Friday, April 2, 2010

കൃഷ്ണയ്യരുടെ കോടതിയില്‍ ഇപ്പോള്‍ മനു

ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ഒരു ദേശീയ കൂടിയാലോചനാ യോഗത്തില്‍ വെച്ചാണ് നമ്മുടെ ചീഫ് ജസ്റ്റിസ് സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ബലാത്സംഗത്തിനു വിധേയരാവുന്നവര്‍ക്ക് നീതിയും സമാശ്വാസവും പുനരധിവാസവും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഒരു ഉന്നതതല യോഗമായിരുന്നു അത്.

റെയ്പ് കേസില്‍ പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ എന്തായിരിക്കണം? കടലാസില്‍ പലതുമുണ്ടെങ്കിലും അതിലും വലുതൊന്ന് എന്ന നിലയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ശിക്ഷ എന്തെന്നോ? അതിക്രമം കാണിച്ചവനെക്കൊണ്ട് ഇരയാക്കപ്പെട്ടവളെ കെട്ടിച്ച് വിടുക. “ബലാത്സംഗവിധേയയായ സ്‌ത്രീയുടെ വ്യക്തിപരമായ സ്വയം നിര്‍ണയാവകാശത്തിന് വേണ്ട പരിഗണന നല്‍കണ”മെന്ന സംസ്‌കൃതമാണ് ന്യായമായവതരിപ്പിച്ചത്.

ഇക്കാര്യത്തില്‍ പ്രത്യക്ഷമായ തന്തക്കോയ്‌മയുടെ നിലപാടെടുക്കരുത് എന്നാണത്രെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. അക്കാര്യത്തില്‍ ഇരയാക്കപ്പെടുന്ന സ്‌ത്രീക്കുള്ള വ്യക്തിപരമായ അഭിപ്രായത്തിനായിരിക്കണം മുന്‍‌തൂക്കം. അതിക്രമം കാട്ടിയവനെ വിവാഹം കഴിക്കുവാനോ, അതിക്രമഭ്രൂണത്തെ വളരാനനുവദിച്ച് അമ്മയാവാനോ ഉള്ള സ്വാതന്ത്ര്യം നിഹനിക്കപ്പെടരുതത്രെ!

" Due regard must be given to their personal autonomy, since in some cases the victim may choose to marry the perpetrator or choose to give birth to a child conceived through forced intercourse"

ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇങ്ങനെയാണെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബലാത്സംഗമധ്യേ ആക്രമിയോട് അനുരാഗബദ്ധയായി മാറിയേക്കാവുന്ന അത്യപൂര്‍വ മാനസിക നിലയെയാണ് പരമോന്നത നീതിപീഠത്തിലിരുന്ന് സാമാന്യവല്‍ക്കരിക്കുന്നത്. സ്‌ത്രീപക്ഷത്തു ചേര്‍ന്നു നിന്നുള്ള നിരീക്ഷണമെന്ന വ്യാജേന എത്ര നഗ്നമായാണ് കടുത്ത പുരുഷാധിപത്യബോധം മറനീക്കി കടന്നു കയറുന്നത്!

തന്തക്കോയ്മയെ തള്ളിക്കളയുവാന്‍ പരോക്ഷമായി ആഹ്വാനം ചെയ്യുന്ന ഇതേ ചീഫ് ജസ്റ്റിസിന്റെ സുപ്രീംകോടതിയിലെ സഹ ന്യായാധിപന്മാര്‍ പുറപ്പെടുവിച്ച ഒരു വിധിക്കെതിരെ 25 വയസ്സുകാരിയായ സുഷമാ തിവാരി നടത്തിക്കൊണ്ടിരിക്കുന്ന ഒറ്റയാള്‍ പോരാട്ടത്തെക്കുറിച്ചും ഇതേ ദിവസം പുറത്തിറങ്ങിയ ഹിന്ദുവില്‍ ഒരു വാര്‍ത്തയുണ്ട്.

കീഴ്‌ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വിധവയാക്കപ്പെട്ട സുഷമാ തിവാരി ആവശ്യപ്പെടുന്നത് തന്റെ സഹോദരന് നൽകിയ വധശിക്ഷ ലഘൂകരിച്ച കോടതിയുത്തരവ് റദ്ദാക്കണമെന്നാണ്. സുഷമയെ വിവാഹം കഴിച്ച കീഴ്‌ജാതിക്കാരനായ കേരളീയനെയും അയാളുടെ അച്ഛനെയും അവരുടെ ബന്ധുക്കളായ രണ്ടു കുട്ടികളെയും കൊന്നു തള്ളിയ സഹോദരന്റെ ചെയ്തിയെ ന്യായീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ പരാമർശം ആലോചനാമധുരമാണ്.

മഹാരാഷ്‌ട്രയിലെ അതിവേഗ കോടതിയും പിന്നീട് മുബൈ ഹൈക്കോടതിയും സുഷമയുടെ സഹോദരന് വധ ശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറിൽ അപ്പീൽക്കേസിൽ തീർപ്പു കൽ‌പ്പിച്ചുകൊണ്ട് സുപ്രീം കോടതി വധ ശിക്ഷ തടവാക്കി മാറ്റി. അതിനു പറഞ്ഞ ന്യായമാണു രസകരം. ഇളയ പെങ്ങൾ അസാധാരണമായ തരത്തിലുള്ള തെറ്റുകൾ ചെയ്താൽ- ഇക്കാര്യത്തിൽ ഗൂഢാനുരാഗത്തെത്തുടർന്നുള്ള വിജാതീയമായ വിവാഹമാണത് - അത്തരം തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ സമൂഹം അതിനു കുറ്റക്കാരനായി കണ്ടെത്തുക മൂത്ത സഹോദരനെയാണ്. തെറ്റാണെങ്കിലും അകൃത്രിമമായ ജാതിപരിഗണനകൾക്ക് അയാൾ ഇരയാകുന്നുവെങ്കിൽ, അത് വധശിക്ഷയ്ക്കുള്ള ന്യായീകരണമാവുന്നില്ല. ഭാഷാന്തരപ്പെടുത്തുമ്പോൾ സാരം ചോർന്നുപോവാതിരിക്കാനായി പത്രവാർത്തയിൽ വന്ന വിധി ന്യായത്തിന്റെ ഭാഗം അതേപടി താഴെ:

It is a common experience that when the younger sister commits something unusual - and in this case, an inter-caste, inter=community marriage out of secret love affair - then in society, it is the elder brother who justifiably or otherwise is held responsible for not stopping such an affair.

“If he became a victim of his wrong but genuine caste considerations, it cannot justify death sentence..."

Secret love affair , wrong but genuine caste considerations തുടങ്ങിയ ആലോചനാമൃത പദങ്ങളുടെ സമൃദ്ധിയിൽ ഒളിഞ്ഞിരിക്കുന്നത് ചത്തു മണ്ണടിഞ്ഞു പോയ മനുവിന്റെ വിഷപ്പത്തിയാണ്. ലോക വനിതാദിനത്തിൽത്തന്നെ ഇതിങ്ങനെ മറനീക്കി പുറത്തിറങ്ങിയത് നന്നായി. വി ആർ കൃഷ്ണയ്യരും ജസ്റ്റീസ് ഭഗവതിയും ചിന്നപ്പറെഡ്ഡിയുമൊക്കെ ഇരുന്ന കസേരകളിൽ, പെരുമാറിയ കോടതികളിൽ, മനുവിന്റെ പുതിയ അവതാരങ്ങൾ, ഞെളിഞ്ഞിരിക്കുകയും ആർത്തട്ടഹസിക്കുകയും ചെയ്യുന്ന കാണുമ്പോൾ ഹാ കഷ്‌ടം !

****

എ.കെ.രമേശ്, കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം

7 comments:

വര്‍ക്കേഴ്സ് ഫോറം said...

വി ആർ കൃഷ്ണയ്യരും ജസ്റ്റീസ് ഭഗവതിയും ചിന്നപ്പറെഡ്ഡിയുമൊക്കെ ഇരുന്ന കസേരകളിൽ, പെരുമാറിയ കോടതികളിൽ, മനുവിന്റെ പുതിയ അവതാരങ്ങൾ, ഞെളിഞ്ഞിരിക്കുകയും ആർത്തട്ടഹസിക്കുകയും ചെയ്യുന്ന കാണുമ്പോൾ ഹാ കഷ്‌ടം !

Rajeeve Chelanat said...

“സ്‌ത്രീപക്ഷത്തു ചേര്‍ന്നു നിന്നുള്ള നിരീക്ഷണമെന്ന വ്യാജേന എത്ര നഗ്നമായാണ് കടുത്ത പുരുഷാധിപത്യബോധം മറനീക്കി കടന്നു കയറുന്നത്!“

നൂറു ശതമാനവും യോജിക്കുന്നു. അഭിവാദ്യങ്ങളോടെ

dethan said...

ദളിതന്‍ മനുവിനെ വായിച്ച് ബ്രാഹ്മണനാകാനുള്ള ശ്രമമായിരിക്കും!സ്വത്ത് വിവരം വെളിപ്പെടുത്തണ
മെന്ന ആവശ്യം ഉയര്‍ന്നപ്പോഴും വിവരാകാശ നിയമത്തിന് അതീതമല്ല ചീഫ് ജസ്റ്റിസിന്റെ ഓഫീസെന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചപ്പോഴും പരമോന്നത നീതിമാന്റെ
തനിനിറം നമ്മള്‍ കണ്ടതല്ലേ?
-ദത്തന്‍

ബിനോയ്//HariNav said...

"..സമൃദ്ധിയിൽ ഒളിഞ്ഞിരിക്കുന്നത് ചത്തു മണ്ണടിഞ്ഞു പോയ മനുവിന്റെ വിഷപ്പത്തിയാണ്.."

തലയില്‍ മണ്ണെണ്ണയൊഴിച്ച് ചത്ത പാമ്പിനെ ഉയിര്‍പ്പിക്കുന്ന ഏര്‍പ്പാടിനേക്കുറിച്ച് കേട്ടിട്ടുണ്ട്. കൊട്ടും കലാശവുമായി പരമോന്നത നീതിപീഠത്തിലെത്തിയ ദലിതന്‍ ഹിന്ദുത്വവാദികളുടെ കൈയ്യിലെ മണ്ണെണ്ണയായി മാറുന്നത് കാണുമ്പോള്‍.. കഷ്ടം :(

laloo said...

വിധേയനായതു
കൊണ്ടല്ലേ
ആ ഗുരുവായൂർ ഭക്തൻ കൈ പിടിച്ചുയർത്തിയത്

Anonymous said...

agrees with dethan's comment.

Mohamed Salahudheen said...

കലികാലം