Friday, August 28, 2009

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും തൊഴിലാളികളും

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ആധുനിക വിവരസാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയായാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്നു സോഫ്റ്റ്വെയര്‍. അതവരുടെ പണിയായുധമായിരുന്നു. വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികള്‍ രംഗത്ത് വന്നപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ടത് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തമായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യമായിരുന്നു. മധ്യകാലത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചുപറിച്ച് ആധുനിക മുതലാളിത്തം ഉരുത്തിരിഞ്ഞതുപോലെ മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു സവിശേഷ ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്. ചിതറിക്കിടന്നിരുന്ന കൈത്തൊഴിലുകാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആധുനിക വിവര സാങ്കേതികരംഗത്തെ തൊഴിലാളികളുടെ സ്ഥിതി. അവര്‍ തങ്ങള്‍ കൈ കാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ സമയദൂര പരിമിതികളില്ലാതെ സ്വാഭാവികമായിത്തന്നെ സംഘടിതരായിരുന്നു. തങ്ങളുടെ സ്വന്തമായിരുന്ന സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ അവരുടെ പ്രതികരണവും ഉടനുണ്ടായി. ചെറുത്തുനില്‍പ്പിന്റെ ഉപകരണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടു. കോര്‍പ്പറേറ്റ് മൂലധന ശേഷിയെ അവരുടെ തന്നെ സൃഷ്ടിയായ വിവരവിനിമയ ശൃംഖല ഒരുക്കിത്തരുന്ന തങ്ങളുടെ സംഘടിത ശേഷി കൊണ്ട് വെല്ലുവിളിക്കാന്‍ വിവര സാങ്കേതിക തൊഴിലാളികള്‍ക്ക് കഴിഞ്ഞു. അതിലവര്‍ വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിവിനെ കുത്തകയാക്കി കൊള്ളലാഭം തട്ടാനുള്ള കുത്തക മൂലധനത്തിന്റെ ശ്രമത്തിനെതിരായ പ്രസ്ഥാനമായി അത് വളരുകയാണ്. അറിവ് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അതുതന്നെ സ്ഥിതി. പക്ഷേ, പലതും രഹസ്യമാക്കി കയ്യടക്കിവച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ്വെയര്‍ അത്തരമൊന്നാണ്. കമ്പ്യൂട്ടര്‍ മെഷീന്‍ ഭാഷയായ ബൈനറിയോ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം ഭാഷകളോ ഒന്നും പ്രൊപ്രൈറ്ററി ആയിരുന്നില്ല. പൊതുസ്വത്തായാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ അതായിരുന്നു സ്ഥിതി. തുടര്‍ന്നാണ് സോഫ്റ്റ്വെയര്‍ പേറ്റന്റിങ് ആരംഭിച്ചത്. സ്വത്തുടമസ്ഥതയുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത പ്രക്രിയയുടെ ഭാഗമായാണ് അതുണ്ടായത്.

വിവര വിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തില്‍ വിവരത്തിന്റെ ഉപയോഗം സാര്‍വത്രികമാണ്. വിവരം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വികാസം നടന്നുകൊണ്ടിരിക്കുന്നു. ഉപകരണങ്ങളുടെ ഓര്‍മശക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സോഫ്റ്റ്വെയറുകളുടെ കഴിവ് കൂടുന്നു. അവയുടെ പ്രവര്‍ത്തനമേഖല വ്യാപിക്കുന്നു. ഉപകരണങ്ങള്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധമാനമായ തോതില്‍ സോഫ്റ്റ്വെയറുകള്‍ ഏറ്റെടുക്കുന്നു.

വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും ഉല്ലാസ-വര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വിവര വിനിമയ ശൃംഖലകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന വകുപ്പുകളുടെ ഏകീകരണ - ഉല്‍ഗ്രഥന സാധ്യതകള്‍ അവയെ ഘടനാപരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതര സാങ്കേതിക വിദ്യകളിലും വിവര സാങ്കേതികവിദ്യയുടെ പങ്ക് വര്‍ധിച്ചുവരുന്നു. യന്ത്രങ്ങളുടെയെല്ലാം നിയന്ത്രണ സംവിധാനങ്ങളില്‍ വിവര സാങ്കേതിക വിദ്യക്ക് സ്ഥാനമുണ്ട്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദന-വിപണന-വിതരണ - വിനിമയ - ആസൂത്രണ - നിര്‍വഹണങ്ങള്‍ അടക്കം ഒട്ടെല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മക്കും പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാരരംഗം തന്നെ, ഇന്റര്‍നെറ്റ് അടക്കം, കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനായി വിവിധ ജനസമൂഹങ്ങളുടെ കൂട്ടായ്മ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.

പക്ഷെ, ഇന്ന് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് മൂലധനശക്തികള്‍ മാത്രമാണ്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ധിപ്പിച്ചിരിക്കുന്നു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചിരിക്കുന്നു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തക മൂലധനത്തെ സഹായിക്കുന്നു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവരശൃംഖല വഴി ഉല്‍ഗ്രഥിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനാവശ്യം കുറയ്ക്കുക, ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും ടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘടനാ സാധ്യതയും സംഘടിത ശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും മൊത്തം കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തെയും കരാര്‍ തൊഴിലാളികളാക്കി ട്രേഡ് തലത്തിലുള്ള സംഘടനകളെ അംഗസംഖ്യയിലും സംഘടിത ശേഷിയിലും വിലപേശല്‍ കഴിവിലും ക്ഷീണിപ്പിക്കാനും കഴിയുന്നു. ചുരുക്കത്തില്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അവയുടെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന മേധാവിത്വം തിരിച്ചുപിടിക്കാനും തൊഴിലാളിവര്‍ഗത്തേയും തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെയും പിന്നോട്ടടിപ്പിക്കാനും വിവര വിനിമയശൃംഖലയുടെ വ്യാപാര സാധ്യതകള്‍ കൊണ്ടും അതുമൂലം സാധ്യമാകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രവും ചടുലവും വ്യാപകവുമായ പുനഃസംഘടനാ ശേഷി കൊണ്ടും, താല്‍ക്കാലികമായെങ്കിലും കഴിഞ്ഞിരിക്കുന്നു.

മേല്‍ സ്ഥിതിവിശേഷം, നാളിതു വരെ ബന്ധപ്പെട്ട സ്ഥാപന മുതലാളിയേയും പ്രാദേശിക മൂലധനത്തെയും പരമാവധി ദേശീയ മൂലധനത്തേയും മാത്രം നേരിട്ടുകൊണ്ടിരുന്ന സ്ഥിതി മാറി ആഗോള മൂലധന ശക്തികളെക്കൂടി നേര്‍ക്കുനേര്‍ നേരിടേണ്ട സ്ഥിതിയിലേക്ക് തൊഴിലാളിവര്‍ഗത്തെ എത്തിച്ചിരിക്കുന്നു. ഈ സ്ഥിതി സൃഷ്ടിക്കുന്നതിന് മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതും അതിനായി മുതലാളിത്തം തന്നെ നിലവില്‍ വരുത്തിയതുമായ ആഗോള വിവര വിനിമയ ശൃംഖല ആ വ്യവസ്ഥിതി മാറ്റി പുതിയൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരുത്താന്‍ തൊഴിലാളിവര്‍ഗത്തിനും ആയുധമാക്കാന്‍ കഴിയും. മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാശേഷി ഉയര്‍ത്താനും ഇതേ വിവരവിനിമയ ശൃംഖല ഉപയോഗപ്പെടുത്താവുന്നതാണ്.

ചിതറിക്കിടക്കുന്നതിനാല്‍ കര്‍ഷക തൊഴിലാളികളും കൈത്തൊഴിലെടുക്കുന്നവരും അടക്കം പരമ്പരാഗതമായി അസംഘടിതരായി മാറ്റപ്പെടുന്ന ആധുനിക കരാര്‍ തൊഴിലാളികളുടെയും മാത്രമല്ല, ഈ സാങ്കേതികവിദ്യ കൈ കാര്യം ചെയ്യുന്ന വിവര സാങ്കേതിക തൊഴിലാളികളുടെയും അടക്കം മുഴുവന്‍ തൊഴിലാളികളുടെയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതുകൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ച് ശക്തവും ഫലപ്രദവുമായ സംഘടനാരൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ പ്രവര്‍ത്തനശേഷിയും ചലനാത്മകതയും വര്‍ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. സാങ്കേതിക പ്രധാനമായ ഈ ആയുധമാകട്ടെ, മുതലാളിത്തത്തേക്കാള്‍ തൊഴിലാളി വര്‍ഗത്തിന് വഴങ്ങും. കാരണം, വര്‍ഗപരമായിട്ടല്ലെങ്കിലും സാങ്കേതികമായി തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ ഏറ്റവും സുസംഘടിതരായ വിവര സാങ്കേതിക തൊഴിലാളികള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമാണെന്നത് തന്നെ.

പക്ഷെ, ഇന്ന് വിവര സാങ്കേതികവിദ്യ, അതിന്റെ ഘടകങ്ങളായ ഹാര്‍ഡ്‌വെയറും സോഫ്റ്റ്വെയറും, ബഹുരാഷ്ട്ര കുത്തകകളുടെ കയ്യിലെ ഏറ്റവും കരുത്തുറ്റ ചൂഷണോപാധിയായാണ് നിലനില്‍ക്കുന്നത്. അവര്‍ക്കത് ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ള ഉപകരണവുമാണ്. വിവര വിനിമയ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ചെലവ് ഉയര്‍ന്നിരിക്കുന്നതിനാല്‍ കുത്തകകള്‍ക്ക് മാത്രമേ അത് താങ്ങാനാവൂ. പിന്നോക്ക നാടുകളിലെ പൊതുമേഖലയ്ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവ അപ്രാപ്യമാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുന്നു. അവയിലെ തൊഴിലാളികളും ദുരിതം പേറേണ്ടിവരുന്നു.

ആഗോള കുത്തകകള്‍ക്ക് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടുമിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്വെയര്‍ മേഖലയിലേക്കും അവികസിത-വികസ്വര നാടുകളില്‍ നിന്നും വികസിത നാടുകളിലേക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറിയിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും വിവര സാങ്കേതിക രംഗത്തെ കുത്തകാധിപത്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്ന്. വിവര സാങ്കേതിക വിദ്യയുടെ വിവിധ ഘടകങ്ങളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ശൃംഖല എന്നിവകളില്‍, അറിവ് മാത്രമാണെന്നതുകൊണ്ട് കുറഞ്ഞ മൂലധനമുടക്കില്‍ സാധാരണക്കാര്‍ക്ക് അടക്കം കൂടുതല്‍ ഇടപെടാനും സ്വാധീനിക്കാനും സ്വായത്തമാക്കാനും അതിലൂടെ ഇതര ഘടകങ്ങളിലും ഇടപെടാനുള്ള കഴിവാര്‍ജിക്കാനും പശ്ചാത്തലമൊരുക്കുന്ന ഒന്നാണ് സോഫ്റ്റ്വെയര്‍ രംഗം. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും വിവര സാങ്കേതികവിദ്യക്കും സോഫ്റ്റ് വെയറിനും ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ അവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ വിവരസാങ്കേതിക വിദ്യ പഠിക്കുകയും അവരുടെ സംഘടനകളും അത് പ്രയോഗിക്കുകയും മാത്രമല്ല, കുറേക്കൂടി ഗൌരവപൂര്‍വം ഈ മേഖലയുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യുകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. തൊഴിലാളികളെയും അവരുടെ സംഘടിത പ്രസ്ഥാനങ്ങളെയും ഇതിന് സഹായിക്കുക എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയും ദൌത്യവുമാണ്.

പക്ഷേ ഇന്ന് സോഫ്റ്റ് വെയറും വിവരസാങ്കേതിക വിദ്യയും വിദഗ്ധര്‍ക്കുള്ള സംരക്ഷിത മേഖലയായി വിട്ടുകൊടുത്ത് ഉത്തരവാദിത്തത്തില്‍ നിന്നൊഴിവാകുകയാണ് തൊഴിലാളികളും സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ തൊഴിലാളികള്‍ക്കും സംഘടനകള്‍ക്കും വിവരസാങ്കേതിക വിദ്യ സ്വായത്തമാക്കാനും തങ്ങളുടെ വിവര വിനിമയാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലവും കാര്യക്ഷമവുമാക്കാനും വര്‍ഗപരമായ കടമകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള അവസരം സൃഷ്ടിക്കപ്പെടും.

*
ജോസഫ് തോമസ് കടപ്പാട് സി.ഐ.ടി.യു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...