Thursday, November 7, 2013

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ തെറ്റിദ്ധാരണ

"സിപിഎം കണ്ണൂരില്‍ നടത്തിയ മുസ്ലീം സമ്മേളനം ഞാന്‍ ഞെട്ടലോടെയാണ് വായിച്ചത്. അവിടെ നിസ്കാരപ്പായ വിരിച്ചു. ബ്രാഹ്മണരുടെ സമ്മേളനം വിളിച്ചു കൂട്ടി അവിടെ ഹോമം നടത്താനുള്ള സൗകര്യം പിണറായി വിജയന്‍ ചെയ്തുകൊടുക്കുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്"". (പുനത്തില്‍ കുഞ്ഞബ്ദുള്ള. സമകാലിക മലയാളം വാരിക 18.10.13) ഒരു സാധാരണക്കാരനാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയിരുന്നതെങ്കില്‍ അത് അവഗണിച്ച് തള്ളാവുന്നതേയുള്ളൂ. പക്ഷേ, പുനത്തില്‍ അങ്ങനെയല്ലല്ലോ. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരില്‍ ഒരാള്‍. എഴുത്തുകാരിലെ ഡോക്ടര്‍; ഡോക്ടര്‍മാര്‍ക്കിടയിലെ എഴുത്തുകാരന്‍. ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിപ്പോയി എന്നൊരു കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെയുള്ള അലക്ഷ്യ പ്രസ്താവനകള്‍ നടത്തരുത്. ""കണ്ണൂരില്‍ സിപിഎം നടത്തിയ മുസ്ലീം സമ്മേളനം"" എന്നാണ് പുനത്തിലിെന്‍റ പ്രയോഗം.

കണ്ണൂര്‍ ജില്ലയിലെ പതിനെട്ട് സാംസ്കാരിക സംഘടനകളാണ് "മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ നടത്തിയത്. ഡോ. ഹുസൈന്‍ രണ്ടത്താണി എഴുതിയ ഒരു പുസ്തകത്തെ ആസ്പദമാക്കിയുള്ള സെമിനാറാണ് നടന്നത്. ആ സെമിനാറില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരു മതത്തിലും വിശ്വസിക്കാത്തവരുമൊക്കെ പങ്കെടുത്തിരുന്നു. ഒരു ദിവസം നീണ്ട പരിപാടിയായിരുന്നതുകൊണ്ട് മുസ്ലീം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാസമയത്ത് അത് മുടങ്ങാതിരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കികൊടുത്തിരിക്കും. മതവിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനേ പാടില്ല എന്ന അഭിപ്രായമൊന്നും സിപിഐ എമ്മിനില്ല; അങ്ങനെയിരിക്കെ ഒരു സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനാസൗകര്യമൊരുക്കിയിരിക്കുന്നു എന്നതിെന്‍റ പേരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ആ സെമിനാറിലേ പങ്കെടുക്കാന്‍ പാടില്ല എന്നാണോ പുനത്തിലിെന്‍റ അഭിപ്രായം. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് വസ്തുതയറിയാതെ ചാടിക്കേറി അഭിപ്രായം പറയാന്‍ പോയാല്‍ പുനത്തിലിനും ഇങ്ങനെയൊക്കെ തെറ്റുപറ്റും എന്ന് മനസ്സിലാക്കിയാല്‍ മതി. രണ്ടാമത്തെ വാചകം ഒരു ചോദ്യമാണ്. ബ്രാഹ്മണരുടെ സമ്മേളനം വിളിച്ചുകൂട്ടി അവിടെ ഹോമം നടത്താനുള്ള സൗകര്യം പിണറായി വിജയന്‍ ചെയ്തുകൊടുക്കുമോ എന്നാണ് ചോദ്യം. പങ്കെടുത്ത സെമിനാറില്‍ പിണറായി വിജയന്‍ എന്ത് പറഞ്ഞു എന്നതാണ് പ്രധാനം.

""ഏത് മതത്തിലും വിശ്വസിച്ചാലും ഇല്ലെങ്കിലും ജനങ്ങളെല്ലാം തന്നെ തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരും മറ്റുമാണ്. ഏത് മതവിശ്വാസിയായാലും ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഒന്നാണ്. അവ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുമ്പോള്‍ മാത്രമേ പൊതുവായ പ്രശ്നങ്ങളില്‍ ഐക്യനിര ഉണ്ടാവുകയുള്ളു. അത്തരം ഒരു ഐക്യനിരയാണ് മതനിരപേക്ഷ സമൂഹത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത്... സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിെന്‍റ പ്രശ്നങ്ങള്‍ പ്രത്യേകമായി കാണുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ഇന്നത്തെ കേരളത്തില്‍ പട്ടികജാതി - പട്ടികവര്‍ഗം, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവയെ സവിശേഷമായി കാണാനാവണം"" എന്നാണ് പിണറായി പറഞ്ഞത്. മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതില്‍ പുനത്തിലിെന്‍റ ബ്രാഹ്മണരിലൊരു വിഭാഗവുംപെടും. അവരും സിപിഐ എമ്മിന് അസ്പൃശ്യരല്ല എന്ന് മനസ്സിലാക്കണം.

*
കെ എ വേണുഗോപാലന്‍ ചിന്ത 01-11-2013

No comments: