Friday, November 1, 2013

തൊഴില്‍ലഭ്യത കുറയുന്നു

കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വികസനമാണ് വികസനമെന്ന് ഭരണകര്‍ത്താക്കളും സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരും വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടു. ഈ വികസനത്തിന്റെ പരിണിതഫലം എന്താണ്? മുതലാളിത്തവികസനം ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് തൊഴില്‍ മേഖലയിലാണ്. ലോകബാങ്കിന്റെ 2013 ലെ ലോക വികസനറിപ്പോര്‍ട്ട് പ്രധാനമായും ഊന്നുന്നത് തൊഴില്‍മേഖലയെക്കുറിച്ചാണ്. വികസിതരാജ്യങ്ങളില്‍പ്പോലും ഇപ്പോള്‍ തൊഴില്‍ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ 7.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ 8.1 ശതമാനത്തെക്കാള്‍ അല്‍പ്പം കുറവുണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ അല്‍പ്പമാത്രമായ വര്‍ധന ഉല്‍പ്പാദനമേഖലയിലോ വ്യവസായിക മേഖലയിലോ അല്ല. പ്രധാനമായും മൊത്ത-ചില്ലറ കച്ചവടമേഖലയിലും ഭക്ഷ്യ-സേവനമേഖലകളിലുമാണ്. ലോക വികസനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്, ഭൂരിപക്ഷം രാജ്യങ്ങളിലും വ്യാവസായികമായി വികസിതരാഷ്ട്രങ്ങളിലും വികസ്വരരാഷ്ട്രങ്ങളിലും രാജ്യത്തിന്റെ പൊതുവരുമാനത്തില്‍ തൊഴില്‍മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്. തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറുകളിലും ഈ സ്ഥിതി തുടരുന്നതിന് പല കാരണങ്ങളാണ് പറയുന്നത്. ഇതില്‍ പ്രധാനമായിട്ടുള്ളത് തൊഴിലിന്റെ വിതരണസാധ്യതകള്‍ കുറഞ്ഞുകൊണ്ടുവരുന്നു എന്നതാണ്. വികസനത്തിന്റെ നേട്ടങ്ങള്‍ ഒരു നൂനപക്ഷത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ഒതുങ്ങുന്നു. അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും വീടുകളില്‍ പാര്‍ട്ട് ടൈം ആയി ജോലിചെയ്തുമാണ് വര്‍ധിച്ചുവരുന്ന ഉല്‍പ്പാദന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. ചുരുക്കത്തില്‍ നേരിട്ട് തൊഴില്‍ നല്‍കുന്നത് കുറഞ്ഞുവരുന്നു.

സാങ്കേതിക വികസനവും ആഗോളമത്സരവും ഉല്‍പ്പാദന രീതിയിലും തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വ്യവസായ വികസനത്തിന്റെ ആദ്യകാലത്ത് ലോകത്ത് മുതലാളിത്തം ആശ്രയിച്ചിരുന്നത് ഫോര്‍ഡ് സമ്പ്രദായമാണ്. തൊഴിലാളികളെ ഒരു അസംബ്ലിലൈനുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നതായിരുന്നു ഇത്. ഇതനുസരിച്ച് അനസ്യൂതമായി ഉല്‍പ്പാദനം നടന്നുകൊണ്ടിരുന്നു. തൊഴിലാളികളെല്ലാം ഒരേ കേന്ദ്രത്തില്‍ ഒരു ഫാക്ടറിയില്‍ ഒന്നിച്ച് പണിയെടുത്തിരുന്നു. ഇന്നത് ആകെ മാറി. ഇതിന്റെ പ്രധാനകാരണം സാങ്കേതിക വികസനമാണ്. ഏറ്റവും കൂടുതല്‍ ലാഭത്തിലാണ് കോര്‍പ്പറേറ്റ് മുതലാളിത്തം ഊന്നല്‍ നല്‍കുന്നത്. കൂലിയും തൊഴിലാളികളുടെ മറ്റ് ആനുകൂല്യങ്ങളും ഉല്‍പ്പാദനത്തില്‍ പ്രധാനഘടകമാണ്. അതുകൊണ്ട് കൂലിയുടെ കാര്യത്തില്‍ പരമാവധി ചെലവ് ചുരുക്കാനാണ് കുത്തകമുതലാളിത്തം ശ്രമിക്കുന്നത്. അതിനാല്‍ ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന രംഗങ്ങൡലേക്ക് തൊഴില്‍ മാറ്റുന്നു. ഇതിന് രണ്ടുമാര്‍ഗങ്ങളാണ് കുത്തകമുതലാളിത്തം സ്വീകരിക്കുന്നത്. ഉല്‍പ്പാദനത്തിന്റെ ആകാവുന്നത്ര മേഖലകള്‍ കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാറ്റുന്നു. രണ്ടാമത്തേത് നേരില്‍ തൊഴില്‍ നല്‍കാതെ പീസ്‌റേറ്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ വികേന്ദ്രീകരിക്കുന്നു. ഈ രീതിയിലെ ഉല്‍പ്പാദനം വീടുകളില്‍വച്ചോ അല്ലെങ്കില്‍ സബ്‌കോണ്‍ട്രാക്ട് കൊടുത്തോ ചെയ്യിക്കുന്നു. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ കുത്തകകള്‍ നേരിട്ട് സംയോജിപ്പിച്ച് വിപണിയിലെത്തിക്കുന്നു. ഇതിന്റെ ഏറ്റവും വലിയഗുണം കുത്തകകള്‍ക്ക് ലഭിക്കുന്നത്, തൊഴിലാളികളുമായി അവര്‍ക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നതാണ്. അതിനാല്‍ തൊഴിലാളികളുടെ വേതനമടക്കം ഒരു ആനുകൂല്യങ്ങളുടെ കാര്യത്തിലും അവരുടെ മറ്റുപ്രശ്‌നങ്ങളിലും കുത്തകകള്‍ക്ക് ബന്ധമില്ല. ചെയ്യുന്ന ജോലിക്കുള്ള പീസ്‌റേറ്റിനപ്പുറം വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലും കുത്തകകള്‍ക്ക് വന്‍ലാഭം ഉണ്ടാകുന്നു. ചുരുക്കത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വളര്‍ച്ച സ്ഥിരം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നു. രാജ്യത്ത് തൊണ്ണൂറുകള്‍ മുതല്‍ ഇത് പ്രകടമാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ തൊഴിലാളികളുടെ പങ്ക് കുറഞ്ഞുവരുന്നുവെന്നതാണ് വസ്തുത.

2011-12 ലെ സാമ്പത്തിക സര്‍വേയിലെ കണക്കനുസരിച്ച് (എ 52) സര്‍ക്കാര്‍ ജീവനക്കാര്‍ തൊട്ട് പ്രാദേശിക പഞ്ചായത്ത് വരെ 1991 ല്‍ ആകെ 190.58 ലക്ഷം പേരാണ് തൊഴിലെടുത്തിരുന്നത്. 2010 ല്‍ ഇത് 178.82 ലക്ഷമായി. അതായത് പത്തൊന്‍പത് വര്‍ഷംകൊണ്ട് 12 ലക്ഷത്തിലധികം തൊഴില്‍ ഇല്ലാതായി. അതേസമയം സ്വകാര്യമേഖലയില്‍ നേരിയവര്‍ധനവ് ഉണ്ടായതായി കാണാം. 1991 ല്‍ സ്വകാര്യമേഖലയില്‍ മൊത്തം 76.77 ലക്ഷം പേരാണ് തൊഴിലെടുത്തിരുന്നത്. ഇത് 2010 ല്‍ 107.87 ലക്ഷമായി. കഴിഞ്ഞ 19 വര്‍ഷക്കാലത്തിനിടയില്‍ സംഘടിതമേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രത്യേകിച്ച് ജനസംഖ്യാവര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍. 1991 ല്‍ സംഘടിത മേഖലയില്‍ മൊത്തം പണിയെടുക്കുന്നവര്‍ 263.73 ലക്ഷം പേരാണ്. 2010 ല്‍ ഇത് 287.98 ലക്ഷമായി. ഏകദേശം 20 ലക്ഷത്തിന്റെ വര്‍ധന. ഒരുവര്‍ഷം ശരാശരി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പൊതുമേഖലയില്‍ 1991 ല്‍ 18.52 ലക്ഷം പേരാണ് തൊഴിലെടുത്തിരുന്നത്. 2010 ല്‍ ഇത് 10.66 ലക്ഷമായി. അതായത് എട്ട് ലക്ഷത്തിന്റെ കുറവ്. സ്വകാര്യമേഖലയില്‍ ഉല്‍പ്പാദനരംഗത്ത് 1991 ല്‍ 44.81 ലക്ഷം പേര്‍ പണിയെടുത്തിരുന്നത്, 2010 ല്‍ 51.84 ലക്ഷമായി വര്‍ധിച്ചു. ആകെ പരിശോധിച്ചാല്‍ പൊതു-സ്വകാര്യമേഖലകളില്‍ തൊഴില്‍ലഭ്യത വര്‍ധിച്ചില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

നരസിംഹറാവു-മന്‍മോഹന്‍ കൂട്ടുകെട്ട് 1990 മുതലാണ് പുത്തന്‍ സാമ്പത്തികനയം രാജ്യത്ത് നടപ്പിലാക്കുന്നത്. ആ നയം കൂടുതല്‍ ശക്തവും വ്യാപകവുമായി മന്‍മോഹന്‍ സിങ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ് മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരും പുത്തന്‍ സാമ്പത്തികനയത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരുന്നു. ആ നയത്തിന്റെ അടിസ്ഥാനശില ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമാണ്. ഈ നയം നടപ്പാക്കുന്നതിലൂടെ രാജ്യവികസനത്തിന്റെ രാജപാതയിലൂടെ സഞ്ചരിക്കുമെന്നായിരുന്നു കുത്തകമാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരും കൂവിവിളിച്ചിരുന്നത്. ഈ വികസനംകൊണ്ട് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനകോടികള്‍ക്ക് എന്തുനേട്ടം? ഐക്യരാഷ്ട്ര വികസന ഏജന്‍സി (യു എന്‍ ഡി എ)യുടെ കണക്കനുസരിച്ച് ലോകരാഷ്ട്രങ്ങളില്‍ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 134-ാമതായിരിക്കുന്നു. വിലക്കയറ്റം സാധാരണക്കാരെയും ഇടത്തരക്കാരെയും പൊറുതിമുട്ടിക്കുകയാണ്. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നു. പുത്തന്‍ സാമ്പത്തികനയത്തിന്റെ ഫലമായി കുത്തകകള്‍ കൂടുതല്‍ തടിച്ചുകൊഴുക്കുന്നു. മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

No comments: