Friday, November 29, 2013

പാര്‍ടി പ്ലീനങ്ങള്‍ എന്തിന്

പാര്‍ടി കോണ്‍ഗ്രസ് സിപിഐ എമ്മിെന്‍റ പരമാധികാര സഭയാണ്. പാര്‍ടി ഭരണഘടനപ്രകാരം മൂന്ന് വര്‍ഷം തികയുമ്പോഴാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എം രൂപീകരിക്കപ്പെട്ടത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പ്രത്യയശാസ്ത്ര വിഷയങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ടി സംഘടനാ തത്വങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കണമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മറ്റ് സഖാക്കളെയും ചൈനാ ചാരന്മാര്‍ എന്ന മുദ്രകുത്തി വഴിയില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അതോടെ തൃശൂരില്‍ ചേരാനിരുന്ന കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവെച്ചു.

പ്രസ്തുത കേന്ദ്ര കമ്മിറ്റി യോഗം സഖാക്കള്‍ ജയില്‍മോചിതരായി 67ല്‍ കോഴിക്കോട്ടാണ് ചേര്‍ന്നത്. പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സ്പെഷ്യല്‍ പ്ലീനം പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ 1968 ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ ചേര്‍ന്നു. ബര്‍ദ്വാന്‍ പ്ലീനത്തിലാണ് സിപിഐ എം ആദ്യമായി പ്രത്യയശാസ്ത്ര രേഖ അംഗീകരിച്ചത്. 1957ലെയും 60ലെയും ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗം അംഗീകരിച്ച മോസ്കോ പ്രസ്താവനയിലും പ്രഖ്യാപനത്തിലുമുള്ള വിപ്ലവപരമായ ഉള്ളടക്കം സിപിഐ എം ഉയര്‍ത്തിപ്പിടിക്കും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഗൗരവമായ ചര്‍ച്ചയും തര്‍ക്കവും ഭിന്നിപ്പും നിലനിന്ന കാലത്താണ് ബര്‍ദ്വാന്‍ പ്ലീനം ചേര്‍ന്നത്.

ലോകത്തിലെ രണ്ട് മഹത്തായ കമ്യൂണിസ്റ്റ് പാര്‍ടികളാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും. തൊഴിലാളിവര്‍ഗ വിപ്ലവം നടത്തി വിജയിച്ച് ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ടികളാണ് രണ്ടും. ഇരു പാര്‍ടികള്‍ക്കും മഹത്തായ പാരമ്പര്യമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് പാര്‍ടികളെയും ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു. വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനമാണ് പാര്‍ടിക്ക് സംഭവിച്ചത്. ചൈനീസ് പാര്‍ടിയും തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ചൈനീസ് പാര്‍ടിയെ ബാധിച്ചത് ഇടതുപക്ഷ വ്യതിയാനമാണ്. ഇതു രണ്ടും അപ്രമാദിത്വമുള്ള പാര്‍ടികളല്ല. ഈ രണ്ട് പാര്‍ടികളുടെ തീരുമാനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിച്ചുപോകാന്‍ സിപിഐ എമ്മിന് കഴിയില്ല.

മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സിപിഐ എം മുന്നോട്ട് പോകും. ഞങ്ങളുടെ തലച്ചോര്‍ ആര്‍ക്കും പണയംവെക്കില്ല. സിപിഐ എമ്മിന് അന്ധമായ സോവിയറ്റ് വിരോധമോ അമിതമായ ചൈനാ പ്രേമമോ ഇല്ല. ഈ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. പ്ലീനത്തില്‍നിന്ന് ഇടതുപക്ഷ തീവ്രവാദികളായ നാഗിറെഡ്ഡിയും കൂട്ടുകാരും പ്രതിഷേധിച്ചിറങ്ങിപ്പോയി. പാര്‍ടി ശരിയായ പാത പിന്തുടര്‍ന്നു. പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മദിരാശിയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസിലാണ്. കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് വീണ്ടും പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചചെയ്തംഗീകരിച്ചു. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് ബര്‍ദ്വാന്‍ പ്ലിനത്തിനുള്ളത്.

1970ല്‍ തലശേരിയില്‍ ചേര്‍ന്ന സംസ്ഥാന പ്ലീനം വളരെ പ്രധാനപ്പെട്ട സംഘടനാ തീരുമാനങ്ങളെടുത്തു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് പാര്‍ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി ബ്രാഞ്ചുകളെ ശക്തിപ്പെടുത്തണമെന്നതായിരുന്നു തലശേരി പ്ലീനത്തിന്റെ പ്രധാന തീരുമാനം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ബ്രാഞ്ച് യോഗം ചേരുമ്പോള്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെപ്പറ്റി എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്നും ബ്രാഞ്ച് പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നും തീരുമാനിച്ചു. ബ്രാഞ്ച് ശക്തിപ്പെട്ടാല്‍ മാത്രമേ പാര്‍ടിയുടെ സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുകയുള്ളൂ എന്ന് തലശേരി പ്ലീനം കണ്ടു. പാര്‍ടിയുടെ അടിത്തറ വിപുലപ്പെടുത്താനും ബ്രാഞ്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്ലീനം ഊന്നിപ്പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പാര്‍ടി വിദ്യാഭ്യാസം നിരന്തരം നല്‍കണമെന്നും തലശേരി പ്ലീനം തീരുമാനിച്ചു.

എടുത്തു പറയേണ്ടതായ മറ്റൊരു അഖിലേന്ത്യാ പ്ലീനം സാല്‍ക്കിയാ പ്ലീനമാണ്. അടിയന്തരാവസ്ഥ അവസാനിച്ചശേഷം ചേര്‍ന്ന പത്താം പാര്‍ടി കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ അവസരം ലഭിച്ചില്ല. സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കണമെന്ന് തീരുമാനിച്ചു. 1978 ഡിസംബര്‍ 27 മുതല്‍ 31 വരെ സാല്‍ക്കിയായില്‍ ചേര്‍ന്ന പ്ലീനം സംഘടനാപ്രശ്നം ചര്‍ച്ചചെയ്ത് സംഘടനാ രേഖ അംഗീകരിച്ചു. പ്രസ്തുത പ്ലീനമാണ് ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തണമെന്ന സുപ്രധാന തീരുമാനമെടുത്തത്. പാര്‍ടിയുടെ ബഹുജന സ്വാധീനമനുസരിച്ച് പാര്‍ടി അംഗത്വത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ കഴിയണം. എന്നാല്‍ മെമ്പര്‍ഷിപ്പ് വര്‍ധിക്കുമ്പോള്‍ പാര്‍ടിയുടെ വിപ്ലവശക്തി ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്. പാര്‍ടി സംഘടനാ യോഗങ്ങള്‍ ചിട്ടയോടെ സമയബന്ധിതമായി ചേരണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും സാല്‍ക്കിയാ പ്ലീനം തീരുമാനിച്ചു. സാല്‍ക്കിയാ പ്ലീനവും പാര്‍ടി ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2000ത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അഖിലേന്ത്യാ സ്പെഷ്യല്‍ പ്ലീനമാണ് പാര്‍ടി പരിപാടി കാലോചിതമായി പുതുക്കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ പ്ലീനവും പാര്‍ടി ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. എല്ലാ പ്ലീനങ്ങളെപ്പറ്റിയും ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.

പാലക്കാട്ട് നടക്കുന്ന പ്ലീനം സംഘടനാപരമായി പാര്‍ടിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള പ്ലീനമാണ്. ആറുമാസത്തിലധികം കാലം സംസ്ഥാനതലം മുതല്‍ ബ്രാഞ്ച് തലംവരെ സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം പങ്കെടുത്ത് പാര്‍ടി സഖാക്കളുമായി സംസാരിച്ചതിനുശേഷം യഥാര്‍ഥ വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തയാറാക്കിയ രേഖയാണ് പാലക്കാട് പ്ലീനം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. സംഘടനാ നേതൃത്വത്തില്‍ മാറ്റംവരുത്തുകയെന്നത് പ്ലീനത്തിന്റെ അജന്‍ഡയല്ല. 20-ാം കോണ്‍ഗ്രസിലും അനുബന്ധ സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമാണ് പാര്‍ടിക്കുള്ളത്. പാര്‍ടിയുടെ അംഗീകൃത തത്വമാണ് സ്വയംവിമര്‍ശനവും വിമര്‍ശനവും. ഇതു രണ്ടുമില്ലെങ്കില്‍ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടി ഒഴുക്കില്ലാത്ത ജലാശയംപോലെയായി മാറും. അതനുവദിക്കാന്‍ പാര്‍ടി സമ്മതിക്കില്ല. ശാസ്ത്രീയമായ സ്വയംവിമര്‍ശനവും വിമര്‍ശനവും ഒരു തുടര്‍പ്രക്രിയയാണ്. അത് പാര്‍ടിയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ളതാണ്. അതോടൊപ്പം പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വന്‍തോതില്‍ വിപുലപ്പെടുത്തും. അതിനുള്ളതാണ് പാലക്കാട് പ്ലീനം.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

No comments: