Sunday, November 17, 2013

നാസികളാല്‍ വേട്ടയാടപ്പെട്ട ഒരു ജനതയുടെ കഥ

ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച മൃഗീയതയാണ് നാസിഭരണകാലത്ത് അരങ്ങേറിയത്. വംശീയ ശുദ്ധതയുടെയും ആര്യന്‍ മഹിമയുടെയും സന്ദേശമുയര്‍ത്തിയ ഹിറ്റ്ലര്‍ ജൂതരെയും കമ്യൂണിസ്റ്റുകാരെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലുമടച്ച് ക്രൂരമായി വധിച്ചത് ലോകചരിത്രത്തിലെതന്നെ ഇരുണ്ട അധ്യായമാണ്. നാസികളുടെ ക്രൂരത വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആന്‍ഫ്രാങ്കിന്റെ ഡയറിയാണ് അതില്‍ ഏറെ വായിക്കപ്പെട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച് ഹിറ്റ്ലറുടെ ജയത്തോടെ ആസ്റ്റര്‍ഡാമിലേക്ക് കുടിയേറി അവിടെവച്ച് ജര്‍മന്‍സേനയുടെ പിടിയലകപ്പെടുകയും ബെര്‍ഗന്‍ ബെല്‍സാന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്ത അനലിസ് ആന്‍ മേരി ഫ്രാങ്ക് എന്ന ജൂതപ്പെണ്‍കുട്ടിയുടെ തിക്താനുഭവങ്ങളാണ് ഈ ഡയറിയിലുള്ളത്.

1952ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഈ പുസ്തകം മലയാളമടക്കം ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പ്രിമോ ലെവിയുടെയും ജയിംസ് ഇ യങ്ങിന്റെയും ഉള്‍പ്പെടെ നാസിക്രൂരത വെളിവാക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അക്കൂട്ടത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചതാണ് വാലെന്റിന്‍ സെന്‍ഗറുടെ "നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ്" എന്ന ഓര്‍മ പുസ്തകം. നാസികള്‍ നടത്തിയ ജൂതവേട്ടയുടെ ആഴം വ്യക്തമാക്കുന്ന അനുഭവസാക്ഷ്യമാണ് വാലെന്റിന്‍ സെന്‍ഗറുടെ കൃതി. ജൂതനായി പിറന്നതുകൊണ്ട് ഒരോനിമിഷവും ഭയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വന്ന സെന്‍ഗറുടെ കഥ അക്കാലത്ത് ജര്‍മനിയില്‍ ജീവിച്ച ഒരോ ജൂതന്റെയും ചരിത്രമാണ്. ഹിറ്റ്ലര്‍ ജൂതരെ മാത്രമല്ല കമ്യൂണിസ്റ്റുകാരെയും വേട്ടയായടിയിരുന്നു. ജൂതനും അതേസമയം കമ്യൂണിസ്റ്റുമായാലുള്ള സ്ഥിതിയോ? അതി ഭീകരം എന്നേ പറയാനുള്ളൂ. ജൂതനും കമ്യൂണിസ്റ്റുമായിരുന്നു സെന്‍ഗര്‍. റഷ്യക്കാരായ മോഷെ റബിസാനോവിച്ചിന്റെയും ഓള്‍ഗസുദാനോവിച്ചിന്റെയും മകനായാണ് സെന്‍ഗറുടെ ജനനം. ലെനിനുമായിപ്പോലും സൗഹൃദമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു മോഷെ. സാര്‍ ചക്രവര്‍ത്തിയുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുടുംബം ബെര്‍ലിനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ 12 കൈസര്‍ഹോഫ് തെരുവിലായിരുന്നു അവരുടെ ജീവിതം. കുട്ടികളുടെ ഗ്യാങ്ങില്‍നിന്ന് ജൂതനായതുകൊണ്ട് ഒഴിവാക്കപ്പെട്ടതായിരുന്നു സെന്‍ഗര്‍ക്കുണ്ടായിരുന്ന വംശീയവിദ്വേഷത്തിന്റെ ആദ്യ അനുഭവം.

