കഴിഞ്ഞ രണ്ട് വര്‍ഷമായി യുനൈറ്റഡ് ടെക്നോളജീസ് (United Technologies) എന്ന കമ്പനി ഡയബോള്‍ഡ് കോര്‍പ്പറേഷന്‍ (Diebold Corporation.) എന്ന കമ്പനിയെ വിലക്ക് വാങ്ങാനുള്ള ശ്രമത്തിലാണ്. ഡയബോള്‍ഡിന്റെ മുഖ്യ ബിസിനസ്സ് എ.ടി.എം യന്ത്രങ്ങളാണെങ്കിലും പ്രീമിയര്‍ ഇലക്ഷന്‍ സൊലൂഷന്‍സ് എന്ന പേരില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ നിര്‍മ്മാണത്തിലും ഈ കമ്പനി ഏര്‍പ്പെടുന്നുണ്ട്. അവര്‍ നിര്‍മ്മിക്കുന്ന സോഫ്ട്‌വെയറാണ് അമേരിക്കയിലെമ്പാടും വോട്ടെണ്ണുന്നതിനായി ഉപയോഗിക്കുന്നത്.
ബിസിനസ്സ് വീക്ക് ഈ വാങ്ങല്‍ ശ്രമത്തെക്കുറിച്ചുള്ള തങ്ങളുടെ റിപ്പോര്‍ട്ടില്‍ യുനൈറ്റഡ് ടെക്നോളജി എന്തിനായിരിക്കാം ഡയബോള്‍ഡ് പിടിച്ചടക്കാന്‍ ശ്രമിക്കുന്നതെന്ന് അത്ഭുതം കൂറുന്നു. “എ.ടി.എം.യന്ത്രങ്ങളുടെ വിപണനം വഴി തങ്ങളുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കണ്ടെത്തുന്ന ഡയബോള്‍ഡിന്റെ വാങ്ങലിലൂടെ ആ ബിസിനസ്സില്‍ ഇല്ലാത്ത യുനൈറ്റഡിന് എന്ത് മെച്ചമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ചില അനലിസ്റ്റുകള്‍ അത്ഭുതപ്പെടുന്നു” എന്ന് ബിസിനസ് വീക്ക് എഴുതുന്നു. ഒരു പക്ഷെ, എ.ടി.എം. ബിസിനസ്സില്‍ ആയിരിക്കുകയില്ല യുനൈറ്റഡിന്റെ താല്പര്യം, മറിച്ച് ഇലക്ഷന്‍ ബിസ്സിനസിലാണെങ്കിലോ?
യുനൈറ്റഡ് ടെക്നോളജീസിന്റെ പ്രവര്‍ത്തനങ്ങളെന്തൊക്കെയാണ്? ആരാണതിനു പിന്നില്‍? സാങ്കേതിക രംഗത്ത് നിരവധി താല്പര്യങ്ങളുള്ള ഒരു വമ്പന്‍ അന്താരാഷ്ട്ര കുത്തക സമുച്ചയം (conglomerate) ആയ യുനൈറ്റഡ് ടെക്നോളജീസിന് വര്‍ഷം തോറും ഏതാണ്ട് 5 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇവരുടെ ഒരു പ്രധാന ഉല്പന്നം ബ്ലാക്ക് ഹാക്ക് ഹെലികോപ്ടറുകളാണ്. ഗതാഗതത്തിനും ആക്രമണത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന തന്ത്രപരമായ പ്രാധാന്യം ഉള്ള ഇതിന്റെ വില 5.9 മില്യണ്‍ ഡോളറാണ്. ഇപ്രകാരമുള്ള ഏതാണ്ട് 2600 ഹെലിക്കോപ്ടറുകള്‍ ഇതുവരെയായി ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഹെലിക്കോപ്ടറുകള്‍ നിര്‍മ്മിക്കുന്ന സികോര്‍സ്കി എയര്‍ക്രാഫ്ട്(Sikorsky Aircraft), വിമാന എഞ്ചിനുകളും റോക്കറ്റുകളും നിര്‍മ്മിക്കുന്ന ഹാമില്‍ട്ടണ്‍ സണ്‍സ്ട്രാന്റ്(Hamilton Sunstrand), പ്രതിരോധ -ഏറോസ്പേയ്സ് സംവിധാനങ്ങള്‍ക്കായി ഇന്ധനസെല്ലുകള്‍, ഓട്ടിസ് എലിവേറ്ററുകള്‍. മറ്റു സുരക്ഷ ഉപകരണങ്ങള്‍ ആദിയായവ നിര്‍മ്മിക്കുന്ന യു.ടി.സി പവര്‍ (UTC power) എന്നിവ ഈ കുത്തകസമുച്ചയത്തിലെ അംഗങ്ങളാണ്.
രാഷ്ട്രീയ പ്രചരണങ്ങള്‍ക്കായി സംഭാവന നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുനൈറ്റഡ് ടെക്നോളജീസ് 2004ല്‍ പ്രതിരോധ വ്യവസായ മേഖലയിലെ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയവരുടെ കൂട്ടത്തില്‍ ആറാം സ്ഥാനത്തായിരുന്നു; ഇവരുടെ സംഭാവനയുടെ ഭൂരിഭാഗവും ലഭിച്ചതാകട്ടെ റിപ്പബ്ലിക്കന്‍ കക്ഷിക്കും. 2008ല്‍ അഞ്ചാംസ്ഥാനത്തുള്ള അവര്‍ മൊത്തം 4,85,000 ഡോളര്‍ സംഭാവനയിനത്തില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 57 ശതമാനവും ഇത്തവണ ഡെമോക്രാറ്റ് കക്ഷിക്കാണ് നല്‍കിയിട്ടുള്ളത്. ഒരു മുന്‍ പ്രതിരോധ സെക്രട്ടറിയും വ്യോമസേനയിലെ മുന്‍ അണ്ടര്‍ സെക്രട്ടറിയും അടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
യുനൈറ്റഡ് ടെക്നോളജീസ് വാങ്ങാന്‍ ശ്രമിക്കുന്ന ഡയബോള്‍ഡ് ആകട്ടെ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളും പ്രവര്‍ത്തനത്തകരാറുകളും ഉള്ള ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ നിര്‍മ്മിക്കുക വഴി കുപ്രസിദ്ധി നേടിയ കമ്പനി ആണ്. ആ കമ്പനിയുടെ തെരഞ്ഞെടുപ്പ് വിഭാഗം അത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട് തങ്ങളുടെ എ.ടി.എം ബിസിനസ്സിനും തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ ബിസിനസ്സിനും ഇടക്ക് ഒരു മൂടുപടമിടാന്‍ 2007ല്‍ അവര്‍ നിര്‍ബന്ധിതരായി. തെരഞ്ഞെടുപ്പ് വിഭാഗത്തിന് പ്രീമിയര്‍ ഇലക്ഷന്‍ സൊലൂഷന്‍സ് എന്നു പുനര്‍ നാമകരണം ചെയ്യുകയും ഫെബ്രുവരിയില്‍ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാക്കുകയും ചെയ്തു. പുന:സംഘടിപ്പിക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ച് ഡയറക്ടര്‍മാരില്‍ മൂന്നു പേര്‍ ഡയബോള്‍ഡ് ഉദ്യോഗസ്ഥരായിരുന്നു. 2007 ലും കുഴപ്പക്കാരനായ വോട്ടിംഗ് മെഷീനുകള്‍ വിറ്റൊഴിയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അവ വാങ്ങാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല.
ഡയബോള്‍ഡിന്റെ മുന്‍ സി.ഇ.ഒ ആയിരുന്ന വാള്‍ഡന്‍ ഒ’ഡെല്‍ 2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഓഹിയോ സംസ്ഥാനം ബുഷിന് ലഭിക്കുന്നതിനായി തന്റെ അധികാരം ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നുറപ്പ് കൊടുത്തുകൊണ്ട് ബുഷിന്റെ പ്രചരണത്തിനുള്ള ഫണ്ട് പിരിവിനായി എഴുതിയ കത്ത് ഡയബോള്‍ഡിന്റെ വോട്ടിങ്ങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയങ്ങളുയര്‍ത്താന്‍ ഇട നല്‍കിയിരുന്നു. കടപ്പത്ര കുംഭകോണവും ഇന്‍സൈഡര്‍ ട്രേഡിങ്ങും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഈ ഡെല്ലിനു 2005ല്‍ രാജിവെക്കേണ്ടി വന്നു. അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനുമായി പരിഹരിക്കാത്ത ചില അക്കൌണ്ടിങ്ങ് പ്രശ്നങ്ങള്‍ ഇപ്പോഴും ഈ കമ്പനിക്കുണ്ട്.
ഫെഡറല്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്ത സോഫ്ട്‌വെയറുകള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതിന് ഈ കമ്പനി പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാ വിശകലനത്തില്‍ വ്യാപകമായ കുറവുകള്‍ ഈ യന്ത്രങ്ങള്‍ക്കുള്ളതായും വോട്ടിങ്ങിനിടക്ക് ഇവ പ്രവര്‍ത്തനരഹിതമാകുന്നതായും കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ക്കുള്ള പണം ലഭിക്കുന്നതിനായി 2004ല്‍ സംസ്ഥാനത്തിനും കൌണ്ടികള്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന ആരോപണത്തിന്റെ പേരില്‍ ടെക്സാസ് കേന്ദ്രമായ ഈ കമ്പനി കാലിഫോര്‍ണിയാ സംസ്ഥാനവുമായി 2.6 മില്യണ്‍ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഒരു ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ബ്ലാക്ക് ബോക്സ് വോട്ടിങ്ങ് ( തെരഞ്ഞെടുപ്പ് ക്രമക്കേടുകല്‍ക്കെതിരെ പൊരുതുന്ന സംഘടന)ഈ കമ്പനിയുടെ സോഫ്ട്‌വെയറിന്റെ സോഴ്സ് കോഡ് ഇന്റര്‍ നെറ്റില്‍ കാണുകയും അത് ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്സിറ്റിയിലെ അവി റൂബിന്‍ എന്ന വിദഗ്ദന് നല്‍കുകയും ചെയ്തു. 2003ല്‍ പുറത്ത് വന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ മെഷീനുകള്‍ക്ക് സുരക്ഷാസംബന്ധിയായ നിരവധി തകരാറുകള്‍ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ നടത്തിയ പരിശോധനകള്‍ ഇത് ശരിവെക്കുകയും കൂടുതല്‍ സുരക്ഷാവൈകല്യങ്ങള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഡയബോള്‍ഡ് മെഷീനുകളെ കൂടുതള്‍ കുഴപ്പമുള്ളതാക്കുന്നത് വോട്ടെണ്ണുന്നതിനായി ഉപയോഗിക്കുന്ന സോഫ്ട്‌വെയര്‍ രഹസ്യസ്വാഭാവമുള്ളതും വിദഗ്ദരുടെ പോലും പരിശോധന അസാദ്ധ്യമാക്കുന്ന തരത്തിലുള്ളതുമാണ് എന്നതാണ്. കൂടാതെ, വോട്ടെണ്ണിയതിനുശേഷം ഈ മെഷീനുകളില്‍ പലതും പേപ്പര്‍ റെക്കോര്‍ഡുകള്‍ ഒന്നും നല്‍കില്ല എന്നത് വോട്ടെണ്ണല്‍ കൃത്യമായിരുന്നു എന്നുറപ്പിക്കുന്നതിനുള്ള പുന:പരിശോധന അസാദ്ധ്യമാക്കുന്നു. പേപ്പര്‍ റെക്കോര്‍ഡ് നല്‍കുന്ന തരം മെഷീനുകളിലാകട്ടെ എ.ടി.എം രസീത് പോലെ വളരെ ചെറിയ പ്രിന്റ് ആണ് നല്‍കുന്നത് . വോട്ടര്‍മാര്‍ക്ക് പരിശോധിക്കുന്നതിനും വോട്ടെണ്ണുന്ന ജഡ്ജിമാര്‍ക്ക് എണ്ണുന്നതിനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പല സംസ്ഥാനങ്ങളും ചിലവേറിയതും വിശ്വസനീയത കുറഞ്ഞതും സുതാര്യത ഇല്ലാത്തതുമായ ടച്ച് സ്ക്രീന്‍ മെഷീനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്മാറിത്തുടങ്ങിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഓപ്റ്റിക്കല്‍ സ്കാന്‍ വോട്ടെണ്ണല്‍ മെഷീനുകള്‍ ഓഡിറ്റിങ്ങിനു വിധേയമല്ല. ഇത്തരം മെഷീനുകളും സോഫ്ട്‌വെയര്‍ അധിഷ്ഠിത കമ്പ്യൂട്ടറുകള്‍ തന്നെയാണ്; അവയുടെ സുരക്ഷിതത്വവും ഉറപ്പുനല്‍കാനാവില്ല. ഓഡിറ്റില്ലെങ്കില്‍പ്പിന്നെ പേപ്പര്‍ റെക്കോര്‍ഡ് വേണോ എന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നതെന്തിന്?
