Friday, November 29, 2013

കാള്‍സന്‍യുഗത്തിന്റെ പുതുവിഭാതങ്ങളിലേക്ക്...

ലോക ചെസ് ഇന്നോളം കണ്ട പ്രതിഭാധനരായ കളിക്കാരുടെ മുന്‍നിരയില്‍ത്തന്നെയാണ് ഈ ചെറുപ്പക്കാരന്റെ സ്ഥാനം. ചെന്നൈയില്‍ അഞ്ചുതവണത്തെ ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കി ലോക ചെസിനെ പുതുവിഭാതത്തിലേക്കു നയിച്ച മാഗ്നസ് കാള്‍സന്‍ എന്ന ഈ നോര്‍വെക്കാരനെ വാഴ്ത്താതിരിക്കാനാവുമോ. ഈ കളികളില്‍ കാള്‍സന്‍ ശരിക്കും ആധിപത്യം പുലര്‍ത്തി. എന്റെ തെറ്റുകള്‍ സ്വാഭാവികമായി സംഭവിച്ചതല്ല. അതിനു കാരണം കാള്‍സന്റെ കളിയാണ്- പുതിയ ലോകചാമ്പ്യനെ അഭിനന്ദിക്കുന്ന ആനന്ദിന്റെ ഈ വാക്കുകള്‍തന്നെ കാള്‍സന്റെ പ്രതിഭാശാലിത്വത്തിന് അടിവരയിടുന്നു.

പത്ത് ഗെയിമുകളില്‍ മൂന്നെണ്ണം ജയിച്ച്, ഒന്നുപോലും തോല്‍ക്കാതെ പുതിയ ചരിത്രമെഴുതിയ കാള്‍സന്റെ നേട്ടത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കുറവാണ്. ഇല്ലാത്ത വിജയം എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കുഴപ്പത്തില്‍ ചാടുകയെന്ന ദൗര്‍ബല്യത്തില്‍നിന്ന് കാള്‍സന്‍ മുക്തനായിട്ടില്ലെന്ന ചിലരുടെ നിരീക്ഷണത്തെ അപ്രസക്തമാക്കുന്ന പ്രകടനമികവിലൂടെയാണ് ഈ ഇരുപത്തിമൂന്നുകാരന്‍ ലോകചെസില്‍ സിംഹാസനമേറിയത്. തനിക്കു പരിചിതവും മേധാവിത്വമുള്ളതുമായ മേഖലകളിലേക്ക് കളിയെ കൊണ്ടുപോകാനും അവിടേക്ക് ആനന്ദിനെ എത്തിക്കാനുമുള്ള കാള്‍സന്റെ ശ്രമം വിജയിച്ചു. കാള്‍സന്‍ ഉയര്‍ത്തിയ കോട്ട തകര്‍ത്തു മുന്നേറാന്‍തക്കവിധം തന്റെ ആക്രമണപദ്ധതികളൊന്നും പ്രാവര്‍ത്തികമാക്കാന്‍ ആനന്ദിനു കഴിഞ്ഞില്ല.

ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ് മാഗ്നസ് കാള്‍സന്‍. 1985ല്‍ അനറ്റോലി കാര്‍പോവിനെ തോല്‍പ്പിച്ച് ഗാരി കാസ്പറോവ് ചാമ്പ്യനാകുമ്പോള്‍ 22 വയസ്സായിരുന്നു പ്രായം. 2001ല്‍ ഉക്രയ്നിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റസ്ലന്‍ പോണോമാരിയോവ് 18-ാം വയസ്സില്‍ ചാമ്പ്യനായി ആ റെക്കോഡ് തിരുത്തി. ഈ നവംബര്‍ 30ന് കാള്‍സന് 23 വയസ്സു പൂര്‍ത്തിയാവും. ആധുനിക ചെസ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇത്രത്തോളം ഏകപക്ഷീയമായി മാറിയ മറ്റൊരു മത്സരം ഉണ്ടായിട്ടില്ല. അതുപോലെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗെയിംപോലും ജയിക്കാതെ ആനന്ദ് തലകുനിക്കുന്നതും ഇതാദ്യം. തോല്‍വി ഒഴിവാക്കാന്‍ അമിതപ്രതിരോധവും സൂക്ഷ്മതയും പുലര്‍ത്തിയ ആനന്ദ് ഒരിക്കല്‍പ്പോലും നോര്‍വെതാരത്തിന് ഭീഷണിയായില്ല. ചെസ്കളിക്കാരുടെ ശേഷി അളക്കുന്ന "എലോ റേറ്റിങ്ങി"ല്‍ കാസ്പറോവിന്റെ റെക്കോഡ് (2851) മറികടന്ന് എക്കാലത്തെയും കൂടുതല്‍ റേറ്റിങ് പോയിന്റുള്ള താരമായി ചരിത്രത്തില്‍ ഇടംപിടിച്ച കാള്‍സന്‍ (2870) കഴിഞ്ഞ രണ്ടുവര്‍ഷമായി നിലനിര്‍ത്തുന്ന സ്ഥിരതയും മേധാവിത്വവും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല.

