വാഷിംഗ്‌ടണില്‍ നിന്ന് ഈയിടെ പ്രവഹിക്കുന്ന വാര്‍ത്തകള്‍ അശുഭകരമാണ്, അമേരിക്കക്ക് മാത്രമല്ല മുഴുവന്‍ ലോകത്തിനും. അമേരിക്കയ്ക്ക് എന്താണ് പിഴച്ചത് എന്നല്ല, പിഴക്കാതെ എന്തെങ്കിലും ഉണ്ടോ എന്നതാവും ശരിയായ ചോദ്യം.
ജോര്‍ജ്ജ് ഡബ്ളിയു ബുഷിന്റെ രാഷ്ട്രീയ, സാമ്പത്തിക, സമൂഹ്യ, വിദേശനയങ്ങളാകെ അമാനവികമാണ്. ഈ നയങ്ങള്‍ക്കിപ്പോള്‍ അമേരിക്കന്‍ ജനത കനത്ത വില നല്‍കുകയാണ്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വികലമായ സ്വന്തം നയങ്ങളുടെ സഞ്ചിതഫലമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും ബുഷ് ഭരണകൂടം കൈക്കൊണ്ട വിവേകശൂന്യവും കിരാതവുമായ യുദ്ധനടപടികള്‍ അമേരിക്കന്‍ പൌരന്മാരുള്‍പ്പെടെയുള്ള നിരപരാധികളായ ആയിരങ്ങളെ കുരുതി കൊടുത്തു. ഒപ്പം രണ്ട് പരമാധികാര രാഷ്ട്രങ്ങളുടെ സമ്പദ്ഘടനകള്‍ക്കും അതുവഴി അഗോള സാമ്പത്തിക വ്യവസ്ഥക്ക് തന്നെയും വിനാശകരമായ പ്രഹരമേല്‍പ്പിക്കുകയും ചെയ്തു.
സബ് പ്രൈം കുഴപ്പം
ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രം ഭവനവായ്പയില്‍ 50 ബില്യണ്‍ ഡോളറിന്റെ കുടിശികയില്‍ തട്ടി, എപ്രകാരം മാരകമായ പതനത്തിലെത്തിയെന്നത് വിചിത്രമായി തോന്നാം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓഹരിവിപണികളും പേരെടുത്ത കമ്പനികളുമെല്ലാം ഭീമമായ നഷ്ടത്തിന്റെ കണക്കുകളാണ് നിരത്തുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, പുറമേക്ക് ദൃശ്യമാകുന്നത് മഞ്ഞുകട്ടയുടെ മുകളറ്റം മാത്രമാണ്. കൌശലക്കാരായ കമ്പനികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കരുനീക്കങ്ങള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉലച്ചുവെന്ന് വാഷിങ്ടണ്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഈ തകര്‍ച്ചയെ അമേരിയ്ക്ക് അതിജീവിക്കാന്‍ കഴിയുമെങ്കില്‍ അതൊരു മഹാത്ഭുതമായിരിക്കും.
യുദ്ധക്കളത്തില്‍ ഹോമിച്ച വന്‍ തുകകളെക്കുറിച്ച് വെള്ളക്കൊട്ടാരം ഒരക്ഷരം ഉരിയാടുന്നില്ല. വൈറ്റ് ഹൌസിന്റെയും സെനറ്റിന്റെയും ഒരു സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാഖ് - അഫ്‌ഗാന്‍ യുദ്ധങ്ങളുടെ വില നമ്മെ അമ്പരിപ്പിക്കുന്നു 3.5 ട്രില്യണ്‍ ഡോളറിലും (മൂന്നര ലക്ഷം കോടി) കവിയും. അതില്‍ ഏറിയ പങ്കും ഇറാഖ് യുദ്ധത്തിന്റേതാണ്. ബുഷിന്റെ യുദ്ധഭ്രാന്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ നാനാതുറകളിലും പെട്ട അമേരിക്കന്‍ ജനത യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. മാത്രമല്ല അമേരിക്ക ഇറാഖില്‍ നിന്ന് പിന്തിരിയണമെന്നും അവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ 20 വര്‍ഷങ്ങളായി, വാഷിംഗ്‌ടണ്‍ സ്വന്തം ജനതയെ സമ്പാദ്യശീലം വെടിഞ്ഞ്, വായ്പയെടുത്ത് ഓഹരി വിപണിയിലിറങ്ങി ഊഹക്കച്ചവടത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഭവന വായ്പാ മേഖലയില്‍ ഇപ്പോഴുണ്ടായ തിരിച്ചടിക്ക് ഇതും ഒരു കാരണമാണ്.
