എല്ലാ മേഖലയിലും കമ്പ്യൂട്ടര്‍ കടന്നുകയറിയതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വിപ്ലവം അസാധ്യമായി എന്നുമുള്ള വാദങ്ങളുമായി മാര്‍ക്സിസത്തിനും ശാസ്ത്രീയ സോഷ്യലിസത്തിനും അന്ത്യകൂദാശ ചെയ്യാനും, ശവപ്പെട്ടി ഒരുക്കാനും ഒരുമ്പെട്ടിറങ്ങിയിരിക്കുന്നവരില്‍ പലര്‍ക്കും അറിവില്ലാത്ത കാര്യമായിരിക്കും “ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്” എന്ന് പരസ്യമായി ആദ്യം ലോകത്തോട് പറഞ്ഞത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു എന്ന വസ്തുത. ഈ വാചകം വഴി മാര്‍ക്സും, എംഗല്‍സും പറയാന്‍ ശ്രമിച്ചത് മുതലാളിമാര്‍ ബോധപൂര്‍വം വിപ്ലവം നടത്തി എന്നല്ല, മറിച്ച് കമ്പോളത്തില്‍ അസംഖ്യം ഉല്പാദകര്‍ നിലനില്പിനും വികാസത്തിനും ആയി മത്സരത്തിലേര്‍പ്പെട്ടപ്പോള്‍ അവരറിയാതെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്നാണ്. നമ്മുടെ നാട്ടില്‍തന്നെ തീണ്ടിക്കൂടായ്മയും തൊട്ടുകൂടായ്മയും ഉള്‍പ്പെടെ കേരളത്തെ ഒരു ഭ്രാന്താലയമാക്കി തീര്‍ത്ത ജാതി, ജന്മിവാഴ്ചയെ തകര്‍ത്തത് മുതലാളിത്തവികാസമാണല്ലാ.
ഇന്ന് മുതലാളിത്തത്തിന് അതിന്റെ പഴയ പുരോഗമനസ്വഭാവം വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നു. അന്നത്തെ അപേക്ഷിച്ച് വളരെയധികം ജീര്‍ണ്ണിച്ചിരിക്കുന്നു. എങ്കിലും ബൂര്‍ഷ്വാസിയുടെ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷി തികച്ചും അസ്തമിച്ചിരിക്കുന്നു എന്ന് പറയാന്‍ ആവില്ല. അതുകൊണ്ടാണല്ലാ, മൂര്‍ഛിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും പുതിയ വഴി കണ്ടെത്തി ആയുസ്സ് നീട്ടിക്കൊണ്ട് പോകാന്‍ മുതലാളിത്തത്തിന് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ടുവെച്ച വൈരുധ്യാത്മകയുക്തിക്കനുസരിച്ച് പരിശോധിച്ചാല്‍ ഇന്ന് ഈ ലോകത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന വിവരവിപ്ലവവും വിജ്ഞാനവിപ്ലവവും, ശാസ്ത്രസാങ്കേതികവിപ്ലവവും എല്ലാം ബൂര്‍ഷ്വാസിയുടെ പഴയ വിപ്ലവപരമായ പങ്കിന്റെ തുടര്‍ച്ചതന്നെയാണെന്നു കാണാം. ഇവിടെയും മുതലാളിമാര്‍ ആസൂത്രണം ചെയ്ത് വിപ്ലവം നടത്തി എന്ന് അര്‍ത്ഥമില്ല. മറിച്ച് ഉല്പാദനക്ഷമത കൂട്ടി ലാഭം വര്‍ദ്ധിപ്പിക്കാന്‍ മുതലാളിമാര്‍ കഴുത്തറുപ്പന്‍ മത്സരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, അതിനുവേണ്ടി ശാസ്ത്രവും, സാങ്കേതികവിദ്യയും, ഐ.ടി.യും എല്ലാം ഉപയോഗപ്പെടുത്തിയപ്പോള്‍ അവരറിയാതെതന്നെ ചില വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്നുമാത്രം. ഉദാഹരണത്തിന് മുതലാളിത്തവും ജനാധിപത്യവും ഇത്രയധികം വികസിച്ചിട്ടും ഫ്യൂഡല്‍, അര്‍ദ്ധ-ഫ്യൂഡല്‍ ആശ്രിതത്വമനോഭാവത്തിന്റെ ഭാണ്ഡവും പേറി ദാരിദ്ര്യവും കഷ്ടപ്പാടും, വേദനകളും തങ്ങള്‍ക്ക് വിധിക്കപ്പെട്ടതാണെന്ന വിശ്വാസത്തില്‍ മോഹനിദ്രയിലാണ്ടു കഴിയുന്ന മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകളും, ഗ്രാമവാസികളും, ആദിവാസികളും ഉള്‍പ്പെടെയുള്ള ജനകോടികളെ കളര്‍ടെലിവിഷനും, മൊബൈല്‍ഫോണും, നാനോകാറും, ബൈക്കും, ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള അത്ഭുതങ്ങള്‍ കാട്ടി മോഹനിദ്രയില്‍ നിന്ന് ഉണര്‍ത്തുന്നത് പുതിയൊരു വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. ഇങ്ങിനെ മോഹനിദ്രവിട്ട് ഉണരുന്ന ജനകോടികള്‍ “”കൊള്ളാം ഇതൊക്കെ പടച്ചുവിടുന്ന ശാസ്ത്രം മഹാത്ഭുതം തന്നെ” എന്ന് തലകുലുക്കികൊണ്ട് “ഞങ്ങള്‍ക്കും വേണം മൊബൈല്‍, ഞങ്ങളുടെ വീട്ടിലും വേണം നാനോകാറും ഇന്റര്‍നെറ്റും, ഞങ്ങളുടെ കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസവും വരുമാനമുള്ളതൊഴിലും ലഭിക്കണം, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണവും, പാര്‍പ്പിടവും ആരോഗ്യസംരക്ഷണസൌകര്യങ്ങളും ഉണ്ടാക്കണം ” എന്ന് ആവശ്യപ്പെട്ടു തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വിപ്ലവം സാധ്യതയില്‍ നിന്ന് അനിവാര്യതയിലേക്ക് കടക്കുന്നത്. എല്ലാവര്‍ക്കും മൊബൈല്‍, എല്ലാ വീട്ടിലും കമ്പ്യൂട്ടര്‍ എന്നീ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിയത് ആരായിരുന്നാലും പ്രയോഗത്തില്‍ അത് വിപ്ലവകരമായ മുദ്രാവാക്യമല്ലേ?
ദൂരവ്യാപകവും വിസ്ഫോടകവുമായ മാറ്റങ്ങളെ ജനിപ്പിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യശക്തിയെയാണ് ഈ മുദ്രാവാക്യങ്ങള്‍ കുടംതുറന്നു പുറത്തുവിട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ആഗോളതാപനം, വിഭവങ്ങളുടെ പരിമിതി എന്നീ പ്രശ്നങ്ങളും ചേര്‍ന്ന് ഇന്നത്തെ മുതലാളിത്തഘടനയില്‍ പരിഹരിക്കാന്‍കഴിയാത്ത, പുതിയ സാമൂഹ്യവല്‍കൃതമായ പരിഹാരങ്ങള്‍ അനിവാര്യമാകുന്ന ഒരു ദിശയിലേക്കാണ് ഇവയുടെ പ്രതിപ്രവര്‍ത്തനം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് കണ്ണുതുറന്നു നോക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. തീര്‍ച്ചയായും പ്രകൃതിയിലെ മറ്റെല്ലാ പ്രതിഭാസങ്ങളെയും പോലെ വൈരുദ്ധ്യാത്മകമായാണ് ഇതും നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ അപഗ്രഥനത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ആവശ്യവുമാണ്. ഉദാഹരണത്തിന് ആഗോളതാപനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്, ഇതിന്റെ പരിഹാരം കമ്പോളശക്തികള്‍ക്ക് വിടാന്‍ ആവില്ല.
വൈരുദ്ധ്യശാസ്ത്രത്തിന്റെ ഈ ബാലപാഠങ്ങള്‍ മനസ്സിലാക്കാത്തവരാണ് വികസനവും, വ്യവസായവല്‍ക്കരണവും ഒഴിവാക്കാന്‍ ആവില്ല എന്നും, ഇന്ന് തല്‍ക്കാലം നിലവിലുള്ള സാഹചര്യത്തില്‍ അതിനായി ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സ്വകാര്യമൂലധനത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ജ്യോതിബസുവും പറഞ്ഞപ്പോള്‍ സോഷ്യലിസത്തിന് സി.പി.ഐ. (എം) ചരമഗീതം എഴുതി എന്നു പ്രചരിപ്പിച്ചത്. ചിലര്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പോകുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ചും പ്രത്യയശാസ്ത്രക്കുരുക്കിനെക്കുറിച്ചും എല്ലാം ഉപന്യസിച്ചപ്പോള്‍ മറ്റു ചിലര്‍ ഇടതുപക്ഷം വികസനത്തിന്റെയും വ്യവസായത്തിന്റെയും പിറകെപോകാതെ ശുദ്ധ, വികസനവിരുദ്ധ ഇടതുപക്ഷമായി നില്‍ക്കാന്‍ ഉപദേശിച്ചു. ഇനിയും ചിലര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരുതന്നെ ഉപേക്ഷിക്കണമെന്ന വാദം ഉയര്‍ത്തിയപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ പദ്ധതികളായ ജനകീയസോഷ്യലിസം, ജനാധിപത്യസോഷ്യലിസം, ഭാരതീയസോഷ്യലിസം എന്നിവ കമ്പോളത്തിലിറക്കി. കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാതലത്തിലും, ബംഗാളിലും വിശിഷ്യാ ഇംഗ്ലീഷ് പത്രങ്ങളില്‍ ഇത്തരം പ്രചരണം ശക്തമായിരുന്നു. ഇതെല്ലാം കേട്ട് ചില ഇടതുപക്ഷ അനുഭാവികളെങ്കിലും ആശങ്കാകുലരായി എന്നതും ഈ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന് ഉള്ളുരുകി ആഗ്രഹിച്ചുവെന്നതും സത്യമാണ്. അവസാനം സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി പരിപാടിയെക്കുറിച്ചും വൈരുദ്ധ്യാത്മകയുക്തിയെക്കുറിച്ചും ലവലേശം അറിവില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധദേവും ബസുവും പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് റിപ്പോര്‍ട്ട് ചെയ്തതാണ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതെന്നും, സി.പി.ഐ. (എം) ന്റെ ആത്യന്തികലക്ഷ്യം സോഷ്യലിസമാണെന്നും, അതേസമയം ഇന്ന് നമ്മള്‍ ജീവിക്കുന്നത് മുതലാളിത്ത വ്യവസ്ഥിതിയിലാണെന്നത് മറക്കാന്‍കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ഔദ്യോഗികമായി വിശദീകരിച്ചപ്പോഴാണ് കോലാഹലം ഏതാണ്ട് കെട്ടടങ്ങിയത്.
തീര്‍ച്ചയായും ഈ കോലാഹലം കൊണ്ട് ഒരു ഗുണമുണ്ടായി. പൊതുസമൂഹത്തില്‍, രാഷ്ട്രീയമായി സാമാന്യജ്ഞാനം അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും ശാസ്ത്രീയമായ വൈരുധ്യാത്മകയുക്തിയെക്കുറിച്ചും അത് സാമൂഹ്യമാറ്റങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും കാര്യമായ ധാരണയില്ല എന്നത് എല്ലാവര്‍ക്കും വ്യക്തമായി.
