ഏതൊരു വിജ്ഞാനശാഖയുടെയും വികാസം രേഖീയമല്ല. ആരംഭംമുതല്‍ ഒരേ ദിശയില്‍ അനുക്രമം വികസിക്കുകയല്ല അവ ചെയ്തിട്ടുള്ളത്. ചരിത്രത്തിന്റെ പ്രയോഗശാസ്ത്രവും സിദ്ധാന്തവുമായ മാര്‍ക്സിസവും ആരംഭംമുതല്‍ രേഖീയമായ അനുക്രമവികാസത്തിലൂടെയല്ല കടന്നുവന്നിട്ടുള്ളത്.
പ്രകൃതിയോടും ജീവിതത്തോടുമുള്ള മാറിമാറിവരുന്ന സമീപനങ്ങളുടെ ഘടനാപരമായ വ്യത്യസ്തതകള്‍ക്ക് അനുസൃതമായി സ്വയം പുനഃസംഘടിപ്പിക്കുന്നതിലൂടെയാണ് എല്ലാ വിജ്ഞാനശാഖകളും വികസിക്കുന്നത്. ഇങ്ങനെ സ്വന്തം ആദിമൂലതത്വങ്ങളില്‍ മതപരമായ വിശുദ്ധി ശാഠ്യത്തോടെ കടിച്ചുതൂങ്ങാതെ സ്വന്തം മൂലതത്വങ്ങളെ കാലാനുസൃതമായി വികസിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവാണ് ശാസ്ത്രീയമെന്ന് കരുതപ്പെടുന്ന ഏതു വിജ്ഞാനത്തിന്റെയും ശാസ്ത്രീയതയ്ക്കുതന്നെ അടിസ്ഥാനം. മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ കടന്നു പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഇങ്ങനെ സ്വയം വികസിക്കാനും മാറാനുമുള്ള കഴിവാണ് മാര്‍ക്സിസത്തെ ചരിത്രത്തിന്റെ ശാസ്ത്രവും മാറ്റത്തിന്റെ തത്വശാസ്ത്രവുമാക്കി നിലനിര്‍ത്തുന്നത്.
ഇതു മനസ്സിലാക്കാന്‍ കഴിയാത്തവരാണ് മാര്‍ക്സിസം പത്തൊമ്പതാം നൂറ്റാണ്ടിലെ സവിശേഷ യൂറോപ്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ഒരു സാമൂഹ്യവിമോചന സിദ്ധാന്തം മാത്രമാണെന്നും ആ സാഹചര്യം മാറിയതോടൊപ്പംതന്നെ അത് അപ്രസക്തമായിക്കഴിഞ്ഞുവെന്നും വാദിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസം കാള്‍മാര്‍ക്സ് എന്ന പ്രതിഭാശാലിയായ ഒരു ജര്‍മന്‍ പണ്ഡിതന്റെയോ മനുഷ്യസ്നേഹിയുടെയോ തലയില്‍ ഉദിച്ച ഒരു വെളിപാടുമാത്രമാണ്. മാര്‍ക്സിസത്തിന് കാലാനുസൃതമായ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി മനുഷ്യോപയോഗപ്രദമാക്കി വികസിപ്പിക്കണമെന്ന് വാദിക്കുന്ന എല്ലാ ലിബറല്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും മാര്‍ക്സിസത്തോടുള്ള മേല്‍പ്പറഞ്ഞ സമീപനത്തില്‍ പങ്കുചേരുന്നവരാണ്. പുതിയ പുതിയ വ്യാഖ്യാനങ്ങളിലൂടെ നിലനിര്‍ത്തപ്പെടുന്നത് മതസിദ്ധാന്തങ്ങളാണ്. മാര്‍ക്സിസം മാര്‍ക്സിന്റെ തലയില്‍ ഉദിച്ച വ്യാഖ്യാനസാധ്യതകളുള്ള അത്തരമൊരു ദിവ്യ വെളിപാടായിരുന്നില്ല. വിവിധ വിജ്ഞാനങ്ങളുടെ സങ്കലനത്തിലൂടെ മനുഷ്യചരിത്രം അതിന്റെ ശാസ്ത്രത്തെ കണ്ടെത്തുന്ന സംഭവമായിരുന്നു അത്. അതുകൊണ്ടുതന്നെ വ്യാഖ്യാനിക്കപ്പെടുന്നതിനുപകരം സ്വയം പുതുക്കുകയും പുനഃസംഘടിക്കപ്പെടുകയും ചെയ്യുന്ന അറിവിന്റെ പുതിയൊരു മൂര്‍ത്തമണ്ഡലം ആവിര്‍ഭവിക്കുന്ന ജ്ഞാനഘടനാപരമായ ഒരു വിച്ഛേദമായിരുന്നു അത്.
അങ്ങനെ ഒരു തുറന്ന വ്യവസ്ഥയെന്ന നിലയില്‍ സ്വയം പുതുക്കാനും പുനഃസംഘടിക്കാനുമുള്ള മാര്‍ക്സിസത്തിന്റെ ജ്ഞാനഘടനാപരമായ ഈ സവിശേഷതയിലാണ് മനുഷ്യചരിത്രത്തെ സംബന്ധിച്ചിടത്തോളം എന്നും പുതിയതായിരിക്കാനുള്ള അതിന്റെ സാധ്യത നിലകൊള്ളുന്നത്. ഈ സാധ്യതയെ നമ്മുടെ വര്‍ത്തമാനചരിത്രത്തിന്റെ യാഥാര്‍ഥ്യങ്ങളില്‍ എത്രമാത്രം സാക്ഷാല്‍ക്കരിക്കാനും പ്രയോഗക്ഷമമാക്കാനും കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, മറ്റേതൊരു സാമൂഹികസിദ്ധാന്തത്തെയും അപേക്ഷിച്ച് സമകാലിക ജീവിതത്തില്‍ മാര്‍ക്സിസത്തിനുള്ള പ്രസക്തി.
മാറുകയും വികസിക്കുകയുംചെയ്യുന്ന ഏതൊരു തുറന്ന വ്യവസ്ഥയ്ക്കുമെന്നപോലെ മാര്‍ക്സിസത്തിനും ചരിത്രത്തില്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ മുന്നേറാന്‍ കഴിയൂ. ഏതു ശാസ്ത്രത്തിന്റെയും സര്‍ഗാത്മകമായ മുന്നേറ്റം മുന്‍ മാതൃകകളെ ആശ്രയിച്ചല്ല സംഭവിക്കുന്നത്. മാര്‍ക്സിസവും മുന്‍ മാതൃകകളില്ലാത്ത പുതിയ സമൂഹസൃഷ്ടിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ട്, ചങ്ങലകളില്ലാത്ത ഒരു ലോകത്തിന്റെ സൃഷ്ടിക്കുവേണ്ടി മാര്‍ക്സിസം നടത്തിയ ഒരു മഹാപരീക്ഷണത്തിന്റെ യുഗമായിരുന്നു. മറ്റേതൊരു പരീക്ഷണത്തിലുമെന്നപോലെ പ്രയോഗത്തിന്റെയും സിദ്ധാന്തത്തിന്റെയും തലത്തിലുള്ള പല പരിമിതികളോടും പ്രതിസന്ധികളോടും ഏറ്റുമുട്ടിക്കൊണ്ടാണ് മാര്‍ക്സിസം പുതിയ ലോകസൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. അതുകൊണ്ടുതന്നെ പരാജയങ്ങളെ പിന്നിട്ടുകൊണ്ടുമാത്രമേ ആ പരീക്ഷണത്തിനു മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. പരാജയത്തെ മുന്‍കൂര്‍ ഒഴിവാക്കുന്ന ഒരു പരീക്ഷണവും പരീക്ഷണമല്ല. അപ്പോള്‍ അത് വിജയത്തെത്തന്നെ ഒഴിവാക്കുന്ന അപായരഹിതമായ പഴയ മാതൃകകളുടെ യാന്ത്രികമായ ആവര്‍ത്തനം മാത്രമായിത്തീരുന്നു.
എന്നാല്‍ പുതിയ ലോകസൃഷ്ടിക്കുവേണ്ടി മാര്‍ക്സിസം നടത്തിയ പരീക്ഷണങ്ങള്‍ക്കേറ്റ തിരിച്ചടികള്‍മാത്രം ഉയര്‍ത്തിക്കാട്ടി മാര്‍ക്സിസംതന്നെ കാലഹരണപ്പെട്ടുകഴിഞ്ഞു എന്നൊരു വാദം ഇന്ന് ശക്തിയായി ഉയര്‍ന്നുവന്നിരിക്കുന്നു. അതിലൂടെ നശിപ്പിക്കപ്പെടുന്നത്, ഈ ഭൂമിയില്‍ത്തന്നെ ചൂഷണവും അടിച്ചമര്‍ത്തലുമില്ലാത്ത ഒരു ബദല്‍ലോകം സാധ്യമാണെന്ന മനുഷ്യസമൂഹത്തിന്റെ ജീവിതശുഭപ്രതീക്ഷയുടെ യുക്തികള്‍തന്നെയാണ്. അതിലൂടെ ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അടിച്ചമര്‍ത്തലിനും പ്രാന്തീകരണത്തിനും എതിരെ പൊരുതാനുള്ള മനുഷ്യവംശത്തിന്റെ ഇച്ഛാശക്തിയുടെ ആധാരങ്ങള്‍തന്നെയാണ്. ചുരുക്കത്തില്‍ ആ വാദമുഖങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഭൂമിയിലെ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന്റെ അര്‍ഥത്തെത്തന്നെയാണ്. അവര്‍ പറയുംപോലെ മുതലാളിത്തത്തിന്റേതാണ് അന്തിമവിജയമെങ്കില്‍ അതിനര്‍ഥം മനുഷ്യന്റെ വില കമ്പോളം തീരുമാനിക്കുന്ന, അതുകൊണ്ടുതന്നെ അടിമത്തത്തെ ആഴത്തില്‍ വഹിക്കുന്ന ഒരു വ്യവസ്ഥ, പരസ്പരം ചോരകുടിക്കാന്‍ പ്രേരിപ്പിക്കുന്ന, അതുകൊണ്ടുന്നെ പരസ്പരസ്നേഹം അസാധ്യമാക്കുന്ന ഒരു വ്യവസ്ഥ എല്ലാ പ്രതീക്ഷകള്‍ക്കുമൊടുവില്‍ ഒരു ദുരന്തനാടകത്തിന്റെ അന്ത്യത്തിലെത്തുന്നതുപോലെ അരങ്ങു വാഴും എന്നാണ്. അങ്ങനെ നിര്‍വീര്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതശക്തികളുടെ നിരാലംബതയെ ലക്ഷ്യംവച്ചുകൊണ്ടാണ് പഴയതും പുതിയതുമായ പല വിമോചനമിഥ്യകളും തീവ്രവും മിതവുമായ വാദങ്ങളുടെ രൂപത്തില്‍ ഇന്ന് ഉയരത്തില്‍പറക്കാന്‍ തുടങ്ങുന്നത്. ഇങ്ങനെയൊരവസ്ഥ മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസത്തിന്റെ സാധ്യതകള്‍ക്കുള്ള പ്രസക്തി പണ്ടെന്നത്തേക്കാളും വമ്പിച്ചതാക്കിയിരിക്കുന്നു.
മാര്‍ക്സിസം ചങ്ങലകളില്ലാത്ത പുതിയൊരു ലോകത്തിന്റെ സൃഷ്ടിക്കുവേണ്ടി കഴിഞ്ഞ നൂറ്റാണ്ടില്‍ അത് നടത്തിയ പരീക്ഷണത്തിന്റെ പരിമിതികളും തിരിച്ചടികളും തിരിച്ചറിയാനും അങ്ങനെ ആ പരീക്ഷണത്തിന്റെ ഉയര്‍ന്ന രൂപങ്ങളെ ആവിഷ്കരിക്കാനുമുള്ള പുതിയൊരു കുതിപ്പിന്റെ സന്ദര്‍ഭത്തിലാണിന്ന്.
സ്വന്തം പരീക്ഷണത്തിന്റെ പരിമിതികളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നാല്‍ ഏതൊരു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളവും സ്വന്തം അമൂര്‍ത്തയന്ത്രത്തിന്റെ രൂപരേഖയിലേക്ക് തിരിഞ്ഞുനോക്കുക എന്നാണര്‍ഥം. അങ്ങനെ മാത്രമേ അതിന് സ്വയം മാറുന്നതിലൂടെയും ഘടനാപരമായി പുനഃസംഘടിപ്പിക്കുന്നതിലൂടെയും ഒരു ശാസ്ത്രമെന്ന നിലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് സ്വയം തുറന്നുകൊടുക്കാനാവൂ; പഴയ ഘടനയ്ക്ക് ഉള്‍ക്കൊള്ളാനാവാതെപോയ പുതിയ യാഥാര്‍ഥ്യങ്ങളില്‍ കടന്നു പ്രവര്‍ത്തിക്കാനാവൂ. അതിനാല്‍ മാറിവന്ന പുതിയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മാര്‍ക്സിസം എത്രമാത്രം സ്വയം പുനഃസംഘടിപ്പിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, നമ്മുടെ സമകാലീനജീവിതത്തില്‍ മാര്‍ക്സിസത്തിന്റെ സാധ്യതകള്‍. ഇതിനര്‍ഥം ഭൌതികവാദത്തെയും വര്‍ഗസമരത്തെയും സംബന്ധിച്ച അടിസ്ഥാന നിലപാടുകളില്‍ മാര്‍ക്സിസം എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട് എന്നല്ല. ശാസ്ത്രത്തിന്റെ ഘടനയില്‍ അടിസ്ഥാനപരമായ വിട്ടുവീഴ്ചകളില്ല; സര്‍ഗാത്മകമായ പുതിയ കുതിപ്പുകളേയുള്ളൂ.
ഇനി, എന്തൊക്കെയാണ് സമകാലികജീവിതത്തില്‍ മാര്‍ക്സിസത്തിന്റെ സാധ്യതകളെ പ്രസക്തമാക്കുന്ന മാറിവന്ന സാഹചര്യങ്ങള്‍ എന്നു നോക്കാം.
മുതലാളിത്തത്തിന്റെ അത്യുന്നത രൂപമെന്ന് ലെനിന്‍ പ്രവചിച്ച സാമ്രാജ്യത്വവ്യവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നതെങ്കിലും സാമ്രാജ്യത്വമൂലധനത്തിന്റെ പ്രവര്‍ത്തനരീതികളില്‍ ഇന്ന് ഘടനാപരമായ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. മുതലാളിത്ത ഉല്‍പ്പാദനത്തിന്റെയും കമ്പോളത്തിന്റെയും ആഗോളവല്‍ക്കരണത്തോടു ബന്ധപ്പെട്ട ഒരു മാറ്റമാണിത്. വിവരസാങ്കേതികവിദ്യയുടെ ഉല്‍പ്പാദനരംഗത്തേക്കുള്ള വ്യാപനമാണ് ഈ മാറ്റത്തിന്റെ ചാലകശക്തി. ഈ മാറ്റം മൂലധനം അധ്വാനശക്തിയെ ചൂഷണംചെയ്യുന്നതിന്റെ പഴയ സങ്കേതങ്ങളെയെല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഈ മാറ്റത്തെ അന്റോണിയോ നെഗ്രിയെയും മിഷേല്‍ ഹാര്‍ഡിനെയും പോലുള്ള ചില പശ്ചാത്യ മാര്‍ക്സിസ്റ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്, മൂലധനം അധ്വാനശക്തിയെ ചൂഷണംചെയ്യുന്നതിന്റെ ഔപചാരികസങ്കേതങ്ങളെ വിട്ട് അനൌപചാരികവും സങ്കേതരഹിതവുമായ സമ്പൂര്‍ണ ചൂഷണത്തിലേക്ക് കടക്കുന്നതിന്റെ മാറ്റം എന്നാണ്. സാങ്കേതിക ആവാഹനത്തില്‍നിന്ന് സമ്പൂര്‍ണ ആവാഹനത്തിലേക്കുള്ള മൂലധനത്തിന്റെ മാറ്റം. അതായത് ഫാക്ടറിയിലോ തോട്ടത്തിലോ പണിയെടുക്കുന്ന തൊഴിലാളിയുടെ അധ്വാനശക്തിയെ മാത്രമല്ല ഇന്ന് മൂലധനം അതിന്റെ ചൂഷണത്തിന് ഇരയാക്കുന്നത്. പ്രായ-ലിംഗഭേദമില്ലാതെ സമൂഹത്തില്‍ അധ്വാനിക്കുന്ന ഏവരുടെയും ഏത് അധ്വാനരൂപത്തെയൂം ആഗോളവല്‍ക്കരിക്കപ്പെട്ട മൂലധനത്തിന് ഇന്ന് ഇടനിലക്കാര്‍പോലുമില്ലാതെ ചൂഷണംചെയ്യാന്‍ കഴിയും. ഈ ചൂഷണം മിച്ച അധ്വാനത്തെ അളക്കുന്ന അധ്വാനദിവസത്തിന്റെ സമയഘടനയെയും അധ്വാനത്തെ നിയന്ത്രിക്കുന്ന സ്ഥലഘടനയെയും തകര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്. ഈ അവസ്ഥ സമൂഹത്തിലെ വര്‍ഗവിഭജനത്തെ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ആഗോളവല്‍ക്കരണപ്രക്രിയയുടെ ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മാറ്റം സാമ്പത്തികാടിത്തറയും സാംസ്കാരിക ഉപരിഘടനയും തമ്മിലുള്ള സാങ്കേതികവിഭജനം ഇല്ലാതാകുന്നു എന്നതാണ്. ഉപരിഘടനയും ഇന്ന് മനുഷ്യരെ ഇടനിലകളില്ലാതെ നേരിട്ട് വിധേയരാക്കുന്ന വന്‍ വ്യവസായങ്ങളുടെ മണ്ഡലമാണ്. മാധ്യമവ്യവസായവും വിനോദവ്യവസായവും മൂലധനത്തിന്റെ വന്‍ നിക്ഷേപത്തിന്റെ മേഖലകളാണിന്ന്.
ആഗോളവല്‍ക്കരിക്കപ്പെട്ട മൂലധനത്തിന്റെ പ്രവര്‍ത്തനം അധ്വാനത്തെ വികേന്ദ്രീകരിക്കുകയും ശിഥിലമാക്കുകയും ചെയ്യുന്നതിന്റെ ഫലമായി സമൂഹഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വളരെ വലുതാണ്. വികേന്ദ്രീകരിക്കപ്പെട്ട അധ്വാനവ്യവസ്ഥയില്‍ മൂലധനത്തിന് മനുഷ്യശരീരങ്ങളെ ഇടനിലകളില്ലാതെ നേരിട്ട് പിടികൂടാന്‍ കഴിയുന്നു. അതുമൂലം മനുഷ്യശരീരങ്ങളെ കേന്ദ്രീകരിക്കുകയും പരിശീലിപ്പിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയുംചെയ്യുന്ന പഴയ അച്ചടക്കസമൂഹത്തിന്റെ സങ്കേതങ്ങള്‍ അനാവശ്യമായിത്തീരുകയും ചെയ്യുന്നു. അവയ്ക്കുപകരം മനുഷ്യരെ ഒറ്റപ്പെടുത്തി നിയന്ത്രിക്കുന്ന പുതിയ നേര്‍ നിയന്ത്രണ സമൂഹത്തിന്റെ സങ്കേതങ്ങള്‍ രംഗത്തുവരികയും ചെയ്യുന്നു. അതായത് പഴയ അച്ചടക്കസമൂഹങ്ങളിലെ സ്കൂളിന്റെയും ജയിലിന്റെയും ഫാക്ടറിയുടെയും ആശുപത്രിയുടെയും സൈന്യത്തിന്റെയും മാതൃകകള്‍ അപ്രസക്തമാകുകയും അവയുടെ സ്ഥാനത്ത് വ്യക്തികളെ നേരിട്ട് നിയന്ത്രിക്കുന്ന പലതരം കാര്‍ഡുകളും കോഡുകളും പാസ്‌വേര്‍ഡുകളും പ്രവര്‍ത്തനനിരതമാകുകയും ചെയ്യുന്നു. അങ്ങനെ ഭരണകൂടസ്ഥാപനങ്ങളുടെ ഇടപെടല്‍ കൂടാതെതന്നെ രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് മനുഷ്യശരീരങ്ങളെ നേരിട്ട് ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കുന്നു. ഈ രാഷ്ട്രീയ സാമ്പത്തിക സംയുക്തത്തെയാണ് ജൈവരാഷ്ട്രീയം എന്ന് മിഷേല്‍ ഫുക്കോ വിളിക്കുന്നത്.
എന്നാല്‍ സാമ്രാജ്യത്വ മൂലധനത്തിന്റെ പ്രവര്‍ത്തനരീതികളിലും മുതലാളിത്തസമൂഹത്തിന്റെ ഘടനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍ മുതലാളിത്തത്തിന്റെ അതിജീവനശക്തിയെയോ പുനഃസംഘടനാശക്തിയെയോ വ്യക്തമാക്കുക മാത്രമല്ല ചെയ്യുന്നത്. ഈ മാറ്റങ്ങള്‍ കെട്ടഴിച്ചുവിടുന്ന മെരുക്കാനാവാത്ത അധ്വാനത്തിന്റെ ശക്തികള്‍ പുതിയ നിയന്ത്രണതന്ത്രങ്ങള്‍ക്കപ്പുറത്ത് വര്‍ഗസമരത്തിന്റെ പുതിയ സാധ്യതകള്‍ ആവിഷ്കരിക്കുകകൂടി ചെയ്യുന്നു. ആഗോളവല്‍ക്കരണം വര്‍ഗവിഭജനത്തിന്റെ സാങ്കേതിക വിഭജനരേഖകള്‍ മാറ്റിവരയ്ക്കുകയും അധ്വാനത്തിന്റെ വിവിധ രൂപങ്ങളില്‍ ഏര്‍പ്പെടുന്ന ജനവിഭാഗങ്ങളെ മുഴുവന്‍ അവരുടെ ദൈനംദിന ജീവിതംകൊണ്ടുതന്നെ നേരിട്ട് വര്‍ഗസമരത്തോട് ബന്ധിപ്പിക്കുകയും ചെയ്യുന്നു. വീട്ടമ്മയും കംപ്യൂട്ടര്‍വിദഗ്ദ്ധനും വിദ്യാര്‍ഥിയും അധ്യാപകനും കൃഷിക്കാരനും ഡോക്ടറും മാധ്യമപ്രവര്‍ത്തകനും തുടങ്ങി ഉല്‍പ്പാദനവും പുനരുല്‍പ്പാദനവുമായി ബന്ധപ്പെട്ട ജനസഞ്ചയം ഒന്നാകെ തൊഴിലാളിവര്‍ഗപദവിയിലേക്ക് നേരിട്ട് കടന്നുവരാന്‍ ഇത് ഇടയാക്കുന്നു. ഈ പുതിയ സാഹചര്യം ലോകവ്യാപകമായിത്തന്നെ സാങ്കേതികമായി തൊഴിലാളിവര്‍ഗത്തില്‍പെട്ടവരല്ലെങ്കിലും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും പ്രാന്തവല്‍ക്കരണത്തിനും വിധേയരായ ഒട്ടേറെ ജനവിഭാഗങ്ങളെ അവരുടെ സ്വന്തം പ്രശ്നങ്ങളുടെ പേരില്‍ സംഘടിക്കാനും വിവിധ സമരരൂപങ്ങളുമായി മുന്നോട്ടുവരാനും അവസരമൊരുക്കി. ആദിവാസികളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും സ്ത്രീകളുടെയും വിവിധ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രൂപത്തിലാണ് അവ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇവയില്‍ മിക്കവയും ഇന്ന് മാര്‍ക്സിസം കാലഹരണപ്പെട്ടു എന്നു വാദിക്കുന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെയോ എന്‍ജിഒകളുടെയോ വളരെ വിശാലമെന്നു തോന്നിക്കുന്ന അടഞ്ഞ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളിലാണ് നിലകൊള്ളുന്നത്. ആഗോളവല്‍ക്കരണം അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനസഞ്ചയങ്ങളെ നേരിട്ട് വര്‍ഗസമരത്തിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഈ സ്വത്വരാഷ്ട്രീയ വിഭാഗങ്ങളുടെ വിപ്ലവകരമായ അസ്തിത്വത്തെ ആര്‍ക്കും അവഗണിക്കാനാവില്ല. ആഗോളവല്‍ക്കരണം തുറന്നുവിടുന്ന അധ്വാനത്തിന്റെ മെരുങ്ങാത്ത ശക്തികളുടെ മൂര്‍ത്തപ്രകാശനങ്ങളുടെ നിരയിലേക്കാണ് അവ അണിചേരുന്നത്. അതുകൊണ്ടുതന്നെ ഈ സ്വത്വവാദപ്രസ്ഥാനങ്ങള്‍ക്ക് ലിബറല്‍ മിതവാദികളില്‍നിന്ന് ഭീകരവാദങ്ങളിലേക്ക് നിറംപകരാനും വലിയ ഇടവേളകള്‍ വേണ്ടിവരില്ല.
ചരിത്രം ആവിഷ്കരിക്കുന്ന പുതിയ പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അനുസൃതമായി സ്വയം പുനഃസംഘടിക്കാനും പുതിയ പരീക്ഷണങ്ങള്‍ക്ക് സ്വയം തുറന്നുകൊടുക്കാനും കഴിവുറ്റ പരിവര്‍ത്തനത്തിന്റെ അമൂര്‍ത്തയന്ത്രമെന്ന നിലയില്‍ മാര്‍ക്സിസത്തിന്റെ സാധ്യതകള്‍ ഏറ്റവും പ്രസക്തമാകുന്ന ഒരു സന്ധിയാണിത്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് മേല്‍സൂചിപ്പിച്ചതുപോലെ പുതിയ മാനങ്ങളും രൂപങ്ങളും കൈവരിക്കുന്ന വര്‍ഗസമരത്തെ സര്‍ഗാത്മകമായി നയിക്കുന്ന ശാസ്ത്രസിദ്ധാന്തമായി പ്രവര്‍ത്തിക്കാന്‍ മാര്‍ക്സിസത്തിന്റെ സാധ്യതകളല്ലാതെ മറ്റൊന്നും ഇന്ന് മനുഷ്യരാശിക്കു മുന്നിലില്ല. ആഗോളവല്‍ക്കരണത്തിന്റെ നിയന്ത്രണങ്ങളില്‍നിന്ന് പുറത്തുവരുന്ന മനുഷ്യാധ്വാനത്തിന്റെ പുതിയ ശക്തികള്‍ക്ക് മൂര്‍ത്തരൂപം കൊടുക്കാന്‍പോന്ന അമൂര്‍ത്തയന്ത്രമെന്ന നിലയില്‍ സൃഷ്ട്യുന്മുഖമായ വര്‍ഗസമരം അതുകൊണ്ടുതന്നെ വികസനോന്മുഖമായ വര്‍ഗസമരം എന്നു നിഷേധാത്മകമല്ലാത്ത സമരതന്ത്രത്തെ ആവിഷ്കരിക്കാനും മാര്‍ക്സിസത്തിനു കഴിയും.
ഒരുവശത്ത് ആഗോളസാമ്രാജ്യത്വത്തിന്റെ ഭരണകൂട ഭീകരതകള്‍. മറുവശത്ത് വര്‍ഗീയ-വംശീയ-ദേശീയവാദ ഭീകരതകള്‍; ഇവയ്ക്കു നടുവില്‍ ഞെരിയുന്ന സമകാലിക മനുഷ്യാവസ്ഥതന്നെയാണ് മാര്‍ക്സിസത്തിന്റെ സാധ്യതകളെ ഇന്ന് പ്രസക്തമാക്കുന്നത്. ഇവക്കിടയില്‍ ഇടംനഷ്ടപ്പെട്ടുപോകുന്ന സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും ആഹ്ലാദത്തിനും സൌന്ദര്യത്തിനും വേണ്ടിയുള്ള ജീവിതേച്ഛതന്നെയാണ് മാര്‍ക്സിസത്തെ നമ്മുടെ കാലത്തും പ്രസക്തമാക്കുന്നത്.
-ബി രാജീവന്‍
(കോട്ടയത്ത് സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംഗ്രഹം)
1 comment:
മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ കടന്നു പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ സ്വയം വികസിക്കാനും മാറാനുമുള്ള കഴിവാണ് മാര്‍ക്സിസത്തെ ചരിത്രത്തിന്റെ ശാസ്ത്രവും മാറ്റത്തിന്റെ തത്വശാസ്ത്രവുമാക്കി നിലനിര്‍ത്തുന്നത്.
ഇതു മനസ്സിലാക്കാന്‍ കഴിയാത്തവരാണ് മാര്‍ക്സിസം പത്തൊമ്പതാം നൂറ്റാണ്ടിലെ സവിശേഷ യൂറോപ്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ഒരു സാമൂഹ്യവിമോചന സിദ്ധാന്തം മാത്രമാണെന്നും ആ സാഹചര്യം മാറിയതോടൊപ്പംതന്നെ അത് അപ്രസക്തമായിക്കഴിഞ്ഞുവെന്നും വാദിക്കുന്നത്.
ഒരുവശത്ത് ആഗോളസാമ്രാജ്യത്വത്തിന്റെ ഭരണകൂട ഭീകരതകള്‍. മറുവശത്ത് വര്‍ഗീയ-വംശീയ-ദേശീയവാദ ഭീകരതകള്‍; ഇവയ്ക്കു നടുവില്‍ ഞെരിയുന്ന സമകാലിക മനുഷ്യാവസ്ഥതന്നെയാണ് മാര്‍ക്സിസത്തിന്റെ സാധ്യതകളെ ഇന്ന് പ്രസക്തമാക്കുന്നത്. ഇവക്കിടയില്‍ ഇടംനഷ്ടപ്പെട്ടുപോകുന്ന സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും ആഹ്ലാദത്തിനും സൌന്ദര്യത്തിനും വേണ്ടിയുള്ള ജീവിതേച്ഛതന്നെയാണ് മാര്‍ക്സിസത്തെ നമ്മുടെ കാലത്തും പ്രസക്തമാക്കുന്നത്
ശ്രീ. ബി.രാജീവന്‍ അവതരിപ്പിച്ച പ്രബന്ധം തികച്ചും പ്രസക്തവും അവശ്യവും എന്ന് കരുതുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
Post a Comment