പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് നാത്തൂനേ മൊബൈല്‍ വിശേഷങ്ങള്‍. ലോകത്ത് ഇപ്പോള്‍ നടക്കുന്ന വിപ്ലവങ്ങള്‍ സായുധവിപ്ലവമോ ചിന്താവിപ്ലവമോ അല്ല. അത് മൊബൈല്‍ വിപ്ലവമാണ്. പുതിയ സൌരയൂഥങ്ങളെയോ, പുതിയ ജീവലോകത്തെയോ കണ്ടുപിടിക്കുന്നത് കണ്ടുപിടിത്തമായി പുതിയ തലമുറ അംഗീകരിക്കില്ല. മൊബൈല്‍ ഫോണില്‍ ഒരു കണ്ടുപിടിത്തം-പുതിയൊരു മോഡല്‍ ഇറങ്ങുക, അല്ലെങ്കില്‍ റിങ്ടോണില്‍ ഒരു പുതിയ രീതിവരിക. അങ്ങനെ എന്തെങ്കിലും-അതാണ് പുതുതലമുറയുടെ കണ്ണിലെ യഥാര്‍ത്ഥ കണ്ടുപിടിത്തം.
നാത്തൂനേ എന്റെ പരിമിതമായ മൊബൈല്‍ അറിവുവച്ച് ഞാന്‍ ഒരു നിഘണ്ടുകൂടി ഉണ്ടാക്കിയിട്ടുണ്ട്. അതിങ്ങനെ.
മൊബൈല്‍ കള്ളന്മാര്‍
മൊബൈല്‍ മോഷ്ടിക്കുന്നവരല്ല. കള്ളംപറച്ചിലിനുവേണ്ടി മൊബൈല്‍ ഉപയോഗിക്കുന്നവര്‍.
'നീ ഇപ്പോള്‍ എവിടെയാണ്' എന്നു ചോദിച്ചാല്‍ ലാന്റ് ഫോണിലൂടെ കള്ളംപറയാന്‍ പറ്റില്ല. എന്നാല്‍ മൊബൈലില്‍ അങ്ങനെയല്ല. 'ഞാന്‍ പാറശ്ശാല നില്‍ക്കുകയാണ്' എന്ന് മൊബൈല്‍ഫോണിലൂടെ മറുപടി കൊടുക്കുമ്പോള്‍ ആശാന്‍ കാസര്‍കോഡ് ഏതോ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്തുനില്‍ക്കുകയായിരിക്കും. കാശ് തിരികെ കൊടുക്കാനുള്ളയാള്‍ വിളിക്കുന്നു. നമ്പര്‍ കാണുമ്പോള്‍ തന്നെ അറിയാം. അല്ലെങ്കില്‍ ഈ നമ്പരല്ലേ എന്നു സംശയം തോന്നാം. ഉടന്‍ നമ്മളും ഒരു നമ്പരിടും. ഫോണ്‍ അടുത്തു നില്‍ക്കുന്ന സ്നേഹിതനെയോ-അതോ അപരിചിതനെത്തന്നെയോ ഏല്‍പിക്കുന്നു. പിന്നെ നമുക്കുവേണ്ടി അവന്‍ സംസാരിക്കും. "അയ്യോ ഇന്നാര്‍ ഇപ്പോള്‍ പുറത്തോട്ടു പോയതേയുള്ളു. ഞാനോ? പുള്ളിക്കാരന്റെ സുഹൃത്താണ്. വരും. രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ വരും.''
കള്ളന് കഞ്ഞിവച്ചവരാണ് വിളിക്കുന്നതെങ്കില്‍ കുട്ടപ്പന് പകരം ചെല്ലപ്പന്‍ ഫോണെടുക്കുമ്പോള്‍തന്നെ പറയും- "ആശാനേ കുട്ടപ്പന്‍ അടുത്തുനില്‍പ്പില്ലേ? കൊടുത്തേരേ....''
ഞാനീയിടെ കേട്ടു നാത്തൂനേ. ബസ് സ്റ്റാന്റില്‍ നിന്നപ്പോള്‍ ഒരാള്‍ക്ക് ഫോണ്‍ വരുന്നു. അയാള്‍ എടുത്തിട്ട് മെല്ലെ പറയുകയാണ്-"രമേശാ... ഞാന്‍ ബാത്റൂമിലാണ്. പിന്നീട് അങ്ങോട്ട് വിളിക്കാം.''
ഇന്‍ കമിംഗ്-ഔട്ട് ഗോയിംഗ്
മൊബൈല്‍ ബില്‍ കുറെ മാസത്തെ കുടിശ്ശിക അടയ്ക്കാതെ ഒളിച്ചുനടക്കുന്നവരെ അന്വേഷിച്ച് കമ്പനിയുടെ റപ്രസന്റേറ്റീവ്-20-കരാട്ടേ മാസ്റ്റര്‍ കസ്റ്റമറുടെ വീട്ടിനുള്ളില്‍ വരുന്നതിനെയാണ് ഇന്‍ കമിംഗ് എന്നു പറയുന്നത്.'ഞാന്‍ അടച്ചിട്ടുണ്ടല്ലോ'. 'അടയ്ക്കാമെന്ന് പറഞ്ഞിരുന്നതാണല്ലോ'. 'ബില്ല് തെറ്റാണല്ലോ' തുടങ്ങിയ പരമ്പരാഗത ഒഴിവുകഴിവുകള്‍ കസ്റ്റമര്‍ പറയുന്നു. അവസാനം കാശുകൊടുത്തോ, സാന്ത്വനിപ്പിച്ചോ, നാണംകെട്ടോ, അവധിപറഞ്ഞോ റെപ്പിനെ വീട്ടിനുള്ളില്‍നിന്ന് പറഞ്ഞയക്കുന്നു. 'അടുത്ത ബുധനാഴ്ചയ്ക്കകം കാശടയ്ക്കണം' എന്ന മുന്നറിയിപ്പോടെ അയാള്‍ പോകും. ആ പോക്കാണ് 'ഔട്ട് ഗോയിംഗ്'.
കസ്റ്റമര്‍ ഈസ് ദ കിംഗ്
ഈയിടെ കേട്ട നേരമ്പോക്കാണ്.
ഒരു ഭിക്ഷക്കാരന്‍ മൊബൈല്‍ കണക്ഷനെടുത്തു. മിനിമം ചാര്‍ജ് 100 രൂപ. അയാള്‍ ആരെയും ഫോണ്‍ ചെയ്യാറില്ല. മാസാമാസം നൂറുരൂപ അടയ്ക്കും. ആരെയും വിളിക്കാനില്ലെങ്കില്‍ പിന്നെന്തിനാ മാസംതോറും നൂറുരൂപ കളയുന്നതെന്ന ചോദ്യത്തിന് അയാളുടെ മറുപടി. "ഞാന്‍ എല്ലാപേരെയും സാറെ സാറെ എന്ന് വിളിച്ചാണ് ഭിക്ഷ ചോദിക്കുന്നത്. എന്നേം ആരെങ്കിലും സാറേന്ന് വിളിക്കണമെന്ന് എനിക്കൊരാശ. അങ്ങനെയാണ് മൊബൈല്‍ കണക്ഷനെടുത്തത്. എല്ലാമാസവും ബില്ലിന്റെ തീയതി കഴിയുമ്പോള്‍ ഫോണ്‍ ആപ്പീസില്‍നിന്ന് വിളിവരും. "സാര്‍-ഈ മാസത്തെ ബില്‍ അടച്ചിട്ടില്ല.'' ആ ഒരു സാര്‍വിളി കേള്‍ക്കാന്‍ വേണ്ടിയാണ് എന്റെ ഈ കണക്ഷന്‍.
മൊബൈല്‍ ഗെയിം
മൊബൈലുകളില്‍ ഓരോ കമ്പനിക്കാരും ഗെയിമുകള്‍ കളികള്‍ അടക്കംചെയ്തിട്ടുണ്ട്. വീഡിയോ ഫുഡ്ബോള്‍-ക്രിക്കറ്റ് അങ്ങനെ. പക്ഷെ നാത്തൂനേ എന്നെ സംബന്ധിച്ച് ഏറ്റവും ഇഷ്ടപ്പെട്ട മൊബൈല്‍ ഗെയിം ഇതാണ്:
കസ്റ്റമര്‍ സര്‍വ്വീസിലേക്ക് നമ്മള്‍ വിളിക്കുന്നു. അപ്പോള്‍ ടേപ്പുചെയ്തിട്ടുള്ള ശബ്ദം...'വെല്‍ക്കം ടുദി...' ഒരുമിനിട്ടു നീണ്ടുനില്‍ക്കുന്ന സ്വാഗതവചനം കഴിഞ്ഞാല്‍ ഉടന്‍- ഭാഷ തെരഞ്ഞെടുക്കാന്‍ ഒന്ന് അമര്‍ത്തുക' നമ്മള്‍ തെരഞ്ഞെടുക്കുന്നു. 'നിലവിലുള്ള കസ്റ്റമറാണെങ്കില്‍ രണ്ടമര്‍ത്തുക. പുതുതായി ചേരാന്‍ ആഗ്രഹിക്കുന്ന ഹതഭാഗ്യനാണെങ്കില്‍ മൂന്നമര്‍ത്തുക.' 'ബില്ലിലെ വിവരങ്ങള്‍ അറിയാന്‍ നാലമര്‍ത്തുക'. നമ്മള്‍ മൂന്നും നാലും അമര്‍ത്തുന്നു. അതിലേക്ക് ചെല്ലുമ്പോള്‍ വീണ്ടും ശബ്ദം. "കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കുവാന്‍ ഒമ്പതില്‍ അമര്‍ത്തുക.'' അതും അമര്‍ത്തുന്നു. അപ്പോള്‍ കേള്‍ക്കാം 'കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് തിരക്കിലാണ്. ദയവായി കാത്തുനില്‍ക്കുക'. പിന്നെ പാട്ടാണ്... കുറച്ചു കഴിയുമ്പോള്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് വരുന്നു. കാണാപ്പാഠം പഠിച്ച അഭിവാദനത്തോടെ 'ഞാന്‍ താങ്കളെ എങ്ങനെയാണ് ഹെല്‍പ്പ്ചെയ്യേണ്ടത്' എന്ന ഫോട്ടോ കോപ്പി വാചകങ്ങളിലേക്ക്.
റിട്ടയര്‍ചെയ്ത്, ഇഷ്ടംപോലെ സമയം അക്കൌണ്ടില്‍ ഉള്ളവര്‍ക്ക് എന്‍ജോയ്ചെയ്യാന്‍ പറ്റിയ ഒരു ഗെയിം ആണിത്. കോണിയും പാമ്പും കളിപോലെ ഇടയ്ക്കുവച്ച് ഫോണ്‍ കട്ടായാല്‍ കളി വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടിവരും.
ഔട്ട് ഓഫ് കവറേജ് ഏരിയ
നിരവധി ഫോണ്‍ കണക്ഷനുകളെടുത്ത് നില്‍ക്കക്കള്ളിയില്ലാതെ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നാടുവിടുന്നതിനെയാണ് ഔട്ട് ഓഫ് കവറേജ് ഏരിയ എന്നുപറയുന്നത്. കമ്പനി സ്റ്റാഫിന് കവര്‍ചെയ്ത് വളഞ്ഞുപിടിക്കാന്‍ സാധിക്കാത്ത ഏരിയ. അതാണ് ഔട്ട് ഓഫ് കവറേജ് ഏരിയ.
സെല്‍-ഫോണ്‍
നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെവിക്ക് പ്രശ്നവുമായി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഉപദേശിക്കുന്നത്. സെല്‍-ഫോണ്‍. ഫോണ്‍ വിറ്റുകളയാന്‍.
-കൃഷ്ണ പൂജപ്പുര
5 comments:
ലോകത്ത് ഇപ്പോള്‍ നടക്കുന്ന വിപ്ലവങ്ങള്‍ സായുധവിപ്ലവമോ ചിന്താവിപ്ലവമോ അല്ല. അത് മൊബൈല്‍ വിപ്ലവമാണ്. പുതിയ സൌരയൂഥങ്ങളെയോ, പുതിയ ജീവലോകത്തെയോ കണ്ടുപിടിക്കുന്നത് കണ്ടുപിടിത്തമായി പുതിയ തലമുറ അംഗീകരിക്കില്ല. മൊബൈല്‍ ഫോണില്‍ ഒരു കണ്ടുപിടിത്തം-പുതിയൊരു മോഡല്‍ ഇറങ്ങുക, അല്ലെങ്കില്‍ റിങ്ടോണില്‍ ഒരു പുതിയ രീതിവരിക. അങ്ങനെ എന്തെങ്കിലും-അതാണ് പുതുതലമുറയുടെ കണ്ണിലെ യഥാര്‍ത്ഥ കണ്ടുപിടിത്തം.
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മ ഭാവന
ഇതൊരലക്കാണല്ലൊ.. ഈ ജാതി ആദ്യായാ കാണുന്നെ...
;))) നല്ല ഭാവന. എന്തൊക്കെയോ ഓര്‍ത്തു പോയീട്ടാ
ഇതു കൊള്ളാം. വായിക്കാനൊരു സുഖമുണ്ടു നാത്തൂനേ...
''ഞാന്‍ ഇവിടില്ലേ എന്നു'' വിളിച്ചുപറയാന്‍ ഏറ്റവും നല്ലതു ഈ മൊമ്പയിലു തന്നെ (കടപ്പാട് - ബിന്ദു പണിക്കര്‍)
ഇതു കൊള്ളാലൊ..
എന്താ..എന്താ കേള്‍ക്കാന്‍ പറ്റുന്നില്ലാ... എന്നും പറഞ്ഞു നമ്പറിടുന്നവരുമുണ്ട് (ഈ ഞാന്‍ )
Post a Comment