1933 ജനുവരി 30ന് ഹിറ്റ്ലര്‍ അധികാരമേറിയതോടെ ജൂതപ്പക വര്‍ധിച്ചു. "കത്തിയില്‍നിന്ന് ജൂതരക്തം തെറിച്ചുവീഴുന്ന ദിനം മഹത്തായ ദിനം" എന്നതായിരുന്നു ഹിറ്റ്ലറുടെ മുദ്രാവാക്യം. "ഹെയ്ല്‍ ഹിറ്റ്ലര്‍" യുഗമായിരുന്നു അത്. സെന്‍ഗറുടെ അമ്മയാകട്ടെ തന്റെ കുട്ടികള്‍ ജൂതരാണെന്ന കാര്യം കഴിവതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയുംചെയ്തു. പലപ്പോഴും അത് വിജയിച്ചില്ലെന്നുമാത്രം. "ഹാവൂ രക്ഷപ്പെട്ടു"വെന്ന നെടുവീര്‍പ്പാണ് ഓരോഘട്ടത്തിലും ഉയര്‍ന്നത്. സ്കൂളില്‍ പഠിക്കവെ വംശവൃക്ഷത്തെക്കുറിച്ച് പ്രബന്ധമെഴുതാന്‍ ജീവശാസ്ത്ര അധ്യാപകന്‍ പറഞ്ഞപ്പോള്‍ സെന്‍ഗര്‍ അനുഭവിച്ച മാനസികവിഷമം, വയറുവേദനകൊണ്ട് പുളയുമ്പോഴും താന്‍ ജൂതനാണെന്ന് തിരിച്ചറിയുമെന്നതിനാല്‍ ഹിറ്റ്ലറുടെ കൊടുങ്കാറ്റ്പടയില്‍ പെട്ട ഡോക്ടറെ കാണാനുണ്ടായ വിഷമം, ജൂതരുടെ വൃത്തികെട്ട ഗന്ധത്തെക്കുറിച്ച് പരിതപിച്ച കാമുകി ലിസിന്റെ ക്രൂരമായ വാക്കുകള്‍, ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്ത അച്ഛന്റെ പീഡനകാലം, അവസാനം അമ്മയെ ഫ്രാങ്ക്ഫര്‍ട്ടില്‍ സംസ്കരിക്കാനുണ്ടായ വിഷമങ്ങള്‍... സെന്‍ഗറുടെ ആത്മകഥ വേട്ടയാടപ്പെട്ട ഒരു ജനതയുടെ നഖചിത്രമാണ്. ഡി സി ബുക്സാണ് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ആത്മാവ് ചോര്‍ന്നുപോകാതെ വിവര്‍ത്തനംചെയ്ത ലളിത രാജകൃഷ്ണന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

*
വി ബി പരമേശ്വരന്‍

പ്രണയത്തിന്റെ മഹാഖ്യാനം

ഉത്തരാധുനികതയുടെകാലത്ത് മഹാഖ്യാനങ്ങളിലെ വാദത്തെ തിരുത്തുന്നവയാണ് ഓര്‍ഹന്‍ പാമുക്കിന്റെ നോവലുകള്‍. നൊബേല്‍സമ്മാനാര്‍ഹനായതോടെ അദ്ദേഹത്തിന്റെ രചനകള്‍ ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. തുര്‍ക്കിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ഇസ്താംബുളിന്റെ ആഖ്യായികാകാരനെ എത്തിക്കുന്നതില്‍ ഈ വിവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇസ്താംബുളാണ് പാമുക്കിന്റെ സ്ഥിരം പശ്ചാത്തലമെങ്കിലും മനുഷ്യജീവിതമാണ് നോവലിന്റെ പ്രമേയമെന്നതുകൊണ്ട് ലോക ത്തെവിടെയും അവ സ്വീകാര്യമാകും. പ്രണയവും പ്രണയനഷ്ടവും ചതിയും അക്രമവും ആന്തരികവ്യഥകളും നിഗൂഢമായ ആനന്ദങ്ങളും ബന്ധങ്ങളും അനാഥത്വവും എല്ലാം കൂടിക്കുഴഞ്ഞ മനുഷ്യജീവിതം ഭൂമിയിലെവിടെയും ഒന്നുതന്നെ.

ഭാഷയും ഭൂമിശാസ്ത്രവും നമുക്ക് അപരിചിതമായേക്കാം; പക്ഷേ, ജീവിതം അങ്ങനെയാവില്ല. പാമുക്കിന്റെ നിഷ്കളങ്കതയുടെ ചിത്രശാല പ്രഥമവായനയില്‍ത്തന്നെ എന്റെ മനസ്സില്‍ ശക്തമായ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാനുണ്ടായ കാരണവും മറ്റൊന്നായിരിക്കില്ല. ദുരന്തപ്രണയത്തിന്റെ മഹാഖ്യാനമാണ് നിഷ്കളങ്കതയുടെ ചിത്രശാല. ധനികനായ കെമാല്‍ബായിയുടെയും അയാളുമായി പ്രണയം പങ്കുവച്ച ഫ്യൂസന്റയും കഥയാണിത്. തന്റെ നിലയ്ക്കും വിലയ്ക്കുമൊത്ത സിബലുമായി വിവാഹനിശ്ചയം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് കഥാനായകന്‍ നിര്‍ധനയായ ഫ്യൂസനെ കണ്ടുമുട്ടുന്നത്. പ്രഥമദര്‍ശനത്തില്‍ത്തന്നെ അയാള്‍ അവളില്‍ അനുരക്തനാകുന്നു. പരസ്പരം തിരിച്ചറിഞ്ഞതോടെ അവരിരുവരും പ്രണയത്തിന്റെ വന്‍കരകളിലേക്ക് യാത്രകള്‍ചെയ്തു. സിബലുമായുള്ള വിവാഹനിശ്ചയത്തോടെ കെമാല്‍ബായിയുടെ ദൃഷ്ടിപഥത്തില്‍നിന്ന് ഫ്യൂസന്‍ അകന്നുപോയി. കെമാല്‍ അവളെ തേടിക്കൊണ്ടേയിരുന്നു. അയാളുടെ വിവാഹം നടന്നില്ല. അത് സാധ്യമായിരുന്നില്ല. കാരണം, അയാള്‍ ഫ്യൂസനുമായി അഗാധമായ അനുരാഗത്തിലായിരുന്നല്ലോ. ഒടുവില്‍ കെമാല്‍ ഫ്യൂസനെ കണ്ടെത്തുമ്പോഴേക്കും അവള്‍ വിവാഹിതയായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളുടെ കുടുംബത്തില്‍ അയാള്‍ ഒരു നിത്യസന്ദര്‍ശകനായി. ആ കുടുംബത്തിലെ എല്ലാവര്‍ക്കും കെമാല്‍ പ്രിയപ്പെട്ടവനായി. കെമാലിനാകട്ടെ ഫ്യൂസനുമായി ബന്ധപ്പെട്ട ഓരോ വസ്തുവും വിലപ്പെട്ടതായിരുന്നു. അതെല്ലാം അയാള്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. പ്രണയിനിയുടെ കേവല സാമീപ്യത്തിനായി കെമാല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ഒരു ദിവസവും തെറ്റാതെ അവളുടെ വീട്ടിലെത്തി.

ദസ്തയോവസ്കി തന്റെ വിഖ്യാതരചനകളിലൊന്നായ നിന്ദിതരും പീഡിതരിലും വിവരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി കെമാലും അപമാനിതനാകാന്‍ തയ്യാറായിരുന്നു. ഒടുവില്‍ ഫ്യൂസന്‍ ഭര്‍ത്താവുമായി വേര്‍പെട്ടിട്ടും കെമാലിന് അവളുമായി ഒരുമിക്കാന്‍ സാധിക്കുന്നില്ല. ഫ്യൂസന്റെ ഓര്‍മയ്ക്കായി അവളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഒരു മ്യൂസിയം തുറക്കുകയാണയാള്‍ - ഠവല ാൗലൌാ ീള കിിീരലിരല. പ്രണയത്തിനായി എവിടെ എത്രവരെ താഴുകയും ഉയരുകയും ചെയ്യാമെന്നതിന്റെ ദൂരവും കാലവും കാണിച്ചുതരികയാണ് പാമുക്ക്. ദാര്‍ശനിക ഭാരങ്ങളൊന്നും ഇതിലില്ല. വലിയ പ്രപഞ്ച അപഗ്രഥനങ്ങളുമില്ല. എന്നാല്‍, പ്രമേയം വികസിക്കുന്ന ഇസ്താംബുള്‍ നഗരത്തിന്റെ വിശദമായ വിവരണമുണ്ട്. യൂറോ കേന്ദ്രീകൃത ഫിക്ഷന്റെ ഇതരപ്രദേശങ്ങളിലേക്കുള്ള ഇറങ്ങിവരല്‍കൂടിയാണ് പാമുക്കിനെപ്പോലുള്ളവരുടെ രചനകളില്‍ സാധ്യമാകുന്നത്. മുഖ്യധാര ദുര്‍ബലമാവുകയും ഉപധാരകള്‍ ശക്തമാകുകയും ചെയ്യുന്നതിന്റെ തെളിവാണിത്.

*
എസ് ജോസഫ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

No comments: