Monday, November 25, 2013

ചോരയില്‍ കുതിര്‍ന്ന നവംബര്‍ 25

ലോകഭൂപടത്തില്‍ കൂത്തുപറമ്പ് എന്ന കൊച്ചുപട്ടണത്തെ തീക്ഷ്ണ യൗവനത്തിന്റെ ചോരകൊണ്ട് അടയാളപ്പെടുത്തിയിട്ട് 19 വര്‍ഷമാകുന്നു. യുവജനപ്രക്ഷോഭത്തിന്റെ ചരിത്രവീഥിയില്‍ രക്തസാന്ദ്രമായ വീരഗാഥയാണ് കൂത്തുപറമ്പ് സമരം. ഗാന്ധിയന്‍ സമരരീതിയെ അനുസ്മരിപ്പിക്കുംവിധം കറുത്തതുണി ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച അഞ്ചുയുവാക്കളെ വെടിവച്ചുകൊന്ന ഭരണകൂടഭീകരതയ്ക്ക് ജനാധിപത്യത്തില്‍ പൂര്‍വമാതൃകകളില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ പൗരാവകാശം ഏട്ടിലെ പശുവായി മാറിയ ചരിത്രത്തിലെ ദുര്‍ദിനമായിരുന്നു 1994 നവംബര്‍ 25.

നവലിബറല്‍ നയങ്ങളുടെ ആരംഭകാലത്ത് വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലെ സമരം. പൊതുസ്വത്തായ പരിയാരം മെഡിക്കല്‍ കോളേജ് എം വി രാഘവന്റെയും കൂട്ടാളികളുടെയും സ്വകാര്യസ്വത്താക്കി മാറ്റുന്നതിനെതിരായ പ്രതിഷേധവും ഇരമ്പിയ കാലമായിരുന്നു അത്. കൂത്തുപറമ്പില്‍ ഒരു സഹകരണബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനംചെയ്യാനാണ് എം വി രാഘവന്‍ അന്ന് എത്തിയത്. പ്രസ്തുത പരിപാടി ഉപേക്ഷിക്കണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കൂത്തുപറമ്പിലേക്ക് നരനായാട്ടിനായി വാശിയോടെ രാഘവന്‍ എത്തുകയായിരുന്നു. സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍ പങ്കാളിയാകരുതെന്ന നിര്‍ബന്ധംമൂലം അന്നത്തെ തൊഴില്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ സുധാകരനും എം വി രാഘവനും ചേര്‍ന്ന് കൂത്തുപറമ്പിലെ മനുഷ്യക്കുരുതി മുന്‍കൂട്ടി ഗസ്റ്റ് ഹൗസില്‍വച്ച് ആസൂത്രണംചെയ്തിരുന്നുവെന്നും അങ്ങനെയാണ് വെടിവയ്പുണ്ടായതെന്നും പിന്നീട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി. തികച്ചും സമാധാനപരമായി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച ചെറുപ്പക്കാരെ ആസൂത്രിതമായി വെടിവച്ചുകൊന്ന കിരാത നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

കൂത്തുപറമ്പിലെ മനുഷ്യക്കുരുതിക്കുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കമീഷനാണ് കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ചത്. ഇന്ത്യന്‍ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍ (ഐപിഎച്ച്ആര്‍സി) മറ്റൊരു അന്വേഷണവും നടത്തി. ജസ്റ്റിസ് ഹരിസ്വരൂപും ജസ്റ്റിസ് എച്ച് സുരേഷുമായിരുന്നു ഐപിഎച്ച്ആര്‍സിയുടെ അന്വേഷണം നടത്തിയത്. രണ്ട് അന്വേഷണങ്ങളും സമാനമായ കണ്ടെത്തലുകളാണ് നടത്തിയത്.

വെടിവയ്പ് അനാവശ്യമായിരുന്നെന്നും, വെടിവയ്ക്കാന്‍ ഒരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും കമീഷനുകള്‍ കണ്ടെത്തി. അനാവശ്യമായ വെടിവയ്പിന്റെ ഉത്തരവാദികളായി എം വി രാഘവനെയും ഹക്കിം ബത്തേരി, രവതചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരെയും കമീഷനുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കമീഷനുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വെടിവയ്പിനുത്തരവാദികളായ ക്രിമിനലുകളെ വെറുക്കപ്പെട്ട ഘാതകരായിത്തന്നെ സമൂഹം ഇന്നും കണക്കാക്കുന്നു. കൂത്തുപറമ്പില്‍ പൊലിഞ്ഞുവീണ അഞ്ചു ചെറുപ്പക്കാരും ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ലക്ഷക്കണക്കിനു മാതാപിതാക്കളുടെ അരുമ സന്തതികളായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

കൂത്തുപറമ്പിലെ വെടിവയ്പിനുശേഷം കേരളത്തില്‍ യുവജനപ്രസ്ഥാനം ഭയന്ന് മാളത്തിലൊളിക്കുകയല്ല ചെയ്തത്. കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവോടെ യുവലക്ഷങ്ങള്‍ സമരമുഖങ്ങളില്‍ സമര്‍പ്പിതമനസ്കരായി കൂടുതല്‍ കരുത്തോടെ നിലയുറപ്പിച്ചു. പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറി. വെടിയുണ്ടകള്‍ക്ക് സമരതീക്ഷ്ണയൗവനത്തെ പിറകോട്ടടിപ്പിക്കാന്‍ കഴിഞ്ഞില്ല. വര്‍ത്തമാനകാല സമരങ്ങള്‍ക്കും കൂത്തുപറമ്പിന്റെ ഓര്‍മകള്‍ ഊര്‍ജമാണ്.

കേരളമിന്ന് വമ്പിച്ച ജനകീയസമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. സോളാര്‍തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിയുമായി കുറ്റവാളികള്‍ക്കും ക്രിമിനലുകള്‍ക്കുമുള്ള ഉറ്റബന്ധം നാള്‍ ചെല്ലുന്തോറും പകല്‍പോലെ വ്യക്തമായിവരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടതായി വരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും കടന്നുപോകുന്ന ദേശീയപാതയിലുമെല്ലാം ആയിരങ്ങള്‍ കറുത്ത പതാകകളുമായി കാത്തുനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയെ ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും സമരംചെയ്യുന്നവരെ വെടിവച്ച് കൊല്ലുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ഈയടുത്തദിവസം പ്രസംഗിച്ചത്. വെടിയുണ്ടകളെ പരാജയപ്പെടുത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ജീവിക്കുന്ന സമരവീര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സ.പുഷ്പനെയും കോണ്‍ഗ്രസ് വക്താവ് പരിഹസിക്കുകയായിരുന്നു.

അപഹാസ്യമായ ഭീഷണിയുയര്‍ത്തുന്നവര്‍ സമരങ്ങളുടെ ചരിത്രമറിയാത്തവരാണ്. ലോകത്തൊരിടത്തും വെടിയുണ്ടകള്‍ക്കും തടവറകള്‍ക്കും മുന്നില്‍ ജനകീയസമരങ്ങള്‍ തോറ്റിട്ടില്ല. ജനങ്ങള്‍ക്കുനേരെ തോക്കെടുത്തവരും വെടിയുതിര്‍ത്തവരും പിന്നീട് അങ്ങേയറ്റം വെറുക്കപ്പെട്ടവരായി മാറി എന്നതാണ് നാളിതുവരെയുള്ള ചരിത്രം. കൂത്തുപറമ്പ് വെടിവയ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എം വി രാഘവനും കരുണാകരനുമൊക്കെ എന്തു സംഭവിച്ചെന്ന് ഈ വക്താക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. 1994 നവബംര്‍ 25നുശേഷം ഒന്നരവര്‍ഷക്കാലം മന്ത്രിപദത്തിലിരുന്ന രാഘവന് ഒരു പൊതുപരിപാടിയില്‍പ്പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പൊലീസും ദ്രുതകര്‍മസേനയും കമാന്‍ഡോകളുമെല്ലാം കിണഞ്ഞുപരിശ്രമിച്ചിട്ടും അന്ന് രാഘവന് വീട്ടിലിരിക്കേണ്ടി വന്നുവെന്ന ചരിത്രവും ആരും മറക്കരുത്.

പത്തൊമ്പതു വര്‍ഷംമുമ്പ് കൂത്തുപറമ്പില്‍ വീണ യുവരക്തം ഒരിക്കലും പാഴാവില്ല. അനീതിക്കും അഴിമതിക്കുമെതിരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത മഹാപ്രവാഹമായി യുവശക്തി ആര്‍ത്തിരമ്പിയെത്തുമ്പോള്‍ ഒരു ഏകാധിപതിക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

കെ കെ രാജീവന്റെയും കെ വി റോഷന്റെയും വി മധുവിന്റെയും സി ബാബുവിന്റെയും ഷിബുലാലിന്റെയും ഐതിഹാസികമായ രക്തസാക്ഷിത്വം അളക്കാനാകാത്ത സമരവീര്യം പകര്‍ന്നു നല്‍കുന്ന ഊര്‍ജത്തിന്റെ ഉറവിടമായി യുവകേരളം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങുകയാണ്. അസാമാന്യമായ ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായ പുഷ്പന്റെ ഹൃദയമിടുപ്പുകളെ നെഞ്ചേറ്റുവാങ്ങുന്ന യുവകേരളം കൂത്തുപറമ്പിലെ ധീരന്മാരുടെ വീരപൈതൃകം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കും. പുതിയ പോരാട്ടങ്ങള്‍ ലോകത്തെ ചുവപ്പിക്കുകതന്നെചെയ്യും.

*
എം സ്വരാജ്

No comments: