Friday, March 14, 2008

നീയുറങ്ങുമ്പോഴും നിന്‍ വാക്കുറങ്ങാതിരിക്കുന്നു...

ഇന്ന് മാര്‍ക്സിന്റെ നൂറ്റിഇരുപത്തഞ്ചാം ചരമവാര്‍ഷികദിനമാണ്. ജര്‍മനിയിലെ ട്രയര്‍ എന്ന ചെറുനഗരത്തില്‍ 1818 മെയ് അഞ്ചിന് സംസ്കൃതചിത്തനും അഭിഭാഷകനുമായിരുന്ന ഹെന്റിക് മാര്‍ക്സിന്റെയും ഹെന്റിക്കാപ്രെസ് ബര്‍ഗിന്റെയും ഒമ്പതു മക്കളില്‍ ഒരാളായി കാള്‍ മാര്‍ക്സ് ജനിച്ചു. 1883 മാര്‍ച്ച് പതിനാലിന് നിര്യാതനായി. ബാല്യകാലസഖി ജെന്നിവെസ്റ്റ് ഫെലിനായിരുന്നു ഭാര്യ. മാര്‍ക്സിനു മുമ്പുതന്നെ അവര്‍ നിര്യാതയായി. മാര്‍ക്സിന്റെ രണ്ട് പെണ്‍മക്കളായ ജെന്നിയും ലോറയും അച്ഛന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ജെന്നിയുടെ ഇംഗ്ളീഷുകാരനായ ഭര്‍ത്താവ് ഡോ. എഡ്വേര്‍ഡ് ഒവലിങ്ങും ലോറയുടെ ഫ്രഞ്ചുകാരനായ ഭര്‍ത്താവ് പോള്‍ ലെഫാര്‍ഗും മാര്‍ക്സിസ്റ്റ് വിപ്ലവകാരികളായിരുന്നു.

മാര്‍ക്സ് സാമാന്യം ഭേദപ്പെട്ട ഇടത്തരം കുടുംബത്തിലും ഭാര്യ ജെന്നി ഉയര്‍ന്ന സമ്പന്നകുടുംബത്തിലുമാണ് ജനിച്ച് വളര്‍ന്നതെങ്കിലും അവര്‍ക്ക് കിട്ടിയ കുടുംബസ്വത്തെല്ലാം പ്രക്ഷുബ്ദമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നശിച്ചു പോകുകയും അധികാരി വൃന്ദത്താല്‍ വേട്ടയാടപ്പെട്ട് പലനാടുകളിലും അവസാനം ലണ്ടനിലും തീരെ ദരിദ്രാവസ്ഥയില്‍ എത്തിച്ചേരുകയുംചെയ്തു. അദ്ദേഹത്തിന്റെ ആണ്‍കുട്ടികള്‍ പോഷകാഹാരക്കുറവും ചികിത്സയ്ക്കുള്ള പണം ഇല്ലായ്മയും കാരണം ശൈശവത്തില്‍ മൃതിയടഞ്ഞു. ഒരു വ്യവസായകുടുംബത്തില്‍ ജനിച്ച ഫ്രെഡറിക് എംഗല്‍സിന്റെ (1820- 1895) കൂടെക്കൂടെയുള്ള ധനസഹായംമാത്രമാണ് മാര്‍ക്സിന്റെ കുടുംബത്തെ പട്ടിണിയില്‍നിന്ന് രക്ഷിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഗ്രന്ഥരചനകള്‍ക്കും തുണയായി വര്‍ത്തിച്ചതും.

വ്യക്തിപരമായി സ്നേഹവും ധനസഹായവും മാത്രമല്ല എംഗല്‍സ് മാര്‍ക്സിന് നല്‍കിയത്. മാര്‍ക്സിന്റെ കരുത്തനായ സഹകാരിയും മാര്‍ക്സിസം വികസിപ്പിക്കുന്നതില്‍ മിക്കവാറും തുല്യമെന്ന് പറയാവുന്ന താത്വിക സംഭാവനയും എംഗല്‍സ് നല്‍കി. പത്തൊമ്പതാം നൂറ്റാണ്ട് ശാസ്ത്രം, സാഹിത്യം, കല, ദര്‍ശനം, രാഷ്ട്രമീമാംസ തുടങ്ങിയ രംഗങ്ങളില്‍ അതികായന്മാരെ സൃഷ്ടിച്ച ഒരു കാലയളവാണ്- ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, ഷോപ്പനോവര്‍ തുടങ്ങിയ ദാര്‍ശനികര്‍. ഡാല്‍ട്ടന്‍, ഫാരഡേ, ഹംഫ്രി ഡേവി, ഡാര്‍വിന്‍, ഹക്സിലി തുടങ്ങിയ ശാസ്ത്രജ്ഞര്‍. മെറ്റര്‍ ലിങ്ക്, റസ്സല്‍, ഗ്ളാഡ്സ്റ്റണ്‍ സ്പെന്‍സര്‍ തുടങ്ങിയ പ്രഗത്ഭരായ തന്ത്രജ്ഞരും മീമാംസകരും. ഇവരില്‍ ഒരു ഡാര്‍വിനെയോ ഫാരഡെയേയോ ഇന്ന് സ്മരിക്കുന്നവര്‍ ഉണ്ടാവാം. പക്ഷേ, അന്ന് താരതമ്യേന അവരോളം ഒന്നും പ്രശസ്തനല്ലാതിരുന്ന മാര്‍ക്സും എംഗല്‍സും ഇന്ന് ഏഴ് ഭൂഖണ്ഡങ്ങളിലും ഐക്യരാഷ്ട്രസഭയിലെ 192 അംഗങ്ങളുള്‍പ്പെടെ ഇരുനൂറോളം രാജ്യങ്ങളിലും സാധാരണക്കാര്‍പോലും അറിഞ്ഞാദരിക്കുന്ന പേരുകളാണ്.

1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ലാറ്റിനമേരിക്കയിലും മറ്റും നടന്ന സോഷ്യലിസ്റ്റ് പരിവര്‍ത്തനങ്ങളും മാര്‍ക്സിസത്തിന്റെയും അതിന്റെ കാലോചിതമായി പരിഷ്കരിക്കപ്പെട്ട മാര്‍ക്സിസം- ലെനിനിസത്തിന്റെയും പ്രശസ്തി ഉച്ചകോടിയിലെത്തിച്ചു. എന്നാല്‍, 1990-91ലെ സോവിയറ്റ് തകര്‍ച്ച ആ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം പതിനേഴ് വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ചിത്രമാകെ മാറിമാറി വരുകയും മാര്‍ക്സിസം ലെനിനിസത്തിന് ഒരു പുത്തനുണര്‍വ് അനുഭവപ്പെടുകയും ചെയ്തതായി ആഗോളതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സംഭവവികാസങ്ങളും വൈജ്ഞാനിക രംഗത്തെ പുത്തന്‍ കാഴ്ചപ്പാടുകളും തെളിയിക്കുന്നു. സോവിയറ്റ് തകര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ സാമ്രാജ്യത്വ പ്രചാരക പ്രക്ഷേപണ സ്ഥാപനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ ആഗോളതലത്തിലുള്ള ഒരു വോട്ടെടുപ്പില്‍ തെളിഞ്ഞ വസ്തുത പലരെയും അമ്പരപ്പിച്ചു. ഇരുപതാംനൂറ്റാണ്ടിലും തുടര്‍ന്നും ഏറ്റവും കൂടുതല്‍ സ്വാധീനശക്തി ചെലുത്തിയതും ചെലുത്തിക്കൊണ്ടിരിക്കുന്നതുമായ പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്തകന്‍ ആര് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മാര്‍ക്സിന്റെ പേരിനായിരുന്നു എന്നതാണ് പലരെയും അമ്പരപ്പിച്ചത്.

ടെലിഫോണും ടെലിവിഷനും വിമാനവും കമ്പ്യൂട്ടറും ബഹിരാകാശയാത്രയും ഒന്നും മാര്‍ക്സിനോ എംഗല്‍സിനോ പരിചിതമായിരുന്നില്ല. പക്ഷേ, അത്ഭുതകരമായ ഈ ശാസ്ത്ര-സാങ്കേതിക മുന്നേറ്റം നടത്തുന്ന മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥ അവര്‍ക്ക് പരിചിതമായിരുന്നു, എന്നു മാത്രമല്ല മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അനിവാര്യമായ വൈരുധ്യങ്ങളും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഭൂരിപക്ഷം ജനങ്ങള്‍ക്ക് അവ സമ്മാനിക്കുന്ന ദാരിദ്ര്യാതീത ദുരിതങ്ങളും മാര്‍ക്സിസം- ലെനിനിസം കണ്ടറിയുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്തു.

പഴയ കൊളോണിയല്‍ വ്യവസ്ഥ നിര്‍മാര്‍ജനം ചെയ്യപ്പെട്ടതിന്റെ സ്ഥാനത്ത് അപ്രത്യക്ഷ സാമ്രാജ്യത്വം സ്ഥാപിക്കാനുള്ള അടവാണ് ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും മറ്റും. ആഗോളവല്‍ക്കരണത്തിന്റെ സൈനികപ്രയോഗമാണ് ഇറാഖിലും മറ്റും നടക്കുന്ന അധിനിവേശയുദ്ധം. ഇവക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണ് മാര്‍ക്സിസം ലെനിനിസം.

