സച്ചിന് ടെന്‍ഡുല്‍ക്കറെ ഇന്ത്യ ഇത്രമേല്‍ സ്നേഹിക്കാന്‍ കാരണമെന്താണ്? സങ്കീര്‍ണമായ ഒരു സാമൂഹികശാസ്ത്ര ഗവേഷണവിഷയമാണിത്. പ്രകൃതി നല്‍കിയ കഴിവ് ഒരണുപോലും ധൂര്‍ത്തടിച്ചു കളയാത്തവനേ പൂര്‍ണത കൈവരിക്കാനാവൂ. ആ വിജയഗാഥകളാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന നാല്‍പ്പതുകാരന്റെ ജീവിതം പറയുന്നത്. സച്ചിനെപോലെ മാധ്യമങ്ങള്‍ പിന്തുടര്‍ന്ന ഒരു കായിക താരം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പത്രത്തിലോ, ടിവിയിലോ, റോഡിലെ പരസ്യപ്പലകയിലോ സച്ചിന്റെ മുഖം കാണാത്ത ദിവസം സാധാരണ ഇന്ത്യക്കാരനുണ്ടാവില്ല. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തിനും തങ്ങളുടേതായ പരിമിതികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമുള്ള ഒരു പരിഹാരവും ആശ്വാസവുമായാണ് സച്ചിന്റെ കളിയും അദ്ദേഹത്തിന്റെ നേട്ടങ്ങളുമെന്ന് ചരിത്രകാരനും സാമൂഹികശാസ്ത്രജ്ഞനുമായ രാമചന്ദ്രഗുഹ പറയുന്നതില്‍ ഒത്തിരി സത്യങ്ങളുണ്ട്. അതായത്, തങ്ങള്‍ക്ക് ജീവിതത്തില്‍ കൈവരിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ സച്ചിന്‍ എന്ന പ്രതിഭയില്‍ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍ പരിഹാരമാകുന്നത് ഒരു സമൂഹത്തിന്റെ അസംതൃപ്തി കൂടിയാണ്. എല്ലാ കളികള്‍ക്കും വിജയങ്ങള്‍ക്കും കിരീടങ്ങള്‍ക്കുമപ്പുറത്ത് സാമൂഹികമായ ഒരു ധര്‍മം കൂടി നിര്‍വഹിക്കാനുണ്ട്. ആ ധര്‍മം തന്റെ കളിയിലൂടെയും കാഴ്ചപ്പാടിലൂടെയും നിര്‍വഹിക്കപ്പെടുന്ന ലോകത്തെ മഹാരഥന്മാരായ കളിക്കാരുടെ നിരയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്ഥാനം.
അതേ, ഈ നവംബര്‍ 14. ലോകം അന്ന് ഒരു ക്രിക്കറ്റ് പന്തിനോളം ചെറുതാകും. കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രാണന്‍ നല്‍കി സംരക്ഷിച്ച സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ അന്ന് പാഡഴിക്കുന്നതോടെ വിശ്വ ക്രിക്കറ്റില്‍ ഒരു യുഗം അവിടെ അവസാനിക്കുകയാണ്.... നാലാം നമ്പറില്‍ നികത്താനാവാത്ത ശൂന്യത ബാക്കിയാക്കി, 24 വര്‍ഷം നീണ്ട കായിക ജീവിതത്തിന്റെ അവസാന അങ്കം വിന്‍ഡീസിനെതിരെ കുറിച്ച് 200 ടെസ്റ്റുകള്‍ കളിക്കുന്ന സ്വപ്നസമാനമായ നേട്ടത്തിനുടമയായി സച്ചിന്‍ ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അദ്ദേഹത്തോടൊപ്പം കളിക്കളം വിടും. ആഗോള കായികരംഗത്തെ ഏറ്റവും മികവുറ്റ പ്രതിഭകളുടെ പട്ടികയില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടാണ് സച്ചിന്റെ വിടവാങ്ങല്‍. സച്ചിന്‍ ഇല്ലാത്ത ക്രിക്കറ്റ് എന്ന അചിന്ത്യമായ യാഥാര്‍ഥ്യം ഇനി ക്രിക്കറ്റ് ആരാധകര്‍ ഉള്‍ക്കൊള്ളേണ്ടി വരും. അപ്പോഴും റെക്കോഡ് ബുക്കില്‍ മായാതെയുണ്ടാകും അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറികളുടെ സെഞ്ച്വറിയും 34,000 കടന്ന റണ്ണുകളുടെ സഞ്ചിതനിധിയും ഏകദിന കളിയിലെ ആദ്യ ഇരട്ടസെഞ്ച്വറിയുമടങ്ങുന്ന അനുപമനേട്ടങ്ങളുടെ അവസാനമില്ലാത്ത പട്ടിക. ഈ നേട്ടങ്ങളും റെക്കോര്‍ഡുകളും ഒരു ജനതയുടെയാകെ സ്വകാര്യഗര്‍വാണെങ്കിലും സച്ചിന്‍ എന്ന ക്രിക്കറ്റ് പ്രതിഭയെ കണക്കുകളുടെ ഈ മടുപ്പിക്കുന്ന പരിമിതിയില്‍നിന്ന് മാറ്റിനിര്‍ത്തി വിലയിരുത്തുക തന്നെ വേണം. സച്ചിനു മുമ്പും സച്ചിനു ശേഷവും ഉള്ള കാലഘട്ടമെന്ന് ഇനി അടയാളപ്പെടുത്തുമ്പോള്‍ ചരിത്രകാരന്മാര്‍ക്ക് ഈ സംഖ്യകളാണ് പ്രധാനമെങ്കിലും ഈ കുഞ്ഞ് മനുഷ്യന്‍ നമുക്ക് വിസ്മയമാകുന്നത് കളിയിലെ മികവുകൊണ്ട് മാത്രമല്ല, ദശകങ്ങള്‍ കടന്നുപോയിട്ടും ഇന്നും ശിരസ് തന്റെ ചുമലില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാ ണ്. മുഹമ്മദലി, മാര്‍ക്ക് ടൈസണ്‍, മറഡോണ, ബ്യോണ്‍ ബോര്‍ഗ്, ടൈര്‍വുഡ്സ്, ലാന്‍സ് ആംസ്ട്രോങ്, ജോര്‍ജ്ജ് ബെസ്റ്റ് അങ്ങനെ ലോക കായികരംഗത്തെ എത്രയെത്ര ഇതിഹാസങ്ങള്‍ക്ക് കാലിടറിപ്പോയിട്ടുണ്ട്. ഇത്തരം വീഴ്ചകള്‍ നമ്മുടെ നാട്ടിലും കുറവല്ല. സച്ചിനേക്കാള്‍ വലിയ പ്രതിഭയെന്ന് കരുതപ്പെട്ട വിനോദ് കാംബ്ലി പിന്നീട് എന്തായി? ഒരു രംഗത്ത് ഒരാള്‍ നീണ്ടുനില്‍ക്കുകയെന്നത് ചിലപ്പോള്‍ ബോറടിപ്പിക്കുന്നതാവും. എന്നാല്‍ ഈ നീണ്ടുനില്‍ക്കലില്‍ മറ്റുള്ളവരെല്ലാം പ്രിയങ്കരമായി കരുതുന്ന എല്ലാ ഗുണ ങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലോ. സുദീര്‍ഘമായ കാലം ഒരാള്‍ക്ക് കളിയുടെ ഉന്നത മേഖലയില്‍ നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ കായികതാരമെന്ന നിലയില്‍ എല്ലാ ഗുണങ്ങളും തികഞ്ഞവന്‍ തന്നെ. ഇക്കാലമത്രയും തന്റെ മനസ്സും ശരീരവും സമര്‍പ്പിച്ച് ക്രിക്കറ്റില്‍ വീരയോദ്ധാവായി മാറിയ സച്ചിന് കൗമാരക്കാലത്ത് കടുത്ത പ്രൊഫഷണലുകളാണ് എതിരാളികളെങ്കി ല്‍, ഇന്നദ്ദേഹം ആരെയും കൂസാത്ത യുവശിംഖങ്ങളെ നേരിടുന്നു. പന്തുകള്‍ തീപ്പന്തം പോലാകുന്ന പിച്ചുകളിലും ഭ്രാന്തമായി തിരിയുന്ന വിക്കറ്റിലുമെല്ലാം ചൂടും തണുപ്പും കാറ്റും മഴക്കാറുമൊന്നും വകവയ്ക്കാതെ അദ്ദേഹം കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന ആകൂലാവസ്ഥകളെ യെല്ലാം അതിജീവിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഓരോ സ്ഥിതിവിശേഷത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
മറ്റെന്തിനേക്കാളുമുപരി സച്ചിന്‍ ആഗ്രഹിച്ചത് ക്രിക്കറ്റ് കളിക്കാന്‍ മാത്രമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യവും. പുതിയ തലമുറയിലെ കളിക്കാരില്‍ പലരും പെട്ടെന്ന് എരിഞ്ഞുതീരുന്ന ഈ കാലഘട്ടത്തില്‍ ഇന്ന് ഈ നാല്‍പ്പതാം വയസ്സിലും കളിക്കളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ കളിക്കാരനാണ് സച്ചിന്‍. അതിനുപുറകിലുള്ള അര്‍പ്പണബോധവും ആത്മനിയന്ത്രണവും പരിശ്രമവും മനക്കരുത്തുമൊക്കെ കാണാതെ വയ്യ. സച്ചിന്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ട് വളര്‍ന്നു കൊണ്ടിരുന്നപ്പോള്‍ അംഗീകരിക്കാന്‍ മടിയായിരുന്ന ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയുമൊക്കെ കളിയെഴുത്തുകാര്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്താന്‍ മത്സരിക്കുകയാണ്. സച്ചിന്‍ വിരമിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ട് നിരന്തരമായി വിമര്‍ശനങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോഴും തെല്ലുപോലും കുലുങ്ങാതെ, മറുപടി പറയേണ്ടത് തന്റെ നാവല്ല; ബാറ്റാണെന്ന് നിശ്ശബ്ദമായി കാണിച്ചുകൊടുക്കാനുള്ള ശേഷിയും നൈപുണിയും ആത്മവിശ്വാസവും സച്ചിനുണ്ടായിരുന്നു. സച്ചിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിനപ്പുറം ഒരു ലോകമില്ലായിരുന്നു. ഒരു കൊച്ചുമനുഷ്യന്റെ അസാമാന്യമായ ഇച്ഛാശക്തിക്കും പ്രൊഫഷണലിസത്തിനും മുമ്പില്‍ പലര്‍ക്കും അടിയറവുപറയേണ്ടിവന്നുവെന്നത് പഴയകഥയായിരിക്കുന്നു. തികഞ്ഞ ലക്ഷ്യബോധത്തോടെ, ഈ രംഗത്ത് നിലനില്‍ക്കണമെന്ന കര്‍ക്കശമായ ശാഠ്യത്തോടെ വ്യക്തിപരമായ പല സുഖങ്ങളും താല്പര്യങ്ങളും ഒഴിവാക്കി തന്നെയാണ് സച്ചിന്‍ എന്ന കളിക്കാരന്‍, വിശ്വക്രിക്കറ്റില്‍ തന്റേതായ കാലഘട്ടവും ചരിത്രവും തീര്‍ത്തത്. ഒരു പ്രതിഭക്ക് മാത്രം ചേരുന്ന സാങ്കേതിക സ്പര്‍ശവും സര്‍ഗവൈഭവവും സച്ചിന്റെ എല്ലാ പ്രകടനത്തിലുമുണ്ടായിരുന്നു.
സച്ചിന്റെ കളിയെ ആരാധനയോടെ കണ്ടുനിന്നിടത്തുനിന്ന് പിന്നീട് 14 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞത് സമ്മോഹനമായ ഒരു കാലഘട്ടമായിരുന്നുവെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഓര്‍മിക്കുന്നു. സച്ചിന്റെ ചില നീക്കങ്ങള്‍ അപ്രതീക്ഷിതവും ആരെയും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. നെറ്റ്സില്‍ ചെയ്യുന്നതെന്തോ, അതായിരിക്കും ഗ്രൗണ്ടില്‍ ചെയ്യുക എന്നതാണ് ക്രിക്കറ്റിലെ സാധാരണനിയമം. എന്നാല്‍ സച്ചിനില്‍നിന്ന് അതുവരെ കാണാത്ത പദചലനം പോലുള്ള ചില പരീക്ഷണങ്ങള്‍ ഗ്രൗണ്ടില്‍ ഉണ്ടാകാറുണ്ട്. അതെന്താണ് അങ്ങനെയെന്ന് ചോദിച്ചാല്‍ ഞാനും അതേക്കുറിച്ച് മുമ്പ് ചിന്തിച്ചിട്ടില്ലെന്നായിരിക്കും സച്ചിന്റെ മറുപടി. ക്രിക്കറ്റില്‍ പുതിയ സരണികള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമായി തന്റെ കളിയെ എപ്പോഴും പരീക്ഷണശാലയാക്കാന്‍ ആഗ്രഹിക്കുന്നതിനൊപ്പം അതിനുള്ള പ്രതിഭാവൈഭവവും ഉള്ള അസാമാന്യമായ കളിക്കാരനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഊണിലും ഉറക്കത്തിലും എടുപ്പിലും നടപ്പിലും ശ്വാസോച്ഛാസത്തിലും ക്രിക്കറ്റ് നിറച്ചായിരുന്നു സച്ചിന്റെ ജീവിതം. ക്രിക്കറ്റിന്റെ എല്ലാ വകഭേദങ്ങളും സച്ചിനു വഴങ്ങി. ഓരോ മത്സരവും അദ്ദേഹത്തിന് കന്നി മത്സരംപോലെയായിരുന്നു.
