Sunday, March 9, 2008

ആ വിചാരണ നാടകമാക്കിയപ്പോള്‍

കണ്ണൂര്‍ സംഘചേതനയുടെ പുതിയ നാടകമായ 'ദി ഗ്രേറ്റ് ട്രയല്‍' സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് നാടകത്തിന്റെ മൌലിക ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ദിശാബോധം നല്‍കുന്നു. നമ്മുടെ കണ്‍മുമ്പില്‍ സമീപകാലത്ത് നടന്ന ഒരു സംഭവം നാടകമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സദ്ദാം ഹുസൈന്റെ വിചാരണയെന്ന പ്രഹസനവും നിഷ്കരുണമായ തൂക്കിലേറ്റലും ലോകമെങ്ങും നേരില്‍ കണ്ടതാണ്. പ്രൊഫഷണല്‍ നാടകങ്ങളുടെ ഗതാനുഗതികത്വത്തില്‍നിന്ന് സ്ഥാപനകാലം തൊട്ടേ മാറിനിന്ന സംഘചേതന ഈ വിഷയം നാടകത്തിനു തെരഞ്ഞെടുത്തത് ഇന്നത്തെ ലോകവ്യഥകളില്‍ പ്രധാനമായ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെതന്നെയായിരിക്കുമല്ലോ.

ഈ വിഷയം നാടകമാക്കുക എന്ന ദുഷ്കരമായ കൃത്യം നിര്‍വഹിച്ചിട്ടുള്ളത് നാടകകൃത്തെന്നപോലെ നോവലിസ്റ്റ് കൂടിയായ പി വി കെ പനയാലാണ്. അനുഭവങ്ങളിലൂടെ പതുക്കെ പതുക്കെ മാറിവന്ന സദ്ദാമിന്റെ ജീവിതകഥ വിശദമായി പിന്തുടര്‍ന്ന് ഒരു ആഖ്യാനനാടകം ആക്കണമെന്ന് നാടകകൃത്ത് ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാണ്. 'ദി ഗ്രേറ്റ് ട്രയല്‍' ശിക്ഷ മുന്‍കൂട്ടി നിശ്ചയിച്ചശേഷം സദ്ദാമിനെ വിചാരണ ചെയ്യുന്ന പ്രഹസനമാണെന്നു കരുതിയെങ്കില്‍ തെറ്റി. ചാനലുകളിലും പത്രങ്ങളിലും ഇത്തരമൊരു വിചാരണ നേരിടുന്ന സദ്ദാമിന്റെ ഏതെല്ലാം രൂപങ്ങളും ഭാവങ്ങളും ദിവസങ്ങളോളം നാം കണ്ടതാണ്!

ക്ലൈമാക്സായി അത്യന്തം കുടിലമായ ആ തൂക്കിലേറ്റലും തല്‍സമയംതന്നെ നാം കണ്ടു. നാടകം ഇത്തരം 'റിയാലിറ്റി ഷോ'കള്‍ ആവര്‍ത്തിക്കാനുള്ളതല്ലല്ലോ. ഇവിടെ വിചാരണചെയ്യപ്പെടുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ നായകനായ ബുഷുമാണ്. വിചാരണ ചെയ്യുന്നതോ ബന്ധനസ്ഥനായ സദ്ദാംഹുസൈനും. ബുഷിന്റെ പ്രതിനിധിയെ നേരിട്ടും ബുഷിനെ ഫാന്റസിയിലൂടെയുമാണ് നാടകത്തില്‍ വിചാരണ ചെയ്യുന്നത്. ഈ വിചാരണവേളയില്‍ സദ്ദാം ബുഷിനോടും അദ്ദേഹത്തിന്റെ പ്രതിനിധിയോടും ചോദിക്കുന്ന ചോദ്യങ്ങള്‍ ലോകമനസ്സാക്ഷിയുടേതാണ്. നാടകത്തിനുമാത്രം കഴിയാവുന്ന 'മാജിക്കി'ലൂടെ നടത്തപ്പെടുന്ന വിചാരണ അങ്ങനെ ദി ഗ്രേറ്റ് ട്രയല്‍ ആയി മാറുന്നു.

