Tuesday, March 18, 2008

ജന്മനാടറിയില്ലെങ്കിലും...

അമേരിക്കയില്‍ 'ജീവിതവിജയം' നേടിയ മലയാളികളുടെ പട്ടികയില്‍ ബിജു മാത്യു ഇല്ല. ശരാശരി മലയാളികളുടെ സ്വപ്നഭൂമിയില്‍ ചെന്ന് സമ്പത്ത് വെട്ടിപ്പിടിച്ചവരുടെ കഥകള്‍ തേടിയ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ കണ്ണിലും ഈ കോട്ടയത്തുകാരന്‍ പെട്ടിട്ടില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രവര്‍ത്തിച്ചതിന് ഒരു സര്‍ക്കാരും ഇയാള്‍ക്ക് പ്രവാസിഭാരതീയസമ്മാനം കൊടുത്തിട്ടുമില്ല. സമ്മാനിതനാവാനും മാധ്യമങ്ങളുടെ പ്രശംസാപാത്രമാവാനും തക്കതായ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് ബിജു മാത്യുവും പറയുന്നു.

നമുക്കറിയില്ലെങ്കിലും റൈഡര്‍ യൂണിവേഴ്സിറ്റിയിലെ ബിസിനസ് പ്രൊഫസറായ ബിജു മാത്യുവിനെ അമേരിക്കക്കാര്‍ക്ക് നന്നായി അറിയാം. അവിടത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കറിയാം. എണ്‍പതിലധികം വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്ന ലക്ഷക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ ബിജുവിന്റെ സഖാക്കളായുണ്ട്.
ഇവരെക്കാളേറെ ബിജുമാത്യുവിനെ നന്നായറിയുന്ന ഒരു കൂട്ടരുണ്ട്, അമേരിക്കയിലും ബ്രിട്ടണിലും ഹൈന്ദവഫാസിസം പ്രചരിപ്പിക്കുന്ന സംഘപരിവാറുകാരുടെ ശത്രുക്കളുടെ പട്ടികയിലെ ഒന്നാമത്തെ പേരുകാരനാണ് ബിജു.

ആര്‍എസ്എസിന്റെ അമേരിക്കന്‍ പതിപ്പിന്റെ യഥാര്‍ഥ മുഖം പിച്ചിച്ചീന്തിയതോടെയാണ് ഈ ചെറുപ്പക്കാരന്‍ അവരുടെ കണ്ണിലെ കരടായത്. അഞ്ചുവര്‍ഷം മുമ്പാണ് ബിജുവിന്റെ പേര് ദേശീയമാധ്യമങ്ങളില്‍ വന്നത്. ഡിസംബറിലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് (2000 ഡിസംബര്‍) സംഘപരിവാര്‍ അമേരിക്കയില്‍നിന്ന് ഗുജറാത്ത് വംശഹത്യക്ക് കോടികള്‍ പിരിച്ചതിന്റെ ഞെട്ടിക്കുന്ന വിവരവുമായിട്ടായിരുന്നു അന്ന് ബിജു രംഗത്തുവന്നത്. സംഘപരിവാറിനു കീഴിലുള്ള ഇന്ത്യാ ഡെവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട് എന്ന സംഘടന ഭൂകമ്പത്തിനിരയായ ഗുജറാത്തിന്റെ പുനഃസൃഷ്ടിക്കെന്ന പേരില്‍ അമേരിക്കയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് ശേഖരിച്ച പണം ഗുജറാത്തിലെ വംശഹത്യക്കാണ് ഉപയോഗിച്ചത്. അന്ന് ബിജു മാത്യു പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഇടതുപക്ഷപാര്‍ടികള്‍ പ്രചാരണായുധമാക്കി. തൊട്ടുപിന്നാലെ ബ്രിട്ടണില്‍നിന്ന് സമാനമായ തെളിവുകള്‍ ബിജു ശേഖരിച്ചു. അതിനുശേഷം ഐഡിആര്‍എഫിന് സംഭാവനകള്‍ നല്‍കേണ്ടെന്ന് പല സ്ഥാപനങ്ങളും തീരുമാനിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ബിജു മാത്യു ഡല്‍ഹിയില്‍ വീണ്ടുമെത്തിയത് ഇങ്ങനെയൊരു ദൌത്യത്തിനു വേണ്ടിയായിരുന്നു. ഇന്ത്യയിലെ ആര്‍എസ്എസും വിഎച്ച്പിയുമടക്കമുള്ള ഒരു സംഘപരിവാര്‍ സംഘടനയുമായും ബന്ധമില്ലെന്ന് അവകാശപ്പെടുന്ന ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ (എച്ച്എസ്സി) എന്ന സംഘടനയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ഇന്ത്യയിലെ ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി തുടങ്ങി എല്ലാ സംഘപരിവാറുകാരുടെയും അമേരിക്കയിലെ ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സിലിന്റെയും വെബ് സൈറ്റുകള്‍ നിയന്ത്രിക്കുന്നത് കാലിഫോര്‍ണിയയിലെ ഒരു സെര്‍വറില്‍നിന്നാണെന്ന വിവരമാണ് ബിജു മാത്യു പുറത്തുവിട്ടത്.

എച്ച്എസ്സിയുടെ വിഷലിപ്തമായ ഫാസിസ്റ്റ് പ്രചാരണം ചെറുക്കാന്‍ ബിജു മാത്യുവും സഖാക്കളും ആരംഭിച്ച യൂത്ത് സോളിഡാരിറ്റി സമ്മര്‍ എന്ന സംഘടന ഇന്ന് അമേരിക്കയിലെ യൂണിവേഴ്സിറ്റികളില്‍ വേരുറപ്പിക്കുകയാണ്. ഉല്‍പ്പതിഷ്ണുക്കളായ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇന്ന് വൈഎസ്എസിന്റെ ഭാഗമായിക്കഴിഞ്ഞു.

അമേരിക്കയിലും ബ്രിട്ടണിലും സംഘപരിവാര്‍ നടത്തുന്ന നിഗൂഢപ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുന്നതിനുള്ള ശ്രമങ്ങള്‍ക്കും ടാക്സി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ഒരേ പ്രാധാന്യം നല്‍കുകയാണ് ബിജു മാത്യു. ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെയും ചൂഷണങ്ങളും വര്‍ഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ഉറച്ച വിശ്വാസമാണ് അമേരിക്കന്‍ സാമൂഹ്യജീവിതത്തില്‍ ഊര്‍ജസ്വലമായി ഇടപെടാന്‍ തന്നെയും സഖാക്കളെയും പ്രേരിപ്പിക്കുന്നതെന്ന് ബിജു മാത്യു പറയുന്നു.

അമേരിക്കന്‍ അനുഭവങ്ങള്‍ ബിജു മാത്യു ഇങ്ങനെ പങ്കുവയ്ക്കുന്നു:

ലിബറല്‍ ചിന്തകളെ പ്രണയിക്കുന്ന അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ എങ്ങനെയാണ് സംഘപരിവാറിന് വേരുറപ്പിക്കാനാവുന്നതെന്ന ചോദ്യമാണ് പ്രധാനമായും ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. ആര്‍എസ്എസിന്റെ അമേരിക്കയിലെ പോഷകസംഘടനയായ ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ അമേരിക്കയിലെ ഇന്ത്യക്കാരില്‍ ചെലുത്തുന്ന സ്വാധീനം ഒരിക്കലും കുറച്ചുകാണാനാവില്ല. രണ്ടാംതലമുറയില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സാമൂഹ്യജീവിതത്തില്‍ അനുഭവിക്കുന്ന വിവേചനത്തില്‍നിന്നുള്ള രക്ഷപ്പെടലാണ് പലര്‍ക്കുമത്. അമേരിക്കയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ കുട്ടികളെ വെള്ളക്കാരുടെ കുട്ടികളെമാത്രം പഠിപ്പിക്കുന്ന സ്കൂളുകളില്‍ (ഓള്‍ വൈറ്റ്സ് സ്കൂളുകള്‍) ആണ് ചേര്‍ക്കുക. അതിലൂടെ അവന്റെ ഒരു വലിയ സ്വപ്നം സഫലമാവുമെങ്കിലും കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനം ചെറുതല്ല. ഇന്ത്യക്കാരനെ കറുത്തവനായി കണ്ടു ശീലിച്ച വെള്ളക്കാരന്റെ കുട്ടികളില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന വംശീയാധിക്ഷേപം കേട്ട് ഇന്ത്യന്‍ കുട്ടികളുടെ മാനസികാവസ്ഥയാകെ അവതാളത്തിലാവുന്നു. കോളേജിലെത്തുന്നതോടെ ഇന്ത്യന്‍ സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അവന്‍ പാകമാവും. അവിടെവച്ചാണ് ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ അവനെ പിടികൂടുന്നത്. ഹിന്ദുത്വാശയങ്ങള്‍ തുടക്കത്തില്‍ത്തന്നെ അടിച്ചേല്‍പ്പിക്കുന്നതല്ല, എച്ച്എസ്‌സിയുടെ രീതി. ദീപാവലി, ഹോളി പോലുള്ള ആഘോഷങ്ങളിലൂടെയാണ് സംഘടന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് കാര്യമായ അവബോധമില്ലാത്ത ഈ വിദ്യാര്‍ഥികള്‍ വളരെ എളുപ്പത്തില്‍ അവരുടെ കെണിയില്‍ വീഴുന്നു.

1990ല്‍ തുടങ്ങിയ സംഘടന നേരത്തെ ആര്‍എസ്എസ് ആഭിമുഖ്യം മറച്ചുവച്ചിരുന്നില്ല. എന്നാല്‍ ബാബറി മസ്‌ജിദ് തകര്‍ത്തതോടെ സംഘപരിവാറുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹിന്ദു സ്റ്റുഡന്റ്സ് കൌണ്‍സില്‍ പ്രഖ്യാപിച്ചു. ആ തട്ടിപ്പാണ് ഇപ്പോള്‍ ബിജുവും സഹപ്രവര്‍ത്തകരും പൊളിച്ചുകൊടുത്തത്. എന്നാല്‍, അമേരിക്കയിലെ സംഘപരിവാറിന്റെ പുതിയ തലമുറയില്‍പ്പെട്ട നേതാക്കളെ വാര്‍ത്തെടുക്കുന്ന നേഴ്‌സറിയായാണ് വാസ്തവത്തില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എച്ച്എസ്‌സിയുടെ സ്ഥാപകനേതാക്കളാണ് ഇപ്പോള്‍ ആര്‍എസ്എസിന്റെ അമേരിക്കന്‍ പതിപ്പായ എച്ച്എസ്എസിന്റെ നേതൃത്വത്തില്‍. അജയ്‌ഷാ, കഞ്ചന്‍ ബാനര്‍ജി എന്നിവരെപ്പോലെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ധ്വംസിക്കുന്ന ആര്‍എസ്എസുകാര്‍ അമേരിക്കയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ പൊള്ളത്തരവും തുറന്നുകാട്ടാന്‍ കഴിഞ്ഞതായി ബിജു മാത്യു പറയുന്നു.

ഇതിനെ പ്രതിരോധിക്കുന്നതിനാണ് യൂത്ത് സോളിഡാരിറ്റി സമ്മര്‍ ആരംഭിച്ചത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ ബഹുസ്വരതയെക്കുറിച്ചും മതനിരപേക്ഷമൂല്യങ്ങളെക്കുറിച്ചുമാണ് ഞങ്ങള്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളില്‍ ഹിന്ദുത്വാശയങ്ങള്‍ കുത്തിനിറയ്ക്കാനുള്ള ശ്രമങ്ങളെയും പരാജയപ്പെടുത്താന്‍ യൂത്ത് സോളിഡാരിറ്റി സമ്മറിനു കഴിഞ്ഞു. പത്തുവര്‍ഷത്തിനകം മുന്നൂറ്റമ്പതിലേറെ പരിശീലനക്ലാസുകള്‍ നടത്തി. ഇന്ത്യയെ കൂടുതല്‍ അറിയുന്നതിന് കുട്ടികളെ ഇന്ത്യയിലേക്ക് അയച്ചു. പ്രേരണാറാവു, പ്രാചി പട്നായിക്, അശ്വിന്‍ റാവു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ വൈഎസ്എസ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും ഇടതുപക്ഷനേതാക്കളും ഞങ്ങളുമായി സഹകരിക്കുന്നു.

ടാക്സി തൊഴിലാളികളെ സംഘടിപ്പിക്കാനുണ്ടായ പ്രേരണയെക്കുറിച്ചും ബിജു മാത്യു പറഞ്ഞു. ജനിച്ചുവളര്‍ന്നത് ഹൈദരാബാദില്‍. ബിരുദപഠനം കഴിഞ്ഞ് കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണത്തിനായെത്തിയത് അമേരിക്കയിലെ പിറ്റ്സ്‌ബര്‍ഗ് യൂണിവേഴ്സിറ്റിയിലാണ്. ഉരുക്കുനിര്‍മാണശാലകളുടെ നഗരമായ പിറ്റ്സ്‌ബര്‍ഗ് എണ്‍പതുകളുടെ മധ്യത്തില്‍ തികച്ചും ദരിദ്രമായിരുന്നു. ഫാക്ടറികളില്‍ 80 ശതമാനവും അടച്ചുപൂട്ടിയിരുന്നു. കുടിയേറ്റത്തൊഴിലാളികളായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഹില്‍ ഡിസ്ട്രിക്ടില്‍ മൂന്നുനാലു വര്‍ഷം കഴിച്ചുകൂട്ടിയ കാലത്ത് അവിടത്തെ തൊഴിലാളി നേതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഹൈദരാബാദിലെ കോളേജ് പഠനകാലത്ത് പുരോഗമനവിദ്യാര്‍ഥിസംഘടനകളുമായുള്ള അടുപ്പം ഇതിന് ഏറെ സഹായിച്ചു. തെക്കന്‍ അമേരിക്കക്കാരും മെക്സിക്കോക്കാരും ചൈനക്കാരും അടങ്ങുന്ന ഈ തൊഴിലാളികള്‍ പിന്നെ കൊച്ചു കൊച്ചു ജോലികളിലാണ് അഭയം തേടിയത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് തൊഴിലാളിസംഘടനയ്ക്ക് രൂപം നല്‍കാന്‍ പ്രേരണയായതെന്ന് ബിജു പറഞ്ഞു.

ടാക്സി ഡ്രൈവര്‍മാര്‍ അമേരിക്കയിലെ ഏറ്റവും ദയനീയമായ പരിതഃസ്ഥിതിയില്‍ തൊഴിലെടുക്കുന്നവരാണ്. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചകാലത്ത് അവരുടെ ദൈന്യം നേരിട്ടറിഞ്ഞു. 130 ഡോളര്‍ കെട്ടിവച്ചാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് മുതലാളി ടാക്സി നല്‍കൂ. ദിവസം തുടങ്ങുമ്പോള്‍ ഇത്രയും തുക കടംവാങ്ങിയും മറ്റുമാണ് ഉടമയ്ക്ക് നല്‍കാറ്. ഇതുകൂടാതെ 40 ഡോളറെങ്കിലും വേണം ഗ്യാസ് നിറയ്ക്കാന്‍. 170 ഡോളര്‍ കടവുമായി പണിക്കിറങ്ങുന്ന തൊഴിലാളിയാണ് അമേരിക്കയിലെ ടാക്സി ഡ്രൈവര്‍. ഇത് തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടമാണ് പിന്നെ. ഉച്ചവരെയുള്ള ഓട്ടം പലപ്പോഴും കൊടുത്ത പണം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ്. അതിനുശേഷം കിട്ടുന്ന പണംകൊണ്ടുവേണം കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കാന്‍. ടാക്സി ചാര്‍ജ് കൂട്ടുമ്പോഴൊക്കെ അതിന്റെ 86 ശതമാനവും ഉടമയ്ക്ക് പോവുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് കിട്ടുന്നത് തുച്ഛം. ചാര്‍ജ് കൂട്ടുമ്പോള്‍ കെട്ടിവയ്ക്കുന്ന പണവും കൂട്ടണമെന്നാണ് ഉടമകളുടെ നിലപാട്. ന്യൂയോര്‍ക് നഗരത്തിന്റെ ചിഹ്നമായി മാറിയ 40,000 മഞ്ഞ ടാക്സികളില്‍ പത്തുശതമാനമേ തൊഴിലാളികളുടേതായുള്ളൂ. കുടിയേറ്റക്കാരായ ഡ്രൈവര്‍മാരില്‍ പകുതിയിലേറെയും ദക്ഷിണേഷ്യയില്‍നിന്നുള്ളവരും.

ഈ അവസ്ഥയിലാണ് ടാക്സി വര്‍ക്കേഴ്സ് അലയന്‍സ് പിറവികൊള്ളുന്നത്. സംഘടന ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ക്യാബ്സ് ആന്‍ഡ് ക്യാപ്പിറ്റലിസം ഇന്‍ ന്യൂയോര്‍ക് സിറ്റി' എന്ന പുസ്തകം 2005ല്‍ രചിച്ചതോടെ ജനങ്ങള്‍ക്കിടയിലും സംഘടനയ്ക്ക് മതിപ്പുണ്ടായി. ഉടമകളുടെ പീഡനവും നഗരസഭയുടെ നിസ്സഹകരണവുമായപ്പോള്‍ 1998ല്‍ കാല്‍ലക്ഷം ടാക്സികള്‍ പണിമുടക്കി. ന്യൂയോര്‍ക്ക് നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ഐതിഹാസികസമരത്തിനൊടുവില്‍ ഉണ്ടായ ഒത്തുതീര്‍പ്പില്‍ ചരിത്രത്തിലെങ്ങുമില്ലാത്ത കൂലിവര്‍ധന ലഭിച്ചു.

ഇതുകൊണ്ടൊന്നും ദുരിതം തീര്‍ന്നില്ല. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്) ഘടിപ്പിച്ചതോടെ ഡ്രൈവര്‍ എവിടെ പോകുന്നുവെന്നും എത്ര വരുമാനമുണ്ടാക്കുന്നുവെന്നും അറിയാന്‍ ഉടമയ്ക്കു കഴിയും. ആഗോളവല്‍ക്കരണചൂഷണത്തിന്റെ ഉത്തമദൃഷ്ടാന്തമായി അമേരിക്കന്‍ ടാക്സികള്‍ മാറി. തൊഴിലാളികളില്‍ 80 ശതമാനവും മുസ്ലീങ്ങളാണെന്നതുകൊണ്ടുതന്നെ മുന്‍വിധിയോടെയാണ് ഉടമകളുടെ പെരുമാറ്റവും. വിവിധ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളിലെ എണ്‍പതിലേറെ ഭാഷകള്‍ സംസാരിക്കുന്നവരിലെ വൈരുധ്യങ്ങള്‍ പരിഹരിക്കുക ഒരു തൊഴിലാളി നേതാവിനെ സംബന്ധിച്ചിടത്തോളം ഹെര്‍ക്യൂലിയന്‍ ദൌത്യമാണെന്ന് ബിജു മാത്യു പറയുന്നു.

പാകിസ്ഥാനിയും ഇന്ത്യക്കാരനും തമ്മിലും പാകിസ്ഥാനിയും ബംഗ്ലാദേശിയും തമ്മിലും ഉള്ള ചരിത്രപരമായ വൈരുധ്യങ്ങള്‍ മറികടക്കാനാവുന്നത് സാര്‍വദേശീയമായ തൊഴിലാളിബോധം മുന്നില്‍ നില്‍ക്കുന്നതുകൊണ്ടുമാത്രമാണ്. കാര്‍ഗിലില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുമിച്ച് യുദ്ധവിരുദ്ധറാലി നടത്തി. ഇപ്പോള്‍ അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും സംഘടന വ്യാപിച്ചുകഴിഞ്ഞു. ആ ആഹ്ലാദത്തിലാണ് ഇപ്പോള്‍ ബിജു മാത്യു.

-എന്‍ എസ് സജിത്

കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയില്‍ 'ജീവിതവിജയം' നേടിയ മലയാളികളുടെ പട്ടികയില്‍ ബിജു മാത്യു ഇല്ല. ശരാശരി മലയാളികളുടെ സ്വപ്നഭൂമിയില്‍ ചെന്ന് സമ്പത്ത് വെട്ടിപ്പിടിച്ചവരുടെ കഥകള്‍ തേടിയ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ കണ്ണിലും ഈ കോട്ടയത്തുകാരന്‍ പെട്ടിട്ടില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രവര്‍ത്തിച്ചതിന് ഒരു സര്‍ക്കാരും ഇയാള്‍ക്ക് പ്രവാസിഭാരതീയസമ്മാനം കൊടുത്തിട്ടുമില്ല.

നമുക്കറിയില്ലെങ്കിലും റൈഡര്‍ യൂണിവേഴ്സിറ്റിയിലെ ബിസിനസ് പ്രൊഫസറായ ബിജു മാത്യുവിനെ അമേരിക്കക്കാര്‍ക്ക് നന്നായി അറിയാം. അവിടത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കറിയാം. എണ്‍പതിലധികം വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്ന ലക്ഷക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ ബിജുവിന്റെ സഖാക്കളായുണ്ട്.
ഇവരെക്കാളേറെ ബിജുമാത്യുവിനെ നന്നായറിയുന്ന ഒരു കൂട്ടരുണ്ട്, അമേരിക്കയിലും ബ്രിട്ടണിലും ഹൈന്ദവഫാസിസം പ്രചരിപ്പിക്കുന്ന സംഘപരിവാറുകാരുടെ ശത്രുക്കളുടെ പട്ടികയിലെ ഒന്നാമത്തെ പേരുകാരനാണ് ബിജു.

സംഘപരിവാര്‍ നടത്തുന്ന നിഗൂഢപ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുന്നതിനുള്ള ശ്രമങ്ങള്‍ക്കും ടാക്സി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ഒരേ പ്രാധാന്യം നല്‍കുകയാണ് ബിജു മാത്യു. ആഗോളവല്‍ക്കരണത്തിന്റെയും നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെയും ചൂഷണങ്ങളും വര്‍ഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ഉറച്ച വിശ്വാസമാണ് അമേരിക്കന്‍ സാമൂഹ്യജീവിതത്തില്‍ ഊര്‍ജസ്വലമായി ഇടപെടാന്‍ തന്നെയും സഖാക്കളെയും പ്രേരിപ്പിക്കുന്നതെന്ന് ബിജു മാത്യു പറയുന്നു.

പാകിസ്ഥാനിയും ഇന്ത്യക്കാരനും തമ്മിലും പാകിസ്ഥാനിയും ബംഗ്ലാദേശിയും തമ്മിലും ഉള്ള ചരിത്രപരമായ വൈരുധ്യങ്ങള്‍ മറികടക്കാനാവുന്നത് സാര്‍വദേശീയമായ തൊഴിലാളിബോധം മുന്നില്‍ നില്‍ക്കുന്നതുകൊണ്ടുമാത്രമാണ്. കാര്‍ഗിലില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുമിച്ച് യുദ്ധവിരുദ്ധറാലി നടത്തി. ഇപ്പോള്‍ അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ സംഘടന വ്യാപിച്ചുകഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ ബിജു മാത്യു.

ശ്രീ ബിജു മാത്യു വിനെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പിലെഴുതിയ കുറിപ്പ് പോസ്റ്റ് ചെയ്യുന്നു.