ജീവിതത്തിലെന്നപോലെ കളിയിലും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്ന മഹാനായ കളിക്കാരനാണ് സച്ചിന്‍. നാല്‍പ്പതാം വയസ്സിലും കായികക്ഷമതയും മനോബലവും പുലര്‍ത്താന്‍ കഴിയുന്നു. എന്നും ക്രിക്കറ്റിന്റെ ഏറ്റവും നല്ല പഠിതാവാണ് സച്ചിന്‍. ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് അവ നേടിയെടുക്കാന്‍ നിരന്തരം പരിശ്രമിച്ചു. വിജയം ഒരു യാദൃച്ഛികതയല്ലെന്നും ഫലപ്രാപ്തിയാണെന്നും സച്ചിന്റെ തിളക്കമാര്‍ന്ന കായിക ജീവിതം നമ്മെ പഠിപ്പിക്കുന്നു. സച്ചിന്‍ എന്ന ജീവിതവിജയിയുടെ വിജയമന്ത്രങ്ങളും അതിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗവും മാനേജ്മെന്റ് പഠിതാക്കള്‍ക്ക് നല്ലൊരു വിഷയമാകേണ്ടതാണ്. രണ്ടര ദശകത്തോളമായി ജീവിതത്തിന്റെ എണ്‍പതുശതമാനമെങ്കിലും പരിശീലനത്തിനും പ്രകടനങ്ങള്‍ക്കും വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നിട്ടും ആസ്വാദ്യത ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്നുവെന്നത് ഏത് മേഖലയിലുള്ളവര്‍ക്കും മാതൃകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശുഭ്രവസ്ത്രത്തിലും ഏകദിനത്തിന്റെ പത്താം നമ്പര്‍ പതിപ്പിച്ച കളര്‍കുപ്പായത്തിലും സച്ചിന്‍ ക്രീസിലേക്ക് വരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുന്നു. ആരാധകരുടെ അളവറ്റ ആ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഒപ്പമോ അതിലുപരിയായോ ഔന്നത്യങ്ങളിലേക്ക് പറക്കാന്‍ സച്ചിനു സാധിച്ചിട്ടുണ്ട്. കാലമെത്ര കഴിഞ്ഞാലും സച്ചിനെന്ന മഹാരഥനെ ഓര്‍മിക്കാതെ കായിക ഇന്ത്യക്ക് മുന്നേറാനാകില്ല. ഇന്ത്യയിലെ ഏറ്റവും ജനകീയമായ മുഖവും ശബ്ദവും സച്ചിന്റേതാണ്. സച്ചിന്‍ ഒരു ദേശീയ ബിംബമാണെന്നു പറയുന്നതിന്റെ കാരണവും അത് തന്നെ. ക്രിക്കറ്റിന്റെ മഹാഭാരതമാണ് ഈ മനുഷ്യന്‍. സച്ചിനെക്കുറിച്ച് ഇന്ത്യന്‍ ജനത സംസാരിച്ചതത്രയും ഒരു പക്ഷേ, മഹാത്മാഗാന്ധിയെക്കുറിച്ചോ ദൈവത്തെ ക്കുറിച്ചോ മാത്രമേ സാംസാരിച്ചിരിക്കാനിടയുള്ളൂ.
അസാമാന്യപ്രതിഭകളായ കായികതാരങ്ങള്‍ തന്റെ കാലഘട്ടത്തിലെ സമ്പ്രദായങ്ങളെ മാറ്റിമറിക്കുകയും സര്‍വാധിപത്യം പുലര്‍ത്തുകയും ചെയ്തതിന് ജെസ്സി ഓവന്‍സും പെലെയും ആര്‍തര്‍ ആഷെയും യുസൈന്‍ ബോള്‍ട്ടും ഉള്‍പ്പെടെ കളികളിലൂടെ ജനപ്രിയതയുടെ പ്രതീകങ്ങളായി മാറിയ ഒട്ടേറെ പേരെ ഓരോ കാലഘട്ടത്തിലും എടുത്തുകാട്ടാനുണ്ടാകും. ആ നിരയില്‍ ക്രിക്കറ്റിലെ ഏറ്റവും ഉയരമുള്ള ഒരു കൊടുമുടിയാണ് നമ്മുടെ സച്ചിന്‍. ലോകത്തില്‍ ഓരോന്നും അതിന്റെ പൂര്‍ണതയെയാണ് തേടുന്നത്. ക്രിക്കറ്റും അങ്ങ നെ തന്നെ. ആ അന്വേഷണം സച്ചിനില്‍ വന്നെത്തി നില്‍ക്കുന്നു. ഇതിലധികം പൂര്‍ണതയോടെ ഒരാളെ കിട്ടാനില്ലെന്നു ക്രിക്കറ്റിനു തോന്നിക്കാണണം. അതുകൊണ്ട് തന്റെ കൈവശമുള്ള എല്ലാ വരങ്ങളും എടുത്തുകൊടുത്തു. അതേ, ക്രിക്കറ്റ് ഒരു വികാരവും സംസ്ക്കാരവുമാണെങ്കില്‍ സച്ചിന്‍ അതിന്റെ മൂര്‍ത്തരൂപമാണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന് ലോകത്ത് സമാനതകള്‍ കുറവാണ്. ദേശീയതയുടെ പര്യായമാവുകയും ദേശീയനായക പരിവേഷം നേടുകയും ചെയ്യുന്നതിനൊപ്പം ഇന്ത്യന്‍ മൂല്യങ്ങളുടെ പ്രയോക്താവും പ്രചാരകനു മായി മാറി എന്നിടത്താണ് സച്ചിന്റെ മൂല്യം വെളിവാകുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് സമാന്തരമായി വളര്‍ന്ന സച്ചിന്‍ വാണിജ്യവല്‍ക്കരണം കൊണ്ട് ക്രിക്കറ്റിനു സംഭവിച്ച കളങ്കങ്ങള്‍പോലും മായ്ച്ചുകളഞ്ഞെന്നും ഒത്തുകളി വിവാദത്തിന്റെ ആഘാതത്തില്‍നിന്ന് കളിയെ രക്ഷിച്ചുനിര്‍ത്തിയെന്നുമുള്ള വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണ്. മഹാരാഷ്ട്ര മറാഠികള്‍ക്കെന്ന സങ്കുചിതവാദമുയര്‍ത്തിയ ശിവസേന നേതാവിന്, ഞാന്‍ ആദ്യമായും അവ സാനമായും ഒരു ഇന്ത്യാക്കാരനാണെന്ന് സച്ചിന്‍ മറുപടി നല്‍കിയപ്പോള്‍ അഭിമാനംകൊണ്ട് തലയുയര്‍ത്തിനിന്നു നമ്മളൊക്കെ. സിനിമാതാരങ്ങളും അധോലോകരാജാക്കന്‍മാരും ദേശീയ രാഷ്ട്രീയ നേതാക്കളും പഞ്ചപുച്ഛമടക്കി ഓച്ഛനിച്ചു നില്‍ക്കുന്ന ഒരാളുടെ മുഖത്ത് നോക്കിയാണ് സച്ചിന്‍ ഇത്രയും പറഞ്ഞത്. സച്ചിനല്ലാതെ മറ്റാരെങ്കിലുമായിരുന്നു ഇത് പറഞ്ഞതെങ്കി ല്‍ എന്താകുമായിരുന്നു പുകില്?
എന്നാല്‍ ഇടത്തരം ബ്രാഹ്മണകുടുംബത്തില്‍ ജനിക്കുകയും ആ നിഷ്ഠകള്‍ക്കൊത്ത് ജീവിക്കുകയും ചെയ്ത സച്ചിനെ തങ്ങളുടെ ആശയ ങ്ങളോട് ചേര്‍ത്തു നിര്‍ത്താനും പ്രചാരണായുധമാക്കാനുമുള്ള ശ്രമം ഒരു കാലത്ത് സവര്‍ണ ഹിന്ദുകക്ഷികളില്‍ നിന്നുണ്ടായിരുന്നു. പക്ഷേ, വിവിധ സാമൂഹിക, രാഷ്ട്രീയ, കായിക പ്രശ്നങ്ങളില്‍ പില്‍ക്കാലത്ത് സ്വീകരിച്ച നിലപാടുകളിലൂടെ അത്തരം ശ്രമങ്ങളെ പ്രതിരോധിച്ച് തന്റെ വ്യക്തിത്വമുറപ്പിക്കാന്‍ സച്ചിനു കഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നിലപാടുകളും സച്ചിന്റെ യശ്ശസ്സുയര്‍ത്തുന്നതായിരുന്നു. ഭീകരാക്രമണത്തിനുശേഷം നേടിയ സെഞ്ച്വറി സച്ചിന്‍ സമര്‍പ്പിച്ചത് അക്രമികള്‍ക്കു മുമ്പില്‍ പതറാതെയും തലക്കുനിക്കാതെയും നിന്ന മുംബൈയിലെ ജനങ്ങള്‍ക്കായിരുന്നു. അന്ന് വികാരനിര്‍ഭരമായി സച്ചിന്‍ പറഞ്ഞ വാക്കുകള്‍ ഒരു നഗരത്തിന്റെയും രാജ്യത്തിന്റെയും വേദനക്ക് ശമനമുണ്ടാക്കാന്‍ പോന്നതായിരുന്നു.
1989 നവബര്‍ 15ന് തുടങ്ങി 2013 ഡിസംബര്‍ 18ന് അവസാനിക്കുന്ന ഇതിഹാസ കഥയിലേക്ക് സച്ചിന്‍ എല്ലാ രസക്കൂട്ടുകളും ചേര്‍ത്തുകഴിഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചത്ര കാലം ക്രിക്കറ്റില്‍ തുടര്‍ന്നാല്‍ താന്‍ വീല്‍ ചെയറിലിരുന്ന് ബാറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞത് ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയം കൊയ്തിട്ടുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്. ഞാന്‍ ദൈവത്തെ കണ്ടു. ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ ബാറ്റു ചെയ്യുന്നുവെന്ന് പറഞ്ഞത് ഓസ്ട്രേലിയയുടെ ഓപ്പണറായിരുന്ന മാത്യൂ ഹെയ്ഡ നാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ നവജ്യോത്സിങ് സിദ്ദുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, സച്ചിന്‍ഭായ് നിങ്ങള്‍ ഒരു അമൂല്യരത്നം തന്നെ. സച്ചിനുശേഷം കളി തുടങ്ങുകയും സച്ചിനേക്കാള്‍ മുന്നേ കളിനിര്‍ത്തുകയും ചെയ്ത പോണ്ടിങ്ങിന്റെയും ഹെയ്ഡന്റെയും സിദ്ദുവിന്റെയും വാക്കുകള്‍ സച്ചിന്റെ സുദീര്‍ഘമായ ക്രിക്കറ്റ് ജീവിതത്തിനു കിട്ടാവുന്ന ഏറ്റവും നല്ല കിന്നരികളാണ്. കാല്‍നൂറ്റാണ്ടായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന സൂര്യനു ചുറ്റുമായിരുന്നു കളിയും കാലവും. പല ഘട്ടങ്ങളിലും മികവുറ്റ പ്രകടനങ്ങളിലൂടെ ഏറെപ്പേര്‍ ഉദിച്ചുവന്നെങ്കിലും സച്ചിന്‍ കളിയുടെ സൂര്യനായി തന്നെ നിന്നു. ടെസ്റ്റില്‍ 198 മത്സരം പിന്നിട്ട സച്ചിന് 15,837 റണ്ണും 51 സെഞ്ച്വറിയും 67 അര്‍ധസെഞ്ച്വറിയും 45 വിക്കറ്റുമാണ് സമ്പാദ്യമെങ്കില്‍ ഏകദിനത്തില്‍ 463 മത്സരത്തില്‍നിന്ന് 18,426 റണ്ണും 49 സെഞ്ച്വറിയും 96 അര്‍ധസെഞ്ച്വറിയും 154 വിക്കറ്റുമാണ് നേട്ടം. ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 248 റണ്ണും ഏകദിനത്തില്‍ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും (200). അതും അപരാജിതമായിത്തന്നെ. അതേസമയം കുട്ടിക്രിക്കറ്റായ ട്വന്റി 20 യില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ പാഡഴിച്ച സച്ചിന്‍ യുവത്വത്തിന്റെ പോര്‍വിളിക്കൊപ്പം പിടിച്ചുനിന്നുവെന്നു കരുതണം. ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ജേതാക്കളായപ്പോള്‍ സെമിഫൈനലില്‍ 35 റണ്‍ അടിച്ചുകൊണ്ട് കരിയറിലെ റണ്‍ ശേഖരം 50,000 കടത്തി. ഐപിഎല്‍ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റുകളിലായി 96 മത്സരങ്ങളില്‍ 2797 റണ്ണെടുത്തു. 1988 ഫെബ്രുവരിയില്‍ വിനോദ് കാംബ്ലിക്കൊപ്പം തീര്‍ത്ത 664 റണ്ണിന്റെ കൂട്ടുകെട്ടാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന പ്രതിഭയെ ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തിയത്.
ചെന്നൈയിലെ പേസ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളറാകാനെത്തിയ സച്ചിനെ ഡെന്നിസ് ലിലിയാണ് ബാറ്റിങ്ങിലേക്ക് തിരിച്ചുവിട്ടത്. 1988 ഡിസംബര്‍ 11ന് ഗുജറാത്തിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് റെക്കോര്‍ഡുകളുടെ കളിക്കാലത്തിലേക്ക് സച്ചിന്‍ പ്രവേശിച്ചു. രഞ്ജിയിലും ദുലീപ്, ഇറാനി ട്രോഫികളിലും സെഞ്ച്വറി തിളക്കത്തോടെ അരങ്ങേറ്റം. 1989 നവംബറില്‍ പാകിസ്ഥാന്‍ പര്യടനത്തിലേക്ക് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ടീമിലേക്ക് വിളിക്കുമ്പോള്‍ വെറും 16 വയസ്സുകാരന്‍. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരന്‍ അന്നും ഇന്നും സച്ചിന്‍ തന്നെ. ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. കൗമാരക്കാരനായി ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയനാള്‍ മുതല്‍ ഒരേ മനോഭാവവും ആവേശവും കെടാതെ സൂക്ഷിക്കുന്നവനാണ് സച്ചിന്‍. ഏകദിനത്തില്‍ 79-ാം മത്സരം വരെ സെഞ്ച്വറി നേടാതെ കഷ്ടപ്പെട്ട വ്യക്തി പിന്നീട് 49 തവണ മൂന്നക്കം കടന്നുവെന്നോര്‍ക്കുക. 2004ല്‍ ടെന്നീസ് എല്‍ബോ രോഗം പിടിപെട്ടപ്പോള്‍ പോലും പതറാത്ത വ്യക്തിയാണ് സച്ചിന്‍ എന്നോര്‍ക്കുക. സച്ചിന്‍ ഒരത്ഭുത മനുഷ്യനായി നേട്ടങ്ങളുടെ എവറസ്റ്റ് കയറിയിട്ടുണ്ടെങ്കിലും ഒരു അപൂര്‍ണത അദ്ദേഹത്തെ ചൂഴ്ന്നുനിന്നിരുന്നു. എന്നാല്‍ 2011ലെ ലോകകപ്പ് വിജയത്തോടെ സച്ചിനും കായികപ്രേമികളും ആ നിരാശയ്ക്ക് പരിഹാരം കണ്ടു. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ അതിനുമുമ്പ് ലോകചാമ്പ്യന്‍മാരാവുകയും കപില്‍ദേവും ധോണിയും മുതല്‍ ശ്രീശാന്ത് വരെയുമുള്ള കളിക്കാര്‍ ജേതാക്കളാവുകയും ചെയ്തതതിനുശേഷം തന്റെ കരിയറിന്റെ സായാഹ്നത്തിലെത്തി നില്‍ക്കെയാണ് സച്ചിന്റെ ലോകകപ്പ് സ്വപ്നം സഫലമായത്.
കുഞ്ഞ് സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ആദ്യ കോച്ച് രമാകാന്ത് അച്രേക്കര്‍ സ്റ്റമ്പിന് മുകളില്‍ ഒരു നാണയം വയ്ക്കുമായിരുന്നു. സച്ചിന്റെ വിക്കറ്റ് നേടുന്ന ബൗളര്‍ക്ക് അതെടുക്കാം. കളി മുഴുവന്‍ വിക്കറ്റ് പോകാതെ ബാറ്റ് ചെയ്താല്‍ സച്ചിന് ആ നാണയം കിട്ടുമായിരുന്നു. അങ്ങനെ ലഭിച്ച നാണയത്തുട്ടുകളാണ് തന്റെ ഏറ്റവും വിലപിടിച്ച സ്വത്തുക്കളില്‍ ഒന്നെന്ന് സച്ചിന്‍ പറഞ്ഞിട്ടുണ്ട്. ഏതൊക്കെ ലോകങ്ങള്‍ വെട്ടിപ്പിടിച്ചാലും ഇടത്തരം ചുറ്റുപാടുകളിലെ വളര്‍ച്ചയും പല ഘട്ടങ്ങളിലൂടെ നേരിടേണ്ടിവന്ന വെല്ലുവിളികളിലൂടെ കൈവരിച്ച കരുത്തും ഇന്നും സച്ചിന്റെ പിന്‍ബലമാണ്. ഇക്കാര്യത്തില്‍ മറാഠിയിലെ കവിയും നോവലിസ്റ്റുമായ അച്ഛന്‍ രമേഷ് ടെന്‍ഡുല്‍ക്കറും ഗുരുവായ അച്രേക്കറും പകര്‍ന്നു കൊടുത്ത അടിസ്ഥാന ഗുണങ്ങള്‍ ചെറുതല്ല. സംഗീതജ്ഞനായ സച്ചിന്‍ദേവ് ബര്‍മനോടുള്ള കടുത്ത ആരാധനയിലാണ് അച്ഛന്‍ മകന് ആ പേര് നല്‍കിയതുതന്നെ.
ലോകക്രിക്കറ്റിന് വിലമതിക്കാനാവാത്ത താരമാണ് സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ക്ക് പകരമായി നല്‍കാന്‍ ഒന്നും തന്നെയില്ല. ഓരോ കളിയിലും ഒരു പുതുമുഖതാരത്തിന്റെ ബാറ്റിങ്ങിനോടുള്ള സമീപനം തന്നെയാണ് സച്ചിന്റെ ഓരോ ഇന്നിങ്സിലും കാണുന്നത്. 2000 ഫെബ്രുവരി നാലിന് ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ 200 എന്ന സ്കോര്‍ നേടിയ, സുവര്‍ണനിമിഷം മാത്രം മതി സച്ചിന്റെ കളിയുടെ മഹത്വമറിയാന്‍. 2011ലെ ലോകകപ്പില്‍ 444 ഏകദിനങ്ങളുടെ അനുഭവ സമ്പ ത്തുമായിറങ്ങിയ സച്ചിന്‍ ശ്രീലങ്കയുടെ ദില്‍ഷനു പിന്നില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായെന്നുമോര്‍ക്കുക. 2010 ജൂലൈയില്‍ കൊളംബൊയിലെ ഗാള്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തില്‍ ഇടം പിടിക്കുന്നത് എക്കാലത്തെയും മികച്ച ഓഫ്സ്പിന്നറായ മുത്തയ്യ മുരളീധരന്‍ ടെസ്റ്റില്‍ 800 വിക്കറ്റ് തികച്ച് തന്റെ കരിയറിന് അവസാനം കുറിച്ചുവെന്നതിന്റെ പേരിലാവും. എന്നാല്‍ മുരളിയുടെ അവസാന ടെസ്റ്റ് എന്നതിനപ്പുറം ആ മത്സരത്തിന് വലിയൊരു മാനം കൂടിയുണ്ടായിരുന്നു. ക്രിക്കറ്റ് കളിയിലെ വിക്കറ്റുകളുടെ തമ്പുരാനും റണ്ണുകളുടെ ദൈവവും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വന്ന അവസാന അവസരം. 800 വിക്കറ്റ് തികയ്ക്കാന്‍ ഒരു ബൗളര്‍ അന്ന് 13,000 ത്തിലധികം റണ്‍ നേടിക്കഴിഞ്ഞ ബാറ്റ്സ്മാനെതിരെ ബൗള്‍ ചെയ്യുക. അതേ, ഗാള്‍ സ്റ്റേഡിയത്തിലെ ആ സുന്ദര മുഹൂര്‍ത്തം ഇനിയൊരിക്കലും കാണാനാവില്ല. ഇന്ത്യയുടെ ഒന്നാമിന്നിങ്സില്‍ സച്ചിന്റെ വിക്കറ്റ് മുരളിക്കായിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍ സച്ചിന്‍ സെഞ്ച്വറി നേടേണ്ടതായിരുന്നു. ഇന്നിങ്സ് തോല്‍വി തുറിച്ചുനോക്കവെ, മികച്ചൊരു ഇന്നിങ്സ് കളിച്ച സച്ചിന്‍ 84 റണ്ണിനു പുറത്തായി. ഇന്ത്യ കുശാലായി പത്ത് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.
സച്ചിന്‍ ഇന്ത്യക്കുവേണ്ടി വലിയ വിജയങ്ങള്‍ നേടിക്കൊടുത്തില്ല എന്നു വിമര്‍ശിച്ചവരുണ്ട്. 1990 കളുടെ അന്ത്യത്തില്‍ ഇന്ത്യ സച്ചിനെ വേണ്ടതിലേറെ ആശ്രയിച്ചിരുന്നു. സച്ചിന്റെ വിക്കറ്റ് വീണാല്‍ എതിര്‍ ടീമുകള്‍ മാനസികമായി വിജയിക്കുന്ന അവസ്ഥയുണ്ടായി. 2000 ത്തിനുശേഷം ഇന്ത്യന്‍ ടീമിലേക്ക് പുതുരക്തക്കാര്‍ കടന്നുവന്നപ്പോഴും തന്റെ പ്രാധാന്യം ഒട്ടും കുറയാതെയും സമ്മര്‍ദമില്ലാതെയും സച്ചിനു കളിക്കാന്‍ കഴിഞ്ഞിരുന്നു. 1990 കളുടെ ഒടുവില്‍ നേടിയതിനേക്കാള്‍ റണ്ണുകള്‍ 2000 ത്തിനുശേഷം അടിച്ചെടുക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. സച്ചിന്റെ ഏറ്റവും മോശം കാലഘട്ടം 2005-06 ഉം 2011-2012 ഉം ആണ്. ഇക്കാലങ്ങളിലൊക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സച്ചിനിലെ ബാറ്റ്സ്മാന്റെ ചരമക്കുറിപ്പ് എഴുതിയിട്ടുണ്ട്. അതേസമയം ഇക്കാലത്ത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരുടെ സംഭാവനകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ യൗവനത്തെക്കുറിച്ചും ഊര്‍ജത്തെക്കുറിച്ചും മറക്കാവുന്നതല്ല.
സച്ചിന്റെ ബാറ്റും റണ്‍സും പ്രണയിക്കുന്നതുപോലെതന്നെ അനവദ്യസുന്ദരമായ ഒരു പ്രണയകഥയിലെ നായകന്‍ കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നായിക അഞ്ജലിയാണ്. 17 വര്‍ഷമായി നിഴല്‍പോലെ സച്ചിന്റെ കൂടെ ഈ സഖിയുണ്ട്. സമാരാധ്യനായ ക്രിക്കറ്റ്താരത്തിന്റെ പ്രിയപത്നി എന്ന പദവി ഒരേസമയം ആസ്വാദ്യകരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അഞ്ജലി പറയുന്നു. മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ ശിശുരോഗ ഡോക്ടറായിരുന്ന അഞ്ജലി സച്ചിനുവേണ്ടി ആ ജോലി വേണ്ടെന്നു വച്ചു. തികഞ്ഞ കുടുംബിനിയായി. അച്ഛന്റെ വഴിയെ ബാറ്റെടുത്തിരിക്കുന്ന അര്‍ജുന്റെയും സാറയുടെയും സ്നേഹനിധിയായ ഈ അമ്മ പറയുന്നത് കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളാണ് സച്ചിനെന്നാണ്. തന്റെ പ്രകടനമല്ല, ടീമിന്റെ വിജയം മാത്രമാണ് സച്ചിന്റെ മനസ്സില്‍. അതിന് കഴിയാതെ വരുമ്പോള്‍ അദ്ദേഹത്തിന്റെ നിരാശ എത്രത്തോളമായിരിക്കുമെന്ന് താനെത്രയോ തവണ അറിഞ്ഞിട്ടുണ്ടെന്ന് അഞ്ജലി പറയുന്നു.
വാങ്കഡെയില്‍നിന്ന് സച്ചിന്‍ മടങ്ങുമ്പോള്‍ ഏറെ കൗതുക ത്തോടെയും അതിലേറെ പ്രതീക്ഷയോടെയും സച്ചിനെ ശ്രദ്ധിച്ചുതുടങ്ങിയ ക്രിക്കറ്റ്പ്രേമികള്‍ തീര്‍ച്ചയായും മൗനികളാകും. ഓര്‍മകളുടെ ഓളങ്ങളിലാകും അവരുടെ മനസ്സപ്പോള്‍. എണ്‍പതുകളില്‍ ഇന്ത്യന്‍ കായികരംഗത്തുണ്ടായ ഉണര്‍വിന്റെ തുടര്‍ച്ചയായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗപ്ര വേശം ചെയ്തത്. 1984ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലണ്ടനില്‍ ലോകകപ്പ് ഉയര്‍ത്തിയത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക വഴിത്തിരിവായി. ക്രിക്കറ്റിന് ഇന്ത്യയിലാകെ സ്വീകാര്യത നേടിക്കൊടുത്തത് ആ വിജയമായിരുന്നു. കപിലും മൊഹിന്ദറും ശ്രീകാന്തും ഗാവസ്കറുമൊക്കെ സാധാരണക്കാരന്റെയും സൂപ്പര്‍സ്റ്റാറുകളായി. 1987ല്‍ കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമം മുംബൈയില്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ സെമിഫൈനലില്‍ അവസാനിച്ചു. എന്നാല്‍ ആ മത്സരത്തില്‍ പുറത്തേക്ക് പോകുന്ന പന്ത് പെറുക്കാന്‍നിന്ന ഒരു പതിനാലുകാരന്റെ മനസ്സില്‍ ആ തോല്‍വി ആഴത്തില്‍ പതിഞ്ഞു. രണ്ടുവര്‍ഷവും 10 ദിവസവും കഴിഞ്ഞപ്പോള്‍ 1989 നവംബര്‍ 15ന് കറാച്ചിയില്‍ അവന്‍ ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങി. ആ പയ്യനാണ് പിന്നീട് എണ്ണമറ്റ മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയശില്‍പിയായി, നിത്യഹരിത സാന്നിധ്യമായി മാറിയ സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍. പോയ 24 വര്‍ഷത്തിനിടെ ക്രിക്കറ്റില്‍ ശൈലീമാറ്റവും വിപണിയുടെ ഇടപെടലുകളും ഒപ്പം ചീത്തപ്പേരുമൊക്കെ ഉണ്ടായെങ്കിലും ഇന്ത്യയില്‍ ഈ കളിയിലെ കേമനായ സച്ചിനിലേക്ക് കായികലോകം ചുരുങ്ങി. ക്രിക്കറ്റിനെ മതത്തോളം പോന്ന വിശ്വാസമാക്കിമാറ്റിയതിന് മുഖ്യസംഭാവന നല്‍കിയത് സച്ചിനാണ്. തലമുറകളാണ് സച്ചിന്റെ വൈഭവത്തിന് സാക്ഷ്യമായത്.
ട്വന്റി 20 എന്ന മൂന്നാം തലമുറക്കാരന്‍ അവതരിക്കുന്നതിനുമുമ്പ് പെഷാവറില്‍ സംഘാടകര്‍ ഒരുക്കിയ 20 ഓവര്‍ മത്സരത്തില്‍ പാകിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ അബ്ദുള്‍ഖാദറിനെ സച്ചിന്‍ 6, 0, 4, 6, 6, 6 എന്ന നിലയില്‍ പ്രഹരിച്ചത് ഒരു വിസ്മയം പോലെയായിരുന്നു. അന്ന് ഖാദര്‍ സുഹൃത്തുക്കളോട് പറഞ്ഞു; ആ പയ്യന്‍ ചില്ലറക്കാരനല്ലെന്ന്. 18 പന്തില്‍ 50 റണ്ണടിച്ച സച്ചിന്റെ ബാറ്റിങ്ങിനെ ഇന്ത്യയുടെ നായകനായ ശ്രീകാന്തും പ്രശംസിച്ചു. ഏകദിനത്തില്‍ ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ തുടര്‍ സെഞ്ച്വറികള്‍, അച്ഛന്റെ ശവസംസ്ക്കാരചടങ്ങിന്റെ പിറ്റേന്ന് കെനിയക്കെതിരെ ലോകക്കപ്പില്‍ കുറിച്ച വൈകാരികതയേറെയുള്ള സെഞ്ച്വറി, ഹൈദരാബാദില്‍ ഓസീസ് ബൗളര്‍മാരെ തച്ചുതകര്‍ ത്തു നേടിയ സെഞ്ച്വറി, ഗ്വാളിയറില്‍ അസാധ്യമെന്നു കരുതിയ ഇരട്ട സെഞ്ച്വറി ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ചത്... അങ്ങനെ എത്രയെത്ര സുവര്‍ണനിമിഷങ്ങള്‍ ഏകദിനത്തിലും ടെസ്റ്റ് വേദികളിലുമായി സച്ചിന്‍ സമ്മാനിച്ചിരിക്കുന്നു.
ക്രിക്കറ്റിലെ വിപണിസാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയത് സച്ചിനില്‍ നിന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ പരമാധികാര നിയന്ത്രണ സമിതിയായ ബിസിസിഐയെ ലോക കായികരംഗത്തെ ഒന്നാം കിട സാമ്പത്തികശക്തിയായി വളര്‍ത്തുന്നതിലും ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക സുരക്ഷയുള്ള കരിയറാക്കി ക്രിക്കറ്റിനെ മാറ്റുന്നതിലും സച്ചിന്റെ പങ്കുണ്ടെന്ന് കാണണം. കോടികള്‍ പ്രതിഫലം കിട്ടുന്ന തരത്തില്‍ താരങ്ങള്‍ക്ക് കരാര്‍ ഉണ്ടാക്കാനായതും ഐപിഎല്‍ പണക്കിലുക്കത്തിന്റെ ലീഗായി മാറിയതും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപണി ഇടപെടലിലൂടെ കൈവന്ന വളര്‍ച്ചയുടെ പ്രതിഫലനങ്ങളാണ്. 1992 ല്‍ പെപ്സിയും 1995 ല്‍ വേള്‍ഡ് ടെല്ലുമായും പരസ്യക്കരാറിലൂടെ വിപണിയുടെ ലോകം തുറന്നെടുത്ത സച്ചിന്‍, ബോളിവുഡ് താരരാജക്കന്മാരെക്കാള്‍ മാര്‍ക്കറ്റ് തനിക്കുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ മദ്യക്കമ്പനിയുടെ കരാര്‍ നിരാകരിച്ചുകൊണ്ട് ഇക്കാര്യത്തിലും ധാര്‍മികതയും മൂല്യവും ഉയര്‍ത്തിപ്പിടിക്കാന്‍ സച്ചിനു കഴിഞ്ഞിട്ടുണ്ട്. പെപ്സിയില്‍ തുടങ്ങി 2012 ല്‍ കൊക്കോ കോളയില്‍ എത്തി നില്‍ക്കുന്ന അതിവിശാലമായ പരസ്യലോകമാണ് സച്ചിന്റേത്. യുദ്ധത്തിലും പ്രേമത്തിലും കളിയിലും എല്ലാ അടവുകളും ശരിയാണെന്ന പുതിയകാല സൂക്തങ്ങള്‍ക്കിടയില്‍, വാതുവെയ്പും കോഴയും ഉത്തേജകങ്ങളും കളിക്കളങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ന്ന ധാര്‍മികത കളിയിലും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കാനാവുന്നത് സച്ചിന്റെ മഹത്വമാണ്. അതുകൊണ്ടാണ് വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന ഒരു കളിയില്‍ ഇടപെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന ക്രിക്കറ്റര്‍ പല രംഗങ്ങളിലുള്ളവര്‍ക്ക് ഒരു പോലെ മാതൃകയാവുന്നത്.
ഒരര്‍ഥത്തില്‍ സച്ചിന്‍ ഒരു വ്യക്തിയല്ല; തന്റെ കളി ജീവിതം കൊണ്ട് ഒരു പ്രതിനിധാനമാണ്. ബ്രാഡ്മാന് ശേഷം ആര് എന്ന ചോദ്യം പോലെ സച്ചിനുശേഷം ആരെന്ന ചോദ്യം വരും ദശകങ്ങളില്‍ മുഴങ്ങി കേള്‍ക്കാന്‍ സാധ്യതയില്ല. കാരണം അതുപോലെ ഒരാള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ് എന്നതുതന്നെ. ക്രിക്കറ്റ് തങ്ങളുടെ മതവും സച്ചിന്‍ ഞങ്ങളുടെ ദൈവവുമാണെന്നു കരുതുന്ന ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ സച്ചിനില്ലാത്ത യുഗത്തിലേക്ക് കടക്കുകയാണ്. പതിനാറാമത്തെ വയസ്സില്‍ ആരംഭിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പടയോട്ടത്തിന് നാല്‍പതാം വയസ്സില്‍ വിരാമമാകുമ്പോള്‍ രാഷ്ട്രത്തിനൊപ്പം വളര്‍ന്ന പ്രതിഭയെന്ന് നാളെ ചരിത്രം രേഖപ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. നേട്ടത്തിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ സച്ചിനേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന അഞ്ച് ലോകകിരീടങ്ങളുടെ സൂക്ഷിപ്പുകാരനായ വിശ്വനാഥന്‍ ആനന്ദ് അത്രയൊന്നും വാഴ്ത്തപ്പെടാതെ പോയത് ചെസിന്റെ ബൗദ്ധികതലം ഇന്ത്യന്‍ ജനസാമാന്യത്തിന് വഴങ്ങാത്തതുകൊണ്ടായിരിക്കാം. സച്ചിന്‍ മാതൃകയാവുന്നത് കായികരംഗത്തിനു മാത്രമല്ല. ഇന്ത്യയെന്ന മതേതരജനാധിപത്യ രാഷ്ട്രത്തില്‍ ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്നു സച്ചിന്‍ കാണിച്ചുതരുന്നു. ഇന്ത്യയുടെ വാനമ്പാടിയായ ലതാ മങ്കേഷ്കറുടെ പ്രിയതാരം സച്ചിനാണെന്നു വരുമ്പോള്‍ തലമുറകള്‍ മറികടക്കുന്ന അദ്ദേഹത്തിന്റെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. വിനു മങ്കാദ് മുതല്‍ സുനില്‍ ഗാവസ്കര്‍ വരെയുള്ള മഹാന്‍മാരായ കളിക്കാരുടെ താങ്ങിലും തണലിലുമായി ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നതിനേക്കാള്‍ വേഗത തുടര്‍ന്നുള്ള ദശകങ്ങളില്‍ ഉണ്ടായപ്പോള്‍ അതിനു നിദാനമായ ഒരു ഘടകം സച്ചിനാണ്. സച്ചിനു മുമ്പുണ്ടായിരുന്ന കാലം ശൂന്യമാണെന്ന് അര്‍ഥമാക്കരുത്.
ഇന്ത്യ കളിച്ച ടെസ്റ്റുകളില്‍ സച്ചിന്റെ സംഭാവന വലുതാണെങ്കിലും വേണ്ടവിധം അത് പഠിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ക്രിക്കറ്റില്‍ ബ്രാഡ്മാന്‍ യുഗം എന്നൊന്നുണ്ടെങ്കില്‍ സച്ചിന്‍ കാലഘട്ടവും ഉണ്ട്. സച്ചിന്റെ റെക്കോര്‍ഡുകളില്‍ ചിലതെങ്കിലും ഭാവിയില്‍ തകര്‍ക്കപ്പെട്ടേക്കാം. എന്നാല്‍ ഇന്ത്യക്കാരുടെ പ്രതീക്ഷകളുടെ ഭാരവും സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ അതിനെ അഭിമുഖീകരിച്ച രീതിയും അളക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും എക്കാലത്തെയും വലിയ റെക്കോര്‍ഡ്. കാലത്തിന്റെ അതിരുകള്‍ കടക്കുന്നതാണ് ഉത്തമകലയെങ്കില്‍ സച്ചിനാണ് ലോകക്രിക്കറ്റിലെ ഉത്തമകലാകാരന്‍. ലോകക്രിക്കറ്റിലെ ഏറ്റവും സമ്പൂര്‍ണനായ ബാറ്റ്സ്മാന്‍; കളിയഴകിന്റെ കവിതയായ മഹാനുഭാവന്‍ ഇനി ചരിത്രത്തിന് സ്വന്തം.
*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി വാരിക 27 ഒക്ടോബര്‍ 2013

No comments:
Post a Comment