Thursday, April 29, 2010

വളര്‍ച്ച മുരടിച്ച ഇന്ത്യ

പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.

വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള ഏകദേശം 19.5 കോടി കുട്ടികളില്‍ മുരടിപ്പ് (പ്രായത്തിനനുസരിച്ച് ഉയരം ഇല്ലാത്ത അവസ്ഥ) അനുഭവപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 6.1 കോടി കുട്ടികള്‍ (ഏറ്റവും അധികം കുട്ടികള്‍) ഇന്ത്യയിലാണ്. ബലക്ഷയം (ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ) വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെയുള്ള ഏകദേശം 7.1 കോടി കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതില്‍ ഏറെക്കുറെ 2.5 കോടിയും ഇന്ത്യയിലെ കുട്ടികളാണ്. വികസ്വര രാജ്യങ്ങളിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള 12.9 കോടിയോളം കുട്ടികളില്‍ ഭാരക്കുറവ് (പ്രായത്തിനനുസരിച്ച് ഭാരം ഇല്ലാത്ത അവസ്ഥ - മുരടിപ്പും ബലക്ഷയവും കൂടി ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥ) അനുഭവപ്പെടുന്നു. ഇതിലും ഏകദേശം 5.4 കോടി കുട്ടികള്‍ ഇന്ത്യയിലാണുള്ളത്. 2005-06ല്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുട്ടികളുടെ 43 ശതമാനം ഭാരക്കുറവുള്ളവരും 48 ശതമാനം പേര്‍ മുരടിപ്പ് ബാധിച്ചവരുമാണ്. ചൈനയില്‍ ഇതേ പ്രായത്തിലുള്ള 7 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഭാരക്കുറവുള്ളത്; 11 ശതമാനം പേര്‍ക്ക് മുരടിപ്പും. ഇതിന് സമാനമായ പ്രായത്തിലുള്ള കുട്ടികളിലെ പോഷകാഹാര ദാരിദ്ര്യം ആഫ്രിക്കയില്‍ ഇന്ത്യയിലെക്കാള്‍ വളരെ കുറവാണ്. അവിടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 21 ശതമാനത്തിനാണ് ഭാരക്കുറവുള്ളത്; 36 ശതമാനത്തിന് മുരടിപ്പ് ബാധിച്ചിട്ടുണ്ട്.

വളരെ ഉയര്‍ന്ന അനുപാതത്തിലുള്ള ശിശു പോഷണക്കമ്മി (Child under nutrition) യോടൊപ്പം വളരെ വലിയ ജനസംഖ്യയും കൂടി ആയപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം മുരടിച്ചവരും ബലക്ഷയമുള്ളവരും ഭാരക്കുറവുള്ളവരുമായ കുട്ടികള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറി. സമീപകാലത്തുള്ള യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യൂണിസെഫ്) കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ മുരടിപ്പ് ബാധിച്ച കുട്ടികളില്‍ 31 ശതമാനം ഇന്ത്യയിലുള്ളവരാണ്; ഭാരക്കുറവുള്ളവരില്‍ 42 ശതമാനവും ഇന്ത്യയിലാണ്.

ശിശു പോഷണക്കമ്മിക്ക് പരിഹാരം കാണാന്‍ ഇന്ത്യ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നതിന് നിരവധി കാരണങ്ങള്‍ നിരത്താനുണ്ട്. ഏറ്റവും പ്രധാനവും ശ്രദ്ധിക്കേണ്ടതും നന്നായി പോഷകാംശങ്ങള്‍ ലഭിക്കുകയെന്നത് ഓരോ ശിശുവിന്റെയും അവകാശമാണെന്നാണ്. എല്ലാ ശിശുക്കള്‍ക്കും ശരിയായ പോഷകാംശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. ശാസ്ത്രീയമായ തെളിവുകള്‍ പ്രകാരം മറ്റു ന്യായീകരണങ്ങളുമുണ്ട്. പോഷകക്കുറവുള്ള ശിശുക്കള്‍ക്ക് നന്നായി പോഷകാംശം ലഭിക്കുന്ന ശിശുക്കളെ അപേക്ഷിച്ച് അതിജീവനശേഷി കുറവായിരിക്കും. അവര്‍ക്ക് അതിവേഗം രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്; അതിസാരം, മണ്ണന്‍, മലമ്പനി, ന്യുമോണിയ, എച്ച്ഐവിയും എയ്ഡ്സും എന്നിങ്ങനെയുള്ള സാധാരണ ശിശുരോഗങ്ങള്‍ കാരണം തന്നെ മരിക്കാനും സാധ്യത കൂടുതലായിരിക്കും. പോഷകക്കുറവിന്റെ രൂക്ഷതയ്ക്കനുസരിച്ച് മരണസാധ്യതയും വര്‍ദ്ധിക്കുന്നു. ഉദാഹരണത്തിന്, കടുത്ത പോഷകകമ്മി അനുഭവിക്കുന്ന ഒരു കുട്ടിയുടെ മരണസാധ്യത പോഷകകമ്മി ഇല്ലാത്ത ശിശുക്കളെക്കാള്‍ 9 ഇരട്ടി അധികമാണ്.

ശരിയായ മസ്തിഷ്ക രൂപീകരണവും വളര്‍ച്ചയും (ഇത് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ആരംഭിക്കുന്നതാണ്) ഉറപ്പാക്കുന്നതില്‍ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ട്. മസ്തിഷ്കത്തിന്റെ വളര്‍ച്ച കുട്ടിക്കാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഉണ്ടാകുന്നത്. മുരടിപ്പ് ബാധിച്ച കുഞ്ഞുങ്ങള്‍ മിക്കവാറും താമസിച്ചാണ് സ്കൂളില്‍ ചേരുന്നത്. ആ കുട്ടികള്‍ സ്കൂളില്‍ എപ്പോഴും താഴ്ന്ന നിലവാരത്തിലായിരിക്കും. ഇത് ഭാവി ജീവിതത്തില്‍ അവരുടെ സൃഷ്ടിപരതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്നു. അയഡിന്റെ കുറവ് ശിശുക്കളുടെ ബുദ്ധിമാന (ഐക്യു)ത്തെ പ്രതികൂലമായി ബാധിക്കുന്നതായി അറിയുന്നു. രണ്ടു വയസ്സിനുമുമ്പ് വളര്‍ച്ചക്കുറവ് (deficient growth) ബാധിക്കുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ തീരാരോഗികളായി മാറാനുള്ള അപകട സാധ്യത കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും, കുട്ടിക്കാലത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ക്രമേണ അവരുടെ ഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍. ജന്മനാ ഭാരക്കുറവുള്ള കുട്ടിക്ക് ശൈശവാവസ്ഥയില്‍ മുരടിപ്പും ഭാരക്കുറവും ബാധിക്കുകയും കുട്ടിക്കാലത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ക്രമേണ ഭാരം സാധാരണനിലയില്‍ എത്തുകയുമാണെങ്കില്‍ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗവും പ്രമേഹവുംപോലുള്ള തീരാരോഗ ബാധയുടേതായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ദശലക്ഷക്കണക്കിന് കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ദുരിതം അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്, പ്രത്യേകിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ രണ്ട് ദശകത്തോളമായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോള്‍, തികഞ്ഞ അനീതിയും അന്യായവും തന്നെയാണ്. പ്രത്യേകിച്ചും പരിഭ്രമിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ പോഷക നിലവാരത്തിലെ അഭിവൃദ്ധി തീരെ മന്ദഗതിയിലാണെന്നതാണ്.

അതേപോലെ തന്നെയാണ് പോഷകാഹാര ലഭ്യതയിലെ അസമത്വത്തിന്റെ നിലവാരം. ശിശുപോഷണക്കമ്മിയുടെ തോത് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുകയാണ്. പൊതുവെ, ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഏറ്റവും അധികം അനുഭവപ്പെടുന്നത് പട്ടണങ്ങളിലെ കുട്ടികളിലെക്കാള്‍ നാട്ടിന്‍പുറങ്ങളിലെ കുട്ടികളിലാണ്. ഉദാഹരണത്തിന്, 2005-06ല്‍ നഗരപ്രദേശങ്ങളിലെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം 36 ശതമാനമായിരുന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ അത് 49 ശതമാനമായിരുന്നു. അതേപോലെ തന്നെ മുരടിപ്പും ബലക്ഷയവും നഗരപ്രദേശങ്ങളിലേതിനേക്കാള്‍ ഗ്രാമപ്രദേശങ്ങളില്‍ അധികമാണ്.

ശിശുപോഷണക്കമ്മിയുടെ നിലവാരം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത തോതിലാണ്. സിക്കിമിലെയും മണിപ്പൂരിലെയും കുഞ്ഞുങ്ങളുടെ 22 ശതമാനത്തില്‍ കുറവാണ് ഭാരക്കുറവുള്ളവര്‍; അതേസമയം ഝാര്‍ഖണ്ഡില്‍ 57 ശതമാനവും മധ്യപ്രദേശില്‍ 60 ശതമാനവുമാണ്. അതേപോലെ തന്നെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം ഏറ്റവും അധികമുള്ളത് പട്ടികവര്‍ഗത്തിലും (55 ശതമാനം) പട്ടികജാതിയിലും (48 ശതമാനം) മറ്റു പിന്നോക്ക ജാതിയിലും (43) പെട്ട കുട്ടികളിലാണ്. മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ ഇത് 34 ശതമാനമാണ്. പോഷകാഹാരക്കുറവിന്റെ നില ആണ്‍കുട്ടികളിലും (42 ശതമാനം ഭാരക്കുറവ്) പെണ്‍കുട്ടികളിലും (43 ശതമാനം) അസമമല്ലെങ്കിലും ഭക്ഷണം, പോഷണം, ആരോഗ്യം, പരിരക്ഷ എന്നിവയുടെ ലഭ്യതയില്‍ പെണ്‍കുട്ടികള്‍ വിവേചനം അനുഭവിക്കുന്നതായും വ്യക്തമായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പോഷകാഹാരക്കുറവ് എന്തുകൊണ്ട്?

ശിശുപോഷണക്കുറവ് നിലനില്‍ക്കുന്നതിന് ആധാരമായ നിരവധി കാരണങ്ങളുണ്ട്. കുടുംബ വരുമാന നിലവാരവും ദാരിദ്യ്രവും വ്യത്യസ്തത ഉണ്ടാക്കുന്നു. പൊതുവില്‍, സമ്പന്നവിഭാഗങ്ങളില്‍ ശിശുപോഷണക്കുറവിന്റെ തോത് ഏറ്റവും കുറവാണെന്നും വരുമാനം ഏറ്റവും കുറവുള്ള വിഭാഗങ്ങളില്‍ ഇത് ഏറ്റവും അധികമാണെന്നും നമുക്ക് കാണാം.

സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവിധ അവസരങ്ങളുടെ വിതരണത്തിലെ അസമത്വങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ സ്വത്തിലെ വ്യത്യാസങ്ങളെ വീക്ഷിക്കാവുന്നതാണ്. അവസരങ്ങളുടെ അഭാവമാണ് വരുമാനത്തിന്റെ അഭാവത്തെക്കാള്‍ പോഷകാഹാരക്കുറവിന് പ്രധാന കാരണമെന്നതാണ് വസ്തുത. ഉദാഹരണത്തിന്, സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ അവസരങ്ങളും സ്വാതന്ത്യ്രവും അനുഭവിക്കുകയും ലിംഗ സമത്വം കൂടുതല്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ശിശുപോഷണ നിലവാരവും മികച്ചതായിരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം കൂടുതല്‍ ലഭിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷണ നിലവാരവും ഉയര്‍ന്നതായിരിക്കും. മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് 12 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമ്മമാര്‍ക്ക് പിറന്ന കുട്ടികളിലേതിനേക്കാള്‍ (18 ശതമാനം) അധികമാണ് നിരക്ഷരരായ അമ്മമാര്‍ക്ക് പിറന്ന കുട്ടികളില്‍ (52 ശതമാനം) എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസവും പോഷണ മികവും തമ്മിലുള്ള ബന്ധത്തില്‍ ജീവിതശൈലിയുടെ സ്വാധീനം നിരവധിയാണ്. വിദ്യാഭ്യാസം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവ് ലഭ്യമാണ്; അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു; അവരില്‍ അന്ധവിശ്വാസം കുറവായിരിക്കാനുള്ള സാധ്യതയുണ്ട്; വിദ്യാഭ്യാസം കുറവുള്ള സ്ത്രീകളെക്കാള്‍ അധികം അവര്‍ ആധുനിക ആരോഗ്യ പരിരക്ഷയും ഉപദേശങ്ങളും തേടുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു; അവര്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ അംഗീകാരവും ബഹുമാന്യതയും ലഭിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ സമഭാവനയോടെ അവര്‍ പരിഗണിക്കപ്പെടുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം തന്നെ വിദ്യാലയത്തില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവല്‍ക്കരണം പെണ്‍കുട്ടികള്‍ക്ക് സൌഹൃദങ്ങള്‍ സ്ഥാപിക്കാനും അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താനും കാഴ്ചപ്പാട് വിപുലമാക്കാനും ആശയവിനിമയം നടത്താനും പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നു. അസുഖമോ മറ്റെന്തെങ്കിലും പ്രശ്നമോ ഉണ്ടാകുമ്പോള്‍, വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് സ്കൂളില്‍ പോകാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളെക്കാള്‍ വിപുലമായ ആശയവിനിമയത്തിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ചതെന്തെന്ന് കണ്ടെത്താനുള്ള സൌകര്യവും അവസരവും കൂടുതലായി ലഭിക്കുന്നു.

പോഷണപരമായ അനന്തര ഫലങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുന്നതിന് കുടുംബ തലത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കും ഇതേ പ്രാധാന്യമാണുള്ളത്. യൌവനദശയിലേക്ക് കടക്കുന്ന പെണ്‍കുട്ടികളുടെയും അമ്മമാരുടെയും പോഷണ മേന്മ നിര്‍ണയിക്കുന്നത് ഉചിതമായ ഭക്ഷ്യലഭ്യതയാണ്. ഇത് ശിശുവിന്റെ പോഷണ സാഹചര്യത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു - പ്രത്യേകിച്ചും ജനന സമയത്ത്. ഏറെക്കുറെ 55 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. കുട്ടികളുടെ കാര്യത്തില്‍, കുടുംബത്തില്‍നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ല പോഷക പ്രധാനമായ ഭക്ഷണം ലഭിക്കാനുള്ള സാധ്യതയും അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. 6 മാസം മുതല്‍ 59 മാസം വരെ പ്രായമുള്ള ശിശുക്കളില്‍ ഏറെപ്പേര്‍ക്കും ശരിയായ ഭക്ഷണം ലഭിക്കുന്നതേയില്ല. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുംപെട്ട ഏകദേശം 70 ശതമാനം കുട്ടികളിലും വിളര്‍ച്ച കാണാറുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സമ്പൂര്‍ണ്ണ ആഹാരക്രമം ഉറപ്പുവരുത്താന്‍ പല ദരിദ്ര കുടുംബങ്ങള്‍ക്കും കഴിയുന്നില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പോഷണപരമായ അവസ്ഥയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ശിശുപോഷണക്കമ്മിയുടെ ഒട്ടേറെ സവിശേഷതകള്‍ കാണാന്‍ കഴിയും. നമുക്ക് രണ്ട് ജോഡി സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കാം: ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളായ സിക്കിമും (20%) മണിപ്പൂരും (22%) ഇത് ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡും (57 ശതമാനം) മധ്യപ്രദേശും (60 ശതമാനം). ഈ രണ്ട് ജോഡി സംസ്ഥാനങ്ങളുടെയും പോഷണ സാഹചര്യങ്ങളില്‍ വ്യത്യാസം നിലനില്‍ക്കുന്നത് വിവിധ ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനം മൂലമാണ്.

വരുമാന നിലവാരവും ദാരിദ്ര്യവും മാത്രമല്ല ഈ വ്യത്യസ്തതയുടെ പ്രധാന ഘടകം. സിക്കിമിന്റെയും മണിപ്പൂരിന്റെയും പ്രതിവര്‍ഷ പ്രതിശീര്‍ഷ സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 20,000 രൂപയ്ക്കും 21,000 രൂപയ്ക്കും ഇടയ്ക്കാണ്. ഝാര്‍ഖണ്ഡിലെയും (18,900 രൂപ) മധ്യപ്രദേശിലെയും (17,649 രൂപ) വരുമാന നിലവാരം വളരെ വ്യത്യസ്തമല്ല. അതേപോലെ തന്നെ, സിക്കിമിലെയും മധ്യപ്രദേശിലെയും ജനങ്ങളില്‍ 37 ശതമാനംപേര്‍ വീതം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.

ജനനസമയത്തെ ഭാരക്കുറവിന്റെ പരിശോധനയില്‍നിന്ന് പോഷണപരമായ ഭാവി സ്ഥിതി സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാകുന്ന ചില സൂചനകള്‍ ലഭ്യമാകുന്നു. ശൈശവാവസ്ഥയിലെ മാത്രമല്ല കുട്ടിക്കാലത്തുടനീളമുള്ള മോശമായ വളര്‍ച്ചയുമായി വളരെ ഏറെ ബന്ധപ്പെട്ടതാണ് ജനനസമയത്തെ ഭാരക്കുറവ്. ഇന്ത്യയിലെ കുട്ടികളെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് 20-30 ശതമാനം ശിശുക്കള്‍ക്കും ജനനസമയത്ത് 2500 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതാണ്. ഇതില്‍ സിക്കിമിലെയും മണിപ്പൂരിലെയും ജനന സമയത്തെ ഭാരക്കുറവുള്ള (2500 ഗ്രാമില്‍ കുറവ്) ശിശുക്കളുടെ അനുപാതം 10-13 ശതമാനം മാത്രമാണ്. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 19 ശതമാനവും മധ്യപ്രദേശില്‍ 23 ശതമാനവുമാണ്. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പോഷണകമ്മി തലമുറ കൈമാറി വരുന്നത് ഇവിടെ വ്യക്തമാണ്.

ആരോഗ്യമേഖലാ സേവനങ്ങളുടെ ലഭ്യതയും അതിന്റെ സാമീപ്യവും ശിശുപോഷണ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം കുറഞ്ഞ സംസ്ഥാനങ്ങളില്‍ അത് കൂടുതലുള്ള സംസ്ഥാനങ്ങളെക്കാള്‍ ആരോഗ്യസേവനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഏറെ മികച്ചതാണ്. ഉദാഹരണത്തിന്, സിക്കിമിലെ 70 ശതമാനം കുട്ടികളും പൂര്‍ണമായും രോഗപ്രതിരോധത്തിന് വിധേയരാണ്; മധ്യപ്രദേശിലാകട്ടെ ഇത് 40 ശതമാനം മാത്രവും.

ഇതേപോലെ പ്രധാനമാണ് ശിശു സംരക്ഷണം. ജനനം കഴിഞ്ഞ ഉടന്‍ മുതല്‍ മുലയൂട്ടുന്നത് വലിയ വ്യത്യാസമുണ്ടാക്കുന്നു. സിക്കിമിലെ ഏകദേശം 43 ശതമാനം കുട്ടികള്‍ക്കും മണിപ്പൂരിലെ 57 ശതമാനം കുട്ടികള്‍ക്കും ജനിച്ച് അരമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നു. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 10 ശതമാനവും മധ്യപ്രദേശില്‍ 15 ശതമാനവുമാണ്. 6 മുതല്‍ 9 മാസം വരെ പിന്നിടുമ്പോള്‍ പോഷണ പോരായ്മ നികത്താന്‍ വേണ്ടത്ര അനുയോജ്യമായ ആഹാരങ്ങള്‍ നല്‍കിത്തുടങ്ങുന്നതിലെ വീഴ്ചയും ശിശുപോഷണക്കുറവിനിടയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ജീവിതത്തിന്റെ ആദ്യത്തെ ഒരു വര്‍ഷം മുഴുവന്‍ ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാല്‍ പ്രദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ പോര. ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജ്ജവും കലോറിയും മുലപ്പാലിന് പുറമെ നല്‍കുന്ന ഭക്ഷണത്തില്‍നിന്നു മാത്രമേ ലഭിക്കൂ. നാല് മുതല്‍ 6 മാസം വരെ കഴിയുമ്പോള്‍ ശിശുക്കള്‍ക്ക് മുലപ്പാലിനുപുറമെ ഖര ആഹാരം കൂടി നല്‍കേണ്ടതാണ്. ദേശീയ കുടുംബ ആരോഗ്യസര്‍വെ വെളിപ്പെടുത്തുന്നത് ദേശീയമായി 21 ശതമാനം കുട്ടികള്‍ക്കു മാത്രമേ 6 മുതല്‍ 23 മാസം വരെ പ്രായമുള്ള വിഭാഗത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തോതിലും നിലവാരത്തിലുമുള്ള ഭക്ഷണം ലഭിക്കാറുള്ളൂ എന്നാണ്. ഇതിന്റെ അനുപാതം സിക്കിമില്‍ 49 ശതമാനവും മണിപ്പൂരില്‍ 41 ശതമാനവും ഝാര്‍ഖണ്ഡില്‍ 17 ശതമാനവും മധ്യപ്രദേശില്‍ 18 ശതമാനവുമാണ്.

സിക്കിമിലെയും മധ്യപ്രദേശിലെയും വിദ്യാഭ്യാസപരമായ നേട്ടങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ സാക്ഷരതയുടെയും വിദ്യാലയത്തില്‍നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെയും അനന്തരഫലവും നമുക്ക് വ്യക്തമാകും. സിക്കിമില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 62 ശതമാനമാണ്; മധ്യപ്രദേശില്‍ ഇത് 50 ശതമാനവും. അതേപോലെതന്നെ, മധ്യപ്രദേശിലേതിനേക്കാള്‍ സിക്കിമില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നുണ്ട് എന്നതിനും ശക്തമായ തെളിവുണ്ട്. മധ്യപ്രദേശിലുള്ളതിനേക്കാള്‍ സിക്കിമില്‍ കൂടുതല്‍ സ്ത്രീകള്‍ വീടിനുപുറത്ത് ജോലി ചെയ്യുന്നവരാണ്. സിക്കിമിലെ സ്ത്രീകള്‍ക്ക് പണലഭ്യത കൂടുതലായുണ്ട്; അവര്‍ക്ക് മാധ്യമങ്ങളുമായുള്ള ബന്ധവും കൂടുതലാണ്; വീടിനുപുറത്ത് പോകാനുള്ള സ്വാതന്ത്ര്യവും മധ്യപ്രദേശിലെ സ്ത്രീകളെക്കാള്‍ കൂടുതലായുണ്ട്.

18 ഉം 29 ഉം വയസ്സിനിടയ്ക്ക് പ്രായമുള്ള സിക്കിമിലെ 71 ശതമാനം സ്ത്രീകളും മണിപ്പൂരിലെ 86 ശതമാനം സ്ത്രീകളും 18 വയസ്സ് കഴിഞ്ഞ ശേഷമാണ് വിവാഹിതരാകുന്നത്; അതേസമയം ഝാര്‍ഖണ്ഡില്‍ ഇത് 40 ശതമാനവും മധ്യപ്രദേശില്‍ 47 ശതമാനവും മാത്രമാണ്. ഝാര്‍ഖണ്ഡിനെയും മധ്യപ്രദേശിനെയുംഅപേക്ഷിച്ച് ലിംഗപരമായ അസമത്വങ്ങള്‍ സിക്കിമിലും മണിപ്പൂരിലും കുറവാണ്. ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശിശുപോഷണക്കമ്മി പരിഹരിക്കുന്നതില്‍ പുരുഷന്മാര്‍ക്കും ഒരു പങ്ക് വഹിക്കാനാകും എന്നാണ്. ഗര്‍ഭകാലത്ത് ആരോഗ്യപരിചരണം നല്‍കുന്നവര്‍ അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തെക്കുറിച്ച് പുരുഷനോട് (കുഞ്ഞിന്റെ അച്ഛനോട്) സംസാരിക്കുന്നത് ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഉള്ളതിനേക്കാള്‍ കൂടുതലാണ് സിക്കിമിലും മണിപ്പൂരിലും.

ഇനി എന്താണ് ചെയ്യേണ്ടത്?

സംയോജിത ശിശു വികസന സേവന പരിപാടിയാണ്(ICDS) പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇന്ത്യ ആസൂത്രണം ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രത്യക്ഷ ഇടപെടല്‍. മിക്കവാറും എല്ലാ അവലോകനങ്ങളും വിലയിരുത്തലുകളും വ്യക്തമാക്കുന്നത് മുപ്പത് വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഈ പരിപാടികൊണ്ട് പോഷകദാരിദ്ര്യം തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും എന്ന നിശ്ചിതഫലം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. 2008ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്: "പോഷകാഹാരക്കുറവ് എന്ന പ്രശ്നം നാം നീക്കം ചെയ്യേണ്ട ഒരു ശാപമാണ്''.

ശിശു പോഷണക്കുറവ് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്താന്‍ നാം ഇനി എന്തെല്ലാമാണ് ചെയ്യേണ്ടത്?

ശിശുപോഷണക്കമ്മി നികത്തുന്നതിന് ജീവിതചക്രപരമായ സമീപനം ആവശ്യമാണ്. സ്ത്രീയുടെയും (യൌവനാരംഭത്തിലും ഗര്‍ഭാരംഭത്തിനു മുമ്പും എന്നപോലെ ഗര്‍ഭകാലത്തും കുഞ്ഞ് ജനിച്ചശേഷവും) കുഞ്ഞിന്റെയും (ജനിച്ച ഉടന്‍, ആറുമാസം വരെ, 6 - 23 മാസം വരെ, 24 -59 മാസം വരെ) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായ ഇടപെടലുകള്‍ ആവശ്യമാണ്. നിര്‍ണായകമായ ഇത്തരം അഞ്ച് സാങ്കേതിക ഇടപെടലുകളെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ശിശുവിന്റെ ആദ്യത്തെ ആറ് മാസവും മുലയൂട്ടുന്ന സമ്പ്രദായം പ്രോല്‍സാഹിപ്പിക്കുക.

* ജനിച്ച് ഒരു മണിക്കൂറിനകം തന്നെ എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ നല്‍കുന്ന കാര്യം ഉറപ്പാക്കുക.

* എല്ലാ നവജാതശിശുക്കള്‍ക്കും ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് - നാല് ദിവസം വരെ പോഷകസമൃദ്ധമായ മഞ്ഞപ്പാല്‍ ( colostrum) നല്‍കുക.

* ആദ്യത്തെ ആറുമാസവും എല്ലാ ശിശുക്കള്‍ക്കും മുലപ്പാല്‍ മാത്രം നല്‍കുക. ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ ഉള്ള മറ്റൊന്നും നല്‍കരുത്; വെള്ളംപോലും നല്‍കേണ്ടതില്ല.

2. ആറുമാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് താഴെപ്പറയുന്നവ ഉറപ്പുവരുത്തി ഭക്ഷണം നല്‍കുക.

* രണ്ട് വയസ്സ് കഴിയുന്നതുവരെ മുലയൂട്ടല്‍ തുടരുന്നതോടൊപ്പം തന്നെ ആറ്മാസം തികയുമ്പോള്‍ മുതല്‍ ശിശുക്കള്‍ക്ക് അനുബന്ധാഹാരങ്ങള്‍ നല്‍കാന്‍ തുടങ്ങണം.

* അനുബന്ധാഹാരങ്ങള്‍ ഊര്‍ജ്ജവും പ്രോട്ടീനും സൂക്ഷ്മപോഷണങ്ങളും (വിറ്റാമിനുകളും ലവണങ്ങളും) സമൃദ്ധമായി ഉള്ളതായിരിക്കണം.

3. ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ സൂക്ഷ്മ പോ ഷണക്കുറവും വിളര്‍ച്ചയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചുവടെ പറയുന്ന തരത്തില്‍ ഉറപ്പാക്കുക.

* 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വൈറ്റമിന്‍ എ അനുബന്ധമായി നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

* 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വീതം വിരയിളക്കാനുള്ള ഗുളിക നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

* വയറിളക്കം ബാധിച്ച എല്ലാ കുട്ടികള്‍ക്കും ഒ ആര്‍ എസും സിങ്ക് സപ്ളിമെന്റും നല്‍കുന്ന അനുയോജ്യമായ ചികില്‍സ ഉറപ്പുവരുത്തുക.

4. യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലും സ്ത്രീകളി ലും കണ്ടുവരുന്ന സൂക്ഷ്മ പോഷണങ്ങളുടെ കുറവും വിളര്‍ ച്ചയും നിയന്ത്രിക്കുന്നതിന് ചുവടെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാ ക്കുക.

* ഇരുമ്പും ഫോളിക് ആസിഡും വിരയിളക്കല്‍ ഗുളികയും കൊണ്ടുള്ള അനുബന്ധ പരിപാടിയിലൂടെ യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും ഗര്‍ഭിണികളിലെയും വിളര്‍ച്ച രോഗം തടയേണ്ടതാണ്.

* യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും സ്ത്രീകളിലെയും അയഡിന്‍ കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കറിയുപ്പില്‍ ആവശ്യത്തിന് അയഡിന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

5. കടുത്ത പോഷണ ദൌര്‍ലഭ്യമുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സംരക്ഷണം നല്‍കുക.

നാം എന്തുകൊണ്ടാണ് പോഷകാഹാരക്കുറവ് എന്ന ശാപത്തെ നേരിടുന്നതിന് അതിവേഗം നടപടികള്‍ സ്വീകരിക്കാത്തത്? ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ട വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നത് ഉറപ്പാണ്. ആവശ്യമായ വിജ്ഞാനവും വൈദഗ്ധ്യവും ഇന്ത്യയ്ക്കുണ്ട്. എന്താണ് പരിഹാരം എന്നുള്ളതും നന്നായി അറിയാം. അപ്പോള്‍ എന്താണ് അതിനുവേണ്ട നടപടികള്‍ കൈകൊള്ളുന്നതിന് ഇത്രയും അമാന്തം? വേണ്ടത്ര സര്‍ക്കാര്‍ നടപടികളുടെ അഭാവം തന്നെയാണത്.

ചുരുങ്ങിയത് മൂന്ന് കാരണങ്ങളെങ്കിലും ഇതിനുണ്ട്. ഒന്നാമതായി, സര്‍ക്കാര്‍ ചലനാത്മകമായിരിക്കണം. പോഷകാഹാരക്കുറവ് ദേശീയമായ നാണക്കേടാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, പോഷണത്തിന് വേണ്ടത്ര മുന്‍ഗണന നല്‍കുകയും ആവശ്യമായി വിഭവങ്ങള്‍ ഒരുക്കുകയും ചെയ്തില്ല. രണ്ടാമത്, ഐസിഡിഎസ് പരിപാടിയെ കൂടുതല്‍ കാര്യശേഷിയുള്ളതും ഫലപ്രദവും ആക്കി മാറ്റാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നിലുണ്ടെങ്കിലും അതിനെ പുനഃസംഘടിപ്പിക്കുന്നതിന്, വേണ്ടി വന്നാല്‍ പൊളിച്ചെഴുത്ത് നടത്തുന്നതിന്, പ്രകടിപ്പിക്കുന്ന വിമുഖത.

മൂന്നാമത്, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മില്‍ ഉത്തരവാദിത്വങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ പുനര്‍ വിഭജിച്ച് നല്‍കുന്നതും ആവശ്യമായി വരുമെന്നതിനാല്‍ ആരോഗ്യത്തിന്റെയും പോഷണത്തിന്റെയും മികച്ച സംയോജനം ഉറപ്പാക്കുന്നതിനുവേണ്ടി സേവന ലഭ്യത ഉറപ്പാക്കുന്നത് പുനഃസംഘടിപ്പിക്കാതെ ശക്തമായി ചെറുത്തുനില്‍ക്കുകയാണ്. വികസനത്തില്‍ അറിവിനെക്കാള്‍ ഏറെ വേണ്ടത് ധൈര്യമാണ് എന്ന് പറയാറുണ്ട്. സാമ്പത്തികമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവിന്റേതായ വിരോധാഭാസപരമായ സാഹചര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നത് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ അവകാശങ്ങളുടെ നിഷേധമാണ്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കും വികാസത്തിനും ഈ അവസ്ഥയെക്കാള്‍ ഹാനികരമായി മറ്റൊന്നില്ല.

*
എ കെ ശിവകുമാര്‍ (ഉപദേഷ്ടാവ്, യൂണിസെഫ് ഇന്ത്യ) കടപ്പാട്: ചിന്ത വാരിക

ചിത്രങ്ങള്‍ക്ക് കടപ്പാട്: UNICEF INDIA

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.