Tuesday, April 27, 2010

ഭക്ഷ്യസുരക്ഷയുടെ പേരില്‍ കോമാളിത്തം

ഭക്ഷ്യസുരക്ഷാബില്ലിന്റെ കരട് രൂപം കേന്ദ്രമന്ത്രിസഭ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര മന്ത്രിതലസമിതിക്ക് തിരിച്ചയച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് അറിയുന്നു. കരട് ബില്ലിനെതിരെ ഇടതുപക്ഷ പാര്‍ടികളും ഈ മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരും ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് ഈ നടപടി.

സബ്‌സിഡികളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വെട്ടിക്കുറയ്ക്കുന്ന സാമ്പത്തികനയം നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ എങ്ങനെയാണ് സാമൂഹ്യമായ ഒരു ആവശ്യം അവഗണിക്കപ്പെടുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ ബില്‍. ഇന്നത്തെ രൂപത്തില്‍ ബില്‍ നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ ചെലവില്‍ കുറഞ്ഞത് 4000 കോടി രൂപയെങ്കിലും ലാഭിക്കാം. ഭക്ഷ്യസുരക്ഷയിലേക്കല്ല, അരക്ഷിതത്വത്തിലേക്കാണ് ബില്‍ നയിക്കുക, ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്‍ പുതുതായി ഒന്നും നല്‍കുന്നുമില്ല. ബില്ലിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: " രാഷ്‌ട്രനിര്‍മാണത്തില്‍ ക്രിയാത്മക സംഭാവന നല്‍കാനായി ഇന്ത്യയിലെ എല്ലാ പൌരന്മാരുടെയും(ശ്രദ്ധിച്ചാലും) ജീവിതം സജീവവും ആരോഗ്യപരവുമായി മാറ്റാനുള്ള നിയമപരമായ സംവിധാനം ഒരുക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം''. എന്നാല്‍, ബില്ലിന്റെ ഉള്ളടക്കം ആമുഖത്തിലെ ഈ പരാമര്‍ശത്തിനും ഉപവകുപ്പ് 3.1 നും നിരക്കുന്നതല്ല. ആസൂത്രണ കമീഷന്റെ നിഗൂഢമായ ദാരിദ്ര്യരേഖ കണക്കെടുപ്പില്‍ പുറത്തായവരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കുന്ന നിയമമാണിത്.

ഇന്ത്യയില്‍ 1996 വരെ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നിലനിന്നിരുന്നു, നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെയാണ് ഇതിന്റെ കടയ്‌ക്കല്‍ കത്തിവച്ചത്. ആസൂത്രണ കമീഷന്റെ ദാരിദ്ര്യനിര്‍ണയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ക്വോട്ടകളുമായി ബന്ധപ്പെടുത്തിയുള്ള ബിപിഎല്‍-എപിഎല്‍ കാര്‍ഡ് വിഭജനത്തിന്റെ കുഴപ്പങ്ങള്‍ നേരത്തെ പലതവണ ചൂണ്ടിക്കാട്ടിയതാണ്. എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറച്ച് കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസബ്‌സിഡി നിഷേധിച്ചത് നാം കണ്ടു.

ദേശീയതലത്തില്‍, എപിഎല്‍ കുടുംബങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന വിഹിതത്തിന്റെ 20-25 ശതമാനം മാത്രമാണ് ഇപ്പോള്‍ കിട്ടുന്നത്. കേരളംപോലുള്ള സംസ്ഥാനങ്ങളിലാകട്ടെ, 90 ശതമാനം വരെ കുറവ് വന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പൊതുവിതരണസംവിധാനം നിലനിര്‍ത്തണമെന്ന് ബില്ലിന്റെ ഉപവകുപ്പ് 4.1ല്‍ പറയുന്നു. ഉപവകുപ്പ് 4.2 ല്‍ പറയുന്നത്: "ആസൂത്രണ കമീഷന്‍ ഒടുവില്‍ പുറത്തുവിട്ട ദാരിദ്ര്യരേഖ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം ഓരോ സംസ്ഥാനത്തെയും ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം നിര്‍ണയിക്കണം' എന്നാണ്. ഇപ്പോള്‍, എപിഎല്‍ കുടുംബങ്ങളായി പരിഗണിച്ചുവരുന്നവര്‍ക്കും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ സബ്‌സിഡി നിരക്കില്‍ ഇവ നല്‍കുന്നുണ്ട്. എന്നാല്‍, കേന്ദ്രവിഹിതത്തിൽ നിന്നുള്ള ഭക്ഷ്യധാന്യം ഏതെങ്കിലും സംസ്ഥാനം എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനെ നിര്‍ദിഷ്ടനിയമം വിലക്കുന്നു.

ഉപവകുപ്പ് 4.3 പറയുന്നു: "ആസൂത്രണ കമീഷന്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തിയ കുടുംബങ്ങള്‍ക്കു പുറമെ, ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ അധികം കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇവയെ പ്രത്യേകം വേര്‍തിരിക്കുകയും സ്വന്തം ബജറ്റില്‍ ഇതിനായി വിഭവങ്ങള്‍ നീക്കിവയ്ക്കുകയും ചെയ്യണം''. എപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനെ പുതിയ നിയമം നിരോധിക്കും.

ഉപവകുപ്പ് 6.2 പറയുന്നു:" എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ച് വിഹിതം നീക്കിവയ്ക്കാം, എന്നാല്‍,സംഭരണവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇത് നല്‍കരുത്''. അതിനാല്‍, ബില്‍ ഇന്നത്തെ രീതിയില്‍ പാസാക്കിയാല്‍ എപിഎല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസബ്‌സിഡി നല്‍കുന്നത് നിയമവിരുദ്ധമാകും. ഈ പിന്തിരിപ്പന്‍ നിയമം എപിഎല്‍ കുടുംബങ്ങളെ( ഇപ്പോഴത്തെ നിര്‍വചനപ്രകാരം പ്രതിദിനം 11 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവർ ‍) പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കുകമാത്രമല്ല ചെയ്യുന്നത്, രാജ്യത്തെ ദരിദ്രരുടെ എണ്ണം നിര്‍ണയിക്കാനുള്ള കുത്തകാവകാശം ആസൂത്രണ കമീഷന് നല്‍കുകയും ചെയ്യുന്നു.

ദരിദ്രരുടെ എണ്ണം നിശ്ചയിക്കുന്നത് സംബന്ധിച്ച പ്രശ്നം ഉന്നതാധികാര മന്ത്രിതലസമിതി ആസൂത്രണ കമീഷന് വിട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ നടത്തിയ പ്രസ്താവനകളില്‍നിന്ന് ബോധ്യമാകുന്നത് അവരുടെ ലക്ഷ്യം ദരിദ്രരുടെ എണ്ണം കൃത്യമായി നിര്‍ണയിക്കുക എന്നതല്ലെന്നാണ്. ലഭ്യമാകുന്ന വിഭവങ്ങള്‍ തീരുമാനിക്കുകയും അതനുസരിച്ച് ദരിദ്രരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്യുകയാണ്. ഒരു അഭിമുഖത്തില്‍ അലുവാലിയ പറഞ്ഞത് ആസൂത്രണ കമീഷന്‍ ടെന്‍ഡുല്‍ക്കര്‍ സമിതിയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്, അതായത് ഏകദേശം 8.52 കോടി ബിപിഎല്‍ കുടുംബങ്ങള് എന്നു നിജപ്പെടുത്തുമെന്നാണ് ‍. എന്നാല്‍, മറ്റൊരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ എണ്ണം 7.5 കോടിയില്‍ കവിയില്ലെന്നാണ്.

കമ്പോളത്തില്‍ ചരക്കുകള്‍ക്ക് വില പേശുന്നതുപോലെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ടെന്‍ഡുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ത്തന്നെ നിലവിലുള്ള പല കുടുംബങ്ങളും ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്താകും. ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്താന്‍ സമിതി സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല, ഉദാഹരണത്തിന് ഗ്രാമീണ ഇന്ത്യയില്‍ പ്രതിശീര്‍ഷ കലോറി ഉപഭോഗം 2400 കലോറിയില്‍ കുറവുള്ളവരെയാണ് നിലവില്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തുന്നത്. ടെന്‍ഡുല്‍ക്കര്‍ സമിതി ഇത് 1700 കലോറിയായി നിശ്ചയിക്കാന്‍ ശുപാര്‍ശചെയ്യുന്നു.

യഥാര്‍ഥത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളേക്കാള്‍ കുറഞ്ഞ എണ്ണമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തിയിട്ടുള്ളത്. ഈ കണക്ക് പോലും ആസൂത്രണ കമീഷന്‍ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ 10.86 കോടി കുടുംബങ്ങള്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്.എന്നാല്‍, ആസൂത്രണ കമീഷന്‍ അംഗീകരിച്ച ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 6.52 കോടി മാത്രം. ടെന്‍ഡുല്‍ക്കര്‍ കമീഷന്‍ നിശ്ചയിച്ചത് പ്രകാരം 8.52 കോടി ബിപിഎല്‍ കുടുംബങ്ങള്‍ വരും. സംസ്ഥാനസര്‍ക്കാരുകള്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തിയ പല കുടുംബങ്ങള്‍ക്കും ഭക്ഷ്യസബ്‌സിഡി ലഭിക്കാതെ വരുമെന്ന് അര്‍ഥം.

ദാരിദ്ര്യം സംബന്ധിച്ച് ഈയിടെ പുറത്തുവന്ന മറ്റ് മൂന്ന് റിപ്പോര്‍ട്ടും അംഗീകരിക്കാതെ കേന്ദ്രം ടെന്‍ഡുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് സ്വീകരിച്ചത് എന്തുകൊണ്ട്? ഗ്രാമീണവികസന മന്ത്രാലയത്തിനുവേണ്ടി എന്‍ സി സക്സേന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയോളംപേരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കരുതണമെന്നാണ്. സുപ്രീംകോടതി നിയമിച്ച വാധ്വാ കമ്മിറ്റി പൊതുവിതരണ സംവിധാനത്തിലെ ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി; പ്രതിദിനം നൂറൂരൂപയില്‍ കുറവ് വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കണമെന്ന് സമിതി ശുപാര്‍ശ നല്‍കി, നിലവില്‍ ഇത് 11 രൂപയാണെന്ന് ഓര്‍ക്കുക. ഈ കണക്കനുസരിച്ച് ജനസംഖ്യയില്‍ 75-80 ശതമാനംപേരെ ദരിദ്രരായി കരുതേണ്ടിവരും. നേരത്തെ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ പഠിച്ച സെന്‍ഗുപ്ത കമീഷന്‍ കണ്ടെത്തിയത് ജനസംഖ്യയില്‍ 77 ശതമാനം പേരുടെയും പ്രതിദിന ക്രയശേഷി 20 രൂപയില്‍ താഴെയാണെന്നാണ്.

ടെന്‍ഡുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതായി ഭരണകക്ഷിയുടെ അധ്യക്ഷയ്ക്ക് അഭിമാനം കൊള്ളാന്‍ കഴിയും. പക്ഷേ, എണ്ണം കുറഞ്ഞത് എങ്ങനെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കരട് ബില്ലില്‍ അന്ത്യോദയ കാര്‍ഡ് ഉടമകളെക്കുറിച്ച് എന്താണ് പറയുന്നത് ? ഇവരെക്കുറിച്ച് പരാമര്‍ശം പോലുമില്ല. ബില്ലില്‍ ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്. പലവ്യഞ്ജനം, എണ്ണ, പഞ്ചസാര തുടങ്ങിയ മറ്റു അവശ്യവസ്‌തുക്കളും പൊതുവിതരണ ശൃംഖല വഴി നല്‍കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു വരികയാണ്. കോര്‍പറേറ്റുകള്‍ക്ക് വന്‍നേട്ടം ഉണ്ടാക്കിയ പഞ്ചസാര വിലക്കയറ്റം ഈ ആവശ്യം തികച്ചും പ്രസക്തമാക്കുന്നു.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം എന്നിവ ജനതാല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ നടപ്പാക്കിയത് സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ കക്ഷികളുടെയും ഇടപെടല്‍കൊണ്ടാണ്. ഇന്ന് സാഹചര്യം മാറിയപ്പോള്‍ കോൺഗ്രസ് മുന്നണി സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ കോമാളിത്തരം കാട്ടുകയാണ്.

****

വൃന്ദ കാരാട്ട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷ്യസുരക്ഷാബില്ലിന്റെ കരട് രൂപം കേന്ദ്രമന്ത്രിസഭ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര മന്ത്രിതലസമിതിക്ക് തിരിച്ചയച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് അറിയുന്നു. കരട് ബില്ലിനെതിരെ ഇടതുപക്ഷ പാര്‍ടികളും ഈ മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരും ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് ഈ നടപടി.