സദ്ദാം വധിക്കപ്പെട്ട ദിവസം മലയാളപത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയില്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ പാചകക്കാരനായി ജോലിചെയ്തിരുന്ന പാലക്കാടുക്കാരനായ ഒരു ശങ്കരന്‍നായരെക്കുറിച്ച് പറഞ്ഞത് പലരും ഓര്‍ക്കുന്നുണ്ടാകും. ശങ്കരന്‍നായരുടെയും ഇറാഖില്‍ വച്ച് അദ്ദേഹം പരിചയപ്പെട്ട കേണല്‍ ഹക്കീമിന്റെയും സ്മരണകളിലൂടെയാണ് സദ്ദാമിന്റെ കഥകള്‍ നാടകത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഇന്ത്യ ഗവണ്‍മെന്റ് സദ്ദാമിന്റെ വധത്തെ ദൌര്‍ഭാഗ്യകരമായ ഒരു സംഭവം എന്നുമാത്രം വിശേഷിപ്പിച്ച് ഒഴിഞ്ഞുമാറിയപ്പോള്‍ ഇന്ത്യന്‍ജനതയുടെ പൊതുധാര ഈ സംഭവത്തിനെതിരായി ശക്തമായിത്തന്നെ പ്രതികരിക്കുകയുണ്ടായി. ഈ സംഭവത്തില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിച്ച വര്‍ഗീയശക്തികളെയും നാടകം തുറന്നുകാട്ടുന്നുണ്ട്. ശങ്കരന്‍നായരുടെ തലമുറയില്‍പ്പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എത്ര സൌഹാര്‍ദത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് സൂചിപ്പിക്കാന്‍ സദ്ദാമിന്റെ കഥയോടൊപ്പം ശങ്കരന്‍നായരുടെ ചില അനുഭവങ്ങള്‍ ഒരനുബന്ധമെന്ന നിലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്.

ഇറാഖില്‍ ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ട ശങ്കരന്‍നായരുടെ പേരമകന്‍ കണ്ണനെ അമേരിക്കന്‍പട്ടാളം തട്ടിക്കൊണ്ടുപോയി ഗ്വാണ്ടനാമോ ജയിലില്‍ പാര്‍പ്പിക്കുന്നതും ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയുടെ സഹായത്തോടെ ഗ്വാണ്ടനാമോ ജയില്‍ ബോംബിട്ടുതകര്‍ത്ത് കണ്ണനും മറ്റും മോചിപ്പിക്കപ്പെടുന്നതും കണ്ണനെ മോചിപ്പിച്ചവരില്‍ ഒരാള്‍ ശങ്കരന്‍നായരുടെ സുഹൃത്ത് ആന്റണിയുടെ പൌത്രനാണെന്നറിയുന്നതും മറ്റും അവിശ്വസനീയമായി തോന്നാമെങ്കിലും ജാതി മത വ്യത്യാസമില്ലാതെ ശങ്കരന്‍നായരുടെ തലമുറ നാടിന്റെ നന്മയ്ക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കഥ ഓര്‍മിപ്പിക്കുന്നുണ്ട്. ആന്റണി മരിച്ചുപോയെങ്കിലും ആ കഥകളോര്‍മിപ്പിക്കാന്‍ അബൂബക്കര്‍മാഷ് ഇടക്കിടെ രംഗത്തെത്തുന്നുണ്ട്.

അധിനിവേശത്തിനെതിരെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗീയതകളൊന്നുമില്ലാതെ ഉറച്ചുനില്‍ക്കണമെന്ന നാടകത്തിന്റെ സന്ദേശത്തിലേക്ക് പടിപടിയായി പ്രേക്ഷകരെ നയിക്കുക എന്ന കര്‍ത്തവ്യം സംവിധായകന്‍ ഗോപിനാഥ് കോഴിക്കോട് കൃത്യവും വ്യക്തവുമായിത്തന്നെ നിറവേറ്റുന്നുണ്ട്. ജോലിയില്‍നിന്ന് വിരമിച്ച് സദ്ദാമില്‍നിന്ന് പാരിതോഷികങ്ങളും വാങ്ങി കേരളത്തില്‍ വന്നു താമസമാക്കിയ ശങ്കരന്‍നായരെന്ന പാരമ്പര്യവൈദ്യന്റെ വീട്ടില്‍ നാടകത്തിലെ മിക്കവാറും എല്ലാ സംഭവങ്ങളും ഒതുക്കിയത് പ്രശംസാവഹമായിട്ടുണ്ട്. ചികില്‍സയ്ക്ക് ഇറാഖില്‍നിന്ന് എത്തിയ ശങ്കരന്‍നായരുടെ സുഹൃത്ത് കേണല്‍ ഹക്കീം നടത്തിയ പത്രസമ്മേളനത്തിലൂടെ സദ്ദാമിന്റെ കഥയും ചുരുള്‍നിവരുന്നു. സദ്ദാമിന്റെ ബാല്യകാലം ചിത്രീകരിക്കുന്ന മണലാരണ്യത്തിലെ ഭവനവും അവിടെ നടക്കുന്ന സംഭവങ്ങളും മിഴിവോടെ അവതരിപ്പിക്കപ്പെട്ടു. ഇടക്കിടെ ഫാന്റസിയുടെ സഹായം തേടിക്കൊണ്ടു രംഗത്തവതരിപ്പിക്കുന്ന സദ്ദാമിന്റെ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് സംഭാഷണാധിക്യത്തിലും കരുത്ത് ചോര്‍ന്നുപോകാതെതന്നെ പ്രേക്ഷകന്‍ അനുഭവിക്കുന്നു. ലളിതവും ഉചിതവുമായ രംഗപടങ്ങളിലൂടെ വിജയന്‍ കടമ്പേരിയും ഭാവതീവ്രമായ പശ്ചാത്തലസംഗീതത്തിലൂടെ കൃതഹസ്തനായ ധര്‍മന്‍ ഏഴോമും സംവിധായകനെ ഇക്കാര്യത്തില്‍ ഏറെ സഹായിക്കുന്നുണ്ട്.

അനാവശ്യമായ രംഗചലനങ്ങളിലൂടെയും വികാരശൂന്യമായ മൊഴിയുരുവിടലിലൂടെയും തന്റെ പ്രാഗല്‍‌ഭ്യം കാട്ടാനുള്ള സൂത്രങ്ങളിലൂടെയും പ്രമേയത്തെ ദുര്‍ബലവും ദുര്‍ഗ്രഹവുമാക്കാന്‍ ഈ നാടകത്തില്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സംവാദത്തിലൂടെ മുന്നോട്ടുനീങ്ങുന്ന നാടകം ഒരിടത്തും പ്രേക്ഷകരില്‍ മടുപ്പുളവാക്കുന്നില്ല. പകരം അവരെ ബോധനവീകരണത്തിനു ഫലപ്രദമായി സഹായിക്കുകയാണ് ചെയ്യുന്നത്. കരിവെള്ളൂര്‍ മുരളിയും മുരളി കാടാച്ചിറയും രചിച്ച് പ്രേംകുമാര്‍ വടകര ഈണം പകരുന്ന ഗാനങ്ങള്‍, കവിതയോടടുത്തു നില്‍ക്കുന്നു. ഏവര്‍ക്കും സുപരിചിതനായ സദ്ദാമിനെ പ്രേക്ഷകര്‍ക്ക് ബോധ്യമാകുംവിധം അണിയിച്ചൊരുക്കിയ ഒ മോഹനന്‍ പ്രശംസ അര്‍ഹിക്കുന്നു. അജിത്കുമാര്‍ ഒരുക്കിയ വേഷവിതാനവും നന്നായി.

കേന്ദ്രകഥാപാത്രമായ സദ്ദാമിന്റെ റോളില്‍ ജയദേവന്‍ മണക്കാട് തിളങ്ങി. ആ നടന്റെ രൂപവും ശബ്ദഗാംഭീര്യവും കഥാപാത്രത്തിന് ഇണങ്ങുന്നതായിരുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ശങ്കരന്‍നായരെ ഹരിദാസ് ചെറുകുന്നും ഭാവസമ്പുഷ്ടമാക്കി. വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് കുറുവ, ലെനിന്‍ ഇടക്കൊച്ചി, അനില്‍ നരിക്കോട്, സീന ലെനിന്‍, ബിന്ദു പാപ്പിനിശേരി തുടങ്ങി പതിനഞ്ചോളം നടീനടന്മാരില്‍ ആരും മോശമായെന്നു പറഞ്ഞുകൂടാ. നാടകബാഹ്യമായ കാര്യങ്ങളെ കൂടുതല്‍ ആശ്രയിച്ച് നാടകത്തിന്റെ അനുപേക്ഷണീയഘടകങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നു എന്നാണല്ലോ പ്രൊഫഷണല്‍ നാടകവേദിയെക്കുറിച്ചുള്ള പ്രധാന പരാതി. അതുകൊണ്ടുതന്നെ വഴിമാറി നടക്കാന്‍ ധൈര്യംകാണിക്കുന്ന കണ്ണൂര്‍ സംഘചേതനയുടെ ഇത്തരം നാടകങ്ങള്‍ പ്രേക്ഷകരുടെ സവിശേഷ പിന്തുണ അര്‍ഹിക്കുന്നു.

-കെ എം രാഘവന്‍ നമ്പ്യാര്‍

6 comments:

വര്‍ക്കേഴ്സ് ഫോറം said...

കണ്ണൂര്‍ സംഘചേതനയുടെ പുതിയ നാടകമായ 'ദി ഗ്രേറ്റ് ട്രയല്‍' സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു.

നമ്മുടെ കണ്‍മുമ്പില്‍ സമീപകാലത്ത് നടന്ന ഒരു സംഭവം നാടകമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സദ്ദാം ഹുസൈന്റെ വിചാരണയെന്ന പ്രഹസനവും നിഷ്കരുണമായ തൂക്കിലേറ്റലും ലോകമെങ്ങും നേരില്‍ കണ്ടതാണ്. പ്രൊഫഷണല്‍ നാടകങ്ങളുടെ ഗതാനുഗതികത്വത്തില്‍നിന്ന് സ്ഥാപനകാലം തൊട്ടേ മാറിനിന്ന സംഘചേതന ഈ വിഷയം നാടകത്തിനു തെരഞ്ഞെടുത്തത് ഇന്നത്തെ ലോകവ്യഥകളില്‍ പ്രധാനമായ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെതന്നെയാണ്.

nariman said...

അമേരിക്കയുടെ വാടകക്കൊലയാളിയായി വളരെവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച സദ്ദാം ഹുസ്സൈന്‍ അമേരിക്കയ്ക്കു വേണ്ടി കമ്മ്യൂണിസ്റ്റുകളും ഇറാനികളും കുര്‍ദ്ദുകളുമായ ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ കഥ ഈ നാടകത്തിലുണ്ടോ? അമേരിക്ക കൊടുത്ത ബ്ലൂ ഓറഞ്ച് എന്ന രാസായുധം കൊണ്ടു സദ്ദാം ഹുസ്സൈന്‍ 1988 മാര്‍ച് 17-നു 7 സെക്കന്റു കൊണ്‍‌ട് 50,000 കുര്‍ദ്ദുകളെ (സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം)കൊന്നൊടുക്കിയ കഥ ഈ നാടകത്തിലുണ്‍‌ടോ? സദ്ദാം നടത്തിയ കുവൈറ്റ് അധിനിവേശത്തെക്കുറിച്ച് ഈ നാടകം എന്തു പറയുന്നു?
ലോകം കണ്ട ഏറ്റവും വലിയ കമ്മൂണിസ്റ്റുവിരുദ്ധനായ സദ്ദാം വീണപ്പോള്‍ ഇറാഖ് കമ്മൂണിസ്റ്റ് പാര്‍ടി അവരുടെ മുഖപത്രത്തില്‍ FALL OF A DICTATOR എന്നെഴുതി സദ്ദാമിന്‍‌റ്റെ പതനം ആഘോഷിച്ച കഥ ഈ നാടകത്തിലുണ്‍‌ടോ?
ഇല്ലെങ്കില്‍ ഈ നാടകം അര്‍ദ്ധസത്യം മാത്രമാണ്.

nariman said...

അമേരിക്കയ്ക്ക് എല്ലാവിധ സൈനിക സഹായങ്ങളും ചെയ്തുകൊടുക്കുന്ന സ‌ഉദിഅറേബ്യ,കുവൈറ്റ്, ബഹറിന്‍,ഖത്തര്‍,ഒമാന്‍,പാക്കിസ്ഥാന്‍ തുടങ്ങിയ മുസ്ലിം രാഷ്ടങ്ങള്‍ക്കെതിരെ ഈ ണാടകം എന്തെന്ന്കിലും മിണ്ടുന്നുണ്‍‌ടോ? സ്ദ്ദാം വധത്തെ “നിര്‍ഭാഗ്യകരം” എന്നു മാത്രം വിശേഷിപ്പിച്ച ഇന്ത്യാ‍ഗവണ്മെന്റിനെ കുറ്റപ്പെടുത്തുമ്പോള്‍, ആ വധത്തെ അപലപിക്കാതെ ഇറാക്കിനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക്എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത ഗള്‍ഫ് രാജ്യങ്ങളെ ക്കുറിച്ചു മൌനം പാലിക്കുന്നത് എന്തുകൊണ്ട്? ഇതു കമ്മ്യൂണിസമല്ല. വെറും അവസരവാദം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ നരിമാന്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒരു വിചാരണയാണ് രംഗത്തവതരിപ്പിക്കപ്പെടുന്നത്. ഇവിടെ വിചാരണചെയ്യപ്പെടുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ നായകനായ ബുഷുമാണ്. വിചാരണ ചെയ്യുന്നതോ ബന്ധനസ്ഥനായ സദ്ദാംഹുസൈനും. ഒരു നാടകത്തില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്താനാവില്ലല്ലോ?ആ അര്‍ത്ഥത്തില്‍ ഈ നാടകം അര്‍ദ്ധസത്യം മാത്രമാണ്.

താങ്കള്‍ പറഞ്ഞപോലെ അമേരിക്കയുടെ വാടകക്കൊലയാളിയായി വളരെവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച സദ്ദാം ഹുസ്സൈന്‍ അമേരിക്കയ്ക്കു വേണ്ടി അനേകം അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. എന്തിന്, ഇറാനെതിരെയുള്ള യുദ്ധത്തില്‍ സദ്ദാമിന് മുഴുവന്‍ സഹായവും അമേരിക്ക നല്‍കിയില്ലേ?

എന്നാല്‍ അധിനിവേശസേന ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധിപനെ തൂക്കിലേറ്റിയ വിചാരണപ്രഹസനം ഒരുതരത്തിലുള്ള ന്യായീകരണവും അര്‍ഹിക്കുന്നില്ല. അത് തുറന്നു കാട്ടപ്പെടുക തന്നെ വേണം എന്നു കരുതുന്നു.

അമേരിക്കയെ വിചാരണ ചെയ്യുന്നതിലൂടെ അമേരിക്കയ്ക്ക് എല്ലാവിധ സൈനിക സഹായങ്ങളും ചെയ്തുകൊടുക്കുന്ന സ‌ഉദിഅറേബ്യ,കുവൈറ്റ്, ബഹറിന്‍,ഖത്തര്‍,ഒമാന്‍,പാക്കിസ്ഥാന്‍ എന്നീ പിണിയാള്‍ രാഷ്ട്രങ്ങളും വിചാരണ ചെയ്യപ്പെടുന്നില്ലേ?

അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന മൌലിക ലക്ഷ്യം നാടകം നേടിയിട്ടുണ്ട് എന്നു തന്നെ തോന്നുന്നു. ഒപ്പം അധിനിവേശത്തിനെതിരെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗീയതകളൊന്നുമില്ലാതെ ഉറച്ചുനില്‍ക്കണമെന്ന സന്ദേശവും നാടകം നല്‍കുന്നുണ്ട്. സാമ്രാജ്യാധിനിവേശത്തെ തുറന്നു കാട്ടാനുള്ള ഒരവസരവും പാഴാക്കരുത് എന്ന് തന്നെ കരുതുന്നു.

Suresh said...

സൌദിഅറേബ്യ,കുവെയിറ്റ്, ബഹറിന്‍,ഖത്തര്‍,ഒമാന്‍,പാക്കിസ്ഥാന്‍ തുടങ്ങി എത്രയോ മുസ്ലീം രാജ്യങ്ങള്‍ അമേരിക്കയുമായി നല്ല ബന്ധത്തിലാണ് . ചൈന അമേരിക്കയുമായുള്ള ബന്ധത്തിലാണ് ഇപ്പോള്‍ സാമ്പത്തിക പുരോഗതി കൈവരിക്കുന്നത് . ചൈനക്കാര്‍ക്ക് അമേരിക്കന്‍ വിരോധം ഇല്ല . റഷ്യയും അമേരിക്കയുമായി നല്ല ബന്ധത്തിലാണ് . റഷ്യക്കാര്‍ക്കും അമേരിക്ക ഒരു സാമ്രാജ്യത്വരാജ്യമല്ല,അവിടെയാര്‍ക്കും അമേരിക്കന്‍ വിരോധമില്ല . പിന്നെ ആര്‍ക്കൊക്കെയാണ് അമേരിക്കന്‍ വിരോധം ? പ്രധാനമായും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് , അത് ശീതസമരം അവസാനിച്ചു എന്ന് മനസ്സിലാകാഞ്ഞിട്ടാണ് . ഇവിടത്തെ കമ്മ്യൂണ്ണിസ്റ്റുകള്‍ക്ക് ബുദ്ധി ഉദിക്കാന്‍ എപ്പോഴും 25 വര്‍ഷം കഴിയണം. പിന്നെ താലിബാനുകാര്‍ക്കും കുറച്ച് മുസ്ലീം സംഘടനകള്‍ക്കും മാത്രമാണ് അമേരിക്കന്‍ വിരോധം . ഇവരുടെയൊന്നും ചെലവിലല്ലല്ലോ അമേരിക്ക നിന്ന് പൊറുക്കുന്നത് .

Suresh said...

നരിമാന്‍ പറഞ്ഞതാണ് സത്യം . സദ്ധാം വധിക്കപ്പെട്ടപ്പോള്‍ ഇറാക്ക് തെരുവീഥികളില്‍ ജനങ്ങള്‍ അഘോഷിച്ചത് ടിവിയില്‍ കണ്ടതാണ് . ഇതെല്ലാം ഇവിടത്തെ കമ്മ്യൂണിസ്റ്റുകളുടെ പത്ത് മുസ്ലീം വോട്ട് ലഭിക്കാ‍ന്‍ വേണ്ടിയുള്ള പ്രഹസനം മത്രം . ഈ നാടകം കൊണ്ട് അമേരിക്കക്ക് ഒരു പോറലും ഏല്‍ക്കില്ല .