നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ച് അജിതയടക്കമുള്ള നേതാക്കളുടെ ഓര്‍മകളെ വാണിജ്യതാല്‍പര്യത്തിനുപയോഗിക്കുന്ന മലയാള മനോരമയുടെ ചുവടുമാറ്റത്തെ രക്തസാക്ഷി വര്‍ഗീസിന്റെ കുടുംബം നിസ്സംഗതയോടെയാണ് കാണുന്നത്. നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് ഇതേ പത്രം നക്സല്‍ നേതാക്കളെക്കുറിച്ച് എഴുതിയ കാര്യങ്ങള്‍ വര്‍ഗീസിന്റെ ഇളയസഹോദരന്‍ അരീക്കല്‍ തോമസിന്റെ മനസ്സില്‍ കല്ലില്‍ കൊത്തിയപോലെ കിടപ്പുണ്ട്. മനോരമയുടെ ടീം പൊലീസിനൊപ്പം ക്യാമ്പ് ചെയ്താണ് അന്നത്തെ നക്സല്‍ വേട്ടയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ജ്യേഷ്ഠന്റെ ധീരതയെയും സാഹസികതയെയും രക്തസാക്ഷിത്വത്തെയും ആരാധനയോടെയും അഭിമാനത്തോടെയും കാണുന്ന അരീക്കല്‍ തോമസ് വെള്ളമുണ്ടയിലെ വീട്ടില്‍വച്ച് പഴയ കാലത്തെക്കുറിച്ച് സംസാരിക്കുന്നു:
വര്‍ഗീസിന്റെയും അജിതയുടെയുമൊക്കെ പ്രവര്‍ത്തനങ്ങളോട് മലയാള മനോരമയടക്കമുള്ള പത്രങ്ങളുടെ സമീപനം എന്തായിരുന്നു?
ഏറ്റവും മോശമായി എഴുതിയത് മനോരമയാണ്. ഇപ്പോള്‍ അജിതയുടെ ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്ന മനോരമ അന്ന് എന്തൊക്കെയാണ് എഴുതിയത്. ഭീകരന്‍, കൊലയാളി, കൊള്ളക്കാരന്‍ എന്നുവേണ്ട പറയാന്‍ പാടില്ലാത്തതൊക്കെ എഴുതി. ദേശാഭിമാനിയോ കേരളശബ്ദമോ കൌമുദിയോ ഒന്നും അങ്ങനെ എഴുതിയിട്ടില്ല. അജിതയെക്കുറിച്ചും എന്തൊക്കെയോ എഴുതി. അജിതയും വര്‍ഗീസും പ്രേമത്തിലായിരുന്നു എന്നുവരെ. തോന്ന്യാസങ്ങള്‍ മാത്രമാണ് എഴുതിയത്. കോഴിക്കോട് നിന്നെത്തിയ മനോരമ യൂണിറ്റ് മാനന്തവാടിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ലേഖകന്മാരും ഫോട്ടോഗ്രാഫര്‍മാരുമൊക്കെയുണ്ടായിരുന്നു. മറ്റ് പത്രങ്ങളുടെ ലേഖകര്‍ ഉണ്ടായിട്ടും മനോരമയ്ക്കായിരുന്നു പൊലീസ് സൌകര്യം ചെയ്തു കൊടുത്തത്. അവര്‍ പൊലീസിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ മനോരമ അജിതയുടെ കാര്യങ്ങള്‍ നല്ല രൂപത്തിലെഴുതുമ്പോള്‍ രസം തോന്നുന്നുണ്ട്.
വര്‍ഗീസിനെ അവസാനം കാണുന്നത് എന്നാണ്?
1970 ഫെബ്രുവരി 17ന് ഒളിവില്‍ താമസിക്കുന്നതിനിടെ ഇവിടെ വീട്ടില്‍വന്നു. അയല്‍വീടുകളിലെല്ലാം പോയി. അര്‍ധരാത്രി 12ന് മടങ്ങുമ്പോള്‍ ഇനി കണ്ടാല്‍ കണ്ടു എന്ന് പറഞ്ഞാണ് പോയത്. മരിക്കുമ്പോള്‍ ചേട്ടന് 32വയസ്സ്. എനിക്കന്ന് 24-25 വയസ്സും. ഫെബ്രുവരി 19ന് രാവിലെ പൊലീസ് ആളെ വിട്ടാണ് വര്‍ഗീസ് മരിച്ച വിവരം അറിയിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത് എന്നാണ് പറഞ്ഞത്. വര്‍ഗീസാണോ എന്ന സംശയം തീര്‍ക്കാന്‍ അഛന്റെ മരുമകനായ ജോസഫ് വൈദ്യരെ പൊലീസ് കണ്ടു. രണ്ട് ജ്യേഷ്ഠന്മാര്‍ തിരുനെല്ലിയില്‍ പോയാണ് ജഡം തിരിച്ചറിഞ്ഞത്. മുഖമൊക്കെ വികൃതമായ രീതിയിലായിരുന്നത്. മുഖത്ത് ഉറുമ്പുകള്‍ ശല്യം ചെയ്തതിന്റെ പാടുകളുണ്ടായിരുന്നു. ഞാന്‍ മാനന്തവാടിയില്‍ പോയി. രാത്രി എട്ടുമണിക്ക് ജഡം വിട്ടുകിട്ടി. സിപിഐ എം നേതാവ് കുഞ്ഞികൃഷ്ണന്‍ മാഷും നാരായണന്‍ വക്കീലുമൊക്കെ ഇടപെട്ടാണ് ജഡം കിട്ടിയത്. പാര്‍ടിക്കാരും ബന്ധുക്കളും കലാപം നടത്തുമോ എന്ന് ഭയമുള്ള ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ്കോയ പൊലീസ് ബന്തവസ്സില്‍ സംസ്കരിക്കണമെന്നായിരുന്നു ആദ്യം നിര്‍ദേശിച്ചത്. ശവം വിട്ടുകിട്ടിയേ തീരൂ എന്ന് ശഠിച്ചപ്പോഴാണ് ശവം വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചത്. വീട്ടുവളപ്പില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയെടുത്ത് സംസ്കരിക്കാമെന്ന് തീരുമാനമായി. അദ്ദേഹം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ 72 വയസ്സുണ്ടാവുമായിരുന്നു. അദ്ദേഹത്തിന്റെ ജനനവും മരണവും തമ്മില്‍ ഒറ്റദിവസത്തെ വ്യത്യാസമേയുള്ളൂ.
വര്‍ഗീസിന്റെ മൃതദേഹം സംസ്കരിക്കാന്‍ അന്ന് പള്ളിയെ സമീപിച്ചിരുന്നില്ലേ?
തീര്‍ച്ചയായും. അച്ഛന്‍ വലിയ ദൈവവിശ്വാസിയായിരുന്നല്ലോ. കണിയാരത്തെ ഫൊറോനാ പള്ളിയിലാണ് സംസ്കരിക്കേണ്ടിയിരുന്നത്. അവിടെ ബന്ധപ്പെട്ടപ്പോള്‍ അന്നത്തെ വൈദികന്‍ കിഴക്കേച്ചാലി പറഞ്ഞു, തലശേരി രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുമായി ബന്ധപ്പെടണമെന്ന്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്, സമുദായത്തില്‍നിന്ന് വിട്ടുപോയവനാണ്. കമ്യൂണിസ്റ്റുകാരന്‍ മാത്രമല്ല, നക്സലാണ്..തുടങ്ങി നീചമായ രീതിയിലാണ് സംസാരിച്ചത്. വേണമെങ്കില്‍ പള്ളിയിലെ തെമ്മാടിക്കുഴിയില്‍ അടക്കിക്കോ എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അഛന്‍ പറഞ്ഞു, അങ്ങനെ വേണ്ട, എനിക്കെന്റെ മണ്ണുണ്ട് എന്ന്. അവിടെ അടക്കിയാല്‍ എനിക്കവനെ എന്നും കണ്ടോണ്ടിരിക്കാം. സംസ്കാരത്തിന് ബറ്റാലിയന്‍ കണക്കിന് പൊലീസുണ്ടായിരുന്നു. വീട്ടിലും ആയിരങ്ങള്‍ ഇരമ്പിയെത്തി. മുദ്രാവാക്യം വിളിയും. ജനങ്ങളെക്കാളേറെ പൊലീസും ഉണ്ടായിരുന്നു. പൊതുദര്‍ശനം പാടില്ലെന്ന് പൊലീസ് വാശിപിടിച്ചപ്പോഴും ജനങ്ങള്‍ എതിര്‍ത്തു. അവസാനം അല്‍പ്പസമയം പൊതുദര്‍ശനം വച്ചശേഷമാണ് സംസ്കരിച്ചത്. മൃതദേഹം എവിടേക്കെങ്കിലും കൊണ്ടുപോകുമോ എന്ന സംശയത്തില്‍ മൂന്നുമാസം വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസുകാര്‍ ഇവിടെ കാവല്‍ നിന്നിരുന്നു. മരിച്ചിട്ടും പൊലീസിന് വര്‍ഗീസിനെ ഭയമായിരുന്നു.
വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാമായിരുന്നോ?
ആറാംതരം വരെ വെള്ളമുണ്ട യു പി സ്കൂളിലായിരുന്നു. ഹൈസ്കൂള്‍ പഠനം മാനന്തവാടിയിലായിരുന്നു. അന്ന് ഏട്ടന് ഒരു വയറുവേദനയുണ്ടായിരുന്നു. വര്‍ക്കിച്ചന്റെ രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് ജോസഫ് വൈദ്യന്‍ മാനന്തവാടിക്കു കൊണ്ടുപോയി. വൈദ്യശാലയില്‍ താമസിച്ച് സ്കൂളില്‍ പൊയ്ക്കോട്ടെ എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പത്താംക്ളാസ് കഴിഞ്ഞപ്പോള്‍ പിന്നെ തലശ്ശേരി ബ്രണ്ണന്‍കോളേജ് മാത്രമേയുള്ളൂ. അപ്പോള്‍ ഇഎംഎസ്സും എകെജിയും അച്ഛനുമായി ബന്ധപ്പെട്ടു. അവനെ ഞങ്ങള്‍ക്കു വിട്ടുതരാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും രാഷ്ട്രീയം മൂര്‍ഛിച്ചിരുന്നു. അങ്ങനെ പാര്‍ടി കൊണ്ടുപോയി. ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട് ഹാന്റും പഠിക്കുകയും കണ്ണൂരില്‍ പാര്‍ടി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
അതിനിടെ അപ്പന്റിസൈറ്റിസ് ശല്യം കൂടി. ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിച്ചു. മൂന്നുമാസം വിശ്രമത്തിന് വീട്ടില്‍ ചെല്ലാനും ആവശ്യപ്പെട്ടു. അക്കാലത്താണ് 1967ലെ തെരഞ്ഞെടുപ്പ്. കെ കെ അണ്ണനാണ് അന്ന് സ്ഥാനാര്‍ഥി. അണ്ണന്‍ ജയിച്ചത് വര്‍ഗീസിന്റെ പ്രവര്‍ത്തനഫലമായിരുന്നു. അവിടം മുതലാണ് ഏട്ടന്റെ വഴിമാറുന്നത്. 1968ലാണ് പാര്‍ടിയുമായി തെറ്റിപ്പിരിയുന്നത്. പിന്നീട് കുന്നിക്കല്‍ നാരായണനുമായി ബന്ധം പുലര്‍ത്തി. ഇടതുപക്ഷ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് വഴിമാറി. രണ്ടുമൂന്നു മാസം പാലക്കാട്, ഒറ്റപ്പാലം പ്രദേശത്തായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. വയനാട്ടില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ നിയോഗിതനായ ശേഷം വീണ്ടും ഇവിടെയെത്തി. തലശ്ശേരി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനുകള്‍ ഒരേ ആക്രമിക്കാനായിരുന്നു ആദ്യ പദ്ധതി. ആയുധത്തിനു വേണ്ടിയാണ്.
തലശേരി ആക്ഷന്‍ പരാജയപ്പെട്ടു. അവിടെ നാനൂറ് പേരും പുല്‍പ്പള്ളിയില്‍ 200പേരും സംഘടിക്കാനായിരുന്നു എന്നാണ് പറഞ്ഞത്. തലശേരിയില്‍ 200 പേരെയേ സംഘടിപ്പിക്കാനായുള്ളൂ. പുല്‍പ്പള്ളിയില്‍ എത്തിയത് 60 പേരും. കന്നുകാലികള്‍ വിരണ്ടോടിയപ്പോള്‍ പാറാവ് നിന്ന പൊലീസുകാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തലശേരി ആക്ഷന്‍ പരാജയപ്പെട്ടത് റേഡിയോയില്‍ നിന്നറിഞ്ഞതോടെ നക്സലൈറ്റുകള്‍ നിരാശരായി. തലശേരിയില്‍നിന്ന് വനം വഴി എത്തുന്നവരെക്കൊണ്ട് പുല്‍പ്പള്ളിയിലെത്തിയ ശേഷം ആക്രമണം നടത്താനുള്ള പദ്ധതിയും പരാജയപ്പെട്ടു. ആയുധങ്ങള്‍ കിട്ടിയതുമില്ല. അതിനിടെയാണ് കിസാന്‍ തൊമ്മന്റെ മരണം. അങ്ങനെ വനത്തിലേക്ക് പിന്മാറുകയായിരുന്നു. അതിനിടെ ചെട്ടിമാരുടെ വീട്ടില്‍ കൈയേറി നെല്ലും അരിയും പണവുമൊക്കെ ആദിവാസികള്‍ക്കുകൊടുത്തു. പൊലീസും സിആര്‍പിയും ക്യാമ്പടിച്ച് നക്സല്‍ വേട്ട ശക്തമാക്കിയതോടെ തുടര്‍പദ്ധതികള്‍ എല്ലാം പൊളിഞ്ഞു.
വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ലെന്ന് അന്നേ സംശയം തോന്നിയിരുന്നോ?
കൂമ്പാരക്കുനി പ്രദേശം അറിയാവുന്നവര്‍ക്കൊക്കെ അറിയാം ഒരു ഏറ്റുമുട്ടലിന് പറ്റിയ സ്ഥലമല്ലെന്ന്. പാറ മാത്രമുള്ള തുറന്ന ഒരു സ്ഥലമാണത്. ഒളിത്താവളത്തിന് ഒരു സാധ്യതയുമില്ല. പൊലീസുമായി ഏറ്റുമുട്ടലിലല്ല കൊലപ്പെടുത്തിയത് എന്ന് അന്നേ ഉറപ്പായിരുന്നു. കൊന്നശേഷം കൈയില്‍ ഒരു നാടന്‍ തോക്കും പിടിപ്പിച്ചിരുന്നു. ഏറ്റുമുട്ടലില്ല വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും പൊലീസ് മര്‍ദിച്ച് ശേഷം വെടിവെച്ചു കൊന്നതാണെന്നുമുള്ള ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ ഔദ്യോഗികമായി ആവര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
പ്രതിപക്ഷ നേതാവായ ഇ എം എസ് അന്ന് വയനാട്ടില്‍ വന്ന് വര്‍ഗീസ്വധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ പി ആര്‍ ഗോപാലനും വയനാട്ടില്‍ വന്നിരുന്നു.
*
അരീക്കല്‍ തോമസുമായി എന്‍.എസ്.സജിത് നടത്തിയ അഭിമുഖം
കടപ്പാട് : ദേശാഭിമാനി വാരിക
ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍
ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..
മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്
Subscribe to:
Post Comments (Atom)
1 comment:
നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ച് അജിതയടക്കമുള്ള നേതാക്കളുടെ ഓര്‍മകളെ വാണിജ്യതാല്‍പര്യത്തിനുപയോഗിക്കുന്ന മലയാള മനോരമയുടെ ചുവടുമാറ്റത്തെ രക്തസാക്ഷി വര്‍ഗീസിന്റെ കുടുംബം നിസ്സംഗതയോടെയാണ് കാണുന്നത്. നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് ഇതേ പത്രം നക്സല്‍ നേതാക്കളെക്കുറിച്ച് എഴുതിയ കാര്യങ്ങള്‍ വര്‍ഗീസിന്റെ ഇളയസഹോദരന്‍ അരീക്കല്‍ തോമസിന്റെ മനസ്സില്‍ കല്ലില്‍ കൊത്തിയപോലെ കിടപ്പുണ്ട്. മനോരമയുടെ ടീം പൊലീസിനൊപ്പം ക്യാമ്പ് ചെയ്താണ് അന്നത്തെ നക്സല്‍ വേട്ടയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ജ്യേഷ്ഠന്റെ ധീരതയെയും സാഹസികതയെയും രക്തസാക്ഷിത്വത്തെയും ആരാധനയോടെയും അഭിമാനത്തോടെയും കാണുന്ന അരീക്കല്‍ തോമസ് വെള്ളമുണ്ടയിലെ വീട്ടില്‍വച്ച് പഴയ കാലത്തെക്കുറിച്ച് സംസാരിക്കുന്നു:
Post a Comment