വിദര്‍ഭ, അനന്തപുര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ദുരിതബാധിത മേഖലകളിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളല്‍ എന്ന ആശയം രൂപം കൊണ്ടത്. ഗ്രാമങ്ങളിലെ പ്രശ്നങ്ങളോട് നിസ്സംഗത പുലര്‍ത്തുന്ന മാധ്യമങ്ങളില്‍ നിന്നും പലപ്പോഴായി അരിച്ചരിച്ച് പുറത്ത് വന്നിരുന്ന, നാട്ടിന്‍പുറങ്ങങ്ങളിലെ പട്ടിണിപ്പാവങ്ങക്ക് അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച അവബോധവും ഇത്തരമൊരു എഴുതിത്തള്ളല്‍ നടപടിയെ പരിഗണിക്കാവുന്നതും സാധൂകരിക്കാവുന്നതുമാക്കിയിട്ടുണ്ട്. എങ്കിലും, ഏത് പ്രദേശങ്ങളിലെ ദുരിതമാണോ ഇത്തരമൊരു നടപടിക്ക് കാരണമായത് അതേ പ്രദേശങ്ങളെ ഒഴിവാക്കുകയാണ് ഇപ്പോഴത്തെ രൂപത്തില്‍ ഈ എഴുതിത്തള്ളല്‍ നടപടി എന്നത് വളരെ വിചിത്രമെന്നല്ലാതെ എന്തു പറയാന്‍?
ഒരു നല്ല ചുവട് വെപ്പായ (ചിലര്‍ വിശ്വസിക്കുന്നതു പോലെ ഇതിനുമുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തത് എന്നു പറയാനാവില്ലെങ്കിലും) ഈ പദ്ധതിയിലൂടെ തീര്‍ച്ചയായും ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും. കൊളോണിയല്‍ ഭരണം പോലും ഒന്നില്‍ക്കൂടുതല്‍ തവണ വായ്പ ഒഴിവാക്കല്‍ അഥവാ “കര്‍ജ് മാഫി” നടപടിക്ക് മുതിര്‍ന്നിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരില്‍ നിന്നുമുള്ള വായ്പകളെയായിരുന്നു അന്ന് എഴുതിത്തള്ളിയത് (അക്കാലത്ത് ദേശസാല്‍കൃതബാങ്കുകള്‍ ഉണ്ടായിരുന്നില്ല). കാര്‍ഷിക വായ്പകളിലെ ബഹുഭൂരിഭാഗവും അന്യായപ്പലിശക്ക് സ്വകാര്യ പണമിടപാടുകാരില്‍ നിന്നും എടുത്തവയാണെന്നിരിക്കെ, ഈ വായ്പാ ഒഴിവ് പദ്ധതി അതിന്റെ ഇന്നത്തെ രൂപത്തില്‍ ഈയൊരു പ്രശ്നമാണ് അഭിസംബോധന ചെയ്യാതെ പോകുന്നത്. വിദര്‍ഭയില്‍, സ്വകാര്യ പണമിടപാടുകാരില്‍ നിന്നുമുള്ള വായ്പ മൊത്തം വായ്പയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും നാലില്‍ മൂന്ന് ഭാഗത്തിനും ഇടയില്‍ വരും. ചുരുക്കത്തില്‍ , ഇവരുടേയും അതുപോലുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടേയും വായ്പാ പ്രതിസന്ധി പരിഹരിക്കുവാനുള്ള ശ്രമം നാം ഇനിയും ആരംഭിച്ചിട്ടില്ല.
ഉല്‍പാദനക്ഷമമല്ലാത്ത ഭൂമി
പണമിടപാടുകാരില്‍ നിന്നും എടുത്തിട്ടുള്ള വായ്പയുടെ കടഭാരം ഒഴിവാക്കുന്നതില്‍ പരാജയപ്പെടുന്നു എന്നത് ആദ്യത്തെ പോരായ്മ മാത്രമാണ്. വിദര്‍ഭയില്‍ കൈവശഭൂമിയുടെ ശരാശരി വിസ്തീര്‍ണ്ണം 7.5 ഏക്കര്‍ അഥവാ 3.3 ഹെക്ടര്‍ ആണ്. ബാങ്ക് വായ്പാ ഒഴിവിനായി നിശ്ചയിച്ചിട്ടുള്ള 2 ഹെക്ടര്‍ പരിധിയില്‍ കൂടുതലാണിത് എന്ന് പറയേണ്ടതില്ലല്ലോ ?വിദര്‍ഭയിലെ 50% കര്‍ഷകരും ഈ പരിധിക്ക് മുകളില്‍ വരുന്നവരാണ്. വന്‍കിട ഭൂവുടമകളാണ് അവര്‍ എന്നതുകൊണ്ടല്ല ഇത്. ജലസേചന സൗകര്യമില്ലാത്തതും ഉല്‍പാദനക്ഷമമല്ലാത്തതുമാണ് ഭൂമി എന്നത് കൊണ്ട് കൂടുതല്‍ ഭൂമി കൈവശം വെക്കുന്നവരാണിവര്‍. യാവത്‌മാലിലെ ആദിവാസികളില്‍ പലര്‍ക്കും പത്ത് ഹെക്ടറിലേറെ ഭൂമി കൈവശമുണ്ടെങ്കിലും അതില്‍ നിന്നവര്‍ക്ക് ലഭിക്കുന്നത് വളരെ കുറച്ച് ആദായം മാത്രമാണ്. ഭൂമിയുടെ വലിപ്പം തുടങ്ങിയ പരിധികള്‍ കണക്കിലെടുക്കുമ്പോള്‍ ആന്ധ്രപ്രദേശിലെ അനന്തപൂരിലും നിരവധി കര്‍ഷകര്‍ ഒഴിവാക്കപ്പെടും. നേരെമറിച്ച് , കേന്ദ്ര കൃഷിമന്ത്രിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് വലിയ തോതില്‍ ഇതിന്റെ ഗുണം ലഭിക്കും. അവരുടെ ഭൂമി ചെറുതും നല്ല ജലസേചനസൗകര്യമുള്ളതും ഉല്‍പ്പദനക്ഷമതയേറിയതുമാണ്.
രണ്ട് ഹെക്ടറിലേറെ ഭൂമിയുള്ളവര്‍ക്കായി 'ഒറ്റത്തവണ തീര്‍പ്പാക്കല്‍' എന്ന പഴയ പരിഹാരം ഉണ്ട്. അവര്‍ വായ്പയുടെ 75% തിരിച്ചടക്കുകയാണെങ്കില്‍ 25% ഇളവ് ലഭിക്കും. വലിയ കര്‍ഷകര്‍ക്കേ ഇതിന്റെ ഗുണം ലഭിക്കൂ. കടത്തില്‍ മുങ്ങിത്താഴുന്ന മറ്റുള്ളവര്‍ക്ക് 75% തുക തിരിച്ചടക്കാനുള്ള ശേഷി ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ആത്മഹത്യക്ക് മുതിരില്ലായിരുന്നു. മുഴുവന്‍ തുകയും അവര്‍ തിരിച്ചടക്കുമായിരുന്നു.
മറ്റൊരു പോരായ്മ, രണ്ട് ഹെക്ടര്‍ പരിധിക്കുള്ളില്‍ വരുന്ന കര്‍ഷകരില്‍ തന്നെ ഒരു ചെറിയ വിഭാഗത്തിനു മാത്രമെ ബാങ്ക് വായ്പക്കുള്ള സൗകര്യമുള്ളൂ എന്നതാണ് . അതുകൊണ്ട് തന്നെ, ദുരന്തബാധിതമായ ഈ മേഖലയിലെ മൊത്തം കര്‍ഷകരില്‍ ഒരു ചെറിയ ശതമാനത്തിനു മാത്രമേ ഇതിന്റെ മെച്ചം ലഭിക്കൂ. എന്നു മാത്രമല്ല, നേട്ടമുണ്ടാകുന്ന ഈ കുറച്ച് പേര്‍ക്കും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കര്‍ഷകരെ അപേക്ഷിച്ച് വളരെ കുറച്ച് ഗുണം മാത്രമേ ലഭ്യമാവൂ. കരിമ്പ് കൃഷിചെയ്യുന്ന ഭൂപ്രദേശങ്ങളിലെ വിളകള്‍ക്കുള്ള വായ്പ ഏക്കറിന് ശരാശരി 13000 രൂപയാണ്. അതിനു പുറമെ അവിടങ്ങളിലെ കര്‍ഷകര്‍ക്ക് ഡ്രിപ്പ് ഇറിഗേഷനുവേണ്ടി ഏക്കറിന് 18000 രൂപ വരെയും ലഭിക്കുന്നു. വിദര്‍ഭയിലെ പരുത്തികൃഷിമേഖലയില്‍ ഏക്കറിന് വെറും 4400 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എഴുതിത്തള്ളുന്ന തുക ധനിക കര്‍ഷകരെ സംബന്ധിച്ച് വളരെ വലിയതായിരിക്കും. രാഷ്ട്രീയമായി ഇത് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിനു ഗുണകരമായിരിക്കും. അതേ സമയം ഇത് കോണ്‍ഗ്രസ്സിന്റെ വിദര്‍ഭയിലെ കാര്‍ഷിക മേഖലയിലെ അടിത്തറയെ പിളര്‍ക്കും. മറ്റൊരു വസ്തുത (വിദര്‍ഭക്ക് പുറത്തുള്ള) മുന്തിരി കര്‍ഷകര്‍ക്കുള്ള ശരാശരി വായ്പാ തുക ഏക്കറിന് 80000 രൂപയാണ് എന്നതാണ്.
2007 മാര്‍ച്ച് 31 എന്ന അവസാനതീയതി അന്യഥാ ഗുണം ലഭിക്കുന്ന ചെറിയ വിഭാഗം വിദര്‍ഭ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. പരുത്തിക്കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കാര്‍ഷിക വായ്പ എടുക്കുന്നത് ഏപ്രിലിനും ജൂണിനും മദ്ധ്യെ ആണ്. കരിമ്പ് മേഖലയിലാകട്ടെ അത് ജനുവരിക്കും മാര്‍ച്ചിനും ഇടക്കാണ്. ഇതിനര്‍ത്ഥം വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കളും ഒരു വര്‍ഷം കുറവ് മാത്രമേ വായ്പാ ഒഴിവ് ലഭിക്കുകയുള്ളൂ എന്നാണ്.
വരണ്ട ഭൂമിയില്‍ കൃഷിചെയ്യുന്നവരെയും മറ്റുള്ളവരെയും പ്രത്യേകിച്ച് വേര്‍തിരിക്കുന്നില്ല എന്നതു കൊണ്ട് തന്നെ ഈ പദ്ധതിയില്‍ പൊരുത്തക്കേടുകള്‍ ധാരാളം കാണാന്‍ കഴിയും. പശ്ചിമ ബംഗാളിലും കേരളത്തിലെ ദുരിതബാധിതമല്ലാത്ത പ്രദേശങ്ങളിലും രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള ധാരാളം കര്‍ഷകര്‍ ഉണ്ട്. കൃഷി പരിതാപകരമായ അവസ്ഥയിലാണ് എന്നതുകൊണ്ട് തന്നെ ഈ എഴുതിത്തള്ളല്‍ അവര്‍ക്ക് മഹാഭാഗ്യം കൊണ്ടു വരുന്നു എന്ന് അസൂയപ്പെടല്ലേ.എങ്കിലു സഹായം ഏറ്റവും ആവശ്യമുള്ള വരണ്ട പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഈ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വൈരുദ്ധ്യം തന്നെയാണ്. മാത്രവുമല്ല, കേരളത്തിലെയും ബംഗാളിലെയും കര്‍ഷകര്‍ക്ക് വിദര്‍ഭയിലെ കര്‍ഷകരെ അപേക്ഷിച്ച് ബാങ്ക് വായ്പ ലഭിക്കുവാന്‍ കൂടുതല്‍ സൗകര്യങ്ങളുമുണ്ട്.
മഹാരാഷ്ട്രക്ക് 9310 കോടി രൂപയുടെ കടാശ്വാസം ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കണക്ക് കൂട്ടുന്നു. അതായത് മൊത്തം കടാശ്വാസത്തിന്റെ ആറില്‍ ഒന്ന്. ഇതില്‍ ഒരു ചെറിയ അംശം മാത്രമാണ് വിദര്‍ഭക്ക് ലഭിക്കുന്നത്, ബാക്കി മുഴുവന്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലുള്ള കര്‍ഷകര്‍ കൈക്കലാക്കുകയാണ്. രാജ്യത്തെ മറ്റു വരണ്ട പ്രദേശങ്ങളിലെ കര്‍ഷകരുടെ സ്ഥിതി എന്താണ്? രായലസീമയിലെയൊ ബുന്ദെല്‍ഖണ്ടിലേയോ കര്‍ഷകരുടെ സ്ഥിതി എന്താണ്? അവര്‍ക്കെന്താണ് ലഭിക്കുക?
ഈ എഴുതിത്തള്ളല്‍ 'മുന്‍പ് ഉണ്ടായിട്ടില്ലാത്തത് 'ആണോ? ഓരോ വര്‍ഷവും ദേശസാല്‍കൃതബാങ്കുകള്‍ കോടിക്കണക്കിനു രൂപ കിട്ടാക്കടമായി എഴുതിത്തള്ളുന്നു. ഒരു ചെറിയ വിഭാഗം ധനികരായ ബിസിനസ്സ്‌കാരുടെ വായ്പയാണിതില്‍ ഭൂരിഭാഗവും. ഇതാകട്ടെ 'ഒറ്റത്തവണ എഴുതിത്തള്ള'ലുമല്ല. ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്ന എഴുതിത്തള്ളല്‍ ആണിത്.
2000-2004 കാലയളവില്‍ 44,000 കോടിരൂപക്ക് മുകളില്‍ വരുന്ന തുക എഴുതിത്തള്ളിയിരുന്നു. ഇതിന്റെ പ്രയോജനം മുഖ്യമായി ലഭിച്ചത് ഒരു ചെറിയ വിഭാഗം ധനികര്‍ക്കാണ്. ഒരു 'ഗുണഭോക്താവ്' ഒരു കേതന്‍ പരീഖ് ഗ്രൂപ്പ് കമ്പനിയാണ്, 60 കോടി രൂപയാണ് എഴുതിത്തള്ളിയത്.(ഇന്ത്യന്‍ എക്സ്പ്രസ്സ്, 2005 മേയ് 12). എന്നിരുന്നാലും അത്തരം എഴുതിത്തള്ളലുകളൊക്കെ നിശബ്ദമായാണ് നടക്കുന്നത്. എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2004ല്‍ ഇത്തരം എഴുതിത്തള്ളലുകള്‍ 16 ശതമാനത്തോളമെത്തിയിരുന്നു. 2004നുശേഷവും ഇത്തരം എഴുതിത്തള്ളലുകള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല.
അവിശ്വസനീയമായ സൗജന്യങ്ങള്‍
ഇതെല്ലാം തന്നെ, വര്‍ഷാവര്‍ഷം ധനികര്‍ക്കായി, മിക്കവാറും കോര്‍പ്പറേറ്റ് ഇന്ത്യക്കായി, നടത്തുന്ന 40000 കോടി രൂപയുടെ 'ദാന'ത്തിനു പുറമെയാണ്. കഴിഞ്ഞ ഒരു ദശകമായി മുടക്കമില്ലാതെ എല്ലാ വര്‍ഷവും ഈയിനത്തില്‍ ബജറ്റില്‍ വക കൊള്ളിച്ച് വരുന്ന തുകയുടെ ശരാശരിയാണിത്. ഇത് കൂടാതെ നേരിട്ടുള്ള സഹായ ഹസ്തവുമുണ്ട്. ഇത്തരത്തില്‍ 'സഹായഹസ്തം' നീട്ടുന്ന പ്രക്രിയയിലൂടെ എത്ര ആയിരം കോടി രൂപയാണ് നഷ്ടപ്പെടുന്നതെന്ന് ആര്‍ക്കും ഒരറിവുമില്ല. പക്ഷെ ഒന്നറിയാം - അത് അവിശ്വസനീയമായ ഒരു തുകയായിരിക്കും. നികുതി-അവധികളും, നികുതി ഒഴിവാക്കലും അതുപോലുള്ളവയുമൊക്കെ കൂട്ടിയാല്‍ക്കിട്ടുന്ന തുകയിലൂടെ ഒന്നു കണ്ണോടിക്കുകയാണെങ്കില്‍ 'മുന്‍പുണ്ടായിട്ടില്ലാത്ത' ഒറ്റത്തവണ കാര്‍ഷിക വായ്പ ഒഴിവാക്കല്‍ എന്നത് വെറും ചില്ലറപ്പൈസയുടെ ഇടപാട് മാത്രമായി അനുഭവപ്പെടും.
എങ്കിലും, വെറുതെ ഒരു ഉദാഹരണത്തിന്, നമുക്ക് ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ(അവരാണ് ഏറ്റവും വലിയ വിഭാഗം) കാര്യം പരിശോധിക്കാം . അവരില്‍ ഏതാണ്ട് 72 ലക്ഷം പേര്‍ക്ക് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടുകളിലായി അടച്ചുതീര്‍ക്കാനുള്ള തുക 20,499 കോടി രൂപയാണ്.(2006-2007ലെ ഇന്ത്യന്‍ സാമ്പത്തികരംഗത്തെപ്പറ്റിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്സ് കൈപ്പുസ്തകത്തില്‍ നിന്ന്). ആള്‍ ഇന്ത്യ ബാങ്ക് എംപ്പ്ലോയീസ് അസോസിയേഷനിലെ ദേവിദാസ് തുള്‍ജാപുകര്‍ സൂചിപ്പിക്കുന്നതു പോലെ ആ തുക ഓരോ വര്‍ഷവും ദേശസാല്‍കൃത ബാങ്കുകള്‍ വ്യവസായങ്ങള്‍ക്കായി എഴുതിത്തള്ളുന്ന തുകക്ക് ഏതാണ്ട് തുല്യമാണ്. ഒരു ഹെക്ടറിനും രണ്ട് ഹെക്ടറിനും ഇടക്ക് ഭൂമിയുള്ള കര്‍ഷകരുടെ കണക്കില്‍ മൊത്തം 59 ലക്ഷം അക്കൗണ്ടുകളിലായി 20,758 കോടി രൂപയുടെ ബാധ്യതയുണ്ട്. അതായത് ഈ 1 കോടി 30 ലക്ഷം പേര്‍ ചേര്‍ന്ന് തിരിച്ചടക്കാനുള്ള തുക, ഒരു പിടി ധനികര്‍ക്കായി എന്‍.ഡി.എ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മാത്രം എഴുതിത്തള്ളിയ 44,000 കോടി രൂപയേക്കാള്‍ കുറവാണ്.
ഈ എഴുതിത്തള്ളല്‍ ഒട്ടനവധി കര്‍ഷകര്‍ക്ക് വലിയ ആശ്വാസം എത്തിക്കുന്നുണ്ട്. പക്ഷെ ഇത് ഇപ്പോഴുള്ള അടിയന്തിരപ്രശ്നങ്ങള്‍ക്ക് പോലും ഒരു പരിഹാരമല്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാര്‍ഷികപ്രതിസന്ധിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ബജറ്റിലെ ഒരു നിര്‍ദ്ദേശവും കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതല്ല. ഇതിനര്‍ത്ഥം രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ കര്‍ഷകര്‍ വീണ്ടും കടക്കാരാവും എന്നാണ്. അവരുടെ ശരാശരി വരുമാനം മറ്റു മേഖലകളിലെ ആളുകളുടേതിനെ അപേക്ഷിച്ച് വളരെക്കാലമായി കുറവാണ്. അത് വര്‍ഷാവര്‍ഷം പുറകോട്ട് പോയിക്കൊണ്ടിരിക്കുകയുമാണ്. കുറഞ്ഞ പലിശക്കു പുതിയ വായ്പകള്‍ ലഭ്യമാവുകയില്ല എന്നതാണ് സംഗതി കൂടുതല്‍ മോശമാക്കുക. പലിശ ഇല്ലാത്തതോ കുറഞ്ഞ പലിശയുള്ളതോ ആയ വായ്പകള്‍ക്കുള്ള അഭ്യര്‍ത്ഥനകളൊക്കെ അവഗണിക്കപ്പെട്ടിരിക്കുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആഗോള വിലകളില്‍ നടത്തുന്ന കൃത്രിമങ്ങള്‍ മൂലം വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനായി വില സ്ഥിരീകരണ നിധി രൂപീകരിക്കണം എന്ന ആവശ്യത്തെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമേയില്ല. കൂടാതെ, വായ്പകള്‍ തിരിച്ചടക്കാന്‍ അഞ്ച് വര്‍ഷത്തെ കാലാവധി നല്‍കണമെന്ന ആവശ്യവും ബജറ്റ് പരിഗണിക്കുന്നില്ല. അനന്തപുര്‍ പോലെയുള്ള പ്രദേശങ്ങളെ വളരെ അധികം ദ്രോഹിക്കുന്ന തികച്ചും അന്യായമായ വിള ഇന്‍ഷുറന്‍സ് നിയമങ്ങളും മാറ്റമില്ലാതെ തുടരുന്നു.
എന്നിരുന്നാലും, ബജറ്റ് സെഷന്‍ അവസാനിക്കാന്‍ ധാരാളം സമയമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ദുരിതം ബാധിച്ച മേഖലയിലുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനു ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഈ നിര്‍ദ്ദേശങ്ങളൊക്കെ അവസാന രേഖയില്‍ ഉള്‍ക്കൊള്ളിക്കുവാനും വരണ്ട പ്രദേശങ്ങള്‍ക്കായി വ്യവസ്ഥകളില്‍ ചില നീക്കുപോക്കുകള്‍ വരുത്താനും കഴിയും.
ഈ ബജറ്റിനെത്തുടര്‍ന്നുണ്ടായ രസകരമായ ഒരു കാര്യം മാധ്യമങ്ങള്‍ കര്‍ഷകരെപ്പറ്റി സംസാരിക്കുന്നു എന്നതാണ്. 'കര്‍ഷകക്കായുള്ളത്' എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളൊക്കെ വരേണ്യവര്‍ഗത്തില്‍ നിന്നാണ് വരുന്നത്. സി.ഇ.ഒ മാരും, ഓഹരി ബ്രോക്കര്‍മാരും, വാണിജ്യ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും, കോര്‍പ്പറേറ്റ് ലോബീയിസ്റ്റുകളും, ത്രീ പീസ് സൂട്ട് ധരിച്ച ദല്ലാളന്മാരുമൊക്കെ അടങ്ങിയ വര്‍ഗത്തില്‍ നിന്ന്. ബജറ്റിനു തലേദിവസം ഒരു ടി.വി.അവതാരകന്‍ ഏതാണ്ടിങ്ങനെ ഒരു ചോദ്യം തന്റെ പാനലിനു മുന്നില്‍ അവതരിപ്പിച്ചു." വരാന്‍ പോകുന്നത് സാമ്പത്തിയകശേഷി കുറഞ്ഞവര്‍ക്കായുള്ള ദരിദ്രനാരായണ ബജറ്റ് ആയിരിക്കുമോ അതോ മന്ത്രി ചിദംബരം ഈ അവസരം ഉപയോഗിച്ച് പരിഷ്കാര സംബന്ധിയായി (രാജ്യത്തിന്) ഗുണകരമായതെന്തെങ്കിലും ചെയ്യുമോ?
ബജറ്റ് പുറത്ത് വന്നപ്പോള്‍ ഒരു അവതാരകന്‍ ഇങ്ങനെ പറഞ്ഞു "ബജറ്റിനെക്കുറിച്ച് മോശം വാര്‍ത്തയാണുള്ളത്. കോര്‍പ്പറേറ്റ് നികുതി ഇളവിനായുള്ള ഇന്ത്യ ഇന്‍കോര്‍പ്പറേറ്റിന്റെ അഭ്യര്‍ത്ഥന ചെവികൊള്ളപ്പെട്ടിട്ടില്ല". നല്ല സുന്ദരന്‍ വാദം അല്ലേ? ബജറ്റ് ദരിദ്രര്‍ക്കായുള്ളതാണെങ്കില്‍ രാജ്യത്തിനു ഗുണകരമകാന്‍ ഇടയില്ല. കോര്‍പ്പറേറ്റ് മേഖലക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അത് മോശം ബജറ്റ് ആയിരിക്കും. സ്വാഭാവികമായും പാനലിലെ പ്രമാണിമാര്‍ (കര്‍ഷകര്‍ക്കായുള്ള) ഈ 'ഭീമന്‍ സൗജന്യത്തെ' അപലപിച്ചു.
ഈ എഴുതിത്തള്ളല്‍ തുകയുടെ വലിപ്പത്തില്‍ ശ്വാസം മുട്ടുമ്പോള്‍ത്തന്നെ എന്തുകൊണ്ട് ഈ എഴുതിത്തള്ളല്‍ ഇപ്പോള്‍ ഉണ്ടായി എന്നു ചോദിക്കുന്നത് നല്ലതായിരിക്കും. എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കപ്പെട്ട 2005 ല്‍ തന്നെ ഇത് ഉണ്ടായില്ല? അല്ലെങ്കില്‍ പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ വ്യാപകമായ ദുരിതം കണ്ട് മനസ്സിളകുകയും ചെയ്ത 2006ല്‍ ഉണ്ടായില്ല. ശ്രീ.പവാര്‍ തന്റെ എതിരാളികളെ കടത്തിവെട്ടിയിരിക്കുകയാണ്. അന്നീ നടപടി എടുത്തിരുന്നുവെങ്കില്‍ അതിന്റെ മുഴുവന്‍ ഗുണവും കോണ്‍ഗ്രസ്സിനു ലഭിക്കുമായിരുന്നു. ഇന്നത്തേക്കാള്‍ കുറഞ്ഞ തുകമാത്രം ചിലവാകുമായിരുന്ന അന്ന് അതിനെ എതിര്‍ത്തത് ആര് എന്നത് ഊഹിക്കുന്നതിന് സമ്മാനമൊന്നുമില്ല.
മൂന്നു വര്‍ഷക്കാലം,വിദര്‍ഭയില്‍ കഷ്ടപ്പാടും ആത്മഹത്യകളും വര്‍ദ്ധിച്ചുകൊണ്ടിരുന്ന സമയത്തൊന്നും തന്നെ ഇത്തരമൊരു കടാശ്വാസം സാദ്ധ്യമാണ് എന്നത് സമ്മതിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍, അന്ന് അതിനെ എതിര്‍ത്തിരുന്നവര്‍ തന്നെയാണ് ഇന്ന് മുഴുപ്പേജ് പരസ്യങ്ങളുമായി ഈ നടപടിയുടെ എല്ലാ ക്രെഡിറ്റും എടുക്കുന്നത്. വിദര്‍ഭയിലുള്ളവര്‍ പരാതിപ്പെടുന്നതുപോലെ ഇത് കര്‍ജ് മാഫി അല്ല മറിച്ച് തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ വോട്ടര്‍ മാഫി ആണ്.അതേ, വോട്ടര്‍മാരോടവര്‍ മാപ്പു ചോദിക്കുകയാണ്.
(ശ്രീ.പി.സായ്‌നാഥ് എഴുതിയ Oh! What a lovely waiver എന്ന ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: ഹിന്ദു ദിനപ്പത്രം)
പരിഭാഷ നിര്‍വഹിച്ചത് വൈദേഹി
4 comments:
ഈ വര്‍ഷത്തെ ബജറ്റിനെത്തുടര്‍ന്നുണ്ടായ രസകരമായ ഒരു കാര്യം മാധ്യമങ്ങള്‍ കര്‍ഷകരെപ്പറ്റി സംസാരിക്കുന്നു എന്നതാണ്. 'കര്‍ഷകക്കായുള്ളത്' എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളൊക്കെ വരേണ്യവര്‍ഗത്തില്‍ നിന്നാണ് വരുന്നത്. സി.ഇ.ഒ മാരും, ഓഹരി ബ്രോക്കര്‍മാരും, വാണിജ്യ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും, കോര്‍പ്പറേറ്റ് ലോബീയിസ്റ്റുകളും, ത്രീ പീസ് സൂട്ട് ധരിച്ച ദല്ലാളന്മാരുമൊക്കെ അടങ്ങിയ വര്‍ഗത്തില്‍ നിന്ന്.
ബജറ്റിനു തലേദിവസം ഒരു ടി.വി.അവതാരകന്‍ ഏതാണ്ടിങ്ങനെ ഒരു ചോദ്യം തന്റെ പാനലിനു മുന്നില്‍ അവതരിപ്പിച്ചു." വരാന്‍ പോകുന്നത് സാമ്പത്തിയകശേഷി കുറഞ്ഞവര്‍ക്കായുള്ള ദരിദ്രനാരായണ ബജറ്റ് ആയിരിക്കുമോ അതോ മന്ത്രി ചിദംബരം ഈ അവസരം ഉപയോഗിച്ച് പരിഷ്കാര സംബന്ധിയായി (രാജ്യത്തിന്) ഗുണകരമായതെന്തെങ്കിലും ചെയ്യുമോ?
ബജറ്റ് പുറത്ത് വന്നപ്പോള്‍ ഒരു അവതാരകന്‍ ഇങ്ങനെ പറഞ്ഞു "ബജറ്റിനെക്കുറിച്ച് മോശം വാര്‍ത്തയാണുള്ളത്. കോര്‍പ്പറേറ്റ് നികുതി ഇളവിനായുള്ള ഇന്ത്യ ഇന്‍കോര്‍പ്പറേറ്റിന്റെ അഭ്യര്‍ത്ഥന ചെവികൊള്ളപ്പെട്ടിട്ടില്ല". നല്ല സുന്ദരന്‍ വാദം അല്ലേ? ബജറ്റ് ദരിദ്രര്‍ക്കായുള്ളതാണെങ്കില്‍ രാജ്യത്തിനു ഗുണകരമകാന്‍ ഇടയില്ല. കോര്‍പ്പറേറ്റ് മേഖലക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അത് മോശം ബജറ്റ് ആയിരിക്കും. സ്വാഭാവികമായും പാനലിലെ പ്രമാണിമാര്‍ (കര്‍ഷകര്‍ക്കായുള്ള) ഈ 'ഭീമന്‍ സൗജന്യത്തെ' അപലപിച്ചു
ശ്രീ.പി.സായ്‌നാഥ് എഴുതിയ Oh! What a lovely waiver എന്ന ലേഖനത്തിന്റെ പരിഭാഷ പോസ്റ്റ് ചെയ്യുന്നു.
Mr. Manmohan Singh and Mr. Chithambaram are trying to make the country a tail of American imperialism. So, then who cares for farmers and their plight.......!
വ്യത്യസ്തത പുലര്‍ത്തുന്ന ഗൌരവമുള്ള പോസ്റ്റുകള്‍. അമ്മാവന്റേയും മരുമകന്റേയും കത്തുകളും നന്നായിട്ടുണ്ട്.
ബൈജു , നിഷേധി
വായനക്ക് നന്ദി
Post a Comment