എന്തെല്ലാം നടപടികള്‍ പ്രഖ്യാപിച്ചിട്ടും ഭവന വായ്പകളുടെയും ഇതരവായ്പകളുടെയും തിരിച്ചടവ് മെച്ചപ്പെടുന്നില്ല. അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിബാങ്ക് ഗ്രുപ്പിന്റെ ഭൂപണയവായ്പാ നഷ്ടം 10 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് റിപ്പോര്‍ട്ട്. മോര്‍ഗന്‍ സ്‌റ്റാന്‍ലി മ്യൂച്ചല്‍ ഫണ്ടിന്റെ നഷ്ടം 9.4 ബില്യണ്‍ ഡോളര്‍ വരും. ഇവര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനാ ഇന്‍വെസ്‌റ്റ്മെന്റില്‍ നിന്നും 5 ബില്യണ്‍ ഡോളര്‍ ധനസഹായം തേടിയിരിക്കുകയാണ്. തീര്‍ച്ചയായും വാള്‍ സ്ട്രീറ്റില്‍ നിന്നുള്ള വാര്‍ത്തയും ആശങ്കാജനകമാണ്. മുതലാളിത്ത ലോകത്തിന്റെ ഓഹരി കമ്പോളങ്ങളില്‍ കരടികള്‍ പിടിമുറുക്കിയിരിക്കുന്നു. ധനകാര്യ ഏജന്‍സികളാകെ തിരിച്ചടി നേരിടുന്നു. കിട്ടാക്കടം, ഭവനവായ്പകളിലൊതുങ്ങുന്നില്ല. ക്രെഡിറ്റ് കാര്‍ഡുകളിലേക്കും വാണിജ്യ, ഓട്ടോമൊബൈല്‍ മേഖലകളിലേക്കും വ്യാധി പടരുകയാണ്. യു.എസ്. ട്രഷറി ബോണ്ടുകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലാദ്യമായി 3%ത്തിലും താഴേയ്ക്കു പോയി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ വായ്പകള്‍ രണ്ട് മുതല്‍ മൂന്ന് വരെ ട്രില്യണ്‍ ഡോളര്‍ വെട്ടിക്കുറക്കാന്‍ ശ്രമിക്കുകയാണ്. ലോകരാജ്യങ്ങളുടെ മൊത്തം സമ്പാദ്യത്തിന്റെ 70% ആസ്വദിക്കുന്ന അമേരിക്കന്‍ ജനതയുടെ വാങ്ങല്‍ കഴിവിനെയും ജീവിത നിലവാരത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
ഡോളറിന്റെ പതനം
തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഡോളറിനെ ഒരു പീറക്കടലസ്സാക്കി മാറ്റിയിരിക്കുന്നു. ഇത് അമേരിക്കയ്ക്ക് മാത്രമല്ല, സ്വന്തം വിദേശനാണ്യ ശേഖരം ഡോളറില്‍ കരുതി വെക്കുന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുക. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ആഗോള വിദേശനാണ്യശേഖരം 3.8 ട്രില്യണ്‍ ഡോളറിലധികം വരും. ഭീമമായ ഈ തുകയുടെ മൂല്യം അനുദിനം ഇടിയുന്നത് സിറ്റി ബാങ്ക്, മെറിള്‍ ലിഞ്ച്, ബിയര്‍ സ്റ്റിയറിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ അടിത്തറ തകര്‍ക്കും.
യുറോപ്യന്‍ യൂണിയന്‍ നാണയമായ യുറോവിനെതിരെ ഡോളറിന്റെ മൂല്യം 41 ശതമാനവും ബ്രിട്ടീഷ് നാണയമായ പൌണ്ടിനെതിരെ 31 ശതമാനവും ഇടിഞ്ഞു. മറ്റു നാണയങ്ങള്‍ക്കെതിരെയും ഡോളര്‍ വില കുറയുകയാണ്. മുങ്ങിത്താഴുന്ന ഡോളര്‍ അമേരിക്കയുടെ കയറ്റുമതി മേഖലയില്‍ ഉണര്‍വ്വുണ്ടാക്കുമെന്ന് ആദ്യമവര്‍ വിശ്വസിച്ചു. എന്നാല്‍ ഈ മോഹം ഒരു ദിവാസ്വപ്നമായി ഒടുങ്ങി. ഡോളര്‍ വിലയിടിവ് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിച്ചു. അമേരിക്കയുടെയും പൌരജനങ്ങളുടെയും കടഭാരം പെരുകി.
