Thursday, March 13, 2008

മരുമകന്‍ അമ്മാവനയച്ച കത്തുകള്‍

സര്‍ക്കാര്‍ ഓഫീസില്‍ യുഡി ക്ലര്‍ക്കായ രമേശന്‍ അവസാനം ഓഫീസ് രീതിയില്‍ തന്നെ അമ്മാവന് കത്തയച്ചു.

തീയതി 1-1-2008

അമ്മാവന്,

വിഷയം: സ്ത്രീധനബാക്കി-സംബന്ധിച്ച്
സൂചന: നേരിട്ടും ഫോണിലൂടെയും വിഷയത്തെ സംബന്ധിച്ച് അമ്മാവനുമായി നടത്തിയ സംഭാഷണങ്ങള്‍

വിഷയത്തിലേക്കും സൂചനയിലേക്കും അമ്മാവന്റെ ശ്രദ്ധ ക്ഷണിക്കുന്നു. വ്യക്തമായ ഉത്തരം കിട്ടാത്തതുകൊണ്ടാണ് കത്തെഴുതുന്നത്. അമ്മാവന്റെ മകള്‍ രമണിയെ വിവാഹം ചെയ്തിട്ട് വര്‍ഷം ഏഴ് കഴിഞ്ഞു. സ്ത്രീധനക്കുടിശ്ശികയെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ അമ്മാവന്‍ ഒഴിഞ്ഞുമാറുകയാണ്. ആയതിനാലാണ് കത്തെഴുതേണ്ടി വന്നത്. ഈ കത്തുലഭിച്ചാല്‍ ഉടന്‍ തന്നെ എനിക്ക് ബാക്കി വരേണ്ടുന്ന രണ്ടുലക്ഷം രൂപയും കുടുംബവസ്തുവില്‍ നിന്നുള്ള എമ്പതു സെന്റും തന്ന് രസീത് കൈപ്പറ്റേണ്ടതാണ്. നമ്മള്‍ തമ്മിലുള്ള വ്യക്തിപരമായ നല്ല ബന്ധം മുറിപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമില്ല. വിഷയം ഗൌരവപൂര്‍വം കാണേണ്ടതാണ്.

വിശ്വസ്തതയോടെ,

രമേശന്‍
പകര്‍പ്പ് : രമണിക്ക്

അമ്മാവന്റെ മറുപടി കൃത്യമായി കിട്ടി.

എന്റെ പ്രിയപ്പെട്ട മരുമകന്,

നിന്റെ കത്തു ലഭിച്ചു. സത്യം പറഞ്ഞാല്‍ എന്തൊരു സന്തോഷമായിരുന്നു. നിന്റെ കത്തിലെ ഓരോ വരിയും എന്നെ ആഹ്ലാദിപ്പിക്കുന്നു. രമണിക്കും കുട്ടികള്‍ക്കും സുഖമാണല്ലോ അല്ലേ? ഇത്തവണ ഇടവപ്പാതി അടിപൊളി ആയിരിക്കുമെന്ന് തോന്നുന്നു. പുതിയ സിനിമ എന്തെങ്കിലും കണ്ടായിരുന്നോ? അമേരിക്കയില്‍ ബുഷ് ഇപ്പോ ഇറാനെതിരെ ഒരുങ്ങിയിറങ്ങുകയാണല്ലോ. ഇറാനില്‍ പക്ഷെ കളി കാര്യമാകും. അമേരിക്ക കുറേ വെള്ളവും കുടിക്കും. നമുക്ക് കാത്തിരുന്ന് കാണാം. അല്ലേ? എല്ലാ പേരോടും അന്വേഷണം പറയണേ.

സ്നേഹപൂര്‍വം

മോനേക്കാള്‍ മരുമോനെ സ്നേഹിക്കുന്ന
അമ്മാവന്‍

അടുത്ത ദിവസം രമേശന്‍ മറുപടിക്കുള്ള മറുപടി വിട്ടു.

തീയതി 16-1-2008

അമ്മാവന്,

വിഷയം:സ്ത്രീധനബാക്കി സംബന്ധിച്ച്
സൂചന :1-1-2008ലെ കത്തിനുള്ള അമ്മാവന്റെ തീയതി വയ്ക്കാത്ത മറുപടി

അമ്മാവന്റെ മറുപടി കിട്ടി. ആ മറുപടി കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് എനിക്ക് ഇനിയും പിടികിട്ടുന്നില്ല. എന്റെ കത്ത് അമ്മാവന്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ലെന്ന് മനസ്സിലായി. സ്ത്രീധനബാക്കിയെക്കുറിച്ച് അമ്മാവന്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. അമേരിക്ക ഇറാക്കിനെ ആക്രമിക്കുന്നതില്‍ അമ്മാവന് എന്താണിത്ര വേവലാതിയെന്നറിയുന്നില്ല. ഓരോ രാജ്യത്തിനും അതിനതിന്റേതായ പോളിസികളുണ്ട്. അതും സ്ത്രീധനവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. അമേരിക്ക ഏതെങ്കിലും രാജ്യത്തിന് സ്ത്രീധനബാക്കി കൊടുക്കാനുണ്ടെങ്കില്‍ അമ്മാവന്‍ പറയുക. ഞാന്‍ സമ്മതിച്ചു തരാം. മറുപടി ഉടനെ വേണം.

വിശ്വസ്തതയോടെ,

രമേശന്‍
പകര്‍പ്പ് :രമണിക്ക്

അമ്മാവന്‍ മറുപടി എഴുതി.

പ്രിയപ്പെട്ട എന്റെ പുന്നാരമരുമകന്,

സന്തോഷം കൊണ്ട് എന്റെ കണ്ണുനിറയുന്നു. നീ തുടരെത്തുടരെ അമ്മാവന് കത്തുകളെഴുതുന്നുണ്ടല്ലോ. മൊബൈല്‍ വന്നതിനു ശേഷം കത്തെഴുത്ത് എന്ന പ്രക്രിയയേ നാട്ടിലില്ലാതായി. ങാ. അതൊക്കെ പോട്ടെ. അമേരിക്കയുടെ സ്ത്രീധനബാക്കിയെക്കുറിച്ച് മരുമകന്‍ എഴുതീരുന്നു. മരുമോനേ മരുമോന്‍ അന്ധമായി ഏറെ അമേരിക്കന്‍സ്നേഹം വച്ചുപുലര്‍ത്തരുത്. മിന്നുന്നതെല്ലാം പൊന്നല്ല എന്നത് ഓര്‍മ്മിക്കണം. അമേരിക്കയില്‍ നല്ല റോഡും കാറും പ്ലെയിനും ഒക്കെയുണ്ടാകും. വികസനത്തിന്റെ മാനദണ്ഡം ഇതു മാത്രമല്ല. മനസ്സും കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അമേരിക്കയെ എതിര്‍ക്കുന്നത്. നിനക്ക് സുഖമാണല്ലോ. ടിന്റുമോള്‍ടെ പനി മാറിയോ? ഇപ്പോഴത്തെ പനി സൂക്ഷിക്കണേ-മടക്കത്തപാലില്‍ തന്നെ മറുപടി അയക്കണം. നിന്റെ മറുപടി കാത്തുകൊണ്ട്,

മോനേക്കാള്‍ ഏറെ മരുമോനെ സ്നേഹിക്കുന്ന അമ്മാവന്‍

രമേശന്‍ ഔദ്യോഗികരീതികള്‍ കൈവിട്ട് കത്തെഴുതി

അമ്മാവാ,

കഴിഞ്ഞ കത്തുവായിച്ചു. അമേരിക്കയോട് അമ്മാവന് എന്താണിത്ര അസൂയ എന്നറിയില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. നയാഗ്രാവെള്ളച്ചാട്ടം അമേരിക്കയിലാണ്. മറ്റൊരു കാര്യം ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞേക്കാം. രമണി അതു സൂചിപ്പിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. അമേരിക്കക്കെതിരെ ആര് സംസാരിച്ചാലും എനിക്കത് സഹിക്കാന്‍ പറ്റില്ല.

രമേശന്‍

രമേശന്,

എന്റെ കത്ത് നിന്നെ വേദനിപ്പിച്ചു എന്നറിഞ്ഞ് ഞാന്‍ വേദനിക്കുന്നു. ഇല്ല. അമേരിക്കക്കെതിരെ ഞാന്‍ ഒന്നും പറയുന്നില്ല. വാസ്തവത്തില്‍ ഒരുപാട് പറയണമെന്ന് കരുതിയിരുന്നതാണ്. സോവിയറ്റ് യൂണിയനെ ഛിന്നഭിന്നമാക്കിയത്, ഇറാക്കിനെ തകര്‍ത്തത്, വിയറ്റ്നാം യുദ്ധം....വേണ്ട....ഞാനൊന്നും പറയുന്നില്ല.....പക്ഷേ മോനേ........അമേരിക്കയുടെ ആ......ഇല്ല......വേണ്ട........അതു മാത്രം ഞാന്‍ പറയില്ല.....നീ വേദനിക്കും

മോനേക്കാളേറെ മരുമോനെ
സ്നേഹിക്കുന്ന അമ്മാവന്‍

അമ്മാവാ,

അമ്മാവന്റെ അഹങ്കാരം എനിക്ക് സഹിക്കാവുന്നതിലേറെ ആയിരിക്കുന്നു. ഇനി അമേരിക്കയെ കളിയാക്കിയാല്‍ എന്റെ വിധം മാറും. മേലാല്‍ എനിക്കീ കത്തെഴുതരുത്. ഞാനും എഴുതുന്നില്ല.

രമേശന്‍

അന്നു വൈകുന്നേരം അമ്മായി അമ്മാവനോട് പറഞ്ഞു. ഹൊ! നിങ്ങടെ ബുദ്ധി അപാരം തന്നെ. ഒരു വിഷയം മാറ്റിവിടാന്‍ വേണ്ടി, അവനുംകൂടി താല്‍പ്പര്യമുള്ള ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞ് ശ്രദ്ധ മാറ്റിവിട്ടു. അവന്‍ സ്ത്രീധനം മറന്നു. അമേരിക്കയെ ശ്രദ്ധിച്ചു. സമ്മതിച്ചിരിക്കുന്നു. ഇതുപോലുള്ള സ്ത്രീധനക്കൊതിയന്മാരോട് ഇങ്ങനെ തന്നെ വേണം. ഇതെങ്ങനെ തോന്നി ഈ ബുദ്ധി?

അമ്മാവന്‍ അമ്മായിയെ ഒന്നു നോക്കി.

എന്നിട്ട് അമ്മാവന് വന്ന കുറേ കത്തുകള്‍ കാണിച്ചു. അമ്മായിയുടെ അച്ഛന്‍ അഥവാ അമ്മാവന്റെ അമ്മാവന്‍ അമ്മാവന് എഴുതിയത്. സ്ത്രീധനബാക്കി ചോദിച്ചതിനുള്ള മറുപടി.

ചോദിച്ചത് സ്ത്രീധനബാക്കി.

മറുപടി സിവി രാമന്‍പിള്ളയും മാര്‍ത്താണ്ഡവര്‍മ്മയും.

-കൃഷ്ണ പൂജപ്പുര

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരമ്മാവന്‍ മരുമകനയച്ച കത്തുകള്‍..കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന

പൊറാടത്ത് said...

ഹെന്റമ്മേ.. ഇതടിപൊളി..

Rajeeve Chelanat said...

രസിച്ചു.
രാജീവ്

konchals said...

കലക്കി മാഷെ;;;

അനാഗതശ്മശ്രു said...

sooooooper

കുഞ്ഞന്‍ said...

ഇനി എന്റെ അമ്മായിയപ്പന്‍ ഇങ്ങനെ പ്രതികരിച്ചാല്‍ എങ്ങിനെ അതിനെ തരണം ചെയ്യണമെന്നു മനസ്സിലായി. അറിവു പകരുന്ന പോസ്റ്റ്..!


ഹഹ.. രസികന്‍ രചന, അഭിനന്ദനങ്ങള്‍..!

തോന്ന്യാസി said...

ഒരു പാട് ചിരിച്ചു മാഷേ...........

പൈങ്ങോടന്‍ said...

എന്റെ ഫാവി അമ്മായിഅപ്പനെങ്ങാന്‍ ഇതു വായിക്കാന്‍ ഇടയാ‍യാല്‍ ....ഈ ബ്ലോഗ് ഞാന്‍ തീയിടും..പറഞ്ഞില്ലാന്നുവേണ്ടാ ;)

കലക്കീട്ടാ

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ പൊറാടത്ത്, രാജീവ്, കൊഞ്ചല്‍‌സ്, അനാഗതശ്മശ്രു,കുഞ്ഞന്‍, തോന്ന്യാസി, പൈങ്ങോടന്‍..നന്ദി..വന്നതിനും വായിച്ചതിനും..അഭിപ്രായത്തിനും...