Sunday, November 24, 2013

സംഘപരിവാര്‍ നേതൃത്വത്തില്‍ നിഷ്ഠുരമായ കൊലപാതകങ്ങള്‍

ഗുജറാത്തു വംശഹത്യയുടെ സൂത്രധാരന്‍ നരേന്ദ്രമോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതോടെ രാജ്യമെങ്ങും വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും ശക്തിപ്പെടുത്തിയിരിക്കയാണ്, സംഘപരിവാര്‍ ശക്തികള്‍. അതിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനും ജനമനസ്സുകളെ ഒന്നിക്കാനാവാത്തവിധം ഭിന്നിപ്പിക്കാനുമാണ് ഈ ദുഷ്ട ശക്തികളുടെ ശ്രമം. ഉത്തര്‍പ്രദേശിനെ കലാപകലുഷമാക്കാന്‍ മോഡി നിയോഗിച്ചിരിക്കുന്നത് ഗുജറാത്തു വംശഹത്യയില്‍ തന്റെ കയ്യാളായി പ്രവര്‍ത്തിച്ചയാളെയാണ്. പ്രബുദ്ധ കേരളത്തില്‍ സിപിഐ എമ്മിന്റെയും പുരോഗമന ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരെ കൊലപ്പെടുത്തിക്കൊണ്ടാണ് ആര്‍എസ്എസും പരിവാരങ്ങളും രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. നാട്ടില്‍ സൈ്വരമായി രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തകരെ വീട്ടില്‍കയറി നിഷ്ഠുരമായി കൊലപ്പെടുത്തുകയാണവര്‍. അവരുടെ കാട്ടാളത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സിപിഐ (എം) പ്രവര്‍ത്തകനും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ നാരായണന്‍നായര്‍.

ഇക്കഴിഞ്ഞ നവംബര്‍ 5-ാം തീയതി രാത്രി 10.30നുശേഷം ബൈക്കുകളിലെത്തിയ ആര്‍എസ്എസ് കാപാലികസംഘം നാരായണന്‍നായരെയും മകനും എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയും കാട്ടാക്കട ക്രിസ്ത്യന്‍ കോളേജുയൂണിയന്‍ ഭാരവാഹിയുമായ ശിവപ്രസാദിനെയും ഡിവൈഎഫ്ഐ ഏരിയാകമ്മിറ്റിഅംഗം ഗോപകുമാറിനെയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ശിവപ്രസാദിനെ കൊലപ്പെടുത്താന്‍ മാരകായുധങ്ങളുമായെത്തിയ സംഘത്തില്‍നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നാരായണന്‍നായര്‍ കൊല്ലപ്പെട്ടത്. ശിവപ്രസാദിനെയും ഗോപകുമാറിനെയും ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നവംബര്‍ നാലിനാണ് എസ്എഫ്ഐ മണലൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ തൈക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഫാസിലിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊന്നത്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനു സമീപം ബ്രഹ്മകുളം കിയാരെ ജങ്ഷനുസമീപം താമസിക്കുന്ന ഫാസിലിനെ വീട്ടില്‍നിന്ന് ജംഗ്ഷനിലേക്ക് നടന്നുപോകുന്ന വഴിക്കാണ് ക്രിമിനല്‍ സംഘം ഭീകരമായി വെട്ടിക്കൊന്നത്. ഇരുപത്തൊന്നുവയസുമാത്രമുണ്ടായിരുന്ന ഈ ചെറുപ്പക്കാരന്റെ ശരീരത്തില്‍ ഇരുപതോളം വെട്ടുകളുണ്ടായിരുന്നു. നടന്നുപോകുകയായിരുന്ന ഫാസിലിനെ ബൈക്കുകളിലെത്തിയ ക്രിമിനല്‍ സംഘം വളഞ്ഞിട്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫാസില്‍ ആശുപത്രിയിലേക്കുള്ള മധ്യേ അന്ത്യശ്വാസംവലിച്ചു. ആര്‍എസ്എസ് - എബിവിപി കിരാതസംഘത്തിന്റെ ബോംബേറില്‍ മാരകമായി പരുക്കേറ്റ എസ്എഫ്ഐ നേതാവ് സജിന്‍ഷാഹുല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് നമ്മെ വിട്ടുപിരിഞ്ഞു. ആഗസ്റ്റ് 29ന് അക്രമിസംഘം ബോബെറിഞ്ഞതിനെ തുടര്‍ന്ന തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഈ ചെറുപ്പക്കാരന്‍ 34 ദിവസം വെന്റിലേറ്ററില്‍ മരണത്തോടു മല്ലടിച്ചുകിടന്നതിനുശേഷമാണ് അന്തരിച്ചത്. ആര്‍എസ്എസ് - എബിവിപി ഭീകരസംഘത്തിന്റെ അക്രമത്തെയും വീട്ടില്‍ കയറി അമ്മയെ ഭീഷണിപ്പെടുത്തിയതിനെയും പൊലീസിന്റെ പക്ഷപാതിത്വത്തെയും തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിലെ എസ്എഫ്ഐ യൂണിയന്‍ പ്രസിഡന്റ് അനു ആത്മഹത്യചെയ്യാന്‍ ഇടയായത്.