തങ്ങളുടെ മുഖപ്രസംഗ ബ്ലോഗില്‍ ന്യൂയോര്‍ക്ക് ടൈംസ് 1961ല്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ അമേരിക്കന്‍ ജനതക്ക് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയുണ്ടായി. “ സര്‍ക്കാര്‍ സമിതികളില്‍ സൈനിക വ്യാവസായിക സമുച്ചയങ്ങള്‍ ദുരുദ്ദേശത്തോടെയോ അല്ലാതെയോ സ്വാധീനം ഉറപ്പിക്കുന്നതിനെതിരെ നാം കരുതിയിരിക്കണം. തെറ്റായ അധികാരസ്ഥാനങ്ങള്‍ വിനാശകരമായ രീതിയില്‍ ഉയന്നുവരാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്, അതങ്ങിനെ തുടരുകയും ചെയ്യും.” ടൈംസ് ഇങ്ങനെ എഴുതി. “അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു പ്രതിരോധ കരാറുകാരന്‍ വോട്ടെണ്ണിയേക്കും എന്നറിയുന്നത് ഐസന്‍ഹോവറെ നടുക്കുമായിരുന്നു എന്ന് ഞങ്ങള്‍ കരുതുന്നു.”
ഡയബോള്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇതുവരെ യുനൈറ്റഡിന്റെ 2.6 ബില്യണ്‍ ഡോളര്‍ ഓഫര്‍ നിരസിച്ചിട്ടുണ്ട്. എങ്കിലും ഈ അന്താരാഷ്ട്രകുത്തക ഇതില്‍ നിന്ന് പിന്മാറാനിടയില്ലെന്ന് മാത്രമല്ല ഡയബോള്‍ഡിന്റെ ഓഹരിയുടമകള്‍ക്ക് മുന്നില്‍ ഈ ഓഫര്‍ വെക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ഒരു വലിയഭാഗം ഒരു പ്രതിരോധ കരാറുകാരന്‍ എണ്ണുന്നത് നാം കണ്ടേക്കാം. ഇപ്പോള്‍ത്തന്നെ അവര്‍ സംഭാവനകളും മാധ്യമങ്ങളുടെ മുകളില്‍ തങ്ങള്‍ക്കുള്ള നിയന്ത്രണവും(ഉദാഹരണമായി ജനറല്‍ ഇലക്ടിക്കല്‍സിന്റെ എന്‍.ബി.സി ഉടമസ്ഥത) ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം കാര്യാര്‍ത്ഥത്തില്‍ തീരുമാനിക്കുന്നുണ്ട്. ഈ ഇടപാട് നടക്കുകയാണെങ്കില്‍ അവര്‍ രഹസ്യമായി, മറ്റാരുടേയും പുന:പരിശോധനയില്ലാതെ തന്നെ, വോട്ടെണ്ണാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.
ഒരു സൈനിക കരാറുകാരന്‍ വോട്ടെണ്ണുന്നു എന്നത് യഥാര്‍ത്ഥത്തില്‍ കുറച്ചുകൂടി വലിയ ഒരു പ്രശ്നത്തിന്റെ, കോര്‍പ്പറേറ്റ്- ഗവര്‍മ്മെന്റ് എന്ന പ്രശ്നത്തിന്റെ രോഗലക്ഷണം മാത്രം ആണ്. രാജ്യമാസകലം തെരഞ്ഞെടുപ്പ് നിര്‍വാഹകര്‍ (election administrators)വോട്ടെണ്ണല്‍ ജോലികള്‍ സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് പുറം കരാര്‍ നല്‍കിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഡയബോള്‍ഡിന്റെ central tabulator software ആണ് കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മിക്കവാറും വോട്ടുകള്‍ എണ്ണിയത്, 80% വോട്ടുകള്‍ ഡയബോള്‍ഡ്, ES&S എന്നീ രണ്ട് കോര്‍പ്പറേഷനുകള്‍ ചേര്‍ന്ന് എണ്ണുകയായിരുന്നു.
തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിഷ്‌പക്ഷരായ തെരഞ്ഞെടുപ്പ് നിര്‍വാഹകരുടെ ചുമതലയിലേക്ക് വീണ്ടും ഏല്‍പ്പിക്കുവാനും വോട്ടെടുപ്പ് പ്രക്രിയ വോട്ടര്‍മാര്‍ക്ക് സ്വതന്ത്ര പരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രേഖകള്‍ ഉള്ള തരത്തില്‍ സുതാര്യമാക്കുവാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കൂടാതെ, ആദ്യഫലങ്ങളുടെ ഓഡിറ്റിങ്ങ് എന്നത് എല്ലാ തെരഞ്ഞെടുപ്പുകളുടേയും സ്ഥിരം ഭാഗമാക്കുകയും വേണം. അതായത് , മണ്ഡലങ്ങളുടെ റാന്‍ഡം സെലക്ഷന്‍ നടത്തി പേപ്പര്‍ ബാലറ്റുകള്‍ യന്ത്രസഹായമില്ലാതെ എണ്ണി വോട്ടിന്റെ കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ട്. റീക്കൌണ്ടിങ്ങ് ആവശ്യപ്പെടുന്നത് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം എളുപ്പമായതും ചിലവില്ലാത്തതുമാകണം.
സര്‍ക്കാരുകളുടെ നിയമസാധുതയുടെ ആധാരം ജനാധിപത്യവും ജനാധിപത്യത്തിന്റെ ആധാരം വോട്ടിങ്ങുമാണ്. നമുക്ക് വോട്ടിങ്ങ് പ്രക്രിയയെ വിശ്വസിക്കാനാകുന്നില്ലെങ്കില്‍ സര്‍ക്കാരിനു അതിന്റെ സാധുതയും നഷ്ടപ്പെടുന്നു.
(Kevin Zeese എഴുതിയ Do You Want the Military Industrial Complex Counting Your Votes? എന്ന ലേഖനത്തിന്റെ പരിഭാഷ)
Kevin Zeese is director of Democracy Rising and co-founder of Voters For Peace.
ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്സിറ്റി വെബ് സൈറ്റില്‍ Avi Rubin പ്രസിദ്ധീകരിച്ച സ്റ്റേറ്റ്മെന്റ്
1 comment:
പ്രസിഡന്റ് ഐസന്‍ഹോവര്‍ 1961ല്‍ അമേരിക്കന്‍ ജനതക്ക് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് തങ്ങളുടെ മുഖപ്രസംഗ ബ്ലോഗില്‍ ന്യൂയോര്‍ക്ക് ടൈംസ് ഓര്‍മ്മിപ്പിക്കുകയുണ്ടായി. “ സര്‍ക്കാര്‍ സമിതികളില്‍ സൈനിക വ്യാവസായിക സമുച്ചയങ്ങള്‍ ദുരുദ്ദേശത്തോടെയോ അല്ലാതെയോ സ്വാധീനം ഉറപ്പിക്കുന്നതിനെതിരെ നാം കരുതിയിരിക്കണം. തെറ്റായ അധികാരസ്ഥാനങ്ങള്‍ വിനാശകരമായ രീതിയില്‍ ഉയന്നുവരാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്, അതങ്ങിനെ തുടരുകയും ചെയ്യും.”
ടൈംസ് തുടര്‍ന്ന് ഇങ്ങനെ എഴുതി. “അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു പ്രതിരോധ കരാറുകാരന്‍ വോട്ടെണ്ണിയേക്കും എന്നറിയുന്നത് ഐസന്‍ഹോവറെ നടുക്കുമായിരുന്നു എന്ന് തന്നെ ഞങ്ങള്‍ കരുതുന്നു.”
Kevin Zeese എഴുതിയ Do You Want the Military Industrial Complex Counting Your Votes? എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ പോസ്റ്റ് ചെയ്യുന്നു.
Post a Comment