മുതലാളിത്തത്തെ എതിര്‍ക്കുന്നവര്‍ സ്വകാര്യമുതലാളിമാരുടെ കമ്പനികളിലുള്ള പണി ഉപേക്ഷിച്ച് വായുഭക്ഷണമായി ജീവിക്കണം എന്നാണ് ഇക്കൂട്ടരില്‍ പലരുടെയും ധാരണ. ഗള്‍ഫില്‍ ജോലിക്കു പോകുന്നത് വിപ്ലവത്തെ പിന്നില്‍നിന്നു ആക്രമിക്കലാണ് എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വൈരുദ്ധ്യാത്മകയുക്തിയുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങിനെയാണ് മാറ്റിമറിക്കാന്‍ പോകുന്നത് എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ആഗോള ഐ.ടി. രംഗത്തും ഇന്ത്യന്‍ ഐ.ടിരംഗത്തും ഒളിമിന്നാന്‍ തുടങ്ങിയിട്ടുള്ള വര്‍ഗ്ഗസമരം. ബാങ്കുകളും, ഓഹരിവിപണിയും, കറന്‍സി എക്സ്ചേഞ്ചും, ഇന്‍ഷൂറന്‍സും, ഉല്പന്നവ്യാപാരവും ഉള്‍പ്പെടെയുള്ള ആഗോളമുതലാളിത്തഘടനയുടെ ഇന്നത്തെ നട്ടെല്ലാണ് പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലധിഷ്ഠിതമായ വിവിരവിനിമയസൌകര്യങ്ങള്‍. ഈ നട്ടെല്ലിനെ പ്രവര്‍ത്തിപ്പിക്കുന്ന ഐ.ടി. വിദഗ്ദ്ധരുടെ ഇടയില്‍പോലും വര്‍ഗ്ഗസമരം ഒളിമിന്നിത്തുടങ്ങിയിരിക്കുന്നു എന്ന പ്രസ്താവം കേട്ടു കമ്യൂണിസ്റ്റുകാര്‍ ഇവിടെയും കുഴപ്പമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു എന്ന് ആരും ധരിക്കേണ്ട എന്നത് പ്രത്യേകം പറയട്ടെ. ഇക്കാര്യത്തില്‍ ഇതുവരെ മാര്‍ക്സിയന്‍പ്രത്യയശാസ്ത്രത്തിനോ, ഇടതുപക്ഷത്തിനോ നേരിട്ട് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. മറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് കുഴപ്പങ്ങളുടെ തുടക്കം വലതുപക്ഷ ആശയഗതിക്കാരില്‍ നിന്നാണ്. ഈ പറഞ്ഞ കാര്യം കുറച്ചു വിശദീകരിക്കേണ്ടതുണ്ട്.
ഐ.ടി.യും അനുബന്ധ തൊഴിലുകളും ഇന്നത്തെ ലോകത്തില്‍ പൊതുവേ അഭികാമ്യമായ തൊഴിലുകളായിട്ടാണ് പരിഗണിക്കപ്പെടുന്നത് എന്ന് നമുക്കൊക്കെ അറിയാം. ഒരു തരം നവബ്രാഹ്മണര്‍ എന്നു തന്നെ പറയാം. ആ രംഗത്ത് തൊഴിലെടുക്കുന്ന ഒരു ന്യൂനപക്ഷത്തിനെങ്കിലും ലഭിക്കുന്ന ഉയര്‍ന്ന വേതനവും സാമൂഹ്യപദവിയും അതിനൊരു കാരണം മാത്രം. ഇനി അഥവാ വേതനം ആകര്‍ഷകമല്ല എങ്കില്‍പോലും ശീതീകരിച്ച മുറിയില്‍ ഇരുന്നു ക്ഷീണം അറിയാതെ ജോലിചെയ്യാം, വെയില്‍ കൊള്ളണ്ട എന്നത് വലിയൊരു ആകര്‍ഷണീയതയാണ്. ബൌദ്ധികപ്രധാന തൊഴിലായതുകൊണ്ട് ജോലിസ്ഥലത്തെ യൂണിഫോറം മുതലായ കാര്യങ്ങളില്‍ ലഭിക്കുന്ന ഇളവുകളും ഒരു ആകര്‍ഷണമാണ്. ഇതെല്ലാം കൊണ്ട് മറ്റുമേഖലകളില്‍ നിന്നും ഐ.ടി.യിലേക്ക് വിദഗ്ദ്ധതൊഴിലാളികളുടെ ഒഴുക്ക് ശക്തമാണ്.
സ്വാഭാവികമായും മറ്റു മേഖലകളില്‍ ഇത് ശക്തിയായ പ്രതിഷേധം വരുത്തുന്നുണ്ട്. ഒഴുക്ക് തടയാനായി കൂലി ഉയര്‍ത്തേണ്ടിവരുന്നു എന്നത് ഒരു കാരണം. മറ്റു കാരണങ്ങളുമുണ്ട്. ഇതെല്ലാം കൊണ്ട് പൊതുവില്‍ മൂലധന ഉടമകള്‍ക്കിടയില്‍ ഐ.ടി. വിദഗ്ദ്ധര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന പരാതി ശക്തമാണ്. സ്വന്തം താല്പര്യത്തിന് അനുസൃതമായതുകൊണ്ട് പലപ്പോഴും ഈ ഒഴുക്കിനെ ജനാധിപത്യാവകാശമായി ന്യായീകരിക്കുമെങ്കിലും ഐ.ടി.മേഖലയില്‍ പോലും ഉന്നത മാനേജ്‌മെന്റുകളിലും, മൂലധന ഉടമകള്‍ക്കിടയിലും ഇതേ വിശ്വാസം പ്രബലമാണ്. ചുരുക്കത്തില്‍ ഒളിഞ്ഞാണെങ്കിലും ഐ.ടി.രംഗത്ത് മൂലധനവും തൊഴിലാളികളും തമ്മിലുള്ള താല്പര്യസംഘട്ടനം അഥവാ വര്‍ഗ്ഗസമരം നീറിനീറിക്കൊണ്ടിരിക്കുകയായിരുന്നു.
ഐ.ടി.രംഗത്ത് തൊഴില്‍ എടുക്കുന്നവര്‍ക്കെതിരെ മൂലധനഉടമകള്‍ക്കിടയില്‍ ഇതുവരെ മറഞ്ഞുകിടന്നിരുന്ന ഈ വലതുപക്ഷ ചിന്താഗതി മറനീക്കി പുറത്തുവന്നത് അമേരിക്കയിലെ സബ് പ്രൈം പണയവായ്പാ തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം ശക്തിപ്പെട്ടു തുടങ്ങിയപ്പോഴാണ്. സമീപകാലത്ത് ഈ വലതുപക്ഷ ചിന്താഗതിയുടെ പ്രതിഫലനം ആദ്യം അനുഭവിച്ചത് ടി.സി.എസ്., ഐ.ബി.എം. മുതലായ വന്‍കിട ഐ.ടി. കമ്പനികളിലെ ജീവനക്കാരായിരുന്നു. ഇന്ത്യയില്‍ 75,000 ജീവനക്കാര്‍ പണിയെടുക്കുന്ന ഭീമന്‍ ഐ.ടി. സ്ഥാപനമായ ടി.സി.എസില്‍ ഇക്കഴിഞ്ഞ ജനുവരി 30-ആം തീയതി ഒന്നരശതമാനം ശമ്പളം വെട്ടിക്കുറവു നടപ്പില്‍വരുത്തി. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന ടി.സി.എസി.ലെ ഒരു ലക്ഷത്തില്‍പരം വരുന്ന ജീവനക്കാരെ ഇത് യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒന്നരശതമാനം എന്നത് നിസ്സാരമാണെന്നും മറ്റുമുള്ള വാദങ്ങള്‍ മൂലധനപക്ഷപാതികളില്‍ നിന്നു വന്നുവെങ്കിലും ഇത് സാമ്പിള്‍ വെടിക്കെട്ടാണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് താരതമ്യേന മെച്ചപ്പെട്ട വേതനം വാങ്ങുന്ന ഐ.ടി. പ്രൊഫഷണലുകള്‍ പ്രതികരിക്കില്ല എന്നാണ് മൂലധനാധിപന്മാര്‍ ധരിച്ചത് എന്നു തോന്നുന്നു. തങ്ങള്‍ സാദാ തൊഴിലാളികല്ല, ബൌദ്ധികജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് എന്ന് ഐ.ടി.മേഖലയില്‍ പൊതുവേ കണ്ടുവരുന്ന അഹംബോധം ടി.സി.എസ്. ജീവനക്കാരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും എന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ മുതലാളിമാര്‍ കണക്കുകൂട്ടിയതുപോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. സൈബര്‍ തൊഴിലാളികളുടെ പ്രതിഷേധം സൈബര്‍ തെരുവിലാണ് അണപൊട്ടിയൊഴുകിയത് എന്നുമാത്രം. ആയിരക്കണക്കിനു പേരാണ് സൈബര്‍ തെരുവിലെ ബുള്ളറ്റിന്‍ബോര്‍ഡുകളിലും മറ്റും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ വന്നതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വര്‍ഗ്ഗസമരം പഴങ്കഥയായി എന്നുമുള്ള ധാരണയെ സൈബര്‍ ലോകത്ത് കൂലംകുത്തിയൊഴുകിയ ഈ പ്രതിഷേധം അട്ടിമറിച്ചിരിക്കുന്നു.
കമ്യൂണിസ്റ്റുകാരുടെയോ ഇടതുപക്ഷക്കാരുടെയോ യാതൊരു ഇടപെടലും ഇല്ലാതെതന്നെ പ്രകടിപ്പിക്കപ്പെട്ട ഈ പ്രതിഷേധത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം തീരുമാനങ്ങളില്‍ സുതാര്യതയില്ല, ലാഭം കണക്കുകൂട്ടുന്നതില്‍ സുതാര്യതയില്ല, മാനേജ്‌മെന്റിലുള്ളവര്‍ ദുര്‍വ്യയം ചെയ്ത് കമ്പനി പണം ധൂര്‍ത്തടിക്കുന്നു തുടങ്ങി തങ്ങളുടേതല്ലാത്ത കാരണങ്ങളായ ഡോളറിന്റെ വിലയിടിവ്, മാന്ദ്യം തുടങ്ങിയ കാരണങ്ങളാലാണ് ലാഭത്തില്‍ (നഷ്ടമല്ല) നേരിയ കുറവുണ്ടായതെന്നും ഇതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറക്കുന്നത് ശരിയല്ല എന്നും, ട്രേഡ് യൂണിയന്‍ ഇല്ലാത്തതാണ് മാനേജ്‌മെന്റിന്റെ പിടിവാശിക്കുകാരണം എന്നെല്ലാം ഉള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടു എന്നതാണ്. ആയിരക്കണക്കിന് പേരാണ് അഭിപ്രായം എഴുതിയതെങ്കില്‍ വായിച്ചത് ദശലക്ഷക്കണക്കിന് പേരാണ്. ബിസിനസ് പത്രങ്ങള്‍ ഏതാണ്ടെല്ലാം റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെ ഇന്ത്യന്‍ ഐ.ടി. രംഗത്ത് നിലനിന്നിരുന്ന സമാധാനാന്തരീഷം ഇനി തിരിച്ചുവരാനാകാത്തവിധം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ്.
ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ഐ.ടി. മുതലാളിമാര്‍ ഇത്തരം നടപടികള്‍ എടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ഐ.ടി. കമ്പനിയായ ഐ.ബി.എം.ലെ 32,000 ഓളം സാങ്കേതിക ജോലിക്കാരാണ് കമ്പനി തങ്ങള്‍ക്ക് ഓവര്‍ടൈം വേതനം നിഷേധിക്കുന്നുവെന്ന പരാതിയുമായി 2006-ല്‍ കോടതിയില്‍ എത്തിയത്. കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് ഓഫ് അമേരിക്ക എന്ന പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഐ.ബി.എമ്മിലും മറ്റ് ഐ.ടി. സ്ഥാപനങ്ങളിലും വ്യാപകമാകുകയാണ്. അടുത്തകാലത്ത് ഐ.ബി.എമ്മിലും ചില മേഖലകളില്‍ ശമ്പളം വെട്ടിക്കുറച്ചത് ഒച്ചപ്പാടിനിടയാക്കി. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനായിട്ടു കൂടിയാണ് ഐ.ബി.എം. പോലുള്ള വന്‍കിട കമ്പനികള്‍ ഏതാണ്ടെല്ലാം തന്നെ ഇന്ത്യയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പറിച്ചുനട്ടുകൊണ്ടിരിക്കുന്നത് എന്നതും വ്യക്തമാണ്.
അപ്രതീക്ഷിതമായിരുന്ന ഈ പ്രതിഷേധങ്ങള്‍ തല്‍ക്കാലമെങ്കിലും ശമ്പളം വെട്ടിക്കുറക്കല്‍ മുതലായ നടപടികളെ മരവിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിപ്രോ, ഇന്‍ഫോസിസ് മുതലായ മറ്റ് പ്രമുഖ ഇന്ത്യന്‍കമ്പനികള്‍ ടി.സി.എസിലേതു ഒറ്റപ്പെട്ട സംഭവമായിട്ടാണ് ചിത്രീകരിച്ചത്. മാത്രമല്ല ആഗോളതലത്തിലുള്ള മാന്ദ്യവും, അമേരിക്കയിലെ കുഴപ്പങ്ങളും എല്ലാം ഇന്ത്യന്‍ ഐ.ടി. രംഗത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നുതരികയാണെന്നാണ് ഇന്‍ഫോസിസിലെ നാരായണമൂര്‍ത്തിയുടേയും വിപ്രോയിലെ അസിം പ്രേംജിയുടേയും അഭിപ്രായം. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍കമ്പനികളും കൂടുതല്‍ പുതിയ ബിരുദധാരികളെ കോളേജ് ക്യാംപസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ പ്ലാന്‍ ഇടുന്നുമുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല, ഐ.ബി.എം. മുതലായ ആഗോളഭീമന്മാരും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യും. പല റിപ്പോര്‍ട്ടുകളും പറയുന്നത് ഇക്കാര്യത്തില്‍ വിദേശ കമ്പനികള്‍ ഇപ്പോള്‍ തന്നെ തനി ഇന്ത്യന്‍ കമ്പനികളെ മറികടന്നുകഴിഞ്ഞിരിക്കുന്നു എന്നാണ്. ചുരുക്കത്തില്‍ നിലവിലെ അവസ്ഥയില്‍ ഇന്ത്യന്‍ഐ.ടി. വിദഗ്ദ്ധരുടെ തൊഴില്‍ സാധ്യത കൂടാനാണ് പോകുന്നത്. അതേസമയം ശമ്പളത്തിന്റെകാര്യത്തില്‍ കടുംപിടുത്തം പ്രതീക്ഷിക്കാം.
ഇതിന്റെയെല്ലാം ആത്യന്തികഅര്‍ത്ഥം ഐ.ടി.രംഗം ഇനിയും വന്‍തോതില്‍ വികസിക്കുമെന്നും അതേസമയം വേതനത്തിന്റെയും മറ്റും കാര്യത്തില്‍ തൊഴിലെടുക്കുന്നവരും മാനേജ്‌മെന്റുകളും തമ്മിലുള്ള സമരം ഒളിഞ്ഞും തെളിഞ്ഞും മൂര്‍ഛിക്കും എന്നുമാണ്. എന്നാല്‍ മറ്റു രംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐ.ടി. രംഗത്തെ തൊഴിലാളികള്‍ പ്രധാനമായും ബൌദ്ധികതൊഴിലാണ് ചെയ്യുന്നത് എന്നതുകൊണ്ട് ഇത് തികച്ചും പുതിയ ഫലങ്ങളുണ്ടാക്കുന്നുണ്ട്. ബൌദ്ധികേതര തൊഴില്‍ മേഖലകളില്‍ കാണാത്തവിധം മാനേജുമെന്റിന്റെ സുതാര്യതയില്ലായ്‌മയേയും ജനാധിപത്യരാഹിത്യത്തേയും തൊഴിലാളികള്‍ ചോദ്യം ചെയ്തുതുടങ്ങി എന്നതാണിത്. തങ്ങള്‍ക്കുമാത്രമേ ഭരിക്കാനും മാനേജ് ചെയ്യാനും അറിയൂ എന്ന മൂലധനനേതാക്കളുടെ സ്വേഛാപ്രമത്തമായ അഹങ്കാരമാണിവിടെ ചോദ്യം ചെയ്യപ്പെട്ടത്. കമ്പ്യൂട്ടര്‍ വന്നതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വിപ്ലവം അസാധ്യമായി എന്നും വാദിക്കുന്നവരുടെ ധാരണകളെ കാലഹരണപ്പെടുത്തുന്നത് ഐ.ടി.രംഗത്ത് ഒളിമിന്നിത്തുടങ്ങിയ വര്‍ഗ്ഗസമരത്തിന്റെ ഇത്തരം ഫലങ്ങളാണ്.
ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥകളില്‍ ഐ.ടി.യുടെ ഉപയോഗം ശൈശവദശയിലാണെന്നത് വ്യക്തമാണ്. അതേസമയം സ്വയം ബൂര്‍ഷ്വയാവാന്‍ എല്ലാവരെയും ബൂര്‍ഷ്വാസി നിര്‍ബന്ധിക്കുന്നു എന്ന മാനിഫെസ്റ്റോയുടെ പ്രസ്താവനയെ അനുസ്മരിപ്പിക്കുംവിധം തങ്ങളുടെ സ്ഥാപനങ്ങളിലും ജീവിതത്തിലും എല്ലാം ഐ.ടി.യുടേയും മൊബൈല്‍ മുതലായ അനുബന്ധ സാമഗ്രികളുടെയും ഉപയോഗം വ്യാപകമാക്കാന്‍ ഓരോരുത്തരെയും ഐ.ടി.യുടെ കടന്നുകയറ്റം നിര്‍ബന്ധിതമാക്കുകയാണ്. ഇതു നിമിത്തം മറ്റു മേഖലകളില്‍ പൊതുവേ തൊഴില്‍ സാധ്യതകള്‍ കുറയുമ്പോള്‍ അതോടൊപ്പെം ഐ.ടി. മേഖലയില്‍ ആന്തരികവൈരുധ്യങ്ങളും വളരുകയാണ്. ഈ പുതിയ മേഖലയുടെ ശൈശവദശയില്‍ തന്നെ വര്‍ഗ്ഗസമരം നാമ്പെടുത്തുവെങ്കില്‍ ഇനി വരാന്‍പോകുന്നത് രൂക്ഷമായ താല്പര്യസംഘട്ടനങ്ങളുടെ നാളുകളാണെന്നത് വ്യക്തമാണ്. തല്‍ഫലമായി മാറ്റങ്ങളുടെ ഗതിവേഗം കൂടുകയാണ്!
ഐ.ടി. രംഗത്ത് മൂര്‍ഛിക്കുന്ന ഈ വര്‍ഗ്ഗസമരത്തിനോട് പല രീതിയിലുള്ള പ്രതികരണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. അടുത്തകാലത്ത് ജനശ്രദ്ധയാകര്‍ഷിച്ച സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനം വര്‍ഗ്ഗസമരത്തിന്റെ താരതമ്യേന സാത്വികമായ ഒരു രൂപമാണ്. സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യത്തിനും ബൌദ്ധികസ്വത്തുചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ഈ പ്രസ്ഥാനം ഇപ്പോള്‍ തന്നെ കുത്തകകള്‍ക്ക് കാര്യമായ തലവേദന ഉണ്ടാക്കുന്നുണ്ട്. എന്നു മാത്രമല്ല, മരുന്നു, വിത്ത് മുതലായ രംഗങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന വന്‍കുത്തകകള്‍ക്കെതിരെ ഗവേഷണത്തിന് ഫലപ്രദമായ ബദല്‍മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് പൊതുജനാധിപത്യപ്രസ്ഥാനത്തിന് അത് വലിയ സംഭാവനകള്‍ നല്‍കുന്നുമുണ്ട്.
ഐ.ടി. രംഗത്ത് മൂര്‍ഛിക്കുന്ന വര്‍ഗ്ഗസമരത്തിനോടുള്ള മറ്റാരുതരം പ്രതികരണം അരാജകവാദപരവും ഭീകരവാദപരവും ആണ്. കുത്തകകളുടെ ദുശ്ശാഠ്യത്തിനെ ജനാധിപത്യപരമായി മറികടക്കാനാവില്ലെന്നു കരുതുന്ന ചില പ്രതിഭകള്‍ കമ്പ്യൂട്ടര്‍ വൈറസും മറ്റും സൃഷ്ടിച്ച് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു. ഇതിനെ കുട്ടിക്കളിയെന്ന് പരിഗണിക്കാമെങ്കിലും മറ്റ് ചിലത് അങ്ങിനെയല്ല. ക്രിമിനല്‍ സ്വഭാവമുള്ള ചില അതിബുദ്ധിശാലികള്‍ ഇന്റര്‍നെറ്റ് വഴി ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ടുകളില്‍ നിന്നും വന്‍തുക ചോര്‍ത്തുന്നവരാണ്. അടുത്തകാലത്തായി ഇത്തരം ഭീഷണികള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങളുടെ സല്‍പ്പേരു നഷ്ടപ്പെടുമെന്ന(അതായത് കുപ്രശസ്തി ഭയന്ന്) ധനകാര്യസ്ഥാപനങ്ങള്‍ പൊതുവില്‍ ഇത്തരം മോഷണം റിപ്പോര്‍ട്ട് ചെയ്യാതെ മൂടിവെക്കുന്നത് ഈ ക്രിമിനലുകള്‍ക്ക് സഹായകമാണ്. അതായത് യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളതിലും വളരെ കൂടുതലാണ് ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യമേഖലയ്ക്ക് സൈബര്‍ കടന്നാക്രമണങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ള ധനനഷ്ടം.
ഇനിയുമൊന്ന് ഭീകരവാദികളാണ്. അസംതൃപ്തരായ ഐ.ടി. വിദഗ്ദരില്‍ ചിലരെങ്കിലും ഭീകരവാദശൃംഖലകളുടെ വലയില്‍ വീഴാനിടയുണ്ട്. ഇപ്പോള്‍ തന്നെ സൈബര്‍ രംഗത്ത് മതതീവ്രവാദികളുടെയും ഭീകരവാദികളുടെയും എല്ലാം സാന്നിദ്ധ്യം ശക്തമാണ്.
ഭീകരവാദത്തിന്റെ കൂടപിറപ്പാണല്ലാ സര്‍ക്കാരിന്റെ പ്രതിക്രിയയായ സര്‍ക്കാര്‍ ഭീകരത. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി സൈബര്‍ അരാജകവാദത്തിന്റെയും സൈബര്‍ ഭീകരവാദത്തിന്റെയും വളര്‍ച്ച ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതാണ്ടെല്ലാ പ്രമുഖരാജ്യങ്ങളും സൈബര്‍യുദ്ധത്തിനായുള്ള വന്‍ സേനാദളങ്ങളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ ലോകത്ത് വിവരം ചോര്‍ത്താന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് നിയമപരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും അയക്കുന്ന സന്ദേശങ്ങളും സംഭാഷണങ്ങളും എല്ലാം റിക്കോര്‍ഡ് ചെയ്യപ്പെടുകയും രഹസ്യപ്പോലീസ് അധികാരികളുടെ പരിശോധനക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. ബാങ്ക് ഇടപാടുകള്‍, മറ്റു ക്രയവിക്രയങ്ങള്‍ എന്നിവയും നിരീക്ഷണവിധേയമാണ്. സ്വഭാവികമായും ഇത് ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധപ്രവണതകളെ ശക്തിപ്പെടുത്തുകയാണ്. അതിനെതിരെ പഴയരീതിയിലുള്ള പ്രതിഷേധങ്ങള്‍ വനരോദനങ്ങളായി മാറുന്നു.
ഈ അവസ്ഥയിലാണ് ഐ.ടി. രംഗത്തെ ബൌദ്ധികതൊഴിലാളിവര്‍ഗം മാനേജുമെന്റുകളുടെ സുതാര്യതയില്ലായ്മയെക്കുറിച്ചും ജനാധിപത്യരാഹിത്യത്തെക്കുറിച്ചും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സ്ഫോടനാത്മകമായി മാറാന്‍ പോകുന്നത്. ലെനിന്‍ തന്റെ “ഭരണകൂടവും വിപ്ലവവും” എന്ന സുപ്രസിദ്ധ കൃതിയില്‍ ചൂണ്ടികാണിച്ചതുപോലെ ഭരണനടത്തിപ്പില്‍ എല്ലാവരും യഥാര്‍ത്ഥമായി പങ്കെടുക്കാന്‍ തുടങ്ങിയാല്‍, മുതലാളിത്തത്തിന് അതിന്റെ പിടി നിലനിര്‍ത്താനാവില്ല. ഐ.ടി.യുടെ വളര്‍ച്ചയും വ്യാപനവും വഴി ഭരണനടത്തിപ്പില്‍ പങ്കുവഹിക്കാന്‍ ഭൂരിപക്ഷം പേരെയും സജ്ജമാക്കുന്നത് ബൂര്‍ഷ്വാസി തന്നെയാണ് എന്നത് അതിന്റെ ചരിത്രപരമായ ദൌത്യത്തിന്റെ ഭാഗം തന്നെയാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടിയതുപോലെ ബൂര്‍ഷ്വാസി സൃഷ്ടിക്കുന്നത് സര്‍വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെതന്നെയാണ്. ദിനംപ്രതി ശക്തമാകുന്ന ഐ.ടി. വ്യാപനം മാര്‍ക്സിസത്തിന്റെ പ്രവചനങ്ങളെ ശരിവയ്ക്കുകയാണ്.
അതുകൊണ്ടാണ് മാര്‍ക്സിസത്തിന്റെ പ്രായോഗികതയെ തള്ളിപ്പറയുകയും കമ്പ്യൂട്ടര്‍ വന്നതോടെ വിപ്ലവവും കമ്യൂണിസവും അപ്രസക്തമായി എന്ന് അവകാശപ്പെടുകയും ചെയ്യുന്ന കെ. വേണു ഉള്‍പ്പെടെയുള്ള മാര്‍ക്സിസത്തിന്റെ വിമര്‍ശകര്‍ക്കുള്ള തൊഴിലാളി വര്‍ഗത്തിന്റെ മറുപടിയാണ് ആഗോള ഐ.ടി. രംഗത്ത് ഒളിമിന്നാന്‍ തുടങ്ങിയിട്ടുള്ള വര്‍ഗസമരം എന്നു പറയേണ്ടിവരുന്നത്. അമേരിക്കയെ വിശേഷിച്ചും, മുതലാളിത്ത ലോകത്തെ പൊതുവിലും ഗ്രസിച്ചിട്ടുള്ള മാന്ദ്യവും മറ്റു കുഴപ്പങ്ങളും വര്‍ഗ്ഗസമരത്തെ ശക്തിപ്പെടുത്താനാണ് പോകുന്നത്. അതെ, ഐ.ടി.വ്യാപനം വര്‍ഗ്ഗസമരത്തെയും കമ്യൂണിസത്തെയും കാലഹരണപ്പെടുത്തുകയല്ല, മറിച്ച് അനിവാര്യമാക്കുകയാണ് ചെയ്യുന്നത്. ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതയെ മനസ്സിലാക്കുന്നവര്‍ക്ക് ഇതില്‍ അത്ഭുതമൊന്നും തോന്നേണ്ടതില്ല.
-അശോകന്‍ ഞാറക്കല്‍
5 comments:
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് താരതമ്യേന മെച്ചപ്പെട്ട വേതനം വാങ്ങുന്ന ഐ.ടി. പ്രൊഫഷണലുകള്‍ പ്രതികരിക്കില്ല എന്നാണ് മൂലധനാധിപന്മാര്‍ ധരിച്ചത് എന്നു തോന്നുന്നു. തങ്ങള്‍ സാദാ തൊഴിലാളികല്ല, ബൌദ്ധികജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് എന്ന് ഐ.ടി.മേഖലയില്‍ പൊതുവേ കണ്ടുവരുന്ന അഹംബോധം ടി.സി.എസ്. ജീവനക്കാരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും എന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ മുതലാളിമാര്‍ കണക്കുകൂട്ടിയതുപോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. സൈബര്‍ തൊഴിലാളികളുടെ പ്രതിഷേധം സൈബര്‍ തെരുവിലാണ് അണപൊട്ടിയൊഴുകിയത് എന്നുമാത്രം. ആയിരക്കണക്കിനു പേരാണ് സൈബര്‍ തെരുവിലെ ബുള്ളറ്റിന്‍ബോര്‍ഡുകളിലും മറ്റും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ വന്നതോടെ കമ്യൂണിസം കാലഹരണപ്പെട്ടു എന്നും വര്‍ഗ്ഗസമരം പഴങ്കഥയായി എന്നുമുള്ള ധാരണയെ സൈബര്‍ ലോകത്ത് കൂലംകുത്തിയൊഴുകിയ ഈ പ്രതിഷേധം അട്ടിമറിച്ചിരിക്കുന്നു.......
ശ്രീ. അശോകന്‍ ഞാറയ്ക്കല്‍ എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.
ഇന്ത്യയില്‍ ITയിലും CITU വന്നാല്‍ ചൈന രക്ഷപ്പെടും . എങ്ങനെയെന്നോ ? ഇപ്പോള്‍ ചൈനയില്‍ ആണ് എല്ലാ വിദേശക്കമ്പനികളും ഉള്ളത് . അവിടെ സമരമോ ബന്ദോ ഹര്‍ത്താലോ ഒന്നുമില്ല . ഇന്ത്യയിലുള്ള വിദേശ ഐടി കമ്പനികള്‍ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയാണ് എല്ലാം ചൈനയിലേക്ക് വലിക്കാന്‍ . അവിടെ അടിമപ്പണിക്ക് ആളെ ഇഷ്ടം പോലെ കിട്ടും . ഇവിടെ ഐടി മേഖലയില്‍ സമരം വ്യാപിപ്പിക്കാന്‍ സി.ഐ.ടി.യു. കുറെയായി ശ്രമിക്കുന്നു . ഇതും കുളം തോണ്ടുമോ ഭഗവനേ !
ഇവിടെ ഐടി മേഖലയില്‍ സമരം വ്യാപിപ്പിക്കാന്‍ സി.ഐ.ടി.യു. കുറെയായി ശ്രമിക്കുന്നു . ഇതും കുളം തോണ്ടുമോ ഭഗവനേ !YES they will, slaves of marxist/communists will ruin our india.
പ്രിയ രാഗേഷ്, കടവന്‍
കമന്റുകള്‍ക്ക് നന്ദി
“ഐ.ടി. വിദഗ്ദ്ധരുടെ ഇടയില്‍പോലും വര്‍ഗ്ഗസമരം ഒളിമിന്നിത്തുടങ്ങിയിരിക്കുന്നു എന്ന പ്രസ്താവം കേട്ടു കമ്യൂണിസ്റ്റുകാര്‍ ഇവിടെയും കുഴപ്പമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു എന്ന് ആരും ധരിക്കേണ്ട എന്നത് പ്രത്യേകം പറയട്ടെ.”
പോസ്റ്റിലെ ഈ വാചകം ശ്രദ്ധിച്ചിരുന്നുവോ?
പിന്നെ ITയിലും CITU വരണമെന്നു വര്‍ക്കേഴ്സ് ഫോറം എവിടെയും പറഞ്ഞിട്ടില്ലല്ലോ? CITU നു വേണ്ടി മറുപടി പറയാന്‍ വര്‍ക്കേഴ്സ് ഫോറത്തിനു കഴിയില്ല എന്നതു മനസ്സിലാക്കുമല്ലോ?
ഐ.റ്റി. മേഖലയിലെ വര്‍ഗ്ഗസമരത്തെകുരിച്ചുള്ള ലേഖനം വായിച്ചു. ഇനിയും വികസിപ്പിക്കേണ്ട ഒരു ആശയമാണെന്നു തോനുന്നു.
അതേ സമയം ഐ.റ്റി. മേഖലയെ കുറിച്ച് ഇങ്ങനെ ഒരു ലേഖനം എഴുതുമ്പോള്‍ പാര്‍ട്ടി, ജ്യോതി ബസു, ഇഗ്ലീഷ് പത്രം, സി.പി.എം. ജന:സെക്രട്ടറിയുടെ വിശദീകരണം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.
മറ്റൊന്നും കൊണ്ടല്ല, ചര്‍ച്ച വഴിതിരിഞ്ഞു പോകും.
ഒരു മേഖല എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഐ.റ്റി. അതിന്റെ പ്രതിസന്ധി പരിഹരിക്കുന്നുണ്ടെന്നു തോനുന്നു. മൂലധനവും അധ്വാനവും
തമ്മിലുള്ള വൈരുദ്ധ്യം ഇല്ലെന്നല്ല അര്‍ത്ഥമാക്കുന്നത്, ഈ വൈരുദ്ധ്യത്തെ അത് ഒരു അവസാന തീര്‍പ്പിലെത്തിക്കുന്ന അവസ്ഥയിലെത്തിക്കാതെ ഒഴിഞ്ഞു മാറുന്നുണ്ടെ തന്നെ വേണം കരുതാന്‍. സോഫ്റ്റുവെയറുകള്‍ ഒരു ചരക്ക് എന്ന രൂപത്തില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത് 70 കളോടെ യാണ്. അതായത് ഒരു സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്ന എഞ്ചിനീയര്‍ അന്നു തൊട്ടേ ഒരു തൊഴിലാളിയുടെ സ്ഥാനത്താണ്. അത് ഒരാള്‍ ഒരു തൊഴിലുടമയുടെ കീഴില്‍ ജോലിചെയ്യുന്നുവെന്നകാരണത്താല്‍ മാത്രമല്ല. മറിച്ച് ഒരു നിര്‍മ്മാണ പ്രക്രിയയില്‍ അവന്‍ വഹിക്കുന്ന പദവിയുടെ കൂടി അടിസ്ഥാനത്തിലാണ്. സോഫ്റ്റ്വെയര്‍ ഉല്‍പാദനരംഗത്ത് അക്കാലത്തുതന്നെ അവന്‍ ഒരു അനുബന്ധമായി മാറിക്കഴിഞ്ഞിരുന്നു.
പക്ഷേ എന്നിട്ടും അവനു കൂടിയ വേതനം അത് ഉറപ്പുനല്‍കുകയും അവന്റെ മൂലധനവുമായുള്ള വൈരുദ്ധ്യത്തെ മൂടി വെക്കുകയും ചെയ്തു.
അതാകട്ടെ മറ്റു മേഖലകളില്‍ നിന്നും തൊഴിലാളികളുടെ അദ്ധ്വാനത്തെ വെട്ടിക്കുറക്കുന്നതിനുള്ള അതിന്റെ കഴിവിലാണ് അടങ്ങിയിരിക്കുന്നത്. ഉദാ:ടൂള്‍ റൂമിലെ ലെയ്ത്തുകള്‍ വിവിധ സി.എന്‍. സി. മെഷീനുകള്‍........
ഉല്‍പ്പാദനത്തിനു ശേഷം ഉണ്ടാകുന്ന വിവിധ ചെലവുകളെ ഇത് മുന്നൊന്നും ഇല്ലാത്തവിധംവെട്ടിക്കുറച്ചു... എല്ലാ കണ്ടുപിടുത്തങ്ങളെകുറിച്ചും ഇത് പൊതുവില്‍ പറയാമെങ്കിലും
ഐ.ടി. യുടെ കാര്യത്തില്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്നു ഞാന്‍ കരുതുന്നു.
ഫിനാന്‍സ് മൂലധനവുമായി എല്ലാ തരത്തിലുമുള്ള ചങ്ങാത്തം ഈ മേഖലക്ക് മറ്റു മേഖലകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു അസ്ഥിത്വം നേടികൊടുക്കുന്നുണ്ട്.
ചുരുക്കത്തില്‍ ഇപ്പോഴുള്ള പ്രതിസന്ധി ഹൃസ്വകാല അടിസ്ഥാനത്തിലെങ്കിലും താല്‍ക്കാലികമാണെന്നു വേണം കരുതാന്‍
Post a Comment