തീര്‍ച്ചയായും പത്തൊമ്പതാം നൂറ്റാണ്ടില്‍ ആചാര്യന്മാര്‍ കണ്ടിരുന്നുവെങ്കിലും ഊന്നല്‍ വേണ്ടത്ര നല്‍കാതിരുന്ന പരിസ്ഥിതി സംരക്ഷണം, ജനാധിപത്യപുരോഗതി, സ്ത്രീവിമോചനത്തിന്റെ പുതിയ മാനങ്ങള്‍ മുതലായവ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിട്ടുണ്ട്. ഈ പ്രശ്നങ്ങളും സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം ഉയര്‍ന്നുവന്ന പുതിയ സാഹചര്യങ്ങളും അനിവാര്യമാക്കുന്ന കൂട്ടിച്ചേര്‍ക്കലുകളും പരിഷ്കാരങ്ങളും തിരുത്തലുകളും മാര്‍ക്സിസത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ലെനിനിസംകൂടി ഉള്‍ക്കൊണ്ട് മാര്‍ക്സിസം- ലെനിനിസം ആയതുപോലെ മൌ സെ ദൊങ,് ഹോചിമിന്‍, ഫിദല്‍ കാസ്ട്രോ, ചെ ഗുവേര, അന്തോണിയോ ഗ്രാംഷി തുടങ്ങിയവരുടെ സംഭാവനകളും മാര്‍ക്സിസത്തെ കൂടുതല്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും ബൂര്‍ഷ്വ ധനശാസ്ത്രത്തിനോ രാഷ്ട്രമീമാംസയ്ക്കോ മറുപടിയില്ല. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പുതിയ സാഹചര്യങ്ങള്‍ക്ക് അനുഗുണമായവിധത്തില്‍ ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍കൂടി കൂട്ടിയിണക്കിയാണ് ഇന്നത്തെ മാര്‍ക്സിസ്റ്റ് ചിന്താപ്രപഞ്ചം രൂപംകൊണ്ടിട്ടുള്ളത്.

ലാറ്റിനമേരിക്കയിലെ ഒരു ഡസനോളം രാഷ്ട്രങ്ങള്‍ ഇടതുപക്ഷത്തേക്ക് നീങ്ങുകയും ആഗോളവല്‍ക്കരണത്തെയും അധിനിവേശയുദ്ധത്തെയും ദാരിദ്ര്യവ്യാപനത്തെയും നിരാകരിക്കുന്നതിന്റെ പ്രത്യയശാസ്ത്ര ഊര്‍ജം മാര്‍ക്സിസത്തില്‍നിന്നാണ് ലഭിക്കുന്നത്. സമീപനത്തിലും നിഗമനങ്ങളിലും മറ്റും വ്യത്യാസം ഉണ്ടാകാമെങ്കിലും വിവിധ മാര്‍ക്സിസ്റ്റ്-കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് - ജനാധിപത്യ വിഭാഗങ്ങളുടെ മുന്നണികളാണ് ഇന്ന് ലാറ്റിനമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെയും ആഗോളവല്‍ക്കരണത്തെയും തിരസ്കരിച്ച് അധികാരത്തിലെത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്രകാരം പുതിയ വെല്ലുവിളികള്‍ നേരിടാനും കാലോചിതമായി വികസിക്കാനുമുള്ള കഴിവാണ് മാര്‍ക്സിസത്തെ മരണമില്ലാത്ത സിദ്ധാന്തവും പ്രയോഗവുമായി മാറ്റുന്നത്. സോഷ്യലിസം സ്ഥാപിച്ചതിനുശേഷം മാത്രമല്ല അതിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ക്കൂടി മാനവജീവിതത്തിന്റെ നാനാവിധ ദുരിതങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നതും മാര്‍ക്സിസത്തിന്റെ രാഷ്ട്രീയശൈലിയാണ്. മാര്‍ക്സിനും മാര്‍ക്സിസത്തിനും മരണമില്ല എന്ന് ചരിത്രത്തിന്റെയും യുക്തിയുടെയും അനുഭവത്തിന്റെയും പിന്‍ബലത്തോടെ പ്രഖ്യാപിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ. മാര്‍ക്സിന്റെ നൂറാം ചരമവാര്‍ഷികവേളയില്‍ ഒ എന്‍ വി പാടിയത് ഇന്നും അന്വര്‍ഥം.

"ശവകുടീരത്തില്‍ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു''.

- പി.ഗോവിന്ദപ്പിള്ള. കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ലാറ്റിനമേരിക്കയിലും മറ്റും നടന്ന സോഷ്യലിസ്റ്റ് പരിവര്‍ത്തനങ്ങളും മാര്‍ക്സിസത്തിന്റെയും അതിന്റെ കാലോചിതമായി പരിഷ്കരിക്കപ്പെട്ട മാര്‍ക്സിസം- ലെനിനിസത്തിന്റെയും പ്രശസ്തി ഉച്ചകോടിയിലെത്തിച്ചിരുന്നു. എന്നാല്‍, 1990-91ലെ സോവിയറ്റ് തകര്‍ച്ച ആ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം പതിനേഴ് വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ചിത്രമാകെ മാറിമാറി വരുകയും മാര്‍ക്സിസം ലെനിനിസത്തിന് ഒരു പുത്തനുണര്‍വ് അനുഭവപ്പെടുകയും ചെയ്യുകയാണ്.

പഴയ കൊളോണിയല്‍ വ്യവസ്ഥ നിര്‍മാര്‍ജനം ചെയ്യപ്പെട്ടതിന്റെ സ്ഥാനത്ത് അപ്രത്യക്ഷ സാമ്രാജ്യത്വം സ്ഥാപിക്കാനുള്ള അടവാണ് ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും മറ്റും.ആഗോളവല്‍ക്കരണത്തിന്റെ സൈനികപ്രയോഗമാണ് ഇറാഖിലും മറ്റും നടക്കുന്ന അധിനിവേശയുദ്ധം. ഇവക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണ് , ആകട്ടെ മാര്‍ക്സിസം ലെനിനിസം.

ഇന്ന്, 2008 മാര്‍ച്ച് 14, മാര്‍ക്സിന്റെ നൂറ്റിഇരുപത്തഞ്ചാം ചരമവാര്‍ഷികദിനമാണ് . ആ മഹാനായ വിപ്ലവകാരിക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ അഭിവാദ്യങ്ങള്‍

Baiju Elikkattoor said...

ചിന്തോദ്ദീപകമായ ഒരു ലേഖനത്തിന് ശ്രീ പീ. ഗോവിന്ദപിള്ളയ്ക്ക് നന്ദി. മുതലാളിത്ത അധിനിവേശത്തെ എതിര്‍ക്കാന്‍ മാര്‍ക്സിസം മാത്രമാണ് അധസ്ഥിടരുടെ ആശ്രയം എന്ന് ലോകം വിണ്ടും മനസിലാക്കിതുടങ്ങുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് നന്ദിഗ്രാമുകള്‍ ഉണ്ടാകുന്നു? എന്താണ് ജ്യോതിബസുവിനും ബുദ്ധാദേവിനും രാജ്യത്തിന്റെ പുരോഗതിക്ക് മുതലിതമാല്ലാതെ വേറെ വഴിയില്ല എന്ന് തോന്നാന്‍ പ്രേരകമായത്? എന്ത് കൊണ്ടു, ബംഗാളില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍, ഇന്തോനേഷൃയില്‍ ലക്ഷകണക്കിന്‌ കമ്മ്യൂണിസ്റ്റ്കാരുടെ കൂട്ടക്കുരിതിക്ക് കൂട്ടുനിന്ന സലിം ഗ്രൂപ്പിന് ചെമ്പരവതാനി വിരിക്കാന്‍ വ്യഗ്രത കാണിക്കുന്നു? എന്താ, കമ്മ്യൂണിസ്റ്റ്കാര്‍ക്കും പണത്തിന്റെയും സമ്പത്തിന്റെയും കാരൃം വരുമ്പോള്‍, ആദര്‍ശങ്ങളും പ്രതൃശാസ്തൃങ്ങളും മടക്കി പോക്കറ്റില്‍ ഇടാനുള്ളതാണോ?!

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ബൈജു

വായനക്ക് നന്ദി. തികച്ചും പ്രസക്തമായ വിഷയങ്ങളാണ് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഇവയ്ക്ക് വ്യക്തമായ മറുപടി പറയേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയാണ്.

എങ്കിലും ഈ വിഷയത്തെ അധികരിച്ച് പ്രൊഫസര്‍ പ്രഭാത് പട്നായിക്ക് ഒരു ലേഖനം എഴുതിയത് സിഐ ടി യു സന്ദേശം -ഫെബ്രുവരി ലക്കത്തില്‍ വന്നത് തികച്ചും പ്രസക്തമാണ് എന്നു കരുതുന്നു. അത് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതണ്.