ആനന്ദിനെതിരെ കളിക്കാന്‍ വരുമ്പോള്‍ കാള്‍സന് അനുഭവസമ്പത്തില്ല എന്ന കുറവാണ് എല്ലാവരും ഉയര്‍ത്തിക്കാട്ടിയത്. 2012 ഒക്ടോബറിനുമുമ്പ് ആനന്ദിനെതിരെ കാള്‍സന്റെ റെക്കോഡ് 1-6 മാത്രമായിരുന്നു. എന്നാല്‍ ലോകചാമ്പ്യനായതോടെ കാള്‍സന്‍ ആ ബലാബലത്തിന്റെ കണക്ക് 6-6 എന്ന നിലയിലാക്കി. ലോകചെസിലെ മഹാരഥന്മാരായ ബോബി ഫിഷറെയും കാസ്പറോവിനെയുംകാള്‍ സ്ഥിരതയും പ്രകടനമികവും പുലര്‍ത്തുന്ന കളിക്കാരനായി കാള്‍സന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. തനിക്കു മുമ്പില്‍ ബിംബങ്ങളില്ലെന്നു പ്രഖ്യാപിച്ചാണ് ഈ ചാമ്പ്യന്റെ വരവ്. 2012ല്‍ മോസ്കോയില്‍ ആനന്ദിന്റെ അഞ്ചാം കിരീടനേട്ടത്തില്‍ കലാശിച്ച ചാമ്പ്യന്‍ഷിപ്പിന് എതിരാളിയെ നിശ്ചയിക്കാനുള്ള കാന്‍ഡിഡേറ്റ്സ് മത്സരത്തില്‍ യോഗ്യത നേടിയിട്ടും ചിലര്‍ക്ക് മുന്‍ഗണനയുള്ള നടപ്പുചട്ടങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് ലോക ചെസ് സംഘടനയ്ക്ക് സധൈര്യം കത്തു നല്‍കിയ താരമാണ് കാള്‍സന്‍. കംപ്യൂട്ടറിനു പഠിക്കാന്‍കഴിയാത്ത അന്തര്‍ജ്ഞാനമുള്ള തന്റെ പ്രിയശിഷ്യന് പുരാതനമായ ഈ കളിയെ മാറ്റിമറിക്കാന്‍ പോന്ന പ്രതിഭാശാലിത്വമുണ്ടെന്ന് കുറഞ്ഞകാലം കാള്‍സന്റെ പരിശീലകനായിരുന്ന കാസ്പറോവ് പ്രവാചകദൃഷ്ടിയോടെ പറഞ്ഞിരുന്നു.

തൊണ്ണൂറ്റി രണ്ടു വര്‍ഷത്തിനുശേഷമാണ് സോവിയറ്റ് ബന്ധമില്ലാത്ത ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുന്നത്. ഇതിനുമുമ്പ് അങ്ങനെയൊരു ചാമ്പ്യന്‍ഷിപ് നടന്നത് 1921ല്‍ ഹവാനയിലാണ്. അന്ന് നിലവിലെ ചാമ്പ്യന്‍ ജര്‍മനിയുടെ ഇമ്മാനുവല്‍ ലാസ്കറുടെ 27 വര്‍ഷം നീണ്ട ആധിപത്യത്തിന് ക്യൂബന്‍ ഇതിഹാസം ജോസ് റൗള്‍ കാപ്പബ്ലാങ്ക വിരാമമിട്ടു. അതിനുശേഷം 2012ല്‍ ആനന്ദിന്റെ അഞ്ചാംകിരീടംവരെയുള്ള പോരാട്ടങ്ങളിലെല്ലാം ഒരു സോവിയറ്റ് യൂണിയന്‍കാരനോ, അനുബന്ധ റിപ്പബ്ലിക്കുകാരനോ, അല്ലെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ സോവിയറ്റ് വേരുകളുള്ളവനോ മത്സരിക്കാനുണ്ടായിരുന്നു. ഇപ്പോഴിതാ, മാഗ്നസ് കാള്‍സനിലൂടെ ലോക ചെസ് ആധിപത്യത്തിന്റെ പതാക നോര്‍വെയിലേക്കു മാറിവീശുന്നു. കൂടുതല്‍ സങ്കീര്‍ണമായ ഇന്നത്തെ ചെസ് പോരാട്ടങ്ങളില്‍ കാള്‍സന്റെ വിജയത്തിന് മൂല്യമേറുന്നു. എന്നാല്‍ മേല്‍ക്കോയ്മ എത്രകാലം കാള്‍സനു നിലനിര്‍ത്താനാവുമെന്നു പറയാനാവില്ല.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി

No comments: