ഇക്കഴിഞ്ഞ ജനുവരിയില്‍ ജോര്‍ജ്ജ് ബുഷ് ഇറാഖികളും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനും അവിടെ അമേരിക്ക സൃഷ്ടിച്ച സ്വാതന്ത്ര്യത്തിനും ഉദാഹരണമായി ഇറാഖി ഭാഷയില്‍ സാഹ്വ എന്നറിയപ്പെടുന്ന Awakening Groups നെക്കുറിച്ച് വാചാലനാവുകയുണ്ടായി. ഏതാണ്ട് 80000 പേര് ഇതിലുണ്ടെന്നാണ് കണക്ക്. ഓരോരുത്തര്‍ക്കും മാസം 300 ഡോളര്‍ ആണ് വേതനം. നിബന്ധന ഒന്നു മാത്രം.. അധിനിവേശ സേനയെ ആക്രമിക്കരുത്. മിലിറ്ററി ഈ ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത് Concerned Local Citizens എന്നാണ്. അമേരിക്കന്‍ തമാശകളില്‍ ഒന്നു കൂടി. ഒരു ദിവസം രാവിലെ എഴുന്നേറ്റ് Concerned ആയി മാറുന്ന കുറേപ്പേരെ നിര്‍മ്മിക്കുന്ന സോദ്ദേശസാഹിത്യത്തെ അങ്ങിനെ അല്ലാതെങ്ങിനെ വിശേഷിപ്പിക്കും?
ദാര്‍ ജമൈല്‍ എന്ന പ്രസിദ്ധ പത്രപ്രവര്ത്തകന് പറയുന്നത് സാഹ്വയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും അമേരിക്കക്കെതിരെ പോരാടുന്ന ഇറാഖിലെ പ്രതിരോധ സേനക്കാര്‍ തന്നെയാണെന്നാണ്. അവര്‍ സൈന്യത്തില്‍ നിന്നും പണവും, ആയുധങ്ങളും വെടിമരുന്നുമൊക്കെ കൈക്കലാക്കി സ്വന്തം ശേഖരത്തില്‍ ചേര്‍ക്കുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യത്തിനെതിരെ പിന്നീടൊരുനാള്‍ തിരിച്ചടിക്കാനായി തങ്ങളുടെ സേനയെ ബലപ്പെടുത്താന്‍ ഈ സമയവും ഉപയോഗിക്കുന്നു. ഷിയാകള്ക്കെതിരെയും ആക്രമണം സ്വാഹയുടെ ലക്ഷ്യത്തിലുണ്ടെന്ന് ജമൈല്‍ പറയുന്നു...
പിന്നെ ഈ സാഹ്വക്കാരില് അല്‍ ക്വയ്ദക്കാരാര് ഉണ്ടെന്നതും ഇറാഖിലെ പരസ്യമായ രഹസ്യമാണ്. സാഹ്വ ഉണ്ടാക്കുമ്പോള്‍ അമേരിക്ക പറഞ്ഞിരുന്നത് അല്‍ ക്വയ്ദയെ ഓടിക്കാനാണിത് എന്നാണ് !
കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ എന്നു പറയാം, നാടന്‍ ഭാഷയില്‍. എന്നാലും ഇറാഖിലെ എണ്ണ ഊറ്റിയെടുത്തുണ്ടാക്കുന്ന കാശ് തന്നെയല്ലേ ഇത് എന്നാലോചിച്ചാല്‍ ആരുടെ കാശ്, ഏത് പട്ടി, ആരെക്കടിക്കും എന്നൊക്കെയുള്ളത് ചിന്തനീയം.
വേറൊരു രീതിയില്‍ ആലോചിച്ചാല്‍ അമേരിക്കയുടെ വിഭജിച്ച് ഭരിക്കുക എന്ന സീധാ-സാദാ കൊളോണിയല്‍ തന്ത്രം ഇതിലും ഉണ്ടെന്ന് നിസ്സംശയം പറയാം. ഇറാഖിന്റെ ഐക്യത്തിന്റെ പേരിലാണ് മറ്റു പലതുമെന്നപോലെ സാഹ്വയുടെ രൂപീകരണവും ഉണ്ടായതെങ്കിലും അതിലൂടെയും വിഭജനം തന്നെയാണ് നടക്കുന്നത്. രാഷ്ട്രീയമായി ഷിയാകളേയും സാമ്പത്തികമായി സുന്നികളെയും പിന്തുണക്കുക എന്ന തന്ത്രം അമേരിക്ക പയറ്റിക്കൊണ്ടിരിക്കുകയാണ്. പിന്നെ അവിടത്തെ ഗോത്രവര്‍ഗ്ഗ നേതാക്കളെ തരം പോലെയും. സ്വാഹയിലും അവരുണ്ട്. ഇറാഖിലെ പാവ സര്‍ക്കാര്‍ എന്തായാലും ഇവരെ സര്‍ക്കാരിന്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്നു പറഞ്ഞിട്ടുണ്ട്.
അധിനിവേശത്തിനു ശേഷം ഇറാഖില്‍ വംശീയമായ സംഘര്‍ഷവും ഇല്ലാതാക്കലും വളരെ രൂക്ഷമാണ് . ബാഗ്ദാദില്‍ ഇപ്പോള്‍ ഓരോ വിഭാഗക്കാരും അവരവരുടേതായ മേഖലകളില്‍ മാത്രമേ താമസിക്കുന്നുള്ളൂ. വിവിധവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇടങ്ങള്‍ തീരെ ഇല്ല എന്നത് ഇല്ലാതാക്കലിന്റെ രൂക്ഷത എത്രയെന്നതിന്റെ ഒന്നാം തരം സൂചനയാണ്.
10 ലക്ഷത്തില്‍പ്പരം പേര് വധിക്കപ്പെടുകയും(12 ലക്ഷം എന്നത് ബ്രിട്ടനിലെ ഒരു സര്‍വെ ഗ്രൂപ്പിന്റെ കണക്ക് ) 40 ലക്ഷം പേര് പാലായനം ചെയ്യുകയും മറ്റൊരു 40 ലക്ഷം പേര് വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമികമായ ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ നരകിക്കുകയുമാണ്.
മറ്റൊരു കണക്കനുസരിച്ച് ഏകദേശം 50,000 ഇറാഖി സ്ത്രീകളും പെണ്‍കുട്ടികളും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് , ഗതികേടുകൊണ്ട് അവര്‍ എത്തിച്ചേര്‍ന്ന അയല്‍ രാജ്യമായ സിറിയയില്‍. അവിടെത്തെ വാടകയും മറ്റും താങ്ങാനാവാത്തതുകൊണ്ട് അവര്‍ക്ക് ഈ തൊഴിലില്‍ ഏര്പ്പെടേണ്ടിവന്നിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ പലര്‍ക്കും 13 വയസ്സ് മാത്രമേ ഉള്ളൂ എന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡില്‍ ഈസ്റ്റിലെ സമ്പന്നമായ മറ്റു രാജ്യങ്ങളിലെ ലൈംഗിക വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമായിരിക്കുകയാണത്രെ സിറിയ. ഒരല്പം സാഹിത്യം കലര്‍ത്തിയാല്‍ അധിനിവേശാനന്തര ഇറാഖിലെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്ന ഹതഭാഗ്യരായ 50000 സ്ത്രീകളും പെണ്‍കുട്ടികളും ബുഷിനെ വലയം ചെയ്തിരിക്കുകയാണ്. ഞങ്ങളോടെന്തിനിത് ചെയ്തു എന്ന ചോദ്യവുമായി. സ്ത്രീകളേയും കുട്ടികളേയും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നത് Convention on the Rights of the Child, the Convention on the Elimination of All Forms of Discrimination Against Women, and the Protocol to Prevent, Suppress and Punish Trafficking in Persons, especially Women and Children പോലുള്ള മനുഷ്യാവകാശം സംബന്ധിച്ച നിരവധി കരാറുകളുടെ ലംഘനമാണ്.
വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍, ഈ ബുഷ് തന്നെ 2003ല്‍ ഐക്യരാഷ്ട്രസഭയില്‍ ലൈംഗികപ്രവര്ത്തികള്ക്കായി സ്ത്രീകളേയും കുട്ടികളേയും കള്ളക്കടത്ത് നടത്തുന്നതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിക്കാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടോ?
ഇറാഖില്‍ ചെയ്ത മിക്കവാറും കാര്യങ്ങളൊക്കെ തിരിച്ചടിക്കുന്ന അനുഭവമാണ് അമേരിക്കന്‍ ഭരണകൂടത്തിന്. ലോകമാസകലം ആ നടപടികള്‍ക്കെതിരായ പൊതുജനാഭിപ്രായത്തിനു അധിനിവേശത്തിന്റെ ഈ ആറാം വര്‍ഷത്തില്‍ ശക്തി കൂടുകയുമാണ്. ഓരോ നുണകളും പൊളിഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഇറാഖില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ചുള്ള ഉറപ്പുകള്‍ പലപ്പോഴായി നല്‍കിയിട്ടുണ്ടെങ്കിലും 2008 ജൂലൈയില്‍ സ്ഥിതിഗതികള്‍ പുന:പരിശോധിക്കാം എന്നാണിപ്പോള്‍ പറയുന്നത്.
അധിനിവേശം തുടരാനുള്ള ശ്രമങ്ങള്‍ തന്നെയാണ് അമേരിക്ക തുടരുന്നത്. സൈനികകേന്ദ്രങ്ങളും അമേരിക്കന്‍ എംബസിയും സ്ഥാപിക്കുക, അധിനിവേശത്തിനു നിയമപരമായ പിന്‍ബലം ലഭിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് ഇറാഖിലെ തങ്ങളുടെ ആശ്രിതരായ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുക, ഇറാഖിന്റെ റിസര്‍വ് ഫണ്ട് ഫെഡറല്‍ റിസര്‍വിന്റെ പക്കല്‍ തന്നെ സൂക്ഷിക്കുന്നത് തുടരുക, ഇറാഖിലെ പുനര്നിര്മ്മാണപ്രക്രിയക്ക് ഇറാഖിന്റെ പണം തന്നെ ഉപയോഗിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റുക, ഇറാഖില്‍ നിന്നും പിന്മാറുവാന് അടുത്ത് വരുന്ന പ്രസിഡന്റിനും സാധ്യമല്ല എന്ന രീതിയിലുള്ള മാധ്യമപ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നിങ്ങനെയുള്ള പലതരം ‘ചാണക്യ തന്ത്രങ്ങള്‍’ ബുഷും കൂട്ടരും പയറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു പ്ലാന്‍ പൊളിയുമ്പോള്‍ മറ്റൊന്നുമായി മുന്നോട്ട് വരാന്‍ ‘തിങ്ക് ടാങ്കുകള്‍’ സര്‍വ്വസജ്ജരായി അണിയറയിലുമുണ്ട്. ഒന്നാം തരം ഒരു കളിയുടെ രസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്, അവരെല്ലാം.
ഈ കളികള്‍ക്കിടയില്‍ ഇറാഖികള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടാല്‍ നമുക്കെന്താണ് ഹേ? അല്ലെങ്കിലും കളിക്കുന്നത് രസിക്കാനല്ലേ? അതല്ലേ കളിയുടെ ഒരു ഇത്...
അധിക വായനക്ക്
ദാര്‍ ജമൈലിന്റെ ബ്ലോഗിലെ ലേഖനം
1 comment:
അമേരിക്കയുടെ ഇറാഖ് അധിനിവേശം ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ അതിന്റെ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...
Post a Comment