ആഗോളവത്ക്കരണത്തിന്റെയും സ്വതന്ത്ര കമ്പോളത്തിന്റെയും ലഹരിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളില്‍ നിന്ന് സമ്പാദ്യങ്ങളും നിക്ഷേപങ്ങളും തട്ടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. പലിശ നിരക്ക് ഇരുഭാഗത്തും കുറയ്ക്കുക വഴി വെള്ളക്കൊട്ടാരത്തിലെ തമ്പുരാക്കന്മാര്‍ ധനത്തിന്റെ ഒഴുക്ക് നിലനിര്‍ത്തി. തന്മൂലം സ്വന്തമായി മിച്ചം വെക്കാതെ അന്യരുടെ പണമെടുത്ത് ധാരാളിത്തം കാണിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. രണ്ടു പതിറ്റാണ്ടായി നിര്‍ബാധം തുടര്‍ന്ന ഈ പരിപാടിക്ക് 2003 ല്‍ തടസ്സം നേരിട്ടു തുടങ്ങി. അതോടെ സാമ്പത്തികമേഖലയില്‍ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കി. നിലവാരം കുറഞ്ഞ ഈടിന്മേല്‍ നല്‍കിയ ഭവനവായ്പകള്‍ നഷ്ടത്തിലായി. ഒപ്പം എണ്ണവില വര്‍ദ്ധന, ഡോളര്‍ മൂല്യശോഷണം ഓഹരി വിപണിയിലെ തകര്‍ച്ച എന്നിവ കൂടിയായപ്പോള്‍ അമേരിക്ക ലോകത്തിലെ ഏറ്റവുമധികം കടബാധ്യതയുള്ള രാഷ്ട്രമായി മാറി. 800 ബില്യണ്‍ ഡോളറിന്റെ കറന്റ് അക്കൌണ്ട് കമ്മിയാണ് അമേരിക്കയുടേത്.
വിശ്വാസ്യത ഉലയുന്നു
അമേരിക്കന്‍ ഡോളറിലുള്ള ആഗോള വിശ്വാസം ക്ഷയിച്ചു തുടങ്ങി. അതു കേവലം ഡോളറിന്റെ മാത്ര പ്രശ്നമല്ല, മറിച്ച് അമേരിക്കന്‍ മുതലാളിത്തം ഭീമമായ ധന, വാണിജ്യ കമ്മിയില്‍ കൂപ്പുകുത്തുന്നതിന്റെ പ്രശ്നങ്ങളാണ്. ആഴത്തിലേക്ക് കുതിക്കുന്ന ഈ പ്രതിസന്ധി മൂലം ഡോളറില്‍ വിദേശനാണ്യം സൂക്ഷിക്കുന്ന രാജ്യങ്ങളുടെ ദുര്യോഗം വിവരണാതീതമായി. ചൈനയുടെ ശേഖരം ഒരു ട്രില്യണ്‍ ഡോളറാണെങ്കില്‍, ജാപ്പാന്റേത് 750 ബില്യണും ഒപെക് രാജ്യങ്ങളുടേത് 500 ബില്യണുമാണ്. ഇന്ത്യയുടെ വിദേശനാണ്യശേഖരം 300 ബില്യണ്‍ ഡോളര്‍ വരും. ഇത്രയും കരുതല്‍ ശേഖരത്തിന്റെ മൂല്യമിടിയുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്പിക്കും. 2008 ല്‍ ഇന്ത്യയില്‍ ഡോളര്‍ വില 35 രൂപയാകുമെന്നാണ് പ്രവചനം. യുഎസ്. സമ്പദ് വ്യവ്സഥയിലെ മാന്ദ്യം ഡോളര്‍ വിലയിടിവ് വീണ്ടും മൂര്‍ച്ഛിപ്പിക്കും.
ഭാരം മറ്റുള്ളവര്‍ക്ക്
ഡോളറിന്റെ മൂല്യക്ഷയം ഒപെക് രാജ്യങ്ങളിലേക്ക് നാണയപ്പെരുപ്പവും മറ്റനേകം പ്രശ്നങ്ങളും ഇറക്കുമതി ചെയ്യുമെന്നതിനാല്‍ തങ്ങളുടെ നിക്ഷേപം സാമാന്യേന സ്ഥിരതയും ഭദ്രതയുമുള്ള മറ്റു നാണയങ്ങളിലേക്ക് തിരിച്ചുവിടുന്ന കാര്യം അവരുടെ സജീവ പരിഗണനയിലാണ്. കുവൈറ്റ് സ്വന്തം കറന്‍സിയെ മോചിപ്പിച്ചു കഴിഞ്ഞു. ഇറാന്‍, വെനിസൂല. റഷ്യ തുടങ്ങിയ രാജ്യങ്ങളും കുവൈറ്റിനെ പിന്തുടര്‍ന്നേക്കാം.
ലോകരാഷ്ട്രങ്ങളുടെയെല്ലാം കേന്ദ്ര ബാങ്കുകളുടെ ചിന്ത ഈ വഴിയിലാണ്. അമേരിക്കന്‍ സാംക്രമിക രോഗത്തില്‍ നിന്ന് സ്വന്തം നാടിന്റെ അമൂല്യമായ കരുതല്‍ ശേഖരത്തെയും സമ്പദ്ഘടനയെയും രക്ഷിക്കാന്‍ ഇതാവശ്യമായിരിക്കുന്നുന്നു എന്നവര്‍ തിരിച്ചറിയുന്നു.
വായ്പാ കമ്പോളം
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് 1920 കളിലെ മാന്ദ്യത്തോട് ഒട്ടേറെ സാദൃശ്യമുണ്ട്. 2002 ലെ ഡോട്കോം കുമിളയോടും, ഈ പതനത്തിന് സമാനതകള്‍ കാണാം. പലിശ കുറച്ച്, വായ്പ പ്രോത്സാഹിപ്പിക്കുകയും ഓഹരിവിപണിയില്‍ പണമിറക്കി, പണം കൊയ്ത് ലാഭം കുന്നുകൂട്ടലുമായിരുന്നു അമേരിക്കന്‍ വായ്പാനയത്തിന്റെ കാതല്‍. തിരിച്ചടവ് ശേഷിയെക്കുറിച്ച് ആരും ചിന്തിച്ചില്ല. എല്ലാ സാമ്പത്തിക ഏജന്‍സികളും ഉദാരമായി വായ്പ കൊടുത്തു. അവസാനം, അനിവാര്യമായ കടക്കെണിയിലേക്കും അഗാധമായ പ്രതിസന്ധിയിലേക്കും ജനങ്ങള്‍ നയിക്കപ്പെട്ടു. ഇപ്പോള്‍ സ്ഥാപനങ്ങള്‍ നഷ്ടം നികത്താനും തിരച്ചടവിനും വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അമേരിക്കയില്‍ അക്ഷരാര്‍ത്ഥത്തില്‍ വായ്പകള്‍ മരവിപ്പിച്ച പ്രതീതിയാണുള്ളത്. തത്ഫലമായി വായ്പ തിരിച്ചടക്കാനെന്നല്ല. നിത്യവൃത്തിക്കുപോലും ജനങ്ങള്‍ ക്ലേശിക്കുകയാണ്. പാര്‍പ്പിടങ്ങളും മറ്റ് ജംഗമവസ്തുക്കളും വിറ്റ് തുലച്ചിട്ടാണെങ്കിലും ജീവിക്കാന്‍ വേണ്ടി അവര്‍ അമ്പരന്നോടുകയാണ്.
ഇന്ത്യയ്ക്കു ഭീഷണി
ഡോളര്‍ വിലയിടിവ് ഇന്ത്യന്‍ കയറ്റുമതി മേഖലയെയും സേവന മേഖലയെ ഭാഗികമായും ബാധിച്ചു തുടങ്ങി. ഇന്ത്യയുടെ കയറ്റുമതിയില്‍ ഇതര രാജ്യങ്ങളെയപേക്ഷിച്ച് അമേരിക്കയുടെ വിഹിതം കുറവാണ്. എങ്കിലും രൂപയുടെ മൂല്യവര്‍ദ്ധനവിനെ ഡോളറിന്റെ ഇടിവ് ഇനിയും ത്വരിതപ്പെടുത്തും. അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കന്ന ചില മേഖലകളെ അത് കൂടുതല്‍ ദോഷകരമായി ബാധിക്കും. വിദേശബാങ്കുകളെ അന്ധമായി അനുകരിക്കുമ്പോഴുണ്ടാകുന്ന സ്ഥല-ജല വിഭ്രാന്തിക്കിടയിലും റിയല്‍ എസ്റ്റേറ്റ് വായ്പകള്‍ക്കായി ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വാതില്‍ മലര്‍ക്കെ തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ. പകര്‍ച്ചവ്യാധിയെ ഒരളവ് വരെ പിടിച്ചു നിര്‍ത്താനായി. എന്നാല്‍ സോഫ്‌ട് വെയര്‍ കയറ്റുമതി, ബി.പി.ഒ, മറ്റ് സാമ്പത്തിക, വാര്‍ത്താവിനിമയ മേഖലകള്‍ എന്നിവ അമേരിക്കന്‍ കമ്പോളവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഭ്യന്തര സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും അധിഷ്ഠിതമായത് തീര്‍ച്ചയായും ആശ്വാസകരമാണ്. അമേരിക്കന്‍ മാതൃക അപ്പാടെ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ ഭരണാധികാരികള്‍ മുതലാളിത്ത പാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുന്നില്ല. അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയുള്‍പ്പെടെ എല്ലാവര്‍ക്കും, വേണ്ടത്ര പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ സഫലമാകണമെങ്കില്‍ സ്വന്തം ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപം നടത്തണം. സമത്വത്തിലും സാമൂഹ്യ നീതിയിലും ഊന്നിയ വളര്‍ച്ച നേടുവാനുള്ള ബദല്‍ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പാക്കുകയും വേണം.
-കെ. എസ് മേനോന്‍, ബോംബെ. പരിഭാഷ കെ.എം. രാജറാം
1 comment:
ഡോളര്‍ വിലയിടിവ് ഇന്ത്യന്‍ കയറ്റുമതി മേഖലയെയും സേവന മേഖലയെ ഭാഗികമായും ബാധിച്ചു തുടങ്ങി.
ഇന്ത്യയുടെ കയറ്റുമതിയില്‍ ഇതര രാജ്യങ്ങളെയപേക്ഷിച്ച് അമേരിക്കയുടെ വിഹിതം കുറവാണ്. എങ്കിലും രൂപയുടെ മൂല്യവര്‍ദ്ധനവിനെ ഡോളറിന്റെ ഇടിവ് ഇനിയും ത്വരിതപ്പെടുത്തും. അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കന്ന ചില മേഖലകളെ അത് കൂടുതല്‍ ദോഷകരമായി ബാധിക്കും.
വിദേശബാങ്കുകളെ അന്ധമായി അനുകരിക്കുമ്പോഴുണ്ടാകുന്ന സ്ഥല-ജല വിഭ്രാന്തിക്കിടയിലും റിയല്‍ എസ്റ്റേറ്റ് വായ്പകള്‍ക്കായി ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വാതില്‍ മലര്‍ക്കെ തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ. പകര്‍ച്ചവ്യാധിയെ ഒരളവ് വരെ പിടിച്ചു നിര്‍ത്താനായി. എന്നാല്‍ സോഫ്‌ട് വെയര്‍ കയറ്റുമതി, ബി.പി.ഒ, മറ്റ് സാമ്പത്തിക, വാര്‍ത്താവിനിമയ മേഖലകള്‍ എന്നിവ അമേരിക്കന്‍ കമ്പോളവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഭ്യന്തര സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും അധിഷ്ഠിതമായത് തീര്‍ച്ചയായും ആശ്വാസകരമാണ്. അമേരിക്കന്‍ മാതൃക അപ്പാടെ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ ഭരണാധികാരികള്‍ മുതലാളിത്ത പാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുന്നില്ല. അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയുള്‍പ്പെടെ എല്ലാവര്‍ക്കും, വേണ്ടത്ര പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ സഫലമാകണമെങ്കില്‍ സ്വന്തം ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപം നടത്തണം. സമത്വത്തിലും സാമൂഹ്യ നീതിയിലും ഊന്നിയ വളര്‍ച്ച നേടുവാനുള്ള ബദല്‍ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പാക്കുകയും വേണം.
Post a Comment