മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ (എം) നേതാവ് ജ്യോതിബാസു നടത്തിയ, സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണത്തെപ്പറ്റിയുള്ള, പരാമര്‍ശത്തില്‍ നിന്നും, സിപിഐ(എം) സോഷ്യലിസം കയ്യൊഴിഞ്ഞു എന്ന തരത്തില്‍ മാധ്യമങ്ങള്‍ കണ്ടെത്തിയ അനുമാനം തികച്ചും അതിശയകരമായിരിക്കുന്നു. ഇതൊരു പക്ഷെ, വെറും ആഗ്രഹചിന്തയാകാം. സിപിഐ(എം)നെക്കുറിച്ച് ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനു ബോധപൂര്‍വ്വമായ ശ്രമമാകാം; അതുമല്ലെങ്കില്‍ മുന്‍തലമുറയെ അപേക്ഷിച്ച്. പുതുതലമുറ പത്രപ്രവര്‍ത്തകര്‍ക്ക് സിപിഐ(എം)ന്റെ പ്രത്യയശാസ്ത്രധാരണകളുടെ മൌലികതത്വങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതകൊണ്ടുമാകാം. എങ്കിലും ഈ പ്രതികരണങ്ങള്‍ പാര്‍ട്ടി അനുഭാവികളിലും അഭ്യുദയകാംക്ഷികളിലും വരെ ചിന്താക്കുഴപ്പങ്ങള്‍ക്ക് ഇടനല്‍കിയിട്ടുള്ള സ്ഥിതിക്ക് ചില അടിസ്ഥാന പ്രശ്നങ്ങള്‍ വിശദീകരിക്കപ്പെടേണ്ടത് അഭികാമ്യമാണെന്നു കരുതുന്നു.
പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് സ്വകാര്യനിക്ഷേപം സ്വീകരിക്കുന്നതിനെ മുന്‍നിര്‍ത്തി. സിപിഐ(എം) സോഷ്യലിസം കയ്യൊഴിഞ്ഞു എന്ന് വാദിക്കുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്ന് തരത്തിലുള്ള തെറ്റ് സംഭവിക്കുന്നുണ്ട്.
(1) സോഷ്യലിസ്റ്റ് വിപ്ലവവും ജനകീയ ജനാധിപത്യവിപ്ലവവും തമ്മിലുള്ള വേര്‍തിരിവ് അവര്‍ തിരിച്ചറിയുന്നില്ല.
(2) ഒരു വ്യവസസ്ഥിതിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നതും ഒരു വ്യവസ്ഥിതിയെ മാറ്റാതിരിക്കാന്‍ -നിലനിറുത്താന്‍ - പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നില്ല.
(3) അവര്‍ പാര്‍ട്ടിയേയും പാര്‍ട്ടി നയിക്കുന്ന ഗവണ്‍മെന്റിനേയും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുന്നില്ല.
ഇവയിലോരോന്നും നമുക്ക് പ്രത്യേകം പ്രത്യേകമായി പരിശോധിക്കാം.
സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മ്മാണം ലക്ഷ്യമാക്കിയാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപമെടുക്കുന്നത്. ആ ലക്ഷ്യത്തിനുവേണ്ടിയുള്ള സമരമാണ് പാര്‍ട്ടിയുടെ നിലനില്‍പ്പിനുള്ള ന്യായീകരണവും. എന്നാല്‍ സോഷ്യലിസം നേടിയെടുക്കുന്നതിന് ഒരു മഹത്തായ സാമൂഹ്യ വിപ്ലവം നടക്കേണ്ടതുണ്ട്; ഉല്‍പ്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയില്‍ നിന്നും സാമൂഹ്യ ഉടമസ്ഥതയിലേക്കുള്ള പരിണാമം അനിവാര്യമാക്കുന്ന ഒരു വിപ്ലവം. ഈ വിപ്ലവം, സ്വകാര്യഉടമസ്ഥതയെ പ്രോത്സാഹിപ്പിക്കുന്ന ബൂര്‍ഷ്വാ സ്റ്റേറ്റിന്റെ സ്ഥാനത്ത് ഒരു തൊഴിലാളി വര്‍ഗ്ഗഭരണകൂടം സ്ഥാപിക്കുന്നു. ഇതുവരെ നിലനിന്നിട്ടുള്ള ഭരണകൂടസങ്കല്‍പ്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്ന് - കാലക്രമേണ കൊഴിഞ്ഞുപോകുന്ന ഒരു ഭരണകൂടം.
അത്തരത്തിലുള്ള ഒരു സാമൂഹ്യവിപ്ലവം പാകമാകാന്‍ നീണ്ടകാലം വേണ്ടിവരുമെന്നതുകൊണ്ടുതന്നെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഏറെക്കാലം മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ നിലനിന്ന് പ്രവര്‍ത്തിക്കേണ്ടിവരുന്നു, തൊഴിലാളിവര്‍ഗ്ഗത്തെ ആശയവല്‍ക്കരിച്ചും അവരുടെ സമരങ്ങളില്‍ സഹായിച്ചും ഈ വിപ്ലവത്തിന് നേതൃത്വം നല്‍കുകയെന്ന ദൌത്യത്തിന് അവരെ തയ്യാറെടുപ്പിച്ചുകൊണ്ട്. ചരിത്രപരമായി ബൂര്‍ഷ്വാസി നടത്തിവന്ന ജനാധിപത്യവിപ്ലവം ഏറെക്കുറെ പൂര്‍ത്തിയാകുകയും സമൂഹം സോഷ്യലിസ്റ്റ് വിപ്ലവത്തിനു പാകമാകുകയും ചെയ്യുക എന്നത് ഇവിടെ ഒരു മുന്‍ ഉപാധിയാണ്. എന്നാല്‍, ബൂര്‍ഷ്വാസി വളരെ വൈകിമാത്രം കടന്നുവരുന്ന സമൂഹത്തില്‍ ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ പൂര്‍ത്തീകരണം തന്നെ അസാധ്യമായിത്തീരുന്നു. ഭൂപ്രഭു-നാടുവാഴി താല്‍പര്യങ്ങളുമായി അത് സന്ധി ചെയ്യുന്നു. അവരുടെ സ്വത്തിന്മേലുള്ള ഏതൊരു ആക്രമണവും നാളെ തങ്ങളുടെതന്നെ നേര്‍ക്കുള്ള ആക്രമണമായി മാറുമെന്ന് ബൂര്‍ഷ്വാസി ഭയക്കുന്നു. വിപ്ലവപൂര്‍വ്വ റഷ്യയില്‍ പ്രകടമായിരുന്ന ഈ ഒത്ത്തീര്‍പ്പ് ഇന്നത്തെ മൂന്നാംലോക സമൂഹത്തില്‍ സാമ്രാജ്യത്വവുമായുള്ള ഒത്തുതീര്‍പ്പിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഇത്തരം സമൂഹത്തില്‍, 'ജനാധിപത്യവിപ്ലവം' എന്നത് ബൃഹത്തും സങ്കീര്‍ണ്ണവുമായ ഒരു ആശയമാണ്. ബൂര്‍ഷ്വാസി ചരിത്രപരമായി ഏറ്റെടുക്കേണ്ട 'ജനാധിപത്യവിപ്ലവം' പൂര്‍ത്തീകരിക്കുക എന്ന എന്ന കടമ തൊഴിലാളിവര്‍ഗ്ഗത്തിനുമേല്‍ വന്നുചേരുന്നു എന്നതുകൊണ്ടുതന്നെ, ബൂര്‍ഷ്വാ വികസനത്തിനു മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഒഴിവാക്കുക എന്നത് 'ജനകീയ ജനാധിപത്യവിപ്ലവ'ത്തിന്റെ പ്രവര്‍ത്തന ലക്ഷ്യമായി മാറുന്നു. അതുകൊണ്ടുതന്നെ, 'ജനകീയ ജനാധിപത്യവിപ്ലവം' വളരെ തീവ്രവും വിശാല'വുമായ മുതലാളിത്ത വികസനത്തിനുള്ള ഉപാധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗമാണ് 'ജനകീയ ജനാധിപത്യവിപ്ലവം' നയിക്കുന്നത് എന്നതുകൊണ്ട്, അവര്‍ മുതലാളിത്ത വികസനത്തിനുള്ള ഉപാധികള്‍ സൃഷ്ടിച്ച്, മുതലാളിത്തത്തിന്റെ ഭീകരമുഖം വളരുന്നത് കണ്ട് സംതൃപ്തരാകുകയല്ല, മറിച്ച്, സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്കു നയിക്കുന്ന ചരിത്രപരമായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യുന്നത്. തൊഴിലാളിവര്‍ഗ്ഗം വിപ്ലവപ്രക്രിയയില്‍ ഒരിക്കല്‍ സ്വന്തം പങ്ക് നേടിയെടുത്തു കഴിഞ്ഞാല്‍ പന്നെ അത് പിന്തിരിയുന്നില്ല; ദീര്‍ഘകാലമെടുത്താണെങ്കിലും സോഷ്യവിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നോട്ടു നയിക്കുന്നതിനായി അതിന്റെ പങ്കാളിത്തം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 'ജനകീയാധിപത്യവിപ്ലവം' മുതലാളിത്ത വികസനത്തിനുള്ള ഉപാധികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇത്തരം വികസനത്തിന്റെ സ്വഭാവം സാധാരണഗതിയില്‍ നടക്കുമായിരുന്ന മുതലാളിത്ത വികസനത്തിന്റേതിനേക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും. 'മുതലാളിത്ത വികസനം' എന്നത് ഒരു ഏകജാതീയ സംജ്ഞയല്ല. ഇന്ത്യയില്‍ കോളനി വാഴ്ചക്കാലത്ത് വികസിച്ചിരുന്നത് മുതലാളിത്തമായിരുന്നു. സ്വാതന്ത്ര്യസമരം നയിച്ചിരുന്ന ബൂര്‍ഷ്വാനേതൃത്വം ആഗ്രഹിച്ചിരുന്നതും മുതലാളിത്തമായിരുന്നു. നെഹ്റുവിന്റെ വികസന തന്ത്രങ്ങള്‍ വളര്‍ത്തിയതും മുതലാളിത്തത്തെയായിരുന്നു. നിയോ ലിബറലിസം ഇന്ന് വളര്‍ത്തുന്നതും മുതലാളിത്തത്തെയാണ്.
ജനകീയജനാധിപത്യവിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം ഉപാധികള്‍ സൃഷ്ടിക്കുന്നതും മുതലാളിത്തത്തിനാണ്. അതുകൊണ്ടുതന്നെ 'ജനകീയ ജനാധിപത്യ വിപ്ലവം' മുതലാളിത്ത വികസനത്തിന് വേണ്ട ഉപാധികള്‍ സൃഷ്ടിക്കാനാണെന്ന് പറയുന്നത് അര്‍ദ്ധസത്യം മാത്രമാണ്. സാധാരണഗതിയില്‍ വികസിക്കുമായിരുന്ന മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മുതലാളിത്ത വികസനത്തിനുള്ള ഉപാധിയാണത് സൃഷ്ടിക്കുന്നത്. മൌലികമായ ഭൂപരിഷ്ക്കരണത്തിലും വിശാലമായ ജനകീയകമ്പോളത്തിലും അധിഷ്ഠിതമായ, ഉപരിപ്ലവമല്ലാത്ത ഒരു മുതലാളിത്ത വികസനത്തിനാണ് അത് ലക്ഷ്യമിടുന്നത്.
രണ്ടാമതായി, വിശാലാടിസ്ഥാനത്തിലുള്ളതും ഉപരിപ്ലവമല്ലാത്തതുമായ 'മുതലാളിത്തവികാസ'ത്തിന്റെ ഉപാധികള്‍ സൃഷ്ടിച്ചുകൊണ്ട്, നമ്മുടേതുപോലുള്ള സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന സമരം അതില്‍തന്നെ അവസാനിക്കുന്നില്ല; സോഷ്യലിസത്തിനായുള്ള സമരമായി അത് വളരുന്നു. "രണ്ടു അടവുകള്‍'' (Two Tactics) എന്ന കൃതിയില്‍ ലെനിന്‍ ഈ സമരത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു.
"സ്വേച്ഛാധിപത്യത്തിന്റെ ബലപ്രയോഗത്തിലൂടെയുള്ള പ്രതിരോധത്തെ കീഴടക്കാനും ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടം അവസാനിപ്പിക്കാനും, കര്‍ഷക സമൂഹവുമായി സഖ്യം' ചെയ്ത് തൊഴിലാളി വര്‍ഗ്ഗം 'ജനാധിപത്യവിപ്ലവം' പൂര്‍ത്തീകരിക്കേണ്ടതാണ്. ബൂര്‍ഷ്വാസിയുടെ ബലപ്രയോഗത്തിലൂടെയുള്ള പ്രതിരോധം തകര്‍ക്കാനും കര്‍ഷക-പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിന്റെ ചാഞ്ചാട്ടം അവസാനിപ്പിക്കാനുമായി തൊഴിലാളിവര്‍ഗ്ഗം, സമൂഹത്തിലെ അര്‍ദ്ധ-തൊഴിലാളി വിഭാഗവുമയി സഖ്യംചെയ്ത്, സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തീകരിക്കണം.''
നമ്മുടേതുപോലുള്ള സമൂഹത്തില്‍ ബൂര്‍ഷ്വാസിയുടെ ആഭിമുഖ്യത്തില്‍ യഥാര്‍ത്ഥ മുതലാളിത്ത വികാസത്തിനായുള്ള ജനാധിപത്യവിപ്ലവം' പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമേ അതിനു കഴിയൂ എന്നതുകൊണ്ടും ഈ സമരം സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിനായുള്ള സമരവുമായി ഇഴചേര്‍ക്കപ്പെടുകയും 'സോഷ്യലിസ്റ് വിപ്ലവ'ത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായ്പോഴും സോഷ്യലിസത്തിന്റെ അടിയന്തിരമായ സംഭാവ്യതയില്‍ മാത്രം കേന്ദ്രീകരിക്കണം എന്ന സങ്കല്പം അതുകൊണ്ടുതന്നെ താത്വികമായി തെറ്റാണെന്ന് വരുന്നു.
സിപിഐ(എം) സോഷ്യലിസം കയ്യൊഴിയുന്നു എന്ന രണ്ടാമത്തെ നിലപാടിന്റെ ന്യൂനതകളിലേക്ക് നമുക്ക് കടക്കാം.
'ജനകീയജനാധിപത്യ വിപ്ലവ'ത്തിന്റെ അഭാവത്തില്‍ 'ബൂര്‍ഷ്വാജനാധിപത്യവിപ്ലവ'ത്തിന്റെ പൂര്‍ത്തീകരണം തടസ്സപ്പെടുത്തുമെന്ന് മാത്രമല്ല, ഭൂപരിഷ്കരണത്തിലെ വെള്ളംചേര്‍ക്കല്‍, ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ദുര്‍ബലമാകല്‍, സാമ്രാജ്യത്വവുമായുള്ള കൂടിച്ചേരല്‍ എന്നിവയിലൂടെ ജനാധിപത്യവിപ്ലവത്തെ പിറകോട്ടടിക്കുയും ചെയ്യുമെന്നതുകൊണ്ടുതന്നെ, ഇന്ത്യയില്‍ 'ജനീകയ ജനാധിപത്യവിപ്ലവ'ത്തിനുള്ള സാഹചര്യങ്ങള്‍ പാകപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ പോലും കമ്യൂണിസ്റ്റുകാര്‍ക്ക് മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഈ പ്രവര്‍ത്തനം ട്രേഡ് യൂണിയനിലോ കര്‍ഷക സമൂഹത്തിലോ വിവിധ ബഹുജന മുന്നണികളിലെ നിയമനിര്‍മ്മാണ സഭകളിലെ പ്രതിപക്ഷമായോ മാത്രമല്ല പാര്‍ട്ടി ശക്തമായ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണനേതൃത്വം എന്ന നിലയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രവര്‍ത്തനതലം പുതിയതും പ്രവര്‍ത്തന സാഹചര്യം ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ച് സൂക്ഷ്മവും സ്പഷ്ടവുമാണെങ്കിലും മറ്റേതൊരുമേഖലയും പോലെതന്നെയാണ് സര്‍ക്കാരുകളിലുള്ള പ്രവര്‍ത്തനവും. ഇതും വര്‍ഗ്ഗശക്തികളുടെ പരസ്പരബന്ധത്തില്‍ മാറ്റംവരുത്താന്‍ ഉപയോഗിക്കാം. ജനങ്ങളുട ജനാധിപത്യസമരങ്ങളെ പിന്തുണച്ചുകൊണ്ടും പ്രതിലോമകരമായ പിന്നോട്ടടികള്‍ക്കും പ്രതിവിപ്ലവ നിലപാടുകള്‍ക്കുമെതിരെ പോരാടിക്കൊണ്ടും 'ജനകീയ ജനാധിപത്യവിപ്ലവ'ത്തിനായുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്നത് സര്‍ക്കാരുകളിലുള്ള പ്രവര്‍ത്തനം ലക്ഷ്യമാക്കുന്നു.
പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉല്‍പ്പാദനശക്തികളുടെ വികാസത്തിനുവേണ്ടി ശരിയായ ഒരു നയം ഉണ്ടാകേണ്ടത് അനുപേക്ഷണീയമാണ്. ഈ നയംതന്നെ, 'ജനകീയ ജനാധിപത്യവിപ്ലവ'ത്തിനു പാകമായ സാഹചര്യം സൃഷ്ടിക്കുക, അതിനാവശ്യമായ വര്‍ഗ്ഗസഖ്യം രൂപീകരിക്കുക, വര്‍ഗ്ഗബോധനിലവാരമുയര്‍ത്തുക, തൊഴിലാളി വര്‍ഗ്ഗത്തെ ഒരു വിപ്ലവശക്തിയായി വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ സ്വയം ഉള്‍ക്കൊള്ളുന്നതാകണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദന ശക്തികളുടെ വികാസത്തില്‍ സംസ്ഥാന സവിശേഷ കാരണങ്ങളാല്‍, മുരടിപ്പ് ഉണ്ടാകുകയാണെങ്കില്‍ അത് തൊഴിലുല്‍പ്പാദനം നിയന്ത്രിക്കുകയും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുകയും മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. (ഈ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും മൂലധനശക്തികള്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുനിന്നതിന്റെ കാരണവും ഇതുതന്നെയാണ്.) അതേസമയം, ഒരു ഭാഗത്ത് തൊഴിലുല്‍പ്പാദിപ്പിക്കുമ്പോള്‍തന്നെ, ഭൂവിനിയോഗ ഘടനയുടെ മാറ്റത്തിലുടെ കാര്‍ഷികമേഖലയുള്‍പ്പെടെ മറ്റു മേഖലകളില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്ന ഏതൊരു വികസനവും അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കും എന്നതും തിരിച്ചറിയേണ്ടതുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക ഉപരോധമായി കണക്കാക്കാവുന്നവിധം മൂലധന ശക്തികള്‍ നടത്തുന്ന നിഷേധസമീപനം പാര്‍ട്ടിക്കും അതുവഴി ജനാധിപത്യവിപ്ലവത്തിനും ക്ഷീണമുണ്ടാക്കുമ്പോള്‍തന്നെ അടിസ്ഥാനവര്‍ഗ്ഗങ്ങളും (തൊഴിലാളികളും കര്‍ഷകരും) പാര്‍ട്ടിയും തമ്മില്‍ വിള്ളല്‍ സൃഷ്ടിക്കാനിടയാക്കുംവിധം മൂലധന ശക്തികളുടെ ആവശ്യങ്ങള്‍ക്ക് വഴിപ്പെടുന്നതും ഒരുപോലെ അപകടാവസ്ഥ സംജാതമാകുന്നു. സ്വകാര്യനിക്ഷേപകര്‍ തമ്മിലുള്ള മത്സരം മുതലെടുത്ത്, അവരുടെ അനാവശ്യ ഉപാധികള്‍ക്ക് വഴങ്ങാതെ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തിയും സമാന്തരമായി സര്‍ക്കാര്‍ നിക്ഷേപത്തിന്റെ ബലം ഉപയോഗിച്ചും സാഹചര്യങ്ങളുടെ സമഗ്രാവലോകനത്തിലൂടെ ശരിയായ പാത കണ്ടെത്തി ഈ അപകടാവസ്ഥ മറികടക്കുക എന്നത് എപ്പോഴും എളുപ്പമല്ല. ഓരോ സംരംഭത്തോടുമുള്ള സമീപനം പ്രത്യേകമായി തന്നെ തീരുമാനിക്കേണ്ടതുണ്ട്. എന്നാല്‍ 'ജനാധിപത്യവിപ്ലവ'ത്തിന്റെ മുന്നേറ്റത്തിന് സഹായകമാകുന്നുണ്ടോ എന്നതായിരിക്കണം ഓരോ സമീപനത്തിന്റെയും പിന്നിലെ അടിസ്ഥാന മാനദണ്ഡം.
ഈ മാനദണ്ഡം ഉപയോഗിക്കുമ്പോഴും മുതലാളിത്ത നിക്ഷേപങ്ങളില്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുനില്‍ക്കാനും കാരണം കാണുന്നില്ല. പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്ന ഈ മുതലാളിത്ത വ്യവസ്ഥയില്‍ സ്വാഭാവികമായും നിക്ഷേപ സ്രോതസ്സുകളെല്ലാം കുന്നുകൂടിയിരിക്കുന്നത് മൂലധനശക്തികളുടെ കൈകളില്‍ തന്നെയായണ്. തീര്‍ച്ചയായും അത്തരം നിക്ഷേപങ്ങളെല്ലാം നല്ല കരുതലോടെ വേണം കൈകാര്യം ചെയ്യാന്‍. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നേറ്റത്തെ തടയാനനുവദിച്ചുകൂടാ. അതുകൊണ്ടുതന്നെ പാര്‍ട്ടി-നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ കയ്യില്‍ മൂലധനത്തിന്റെ അനിയന്ത്രിതമായ ആവശ്യങ്ങള്‍ക്കെതിരെ കരുതല്‍ ശക്തി ഉണ്ടായിരിക്കേണ്ടതാണ്. അവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുനില്‍ക്കുന്നത് അതേസമയം അത്രതന്നെ വിനാശകരവുമാണ്.
ഇത്തരത്തിലുള്ള തിരിച്ചറിവുകള്‍ ഒരുതരത്തിലും സോഷ്യലിസം കയ്യൊഴിയലോ മുതലാളിത്തം സ്വീകരിക്കലോ അനിവാര്യമാക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത്, 'ജനാധിപത്യ വിപ്ലവ'ത്തിന്റെ പൂര്‍ത്തീകരണത്തിനും സോഷ്യലിസം എന്ന ആത്യന്തിക ലക്ഷ്യം നേടുന്നതിനുമുള്ള പോരാട്ടങ്ങള്‍ക്ക് നിരവധി മുന്നണികളുണ്ട് എന്നാണ്. സങ്കീര്‍ണ്ണമായ തലങ്ങളും നമ്മുടെ നിയന്ത്രണത്തിനു വിധേയമല്ലാത്ത സാഹചര്യങ്ങളും ഉണ്ട് എന്നാണ്. ഈ സങ്കീര്‍ണ്ണതയുമായി പൊരുത്തപ്പെടുമ്പോള്‍ ആത്യന്തികമായ ലക്ഷ്യം മറന്നുകൂടാ എന്നതുപോലെതന്നെ ഈ സങ്കീര്‍ണ്ണാവസ്ഥ തിരിച്ചറിയാതെ പോകുന്നതും സോഷ്യലിസ്റ്റ് സമൂഹം എന്ന ലക്ഷ്യം പ്രയോഗത്തില്‍നിന്നും കൂടുതല്‍ അകന്നുമാറാന്‍ ഇടയാക്കുന്നു.
ജനകീയ ജനാധിപത്യവിപ്ലവം എന്ന സിദ്ധാന്തവും അതിനുള്ള അകൂലാവസ്ഥ സൃഷ്ടിക്കാനുള്ള സമരങ്ങളുടെ സങ്കീര്‍ണ്ണതയും മനസ്സിലാക്കുന്നതിലുള്ള വീഴ്ചയോടൊപ്പം മൂന്നാമതൊരു വിഷയത്തിലും പാര്‍ട്ടി വിമര്‍ശകര്‍ക്ക് തെറ്റുപറ്റുന്നുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വ്യതിരിക്തത മനസ്സിലാക്കുന്നതിലാണത്. പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പാര്‍ടിക്ക് സമാനമല്ല. പാര്‍ട്ടി ഒരു പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ പാര്‍ടിനേതൃത്വത്തിലായാല്‍ പോലും - ഒരു സിദ്ധാന്തങ്ങള്‍ക്കും കീഴെയല്ല. പാര്‍ട്ടി ഒരു വിപ്ലവത്തിനായി പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നതുള്‍പ്പെടെയുള്ള വിവിധ മുഖങ്ങളിലൂടെ പാര്‍ട്ടിയും അതിന്റെ ബഹുജനസംഘടനകളും തമ്മിലെന്നപോലെ പാര്‍ട്ടിയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും തമ്മിലും തിരിച്ച് ഈ സര്‍ക്കാരുകളും പാര്‍ട്ടിയുടെ മുന്നണി സംഘടനകളും തമ്മിലും വ്യത്യസ്തത നിലനില്‍ക്കുന്നു. ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടഘടനയുടെ ചട്ടക്കൂടായ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സര്‍ക്കാരുകള്‍ രൂപം കൊള്ളുന്നത്. അവയുടെ വിവിധ പ്രായോഗിക നിലപാടുകള്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക ധാരണകളുമായി എല്ലായ്പ്പോഴും ഒത്തുപോകണമെന്നില്ല. സംസ്ഥാന സര്‍ക്കാരുകളുടെ, അനുഭവസിദ്ധമായ പ്രായോഗിക നയങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. യുക്തിയെ തലകീഴായി നിര്‍ത്തലാണ്.
ഇന്ത്യന്‍ വിപ്ലവത്തിന്റെ സങ്കീര്‍ണ്ണതകള്‍ തരണം ചെയ്യുന്നതിന് കൂടുതല്‍ ഗൌരവവും നിശിതവുമായ സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമായി വരുന്നു. എന്നാല്‍, ചില അടിസ്ഥാന വിഷയങ്ങള്‍ വിലങ്ങുതടിയാകാന്‍ പാടില്ല എന്നത് അതിന് ഒരു മുന്നുപാധിയാണ്.
-പ്രൊഫസര്‍ പ്രഭാത് പട്നായിക് സിഐടിയു സന്ദേശം ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ലേഖനം
1 comment:
മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ (എം) നേതാവ് ജ്യോതിബാസു നടത്തിയ, സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണത്തെപ്പറ്റിയുള്ള, പരാമര്‍ശത്തില്‍ നിന്നും, സിപിഐ(എം) സോഷ്യലിസം കയ്യൊഴിഞ്ഞു എന്ന തരത്തില്‍ മാധ്യമങ്ങള്‍ കണ്ടെത്തിയ അനുമാനം തികച്ചും അതിശയകരമായിരിക്കുന്നു. ഇതൊരു പക്ഷെ, വെറും ആഗ്രഹചിന്തയാകാം. സിപിഐ(എം)നെക്കുറിച്ച് ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനു ബോധപൂര്‍വ്വമായ ശ്രമമാകാം; അതുമല്ലെങ്കില്‍ മുന്‍തലമുറയെ അപേക്ഷിച്ച്. പുതുതലമുറ പത്രപ്രവര്‍ത്തകര്‍ക്ക് സിപിഐ(എം)ന്റെ പ്രത്യയശാസ്ത്രധാരണകളുടെ മൌലികതത്വങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതകൊണ്ടുമാകാം. എങ്കിലും ഈ പ്രതികരണങ്ങള്‍ പാര്‍ട്ടി അനുഭാവികളിലും അഭ്യുദയകാംക്ഷികളിലും വരെ ചിന്താക്കുഴപ്പങ്ങള്‍ക്ക് ഇടനല്‍കിയിട്ടുള്ള സ്ഥിതിക്ക് ചില അടിസ്ഥാന പ്രശ്നങ്ങള്‍ വിശദീകരിക്കപ്പെടേണ്ടത് അഭികാമ്യമാണെന്നു കരുതുന്നു.
മുതലളിത്ത നിര്‍മ്മാണം-സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തെ അധികരിച്ച് പ്രൊഫസര്‍ പ്രഭാത് പട്നായിക് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കുന്നു.
Post a Comment