫെബ്രുവരി 13).
കമ്യൂണിസ്റ്റുകാരുടെ പള്ളീല്‍ പോക്കും പള്ളീല്‍ പോകുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെ മാധ്യമങ്ങള്‍ വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതിനിടയില്‍ ലാറ്റിനമേരിക്കന്‍ കത്തോലിക്കരുടെ ഈ ആവശ്യം കൌതുകകരമായ പഠനവിഷയമാണ്.
ഒരു നുള്ള് ദേശാഭിമാനി വിവരക്കേട് അഥവാ കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം
Post a Comment