പാറശാലയ്ക്കുസമീപമുള്ള ധനുവച്ചപുരത്ത് മൂന്ന് മുഖ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്റ് ഐടിഐ, ഐഎച്ച്ആര്‍ഡിയുടെ എഞ്ചിനീയറിംഗ് കോളേജ്, വിടിഎം എന്‍എസ്എസ് കോളേജ് എന്നിവ. ഐടിഐയും ഐഎച്ച്ആര്‍ഡിയുടെ കോളേജും എസ്എഫ്ഐയുടെ കോട്ടകളാണ്. വിടിഎം എന്‍എസ്എസ് കോളേജില്‍ എബിവിപിയാണ് യൂണിയന്‍ ഭരിക്കുന്നത്. ജില്ലയിലെ പല ഭാഗങ്ങളിലുള്ള സംഘപരിവാര്‍ ശക്തികള്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനുള്ള ഗൂഢാലോചന നടത്തുന്നത് ഇവിടെയാണ്; അവരുടെ ആയുധപ്പുരതന്നെയാണിവിടം. ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് സമാധാനപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്ന ഈ കോളേജിലേക്ക് പ്രവേശിച്ച് ഒരു സംഘം ആര്‍എസ്എസ് ഗുണ്ടകള്‍ ക്ലാസിലിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. അനീതി ചോദ്യംചെയ്ത അധ്യാപകരെയും വെറുതെ വിട്ടില്ല. ഗുരുനാഥന്മാരെയും ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികളും സ്ഥാപനത്തിന്റെ മേധാവി എന്നനിലയില്‍ പ്രിന്‍സിപ്പലും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസുകാര്‍ ഭരണ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കാവിപ്പടയെ സഹായിക്കുന്ന നിലപാടാണെടുത്തത്. അക്രമികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പൊലീസ് തയ്യാറായില്ല.

പൊലീസില്‍ പരാതികൊടുക്കാന്‍ നേതൃത്വം നല്‍കിയത് ഐഎച്ച്ആര്‍ഡി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അനുവാണ്. ഇതിന്റെപേരില്‍ അനുവിനെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘപരിവാര്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം അവിടെയും തീര്‍ന്നില്ല. അനുവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി പൈശാചികസംഘം അമ്മയുടെ കഴുത്തിന്റെ രണ്ടു ഭാഗത്തും വാള്‍വെച്ച് "നിന്റെ മകനെ കൊന്നുകളയും" എന്ന് ഭീഷണിപ്പെടുത്തി. അനുവിന്റെ അമ്മ പാറശാല പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനെത്തിയപ്പോള്‍ കാവിപ്പടയേക്കാള്‍ ക്രൗര്യത്തോടെയുള്ള അധിക്ഷേപമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

മാതാവിനേറ്റ അപമാനത്തില്‍ ദുഃഖം സഹിക്കാനാവാതെ ആഗസ്റ്റ് 28ന് അനു ആത്മഹത്യചെയ്തു. ആഗസ്റ്റ് 29ന് അനുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രകടനംനടത്തി. ഐടിഐക്കു സമീപമെത്തിയ പ്രകടനത്തെ ബോംബുകളും മാരകായുധങ്ങളുമുപയോഗിച്ച് സംഘപരിവാര്‍ സംഘം ആക്രമിച്ചു. ആര്‍എസ്എസ് - എബിവിപി ക്രിമിനലുകള്‍ എറിഞ്ഞ ബോംബ് സജിന്‍ ഷാഹുലിന്റെ തലയില്‍ പതിച്ചു. മാരകമായി പരുക്കേറ്റ സജിന്‍ ഒക്ടോബര്‍ 1ന് മരിച്ചു.

രോഗിയായ അച്ഛനും അമ്മയും വിദ്യാര്‍ത്ഥിയായ അനുജനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജിന്‍. വിദ്യാര്‍ത്ഥിയായ സജിന്‍ കോളേജില്‍ പോകുന്നതിന് മുമ്പ് രാവിലെയും കോളേജില്‍നിന്ന് വന്നതിനുശേഷവും രണ്ടു സ്ഥാപനങ്ങളില്‍ ജോലിക്കുപോയിരുന്നു. ആ വരുമാനംകൊണ്ടാണ് സജിന്റെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ചെലവും നടന്നത്. കാവിപ്പടയുടെ കണ്ണില്ലാത്ത ക്രൂരത ഒരു കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമാണ് തല്ലിക്കെടുത്തിയത്. സംസ്ഥാനത്താകെ കൊലപാതക പരമ്പരകള്‍ അഴിച്ചുവിട്ട് ഭീകരത സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിതമായ നീക്കമാണ് ഇതിലൂടെ പുറത്തുവരുന്നത്. ക്രൂരതയുടെ മനുഷ്യരൂപങ്ങളായ അവര്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയുമാണ് നിഷ്ഠുരമായി കൊലപ്പെടുത്തുന്നത്. സിപിഐ എമ്മിന്റെയും പുരോഗമന ബഹുജനസംഘടനകളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ഏകപക്ഷീയമായി കൊലപ്പെടുത്തുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നിഷ്ഠുരമായ നിസ്സംഗത പാലിക്കുന്നു. സാമൂഹിക-സാംസ്കാരിക നായകരുടെ വായില്‍ നാവുണ്ടോ എന്ന് തപ്പിനോക്കേണ്ട അവസ്ഥ. അത്രമാത്രം അവര്‍ നിശ്ശബ്ദരാണ്. സംഘപരിവാര്‍ ശക്തികളുടെ കൊടും ക്രൂരതയ്ക്കെതിരെ സംസ്ഥാനത്തിന്റെ മനസ്സാക്ഷി ഒന്നാകെ ഉയരേണ്ട സമയമായി. ഒറ്റക്കെട്ടായി മാ...നിഷാദാ എന്ന് പറയേണ്ട സമയം അതിക്രമിച്ചു.

*
ഗിരീഷ് ചേനപ്പാടി ചിന്ത വാരിക

No comments: